ഇത്ര നിസ്സഹായമോ
ഇന്ത്യൻ പൗരജീവിതം?

പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാൾ എത്രയോ ആഴമേറിയ മുറിവാണ് കുത്സിതമായ ഈ അപ്രഖ്യാപിത സ്വേഛാധികാര നടപടികൾ രാഷ്ട്രശരീരത്തിനുണ്ടാക്കുന്നത്. നുണകളാണതിൻ്റെ അടിത്തറ. ഇന്ത്യയിലെ അനേകങ്ങളായ ജാതി- മത- ഭാഷാഭേദങ്ങളെ പരസ്പരം സ്വേച്ഛാപരമായി ഇണക്കിയും കൂടുതലും ശത്രുക്കളാക്കിയുമുള്ള സോഷ്യൽ എഞ്ചിനീയറിങ്ങാണവരുടെ പ്രധാന ആയുധം.

സ്റ്റാൻസ്വാമിയും പ്രൊഫ. ജി.എൻ. സായി ബാബയുമടക്കം വിഖ്യാതരായ മനുഷ്യാവകാശ പ്രവർത്തകർ പ്രതികളായ ഭീമാ കൊറേഗാവ് കേസും മാവോയിസ്റ്റ് ബന്ധമാരോപിക്കുന്ന യു.എ.പി.എ കേസും ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയ കാലാവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ്.

സായി ബാബയുടെ പേരിൽ രണ്ടാമത്തെ കേസായിരുന്നു. പോലീസടക്കം സർക്കാർ സംവിധാനങ്ങളും കോടതികളും ഒരു നെക്സസായി പ്രവർത്തിച്ച്, എത്ര തന്നെ അറിയപ്പെടുന്നവരും ജനസമ്മതരും ആയാലും, പൗരജീവിതം എത്ര നിസ്സഹായമാണ് എന്നാണ് ഇവ വെളിവാക്കിയത്. ഡിസിപ്ലിൻ ആന്റ് പണിഷ് (Discipline and Punish- Michel Foucault) എന്ന കൃതിയിൽ, യൂറോപ്പിൽ ആധുനിക ശിക്ഷാസമ്പ്രദായവും ജയിലുമെല്ലാം രൂപമെടുത്ത സാഹചര്യം മാനുഷിക പരിഗണനകളോ ശിക്ഷ നടപ്പാക്കാനുള്ള താല്പര്യം പോലുമോ അല്ലെന്നും, മറിച്ച് അധീശത്വമുറപ്പിക്കുന്നതിൻ്റെ ഭാഗമായാണെന്നും ഫൂക്കോ പറയുന്നുണ്ട്. യൂറോപ്പിൽ വിവാദാസ്പദമെങ്കിലും വർത്തമാന ഇന്ത്യയിൽ ഇത് തീർത്തും ശരിയായ ഒരു നിരീക്ഷണമാണെന്നാണ് അനുഭവങ്ങൾ സാക്ഷി പറയുന്നത്.

പല മതരാഷ്ട്രങ്ങളിലും പഴയ രാജവാഴ്ചാകാലത്തുമെല്ലാം പരസ്യമായി നടപ്പാക്കിയ ക്രൂരമായ ശിക്ഷാവിധികൾ ജനങ്ങളെ ഭയപ്പെടുത്തി അച്ചടക്കം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കേരളത്തിൽ ഇന്ന് ചിന്തിക്കാൻ പോലും പറ്റാത്തത്ര പൈശാചികമായ കഴുവേറ്റൽ നിലനിന്നതങ്ങനെയാണ്. എത്ര ഉന്നതരും പൗരബോധമുള്ളവരുമായാലും സർക്കാരിനെ വിമർശിച്ചാൽ ഇതാണ് നിങ്ങളുടെയും ഗതിയെന്ന് ജനങ്ങൾക്ക് ഈ കേസുകൾ കാട്ടിക്കൊടുത്തു.

സായിബാബയുടെ കേസ് പോലീസിൻ്റെ കൃത്രിമമായ തെളിവുണ്ടാക്കലടക്കം കുത്സിതവൃത്തികൾ കൊണ്ട് കെട്ടിച്ചമച്ചതും നീതിക്ക് നിരക്കാത്തതുമാണെന്ന നിരീക്ഷണങ്ങളോടെ മഹാരാഷ്ട്ര ഹൈക്കോടതി തള്ളിക്കളയുകയാണുണ്ടായത്. ഇതിനിടയിൽ സെഷൻസ് കോടതിയുടെ ജീവപര്യന്തം ശിക്ഷയും അത് റദ്ദാക്കിയ ആദ്യ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേയുമടക്കം പലതും നടന്നു. പ്രധാന പ്രശ്നം, വയോധികരും രോഗപീഢിതരുമെല്ലാമായ പ്രതികൾക്ക് എട്ടുപത്തുവർഷങ്ങൾ തടവനുഭവിക്കേണ്ടി വന്നുവെന്നതാണ്. സാധാരണ നിലയിൽ ഒരു ജീവപര്യന്തം കാലം. ഇതിനിടയിൽ സ്റ്റാൻ സാമി ഏറെ ദയനീയമായി തടവിൽ മരിക്കുകയും ചെയ്തു. കൊലക്കുറ്റം ചെയ്തവരെയടക്കം പ്രായപരിഗണന വെച്ച് മോചിപ്പിക്കുക സാധാരണമായ അതിവാർദ്ധക്യത്തിലുമായിരുന്നു, അദ്ദേഹത്തിന്റെ മരണം.
ഇന്ത്യൻ ഭരണഘടന തടവുപുള്ളികൾക്കും അവകാശങ്ങൾ അനുവദിക്കുന്നുണ്ട്. മെച്ചപ്പെട്ട ചികിത്സയും പരോളുമെല്ലാം അതിൽപ്പെടുന്നു. ബലാൽസംഗക്കേസുകളിലും കൊലക്കേസുകളിലുമെല്ലാം പ്രതികളായ വ്യാജ ദൈവങ്ങൾക്കൊക്കെ നിർല്ലോഭം ഇന്ത്യൻ ജയിലുകളിൽ അത് ഇപ്പോഴും അനുവദിച്ചു കൊടുക്കുന്നുമുണ്ട്.

പരസഹായമില്ലാതെ ജീവിക്കാൻ വിഷമമായവിധം കാലുകൾ തളർന്നു പോയ ആളാണ് സായി ബാബ. ജയിലിൽ വീൽചെയർ പോലും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പ്രാഥമിക കൃത്യങ്ങളും കുടിക്കാനൊരു ഗ്ലാസ് വെള്ളവും വരെ വലിയ സാഹസമായി മാറി. ആർക്കും ഈ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

വാർത്തകളിൽ വരുന്ന, സായിബാബയെപ്പോലെ, അറിയപ്പെടുന്ന ആളുകളുടെ സ്ഥിതിയിതാണെങ്കിൽ ജയിലിലെത്തിപ്പെടുന്ന സാധാരണ മനുഷ്യരുടെ അവസ്ഥ എത്രയോ കഷ്ടമായിരിക്കും?.
വാർത്തകളിൽ വരുന്ന, സായിബാബയെപ്പോലെ, അറിയപ്പെടുന്ന ആളുകളുടെ സ്ഥിതിയിതാണെങ്കിൽ ജയിലിലെത്തിപ്പെടുന്ന സാധാരണ മനുഷ്യരുടെ അവസ്ഥ എത്രയോ കഷ്ടമായിരിക്കും?.

