Photo: Abilash S / Unsplash

ഇന്ത്യൻ ജയിൽ മാന്വലുകൾ വഴി തുടരുന്ന ജാതിവിവേചനം, സുപ്രീം കോടതിയുടേത് ചരിത്രവിധി

പാർശ്വവൽക്കരിക്കപ്പെട്ട ജാതിവിഭാഗങ്ങൾക്ക് ശുചീകരണവും തൂത്തുവാരലും ഉയർന്ന ജാതി വിഭാഗങ്ങൾക്ക് പാചകജോലിയും നൽകുന്ന വ്യവസ്ഥയാണ് യു.പി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നാണ് സുപ്രീംകോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത് - കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

'ഇന്ത്യൻ തടവറയിലെ 5 വർഷങ്ങൾ' എന്ന തന്റെ പുസ്തകത്തിൽ മേരി ടെയ്‌ലർ ഇന്ത്യൻ സമൂഹത്തിലെന്നപോലെ ദരിദ്ര ഗ്രാമീണ വിഭാഗത്തിൽപ്പെട്ടവരെ തടവറകളിലും ജാതി വിവേചനങ്ങൾക്കും (Caste Discrimination) ക്രൂരമായ മർദ്ദനങ്ങൾക്കും വിധേയമാക്കുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. 1970-കളിൽ ഇന്ത്യൻ തടവറയിൽ 5 വർഷക്കാലം കഴിയേണ്ടിവന്ന തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ആത്മാനുഭവപരമായ വിവരണമാണ് മേരി ടെയ്‌ലറുടെ ഈ പുസ്തകം. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി ജന്മിത്വ നാടുവാഴിത്ത ഘടന ഭരണകൂട സംവിധാനങ്ങളിലെല്ലാം ഘടനാപരമായി തന്നെ എങ്ങനെ നിലനിൽക്കുന്നുവെന്നാണ് മേരി ടെയ്‌ലർ ഇന്ത്യൻ ജയിലുകളിൽ (Indian Jails) നിലനിൽക്കുന്ന ജാതീയവും വർഗപരവുമായ മർദ്ദകാവസ്ഥയെ വിശകലനം ചെയ്തുകൊണ്ട് സൂചിപ്പിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിയും മാർഗരേഖയും അത്യന്തം ചരിത്രപരമായ ഒരു ഇടപെടലാണെന്ന് കാണണം.

ദി വയറിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകയായ സുകന്യാശാന്ത (Sukanya Shantha) നൽകിയ ഹരജിയിലാണ് സുപ്രിം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ജയിൽ മാന്വലുകളിൽ ജാതിവിവേചനത്തിലുള്ള വ്യവസ്ഥകളും ചട്ടങ്ങളും നിലനിൽക്കുന്നുണ്ടെന്നും അത് മാറ്റണമെന്നുമാണ് കഴിഞ്ഞദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ജെ.ബി. പർദ്ദീവാലയും മനോജ് മിശ്രയുമാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. ഇന്ത്യൻ സാമൂഹ്യജീവിതത്തിന്റെ ഘടനാപരമായ സവിശേഷതയും മർദ്ദകരൂപവുമാണ് ജാതി. അത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലിനിൽക്കുന്ന ജയിൽ മാന്വലുകളിൽ ഇടംപിടിച്ചിരിക്കുന്നുവെന്നത് അങ്ങേയറ്റം അപമാനകരമാണ്.

ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവ് പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവ് പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏതെങ്കിലും ജാതി വിഭാഗത്തെ സ്ഥിരം കുറ്റവാളികളായി കാണുന്ന മുൻവിധികളോടുകൂടിയുള്ള നടപടികൾ അവസാനിപ്പിക്കണം

