അടച്ച വാതിലുകൾക്കു പിറകിൽ

'ഏതു ഭരണകൂട വിമർശകനും ഏതു സമയവും അറസ്റ്റ് ചെയ്യപ്പെടാവുന്ന അടിയന്തിരാവസ്ഥയാണ് നിലവിലുള്ളത്. ആഗോള മഹാമാരി അനീതിയ്ക്കെതിരായ കൂട്ടായ പ്രതിഷേധം പോലും അസാദ്ധ്യമാക്കിയത് ഭരണകൂടത്തെ ഒന്നു കൂടി അക്രമാസക്ത മാക്കിയിരിക്കുന്നു"

ൽഹി സർവ്വകലാശാലയിലെ അദ്ധ്യാപകനും ജി.എൻ സായീബാബാ ഡിഫൻസ് കമ്മിറ്റിയുടെ പബ്ലിക്‌ റിലേഷൻസ് സെക്രട്ടറിയുമായ ഹാനി ബാബുവിന്റെ അറസ്റ്റ് കുറെ മാസങ്ങളായി തുടർന്നു വരുന്ന ഒരു ഹീനമായ കെട്ടുകഥയുടെ പുതിയ ഒരദ്ധ്യായം മാത്രമാണ്.

ജ്യോർജിയോ അഗംബെൻ മുതൽ നോം ചോംസ്കി വരെ പല ചിന്തകരും ചൂണ്ടിക്കാണിച്ചു കഴിഞ്ഞിട്ടുള്ള പോലെ, കോവിഡ് മഹാമാരി സൃഷ്ടിച്ച “അപവാദാവസ്ഥ” ജനരോഷം നേരിടുന്ന അധികാര ഗർവ്വിഷ്ഠമായ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം വീണു കിട്ടിയ ഒരനുഗ്രഹമാണ്‌. അവർക്ക് നിർബ്ബാധം തങ്ങളുടെ പദ്ധതികൾ നടപ്പാക്കാൻ അത് അവസരം നൽകിയിരിക്കുന്നു. വടക്ക്-കിഴക്കൻ ഡൽഹിയിലെ ലഹളയ്ക്ക് മറയില്ലാതെ ആഹ്വാനം നൽകിയ കപിൽ മിശ്രയും അനുയായികളും സ്വതന്ത്രരായി വിഹരിക്കുമ്പോൾ, അതിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മുസ്ലീങ്ങൾ ഓരോരുത്തരായി അറസ്റ്റു ചെയ്യപ്പെടുന്നു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൾ ഇസ്ലാം ഖാൻ ഇന്ത്യയിലെ മുസ്ലീം പീഡനത്തെക്കുറിച്ചു സംസാരിച്ചതിന്- അത് തന്റെ ചുമതലയായിരിക്കെ- അദ്ദേഹത്തിന്നെതിരെ രാജ്യദ്രോഹക്കേസ് എടുക്കുന്നു. ‘ഐസ’യുടെ പ്രവർത്തക കവൽ പ്രീത് കൗറിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുക്കുന്നു. അവരെപ്പോലെ പൗരാവകാശനിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്ത അനേകം പേർ ‘ഗൂഢാലോചനക്കാ’രായി മുദ്ര കുത്തപ്പെടുന്നു. ജാമിയയിലെ സഫൂറാ സർഗാർ (അവർ ഗർഭിണി കൂടിയാണ്), മീരാൻ ഹൈദർ എന്നിവർ തടവിലാണ്. ഉമാർ ഖാലിദിനെപ്പോലുള്ളവർ മുൻപേ തന്നെ ആരോപണവിധേയരായി.