അദ്ദേഹം പറഞ്ഞത്, നിരക്ഷരയും നാട്ടുമ്പുറത്തുകാരിയുമായ അമ്മ എടുത്തു കൊണ്ടുപോയാണ് തനിക്ക് വിദ്യാഭ്യാസം സാദ്ധ്യമാക്കിയതെന്നാണ്. ഒടുവിൽ അറിയപ്പെടുന്ന കോളേജദ്ധ്യാപകനും എഴുത്തുകാരനുമായി മാറുകയും ചെയ്തു. രാജ്യം ആദരിക്കേണ്ട ഒരമ്മയാണവർ. പക്ഷെ, അവരുടെ മരണസമയത്തോ മരണാനന്തരചടങ്ങുകളിലോ പോലും പങ്കെടുക്കാനദ്ദേഹത്തിന് പരോളനവദിച്ചില്ല. കൊടുംകുറ്റവാളികളായി ഗണിക്കുന്നവർക്കുപോലും പോലീസ് അകമ്പടിയോടെയെങ്കിലുമുള്ള പരോൾ ഇത്തരം സന്ദർഭങ്ങളിൽ അനുവദിക്കാറുണ്ട്. പ്രതി രക്ഷപ്പെടുമെന്ന കാരണം ചക്രക്കസേരയിൽ ജീവിക്കുന്ന സായിബാബയെ ക്കുറിച്ച് പറയാനുമാകില്ലല്ലോ.

ഇന്ത്യൻ പുരാണങ്ങളിൽ നീചരായ രാക്ഷസ ജന്മങ്ങളായി പറയുന്നവർ പോലും പ്രജകളോട് ഇത്ര നിഷ്ഠൂരത കാണിച്ചതായി തോന്നുന്നില്ല. യഥാർത്ഥത്തിൽ സർക്കാർ നിഷേധിച്ചത് സായി ബാബയുടെ മനുഷ്യാവകാശത്തെക്കാളേറെ മരണത്തിനുമുമ്പ് സ്വന്തം മകനെക്കാണാനുള്ള അമ്മയുടെ അവകാശം കൂടിയാണ്. ശത്രു സൈനികർക്കുപോലും അനുവദിക്കുന്ന വിശ്വാസാനുസൃതമായ മകൻ ചെയ്യേണ്ട ഉദകക്രിയയാണ്.

2022- ലെ കണക്കുകൾ പറയുന്നത്, ഏതാണ്ട് നാലര ലക്ഷത്തോളം പേർ ഇന്ത്യൻ ജയിലുകളിൽ തടവുകാരായുള്ളതിൽ 75% ത്തിലധികം പേരും വിചാരണാതടവുകാരാണ് എന്നാണ്. ഇതിൽ നല്ലൊരു ശതമാനം ചെറിയ കേസുകളിൽ ഉൾപ്പെട്ട് കോടതി നടപടികൾക്ക് വഴിയില്ലാതെയും ജാമ്യത്തിനാളില്ലാതെയും ജയിലുകളിൽ പെട്ടു പോകുന്നവരാണ്.

വാർത്തകളിൽ വരുന്ന, അറിയപ്പെടുന്ന ആളുകളുടെ സ്ഥിതിയിതാണെങ്കിൽ ജയിലിലെത്തിപ്പെടുന്ന സാധാരണ മനുഷ്യരുടെ അവസ്ഥ എത്രയോ കഷ്ടമായിരിക്കും?. 2022- ലെ കണക്കുകൾ പറയുന്നത്, ഏതാണ്ട് നാലര ലക്ഷത്തോളം പേർ ഇന്ത്യൻ ജയിലുകളിൽ തടവുകാരായുള്ളതിൽ 75% ത്തിലധികം പേരും വിചാരണാതടവുകാരാണ് എന്നാണ്. ഇതിൽ നല്ലൊരു ശതമാനം ചെറിയ കേസുകളിൽ ഉൾപ്പെട്ട് കോടതി നടപടികൾക്ക് വഴിയില്ലാതെയും ജാമ്യത്തിനാളില്ലാതെയും ജയിലുകളിൽ പെട്ടു പോകുന്നവരാണ്. കോടതികൾ തങ്ങളുടെ കേസുകൾ എപ്പോൾ തീർപ്പാക്കുമെന്നറിയാതെ അനന്തമെന്നു തോന്നിക്കുന്ന കാത്തിരിപ്പാണവരുടെ ‘വിധി'. ശിക്ഷിക്കപ്പെട്ടവരെക്കാൾ ദുരിതമാണവരുടെ ജീവിതം. ജയിലിലെ കൊള്ളരുതായ്കകൾക്കെല്ലാം മിക്കപ്പോഴും പങ്കാളികളായിക്കഴിഞ്ഞ ശിക്ഷിക്കപ്പെട്ട സീനിയർ തടവുകാരുടെ ദാക്ഷിണ്യത്തിലാകും പലപ്പോഴും അവരുടെ ജീവിതം. പല ജയിലുകളിലും അവക്കുൾക്കൊള്ളാവുന്നതിനെക്കാൾ എത്രയോ അധികമാണ് തടവുകാരുടെ എണ്ണം. അതുണ്ടാക്കിയ ദുസ്സഹമായ സാഹചര്യത്തെക്കുറിച്ച് സായി ബാബ തന്നെ പറയുന്നുണ്ട്.

