Digital Silence for Gaza
ബോംബുകളാൽ നിശ്ശബ്ദമാക്കപ്പെട്ട ഗാസയ്ക്കുവേണ്ടി
നമുക്ക് ഇതെങ്കിലും ചെയ്യാം…

ഇന്നുമുതൽ രാത്രി ഒമ്പതിനും ഒമ്പതരയ്ക്കുമിടയിൽ ഒരാഴ്ച 30 മിനിറ്റ് മൊബൈൽ ഫോൺ ഓഫാക്കി വെച്ചായിരിക്കും പ്രതിഷേധം. ദിവസവും, ഒരേ സമയത്ത്, ലോകത്തെങ്ങും കോടിക്കണക്കിന് മനുഷ്യർ 30 മിനിറ്റ് സോഷ്യൽ മീഡിയയിൽ സമ്പൂർണമായി നിശ്ശബ്ദരായിരിക്കും.

ബോംബുകളാൽ നിശ്ശബ്ദമാക്കപ്പെട്ട ഗാസയ്ക്കുവേണ്ടി ഡിജിറ്റൽ മൗനത്തിലൂടെ പ്രതിഷേധം, ഐക്യദാർഢ്യം.

ഇന്റർനെറ്റുമായുള്ള സകല ബന്ധവും വിച്‌ഛേദിച്ച് ഒരാഴ്ച പാലസ്തീനിലെ മനുഷ്യർക്കൊപ്പം നിൽക്കാൻ 'Silence for Gaza' കാമ്പയിൻ ആഹ്വാനം ചെയ്യുന്നു.

ഗാസയ്ക്കുവേണ്ടിയുള്ള ഡിജിറ്റൽ സൈലൻസിന് ഇന്നാണ് തുടക്കം.

രാത്രി ഒമ്പതിനും ഒമ്പതരയ്ക്കുമിടയിൽ 30 മിനിറ്റ് മൊബൈൽ ഫോൺ ഓഫാക്കി വെച്ചായിരിക്കും പ്രതിഷേധം. ദിവസവും, ഒരേ സമയത്ത്, ലോകത്തെങ്ങും കോടിക്കണക്കിന് മനുഷ്യർ 30 മിനിറ്റ് നേരം സോഷ്യൽ മീഡിയയിൽ സമ്പൂർണമായി നിശ്ശബ്ദരായിരിക്കും.

ഈ സമയത്ത്,
മൊബൈൽ ഫോണുകൾ പൂർണമായി ഓഫാകും.
സോഷ്യൽ മീഡിയ ഇല്ല.
പോസ്റ്റുകൾ ഇല്ല.
മെസേജുകൾ ഇല്ല.
കമന്റുകൾ ഇല്ല.
ലൈക്കുകൾ ഇല്ല.
ആപ്പുകൾ തുറക്കില്ല.
ലോകമെങ്ങും സമ്പൂർണ ഡിജിറ്റൽ സൈലൻസ്.

എല്ലാ രാജ്യത്തെയും ജനങ്ങളോട് ഒരാഴ്ച ഒരേ സമയത്ത് 30 മിനിറ്റുനേരം ഡിജിറ്റൽ സൈലൻസ് ആചരിക്കാനാണ് ആഹ്വാനം. ഇന്റർനെറ്റുമായുള്ള സകല ബന്ധങ്ങളും വിച്‌ഛേദിച്ച് അങ്ങനെ ലോകം പാലസ്തീൻ ജനതയ്‌ക്കൊപ്പം.

