കഴിഞ്ഞ പത്ത് വർഷമായി അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക അവകാശങ്ങളെ കുറിച്ച് പഠിക്കുകയും അവരുടെ മനുഷ്യവാശങ്ങൾക്കായി നിരന്തരം സംസാരിക്കയും പ്രവർത്തിക്കുകയും ചെയ്യുന്ന ഗവേഷകനും വ്യക്തിയും എന്ന നിലയ്ക്ക്, മനസ്സിൽ ഭാരമായി കിടക്കുന്ന ചില സത്യങ്ങൾ തുറന്നു പറയേണ്ടതായിവരുന്നു. കാലിന്റെ ചെറുവിരൽ മുതൽ തലയോട്ടി വരെ തകർത്തുകളയും വിധം മർദ്ദിച്ച് ഒരു തൊഴിലാളിയെ കൊന്നുകളഞ്ഞ ഒരു കാലത്ത് ജീവിച്ചുകൊണ്ട്, അത്തരമൊരു ആൾക്കൂട്ടസമൂഹത്തിന്റെ നടുവിൽ നിന്ന്, കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ മടി തോന്നുന്നു.
വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകം, ‘പ്രബുദ്ധ മലയാളി’ എന്ന സ്വയംനിർമ്മിത പ്രതിച്ഛായയെ ചോദ്യം ചെയ്യുന്ന, മറ്റൊരു കുടിയേറ്റ രക്തസാക്ഷ്യത്തിന്റെ സാമൂഹിക അധ്യായമായി മാറുന്നു.
നിലവിലെ സാമൂഹിക സാഹചര്യത്തിൽ, ഉപഭോഗത്തിനും ലാഭത്തിനും മുൻതൂക്കം നൽകുന്ന പ്രവണതകൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിൽ സംസാരിക്കുന്നതുപോലും വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ ഫീൽഡ് വർക്ക് കാലയളവിൽ, അനവധി കുടിയേറ്റ തൊഴിലാളികളെ നേരിട്ട് കാണുകയും അവരുടെ ജീവിതത്തിലെ കൊടും ദുരിതങ്ങൾ അനുഭവിച്ചറിയുകയും സാധ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, മനുഷ്യരെ ഇത്ര ക്രൂരമായി ഇല്ലാതാക്കുന്നതിനെക്കുറിച്ചുപോലും സാമൂഹിക ന്യായീകരണങ്ങൾ കണ്ടെത്തുന്ന ഒരു സാഹചര്യത്തിൽ ഗവേഷണ പ്രവർത്തനം നടത്തേണ്ടിവരുന്നത്, ഒരു സാമൂഹ്യ ഗവേഷകനെന്ന നിലയിൽ, ഗൗരവമേറിയ മാനസിക വെല്ലുവിളി സൃഷ്ടിക്കുന്നു. ഇത്തരം സാഹചര്യം പലപ്പോഴും ഗവേഷണത്തിന്റെ മാനസിക സ്ഥിരതയെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കുന്നതായി അനുഭവപ്പെടുന്നു.
READ: എത്രത്തോളം
കുടിയേറ്റ തൊഴിലാളി
സൗഹൃദ സംസ്ഥാനമാണ്
കേരളം?
2025 ഡിസംബർ 18-ന് വാളയാറിൽ സംഭവിച്ചത് എന്താണ്?. ലോകം മുഴുവൻ “My Great Story: Cultures and Development” എന്ന വിഷയത്തിൽ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുമ്പോൾ, നാലു ദിവസം മുൻപ് ജോലിക്കായി കേരളത്തിലെത്തിയ എത്തിയ ഛത്തിസ്ഗഢ് സ്വദേശി സ്വാദിഷി രാം നാരായൺ അതിക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നു.

കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ, തൊഴിൽ അവകാശങ്ങൾ, സാമൂഹിക സംരക്ഷണം എന്നിവ സംബന്ധിച്ച ഗുരതരമായ ചോദ്യങ്ങളിലേക്കാണ് ഈ കൊലപാതകം നമ്മെ കൊണ്ടുപോകുന്നത്.
