രാം നാരായൺ ഭാഗേൽ, 31 വയസ്സ് ചത്തീസ്ഗഢ് സ്വദേശി. കേരളത്തിൽ വന്ന് ഒരാഴ്ച തികഞ്ഞില്ല. മലയാളികൾ, പാലക്കാട് അട്ടപ്പള്ളം സ്വദേശികൾ ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ച്, മോഷ്ടാവാണ് എന്ന് സംശയിച്ച് ക്രൂരമായി അടിച്ച് കൊന്നു. കൊല നടത്തിയ ആൾക്കൂട്ടത്തിലെ ‘ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20 പേരാണ് പ്രതികൾ. സ്ത്രീകളും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. അറസ്റ്റിലായവരിൽ നാല് പേർ ബി.ജെ.പി. ആർ.എസ്.എസ് പ്രവർത്തകരാണ്. ഗുണ്ടകളാണ്. അതിൽ മൂന്ന് പേർ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. ക്രൂരതയുടെ ദൃശ്യം അക്രമികൾ തന്നെ പകർത്തി. അത് നിർദ്ദയമായി പ്രചരിച്ചു.
പതിനഞ്ച് വർഷം മുൻപ് ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന മുസ്ലിമായ മുഹമ്മദ് അഖ്‌ലാക്കിനെ ഓർമയില്ലേ?
ഇങ്ങ് കേരളത്തിൽ, അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരായ ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസിയായ മധുവിനെയും ഓർമയില്ലേ?
രാം നാരായണിൻ്റെ ആൾക്കൂട്ടക്കൊലയിൽ സംഘപരിവാറിൻ്റെ പ്രത്യയശാസ്ത്ര ഹിംസയുണ്ട്. കേരളീയരുടെ വംശീയതയുണ്ട്. ആൾക്കൂട്ട ആക്രമണത്തിൻ്റെ പതഞ്ഞുയരുന്ന ലഹരിയുമുണ്ട്.
READ: രാം നാരായണിനെ
തല്ലിക്കൊന്ന
‘കുടിയേറ്റ സൗഹൃദ
കേരള’ത്തെക്കുറിച്ച്,
പേടിയോടെ…
ആൾക്കൂട്ടക്കൊല കേരളത്തിലും സ്വാഭാവികമാവുകയാണോ? എത്ര നിസ്സംഗമായാണ്, സ്വഭാവികതയെന്ന മട്ടിലാണ് നമ്മൾ മലയാളികൾ ഈ ആൾക്കൂട്ടക്കൊലയോട് പ്രതികരിക്കുന്നത്? തെരുവിൽ വലിയ പ്രതിഷേധങ്ങളില്ല, രോഷപ്രകടനങ്ങളില്ല, കവിതകളില്ല, ചിത്രമെഴുത്തില്ല, വലിയ വാർത്തകൾ പോലുമില്ല. ചില മനുഷ്യാവകാശ സംഘടനകളിലെ ആളെണ്ണം കുറഞ്ഞ മനുഷ്യർ മാത്രം രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് മനുഷ്യാവകാശത്തെക്കുറിച്ചും ആൾക്കൂട്ട കൊലയെക്കുറിച്ചും സംസാരിച്ചു, സംസാരിക്കുന്നു, ‘മൃതദേഹം സൂക്ഷിച്ച മോർച്ചറിക്കുമുന്നിൽ ചത്തീസ്ഗഢിൽ നിന്നെത്തിയ രാം നാരായണിൻ്റെ ഭാര്യ ലളിതയ്ക്കും മക്കൾ അനൂജിനും ആകാശിനും ഒപ്പം കാത്തിരുന്നു. അഞ്ച് ദിവസമാണ് രാം നാരായൺ മോർച്ചറിയിൽ സൂക്ഷിക്കപ്പെട്ടത്.

രാം നാരായണിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോ. ഹിതേഷ് ശങ്കർ ഹൃദയ വേദനയോടെ ഫേസ്ബുക്കിൽ എഴുതി: “പോസ്റ്റ്മോർട്ടം പരിശോധനയിൽ, ശരീരത്തിൽ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ല.
പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും, എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ. അത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്വത്തിൻ്റെ പൂർണ്ണ അഭാവവും ആയിരുന്നു. കൂട്ടമർദ്ദനം നടത്തിയവരിൽ ഒരാളെങ്കിലും “ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരാൾ പോലും കൈ ഉയർത്താതിരുന്നെങ്കിൽ, ഇന്ന് ഒരു മനുഷ്യൻ ജീവനോടെ ഉണ്ടാകുമായിരുന്നു. അയാളുടെ കുടുംബത്തോട് കേരളസമൂഹം കടപ്പെട്ടിരിക്കുന്നു. സഹജീവിയെ തല്ലിക്കൊന്ന മനുഷ്യൻ മൃഗത്തേക്കാൾ ഭീകരനാണ്. ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ നമ്മിൽ ആരും പാടില്ല. അത്തരക്കാരെ നിയമത്തിന് വിട്ടുകൊടുക്കുക. സംരക്ഷിക്കരുത്. ന്യായീകരിക്കരുത്. മൗനം പാലിക്കരുത്.
ജോലി ചെയ്യാനായി ചത്തീസ്ഗഡിൽ നിന്ന് കേരളത്തിലെത്തിയതാണ് രാം നാരായൺ, പാലക്കാട്ട്. വഴിതെറ്റിയാണ് അട്ടപ്പള്ളത്ത് എത്തിയത്. മോഷ്ടാവെന്ന് സംശയം തോന്നിയാണ് അയാളെ ആൾക്കൂട്ടം ചോദ്യം ചെയ്യാനും മർദ്ദിക്കാനും തുടങ്ങിയത്. വേഷത്തിലും രൂപത്തിലും രാംനാരായൺ ദരിദ്രനായിരുന്നു. അയാൾ സാധുവായിരുന്നു. അറിയാത്ത നാട്ടിലെത്തിയ അയാൾക്ക് വഴിതെറ്റിയതാണ്. അയാൾ അയാൾക്കറിയാത്ത വഴിയിലൂടെ വഴിതേടി നടക്കുകയായിരുന്നു. അയാളോട് സംസാരിക്കാനുള്ള ഭാഷ ചോദ്യം ചെയ്തവർക്ക് അറിയില്ല. ആൾക്കൂട്ടത്തിൻ്റെ ഭാഷയും മനശാസ്ത്രവും രാം നാരായണിനും മനസ്സിലായിട്ടുണ്ടാവില്ല. അയാൾ പറഞ്ഞതൊന്നും ആർക്കും മനസ്സിലായില്ല.
മലയാളിയുടെ കപടതയാണ്, ഒളിച്ചു വെച്ച ക്രൂരമായ വംശീയതയാണ് അയാളെ തല്ലാൻ തുടങ്ങിയത്. ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കാൻ പ്രേരിപ്പിച്ച ആ പ്രത്യയശാസ്ത്രം ഹിന്ദുത്വയുടേതാണ്. സംഘപരിവാറിൻ്റെ ദേശീയ പരിപാടിയുടെ ഭാഗമാണത്.
രണ്ട് മണിക്കൂർ മനുഷ്യരെന്ന് രൂപമുള്ള കുറേയാളുകൾ രാംനാരായണിനെ അടിച്ചു കൊണ്ടേയിരുന്നു.
കമ്മറ്റികൂടി തീരുമാനിക്കേണ്ടി വരില്ല ഒരു സംഘപരിവാറുകാരനും അപരിചിതനായ, കൂട്ടത്തിൽ പെടാത്തയാളെന്ന് കാഴ്ചയിൽ തോന്നുന്ന ഒരാളെ കൂട്ടംകൂടി തല്ലാനും ആക്രമിക്കാനും ഇല്ലാതാക്കാനും. അത് ഒരു പ്രത്യയ ശാസ്ത്ര പദ്ധതിയാണ്. ഹിന്ദുവല്ലാത്തതൊക്കെയും ആ പ്രത്യയശാസ്ത്രത്തിന് അപരമാണ്. നീ ബംഗ്ലാദേശിയല്ലേ എന്ന ചോദ്യം നീ മുസ്ലീമല്ലേ എന്നു തന്നെയാണ്. നീ ഇന്ത്യൻ ദേശീയതയിലേക്ക് നുഴഞ്ഞുകയറിയ മുസ്ലീമല്ലേ എന്നാണ്. അത് ഉത്തരേന്ത്യൻ യഥാർത്ഥ്യമായിരുന്നു ഇതുവരെ. അതിപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നു.