Read: SILENCE FOR GAZA
ഗാസയ്ക്കുവേണ്ടി
ഡിജിറ്റൽ സത്യഗ്രഹം

ലോകത്തിനുമുന്നിലെ ഏറ്റവും ക്രൂരമായ ഒരനീതിയോടുള്ള മനുഷ്യരാശിയുടെ പ്രതിരോധം, പ്രതിഷേധം. ലോകത്തെ ഏതൊരു മനുഷ്യനും ചെയ്യാവുന്ന ഏറ്റവും ലളിതമായ ചെറുത്തുനിൽപ്പ്. കാരണം, ഗാസയ്ക്ക് ഇനി ബാക്കിയുള്ളത്, ഇത്തരം ചെറിയ ചെറിയ പ്രതിഷേധങ്ങൾ ചേർന്നുണ്ടാകുന്ന സംഘടിതമായ ഐക്യദാർഢ്യമാണ്.

ഇന്നത്തെ മനുഷ്യരുടെ ഏറ്റവും സജീവവും വിപുലവുമായ സാ​ങ്കേതിക ​ജീവിതം കൊണ്ടുള്ള ചടുലമായ പ്രതിഷേധം കൂടിയാണിത്. ലോകത്തുള്ള ഏത് പൗരർക്കും പ്രകടിപ്പിക്കാവുന്ന ഒന്ന്.

അൽഗൊരിതത്തിന് നൽകുന്ന സംഘടിതരൂപത്തിലുള്ള അതിശക്തമായ ഡിജിറ്റൽ സൂചന കൂടിയാണിത്. ഗാസയ്ക്കുവേണ്ടിയുള്ള ഐക്യദാർഢ്യം, പ്രതിഷേധം, പ്രതിരോധം എന്നിവയെല്ലാം ഇതിലൂടെ പ്രകടിപ്പിക്കപ്പെടും. (ഇത് എളുപ്പമല്ല. എങ്കിലും, ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലാത്ത ഗാസയ്ക്കുവേണ്ടി നമുക്കും ഇതെങ്കിലും ചെയ്യാം).

സംഘടിതമായ ഡിജിറ്റൽ സൈലൻസിന് ശക്തമായ പ്രത്യാഘാതങ്ങളുണ്ടാക്കാനാകും.

  • അൽഗോരിതത്തിലുണ്ടാകുന്ന പ്രത്യാഘാതം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരന്തരമായി യൂസർ ആക്റ്റിവിറ്റിയെ ആശ്രയിച്ചിരിക്കുന്നു. നമ്മളാണ് ഈ സിസ്റ്റത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഈ നിശ്ശബ്ദത തെളിയിക്കു.

  • ഒരു ചെറിയ സമയത്തേക്ക് പൊടുന്നനെ ആക്റ്റിവിറ്റിയിലുണ്ടാകുന്ന നിശ്ചലത വിസിബിലിറ്റി അൽഗോരിതങ്ങൾക്ക് വിഘാതം സൃഷ്ടിക്കും.

  • ഇത്തരമൊരു സംഘടിത പ്രതികരണം തൽസമയ ട്രാഫിക് സ്റ്റാറ്റിസ്റ്റിക്‌സിനെ ബാധിക്കും.

  • അസാധാരണമായ യൂസർ ബിഹേവിയറിനെക്കുറിച്ച് സെർവർമാർക്ക് ഒരു ടെക്‌നിക്കൽ സിഗ്‌നൽ നൽകും.

  • ലോകത്തിന്റെ നിഷ്‌ക്രിയത്വം ഇന്ധനമാക്കി അരങ്ങേറുന്ന ഒരു വലിയ അനീതിക്കെതിരെ ലോകത്തെങ്ങുമുള്ള പൗരർ നടത്തുന്ന ചെറുത്തുനിൽപ്പിനെ ഇത് അടയാളപ്പെടുത്തും.

ഒരു ഹൈപ്പർ കണക്റ്റഡ് ലോകത്ത്, ഡിജിറ്റൽ മൗനം എന്നത് അതിശക്തമായ പ്രസ്താവനയാണ്. സോഷ്യൽ മീഡിയയുടെ ശബ്ദപ്രപഞ്ചവും ഗാസയ്ക്കുമൽ അടിച്ചേൽപ്പിക്കപ്പെട്ട മൗനവും തമ്മിലുള്ള വൈപരീത്യം അതിശക്തമായ ഒരു സൂചനയാണ്. അതൊരു സംഘടിത പ്രതികരണം കൂടിയാണ്.

ഈ കാമ്പയിൻ ലോകം ഏറ്റെടുക്കുകയാണെങ്കിൽ, ഗാസയ്ക്കുമേൽ അരങ്ങേറുന്ന കുറ്റകൃത്യത്തിനെതിരായ ലോക പൗരസമൂഹത്തിന്റെ പ്രതികരണം നേതാക്കൾ കാണും. ഇനി, അതിനുമാത്രമായിരിക്കും അവരെ ചലിപ്പിക്കാൻ കഴിയുക.

കാമ്പയിന് ആഹ്വാനം ചെയ്തുകൊണ്ട് ഗാസയിൽനിന്ന് ഡോ. എസ്സീദീൻ എഴുതുന്നു:

‘‘നമുക്കെല്ലാവർക്കും ചെയ്യാനാകുന്ന ഏറ്റവും ചെറിയൊരു പ്രതികരണമാണിത്. ഇന്റർനെറ്റില്ല. സിഗ്‌നൽ ഇല്ല. ശബ്ദമില്ല. ഈ തടവറയ്ക്കപ്പുറം മറ്റൊരു ലോകമില്ലാത്ത മനുഷ്യർക്കായി…

ഗാസയിലെ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ 30 മിനിറ്റ് ഞാൻ നടന്നു. രക്ഷപ്പെടാനല്ല, 'ഞാൻ ജീവിച്ചിരിക്കുന്നു' എന്ന ജീവന്റെ ഏറ്റവും ചെറിയ മർമ്മരവും പ്രതീക്ഷിച്ച്, നേരിയ ഒരു തുടിപ്പ് തേടി. പക്ഷെ...
കാരണം, ഗാസ ഇപ്പോൾ നിശ്ശബ്ദമാണ്, സമാധാനത്താലല്ല, സമ്പൂർണ നാശത്താൽ.
ജീവനുമേൽ മരണം സർവാധിപത്യം നേടിയ ഗാസയ്ക്കുവേണ്ടി ഇനി സമാധാന സന്ദേശങ്ങളൊന്നും വരാനില്ല. ആക്രമണങ്ങളിവിടെ ഉപരോധം തീർത്തിരിക്കുന്നു. ചോര കറുത്തുകട്ടപിടിച്ച് ഒഴുകാനാകാതെ നിശ്ചലമായിരിക്കുന്നു. ശേഷിക്കുന്ന ജീവിതങ്ങളുടെ തൊണ്ടകളിൽ ശ്വാസം മരവിച്ചുനിൽക്കുന്നു. ജബാലിയയിൽ ഇപ്പോഴും ബോംബുകൾ വർഷിക്കുന്നു. ഭക്ഷണത്തിനായി തെരുവിലലയുന്ന കുട്ടികളെ നിമിഷങ്ങൾ കൊണ്ട് അവ തിന്നുതീർക്കുന്നു.

കുടിക്കാൻ വെള്ളമില്ല. ഭക്ഷണമില്ല. രക്ഷപ്പെടാൻ വഴിയില്ല. ഷെൽട്ടർ ക്യാമ്പുകളിൽ പോലും ജീവനെടുക്കാൻ ബോംബുകൾ വീണുകൊണ്ടിരിക്കുന്നു’’.

നമ്മുടെയെല്ലാം ഫോണുകളിൽ ഇന്നു രാത്രി 9 മണിയുടെ അലാറം സെറ്റു ചെയ്തുവെക്കാം, ആ മനുഷ്യർക്കു വേണ്ടി.
നമുക്ക് കൂട്ടായി പുരോഗനമപരമായ ഒരു പ്രതിഷേധത്തിരമാലയാകാം,
അത് ലോകം മുഴുവൻ ആഞ്ഞടിക്കട്ടെ.

Comments