മീരാൻ ഹൈദർ

മറ്റൊരു വശത്ത് പി.എം കെയേഴ്സ് ഫണ്ട്‌ വിവരാവകാശനിയമത്തിന് പുറത്താകുന്നു, അതിൽ ചൈനയിൽ നിന്നുൾപ്പെടെ പല വിദേശങ്ങളിൽ നിന്നും പണം വന്നിട്ടുണ്ട് എന്ന ആരോപണമുണ്ട്, അതൊരു തിരഞ്ഞെടുപ്പ് ഫണ്ട്‌ ആണോ എന്ന സംശയവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. പരിസ്ഥിതി നിയമങ്ങളിൽ - ഈ പ്രതിസന്ധിയുടെ ഒരു പ്രധാന കാരണം നമ്മുടെ പരിസ്ഥിതിപരമായ അശ്രദ്ധയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴും- വെള്ളം ചേർക്കപ്പെട്ടതിനു പിറകേ വനാവകാശനിയമവും കോർപ്പറേറ്റുകൾക്കു അനുകൂലമായി, ആർക്കും കടന്നു ചെല്ലാനും ഖനി തുരക്കാനും അവകാശം നൽകിക്കൊണ്ട്, പുതുക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ധനികർക്ക് അധികനികുതി ഏർപ്പെടുത്തുക എന്ന, തികച്ചും ന്യായമായ, ശുപാർശ മുന്നോട്ടു വെച്ച അൻപത് ഇന്ത്യൻ റെവെന്യൂ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നു. തൊഴിലാളികൾ അനേകം സമരങ്ങളിലും ത്യാഗങ്ങളിലും കൂടി നേടിയ അവകാശങ്ങൾ ഒന്നൊന്നായി എടുത്തു കളയപ്പെടുന്നു. ദരിദ്രകർഷകർക്കും ചെറുകിട കച്ചവടക്കാർക്കും കുടിയേറ്റത്തൊഴിലാളികൾക്കും കൈത്തൊഴിലുകാർക്കും കല ഉപജീവനമാക്കിയവർക്കും വേണ്ടി പ്രഖ്യാപിച്ച പാക്കേജുകൾ പോലും സർക്കാർ നടപ്പിലാക്കുന്നില്ല. മഹാമാരിയെ നേരിടാൻ സംസ്ഥാനങ്ങളെ സഹായിക്കേണ്ടതിന്നു പകരം ഡൊണാൾഡ് ട്രമ്പ്‌ പ്രോവിൻസുകളെ “സ്വതന്ത്ര” മാക്കിയെങ്കിൽ, ഇന്ത്യയിലും ഒരു സഹായവും നൽകാതെ അവരെ സ്വന്തം വഴി കണ്ടെത്താൻ വിട്ടിരിക്കയാണ്. ഫെഡറലിസത്തിന്റെ തത്വങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നു. പുതിയ വിദ്യാഭ്യാസനയം – അതിന്റെ ഗുണദോഷങ്ങൾ എന്തായാലും- ലോക്സഭയിൽ പോലും വെയ്ക്കാതെ പാസ്സാക്കപ്പെടുന്നു.

സഫൂറാ സർഗാർ

ഹാനി ബാബുവിന്റെ അറസ്റ്റ് ഒരു തുടർക്കഥയിലെ പുതിയ അദ്ധ്യായമാണെന്ന് ഞാൻ നേരത്തെ പറഞ്ഞുവല്ലോ. ദേശീയ അന്വേഷണ ഏജൻസി ( NIA) ഭീമാ-കൊരെഗാവ് സംഭവത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ഒരു കള്ളക്കത്തുണ്ടാക്കി ( ഇതിനെ തുറന്നു കാട്ടി- അവസാന ഭാഗം കൃത്രിമമായി കൂട്ടിച്ചേർത്തതാണ് എന്ന് കാര്യ-കാരണസഹിതം തെളിയിച്ചു കൊണ്ട്- പ്രേം ശങ്കർ ഝാ വിശദമായി എഴുതിയിട്ടുണ്ട്, കത്ത് റോണാ വിൽസണിന്റെ കമ്പ്യൂട്ടറിൽ നിന്ന് കിട്ടി എന്നാണു പറയുന്നത് ) പ്രധാന മന്ത്രിയെ കൊലപ്പെടുത്താൻ മാവോയിസ്റ്റുകൾ ഗൂഢാലോചന നടത്തി എന്നാരോപിച്ച് സുധാ ഭരദ്വാജ്, സുധീർ ധാവ്ളെ, മഹേഷ്‌ റൗത്, വരവരറാവു, റോണാ വിത്സൺ , ഗൗതം നവ് ലെഖ, ആനന്ദ് തെൽതുംബ്ഡേ, ഷോമാ സെൻ, അരുൺ ഫെരേറാ, ജി.എൻ സായിബാബാ, സുരേന്ദ്ര ഗാഡ്ലിംഗ്, വെർണൻ ഗോൺസാൽവസ് എന്നിവരെ അറസ്റ്റ് ചെയ്തതിന്റെ തുടർച്ചയാണ് ഹാനിബാബുവിന്റെ അറസ്റ്റ്.