കേരളത്തിലെ കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നവരായി ചിത്രീകരിക്കുന്ന തൊഴിലാളി വിരുദ്ധ സാമൂഹിക സമീപനങ്ങളുടെ പശ്ചാത്തലത്തിൽ, കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും ആത്മാഭിമാനമില്ലാതാക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്നുണ്ട്. ജനക്ഷേമവും തൊഴിലാളിക്ഷേമവും എന്ന പേരിൽ നടപ്പിലാക്കുന്ന ധനസഹായ അധിഷ്ഠിത ക്ഷേമപദ്ധതികളുടെ വ്യാപനം വഴി സംസ്ഥാനം സമഗ്രമായി വികസിക്കും എന്ന രാഷ്ട്രീയ ധാരണയുടെ ‘അവസാന ഇര’യായി രാം നാരായൺ ചരിത്രത്തിൽ അടയാളപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
പകരം, ആൾക്കൂട്ട അക്രമണങ്ങളിലും സാമൂഹിക അവഗണനയിലും ജീവൻ നഷ്ടപ്പെട്ട നിരവധി കുടിയേറ്റ തൊഴിലാളികളുടെ പട്ടികയിൽ പുതിയൊരു പേരായി മാത്രമേ ഈ തൊഴിലാളിയും ചേർക്കപ്പെടുകയുള്ളൂ. രാജ്യത്തിന്റെ വികസന സൂചികകളിൽ മുന്നിലെത്താൻ ലക്ഷ്യമിട്ട് രൂപപ്പെടുത്തുന്ന നയങ്ങളിലൂടെ “കുടിയേറ്റ സൗഹൃദ സംസ്ഥാനം” എന്ന പ്രതീകാവസ്ഥ സാക്ഷാൽക്കരിക്കാനായേക്കുമെങ്കിലും, പൊതുജനങ്ങളുടെ രാഷ്ട്രീയ- സാമൂഹിക ബോധത്തിൽ അത് എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്ന ചോദ്യം ബാക്കിയാവുകയാണ്. ജനക്ഷേമ പദ്ധതികളാൽ ‘സമൃദ്ധമാക്കപ്പെടുന്ന’ ഒരുതരം ഉപരിതലസമൂഹത്തിന്റെ ഏറ്റവും വിവേകശൂന്യമായ പ്രകടനങ്ങളാണ് രാം നാരായണിനെ കൊന്ന ആൾക്കൂട്ടങ്ങൾ ബാക്കിയാക്കുന്നത്.
കേരളത്തിലേക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കാൻ മലയാളി സമൂഹത്തിന് എത്രമാത്രം സാധിച്ചിട്ടുണ്ടെന്നത് ഗൗരവമായി ചോദിക്കപ്പെടേണ്ട വിഷയമാണ്. വീടുകളുടെ മുറ്റം വൃത്തിയാക്കാൻ മുതൽ ശൗചാലയ ശുചീകരണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ വരെ ഈ മനുഷ്യരുടെ അധ്വാനം അനിവാര്യമാകുമ്പോഴും, അവരെ സാമൂഹികമായി ബഹിഷ്കൃതരാക്കി നിലനിർത്തുന്ന ഒരു സമൂഹമാണ് ഇപ്പോഴും കേരളത്തിലുള്ളത്.
കേരളത്തിലെ ഏറ്റവും ചടുലവും ചലനാത്മകവുമായ തൊഴിലാളി ശക്തിയായി അന്തർ സംസ്ഥാന തൊഴിലാളികൾ മാറിയിട്ടുണ്ടെങ്കിലും, അവരുടെ അധ്വാനശേഷിയ്ക്കും അവർക്ക് ലഭിക്കേണ്ട അവകാശങ്ങൾക്കും സംഘടിതമായ ചട്ടക്കൂട് ഉണ്ടാക്കിയെടുക്കുന്നതിൽ മുഖ്യധാരാ ട്രേഡ് യൂണിയനുകൾ കാണിക്കുന്ന കുറ്റകരമായ അലംഭാവത്തിന്റെ രാഷ്ട്രീയ- സാമൂഹിക കാരണങ്ങൾ വിമർശനാത്മകമായി വിലയിരുത്തപ്പെടേണ്ടതാണ്.

