താഹയുടെ ജാമ്യനിഷേധം: ഈ ഇടതുപക്ഷനിശ്ശബ്ദതയും ഓഡിറ്റ് ചെയ്യപ്പെടണം

ഒരു വ്യക്തിയെ അയാളുടെ വാക്കുകളോ നിലപാടുകളോ നോക്കാതെ ഒരു പേരുകൊണ്ടു മാത്രം ചാപ്പകുത്തുന്ന അവസ്ഥ വല്ലാതെ ഭയം ജനിപ്പിക്കുന്നതാണ്. അഭയ കേസിൽ ഇന്ന് ദൈവദൂതനെന്നു വാഴ്ത്തപ്പെടുന്ന രാജുവിനെ കൊലയാളിയാക്കാൻ ശ്രമിച്ച പൊലീസാണ്. വാരാപ്പുഴയടക്കം 30 ലധികം ലോക്കപ്പ് മരണങ്ങൾ നടത്തിയ പൊലീസാണ്. മാവോയിസ്റ്റുകളെന്നു മുദ്രകുത്തി ഏറ്റുമുട്ടൽ എന്ന വ്യാജേന 8 പേർക്ക് വധശിക്ഷ നടപ്പാക്കിയ പൊലീസാണ്. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് ഏറെ വേവലാതിപ്പെട്ടവരാണ് നാം, അല്ലേ? വാളയാറിലെയും പാലത്തായിയിലെയും കേസന്വേഷിച്ച പൊലീസുകാർക്ക് ആത്മവീര്യം കൂട്ടിക്കിട്ടിയതും നമുക്കറിയാം. അതു കൊണ്ടാണ് ആവർത്തിച്ചു ചോദിച്ചു പോകുന്നത്, നാം അമ്പരക്കാത്തത് എന്തുകൊണ്ടാണ്?

പ്രിയപ്പെട്ട അലൻ,

നിനക്കും താഹയക്കും ജാമ്യം കിട്ടിയതിൽ ഏറെ സന്തോഷിച്ച അനേകം പേരിലൊരാളാണ് ഞാനും. നിർഭാഗ്യവശാൽ ആ സന്തോഷത്തിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. രണ്ടിൽ ഒരാളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി വന്നിരിക്കുന്നു. ക്രൂരമായൊരു ഫലിതമാണത്.
താഹയെക്കാൾ അത് ഏറെ വേദനിപ്പിക്കുക നിന്നെയാണെന്നു തന്നെ ഞാൻ കരുതുന്നു. കാരണം കേസിൽ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നുവെന്നും താനതിനു തയ്യാറിയില്ലെന്നും നീ തന്നെ മുമ്പു പറഞ്ഞിരുന്നല്ലോ. നിന്റ അമ്മ സബിത പറഞ്ഞതു പോലെ നിങ്ങൾ രണ്ടായിരുന്നില്ല. അവർ അലന്റെയല്ല; അലൻതാഹയുടെ അമ്മയായിരുന്നു.

"ഇത് എന്റെ പ്രശ്‌നമായിട്ടു പറയുകയല്ല, യു.എ.പി.എ എന്ന കരിനിയമത്തിനെതിരെ ജനങ്ങളിൽ പൊതു വികാരം ഉണരുകയാണ് വേണ്ടത് ' എന്ന് താഹയും ഒരു അഭിമുഖത്തിൽ പറഞ്ഞു കേട്ടു. ആ വാക്കുകളിൽ
സമൂഹത്തെക്കുറിച്ചുള്ള കരുതലാണ് ഞാൻ വായിച്ചെടുത്തത്. തന്റെയോ കുടുംബത്തിന്റെയോ കാര്യമല്ല, അതിനപ്പുറം ഇന്ത്യയിലെ അനേകം മനുഷ്യരെ തടവിലാക്കിയ ഒരു മാരക നിയമത്തിനെതിരെയാണ് ആ ചെറുപ്പക്കാരൻ സംസാരിച്ചത്. നിങ്ങൾ രണ്ടുപേരുടെ തിരഞ്ഞെടുപ്പ്, നിർഭാഗ്യത്തിന്റെ നറുക്കായിരുന്നുവെന്ന് പലർക്കും അറിയില്ല. അറിയുന്നവരാകട്ടെ മൗനത്തിലുമാണ്. എനിക്കുറപ്പുണ്ട്, നീതിക്ക് ഒച്ചിന്റെ വേഗതയാണെങ്കിലും നാമീ തുരങ്കത്തെ മറികടക്കുക തന്നെ ചെയ്യും.

താഹ ഫസലും അലനും

അഭയ കേസ് നമുക്കു മുന്നിലുണ്ട്. കന്യാസ്ത്രി മഠത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു എന്നു പത്രത്താളിൽ ഒതുങ്ങുമായിരുന്ന ഒരു സംഭവം ആറാംക്ലാസ്സു മാത്രം വിദ്യാഭ്യാസമുള്ള ജോമോൻ പുത്തൻപുരക്കൽ എന്ന ഒരു മനുഷ്യനെ അലോസരപ്പെടുത്തിയതിന്റെ ബാക്കിപത്രമെന്തായെന്ന്. അതേകേസിൽ സാക്ഷിയായി വന്ന രാജു എന്ന അതിസാധാരണക്കാരനായ അരപ്പട്ടിണിക്കാരൻ തനിക്കു ലഭിക്കുമായിരുന്ന കോടികൾ തട്ടിമാറ്റി സാക്ഷ്യം പറഞ്ഞതും കേസിന്റെ വിധിയോടെ അദ്ദേഹത്തെ കേരളം ഹൃദയത്തോടു ചേർത്തു വെച്ചതും നാം കണ്ടു. എന്തുകൊണ്ടാണ് അയാളിത്രമേൽ കൊണ്ടാടപ്പെട്ടത്? എനിക്കു തോന്നുന്നു നമ്മുടെ സമൂഹത്തിന് അന്യമായ നീതിയുടെ പ്രതീകമായിരുന്നു അയാൾ എന്ന്. സത്യത്തിന് ന്യൂസ് വാല്യു ഉണ്ടാവുമ്പോൾ, അത് ആഘോഷിക്കപ്പെടുമ്പോൾ വാസ്തവത്തിൽ ഭയപ്പെടുകയാണ് വേണ്ടത്, സത്യം സ്വാഭാവികമല്ലാത്ത, അപൂർവ സംഗതിയായിത്തീരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നോർത്ത്.

അഭയ കേസിലെ രാജുവിനൊപ്പമോ ഒരു പക്ഷേ അതിലുയരെയോ ആണ് തീർച്ചയായും അലൻ, നിന്റെ നീതിബോധം. സ്വന്തം സുഹൃത്തിനെ തള്ളിക്കളഞ്ഞ് ജയിലഴികൾ തുറന്ന് നിനക്ക് വരാവുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷേ നീയത് സ്വീകരിച്ചില്ല. കേരളത്തിന് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന അപകടകരമായ സത്യസന്ധതയാണ് നീ ആ തീരുമാനത്തിലൂടെ പ്രകടിപ്പിച്ചത്.

എന്തുകൊണ്ടാണ് ഞാനിതെഴുതുന്നത്? ഒരു പക്ഷേ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിലൂടെ ഒരാൾ തന്നെത്തന്നെയാണ് സ്‌നേഹിക്കുന്നത് എന്ന് പറയാറുള്ളതു പോലെ നിങ്ങളിൽ ഒരു പക്ഷേ ഞാനെന്നെത്തന്നെ കാണുന്നതാവുമോ? ലോകം കുറച്ചു കൂടി സുന്ദരമായിരുന്നെങ്കിൽ എന്നു തീവ്രമായി ആഗ്രഹിച്ച കൗമാരത്തിലൂടെ കടന്നുപോയവരാണ് ഞങ്ങളും. ഫലസ്തീനിലെയും ദക്ഷിണാഫ്രിക്കയിലെയും കാശ്മീരിലെയും അനീതികളെക്കുറിച്ച് വേവലാതിപ്പെട്ടവർ. ചെണ്ടയിൽ കോലു വീഴുന്ന ഉത്സവങ്ങൾക്കു മാത്രമല്ല, മൈക്കിലൂടെ പ്രതിഷേധമുയരുന്ന ഏതു സദസ്സുകളിലും എത്തിപ്പെട്ടവർ. വൈലോപ്പിളളി പറയുന്നതു പോലെ
"നിങ്ങൾ താനവരിന്നത്തെ പാട്ടിൽ
നിന്നു ഭിന്നമല്ലന്നെഴും ഗാനം'.
കഥാപാത്രങ്ങൾ മാത്രമേ മാറുന്നുള്ളു.
കഥകൾ ആവർത്തിക്കുന്നു. അവർ പാടിയ പാട്ടു തന്നെയാണ് നിങ്ങളും പാടിയത്.