2022- ലെ കണക്കനുസരിച്ച് ഏതാണ്ട് നാലര ലക്ഷത്തോളം പേർ ഇന്ത്യൻ ജയിലുകളിൽ തടവുകാരായുള്ളതിൽ 75% ത്തിലധികം പേരും വിചാരണാതടവുകാരാണ്.
2022- ലെ കണക്കനുസരിച്ച് ഏതാണ്ട് നാലര ലക്ഷത്തോളം പേർ ഇന്ത്യൻ ജയിലുകളിൽ തടവുകാരായുള്ളതിൽ 75% ത്തിലധികം പേരും വിചാരണാതടവുകാരാണ്.

ഒറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നാണ് നമ്മുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാനം എന്നു വീമ്പു പറയുമ്പോഴും അപരാധിയോ നിരപരാധിയോ എന്ന് തീർപ്പാക്കപ്പെടാത്തവരാണ് തടവനുഭവിക്കുന്നതിൽ ലക്ഷങ്ങൾ എന്ന് മേലുദ്ധരിച്ച കണക്കുകൾ തന്നെ പറയുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ചില തെറ്റുകൾ ചെയ്തുപോകുന്നവർ, താല്കാലിക ക്ഷോഭത്തിനടിപ്പെട്ട് കൊലക്കേസിൽ പ്രതികളാ കുന്ന ചില ‘ശുദ്ധമനസ്കർ’ എന്നിങ്ങനെ തടവുകാർ മുഴുവൻ ക്രിമിനൽ മനസ്സുള്ളവരല്ല. ഗണ്യമായൊരു ശതമാനം ക്രിമിനലുകളുള്ളതാണ് ജയിലധികാരികളും പോലീസ് സേനയും.

സ്വന്തമായ അഭിപ്രായങ്ങളുണ്ടാവുകയും അത് പ്രകടമാക്കാൻ സ്വാതന്ത്ര്യമുണ്ടാവുകയും ചെയ്യുക എന്നതാണ് ഒരു പൗരസമൂഹത്തിൻ്റെ ആധാരശിലയായി വർത്തിക്കുന്ന വ്യക്തിസ്വാതന്ത്ര്യം. തൻ്റെ അഭിപ്രായങ്ങൾ എപ്പോഴും നിരീക്ഷിച്ചു കൊണ്ടൊരു ചാരക്കണ്ണുണ്ട് എന്നതിനെക്കാൾ ക്രിമിനലായതല്ല മറ്റൊന്നും.

പുറത്തുള്ള മനുഷ്യരെ പോലെയോ അവരെക്കാളുമോ നല്ലവരാണ് തടവുകാരിലധികവു മെന്ന് പരിചയപ്പെട്ടവർക്കറിയാം. തടവുകാരും മനുഷ്യാവകാശങ്ങളുമുള്ളവരാണെന്നും തുടർന്നുള്ള ജീവിതകാലത്ത് ആരോഗ്യകരമായ സാമൂഹ്യജീവിതം നയിക്കാനവരെ പ്രാപ്തമാക്കുകയാകണം ജുഡീഷ്യറിയുടെയും ജയിലുകളടക്കം പോലീസിംഗിൻ്റെയും ലക്ഷ്യമെന്നും വിസ്മരിച്ചാണ് ഇന്ന് നമ്മുടെ നീതിന്യായസംവിധാനം ഏറെക്കുറെ പ്രവർത്തിക്കുന്നത്. നമ്മുടെ നിയമവ്യവസ്ഥ തന്നെ അനുഭവത്തിൽ എത്രമാത്രം ജനാധിപത്യവിരുദ്ധമായി ഇപ്പോഴും തുടരുന്നു എന്നാണിതെല്ലാം പറയുക.

കഴിഞ്ഞദിവസങ്ങളിൽ തന്നെ വന്ന വാർത്തകൾ കാണിക്കുന്നത്, ജയിലുകളിൽ രാജകീയ സൗകര്യങ്ങളോടെ ജീവിക്കുന്ന മറ്റൊരു വിഭാഗത്തെയാണ്. വാർത്താവിനിമയ സൗകര്യങ്ങളും ഇടനിലക്കാരുമെല്ലാമായി ബോംബേ അധോലോക മാഫിയകളെ വരെ ദൈനംദിനം നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ ഇന്ത്യൻ ജയിലുകളിൽ സുരക്ഷിതരായി കഴിയുന്നുണ്ട്.

പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം അടിയന്തരാവസ്ഥക്കെതിരെ നടന്നിരുന്നെങ്കിലും ഇന്ദിരാഭരണത്തെ അട്ടിമറിക്കുന്ന വിധം അത് വളർന്നിരുന്നില്ല.
പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം അടിയന്തരാവസ്ഥക്കെതിരെ നടന്നിരുന്നെങ്കിലും ഇന്ദിരാഭരണത്തെ അട്ടിമറിക്കുന്ന വിധം അത് വളർന്നിരുന്നില്ല.

അടിയന്തരാവസ്ഥയിൽ നിരവധി ജനാധിപത്യ ലംഘനങ്ങൾ നടന്നിട്ടുണ്ട്. ബുൾഡോസറിംഗും പോലീസിന്റെ കൊലകളും വരെ. രണ്ടു വർഷക്കാലം കൊണ്ട്, അത് പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി തന്നെ അത് പിൻവലിക്കുകയും തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയും ചെയ്തു. പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം അടിയന്തരാവസ്ഥക്കെതിരെ നടന്നിരുന്നെങ്കിലും ഇന്ദിരാഭരണത്തെ അട്ടിമറിക്കുന്ന വിധം അത് വളർന്നിരുന്നില്ല. ഈ രണ്ടു വർഷവും പ്രഖ്യാപിതമായി തന്നെ ജനാധിപത്യാവകാശങ്ങളിൽ പലതുമവർ എടുത്തുകളഞ്ഞിരുന്നു. കടുത്ത സെൻസറിംഗ് കാരണം പത്രങ്ങളിലൊന്നും ഈ രണ്ടു വർഷക്കാലം വാർത്തകൾ വന്നിരുന്നില്ല. ജനങ്ങളെ ഒന്നുമറി യിക്കാത്ത ഒരിരുട്ടിൻ്റെ മറവിലാണ് അന്ന് പോലീസ് അതിക്രമങ്ങളെല്ലാം നടന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും അടിയന്തരാവസ്ഥക്ക് അയവുവരുത്തി ജനാധിപത്യാവകാശങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. ഇതോടെ മാധ്യമങ്ങളിലൂടെ അടിയന്തരാവസ്ഥയിൽ നടന്ന അതിക്രമങ്ങളെല്ലാം ജനങ്ങളറിയുകയും തെരഞ്ഞെടുപ്പുവിധി അവർക്കെതിരാവുകയും ചെയ്തു.

പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാൾ എത്രയോ ആഴമേറിയ മുറിവാണ് കുത്സിതമായ ഈ അപ്രഖ്യാപിത സ്വേഛാധികാര നടപടികൾ രാഷ്ട്രശരീരത്തിനുണ്ടാക്കുന്നത്. നുണകളാണതിൻ്റെ അടിത്തറ.

ഇന്ന് കൂടുതൽ ഭയപ്പെടുത്തുന്ന കാര്യം, മിക്കവാറും അന്നന്നുതന്നെ ജനങ്ങളറിഞ്ഞുകൊണ്ടാണ് ഈ അതിക്രമങ്ങളെല്ലാം നടക്കുന്നതെന്നതാണ്. അന്ന് മാധ്യമങ്ങൾക്ക് ഔപചാരികമായി തന്നെ വിലക്കുണ്ടായിരുന്നെങ്കിൽ ഇന്നതില്ല. പകരം മാധ്യമങ്ങളെ മുക്കാലും വിലക്കെടുത്തും പരോക്ഷവഴികളിലൂടെ ഭയപ്പെടുത്തിയും ജനാഭിപ്രായത്തെ വശത്താക്കാനുള്ള ചതുരുപായങ്ങളും പ്രയോഗിച്ചുമെല്ലാം ഏതാണ്ട് പരസ്യമായിതന്നെയാണിതെല്ലാം നടക്കുന്നത്. സ്വന്തമായ അഭിപ്രായങ്ങളുണ്ടാവുകയും അത് പ്രകടമാക്കാൻ സ്വാതന്ത്ര്യമുണ്ടാവുകയും ചെയ്യുക എന്നതാണ് ഒരു പൗരസമൂഹത്തിൻ്റെ ആധാരശിലയായി വർത്തിക്കുന്ന വ്യക്തിസ്വാതന്ത്ര്യം. തൻ്റെ അഭിപ്രായങ്ങൾ എപ്പോഴും നിരീക്ഷിച്ചു കൊണ്ടൊരു ചാരക്കണ്ണുണ്ട് എന്നതിനെക്കാൾ ക്രിമിനലായതല്ല മറ്റൊന്നും. ഒരു രാഷ്ട്രത്തിന്റെ ആത്മാവിനെ തന്നെ സാവധാനം കൊന്നെടുക്കാനാണവർ ശ്രമിക്കുന്നത്. പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാൾ എത്രയോ ആഴമേറിയ മുറിവാണ് കുത്സിതമായ ഈ അപ്രഖ്യാപിത സ്വേഛാധികാര നടപടികൾ രാഷ്ട്രശരീരത്തിനുണ്ടാക്കുന്നത്. നുണകളാണതിൻ്റെ അടിത്തറ. ഇന്ത്യയിലെ അനേകങ്ങളായ ജാതി- മത- ഭാഷാഭേദങ്ങളെ പരസ്പരം സ്വേച്ഛാപരമായി ഇണക്കിയും കൂടുതലും ശത്രുക്കളാക്കിയുമുള്ള സോഷ്യൽ എഞ്ചിനീയറിങ്ങാണവരുടെ പ്രധാന ആയുധം. ചില സൗജന്യങ്ങളിൽ പ്രലോഭിപ്പിച്ചും കൂടുതലും ഭീതി പരത്തിയും ഒരു രാഷ്ട്രത്തെയും ജനതയെയും സ്വന്തം ചതുരംഗപ്പലകയിലെ കരുക്കൾ മാത്രമായ പ്രേതശരീരങ്ങളാക്കാനാണവരുടെ അക്ഷീണയത്നം.

ഇന്ത്യയുടെ ഈ വൈപുല്യവും വൈവിധ്യവും തന്നെയാണ് ആത്യന്തികമായി ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നു എന്നതിനുള്ള ഉറപ്പും. ചരിത്രം തന്നെയാണ് അതിന്റെ തെളിവ്.


Summary: GN Saibaba, Stan Swamy, Bhima Koregaon case and human rights issues in India, Somasekharan writes analysis


സോമശേഖരൻ

മാർക്​സിസ്​റ്റ്​ സൈദ്ധാന്തികനും എഴുത്തുകാരനും. എഴുപതുകളുടെ ഒടുവിൽ സി.പി.ഐ.എം. എൽ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതി. പൊലീസുകാർ കൊന്ന പി.രാജനോടൊപ്പം കക്കയം ക്യാമ്പിലും മാലൂർ കുന്നിലും കൊടിയ പീഡനം ഏറ്റുവാങ്ങി. എഴുത്തച്​ഛൻ പഠനം, സ്​റ്റാലിനും സ്​റ്റാലിനിസവും, മാർക്​സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്​തകങ്ങൾ

Comments