വോട്ടു രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾ രാഷ്ട്രീയ ബാധ്യതയായി മാറുമെന്ന ബോധമാണ് ഇത്തരം എക്സ്ക്ലൂഷനുകളുടെ പുറകിലുള്ളത്. കേരള മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ നടത്തുന്ന പ്രവർത്തനങ്ങൾ സംസ്ഥാനം ഒന്ന് പരോശോധിക്കുകയെങ്കിലും വേണം. ഇവിടെ തൊഴിലാളിയെന്ന നിലയിൽ ഒരാൾക്കു നൽകേണ്ട അടിസ്ഥാന ഗൗരവത്തേക്കാൾ കുറവ് മൂല്യം പോലും സമൂഹം കുടിയേറ്റ തൊഴിലാളിക്ക് നൽകുന്നില്ല.
ഈയൊരു സാമൂഹിക പാശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാറിന്റെയും തൊഴിൽ വകുപ്പിന്റെയും ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ:
മലയാളി സമൂഹം ചുമത്തുന്ന അപവാദങ്ങളിലൂടെ നിരന്തരം വേട്ടയാടപ്പെടുന്ന ജീവിതമാണ് കേരളത്തിൽ കുടിയേറ്റ തൊഴിലാളികളുടേത്. മയക്കുമരുന്ന് കടത്ത്, ശുചിത്വമില്ലായ്, കുടുംബ-നൈതികതയിലെ അപകർഷത, സ്ത്രീകളെക്കുറിച്ചുള്ള അപമാനകരമായ പൊതുചിത്രങ്ങൾ, ലൈംഗിക അപചയം, എച്ച്‌ഐവി / എയ്ഡ്സ് വ്യാപനം, മോഷണം, അനധികൃത പൗരത്വം, അക്രമസ്വഭാവം, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമം തുടങ്ങി നിരന്തരം കുത്തിവെക്കപ്പെടുന്ന ആരോപണങ്ങൾ, പൊതുബോധത്തിൽ അവരെ സംശയചിഹ്നങ്ങളാക്കി നിലനിറുത്താൻ ഉപയോഗിക്കപ്പെടുന്നു. ഇത്തരമൊരു സാമൂഹികാന്തരീക്ഷത്തിൽ, കുടിയേറ്റ തൊഴിലാളികൾ “ആർക്കും ഉപദ്രവിക്കാവുന്ന ശരീരങ്ങൾ” ആയി പരിവർത്തിതരാകുന്നു.
എന്റെ ഫീൽഡ് വർക്ക് അനുഭവങ്ങളിൽ, അക്രമത്തിനിരയായ നിരവധി കുടിയേറ്റ തൊഴിലാളികളുമായി നേരിട്ട് സംസാരിക്കാൻ അവസരമുണ്ടായിട്ടുണ്ട്. ആൾക്കൂട്ട അക്രമണം, പ്രത്യേകിച്ച് സദാചാര വാദങ്ങൾ ഉയർത്തുന്ന വിഭാഗങ്ങളിൽ, സാമൂഹിക ലഹരിയായി പ്രവർത്തിക്കുന്നുണ്ട്. അതിൽ പ്രായഭേദമോ സാമൂഹിക ഉത്തരവാദിത്വമോ ഒന്നും ഉണ്ടാകാറില്ല.
പെരുമ്പാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരു കുടിയേറ്റ തൊഴിലാളിയെ മർദ്ദിക്കുന്നതുകണ്ടിട്ടും, എന്തിനാണ് ഇയാളെ ആക്രമിക്കുന്നത് എന്ന ചോദ്യം പോലും ഉന്നയിക്കാതെ ചിലർ അതിൽ പങ്കുചേരുന്ന അനുഭവങ്ങൾ, ആദ്യകാല ഫീൽഡ് പ്രവർത്തനങ്ങളിലുണ്ടായിട്ടുണ്ട്. ആർക്കും എപ്പോഴും ആക്രമിക്കാവുന്ന, ആരും ചോദിക്കാനില്ലാത്ത ഈ െതൊഴിലാളികളുടെ ശബ്ദങ്ങളായി മാറുകയും, അവരുടെ നീതിനിഷേധങ്ങൾ അധികാര കേന്ദ്രങ്ങൾക്കും നയരൂപീകരണസംവിധാനങ്ങൾക്കും മുന്നിൽ എത്തിക്കുകയുമാണ് എന്നെപ്പോലുള്ള ഗവേഷകർ ഏറ്റെടുക്കുന്ന സാമൂഹിക ഉത്തരവാദിത്വം.
കേരളത്തിൽ പ്രതിദിനം ഒന്നിലധികം തൊഴിലാളികൾക്ക് വിവിധ തരത്തിലുള്ള തൊഴിൽബന്ധിത അപകടങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്നുണ്ടെന്ന യാഥാർത്ഥ്യം ഗുരുതരമായ ആശങ്കയുയർത്തുന്നതാണ്. എന്നാൽ ഈ മരണങ്ങളിൽ, ആൾക്കൂട്ട അക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പൊതുചർച്ചയിൽ പ്രാധാന്യം നേടുന്നത്. ഇത്തരം അക്രമങ്ങൾ, കുടിയേറ്റ തൊഴിലാളി സമൂഹത്തിനകത്ത് സ്ഥിരമായ ഭീതിയും അസുരക്ഷിതത്വബോധവും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ജാതി, മത, തൊഴിൽ വിവേചനങ്ങളുടെ ഇരകളാണ് ഇന്ന് കേരളത്തിന്റെ തൊഴിലാളി ശക്തിയിൽ ഉൾപ്പെടുന്ന വലിയൊരു വിഭാഗം. ഈ സാമൂഹിക യാഥാർത്ഥ്യം, “പ്രോഗ്രസ്സീവ് മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ” പ്രവർത്തകനായ ജോർജ് മാത്യു ഒരു ഫീൽഡ് അനുഭവത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആസാം സ്വദേശിയായ ഒരു കുടിയേറ്റ തൊഴിലാളിയെ ഒരു കൂട്ടം ആളുകൾ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ചിലർ കത്തി ഉപയോഗിച്ച് ശരീരത്തിൽ വരയുകയും ചെയ്തു. ഈ അക്രമം നേരിൽ കണ്ട 56 വയസുള്ള, മുർഷിദാബാദിൽ നിന്നെത്തിയ കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. വിറളി പൂണ്ട ചില മലയാളികൾ അവരുടെ മൊബൈൽ ഫോൺ നശിപ്പിക്കുകയും, അഞ്ച് വർഷമായി താമസിച്ചിരുന്ന സ്ഥലത്തുനിന്ന് അടുത്ത ദിവസം പുലരുന്നതിന് മുൻപ് അവരെ പുറത്താക്കുകയും ചെയ്തു. മർദ്ദനത്തിൽ അവശനായ ആസാം തൊഴിലാളിയെ പൊലീസ് ഇടപെട്ട് രക്ഷിച്ചില്ലായിരുന്നുവെങ്കിൽ, ഈ സംഭവം ഒരു ജീവന്റെ നഷ്ടമായി മാത്രം, മാധ്യമങ്ങളുടെ സെൻസേഷനൽ വിഭവമായി മാത്രം ഒടുങ്ങിയേനേ. കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന അക്രമവും അവഗണനയും ഒറ്റപ്പെട്ടതോ വ്യക്തിഗതമോ ആയ സംഭവങ്ങളല്ല; മറിച്ച് ആഴത്തിൽ വേരൂന്നിയ സാമൂഹിക- രാഷ്ട്രീയ ബോധത്തിന്റെ പ്രതിഫലനങ്ങളാണെന്ന് വിലയിരുത്തേണ്ടിവരും.
കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾക്കായി സംസ്ഥാനം പ്രഖ്യാപിക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ, പ്രായോഗികമായി എത്രമാത്രം ഫലപ്രദമാണ് എന്ന് ഗൗരവകരമായി ആലോചിക്കേണ്ടതുണ്ട്. പ്രവർത്തനരഹിതമായ നിലയിൽ തുടരുന്ന ആവാസ് ഇൻഷുറൻസ് പദ്ധതിയാണ് ഇതിലൊന്ന്. ആലുവയിൽ അഞ്ചുവയസുള്ള കുട്ടിയുടെ മരണത്തിനുശേഷം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യമിട്ട്, ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ‘അതിഥി’ പോർട്ടൽ ആരംഭിച്ചു. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളിക്ക് മരണാനന്തര സഹായമായി രണ്ട് ലക്ഷം രൂപയും, മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാൻ 25,000 രൂപയും നൽകും.
എന്നാൽ, ഈ പദ്ധതി, പ്രായോഗിക തലത്തിൽ അപകടങ്ങൾക്കും മരണങ്ങൾക്കും ശേഷമുള്ള നഷ്ടപരിഹാര സംവിധാനമായി ചുരുങ്ങുന്നുവെന്ന വിമർശനം അവഗണിക്കാനാവില്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, മനുഷ്യജീവിതം സംരക്ഷിക്കേണ്ട ക്ഷേമഇടപെടൽ, ദുരന്തം സംഭവിച്ചുകഴിഞ്ഞശേഷമുള്ള ഔപചാരിക ഉത്തരവാദിത്വനിർവഹണമായി മാറുന്ന സാഹചര്യമാണിത്.
കുടിയേറ്റ തൊഴിലാളികളുടെ പേരു മാറ്റിയതുകൊണ്ടുമാത്രം സാമൂഹിക യാഥാർത്ഥ്യം മാറുന്നില്ല. ‘അന്യസംസ്ഥാന തൊഴിലാളി’ ‘ഇതര സംസ്ഥാന തൊഴിലാളി’യായി. തുടർന്ന് ‘അതിഥി തൊഴിലാളി’യായി മാറിയെങ്കിലും ഈ വിശേഷണമാറ്റങ്ങൾ, ഈ തൊഴിൽ സമൂഹവുമായി സാമൂഹിക അടുപ്പം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് വാളയാറിലെ ആൾക്കൂട്ട കൊല തെളിയിക്കുന്നത്. എൺപതിലധികം മർദ്ദനങ്ങളിലൂടെ സ്വന്തം നാട്ടിലെത്തിയ ‘അതിഥി’യെ ‘സ്വാഗതം’ ചെയ്ത ഒരു സമൂഹത്തിന്റെ ക്രൂരമായ ഇത്തരം ആതിഥേയത്വങ്ങൾ, ഭാഷാപരമായോ നയപരമായോ ഭരണപരമായതോ ആയ മാറ്റങ്ങൾ കൊണ്ട് പരിഹരിക്കാനാവുന്ന ഒന്നല്ല.
കൊല്ലപ്പെട്ട രാം നാരായണന് ഹിന്ദി ഭാഷയിൽ പോലും വ്യക്തമായ ആശയവിനിമയം സാധ്യമായിരുന്നില്ലെന്നത്, പ്രചരിച്ച മർദ്ദന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പശ്ചാത്തലത്തിൽ, കേരളത്തിലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് മഹാത്മാഗാന്ധി സർവകലാശാല നടത്തിയ ഒരു പഠനത്തിലെ നിർണായക കണ്ടെത്തൽ പ്രസക്തമാണ്.
കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികൾ പൊതുഭാഷയായി ഹിന്ദി ഉപയോഗിക്കുന്നുണ്ടെങ്കിലും, “എല്ലാ സാഹചര്യങ്ങളിലും” ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താൻ കഴിയുന്നവർ ഏകദേശം അഞ്ചിലൊരാൾ മാത്രമാണ്. മലയാളികളുടെ മുറി ഹിന്ദിയും, ഭാഷാപരിചയമില്ലാത്ത കുടിയേറ്റ തൊഴിലാളിയുടെ നിശ്ശബ്ദ ഹിന്ദിയും തമ്മിൽ നിലനിൽക്കുന്ന ആശയവിനിമയവിടവ്, തെറ്റിദ്ധാരണകൾക്കും സംഘർഷങ്ങൾക്കും ഇടയാക്കുന്ന പ്രധാന ഘടകമായി മാറുന്നു.
