ഒരു വനിത മുഖ്യമന്ത്രി
ഇല്ലാത്തതിനുപിന്നില്‍
പാര്‍ട്ടികളിലെ ആണധികാരബോധം
ഒരു വനിത മുഖ്യമന്ത്രി ഇല്ലാത്തതിനുപിന്നില്‍ പാര്‍ട്ടികളിലെ ആണധികാരബോധം
കുടുംബ വ്യവസ്ഥക്കകത്തു നില്‍ക്കുന്ന അധികാരഘടനയുടെയും രക്ഷാകര്‍തൃത്വത്തിന്റെയും പരിഛേദം തന്നെയാണ് പൊതുമണ്ഡലങ്ങളിലും പ്രകടമാകുന്നത്- അധ്യാപികയും എഴുത്തുകാരിയുമായ ഡോ. സ്മിത പി.കുമാർ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നല്‍കിയ അഞ്ചു ചോദ്യങ്ങള്‍ക്ക് വിവിധ മേഖലകളില്‍ ഇടപെടുന്ന സ്ത്രീകള്‍ നിലപാട് വ്യക്തമാക്കുകയാണ്.
27 Nov 2020, 10:30 AM
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 50% സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ കേരളീയ സമൂഹത്തില്‍ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?
ഡോ. സ്മിത പി. കുമാർ: പ്രാദേശിക ഭരണതലങ്ങളില്‍ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിയമപരമായ നീക്കം ഫലം ചെയ്തു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സ്ത്രീകളുടെ സവിശേഷമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമായി അത് വിനിയോഗപ്പെടുന്നുണ്ടെന്ന് കേരളത്തിലെ വളരെ നന്നായി പ്രവര്‍ത്തിക്കുന്ന പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉദാഹരിച്ച് പറയാം.
എന്നാല്‍ അധികാരമുള്ള സ്ത്രീ എന്നത് ഒരു സ്വാഭാവികതയായി മാറാതിരിക്കുന്നത് അത്തരമൊരു കാഴ്ചപ്പാടിനെ സ്വീകരിക്കാനുള്ള വൈമനസ്യം ആണധികാര ഘടനയെ അടിസ്ഥാനമാക്കിയുള്ള കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതുകൊണ്ടാണ്. രണ്ടാമത്തെ ചോദ്യം തന്നെയാണ് അതിനുള്ള ഉത്തരവും. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍, തൊഴിലിടങ്ങള്‍ കുടുംബങ്ങള്‍ എന്നിവയൊക്കെയും ഈയൊരു അധികാരഘടനയെ സ്വാംശീകരിച്ചവരാണ്.
2. നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പില്‍ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോള്‍ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കണ്‍വെര്‍ട്ട് ചെയ്യപ്പെടാത്തത്?
എല്ലായിടത്തും ഇത് ഒരുപോലെയാണെന്ന് പറയാനാവില്ല. 38- 40 ശതമാനത്തോളം സ്ത്രീ പ്രതിനിധികളെ ലോക്‌സഭയിലേക്ക് അയക്കാനുള്ള ബോധപൂര്‍വ ഇടപെടല്‍ ഒഡീഷയില്‍ ബി.ജെ.ഡിയും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ പാര്‍ലമെന്റില്‍ നിന്ന് അതിശക്തമായി ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദം ടി.എം.സിയുടെ മഹുവാ മൊയ്ത്രയുടേതാണ് എന്നതുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
അധികാര സ്ഥാനങ്ങളിലെയും പൊതുവ്യവഹാരങ്ങളിലെയും കുറഞ്ഞ സ്ത്രീ പ്രാതിനിധ്യം കേരളത്തിന്റെ പ്രത്യേകതയാണ്. ഉയര്‍ന്ന സാക്ഷരതയും രാഷ്ട്രീയ ബോധ്യവും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരള സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളെ പുറത്തുകാണിക്കുന്ന ഒന്നാണിത്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെയാണ് ഇതിന് ഉത്തരവാദികള്‍. ഒരു വനിത മുഖ്യമന്ത്രിയെയോ ഒരു വനിതാ പ്രസിഡന്റിനെയോ, പാര്‍ട്ടി സെക്രട്ടറിമാരെയോ സങ്കല്‍പിക്കാനാകാത്തവിധം ആണധികാരബോധം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാര്‍ത്ഥത്തിലാണ്. വളര്‍ന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അര്‍ത്ഥത്തില്‍) അധികാര നില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?