പക്ഷേ കേരളം ഇപ്പോൾ നിശ്ശബ്ദമാണ്. സ്വാഭാവികമായ നമ്മുടെ ഈ നിശ്ശബ്ദത വംശീയതയുടേതാണ്. സംഘപരിവാറിൻ്റെ ആൾക്കൂട്ട ആക്രമണമാണ് എന്നറിഞ്ഞിട്ടും കുറ്റകരമായ നിശ്ശബ്ദതയിലാണ് രാഷ്ട്രീയ കേരളം. ഉത്തരേന്ത്യയിൽ നടക്കുന്ന സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങളോട് നമ്മൾ രാഷ്ട്രീയ ജാഗ്രതയോടെ തെരുവിലും അല്ലാതെയും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം ഇപ്പോൾ ഈ നിശ്ശബ്ദത ?
നീ ബംഗ്ലാദേശിയല്ലേ, നുഴഞ്ഞുകയറ്റക്കാരനല്ലേ എന്ന ചോദ്യത്തിന് നീ മുസ്ലീമല്ലേ എന്ന പ്രതിധ്വനി കേൾക്കുമ്പോഴും ഹിംസയുടെ സമാനതകളില്ലാത്ത ക്രൂരത നമ്മുടെ നാട്ടിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിയോട് ഉണ്ടായിട്ടും അതിൽ ശക്തമായി പ്രതിഷേധിക്കാൻ തോന്നാത്ത വിധം കേരളീയ സമൂഹം വർഗ്ഗീയമായി വിഭജിക്കപ്പെട്ടു പോയിട്ടൊന്നുമില്ല. പക്ഷേ രാഷ്ട്രീയമായി അപകടകരമാം വിധം ദുർബലമായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളോട് കൊല്ലലിനോളം പോന്ന ക്രൂരത മലയാളികൾ കാണിച്ചതിൻ്റെ ഉദാഹരണങ്ങൾ മുൻപും ധാരാളമുണ്ട്. ഇവിടെ പക്ഷേ വർഗ്ഗീയതയുടെ വംശീയതയുടെ പ്രത്യക്ഷരാഷ്ട്രീയം മനസ്സിലായിട്ടും തിരിഞ്ഞു നോക്കാതിരിക്കുന്ന മലയാളി മന:ശാസ്ത്രം, നമ്മൾ സമ്മതിച്ചാലും ഇല്ലെങ്കിലും അംഗീകരിക്കാൻ തയ്യാറായാലും ഇല്ലെങ്കിലും വേരുപിടിച്ചു കഴിഞ്ഞ ഹിന്ദുത്വ ഫാസിസത്തിൻ്റെതാണ്. അത് കേരളത്തിൽ നടന്ന അതിക്രൂരമായ ആൾക്കൂട്ട കൊലയെ നിശ്ശബ്ദത കൊണ്ട് അംഗീകരിക്കാൻ പ്രാപ്തമായിരിക്കുന്നു എന്നത് രാഷ്ട്രീയ കേരളം എത്തിപ്പെട്ട കെണി കൂടിയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടുപോലും ബി.ജെ.പിക്ക് കിട്ടിയില്ലായിരിക്കാം. അതിനു മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിലും വോട്ട് ഷെയർ അപകടകരമായി ഉയർന്നിട്ടില്ലായിരിക്കാം. പക്ഷേ നീ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് സംഘപരിവാർ രാഷ്ട്രീയം ഒരു മനുഷ്യനെ കൂട്ടംകൂടി അടിച്ചു കൊല്ലുമ്പോൾ അതിന് ചുറ്റും ഉണ്ടാവേണ്ടിയിരുന്ന പ്രതിഷേധത്തിൻ്റെ, പ്രതിരോധത്തിൻ്റെ മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയ കവചം ഇല്ലാതായിരിക്കുന്നു.
തെരുവിൽ മാത്രമല്ല കൂട്ടത്തിൽപ്പെടാത്തയാളുകളെ കൊല്ലാതെ കൊല്ലുന്ന രീതിശാസ്ത്രം, മുഖമുള്ളതും ഇല്ലാത്തതുമായ ആൾക്കൂട്ടം പരിശീലിക്കുന്നത് സോഷ്യൽ മീഡിയ മുതൽ തെരുവുവരെ നമുക്ക് കാണാം. വയലൻസിൻ്റെ സംഘപരിവാര രീതി ശാസ്ത്രത്തെ പകർത്തുന്ന രാഷ്ട്രീയ ഭേദമില്ലാത്ത ആൾക്കൂട്ടത്തേയും. അതൊരു രാഷ്ട്രീയ ശീലം കൂടിയായി പരിണമിക്കുകയാണ്.
നഷ്ടപരിഹാരം ആവശ്യപ്പെടുന്ന രാം നാരായണിൻ്റെ കുടുംബത്തോട് നഷ്ടപരിഹാരത്തുകയിൽ വിലപേശൽ നടത്തുന്നതിലുണ്ട് ഭരണകൂടത്തിൻ്റെയും അധികാര നിയുക്തമായ വംശീയത. വിലപേശലിനൊടുവിൽ 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിൻ്റെ ചിലവ് വഹിക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തു.
ഇതെല്ലാം സംഭവിച്ചത് രാം നാരായൺ ഭഗേൽ ആക്ഷൻ കമ്മറ്റിയുടെ നിതാന്ത ജാഗ്രതയുടെ ഫലമായി മാത്രമാണ്. നഷ്ടപരിഹാരം ലഭിക്കാൻ കുടുംബത്തിന് മോർച്ചറിക്കു മുന്നിൽ സമരമിരിക്കേണ്ടിവന്നു. നാലാം ദിവസമാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പാലക്കാട് RDO, കുടുംബത്തെ കാണാനെത്തിയത്. ആൾക്കൂട്ട കൊല, ദലിത് അട്രോസിറ്റീസ് ആക്ട് എന്നിവ പ്രകാരമുള്ള നിയമപരിരക്ഷയും തെഹ്സിൻ പൂനെവാല കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള പരിരക്ഷയും ഈ കേസിൽ ഉറപ്പുവരുത്തുമെന്ന് മന്ത്രി രാജൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സർക്കാർ അംഗീകരിച്ചു.

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രിയും ഫേസ്ബുക്ക് പോസ്റ്റിട്ടു. അത്രയെങ്കിലും ആയല്ലോ എന്ന് സമാധാനിക്കാം.
ലോകരാജ്യങ്ങളിലേക്കു മുഴുവൻ, മറ്റു സംസ്ഥാനങ്ങളിലേക്ക് മുഴുവൻ ജാതി മത ഭേദമില്ലാതെ തൊഴിലിനായി കുടിയേറിയിട്ടുള്ളവരാണ് മലയാളികൾ. ഇപ്പോഴും വലിയ രീതിയിൽ ഈ സഞ്ചാരം തുടരുന്നവർ. ആ നാട്ടിലാണ് തൊഴിൽ തേടിയെത്തിയ ഒരു പാവം മനുഷ്യൻ ഹിന്ദുത്വ വർഗ്ഗീയ വാദികളാൽ വംശവെറിക്കാരാൽ നിർദ്ദയം കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഇനിയൊരു ആവർത്തനം ഇത്തരത്തിൽ ഉണ്ടാവാതിരിക്കാൻ രാഷ്ട്രീയ പാർട്ടികളും പുരോഗമന സംഘടനകളുമാണ് മുന്നിട്ടിറങ്ങേണ്ടത്. കേരളത്തിൽ ജോലി തേടിയെത്തിയ രാം നാരായൺ ഭാഗേൽ എന്ന പാവം മനുഷ്യൻ ആൾക്കൂട്ടത്താൽ കൊല ചെയ്യപ്പെട്ട അവസാനത്തെ മനുഷ്യനായി മാറട്ടെ.