ജയിൽ മാന്വലുകൾ വഴി ജയിലുകളിൽ നിലനിൽക്കുന്ന ജാതിവിവേചനം തടയണമെന്നാണ് സുപ്രീംകോടതി വിധിപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചരിത്രപ്രധാനമായ വിധിയിലൂടെ ജയിലിലെ ജോലി തരംതിരിച്ച് നൽകുന്ന വിവിധ സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജാതിവിഭാഗങ്ങൾക്ക് ശുചീകരണവും തൂത്തുവാരലും ഉയർന്ന ജാതി വിഭാഗങ്ങൾക്ക് പാചകജോലിയും നൽകുന്ന വ്യവസ്ഥയാണ് യു.പി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നാണ് സുപ്രീംകോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 15-ന്റെ നഗ്നമായ ലംഘനമാണിത്. നിയമത്തിനു മുമ്പിൽ ജാതിമത ലിംഗ ഭാഷാ വിവേചനങ്ങൾ പാടില്ലെന്നും അത് കുറ്റകരമാണെന്നുമാണ് ആർട്ടിക്കിൾ 15 വ്യവസ്ഥ ചെയ്തിരിക്കുന്നത്. വിധി പ്രസ്താവനയിൽ സുപ്രീംകോടതി ജാതിയടിസ്ഥാനത്തിൽ ജയിലുകളിൽ ജോലി തരംതിരിച്ച് നൽകരുതെന്നും ജയിൽ രജിസ്റ്ററിൽ നിന്ന് ജാതി കോളം നീക്കം ചെയ്യണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യൻ ജയിലുകളിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിന്റെ ഭാഗമായിട്ടുള്ള മനുഷ്യത്വരഹിതമായ എല്ലാ നടപടിക്രമങ്ങളും അവസാനിപ്പിക്കാനുള്ള മാർഗരേഖയാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഏതെങ്കിലും ജാതി വിഭാഗത്തെ സ്ഥിരം കുറ്റവാളികളായി കാണുന്ന മുൻവിധികളോടുകൂടിയുള്ള നടപടികൾ അവസാനിപ്പിക്കണം. അതിലേക്കെത്തിക്കുന്ന ജയിൽ മാന്വലിലെ വ്യവസ്ഥകൾ ചട്ടങ്ങളിൽ നിന്ന് നീക്കംചെയ്യണം. ജാതി അടിസ്ഥാനത്തിലുള്ള ജോലി നൽകുന്നത് അവസാനിപ്പിക്കാനും ജയിൽ മാന്വലുകൾ പരിഷ്‌കരിക്കാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കോടതി നിർദ്ദേശിച്ചിരിക്കുന്നു.

കേരളം, ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ ജയിൽ മാന്വലിൽ സ്ഥിരം കുറ്റവാളികളെ നിർവചിക്കുന്ന വ്യവസ്ഥകൾ വിവേചനപരമാണെന്നും സുപ്രീംകോടതി വിധി പ്രസ്താവനയിൽ നിരീക്ഷിക്കുന്നുണ്ട്.
കേരളം, ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ ജയിൽ മാന്വലിൽ സ്ഥിരം കുറ്റവാളികളെ നിർവചിക്കുന്ന വ്യവസ്ഥകൾ വിവേചനപരമാണെന്നും സുപ്രീംകോടതി വിധി പ്രസ്താവനയിൽ നിരീക്ഷിക്കുന്നുണ്ട്.

മാത്രമല്ല, ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവ് പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജയിൽ മാന്വലിലെ സ്ഥിരം കുറ്റവാളികളെ സംബന്ധിച്ച പരാമർശം നിയമനിർമ്മാണ നിർവ്വചനങ്ങൾക്ക് വിധേയമായിരിക്കണമെന്നും വിധി പ്രസ്താവന നിർദ്ദേശിച്ചിട്ടുണ്ട്. ജയിലുകളിലെ ജാതി വിവേചനം ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. തടവുകാരെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ജാതി വ്യത്യാസങ്ങളെയും പരസ്പരമുള്ള ശത്രുതയെയും വർദ്ധിപ്പിക്കും. നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ട ജാതി ഉച്ചനീചത്വങ്ങളെ ദൃഢീകരിച്ചു നിർത്തുന്നതിനാണ് ജയിൽ ചട്ടങ്ങളിലെ ഇത്തരം വ്യവസ്ഥകൾ സഹായിക്കുന്നത്.

ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിലനിൽക്കുന്ന വ്യവസ്ഥകളും ചട്ടങ്ങളും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 17, 21, 23 എന്നിവയുടെ നഗ്നമായ ലംഘനമാണ്. അസ്പൃശ്യതയെ സാധൂകരിക്കുന്ന തരത്തിലാണ് രാജ്യത്തെ ജയിൽ ചട്ടങ്ങളിൽ ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവ് നിലനിൽക്കുന്നത് എന്നത് ഗുരുതരമായൊരു കുറ്റമാണ്. ഭരണഘടനാമൂല്യങ്ങളുടെ നിഷേധവുമാണിത്. ജയിലുകളിൽ നിലനിൽക്കുന്ന ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനം അസ്പൃശ്യതയുടെ ഒരു വശമാണെന്ന് കോടതി നിരീക്ഷിക്കുന്നു. ഇത് പാർശ്വവൽക്കൃത സമൂഹങ്ങളെ ഇകഴ്ത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വാർപ്പ് മാതൃകയാണ്.