പണ്ട് എം.എ. ബേബിയും പിണറായി വിജയനും കണ്ട സ്വപ്നങ്ങൾ തന്നെയാണ് നിങ്ങളും കണ്ടിരുന്നത്. പക്ഷേ കാലത്തിന്റെ കെട്ട പാതകളിൽ വിചാരിക്കാത്ത ചില കൊടും വളവുകൾ ചതികൾ കാത്തിരിക്കുന്നു. നീതിപാലനത്തിന്റെ, ഭരണനിർവഹണത്തിന്റെ തലപ്പത്ത്, ചുരുങ്ങിയത് ഇടതുപക്ഷത്തിന്റെ കാലത്തെങ്കിലും ചിലരെ നമ്മൾ പ്രതീക്ഷിക്കില്ല. ഒരു കാലത്ത് ജനവിരുദ്ധതതയുടെ പര്യായമായി ഇടതുപക്ഷമനസ്സ് കുറിച്ചിട്ട ചില ദുശ്ശാസന വേഷങ്ങൾ. അതെന്തുകൊണ്ട് എന്ന് നാം അമ്പരന്നില്ലെങ്കിൽ, അന്വേഷിച്ചില്ലെങ്കിൽ നമുക്കെന്തോ തകരാറുണ്ട്.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലാണ്. അത് ചിതലരിച്ചു തുടങ്ങിയ ഇക്കാലത്ത് ഭയം എല്ലാവരെയും ഗ്രസിച്ചിരിക്കുന്നു. ഗാവോ സിങ് ജിയാന്റെ സോൾ മൗണ്ടൻ എന്ന ചൈനീസ് നോവലിൽ സഞ്ചാരിയായ നായകൻ യാത്രയിൽ ഒരാളെ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും മദ്യപിക്കുകയും ഉള്ളു തുറന്ന് കുറച്ചൊക്കെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. മദ്യത്തിന്റെ ലഹരി പ്രവർത്തിക്കുന്നതോടെ രണ്ടു പേരും ഭയന്നു വിറക്കുന്നു. മദ്യം നൽകുന്ന ലാഘവത്വത്തിൽ ഭരണകൂടത്തിനെതിരെ എന്തെങ്കിലും പറഞ്ഞു പോകുമോ എന്ന ഭയം. സുഹൃത്തിനെയും ഒറ്റുകാരനെയും തിരിച്ചറിയാൻ പറ്റാത്ത ധർമ്മസങ്കടം. ഭാഗ്യം, നമ്മൾ ഇനിയും ഒറ്റുകാരായിട്ടില്ല. നിശ്ശബ്ദരായതേയുള്ളു. പക്ഷേ ഒരർഥത്തിൽ ഒറ്റുകാരാണ്. നിങ്ങളുടെ നേർക്കുള്ള അനീതിയിൽ നിശ്ശബ്ദരാവുന്നവർ സ്വന്തം കൗമാരങ്ങളെ, ചിന്തകളെ, സ്വപ്നങ്ങളെത്തന്നെയാണ് ഒറ്റുന്നത്.

സിസ്റ്റർ അഭയ

സ്ഥാനമാനങ്ങൾ, വെള്ളിക്കാശുകൾ. അക്കാദമികൾ, പലതരം ലാവണങ്ങൾ എന്നിവ ചിലരെയെങ്കിലും പ്രലോഭിപ്പിച്ചേക്കാം. ഒരു വിധത്തിലുള്ള ആശയത്താലും പ്രചോദിതരല്ലാതെ താൽക്കാലികലാഭം മുൻനിർത്തി ഇടതു പോലൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലെത്തുന്ന ഒരു പാടു പേരുണ്ട് എന്ന് നിനക്കറിയാത്തതല്ലല്ലോ. അവരിൽ നിന്ന് മൗനമല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാവുന്നത്?

കോടികളുടെ ഫണ്ട് ലഭിക്കുന്ന മാവോയിസ്റ്റ് വേട്ടയുടെ അണിയറരഹസ്യങ്ങൾ സാധാരണ ജനം അറിയേണ്ടാത്തതാണെന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ഒരു പൊതുധാരണയിലെത്തിയിട്ടുണ്ട്. അതേസമയം അത്തരം സാന്നിധ്യങ്ങൾക്കു തെളിവുണ്ടാക്കേണ്ടതും ഭരണകൂട ബാധ്യതയാണ്. സാംസ്‌കാരിക മേളകളിൽ നിരന്തരം കാണികളാവുന്ന, വായിക്കുന്ന, ചിന്തിക്കുന്ന, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരുടെ തലകൾ തന്നെ വേണം അതിനു പാകമാവാൻ. നിങ്ങളിൽ അതെല്ലാം ഒത്തു കിട്ടി. നിങ്ങളുടെ ഭാഗത്ത് എന്താണു പിഴയെന്ന് ആർക്കും മനസ്സിലാവാത്തതും ചായ കുടിക്കാൻ പോയതിനല്ല അറസ്റ്റ് എന്ന് ഉഴപ്പിയടിക്കേണ്ടി വരുന്നതും പിന്നെന്തിനാണെന്ന് വിശദീകരിക്കാനാവാതെ മൗനത്തിലാവുന്നതും അതുകൊണ്ടാണ്.

പക്ഷേ അലൻ, സാധാരണ പാർട്ടി അണികൾക്ക് ഉത്തരം വേണം. അവരുടെ വിശ്വാസങ്ങൾക്ക് ഭംഗം വരരുത്. പാർട്ടിക്കുള്ളിൽ നിന്നു കൊണ്ട് നിങ്ങൾ മാവോയിസ്റ്റ് പ്രവർത്തനം നടത്തുകയായിരുന്നു എന്ന റിപ്പോർട്ടിങ്ങിൽ അവർ തൃപ്തരായിരുന്നു. നിങ്ങളുടെ അറസ്റ്റിലെ അനീതിയെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം എന്റെ നാട്ടിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ആവർത്തിച്ചു പറഞ്ഞ കാര്യമാണത്. അവരെ കുറ്റം പറയാനാവില്ല. അവർക്ക് പാർട്ടി അച്ഛനാണ്, അമ്മയാണ്. പലപ്പോഴും കോടതിയുമാണ്.