കുടുംബത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യം, കുടുംബ കാര്യങ്ങളില്‍ തീരുമാനമെടുക്കാനും, നടപ്പിലാക്കാനുമുള്ള കൈകാര്യ കര്‍തൃത്വം എന്നിവ തീര്‍ച്ചയായും സ്ത്രീകളുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കാന്‍ സഹായകരമാണ്. കൂടുതല്‍ അഭ്യസ്തവിദ്യരായ സ്ത്രീകള്‍, തൊഴില്‍ ചെയ്ത് സ്വതന്ത്രമായി വരുമാനം ഉണ്ടാക്കുന്ന സ്ത്രീകള്‍ എന്നിവരെ കുറച്ചുകൂടി പരിഗണനയിലെടുക്കാന്‍ ആണധികാര കുടുംബഘടന തയ്യാറാകുന്നത് കൊണ്ട് തന്നെ അവര്‍ക്കു അഭിപ്രായ സ്വാതന്ത്യവും ലഭിക്കുന്നുണ്ട് എന്ന് കാണാം.
ഈ സാഹചര്യങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും അവരുടെ പദവിയില്‍ പുരോഗമനമായ ചലനം ഉളവാക്കുന്നുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകളെ ചില കാര്യങ്ങളില്‍ വിമോചിതരാക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും കുടുംബം മറ്റു പല സുരക്ഷിതത്വത്തിന്റെ കവചങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നു എന്ന വ്യാജേനെ കുടുംബത്തോടുള്ള അവരുടെ ആശ്രിതത്വം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. കുടുംബ വ്യവസ്ഥക്കകത്തു നില്‍ക്കുന്ന അധികാരഘടനയുടെയും രക്ഷാകര്‍തൃത്വത്തിന്റെയും പരിച്ഛേദം തന്നെയാണ് പൊതുമണ്ഡലങ്ങളിലും പ്രകടമാകുന്നത്.
കേരളത്തിലെ ഒരു പൊതുപരിപാടി ഉദാഹരണമായെടുക്കുക. അവിടുത്തെ സ്ത്രീപങ്കാളിത്തം തുലോം തുച്ഛമായിരിക്കും എന്നുമാത്രമല്ല, പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ ഇരുട്ടാകുംമുമ്പ് വീട്ടിലെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ‘രക്ഷാകര്‍ത്താക്കള്‍' ഏര്‍പ്പെടുത്തിയിരിക്കുന്നതും കാണാന്‍ കഴിയും. കുടുംബത്തിനകത്ത് തുല്യതയെ അടിസ്ഥാനപ്പെടുത്തിയ ഒരു അധികാര ഘടന നിലനില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സമൂഹത്തില്‍ പ്രകടിതമാകും; തിരിച്ചും. സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ് എന്നതിനര്‍ത്ഥം കുടുംബത്തിനകത്തും അവരുടെ അധികാരനില താഴെയാണ് എന്നതുതന്നെയാണ്.
കുടുംബത്തിന്റെ അധികാരഘടനയെ ഒരു ദശാബ്ദക്കാലത്തിലേറെയായി വ്യക്തിപരമായി തിരസ്‌കരിച്ച ഒരാളാണ് ഞാന്‍. വൈയക്തിക അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയാവസ്ഥകളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല.
4. രാഷ്ട്രീയ സംഘടനയില്‍ / തൊഴിലിടത്തില്‍ ഒരു സ്ത്രീയുടെ അധികാര നില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ സംഘടനയ്ക്കകത്ത് / തൊഴിലിടത്തില്‍ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങള്‍ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയില്‍/ തൊഴിലിടത്തില്‍ ഉണ്ടോ?
രാഷ്ട്രീയ സംഘടനയിലും തൊഴിലിടങ്ങളിലും അധികാരനില മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ ഇനിയും ഏറെ അവകാശ പോരാട്ടങ്ങള്‍ നടത്തേണ്ടതുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളോ, സംഭവങ്ങളോ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു ചോദ്യങ്ങള്‍ക്കെല്ലാം പൊതുവില്‍ ഇല്ല എന്നുതന്നെയാണ് ഉത്തരം. ഇതിന്റെ കാരണങ്ങള്‍ രാഷ്ട്രീയമായി വിശദീകരിക്കപ്പെടേണ്ടതുണ്ട്. തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തം, പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍, ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയെക്കാളും കുറവാണിത്. മാനവ വികസന സൂചികയില്‍ പല കാര്യത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന പദവി നിലനില്‍ക്കുമ്പോഴും തൊഴില്‍മേഖലയിലെ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം വിരോധാഭാസമായി നിലനില്‍ക്കുന്നുണ്ട്. കേരളീയ സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന യാഥാസ്ഥിതികതയെയാണ് തുറന്നുകാട്ടുന്നത്.
ഈ യാഥാസ്ഥിതികത പലപ്പോഴും തുറന്ന രീതിയില്‍ പ്രകടമാകുന്നതും കാണാന്‍ കഴിയും. കുടുംബങ്ങളില്‍ നിന്ന് തുടങ്ങി, വിദ്യാലയത്തിലേക്കും, സാമൂഹിക -രാഷ്ട്രീയ ജീവിതത്തിലേക്കും സ്വംശീകരിക്കപ്പെടുന്ന ലിംഗാധിഷ്ഠിത പക്ഷപാതിത്വം തൊഴിലിടങ്ങളിലും /സംഘടകള്‍ക്കകത്തും സ്വതന്ത്രമായി തീരുമാനങ്ങള്‍, നിലപാടുകള്‍ എന്നിവ വ്യക്തമാക്കുന്നതിനും സ്ത്രീകള്‍ക്ക് വിലങ്ങു തടിയാവുന്നുണ്ട്. ഉറച്ച നിലപാടെടുക്കുന്ന സ്ത്രീകള്‍ സംഘടകള്‍ക്കകത്തുനിന്ന് തിരസ്‌കൃതരാവുന്നതു നമുക്ക് കാണാം.
സമൂഹത്തില്‍ സ്ത്രീകളുടെ പദവിയെ സംബന്ധിച്ച് വിഷയത്തില്‍ കേരളം പിന്‍നടത്തത്തിലേക്കാണോ എന്ന സംശയം സാധുവാക്കുന്ന നിരവധി ഘടകങ്ങള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. സമീപകാലത്തെ നിരവധി സംഭവങ്ങള്‍ ഈ സംശയം ബലപ്പെടുത്തുന്നു. സമൂഹത്തിന്റെ വലതുവല്‍ക്കരണം കൂടുതല്‍ ശക്തിപ്പെട്ടുതുടങ്ങി. വലതു രാഷ്ട്രീയ ശക്തികള്‍ ഉയര്‍ത്തുന്ന അരാഷ്ട്രീയതയിലേക്കും സ്ത്രീവിരുദ്ധതയിലേക്കും പൊതുവില്‍ എല്ലാ രാഷ്ട്രീയ സംഘടനകളും എത്തിപ്പെടുന്നു.
സദാചാര പൊലീസിംഗ് തൊട്ട് സ്ത്രീകളുടെ ശബരിമല പ്രവേശനം പോലുള്ള വിഷയങ്ങളില്‍ എല്ലാ അധികാര സ്ഥാപനങ്ങളും ഒരേ മനസ്സായി പ്രവര്‍ത്തിക്കുന്നു. തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തിലെ വളര്‍ച്ചാനിരക്ക് 90കളില്‍ നിന്ന് 2020ല്‍ എത്തുമ്പോഴും തുലോം തുച്ഛമാണ്. ജനസംഖ്യയിലെ സ്ത്രീകളുടെ നിരക്കിലും കേരളത്തില്‍ കുറവ് അനുഭവപ്പെടുന്നുവെന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. കഴിഞ്ഞ നാല് സെന്‍സസിലും പുതുതായി പിറക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുഞ്ഞുങ്ങളേക്കാള്‍ കുറവാണ് എന്നത് ചൂണ്ടിക്കാട്ടുന്നത് മറ്റെന്താണ്?
സമൂഹം സൂക്ഷ്മമായി പിന്‍പറ്റുന്ന പൊതുപ്രവണതയാണിത്. ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ത്രീശാക്തീകരണം സംഭവിക്കുന്നുവെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സമൂഹത്തെ നവോത്ഥാന മുന്നേറ്റങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നതില്‍ പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അവ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകുന്നതോടെ സമൂഹത്തിലെ സ്ത്രീകളുടെ പദവി കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവരും.
5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങള്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ വളരെ ഉയര്‍ന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവര്‍ത്തന മണ്ഡലത്തേയും നിര്‍വ്വചിക്കാന്‍ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങള്‍ക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നില്‍ക്കുന്നു എന്നാണ് കരുതുന്നത്?
നിലവിലുള്ള കുടുംബഘടന സ്ത്രീകളുടെ സ്വതന്ത്ര ജീവിതത്തിന് എതിര്‍ നില്‍ക്കുന്നതാണ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്തുതന്നെ പുരോഗമനം പറഞ്ഞാലും കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന മനോഭാവം തന്നെയാണ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നത്. ഇതില്‍ നിന്ന് ഭിന്നമായി, സ്ത്രീകളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ സാധ്യമാക്കാന്‍ സാധിക്കുന്ന ഒരു ഐഡിയല്‍ കുടുംബഘടന സാധ്യമാണോ എന്ന് അറിയില്ല. കുടുംബ വ്യവഹാരങ്ങളിലെ ജനാധിപത്യപരമായ അന്തരീക്ഷവും, ലിംഗാധിഷ്ഠിത സമത്വവും സ്ത്രീകളുടെ ഏജന്‍സിയെ അംഗീകരിക്കുന്നതായിരിക്കും .അത്തരം വീട്ടകങ്ങളില്‍ സ്ത്രീകളുടെ സര്‍ഗാത്മക ആവിഷ്‌ക്കാരങ്ങളെയും, വ്യക്തിപരമായ സംഭാവനകളെയും മതിയായ പ്രാധാന്യത്തോടെ പരിഗണിക്കുകയും ചെയ്യുന്നുണ്ടാവും.
ഗാര്‍ഹിക ജോലികളുടെ സമ്പൂര്‍ണമായ അടിമത്തത്തില്‍ നിന്ന് അല്‍പമെങ്കിലും വിടുതല്‍ നേടാതെ ഇതൊന്നും സാധ്യമാകില്ല. ലിംഗാധിഷ്ഠിതമായ അസമത്വം സമൂഹത്തിന്റെ പിന്‍നടത്തമാണെന്നു തിരിച്ചറിയുകയും അതുതന്നെ മറ്റു ചില സാമൂഹിക പിന്നോക്കാവസ്ഥയ്ക്കു ഇടയാക്കുന്നുണ്ട് എന്നും കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീ വിമോചനം എന്നത് സ്ത്രീകളുടെ മാത്രം കാര്യമല്ലെന്ന് ചുരുക്കം.

കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
കല്‍പന കരുണാകരന്‍
Jan 09, 2021
5 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read