ഒന്നും ആസൂത്രിതമായിരുന്നില്ല

1949ൽ ബാബറി മസ്ജിദിനകത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ രാമവിഗ്രഹം കൊണ്ടുവച്ചത് ആസൂത്രിതമായിരുന്നില്ല.

1984ൽ രാമക്ഷേത്രപ്രസ്ഥാനത്തിന്റെ നേതൃത്വം വിശ്വ ഹിന്ദു പരിഷത്ത് എൽ.കെ. അദ്വാനിയെ ഏൽപ്പിച്ചത് ആസൂത്രിതമായിരുന്നില്ല.

1990ൽ എൽ.കെ. അദ്വാനി നടത്തിയ രാമരഥയാത്രയും രഥയാത്രയിലുടനീളം നടത്തിയ പ്രസംഗങ്ങളും ആസൂത്രിതമായിരുന്നില്ല.

1990ൽ കർസേവകർ അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടതും പോലീസുമായി ഏറ്റുമുട്ടിയതും ആസൂത്രിതമായിരുന്നില്ല.

1990ലെ രഥയാത്രക്കാലത്ത് ഗുജറാത്തിലും കർണാടകത്തിലും ഉത്തർപ്രദേശിലും ആന്ധ്രാപ്രദേശിലും ആയിരങ്ങൾ കൊല്ലപ്പെട്ട വർഗീയകലാപങ്ങളും ആസൂത്രിതമായിരുന്നില്ല.

1991ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ രാമക്ഷേത്രനിർമ്മാണം അജണ്ടയായി പ്രഖ്യാപിച്ചതും ആസൂത്രിതമായിരുന്നില്ല.

അതുകൊണ്ടൊക്കെത്തന്നെ ...

1992 ഡിസംബർ ആറിന് ഒന്നരലക്ഷം വരുന്ന കർസേവകർ ബാബറി മസ്ജിദ് തകർക്കുമ്പോൾ അദ്വാനിയും ഉമാഭാരതിയും മുരളിമനോഹർ ജോഷിയും വിനയ് കത്യാറുമൊക്കെ തൊട്ടടുത്ത് കസേരയിട്ടിരുന്നതും മധുരപലഹാര വിതരണം നടത്തിയതും ആസൂത്രിതമായിരുന്നില്ല.

2020 സെപ്തംബർ 30 വരെ ...അതായത് ബാബറി മസ്ജിദ് തകർക്കപ്പെട്ട് ഇരുപത്തേഴ് വർഷവും ഒമ്പത് മാസവും ഇരുപത്തിനാല് ദിവസവും കഴിയുംവരെ തൊടുന്യായങ്ങൾ നിരത്തി ക്രിമിനൽ കേസ് നീട്ടിക്കൊണ്ടുപോയതും ആസൂത്രിതമായിരുന്നില്ല.

എല്ലാം യാദൃച്ഛികം ...

എവിടുന്നൊക്കെയോ എങ്ങനെയൊക്കെയോ എത്തിയ ആൾക്കൂട്ടത്തിന്റെ
ചെയ്തിയെ ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവായൊക്കെ വ്യാഖ്യാനിക്കുന്നവരോട് എന്ത് പറയാനാണ്.

ശരിയ്ക്കും ഇവിടുത്തെ നീതിന്യായസംവിധാനത്തേക്കുറിച്ച് ഇപ്പോ ഒരു മതിപ്പൊക്കെ തോന്നുന്നു.


തുടരും,അയോധ്യ

ആ നിമിഷം ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കണ്ടു

Comments