അടൂർ, ശങ്കർ മോഹനെ ന്യായീകരിക്കുമെന്ന്​ പ്രതീക്ഷിച്ചില്ല: അശോകൻ ചരുവിൽ

ആദ്യം ആരോപണം ഡയറക്ടർ ശങ്കർ മോഹനെതിരെയായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അതിൽ ഇടപെടും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അടൂർ ഗോപാലകൃഷ്ണനെ പോലൊരു കലാകാരനെ അവഗണിച്ചുകൊണ്ടാണ് ഡയറക്ടർ ഇങ്ങനെയൊരു തീരുമാനമെടുത്തത് എങ്കിൽ അത് അത്ര നല്ല കാര്യമല്ല. പക്ഷേ, ഡയറക്​ടറെ ന്യായീകരിച്ചുകൊണ്ടുള്ള അടൂരിന്റെ പ്രസ്താവന ഞെട്ടിച്ചു. അത് വളരെ ദുഃഖകരമായ കാര്യമാണ്

ന്ത്യയിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികൾ ധാരാളമായി കടന്നുവരുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവർക്കെതിരെ ബോധപൂർവമായ ആക്രമണം നടക്കുന്നുണ്ടെന്നും ഈ പാശ്ചാത്തലത്തിൽ വേണം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളെയും വിലയിരുത്തേണ്ടത് എന്നും അശോകൻ ചെരുവിൽ. ട്രൂകോപ്പി തിങ്കിനുവേണ്ടി വി.കെ. ബാബുവുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2016 ജനുവരി 17നാണ്​ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ജാതി മേധാവിത്വത്തിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധതിരിച്ച് രോഹിത് വെമുല എന്ന വിദ്യാർഥി ആത്മഹത്യ ചെയ്യുന്നത്. ""ഈ സമയത്ത് ആർ.എസ്.എസ് മുഖമാസികയായ കേസരിയിൽ ഒരു ലേഖനം വന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവൻ തകർന്നിരിക്കുന്നു എന്നായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം. മുൻ മാനവവിഭവശേഷി മന്ത്രിയായിരുന്ന അർജുൻ സിംഗ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പിന്നാക്ക, ദലിത് സംവരണം കൊണ്ടുവന്നതിന്റെ ഫലമായി, പല ഗ്രാമങ്ങളിൽ നിന്നും ഈ വിഭാഗക്കാരായ വിദ്യാർഥികൾ, ആർ.എസ്.എസിന്റെ ഭാഷയിൽ പറഞ്ഞാൽ
"ചട്ടമ്പികളും ഗുണ്ടകളുമായി നടന്ന ആളുകൾ', ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തിയതോടെ അവിടുത്തെ സമാധാനാന്തരീക്ഷം തകർന്നു, വിദ്യാസരസ്വതിയുടെ ഇടമാകെ മോശപ്പെട്ടു എന്ന രീതിയിലായിരുന്നു ലേഖനം. ഈ ചിന്താഗതിയുടെ തുടർച്ചയായി ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന ദലിതർക്കെതിരെ ബോധപൂർവ ആക്രമണം ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും എതിരായ ജാതിവിവേചനത്തെ കാണേണ്ടത്​.''

‘‘ആദ്യം ആരോപണം ഡയറക്ടർ ശങ്കർ മോഹനെതിരെയായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അതിൽ ഇടപെടും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അടൂർ ഗോപാലകൃഷ്ണനെ പോലൊരു കലാകാരനെ അവഗണിച്ചുകൊണ്ടാണ് ഡയറക്ടർ ഇങ്ങനെയൊരു തീരുമാനമെടുത്തത് എങ്കിൽ അത് അത്ര നല്ല കാര്യമല്ല. പക്ഷേ, ഡയറക്​ടറെ ന്യായീകരിച്ചുകൊണ്ടുള്ള അടൂരിന്റെ പ്രസ്താവന ഞെട്ടിച്ചു. അത് വളരെ ദുഃഖകരമായ കാര്യമാണ്’’- അഭിമുഖത്തിൽ അശോകൻ ചരുവിൽ പറഞ്ഞു.

സംസ്​ഥാന സർക്കാർ സ്​ഥാപനമായ കോട്ടയത്തെ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വിഷ്വൽ സയൻസ്​ ആൻറ്​ ആർട്​സിൽ ജാതി വിവേചനത്തിനും സംവരണ അട്ടിമറിക്കും എതിരെ വിദ്യാർഥികളും ജീവനക്കാരും പ്രക്ഷോഭത്തിലാണ്​. ഡയറക്​ടർ ജാതി വിവേചനം കാണിക്കുന്നയാളല്ല എന്ന് ശങ്കർ മോഹനെ ന്യായീകരിച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്​ണൻ അഭിപ്രായപ്രകടനം നടത്തിയിരുന്നു​.

(അശോകൻ ചരുവിലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ട്രൂ കോപ്പി തിങ്കിൽ ഉടൻ കാണാം.)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments