പലായനത്തിന്റെ ചരിത്രം പഠിക്കുന്നവർ ശ്രദ്ധയോടെ അടയാളപ്പെടുത്തുന്ന വർഷമാണ് 2015. യൂറോപ്പിലേക്കുള്ള അഭയാർഥികളുടെ പലായനം അതുവരെയുള്ള കണക്കുക്കൂട്ടൽ തെറ്റിക്കുന്നത് ആ കൊല്ലമാണ്. 2015 ഏപ്രിലോടെ രേഖപ്പെടുത്തിയ അഭയാർഥികളുടെ പലായനം ശീതയുദ്ധത്തിനു ശേഷമുള്ള പലായനചരിത്രത്തിൽ ഏറ്റവും വലിയതാണ്. മദ്ധ്യധരണ്യാഴി ഭേദിച്ച് ലിബിയയിൽ നിന്ന് ഇറ്റലിയിൽ എത്തുന്ന വഴി ഉപേക്ഷിച്ച്, തുർക്കിയിലൂടെ ഗ്രീക്ക് ദ്വീപായ ലെസ്വോസിലേക്കും മറ്റുമുള്ള മാർഗം അഭയാർത്ഥികൾ വ്യാപകമായി തെരഞ്ഞെടുക്കാൻ ആരംഭിച്ചു. പ്രസ്തുത വർഷം യൂറോപ്യൻ തീരത്ത് എത്തിച്ചേർന്ന അഭയാർഥികളുടെ എണ്ണം ഒൻപതുലക്ഷത്തിനുമുകളിലായിരുന്നു. സ്ഥാവര-ജംഗമ വസ്തുക്കൾ പോലും എടുക്കാനാവാതെ വീടും നാടും വിടുന്നവർക്ക് സ്വായത്തമാവുന്ന തഴക്കം വാക്കുകളിൽ ആവാഹിക്കുന്നത് കഠിനമാണ്.
ആഗോളീകരണത്തെ തുടർന്നുള്ള വ്യവസ്ഥിതിയുടെ ഭാഗമായ തൊഴിൽ സാദ്ധ്യതകൾ ഒരുവിഭാഗം അഭയാർത്ഥികളെയെങ്കിലും തേടിയെത്തുന്നുണ്ട്.
എഡ്വേഡ് സെയ്ദിന്റെ നോട്ടത്തിൽ അനുഭവങ്ങളുടെ വിതാനത്തെ സ്വയം പ്രതിഫലനം ചെയ്യുക എന്ന കർമമാണ് സ്വരാജ്യം ഉപേക്ഷിക്കേണ്ടിവരുന്നവർക്ക് ലഭിക്കാവുന്ന പ്രധാന നേട്ടം. മനഃപൂർവം കണ്ണടച്ച് ഇരുട്ടാക്കുന്ന തരത്തിൽ അഭയാർത്ഥികൾ പൊതുസമൂഹത്തിൽ പ്രായേണ തെറ്റിധാരണ പരത്താറില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഭയാർഥികളുടെ ആശങ്കയും ആകുലതയും പങ്കുവെച്ച് സെയ്ദ് അതിർത്തികളെ, നിയന്ത്രണങ്ങൾ ചെലുത്തുന്ന ജയിലുകളായി നിരീക്ഷിക്കുന്നുണ്ട്. എന്നാലിതിനിടയിൽ അദ്ദേഹത്തിന്റെ വീക്ഷണം മറ്റുചില ദർശനങ്ങളിൽ ഗൗരവകരമായി ഊന്നിനിൽക്കുകയും ചെയ്യുന്നു. 12ാം നൂറ്റാണ്ടിൽ ജീവിച്ച ജർമൻ സന്യാസിയായ സെയിന്റ് വിക്ടർ തുറന്ന ആശയപ്രപഞ്ചത്തെയാണ് അദ്ദേഹം അപഗ്രഥിക്കുന്നത്. ആത്മീയതലത്തിൽ ഭവനരഹിതരായ വ്യക്തികളെയാണ് വിക്ടർ പരിപൂർണതലത്തിൽ മനുഷ്യരായി കാണുന്നത്. ഗൃഹനഷ്ടം വന്ന്, രാജ്യഭ്രഷ്ടരായി കഴിയുമ്പോഴാണ് സ്വന്തം രാഷ്ട്രത്തെയും സംസ്‌കാരത്തെയും വിമർശനാത്മകമായി അവലോകനം ചെയ്യാൻ സാധിക്കൂ എന്നായിരുന്നു വിക്ടറിന്റെ കാഴ്ചപ്പാട്. പ്രായോഗികതലത്തിൽ ഈ ആശയം ആവിഷ്‌കരിക്കാൻ എളുപ്പമല്ല. എങ്കിലും വീട്/രാജ്യം എന്ന നിർവചനത്തെ പുനർവിചിന്തനം നടത്താൻ സെയ്ദ് ആശ്രയിക്കുന്ന പരികൽപനയായി ഇതിനെ കാണാം. കലക്കമില്ലാത്ത, ഏകജാതീയമായ സങ്കൽപമായി സ്വരാജ്യത്തെ ആദർശപരമായി കാണാൻ വിസമ്മതിക്കുന്നതാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന വീക്ഷണം.
അപരിചിതരായ അഭയാർത്ഥികളെ ഒരു പുതിയ രാജ്യമോ നഗരമോ പരിപൂർണമായ അർത്ഥത്തിൽ സ്വാഗതം ചെയ്യുമെന്ന് കരുതാനാവില്ല. അഭയസ്ഥാനത്ത് വസിക്കാൻ താത്കാലികാടിസ്ഥാനത്തിൽ വരുന്നവർ ഇങ്ങനെയൊരു മനോഭാവം പ്രതീക്ഷിക്കുമെന്നും ചിന്തിക്കുകവയ്യ. അപരത്വത്തിന്റെ ചിഹ്നങ്ങൾ വഹിച്ചുകൊണ്ട്, ആഭ്യന്തരകാരണങ്ങളാൽ സ്വരാജ്യം ഉപേക്ഷിച്ചവർ ഇരുൾ മൂടിയ വഴികളിലൂടെ സഞ്ചരിച്ചാണ് ഒരിടത്ത് എത്തിച്ചേരുന്നത്. അഭയം നൽകിയ രാജ്യത്തിന് അവരെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത ഉണ്ടാകുമെന്നത് ഒരു പൊതുവിശ്വാസമാണ്.
അഭയാർത്ഥികൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ വികസനപദ്ധതിയായി എങ്ങനെ സമീപിക്കാം എന്ന് ലോകം ആലോചിച്ചുതുടങ്ങി എന്നത് കാണാതിരിക്കാൻ തരമില്ല.
അഭയാർഥികളുടെ ആധുനികചരിത്രം ഒരുപക്ഷെ ശീതയുദ്ധത്തിന്റെ സമയത്താവണം വേരോടാൻ തുടങ്ങിയത്. 1940കൾക്കൊടുവിൽ കിഴക്കേ യൂറോപ്യൻ രാജ്യങ്ങൾ അയൺ കർട്ടന്റെ (Iron Curtain) മറവിൽ സ്ഥിതിചെയ്തിരുന്ന കാലത്താണ് അഭയാർഥികളുടെ ചരിത്രം മറ്റൊരു തരത്തിൽ രേഖപ്പെടുന്നത്. എട്ടു പതിറ്റാണ്ടുകൾക്കുശേഷവും അഭയാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾക്ക് ആക്കമായിട്ടില്ല. സ്വരാജ്യത്തിനു പുറത്ത് താമസിക്കുന്നവരും വംശം, മതം, വർണം, രാഷ്ട്രീയചായ്വുകൾ എന്നിങ്ങനെയുള്ള ഘടകങ്ങളെ ഭയക്കുന്നവരായും അഭയാർത്ഥികൾ പരിണമിച്ചുകഴിഞ്ഞു. ശീതയുദ്ധത്തിന്റെ കാലയളവിൽ പൂർവരാഷ്ട്രങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ പശ്ചിമരാഷ്ട്രങ്ങളിലേക്ക് നീങ്ങുകയാണെന്ന വിശ്വാസം പൊതുവെ നിലനിന്നിരുന്നുവത്രേ. എന്നാൽ ശീതയുദ്ധം കഴിഞ്ഞതിനുശേഷം തിരിച്ച് സ്വദേശങ്ങളിലേക്ക് പോകാമെന്നുമുള്ള വിശ്വാസം അവരിൽ സംജാതമായിരുന്നു. എന്നാൽ ഇന്നാകട്ടെ, ഏതു രാഷ്ട്രമാണ് അഭയമരുളുക എന്നതിൽവരെ ആർക്കും ഉറപ്പില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. നീതിയും രീതിശാസ്ത്രവും എന്താണെന്നറിയാത്ത സന്ദിഗ്ധാവസ്ഥയിലാണ് പലായനം ചെയ്യുന്നവർ ജന്മം കൊടുക്കുന്ന ആഖ്യാനസ്വരൂപം എത്തിച്ചേർന്നിരിക്കുന്നത് വിദേശ രാജ്യത്ത് എത്തി സാമാന്യം നീണ്ട കാലത്തേക്ക് അവിടത്തെ അഭയാർഥിക്യാമ്പിൽ പാളയമുറപ്പിക്കൽ, സാമ്പത്തിക അരക്ഷിതാവസ്ഥയോടെ നഗരപ്രാന്തങ്ങളിലെ ജീവിക്കൽ, അപകടകരമായ വഴികളിലൂടെയുള്ള ദീർഘ പലായനം എന്നിങ്ങനെയുള്ള സാധ്യതകളാണ് അഭയാർത്ഥികൾക്കുമുന്നിലുള്ളത്. സാഹചര്യങ്ങൾ നിത്യേനയെന്നോണം മാറിക്കൊണ്ടിരിക്കുകയാണ്. ആദർശങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും പകരം മതങ്ങൾക്ക് സ്ഥാനം കൽപിക്കപ്പെട്ടു. അപരത്വത്തെ കുറിച്ചുള്ള ബോധം അപരിചിതരെ സ്വരാജ്യങ്ങളിലേക്ക് സ്വീകരിക്കുന്നതിന് വിലക്കുകൾ രൂപപ്പെടുത്തി. എന്നാൽ മറുവശത്ത്, ആഗോളീകരണത്തെ തുടർന്നുള്ള വ്യവസ്ഥിതിയുടെ ഭാഗമായ തൊഴിൽ സാദ്ധ്യതകൾ ഒരുവിഭാഗം അഭയാർത്ഥികളെയെങ്കിലും തേടിയെത്തുന്നുണ്ട്. ഡയസ്‌പോറ, സന്നദ്ധസംഘടനകൾ, എൻ.ജി.ഒകൾ എന്നിവയുടെ സഹായവും മറന്നുകൂടാ. മറ്റൊരുവിധത്തിൽ മാനുഷികപ്രശ്‌നമായി കാണുന്നതോടൊപ്പം അഭയാർത്ഥികൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ വികസനപദ്ധതിയായി എങ്ങനെ സമീപിക്കാം എന്ന് ലോകം ആലോചിച്ചുതുടങ്ങി എന്നത് കാണാതിരിക്കാൻ തരമില്ല.
പ്രാഥമികാർത്ഥത്തിൽ അഭയാർത്ഥികൾ നേരിടേണ്ടിവരുന്ന അക്രമങ്ങളിൽനിന്ന് അവരെ പൂർണമായി സംരക്ഷിക്കാൻ ഒരു ഭരണകൂടത്തിന് കഴിയുമോ എന്ന് സംശയമാണ്. ഈ അക്രമങ്ങൾക്കുപിന്നിലെ കുത്സിതബുദ്ധി ഭരണകൂടത്തിനെയാണെന്നു പറയുകയും വയ്യ. ഈ സന്ദർഭത്തിൽ, "അഭയാർത്ഥി' എന്ന പദത്തിന്റെ സ്ഥാപിതമായ അർത്ഥവിവരണത്തിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ട്. United Nations High Commissioner for Refugees (UNHCR)ന്റെ നേതൃത്വത്തിലുള്ള 1951ലെ ഉടമ്പടിപ്രകാരമാണ് അഭയാർഥിയുടെ അർത്ഥം വ്യവച്ഛേദിക്കാനുള്ള നീക്കം ആരംഭിച്ചത്. Article 1A(2)വും 1967ൽ പുറത്തിറങ്ങിയ പെരുമാറ്റച്ചട്ടവും ഔപചാരികനയം ക്രമീകരിക്കാനുള്ള സംരംഭത്തിന് ആധാരശിലയിട്ടു.
സ്വരാജ്യത്തിനു പുറത്ത് വസിക്കുന്നവരും സുരക്ഷയും വിവിധ തരത്തിലുമുള്ള വംശീയവും മതപരവും ദേശീയവും രാഷ്ട്രീയവുമായ കാരണങ്ങൾ കൊണ്ടും മടങ്ങിപ്പോക്ക് സാധ്യമാവാത്തവരെയും "അഭയാർത്ഥി' എന്നുവിളിച്ചു തുടങ്ങി. സ്റ്റേറ്റിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഉപജാപപ്രവർത്തനമോ സ്റ്റേറ്റ് അറിഞ്ഞോ അറിയാതെയോ രചിക്കുന്ന തിരക്കഥയിൽ രാഷ്ട്രീയ/മത പ്രതിനിധികൾ നടത്തുന്ന ഇടപെടലുകളോ ഒരുകൂട്ടം മനുഷ്യർക്ക് ജന്മദേശത്തിന്റെ തണൽ നഷ്ടപ്പെടുത്തുമെന്നത് പലായനത്തിന്റെ ചരിത്രപുസ്തകത്തിൽ സ്ഥാപിക്കുന്ന സംഗതിയാണ്. രാജ്യവും വീടും ഉപേക്ഷിച്ചു പോകേണ്ടി വരുന്ന ഇത്തരക്കാരുടെ സ്ഥാനചലനത്തിന്റെയും പ്രതിബന്ധങ്ങളുടെ ആഴങ്ങളെയും കുറിച്ച് ഹനാ ആറൻറ് മുന്നോട്ടുവെയ്ക്കുന്ന നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. ഇങ്ങനെയുള്ളവർക്ക് രക്ഷാകേന്ദ്രം ലഭിക്കുക എന്ന അവകാശത്തെ കുറിച്ചാണ് ഹനാ ചിന്തിക്കുന്നത്. അവരുടെ കാഴ്ചപ്പാടിൽ ഈ അവകാശത്തിനൊരു പവിത്രമായ ചരിത്രമാണുള്ളത്. ദേശ-രാഷ്ട്രങ്ങളാണ് വിഭജിച്ചുപോയ ലോകത്തിന്റെ നിയമസംഹിത. സ്വന്തമായ ദേശ-രാഷ്ട്രങ്ങളില്ലാത്ത അഭയാർത്ഥികൾക്ക് കാലത്തിനനരൂപമല്ലാത്ത വിധത്തിൽ സവിശേഷമായ പരിഗണന നൽകാത്തത് അപലപനീയമാണ്. അന്താരാഷ്ട്രതലത്തിൽ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനുള്ള ബൃഹദ്പദ്ധതിയൊന്നും ഉടലെടുക്കാത്ത 1950ലാണ് ഹനായുടെ നിരീക്ഷണമെന്നത് മറക്കുന്നില്ല.
ആഗോളീകരണം, സാങ്കേതികത, വ്യാവസായിക പദ്ധതികളുടെ നില, സർവോപരി അഭയാർഥികളുടെ ഇച്ഛാശക്തി മുതലായ ഘടകങ്ങൾ അടിത്തറ പാകുന്ന പലായനത്തിന്റെ പുതിയ രീതിശാസ്ത്രത്തെ Refuge : Transforming a Broken Refugee System എന്ന പുസ്തകം പരിശോധിക്കുന്നു.
അപരിചിതമായ അധികാരഘടനയുടെയും തങ്ങളോട് ഇഴയടുപ്പമൊന്നും തോന്നാൻ സാധ്യതയില്ലാത്ത ഭരണകൂടത്തിന്റെയും ദയാവായ്പ്പിൽ അഭയസ്ഥാനങ്ങൾ കണ്ടെത്തുന്ന മനുഷ്യർ സദാ അരക്ഷിതത്വത്തിന്റെ വക്കിലാണ്. സിറിയ, ഇറാക്ക് അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെ യൂറോപ്പിലേക്ക് കയറ്റാതെ തുർക്കിയിൽ അധിവസിപ്പിക്കാൻ തുർക്കിയിലെ ഭരണകൂടവുമായി യൂറോപ്യൻ യൂണിയൻ കരാർ ഒപ്പിട്ടത് അഞ്ചുകൊല്ലം മുന്നേയാണ്. 2016-ലെ ഉടമ്പടി റദ്ദാക്കുമെന്നുള്ള തുർക്കിയുടെ തീരുമാനം പതിനായിരക്കണക്കിന് ആലംബഹീനരെ ത്രിശങ്കുവിലാക്കി. പൊട്ടിച്ചിതറിയ കണ്ണികളുള്ള അഭയാർഥികളുടെ പുനരധിവാസസംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിനുള്ള ശ്രമങ്ങളെയാണ് അലക്സാണ്ടർ ബെറ്റ്സ്, പോൾ കോളിയർ എന്നിവർ ചേർന്ന് എഴുതിയ Refuge : Transforming a Broken Refugee System എന്ന പുസ്തകം സമഗ്രമായി രേഖപ്പെടുത്തുന്നത്. നിരന്തരം പിളരുന്ന അഭയാർഥികളുടെയും പലായനത്തിന്റെയും ശൃംഖലയെ പറ്റി പഠിക്കാൻ ജോർദാനിലെ വിദഗ്ധഉപദേശക സംഘടനയായ WANAയുടെ ക്ഷണപ്രകാരം രാഷ്ട്രീയപണ്ഡിതനായ ബെറ്റ്‌സും സാമ്പത്തികകാര്യ വിദഗ്ധനായ കോളിയറും ജോർദാൻ സന്ദർശിക്കുന്നു. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ അഭയാർത്ഥികളുടെ ജീവിതം ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന ഇവർ അങ്ങനെ ആഴത്തിൽ പഠിച്ചതിന്റെ ഫലമാണ് ഈ പുസ്തകം. രണ്ടാംലോകയുദ്ധത്തിന് ശേഷം ദശലക്ഷത്തോളം മനുഷ്യരുടെ വേരുകളാണ് പിഴുതെടുക്കപ്പെട്ടത്. അതിരുകളുടെ വിന്യാസത്തിൽ ഏറ്റക്കുറച്ചിൽ സംഭവിക്കുകയും പുനരധിവാസത്തിനായി ഒരു നയരേഖ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാവുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ United Nations Refugee Regime എന്ന സംഘടനയുടെ ബീജാവാപം നടക്കുന്നത്. ഹോളോകോസ്റ്റിനെ തുടർന്നുള്ള ജൂതരുടെ കൂട്ടപ്പലായനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സംഘം പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചതെങ്കിലും ശീതയുദ്ധത്തിന്റെ രാഷ്ട്രീയനയമാണ് ഇതിനെ ആകാരപ്പെടുത്തിയത് എന്നുകാണാം. ക്രമേണ യൂറോപ്യൻ യൂണിയൻ അഭയാർഥികളുടെ നിയമവ്യവസ്ഥകളിന്മേൽ തീരുമാനവും നിയന്ത്രണവും കൽപ്പിക്കുന്ന അച്ചുതണ്ടായി മാറി. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഭാഗങ്ങളിൽ നിന്നുള്ള അഭയാർഥികളുടെ ഭാവിയെ കരുപ്പിടിപ്പിക്കുന്ന കേന്ദ്രമായി യൂറോപ്പ് നിലകൊള്ളാൻ ആരംഭിച്ചു. എങ്കിലും സ്ഥാനചലനത്തിലും പലായനത്തിലും "വിപ്ലവകരമായ' നീക്കുപോക്കുണ്ടായില്ലെന്നും അതതുസമയത്തെ അഭയാർത്ഥികളെ സംബന്ധിച്ച നിയമങ്ങളെ കോടതിനിർദേശങ്ങളുടെ ബലത്തിൽ ഭേദഗതി ചെയ്യാറാണ് പതിവെന്നും "Refuge' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. സങ്കീർണതകൾ അനുദിനം വർധിക്കുന്ന ചുറ്റുപാടിൽ പഴയ നിയമങ്ങളുടെ ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കാൻ പുതിയ തീരുമാനങ്ങൾക്ക് സാധിക്കാത്ത വിധമുള്ള ഗുരുതര പ്രശ്‌നം ഉരുണ്ടുകൂടുന്നുമുണ്ട്. ബെറ്റ്‌സും കോളിയറും ഗൗരവം ആവശ്യപ്പെടുന്ന ഒരു കാര്യം കൂടി നിരീക്ഷിക്കുന്നുണ്ട്. അഭയാർഥികളുടെ അഭയസ്ഥാനം എന്നത് തീർത്തും രാഷ്ട്രീയപ്രാധാന്യമുള്ള ആശയമാണെന്നിരിക്കെ ഐക്യരാഷ്ട്രസഭ അതിനെ അവ്വിധം തന്നെയാണോ വീക്ഷിക്കുന്നതെന്ന സംശയം അവർ ഉന്നയിക്കുന്നു. അരാഷ്ട്രീയമായ കണ്ണിൽ പ്രശ്‌നത്തെ പരിഹരിക്കാനാണ് ഐക്യരാഷ്ട്രസഭയുടെ ഉദ്യമമത്രെ.
1967ലെ ഉടമ്പടി പ്രകാരം യൂറോപ്പിൽ നിന്ന് മറ്റു ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ അഭയാർഥിത്വവുമായി ബന്ധപ്പെട്ട നിയമം തിരുത്തിയെഴുതി. അപകോളനീകരണവും അധിനിവേശത്തിനെതിരെയുള്ള പ്രവർത്തനങ്ങളും ശീതയുദ്ധത്തോടനുബന്ധിച്ച നിഴൽപോരാട്ടവും മറ്റും മൂന്നാംലോകരാജ്യങ്ങളിൽ അലയൊലികൾതീർത്തുകൊണ്ടിരിക്കുന്ന കാലത്ത് അഭയാർത്ഥികളെ ഉത്തരവാദിത്തപൂർവം പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നത് ക്ലേശകരമായി തീർന്നു എന്നതാണ് വാസ്തവം. റുവാണ്ട, സുഡാൻ, അംഗോള എന്നിവിടങ്ങളിലെ ആന്തരിക കലാപങ്ങൾ കൊടുമ്പിരിക്കൊള്ളുകയും അഭയാർഥികളുടെ എണ്ണം അനിയന്ത്രിതമായി പെരുകാനും തുടങ്ങി.
ആഗോളീകരണം, സാങ്കേതികത, വ്യാവസായിക പദ്ധതികളുടെ നില, സർവോപരി അഭയാർഥികളുടെ ഇച്ഛാശക്തി മുതലായ ഘടകങ്ങൾ അടിത്തറ പാകുന്ന പലായനത്തിന്റെ പുതിയ രീതിശാസ്ത്രത്തെയും പുസ്തകത്തിൽ പരിശോധിക്കുന്നു.
മാനുഷികമൂല്യങ്ങൾക്ക് സ്വരാജ്യത്ത് വേണ്ടത്ര വിലകല്പിക്കുന്നില്ലേ എന്ന തോന്നലും രാജ്യം വിടാനുള്ള തീരുമാനത്തിന് വേഗം കൂട്ടിയിട്ടുണ്ട്. അങ്ങനെ ചിന്തിച്ച് നാടുവിടുന്നവർ അഭയാർത്ഥികളാണോ സാമ്പത്തികനേട്ടങ്ങൾക്കായി പലായനം ചെയ്യുന്നവരാണോ എന്ന സംശയം ബാക്കി നിൽക്കുന്നു.
രാഷ്ട്രീയനൈതികത അനുശാസിക്കുന്നതുപ്രകാരം യാതൊരു ഗതിയുമില്ലാതെ സ്വരാജ്യം വിട്ടോടുന്നവർക്ക് അഭയം നൽകാൻ അവർ എത്തിച്ചേരുന്ന രാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. പൊതുജീവിതവ്യവസ്ഥിതിയെ താറുമാറാക്കി ഓടിരക്ഷപ്പെടുന്ന ആലംബഹീനരെ "അഭയാർത്ഥി' എന്ന പദത്തിന്റെ നിർവചനവുമായി ബന്ധപ്പെടുത്തി സ്വീകരിക്കാൻ 1969ൽ ആഫ്രിക്കൻ ഭരണകൂടങ്ങൾ തീരുമാനിച്ചു. 1980കളുടെ ആരംഭത്തിലാണ് ഈ നിർവചനത്തിന് വകഭേദം സംഭവിക്കുന്നത്. 1984ലെ കാറ്റജിന വിളംബരപ്രകാരം (Cartagena Declaration on Refugees) അഭയാർത്ഥികളോടു കാണിക്കേണ്ട ഉത്തരവാദിത്തം നിജപ്പെടുത്തിയതിനെ തുടർന്ന് Organization of American State- OAS) അഭയാർത്ഥികളെ നോക്കിക്കാണുന്നതിൽ പുതുക്കിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കുകയായിരുന്നു. അക്രമം, വിദേശശക്തികളുടെ ബലപ്രയോഗം, ആഭ്യന്തരകലഹങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിലൂടെ ആകൃതിപ്പെടുന്ന സ്ഥാനചലനം കൂടി അഭയാർത്ഥിത്വത്തിനു വഴിയൊരുക്കുന്നതായി മാറി. 1980കൾ വരെ ഐക്യരാഷ്ട്രസഭയും മറ്റും പ്രാവർത്തിക മാർഗ്ഗനിർദേശങ്ങളും നിയമപരമായ ഉപദേശങ്ങളും മാത്രമേ അഭയാർത്ഥിവർഗത്തിനു നല്കിയിരുന്നുള്ളു. ഒരു പടികൂടി കടന്ന് അവർക്ക് സാമ്പത്തിക- ജീവനോപാധികൾ സൗകര്യപ്പെടുത്തുന്ന പ്രക്രിയ ഐക്യരാഷ്ട്രസഭയും പോഷകസംഘടനകളും ഏറ്റെടുക്കുന്നതിന് എൺപതുകൾ സാക്ഷ്യം വഹിച്ചു. അഭയാർത്ഥിക്യാമ്പുകളുടെ സാധ്യത വിശാലമായ തരത്തിൽ ചിന്താമണ്ഡലത്തിലേക്ക് എത്തുകയും അതിർത്തികളിലും നഗരപ്രാന്തങ്ങളിലും പുനരധിവാസത്തിനും താത്കാലികാഭയത്തിനുമായുള്ള ചിട്ടവട്ടങ്ങൾ പതുക്കെ യാഥാർഥ്യമാവുകയുമായിരുന്നു. എന്നാൽ അഭയാർത്ഥികളെ വിവിധ ക്യാംപുകളിൽ പാർപ്പിക്കുന്നത് സംബന്ധിച്ച് കണിശമായ രീതിയിലുള്ള നിയമാവലി കൃത്യമായി പാലിക്കുന്നുണ്ടോ എന്ന ആശങ്ക ബാക്കി നിൽക്കുന്നു.
ഇതേ കാലയളവിൽ സ്ഥാനചലനവും പലായനവും നിർബന്ധിതമാക്കുന്ന വിധത്തിലുള്ള ബാഹ്യഘടകങ്ങൾ പതുക്കെ ചുവടുറപ്പിച്ചു. പ്രകടമായ വിധത്തിലുള്ള കാലാവസ്ഥാവ്യതിയാനം, യുദ്ധം-മദ്യം/മയക്കുമരുന്ന് ലഹരിക്കച്ചവടം, ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങൾ എന്നിങ്ങനെയുള്ള അംശങ്ങളിൽ ചിലത്, രാഷ്ട്രങ്ങളിലെ സംഘടിതമായ വംശീയപ്രശ്‌നങ്ങൾക്കൊപ്പം സജീവമായി നിലകൊണ്ടു. അതോടൊപ്പം ആഗോളതലത്തിൽ അതിരുകൾ താണ്ടിക്കൊണ്ടുള്ള യാത്രകൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകുന്നതും ഇക്കാലത്ത് തന്നെയാണ്. മാനുഷികമൂല്യങ്ങൾക്ക് സ്വരാജ്യത്ത് വേണ്ടത്ര വിലകല്പിക്കുന്നില്ലേ എന്ന തോന്നലും രാജ്യം വിടാനുള്ള തീരുമാനത്തിന് വേഗം കൂട്ടിയിട്ടുണ്ട്. അങ്ങനെ ചിന്തിച്ച് നാടുവിടുന്നവർ അഭയാർത്ഥികളാണോ സാമ്പത്തികനേട്ടങ്ങൾക്കായി പലായനം ചെയ്യുന്നവരാണോ എന്ന സംശയം ബാക്കി നിൽക്കുന്നു. എങ്കിലും പൊതുവെ സ്വീകാര്യമാവുന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് ഇവിടെ അന്തിമരൂപം കൊടുക്കാനാവില്ല. മധ്യപൂർവ്വരാജ്യങ്ങളുടെയും ദക്ഷിണേഷ്യയിലെയും ദക്ഷിണപൂർവ്വഏഷ്യയിലെ രാജ്യങ്ങളുടെയും പ്രതിസന്ധികൾ പ്രത്യേകമായി കണക്കിലെടുക്കേണ്ടതാണ്. എൺപതുകളിലെ എത്യോപ്യയിലെ വിഷമസന്ധിയും തൊണ്ണൂറുകളിലെ റുവാണ്ടയിലെ പ്രശ്‌നങ്ങളും ഇപ്പോഴും നിലനിൽക്കുന്ന സിറിയയിലെ ആപൽഘട്ടങ്ങളും വിഭിന്നമായി കണ്ടുവേണം പലായനത്തിന്റെ രീതിശാസ്ത്രം വിശകലനം ചെയ്യേണ്ടത്.
സിറിയയിലെ അഭയാർഥികളിൽ നല്ല ഒരുപങ്ക് ജർമനിയിലേക്ക് പലായനം ചെയ്യുന്നത് പതിവാണ്. എന്നാലിവരെ വിജയകരമായി തൊഴിൽ മേഖലയിലേക്ക് വിന്യസിപ്പിക്കുന്നതിൽ ജർമനി ക്ലേശിക്കുന്നതിൽ അത്ഭുതമില്ല.
"Refuge' എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്ന "Suasion Game' ആയി ബന്ധപ്പെട്ട ആശയം ശ്രദ്ധേയമാണ്. ബലാബലത്തിൽ തുല്യതയില്ലാത്ത കക്ഷികൾ ഇരുവശങ്ങളിലായി നിലയുറപ്പിക്കുമ്പോൾ താരതമ്യേന ശക്തി കുറഞ്ഞ പക്ഷത്തിനു മുന്നിൽ തെരഞ്ഞെടുപ്പിനുള്ള സാദ്ധ്യതകൾ കുറവാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ വികസിതരാഷ്ട്രങ്ങളിലെ അഭയകേന്ദ്രങ്ങൾ സ്വീകരിക്കുന്നതും മറ്റു ചിലയിടങ്ങളിൽ നിന്ന് പലായനം ചെയ്‌തെത്തുന്നവരെ സ്വീകരിക്കാതിരിക്കുന്നതും ഇക്കാരണം കൊണ്ടാവാം. കലാപകലുഷിത രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് ആശ്രയം നൽകാൻ തൊട്ടടുത്തുള്ള രാജ്യങ്ങൾക്ക് "ധാർമിക'മായ കടമയുണ്ട്. എന്നാൽ ഭൂമിശാസ്ത്രപരമായി ദൂരെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാൻ ശ്രമിക്കുന്നതും പതിവാണ്. കണക്കിൽ കവിഞ്ഞ അഭയാർഥികളുടെ വരവ് ആതിഥേയരാഷ്ട്രങ്ങളെ സമ്മർദ്ദത്തിലാക്കുകയും അവരെ പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് നാന്ദി കുറിക്കുന്നതും സ്വാഭാവികമാണ്. വിയറ്റ്നാം യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട്, മലേഷ്യ, സിംഗപ്പൂർ, തായ്ലാൻഡ് എന്നീ രാജ്യങ്ങളിലേക്ക് ബോട്ടുകളിലും മറ്റും എത്തുന്ന 1970കളിലും എൺപതുകളിലും സ്ഥിരം കാഴ്ചയായിരുന്നു. ഒരു ഘട്ടത്തിൽ അവരെ തങ്ങളുടെ രാജ്യങ്ങളിൽ കയറ്റാതെ ബോട്ടുകൾ തിരിച്ചയയ്ക്കുകയോ ആളുകളെ വെള്ളത്തിലേക്ക് താഴ്ത്തുകയോ ചെയ്തിരുന്നു എന്നത് വസ്തുതയാണ്. അങ്ങനെ ക്ഷണിക്കപ്പെടാത്ത അതിഥികളായി വേറെ രാജ്യങ്ങളുടെ അതിർത്തികളിൽ കാത്തിരിക്കേണ്ടി വരുന്ന വിഭാഗമായി അവർ കാലം കഴിക്കുന്നു. പ്രസ്തുത രാജ്യങ്ങളിൽ അവർ കാൽ നിലത്തുറപ്പിക്കുന്നതിൽ വരെ വലിയ രീതിയിലുള്ള പ്രയാസങ്ങൾ നേരിടുകയാണ്
ആഗോളീകരണത്തിന്റെ ശരിതെറ്റുകളെ മാറ്റിനിർത്തി, അതെങ്ങനെ അഭയാർത്ഥിസമൂഹത്തിനു ഗുണകരമായി ഭാവിച്ചു എന്ന് ബെറ്റ്‌സും കോളിയറും വിചിന്തനം ചെയ്യുന്നുണ്ട്. സിറിയയിലെ അഭയാർഥികളിൽ നല്ല ഒരുപങ്ക് ജർമനിയിലേക്ക് പലായനം ചെയ്യുന്നത് പതിവാണ്. എന്നാലിവരെ വിജയകരമായി തൊഴിൽ മേഖലയിലേക്ക് വിന്യസിപ്പിക്കുന്നതിൽ ജർമനി ക്ലേശിക്കുന്നതിൽ അത്ഭുതമില്ല. ഉത്പാദനമേഖലയിൽ ശ്രദ്ധേയമായ രീതികൾ പ്രാബല്യത്തിൽ വരുത്തിയ ജർമനിക്ക്, എന്നാൽ മേൽപ്പറഞ്ഞ സംവിധാനത്തിൽ അഭയാർത്ഥികൾക്ക് ജോലി നൽകൽ എളുപ്പമായിരുന്നില്ല. സിറിയയിലും മറ്റും ലഭിക്കുന്നതിന്റെ എത്രയോ മടങ്ങു മുകളിലായാണ് ഈ ജോലിയുടെ വേതനം. മാത്രമല്ല അങ്ങേയറ്റം സൂക്ഷ്മത ആവശ്യപ്പെടുന്ന ഈ ജോലി അതുകൊണ്ടുതന്നെ തദ്ദേശീയർക്കായി സംവരണം ചെയ്തതുപോലെയായി തീർന്നു.
ആഗോളീകരണമാതൃക ഇവിടെ അഭയാർത്ഥികൾക്ക് സഹായകമാവുന്നു. ജർമനിയിലെ ജോലികൾ വലിയ രീതിയിൽ തുർക്കി പോലെ അന്യരാജ്യത്തേക്ക് പുറംപണികരാറായി കൊടുക്കുകയും അവിടങ്ങളിലെ ജോലിക്കായി അഭയാർത്ഥികളെ നിയോഗിക്കുകയും പരീക്ഷിക്കാവുന്ന ഒരു നയമാണ്. ജർമനിക്ക് അടുത്തുകിടക്കുന്ന രാജ്യത്തേക്ക് ജോലി "ഔട്ട്‌സോഴ്‌സ്' ചെയ്യാൻ പറ്റിയാൽ, അനുബന്ധനടപടികളും ഉപകരണങ്ങളും മാനേജർമാരുടെ സേവനവും എത്തിച്ചുകൊടുക്കുന്നതും എളുപ്പമായിരിക്കും. തദ്ദേശീയ-വിദേശീയ പ്രശ്‌നങ്ങളില്ലാതെ എല്ലാവർക്കും തൊഴിലെടുക്കാൻ കഴിയുകയും ചെയ്യും എന്നതാണ് ഈ വ്യവസ്ഥയുടെ മെച്ചം. ആഗോളതലത്തിൽ അഭയാർത്ഥികൾക്കായുള്ള തൊഴിൽസാധ്യത വർധിപ്പിക്കുന്നത് അവരുടെ അതിജീവനയത്‌നങ്ങൾക്ക് സമർത്ഥമായ പിന്തുണയേകും.