പൊലീസിന് പക്ഷേ അൽപം പിഴച്ചു. നിന്റെ കുടുംബത്തിന്റെ രാഷ്ട്രീയപാരമ്പര്യം, സാംസ്‌കാരിക മൂലധനം ഇവയെല്ലാം ഒരു പക്ഷേ ഈ കേസിനെ സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവന്നു. ഭാഗ്യം, പാർട്ടി കേന്ദ്ര നേതൃത്വം പോലും നിങ്ങൾക്കുവേണ്ടി രംഗത്തെത്തി. പക്ഷേ രാഷ്ട്രീയ ബലതന്ത്രങ്ങൾ മാറിമറിഞ്ഞിരുന്നു. മൂന്നിൽ രണ്ടു കാലും തളർന്ന് കേരളമെന്ന ഒറ്റക്കാലിൽ നിൽക്കുന്ന പാർട്ടിക്ക്, സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോൾ അഖിലേന്ത്യാ പ്രസിഡന്റ് എഴുന്നേറ്റു നിൽക്കുന്നു എന്ന ലീഗിനെക്കുറിച്ചുള്ള പരിഹാസം ബാധകമായി. അതിന്റെ ബലത്തിൽ പൊലീസ് ഭാഷ്യം, കോടതിക്കു മുന്നേ നിങ്ങളുടെ വിധിയായി ഭരണകൂടത്തിനു വേണ്ടി മുഖ്യമന്ത്രി എഴുതി. അപ്പോഴും ഉള്ളിൽ ഇതല്ലല്ലോ, ഇങ്ങനെയല്ലല്ലോ എന്ന് പിറുപിറുത്തതല്ലാതെ ആരും മിണ്ടിയില്ല. പക്ഷേ കോടതി നിങ്ങൾക്കൊപ്പമായിരുന്നു. നിങ്ങളെ മാവോയിസവുമായി ബന്ധപ്പെടുത്തുന്ന ഒന്നും തന്നെ തെളിവുകളായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. നിങ്ങൾക്ക് ജാമ്യം ലഭിച്ചു. ഭരണകൂടത്തെക്കുറിച്ച് അതിന്റെ മർദ്ദനോപകരണമായ പൊലീസിനെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി എന്നെനിക്കറിയില്ല. നിങ്ങൾ ചായകുടിക്കാൻ പോയതാണെന്നു തന്നെയിരിക്കട്ടെ. പക്ഷേ അങ്ങിനെയല്ലെന്നു സ്ഥാപിക്കേണ്ടത് ഇപ്പോൾ പൊലീസിന്റെ ബാധ്യതയാണ്.

അധികാരത്തിലിരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഭരണകൂടത്തിന്റെയും. ഇടതുബൗദ്ധികസമൂഹത്തിന്റെ മൗനം ഇതിനുള്ള സമ്മതിയായി മാറുന്നു എന്നത് ദുരന്തവും. ഇത്തരം കാര്യങ്ങളിൽ വിമതശബ്ദങ്ങളുയരേണ്ടതുണ്ടെന്ന് നിങ്ങൾക്കറിയാം. വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെ നിങ്ങൾക്കൊപ്പം നിന്ന അനേകം പേരുണ്ട്. സോഷ്യൽ മീഡിയ പോലുള്ള പൊതുഇടങ്ങളിൽ നിങ്ങൾക്കു വേണ്ടി ഏറെ ശബ്ദങ്ങളുയർന്നിട്ടുണ്ട്. പലപ്പോഴും അതിനു ഫലവുമുണ്ടായിട്ടുണ്ട്. 118 A എന്ന കരിനിയമം പൊലീസ് തന്നെ കൊണ്ടുവന്നപ്പോൾ അതിനെതിരെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും രംഗത്തു വന്നു. ഇടതു ബുദ്ധിജീവികൾ പൊതുബോധം മാറുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ മാത്രം അതിനെ എതിർത്തു. പലരും ചോദിക്കും, എന്തുകൊണ്ട് ഇടതുപക്ഷം മാത്രം ഇങ്ങനെ ഓഡിറ്റ് ചെയ്യപ്പെടുന്നു? ഇവിടെ കോൺഗ്രസും ബി.ജെ.പിയുമില്ലേ?

ഈ ചോദ്യം തന്നെ അസംബന്ധമാണ്. കാരണം സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് എന്തെങ്കിലും നയം മുന്നോട്ടു വെക്കുന്നതായി നമുക്കറിയില്ല. അവർക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെയും നിലപാടുതറയില്ല. അധികാര മോഹത്താൽ നയിക്കപ്പെടുന്ന ആൾക്കൂട്ടം മാത്രമാണവർ പലപ്പോഴും. ബി.ജെ.പിയെ സംബന്ധിച്ചാണെങ്കിൽ മനുഷ്യവിരുദ്ധതയാണ് അവരുടെ പ്രത്യയശാസ്ത്രം. അവരിൽ നിന്ന് എന്തു പ്രതീക്ഷിക്കാനാണ്? വിഭാഗീയ ചിന്താഗതികൾക്കതീതമായി മനുഷ്യരെ ഒന്നായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തോടെ മനുഷ്യരിലേക്കിറങ്ങിയ പ്രസ്ഥാനത്തിന്റെ നയപരമായ വ്യതിയാനങ്ങളും പാളിച്ചകളും അക്കാരണം കൊണ്ടു തന്നെ നിരന്തരം ശ്രദ്ധിക്കപ്പെടും. അതിൽ പരിഭ്രാന്തിയുണ്ടാവുന്നതെന്തിന്? UAPA എന്ന കരിനിയമത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഒരു പാർട്ടി ഭരിക്കുന്ന സ്ഥലത്ത് നിരപരാധികളായ രണ്ടു ചെറുപ്പക്കാർ കസ്റ്റഡിയിലാവുകയും കോടതിയിൽ ഒരു തെളിവും ഹാജരാക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ അത് ഓഡിറ്റ് ചെയ്യപ്പെടുമോ ഇല്ലയോ?

സഹോദരനും ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം താഹ

പ്രിയപ്പെട്ട അലൻ,
ഇപ്പോൾ താഹയെ ജയിലിലയച്ച ഈ വിധി ഒരു രാജ്യത്തെ വിഭജിക്കുന്നതു പോലാണെന്നു നിനക്കറിയാം. അതു കൊണ്ടാണ് ഇതിൽ സന്തോഷിക്കാനൊന്നുമില്ലെന്ന് നീ പറഞ്ഞത്. ഒരർഥത്തിൽ താഹ ജയിലിലേക്ക് പോകുമ്പോൾ സംഘപരിവാറിനു വളം നൽകുന്ന ഇസ്‌ലാമിക മൗലികവാദ പ്രസ്ഥാനങ്ങൾക്ക് സന്തോഷിക്കാനും കോടതിയും പൊലീസും പുലർത്തുന്ന വ്യത്യസ്ത നീതികളെക്കുറിച്ച് വാചാലരാവാനുമുള്ള അവസരമായി മാറുന്നു എന്നും നിനക്കറിയാം. നിങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളെയല്ല, നിങ്ങളുടെ പേരു മാത്രമാണ് ഇരുകൂട്ടരും മൂലധനമാക്കുന്നത്; രണ്ടു തരത്തിലാണെന്നു മാത്രം. സംഘപരിവാരത്തിന്റെയോ ഇടതു പക്ഷത്തിന്റെയോ എന്നു തിരിച്ചറിയാനാവാത്ത പൊലീസിൽ നിന്ന് താഹയെ നീ ചേർത്തു പിടിക്കുക. നമ്മുടെ പൊലീസിന്റെ പ്രവർത്തന രീതികളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.

അഭയ കേസിൽ ഇന്ന് ദൈവദൂതനെന്നു വാഴ്ത്തപ്പെടുന്ന രാജുവിനെ കൊലയാളിയാക്കാൻ ശ്രമിച്ച പൊലീസാണത്. വാരാപ്പുഴയടക്കം 30 ലധികം ലോക്കപ്പ് മരണങ്ങൾ നടത്തിയ പൊലീസാണ്. മാവോയിസ്റ്റുകളെന്നു മുദ്രകുത്തി ഏറ്റുമുട്ടൽ എന്ന വ്യാജേന 8 പേർക്ക് വധശിക്ഷ നടപ്പാക്കിയ പൊലീസാണ്. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് ഏറെ വേവലാതിപ്പെട്ടവരാണ് നാം, അല്ലേ? വാളയാറിലെയും പാലത്തായിയിലെയും കേസന്വേഷിച്ച പൊലീസുകാർക്ക് ആത്മവീര്യം കൂട്ടിക്കിട്ടിയതും നമുക്കറിയാം. അതു കൊണ്ടാണ് ആവർത്തിച്ചു ചോദിച്ചുപോകുന്നത്, നാം അമ്പരക്കാത്തത് എന്തുകൊണ്ടാണ്?
നിന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടി തലസ്ഥാന നഗരം ഭരിക്കുന്ന ഇക്കാലത്ത് നിന്നെ ഉപദേശിക്കുക എന്ന മൗഢ്യം ഞാൻ കാണിക്കില്ല. പ്രായോഗികത എന്ന പക്വത കൊണ്ട് നീ മലിനമാക്കപ്പെട്ടിട്ടുമില്ല.
ഈച്ചരവാര്യർ എന്ന ഒരച്ഛന്റെ, ആരാണെന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത് എന്ന ചോദ്യത്തെ പിൽക്കാലത്ത് കേരളത്തിന്റെ മനസ്സാക്ഷിയുടെ ചോദ്യമാക്കി മാറ്റിയത് ഇടത് ജാഗ്രതയാണ്. എന്നാൽ ഭരണം ന്യായീകരണത്തൊഴിലാളികളെ സൃഷ്ടിക്കുന്നു. ഓരോ ചോദ്യമുഖത്തും "ഇത്തരം വിമർശങ്ങൾ സംഘപരിവാറിനെയല്ലേ സത്യത്തിൽ സുഹൃത്തെ സഹായിക്കുക' എന്ന N 95 മാസ്‌ക് അവർ അണിയിക്കുന്നു. സംഘപരിവാർ ക്യാമ്പുകളെ അതിശയിപ്പിക്കുന്ന തരത്തിൽ വ്യാജ നറേറ്റീവുകളും വാഴ്ത്തുപാട്ടുകളുമുണ്ടാവുന്നു. ഒരു വശത്ത് കെജ്‌റിവാളിനെ കളിയാക്കിക്കൊണ്ടു തന്നെ വെൽഫെയർ സ്റ്റേറ്റിന്റെ വരവ് പ്രതീക്ഷിക്കുന്നു. വ്യാജ പൊലീസ് ഭാഷ്യങ്ങൾ പ്രചരിപ്പിക്കുകയോ നിശ്ശബ്ദത സാമാന്യനിയമമായി മാറുകയോ ചെയ്യുന്ന ഇക്കാലത്ത് സത്യത്തിൽ സംസാരിക്കാൻ ഭയമാണ്.

പക്ഷേ അലൻ,
ഈ ഇടതുപക്ഷ നിശ്ശബ്ദതയും ഓഡിറ്റ് ചെയ്യപ്പെടുമെന്നു തന്നെ ഞാൻ കരുതുന്നു. കേന്ദ്രത്തിൽ മനുഷ്യാവകാശ പ്രവർത്തകരെയും ദളിതുകളെയും ന്യൂനപക്ഷങ്ങളെയും UAPA ചുമത്തി ജയിലിലടച്ചപ്പോൾ അതിനെതിരെ ധീരമായി പ്രതിഷേധിക്കേണ്ട ഇടതുപക്ഷം തന്നെ നിങ്ങളെ രണ്ടു പേരെയും അതേ രാക്ഷസനിയമത്തിന്റെ ഇരകളാക്കുമ്പോൾ, മാവോവേട്ട എന്ന പേരിൽ ആളുകളെ വെടിവെച്ചു കൊല്ലുമ്പോൾ, നമ്മുടെ ലോക്കപ്പു മുറികൾ ദളിതർക്ക് മർദ്ദനമേൽക്കാനും കൊല്ലപ്പെടാനുമുള്ള ഇടങ്ങളാവുമ്പോൾ, ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന വിസമ്മതങ്ങളെ കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവണ്മെന്റിന്റെ വംശീയ വിദ്വേഷഭാഷയോടു മത്സരിക്കും വിധം വർഗീയചാപ്പ കുത്തി അടിച്ചമർത്തുമ്പോൾ, രണ്ടു ശതമാനം പോലുമില്ലാത്ത സവർണരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് 10% സംവരണം നൽകി അധികാരത്തിലെ, പ്രാതിനിധ്യത്തിലെ സാമുദായിക സന്തുലിതാവസ്ഥ അട്ടിമറിച്ച് പിന്നോക്കക്കാരെയും ദളിതരെയും ഒറ്റുമ്പോൾ എന്തുകൊണ്ടാണ് ഇടതു ജാഗ്രത ഉറക്കത്തിലായത് എന്ന് ചരിത്രം ചോദ്യം ചെയ്യുക തന്നെ ചെയ്യും.

ഇടതുപക്ഷത്തെക്കുറിച്ച് കാല്പനിക സ്വപ്നങ്ങൾ നെയ്തവരുടെ വിലാപമായി ഇതിനെ വായിച്ചെടുക്കുന്നവരുണ്ടാവാം. മനുഷ്യരെല്ലാം ഒന്നാണെന്ന ആ സാങ്കൽപ്പിക ലോകത്തിലല്ല നാമിപ്പോൾ ജീവിക്കുന്നത്. ഓരോ വ്യക്തിയും കേവലം ഒരു മനുഷ്യൻ എന്നതിനപ്പുറം ബഹുലതയാണെന്നു തിരിച്ചറിവുള്ള ഒരു ലോകമാണിത്. അനീതികൾ പൊതുവാണെന്ന്, വർഗപരമാണെന്ന് മാത്രം പറയാൻ പറ്റാത്ത ലോകം. പഴയ കാൽപനികമായ കോപ്പിബുക്കിൽ ഇന്നത്തെ സങ്കീർണമായ മനുഷ്യാവസ്ഥകൾ എഴുതിച്ചേർക്കാനാവില്ല. ഒന്നിനും ഒറ്റ വാക്യത്തിൽ ഉത്തരവുമില്ല. ഒരാൾ കറുത്തവനായതു കൊണ്ട്, സ്ത്രീ ആയതു കൊണ്ട്, ഭിന്നലിംഗമായതുകൊണ്ട്, ദളിതനായതുകൊണ്ട്, മുസ്‌ലിമായതുകൊണ്ട്, തെക്കേ ഇന്ത്യനായതുകൊണ്ട്, ആദിവാസി ആയതുകൊണ്ട് മാത്രം അനുഭവിക്കുന്ന അനീതികളുണ്ട്. അതുകൊണ്ടാണ് വിമോചന സ്വപ്നങ്ങൾ കണ്ട മാർക്‌സിനും ഏംഗൽസിനുമൊപ്പം ഗാന്ധിജിയെക്കുറിച്ചും അബേദ്ക്കറെക്കുറിച്ചും അയ്യങ്കാളിയെക്കുറിച്ചും നാരായണഗുരുവിനെക്കുറിച്ചും ആളുകൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്.

ഒരു ജൂത വിശ്വാസിയോ, ജൂതവാദിയോ അല്ലാതിരുന്ന ഹന്നാ ആരെന്റ് പോലും പറഞ്ഞു: നിങ്ങൾ ഒരു ജൂതൻ എന്ന രീതിയിലാണ് ആക്രമിക്കപ്പെടുന്നതെങ്കിൽ ഒരു ജൂതൻ എന്ന രീതിയിൽ തന്നെ പ്രതിരോധിക്കേണ്ടി വരും എന്ന്.
( If one is attacked as a Jew, one must defend oneself as a Jew. Not as a German, not as a world-citizen, not as an upholder of the Rights of Man. Hannah Arendt, Essays in Understanding, 1930-1954: Formation, Exile, and Totalitarianism ) .