ഇതിനുപുറമെ, ഒരു കുടിയേറ്റ തൊഴിലാളിയെ “ബംഗ്ലാദേശി” എന്ന ചാപ്പയടിച്ച് അക്രമിക്കുകയോ കൊല്ലുകയോ ചെയ്യാനുള്ള അധികാരം പൗരസമൂഹത്തിന് ആരാണ് നൽകിയത് എന്ന ചോദ്യം, നിയമപരമായും നൈതികമായും അതീവ ഗൗരവത്തോടെ ഉയർത്തപ്പെടേണ്ടതാണ്. ഈ കൊലപാതകവും സമാനമായ ആക്രമണങ്ങളും കുടിയേറ്റ തൊഴിലാളികളോടുള്ള സംസ്ഥാനത്തിന്റെ ക്ഷേമനയങ്ങളും, സമൂഹത്തിന്റെ യഥാർത്ഥ രാഷ്ട്രീയ- സാമൂഹിക ബോധവും തമ്മിൽ നിലനിൽക്കുന്ന ആഴമുള്ള വിടവാണ് വെളിപ്പെടുത്തുന്നത്.

ഭരണഘടന ഉറപ്പുനൽകുന്ന തൊഴിലവകാശവും അന്തസ്സായി ജീവിക്കാനുള്ള സാഹചര്യവും ഉറപ്പാക്കണമെന്ന രാഷ്ട്രീയ ആവശ്യം മാത്രമാണ് മുന്നോട്ടുവെക്കാനുള്ളത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ ‘അതിഥി’കളായി മാത്രം കാണുകയും, അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ചില പദ്ധതികളിലേക്കും നഷ്ടപരിഹാര കണക്കുകളിലേക്കും ചുരുക്കുകയും ചെയ്യുന്ന സമീപനം, ഒരു ഇടതുപക്ഷ ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല.
സാമൂഹികനീതി, സമത്വം, മനുഷ്യാവകാശം എന്നീ മൂല്യങ്ങളിൽ അടിയുറച്ച കേരളത്തിന്റെ പുരോഗമന പാരമ്പര്യം നിലനിർത്തണമെങ്കിൽ, കുടിയേറ്റ തൊഴിലാളികളെ തൊഴിൽശക്തിയായി മാത്രമല്ല, രാഷ്ട്രീയ- സാമൂഹിക അവകാശങ്ങളുള്ള പൗരരായി അംഗീകരിക്കുന്ന ദൃഢമായ നയംമാറ്റം അനിവാര്യമാണ്. ആൾക്കൂട്ട അക്രമങ്ങൾക്കെതിരെ ശൂന്യ സഹിഷ്ണുത, തൊഴിൽസ്ഥല സുരക്ഷയും ആരോഗ്യസംരക്ഷണവും നിർബന്ധമാക്കുന്ന കർശന നിയമനടപടികൾ, ഭാഷാ–നിയമ സഹായ സംവിധാനങ്ങൾ, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങൾ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നടപ്പിലാക്കേണ്ട സമയമാണിത്.
രാം നാരായണന്റെ മരണം മറ്റൊരു നമ്പറായി, മറ്റൊരു റിപ്പോർട്ടായി, മറ്റൊരു ‘ദുഃഖകരമായ സംഭവ’മായി അവസാനിക്കരുത്. അത് കേരളത്തിന്റെ തൊഴിലാളി രാഷ്ട്രീയത്തെ ആത്മപരിശോധനയിലേക്ക് നയിക്കുന്ന വഴിത്തിരിവായി മാറണം. കുടിയേറ്റ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കാതെ, അവർക്ക് ഭീതിയില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കാതെ, കേരളം അവകാശപ്പെടുന്ന പുരോഗമന ജനാധിപത്യം പൂർണ്ണമാകില്ല. അതിന് ഭരണകൂടത്തിന്റെ സജീവവും സത്യസന്ധവുമായ ഇടപെടൽ അനിവാര്യമാണ്.