"Refuge'ന്റെ എഴുത്തുകാർ ചൂണ്ടിക്കാണിക്കുന്ന വേറൊരു പ്രധാനപ്പെട്ട ആശയം അഭയാർത്ഥികളെ ഏതെല്ലാം വിധത്തിൽ അതിജീവനത്തിനു സഹായിക്കാമെന്നതും അവരുടെ സ്വയംഭരണാവകാശം എങ്ങനെയെല്ലാം ആർജിക്കാമെന്നതുമാണ്. പല കാരണങ്ങൾ കൊണ്ട് ഇന്ന് ആന്തരികമായ സ്ഥാനചലനത്തിനു വിധേയമാകുന്നവർ നാളത്തെ അഭയാർത്ഥികളാണ്. നിലവിലെ അഭയാർത്ഥി സമൂഹത്തിന്റെ ചട്ടക്കൂടിലേക്ക് പുതിയവരെ എങ്ങനെയാണ് ഉൾപ്പെടുത്തുക എന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടം ഉണ്ടാവണം. അതേ സമയം സ്വരാജ്യത്ത് അവർ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും പരിഗണനയും അവർക്ക് പുതിയ സമ്പ്രദായത്തിൽ പര്യാപ്തമാവുകയുംവേണം. പുസ്തകത്തിൽ മുന്നോട്ടുവെയ്ക്കുന്ന നിർദേശങ്ങൾ അഭയാർഥികളുടെ പുനരധിവാസപദ്ധതിയുടെ നിലനിൽക്കുന്ന തുറസ്സുകളെയാണ് പ്രകാശിപ്പിക്കുന്നത്. പ്രാന്തവൽക്കരിക്കപ്പെടുന്ന അവസ്ഥകളിൽ നിന്നുവിടുതൽ നേടി വേറിട്ട ലോകം അവർക്ക് കെട്ടിയുയർത്താൻ ഉതകുന്ന വിധത്തിലുള്ള, അപായഹേതു ഇല്ലാത്ത സുസ്ഥിരമായ മാർഗങ്ങളെയാണ് ലേഖകർ വിശകലനം ചെയ്യുന്നത്. വികസനസ്ഥിതികൾ ഉചിതമായ വിധത്തിൽ മുൻകൂട്ടിക്കാണുന്ന ആസൂത്രണമാണ് ഈ സാഹചര്യത്തിൽ അഭികാമ്യം.
ലോകചരിത്രം പരിശോധിച്ചാൽ ഹിംസാത്മകമായ സമൂഹങ്ങളിൽ നിന്ന് ജീവിതം കരുപിടിപ്പിക്കാനായി അതിർത്തി ഭേദിക്കുന്ന തലമുറകളുടെ കഥ സാധാരണമാണ്. പട്ടിണിയോ ദാരിദ്ര്യമോ രാജ്യം ഉപേക്ഷിക്കാൻ കാരണമായേക്കും എന്ന ബാലിശവാദത്തേക്കാൾ പ്രാണരക്ഷാർത്ഥം ജീവനുംകൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് അഭയാർത്ഥികൾ എന്ന അഭിപ്രായത്തിനാണ് ഊന്നൽ നൽകേണ്ടത്. കലഹങ്ങളും അന്തച്ഛിദ്രങ്ങളും നടമാടുന്ന ലോകത്തിന്റെ ഏതുരാജ്യത്തെയും സ്ഥിതിയും വിഭിന്നമല്ല. ആഫ്രിക്കൻരാജ്യങ്ങളിൽ നിന്നു അമേരിക്കയിലേക്കും അറബ്നാടുകളിൽ നിന്നു യൂറോപ്യൻഭൂഖണ്ഡത്തിലേക്കും അപകടകരമാം വിധത്തിൽ പലായനം ചെയ്യുന്നവരുടെ വിശ്വാസസംഹിത ഏറെക്കുറെ സമാനമാണ്. സ്വന്തം ജീവിതവും കുടുംബവും മാത്രമേ അവരുടെ മുന്നിലുള്ളൂ എന്നുവ്യക്തം. അതേ പോലെ ഇന്ത്യയുടെ വിഭജനത്തിന്റെയും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച കാലുഷ്യങ്ങളുടെയും "ജീവിതചക്രം' ഒട്ടൊക്കെ സദൃശമായിരുന്നു.
2019 ഒടുവിൽ, ലോകമെമ്പാടുമായി 26 ദശലക്ഷം അഭയാർത്ഥികളുണ്ട് എന്നാണ് UNHCR റിപ്പോർട്ട് ചെയ്യുന്നത്. മൂന്നുസെക്കൻഡിൽ ഒരാൾക്ക് സ്ഥാനചലനം ഉണ്ടാവുന്നു എന്ന UNHCRന്റെ സ്ഥിതിവിവരക്കണക്ക് ഞെട്ടിക്കുന്നതാണ്. ഇവരെയെല്ലാം കൃത്യമായി അധിവസിപ്പിക്കുക എന്ന ഭഗീരഥയത്‌നത്തോട് അധികൃതർ എങ്ങനെ നീതി പുലർത്തും എന്നത് ആലോചിക്കേണ്ട വിഷയമാണ്. എങ്കിലും പലായനത്തിന് സങ്കീർണമായ വഴികൾ തുറന്നുകൊണ്ടേയിരിക്കുന്നു. അഭയസ്ഥാനങ്ങളിലേക്കുള്ള, നിയമം അനുശാസിക്കുന്ന ശരിയായ വഴികൾ വളരെ കുറവാണെന്നിരിക്കെ അനധികൃതപാതകൾ തെരഞ്ഞടുക്കുന്നവരാണ് കൂടുതലും. അഭയമരുളുന്ന രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്കും വികസനയത്‌നങ്ങൾക്കും അഭയാർത്ഥികളുടെ സാന്നിധ്യം "വിഘാത'മാവാതിരുന്നാൽ പുനരധിവാസവും ബന്ധപ്പെട്ട പ്രവർത്തനങ്ങളും സൂക്ഷ്മതയോടെ പുരോഗമിക്കുമെന്നു ഉറപ്പാണ്. അതുവഴി മാന്യതയും സമാധാനവും നഷ്ടപ്പെടാതിരിക്കാൻ അഭയാർത്ഥികൾക്ക് സാധിക്കുന്നു എന്ന് ചുരുക്കം. ▮