പ്രിയപ്പെട്ട അലൻ,
ഈ സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾക്കു നേരിട്ട അനീതികളോട് പ്രതികരിച്ചവരെ നിങ്ങളും നിങ്ങളുടെ കുടുംബവും അഭ്യുദയ കാംക്ഷികളും ഓഡിറ്റ് ചെയ്യുന്നുണ്ടാവും. അത് വളരെ സ്വാഭാവികമാണ്. അധികാരത്തിലിരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഇത്തരം അനീതികളെ ന്യായീകരിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും മാറി തെറ്റിനെ തെറ്റെന്നു വിളിക്കുക അപകടകരമായ കാര്യമാണ്. ഭരണകൂട ഭീകരതയുടെ ഇരകളാണ് തങ്ങളെന്ന നിങ്ങളുടെയും കുടുംബത്തിന്റെയും നിലപാടുകൾക്കൊപ്പമാണ് ഞാനും. അതോടൊപ്പം തന്നെ പറയട്ടെ, വല്ലാത്തൊരു കാലത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഒരു വ്യക്തിയെ അയാളുടെ വാക്കുകളോ നിലപാടുകളോ നോക്കാതെ ഒരു പേരുകൊണ്ടു മാത്രം ചാപ്പകുത്തുന്ന അവസ്ഥ വല്ലാതെ ഭയം ജനിപ്പിക്കുന്നതാണ്. ഞാൻ നേരത്തേ പറഞ്ഞതു പോലെ, തന്നെ ജയിലിലടച്ചതിനെക്കാൾ ഇതൊരു സാമൂഹ്യ പ്രശ്‌നമായി കാണണമെന്നു പറഞ്ഞ താഹയുടെ രാഷ്ട്രീയ ബോധ്യത്തെ ഞാൻ ബഹുമാനിക്കുന്നു. അതോടൊപ്പം നിങ്ങളെ ഒന്നായി കണ്ട നിന്റെ അമ്മയെ. സ്വന്തം സുരക്ഷിതത്വത്തെക്കാൾ സൗഹൃദത്തിനു വിലമതിച്ച നിന്നെ. പക്ഷേ, കരുതിയിരിക്കണം.

നോക്കൂ, FB യിൽ ഒരു ഇടതു പ്രൊഫൈലിലെ വാക്യങ്ങളാണിത്: ""ഞാൻ ഒരു കാലത്തും ഒരു മനുഷ്യാവകാശ പ്രവർത്തകനോ തടവുപുള്ളികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നത് എന്റെ രംഗമായി കരുതുന്ന ആളോ ആയിരുന്നിട്ടില്ല. പക്ഷേ, വീട്ടിൽ ഒരാൾ അന്യായമായി ജയിലിൽ അടയ്ക്കപ്പെടുമ്പോൾ എന്റെ രാഷ്ട്രീയ ബന്ധങ്ങൾ നോക്കി മിണ്ടാതിരിക്കാൻ കഴിയുന്ന ആളും അല്ല. മുഖ്യമന്ത്രിയെ പേരെടുത്തു പറഞ്ഞു വിമർശിച്ചിട്ടു തന്നെയാണ് ഇക്കാര്യത്തിൽ ഞാൻ അവസാനമായി ട്രൂ കോപ്പി തിങ്കിൽ എഴുതിയത്. അലന് നിയമസഹായം കൊടുക്കാനും പിന്തുണ കൊടുക്കാനും മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളു. താഹയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് തെറ്റാണ് എന്ന് എനിക്ക് അഭിപ്രായം ഉണ്ടെങ്കിലും ഞാൻ മുന്നോട്ടിറങ്ങി പ്രവർത്തിക്കേണ്ട ഒരു കാര്യം ആണെന്ന് ഞാൻ കരുതുന്നില്ല. എന്റെ പ്രവർത്തനരംഗം അല്ല അത്''.

അജ്ഞാതരായ മനുഷ്യരോട് സാഹോദര്യം പുലർത്താൻ പഠിപ്പിച്ച ഒരു പ്രത്യയശാസ്ത്രത്തിന് സമകാലത്തിൽ വന്നു ചേർന്ന ദുര്യോഗത്തിന്റെ പ്രതിഫലനമാണീ വാക്കുകൾ. അനീതി സ്വന്തം കുടുംബത്തിൽ കടന്നു വരുമ്പോൾ മാത്രം പ്രതികരിക്കുകയും ആ കുടുംബത്തിനു പുറത്തുള്ള താഹയുടെ കാര്യം എന്റെ പ്രശ്‌നമല്ലെന്നു പറയുകയും ചെയ്യുന്നതിലെ പ്രായോജനവാദം അശ്ലീലമാണ്. സ്വന്തം കുടുംബത്തിലൊരാളെ മാവോയിസ്റ്റാക്കുന്ന ഭരണകൂടഭീകരത അതിവേഗം മനസ്സിലാക്കാനും തങ്ങളോട് വിയോജിക്കുന്നവർക്ക് ഇസ്‌ലാമിസ്റ്റ് ചാപ്പയടിക്കുന്നതിലെ മനുഷ്യവിരുദ്ധത മനസ്സിലാവാതിരിക്കാനുമുള്ള മെയ് വഴക്കവുമാണ് ഇടതുപക്ഷ വിരുദ്ധതയെന്നും അത് ലോകത്ത് ഏറ്റവും വികൃതവും സങ്കുചിതവുമാണെന്നും തിരിച്ചറിയുക എന്നു മാത്രമാണ് എനിക്കു നിന്നോട് പറയാനുള്ളത്. ഒരു ജൂതപിതാവിന്റെയും കൃസ്ത്യൻ മാതാവിന്റെയും മകനായി പിറന്ന Jean Emery കൃസ്ത്യൻ മത വിശ്വാസിയായാണ് വളർത്തപ്പെട്ടത്. പക്ഷേ അച്ഛന്റെ ജൂതപാരമ്പര്യം അയാളെ ഓഷ്‌വിസ്റ്റ്‌സ് തടവറയിലെത്തിച്ചു.

അദ്ദേഹം പറയുന്നു: ഒരു ജൂതൻ എന്താണ് എന്നതിനെക്കുറിച്ചു പറയുകയാണെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം ജൂതനാവുക എന്നത് ഇന്നലെകളുടെ ദുരന്തങ്ങളെ ആന്തരിക സമ്മർദ്ദങ്ങളായി നിരന്തരം അനുഭവിക്കലാണ്. തന്റെ ജീവിതമോ, വിശ്വാസമോ, ഒന്നുമല്ല. തന്റെ ഇടത്തേ കൈത്തണ്ടയിൽ ഓഷ്‌വിഷ്റ്റ്‌സിൽ നിന്നും പതിച്ച നമ്പറിലേക്ക് തന്റെ ജൂതസ്വത്വം സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതേസമയം ജൂത രാഷ്ട്രമോ ജൂത സമൂഹമോ തന്നെ ഒരിക്കലും ഒരു ജൂതനായി അംഗീകരിക്കുകയുമില്ല.

ഒരാളാർജിച്ച വിശ്വാസങ്ങളെയും വിശ്വാസ നിരാസങ്ങളെയും നിലപാടുകളെയും എല്ലാം കൈത്തണ്ടയിലെ നമ്പറിലേക്കൊതുക്കുന്നു. സമാനമാണ് ഒരു പേരിലൂടെ വ്യക്തികളെ ചാപ്പകുത്തുന്നതും. ഒരാൾക്ക് സ്വയം നിർവ്വചിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. പക്ഷേ പലപ്പോഴും അയാളുടെ ശത്രുവാണ് അയാളെ നിർവ്വചിക്കുക. ഫൂക്കോ പറയുന്നതു പോലെ ഭരണകൂടത്തിന്റെ ഫയലിലെ ഒരു ഐ.ഡി മാത്രമാണ് ഒരു വ്യക്തി. അതിൽ നിന്ന് അയാൾക്ക് മോചനമില്ല. നാസികൾക്ക് ജൂതസ്വത്വം പോലെ, ഇന്ത്യൻ ഫാസിസത്തിന് ഒരു മുസ്‌ലിം പേര് പോലെ. പക്ഷേ ഇടതുപക്ഷത്ത് എന്നവകാശപ്പെടുന്നവർ തന്നെ ഇത്തരം രീതി പിന്തുടരുന്നതിനെക്കുറിച്ച് ഞാൻ ഒന്നും തന്നെ പറയുന്നില്ല.

നിങ്ങളുടെ പ്രശ്‌നത്തിന് ഒരു പൊതു പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയും പാതിവഴിയിൽ എന്റെ പ്രശ്‌നം തീർന്നു എന്നു പറഞ്ഞ് പിൻവാങ്ങുകയും ചെയ്യുന്നവരെ ഒരു മാതൃകയേ ആയി കാണരുത്. നിങ്ങളുടെ കാര്യത്തിൽ ഇടപെട്ടവരെല്ലാം മനുഷ്യാവകാശ പ്രവർത്തകരോ തടവറയിലെ മനുഷ്യരുടെ അവകാശങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവരോ ആയിരുന്നില്ല. സാധാരണ മനുഷ്യന്റെ നീതിബോധമാണ് അവരെ നയിച്ചത്. രക്തബന്ധത്തിനും കുടുംബബന്ധത്തിനും അപ്പുറം മനുഷ്യ സാഹോദര്യത്തെ ഉയർത്തിപ്പിടിക്കുകയെന്നല്ലാതെ മറ്റെന്താണ് നമുക്ക് ഇക്കാലത്ത് പരസ്പരം ആശംസിക്കാൻ സാധിക്കുക! ഇക്കാലം വെറുമൊരു ദുഃസ്വപ്നം മാത്രമായി നിങ്ങളുടെ ജീവിതത്തിൽ നിന്നും പെട്ടെന്നു മാഞ്ഞു പോകട്ടെ. തീർച്ചയായും ഇതും കടന്നു പോകും.
പ്രതീക്ഷ കൈവിടാതിരിക്കുക.
ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.


Comments