സാമൂഹ്യജീവിതത്തിന്റെയും സിവിൽ ഭരണസംവിധാനത്തിന്റെയും എല്ലാ മണ്ഡലങ്ങളിലും പിടിമുറുക്കിയിരിക്കുന്ന ജാതി ഉച്ചനീചത്വങ്ങൾക്കും അസ്പൃശ്യതകൾക്കുമെതിരായ ശക്തമായ സാമൂഹ്യമുന്നേറ്റങ്ങളും നിയമപരമായ പരിഷ്‌കരണങ്ങളും അനിവാര്യമാണെന്നാണ് ഈ കോടതിവിധി നൽകുന്ന സൂചന

യു.പി സംസ്ഥാനത്തെ ജയിൽ മാന്വലിൽ മേത്തർ പോലുള്ള താഴ്ന്ന ജാതിക്കാരെ മാത്രമേ തൂപ്പു ജോലിക്കായി നിയോഗിക്കാവൂ എന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ചണ്ഡാളർ പോലുള്ള ജാതികളിൽ നിന്നാണ് തൂപ്പു ജോലിക്കാരെ നിയമിക്കേണ്ടതെന്ന് പശ്ചിമബംഗാൾ ജയിൽ മാന്വൽ നിർദ്ദേശിക്കുന്നു. ഉയർന്ന ജാതിയിൽപ്പെട്ടവരെ പാചകത്തിനായി നിയമിക്കണമെന്ന വ്യവസ്ഥയും ബംഗാൾ മാന്വലിൽ ഉണ്ട്. ഇതിന് സമാനമോ ഇതുപോലെതന്നെയോ ഉള്ള വ്യവസ്ഥകൾ രാജസ്ഥാനിലെയും ഹിമാചൽപ്രദേശിലെയും മധ്യപ്രദേശിലെയും ജയിൽ മാന്വലിലുണ്ട്. കേരളം, ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ ജയിൽ മാന്വലിൽ സ്ഥിരം കുറ്റവാളികളെ നിർവചിക്കുന്ന വ്യവസ്ഥകൾ വിവേചനപരമാണെന്നും സുപ്രീംകോടതി വിധി പ്രസ്താവനയിൽ നിരീക്ഷിക്കുന്നുണ്ട്.

സുകന്യാശാന്ത
സുകന്യാശാന്ത

ജാതി സംഘർഷം ഒഴിവാക്കാനെന്ന പേരിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ വ്യത്യസ്ത ജാതി വിഭാഗങ്ങളെ വെവ്വേറെ സെല്ലുകളിൽ പാർപ്പിക്കുന്നതിന് അംഗീകാരം നൽകിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തിരിക്കുന്നു. സാമൂഹ്യജീവിതത്തിന്റെയും സിവിൽ ഭരണസംവിധാനത്തിന്റെയും എല്ലാ മണ്ഡലങ്ങളിലും പിടിമുറുക്കിയിരിക്കുന്ന ജാതി ഉച്ചനീചത്വങ്ങൾക്കും അസ്പൃശ്യതകൾക്കുമെതിരായ ശക്തമായ സാമൂഹ്യമുന്നേറ്റങ്ങളും നിയമപരമായ പരിഷ്‌കരണങ്ങളും അനിവാര്യമാണെന്നാണ് ഈ കോടതിവിധി നൽകുന്ന സൂചന. പൊതുസമൂഹത്തിൽ നിലനില്ക്കുന്ന ജാതിവിവേചനവും മർദ്ദനവും പതിന്മടങ്ങ് തീവ്രതയിൽ ജയിലിനകത്തും നിലനില്ക്കുന്നുവെന്ന യാഥാർത്ഥ്യത്തെയാണ് സുകന്യാശാന്തയുടെ പരാതിയിലൂടെ കോടതി സ്ഥിരീകരിച്ച് അവസാനിപ്പിക്കാനാവശ്യമായ നിർദ്ദേശം നൽകിയിരിക്കുന്നത്.

ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാനാകുമോ?
സുപ്രീംകോടതി വിധിക്കുശേഷം ഉയരുന്ന ചോദ്യങ്ങൾ

Comments