എൺപത് കഴിഞ്ഞ പ്രശസ്ത തെലുങ്കുകവി വരവരറാവു, ജയിലിൽ കൊവിഡ് രോഗികൾ നിറഞ്ഞപ്പോൾ ജാമ്യത്തിന് അപേക്ഷിച്ചപ്പോൾ എൻ.ഐ.എ പറഞ്ഞത് അദ്ദേഹം തന്റെ “പ്രായം മുതലെടുത്ത്‌ കോടതിയുടെ കാരുണ്യം ചൂഷണം ചെയ്യുകയാണ് “എന്നായിരുന്നു ! ആ ക്രൂരതയും മനുഷ്യത്വരാഹിത്യവും ഒന്നാലോചിച്ചു നോക്കുക. റാവുവിന് രോഗം പിടി പെടുകയും ചെയ്തു. അപ്പോഴാണ് ഒടുവിൽ അദ്ദേഹത്തിന് ജാമ്യം നൽകിയത്. ഭരണകൂടം രോഗത്തെ ആയുധമാക്കുകയാണ് ഈ കേസ്സിൽ സംഭവിച്ചത്, മറ്റു കേസ്സുകളിലും സംഭവിക്കുന്നത്‌.

ആനന്ദ് തെൽതുംബ്ഡേ

ഹാനി ബാബു ബോംബെയിൽ നിന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ എവിടെയാണ് “രഹസ്യഫയൽ” എന്നായിരുന്നു അവർ ചോദിച്ചത്. ഹാനിബാബു ചെയ്ത കുറ്റം സായിബാബയെ മോചിപ്പിക്കാനുള്ള കമ്മിറ്റിയിൽ പ്രവർത്തിച്ചതായിരുന്നു. ഏതു മനുഷ്യാവകാശ പ്രവർത്തകനും, ഏതു ഭരണകൂട വിമർശകനും ഏതു സമയവും അറസ്റ്റ് ചെയ്യപ്പെടാവുന്ന അടിയന്തിരാവസ്ഥയാണ് നിലവിലുള്ളത്. ആഗോള മഹാമാരി അനീതിയ്ക്കെതിരായ കൂട്ടായ പ്രതിഷേധം പോലും അസാദ്ധ്യമാക്കിയത് ഭരണകൂടത്തെ ഒന്നുകൂടി അക്രമാസക്തമാക്കിയിരിക്കുന്നു.

പക്ഷെ ഇന്നല്ലെങ്കിൽ നാളെ പ്രതിഷേധത്തിന്റെ കടൽ ഇരമ്പുക തന്നെ ചെയ്യുമെന്ന്, പുറമേ നെഞ്ചു വിരിച്ചു കാട്ടുമ്പോഴും അകമേ ഭീരുക്കളായ ഏകാധിപതികൾക്ക് ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടി വരുമെന്ന്, അധികാരത്തിന്റെ പ്രഹസനങ്ങൾക്ക് ജനശക്തിക്കു മുന്നിൽ തിരശ്ശീല താഴ്ത്തേണ്ടിവരുമെന്ന്, പല നിറങ്ങളിൽ, പല പേരുകളിൽ, പല നാടുകളിലും അരങ്ങേറിയ സമഗ്രാധിപത്യത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ജനതയുടെ പ്രതിഷേധ പ്രളയം കൊലപാതകികളെ മുക്കിക്കൊല്ലും . ധിഷണ നമ്മെ നിരാശതാവാദികളാക്കുമ്പോഴും ഇച്ഛയുടെ ശുഭാപ്തിവിശ്വാസം നില നിർത്താൻ നമ്മൾ ബാദ്ധ്യസ്ഥരാണ്‌. തെരുവിലെ രക്തം നൽകുന്ന സന്ദേശം അതിൽ കുറഞ്ഞ ഒന്നുമല്ല.


കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments