മുസ്‌ലിമായി ജീവിക്കുന്നത് ഇന്നത്തെ കാലത്ത് എത്രത്തോളം ദുഷ്‌കരമാണ്?

മതതീവ്രവാദവും ഇസ്ലാമോഫോബിയയും കുടിയേറ്റക്കാർ അനുഭവിക്കുന്ന സംഘർഷങ്ങളും ചർച്ചയാവുന്ന 'ഹോംഫയർ' കമീല ഷംസി എന്ന എഴുത്തുകാരിയുടെ ഇടം ശക്തമാക്കുന്ന ആഖ്യാനമാണ്. ഭീതിയുടെയും ഉത്കണ്ഠയുടെയും അധ്യായങ്ങൾ സ്റ്റേറ്റിനും ജനങ്ങൾക്കും ഇടയിൽ ഉരുവപ്പെടുത്തിയ ശ്മശാനത്വത്തെ ഇല്ലാതാക്കാൻ ഇനിയുള്ള കാലം സാധിക്കുമോ എന്ന ആശങ്ക കൂടെ പരോക്ഷമായി നോവലിൽ പങ്കുവെക്കുന്നുണ്ട്

Will there be sun? Or rain?
Sleet Damp as the pasted smile of the frontier clerk?
Where will the last tunnel spew me out Amphibian?
No one knows my name. So many hands await that first Remittance home. Will there be one?

Wole Soyinka , Migrations

നധികൃത കുടിയേറ്റക്കാർക്കെതിരെ കർശനനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെ ഡേവിഡ് കാമറൂൺ മന്ത്രിസഭ പല നയങ്ങളും മുന്നോട്ടുവെച്ചിരുന്നു. ബ്രിട്ടന്റെ ബ്രെക്‌സിറ്റ് നടപടി കുടിയേറ്റക്കാർക്കെതിരായ നീക്കങ്ങൾ കർശനമാക്കിയതോടെ ഔദ്യോഗിക കുടിയേറ്റം പോലും പ്രയാസകരമായി. യൂറോപ്പിതര രാഷ്ട്രങ്ങളിൽ നിന്നുള്ള ആളുകളുടെ കടന്നുവരവ് തടയുക എന്നതുകൂടി ബ്രിട്ടന്റെ ലക്ഷ്യമാണെന്ന് കരുതണം.

സാംസ്‌കാരിക ചിന്തകനായ സ്റ്റുവർട്ട് ഹാളിന്റെ Familiar Stranger എന്ന ആത്മകഥയിൽ ബ്രിട്ടീഷ് കോളനിയായ ജമൈക്കയിൽ നിന്ന് ബ്രിട്ടനിലെത്തിപ്പെട്ടശേഷമുള്ള കുടിയേറ്റ ജീവിതം അദ്ദേഹം ഓർക്കുന്നുണ്ട്. ജമൈക്കക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ ബ്രിട്ടനിലെത്തിയ അദ്ദേഹം ‘യൂറോപ്പിലെത്തി, പക്ഷെ യൂറോപ്പുകാരനായില്ല' എന്ന മാനസികാവസ്ഥയിലായിരുന്നു. മാതൃരാജ്യമായിരുന്നുവെങ്കിലും ജമൈക്ക, സ്റ്റുവർട്ടിന് ചിലപ്പോഴെങ്കിലും ‘അപര'ഭൂമിയായി തോന്നി. പിന്നീടാകട്ടെ, ഒരു കോളനിയിൽ നിന്ന്, ഏതുരാജ്യമാണോ തങ്ങളെ അധിനിവേശം ചെയ്തത് അവിടെത്തന്നെ എത്തിയ അദ്ദേഹത്തിന് ‘ഇരട്ടസ്വത്വം' വെച്ചുപുലർത്തേണ്ടി വന്നു. ജമൈക്കയും ബ്രിട്ടനും തമ്മിൽ അത്രയും അന്തരം ഉണ്ടായിരുന്നു.

കോളനിയിൽ നിന്ന് സ്വതന്ത്രമായ മഹാരാജ്യത്തെത്തിയ ഒരാൾ കടന്നുപോകേണ്ടത് പ്രമാണവൈരുധ്യങ്ങളുടെ പാമ്പൻപാലമാകുമെന്നതിൽ തർക്കമൊന്നുമില്ല. ‘ഒരുമിച്ച് കരുത്തോടെ' എന്ന ആപ്തവാക്യം സ്വീകരിച്ചിരുന്ന രാജ്യം, തൊലിയുടെയും ഭാഷാവ്യതിയാനത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തിൽ പുതിയ വ്യവസ്ഥകൾ രൂപീകരിക്കാൻ തുടങ്ങി.

ഇസ്​മ; മുസ്‌ലിം പേരിന്റെ തിക്തഫലം

2013ൽ, അനൗദ്യോഗികമായ രീതിയിൽ ബ്രിട്ടനിലേക്ക് കുടിയേറിയവർ സ്വരാജ്യത്തേക്ക് തിരിച്ചുപോയില്ലെങ്കിൽ അവരെ നിയമപരമായി നേരിടുമെന്ന സ്ഥിതിയുണ്ടായി. എന്നാൽ ഇതേ വർഷമാണ് പാകിസ്ഥാൻ വംശജയായ എഴുത്തുകാരി കമീല ഷംസിക്ക് ബ്രിട്ടൻ പൗരത്വം നൽകിയത്. അതിനുശേഷം രണ്ടുവർഷം കഴിഞ്ഞാണ് കമീല ഹോം ഫയർ (Home Fire) എഴുതാൻ ആരംഭിച്ചത്. 1998 മുതൽ എഴുതിക്കൊണ്ടിരിക്കുന്ന കമീലയുടെ ഏഴാമത്തെ നോവലാണ് ഹോം ഫയർ. സോഫോക്ലെസിന്റെ ആന്റിഗണി എന്ന നാടകമാണ് ഈ നോവലിന് ആധാരം.

ഹോം ഫയർ - പുസ്തകത്തിൻറെ കവർ

കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ, വ്യക്തികളുടെ സ്വത്വപ്രശ്‌നങ്ങളെയും മതത്തെയും ഭരണകൂടതാൽപര്യങ്ങളെയും ഭീകരതയെയും ചേർത്തുവെക്കുന്ന നോവൽ സമകാലരാഷ്ട്രീയത്തിന്റെ ജീർണാവസ്ഥകളെ വ്യക്തമാക്കുന്നു. ‘വിമെൻസ് പ്രൈസ് ഫോർ ഫിക്ഷൻ' നേടിയ ഹോം ഫയർ ലണ്ടനിൽ കുടിയേറ്റക്കാർ തിങ്ങിനിറഞ്ഞു താമസിക്കുന്ന വെംബ്ലിയിൽ ജീവിക്കുന്ന ഇസ്​മ, അനീക, പർവേസ് എന്നീ സഹോദരങ്ങളുടെ ജീവിതസംഘർഷങ്ങളാണ് പ്രാഥമികമായി പറയുന്നത്.

തന്നെക്കാൾ പന്ത്രണ്ടുവയസ്സ് താഴെയുള്ള ഇരട്ടകളായ അനീകയെയും പർവേസിനെയും വളർത്തി വലുതാക്കുന്ന ചുമതല ഇസ്​മയ്ക്കായിരുന്നു. 24ാമത്തെ വയസ്സിൽ ഏറ്റെടുത്ത ആ ഉത്തരവാദിത്തത്തിൽ സ്വന്തം വിദ്യാഭ്യാസവും, കരിയറും വരെ അവൾ മറക്കുന്നുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ, ഉന്നതവിദ്യാഭ്യാസം നേടാൻ അമേരിക്കയിൽ ഇസ്മക്ക് ഒരവസരം കൈവന്നപ്പോൾ, പത്തൊൻപത് വയസ്സെത്തിയ അനീക അവളെ നിർബന്ധിച്ചു പറഞ്ഞയയ്ക്കുകയാണ്. ഇതിനിടയിൽ, സങ്കീർണമായ മറ്റൊരു വഴിയിലൂടെ പർവേസ് വേറൊരു യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

കുടിയേറിയ മനുഷ്യരുടെ ‘ചാരിത്ര്യ'പരിശോധനയിൽ ഏറ്റവും ആദ്യത്തെ ചോദ്യം, ‘ഏതാണ് യഥാർത്ഥ രാജ്യം?' എന്നതാണ്.

അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ലണ്ടൻ വിമാനാത്താവളത്തിൽ വെച്ച് ഇസ്മ ഈ ചോദ്യം നേരിടുന്നുണ്ട്.

‘നിങ്ങൾ ശരിക്കും ബ്രിട്ടീഷുകാരിയാണെന്നു കരുതുന്നുണ്ടോ?'

‘അതെ, ഞാൻ ബ്രിട്ടീഷുകാരിയാണ്' എന്ന ഇസ്മയുടെ ഉത്തരത്തിൽ അധികൃതർ ഒട്ടും തൃപ്തരായില്ല.

‘പക്ഷെ നിങ്ങൾ സ്വയം അങ്ങനെ അടിയുറച്ചു വിശ്വസിക്കുന്നുണ്ടോ?'

‘ഞാൻ ഇവിടെ തന്നെയാണ് ജനിച്ച നാൾ മുതൽ ജീവിച്ചത്'.

കുടിയേറ്റത്തിന്റെ ചരിത്രപുസ്തകത്തിൽ ഇത്തരം വ്യഥകളോ, വിശ്വാസപ്രമാണങ്ങളോ ചേർത്തിട്ടുണ്ടാവണമെന്നില്ല. ഇസ്മയോടുള്ള ചോദ്യംചെയ്യൽ അതുകൊണ്ടും അവസാനിച്ചില്ല. സുന്നി- ഷിയ മുസ്‌ലിം തർക്കം, സ്വവർഗാനുരാഗം, ബ്രിട്ടനിലെ രാജ്ഞിയെ കുറിച്ചുള്ള വിവരങ്ങൾ എന്നിങ്ങനെയുള്ള പല ചോദ്യങ്ങളിൽ കൂടിയും, ശിരോവസ്ത്രം അണിഞ്ഞ് ഇസ്മ നടത്തിയ ഇന്റർനെറ്റ് വ്യവഹാരങ്ങളുടെ ചരിത്രം വിശകലനം ചെയ്തുമാണ് അവൾക്ക് യാത്രാനുമതി നൽകിയത്.

മുസ്‌ലിം സ്വത്വം മൂലം അനുഭവിക്കേണ്ടി വരുന്ന കരുതൽ നടപടികളിലൂടെ കടന്നുപോകുന്ന ഇസ്മ (പാശ്ചാത്യ)ലോകത്തിന്റെ ഇസ്​ലാം ഭീതിയുടെ ഇരയാണ്. പാക്കിസ്ഥാനിൽ നിന്ന് കുടിയേറിയ കുടുംബത്തിന് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ‘ബ്രിട്ടീഷ്' സ്വത്വം' ചാർത്തിക്കിട്ടുന്നില്ല എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. പഠിക്കാൻ അമേരിക്കയിലേക്ക് പോകുന്നതിടയിലാണ് ഇത്തരം അന്വേഷണം ഉണ്ടായതെന്ന് ഓർക്കണം. മുസ്‌ലിം നാമധാരിയായതിന്റെ തിക്തഫലമായി ഇതിനെ അവലോകനം ചെയ്യാവുന്നതാണ്.

അച്ഛന്റെ സ്‌നേഹമറിയാതെ ജീവിച്ച മൂന്നു മക്കൾ ഇന്ന് മൂന്ന് ഭൂഖണ്ഡങ്ങളിലാണ്. ലണ്ടനിൽ കുടിയേറ്റപ്രദേശത്ത് താമസിച്ചിരുന്ന സഹോദരങ്ങൾ പല കാര്യങ്ങളുമായി വഴി പിരിയുകയാണ്. ഇസ്​മ അമേരിക്കയിൽ പോയതോടെ നിയമപഠനവും മറ്റുമായി അനീക ലണ്ടനിൽ ഒറ്റക്കായി. അച്ഛന്റെ യഥാർത്ഥവിവരങ്ങൾ അറിയുകയും അച്ഛൻ സ്വീകരിച്ച തീവ്രമായ പാത വരിക്കുകയും ചെയ്ത പർവേസ് ഐസിസിന്റെ പോരാളിയാവാൻ തീരുമാനിക്കുകയാണ്. ഫാറൂഖ് എന്ന ഇടനിലക്കാരൻ വഴി അച്ഛന്റെ ‘മഹത്വം' അറിഞ്ഞ അവൻ, ‘അബു പർവേസ്' (പർവേസിന്റെ പിതാവ്) എന്ന പേരിലാണ് അച്ഛൻ അറിയപ്പെട്ടിരുന്നതെന്ന് മനസ്സിലാക്കുന്നു. ഇസ്മക്ക് ഓർമ വെക്കുന്നതിനു മുന്നേ അമ്മയും അമ്മൂമ്മയും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ചുപോയ ആദിൽ പാഷ എന്ന അവരുടെ അച്ഛൻ അവൾക്ക് എട്ടുവയസ്സുള്ളപ്പോൾ മടങ്ങിയെത്തി.

ഹ്രസ്വകാലം മാത്രം വീട്ടിലുണ്ടായ അയാൾ പിന്നീട് അഫ്ഘാനിസ്ഥാനിലും ചെച്‌നിയയിലും ബോസ്‌നിയയിലും ഒക്കെ ആയിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും കത്തയച്ചിരുന്ന അയാൾ, പിന്നീട് രണ്ടായിരത്തിയൊന്നിൽ മകന്റെ ശബ്ദം കേൾക്കണമെന്ന ആഗ്രഹം പറഞ്ഞു വീട്ടിലേക്കു വിളിച്ചു. ഇസ്മയെയോ അനീകയെയോ കുറിച്ച് അപ്പോളും അയാൾ അന്വേഷിച്ചില്ല. വളരെക്കാലം കഴിഞ്ഞു ലണ്ടനിലെ പരിചയക്കാരനായ ഫാറൂഖിൽ നിന്നാണ് അച്ഛനെ പറ്റി പർവേസ് അറിയുന്നത്.

ഐസിസിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചതും ‘രക്തസാക്ഷി'യായ അച്ഛന്റെ ധീരോദാത്തകാര്യങ്ങളെ വിസ്തരിച്ചതും അച്ഛൻ അനുഭവിക്കേണ്ടി വന്ന ശിക്ഷാവിധികളെ കുറിച്ചു പർവേസിന് പറഞ്ഞുകൊടുത്തതും അയാളാണ്. ഗോണ്ടിനാമോ തടങ്കൽ ക്യാംപിലേക്കുള്ള യാത്രയ്ക്കിടയിൽ വിമാനത്തെ വെച്ചാണ് ആദിൽ പാഷ മരിക്കുന്നത്.

പർവേസ് വീണിരിക്കുന്ന ചുഴിയുടെ വ്യാപ്തിയറിയാതെ അയാളെ കുറിച്ചുള്ള ആകുലതകൾ സഹോദരിമാരെ അലട്ടി. സ്‌കൈപ്പ്‌കോളുകളിൽ കൂടെ കണ്ടുസംസാരിക്കാനും ‘സ്പർശിക്കാനും' അവർ അങ്ങേയെറ്റം ആഗ്രഹിച്ചു. ഇതിനിടയിൽ അമേരിക്കയിൽ വെച്ച്, ഇസ്മ ബ്രിട്ടനിലെ പുതിയ ഹോം സെക്രട്ടറിയുടെ മകനായ ഇയോമനുമായി പരിചയത്തിലാവുന്നു. ഇസ്‌ലാം മതത്തിലാണ് ജനിച്ചതെങ്കിലും മതവിശ്വാസങ്ങളുമായി പൊക്കിൾക്കൊടിബന്ധം പോലുമില്ലാത്ത, ഇയോമന്റെ അമ്മ ഐറിഷ്‌കാരിയാണ്. മുസ്‌ലിമായ അച്ഛൻ കരാമാത് ലോൺ നടത്തുന്ന ചില ഈദ് സന്ദർശനങ്ങളിലൂടെയാണ് മതത്തെ കുറിച്ചുള്ള അവ്യക്തമായ സൂചനകളും ഓർമകളും ഇയോമനിൽ അവശേഷിക്കുന്നത്.

മുസ്‌ലിം സ്വത്വത്തെ മറക്കാനും മറയ്ക്കാനും വെമ്പൽ പൂണ്ടിരുന്ന കരാമാത് ക്രിസ്ത്യൻ മതത്തോടും ആരാധനാലയങ്ങളോടും ആഭിമുഖ്യം പുലർത്തി. ഇങ്ങനെയുള്ള അച്ഛന്റെ മകനായി വളർന്ന ഇയോമൻ ഇസ്മ എന്തിനാണ് ശിരോവസ്ത്രം ധരിക്കുന്നതെന്നു ചോദിക്കുന്നുണ്ട്. കാൻസർ ബാധിതയായത് കൊണ്ടാണോ തല മൂടുന്നതെന്ന സംശയം ചിലർക്കുണ്ടെന്നു അവൾ മറുപടി പറയുന്നു. മുസ്‌ലിമായി ജീവിക്കുന്നത് ഇന്നത്തെ കാലത്ത് ദുഷ്‌കരമെന്ന ഇയോമന്റെ അഭിപ്രായത്തോട് അവൾ വിയോജിക്കുകയും ചെയ്യുന്നു.

തന്റെ അച്ഛനെ സംബന്ധിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഇസ്മ ഇയോമനെ ധരിപ്പിച്ചു. മതത്തെ കുറിച്ചും മുസ്‌ലിമിനെ പറ്റിയും നീതിയുക്തമല്ലാത്ത വീക്ഷണങ്ങളുള്ള ഇയോമൻ ലണ്ടനിൽ മടങ്ങിപ്പോകുകയും അനീകയുമായി അടുപ്പത്തിലാവുകയും ചെയ്യുന്നു. കാഴ്ചപ്പാടുകളിലും, സാമൂഹിക-സാംസ്‌കാരിക തലങ്ങളിലും ഭിന്നതയുള്ളപ്പോഴും അവർക്ക് പരസ്പരം പ്രണയിക്കാനായി. ആചാരങ്ങളെയും പ്രാർത്ഥനയെയും ആദരമില്ലാതെ കാണുന്ന ഇയോമനോട് ‘പ്രാർത്ഥന പണവുമായി ബന്ധപ്പെട്ട ഒരു വ്യവഹാരമല്ല’ എന്ന് അനീക തുറന്നു പറയുന്നു.

അത്​ ഒരു പുതിയ ദിവസം തുടങ്ങാനുള്ള ഒരു രീതി മാത്രമാണെന്നും അവൾ വ്യക്തമാക്കുന്നുണ്ട്. ഉന്നതവർഗത്തിന്റേതായ പ്രത്യേകാനുകൂല്യങ്ങൾ മാറ്റിവെച്ചുകൊണ്ട്, സാധാരണക്കാരന്റെ ജീവിതം നയിക്കാൻ അനീകയുടെ പ്രേരണയിൽ ഇയോമൻ തയ്യാറായി. ഉറുദു പഠിക്കാനും പാചകം ചെയ്യാനും മദ്യം വർജിക്കാനും അവൻ ശീലിച്ചു.

അരക്ഷിതമായ ബ്രിട്ടൻ

വസ്ത്രധാരണത്തിന്റെ വിധത്തിലും ചിന്തിക്കുന്ന തലത്തിലും വിശ്വാസങ്ങളിലും ബ്രിട്ടനോട് പൂർണമായും കൂറ് പുലർത്തണമെന്ന് ഹോം സെക്രട്ടറി കുടിയേറ്റക്കാരടക്കമുള്ള ബ്രിട്ടൻവാസികളോട് ആഹ്വാനം ചെയ്യുന്നു. ഇതിൽ വ്യതിയാനം സംഭവിച്ചാൽ വിവിധ ജാതികളും വർഗങ്ങളും നിലനിൽക്കുന്ന ബ്രിട്ടനിൽ നിന്ന് വേറിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകാനും കരാമാത് മടിക്കുന്നില്ല.

പരോക്ഷമായി മുസ്‌ലിംകളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ പ്രസ്താവന അനീകയെ അരിശം കൊള്ളിക്കുന്നു. ഒരു സന്ദർഭത്തിൽ ഇതിനെതിരെ അവൾ ഇയോമനോട് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. മതിയായ കാരണങ്ങളില്ലാതെ കുടിയേറ്റക്കാരെ, വിശേഷിച്ച് മുസ്‌ലിംകളെ പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്യുന്ന സംവിധാനം അധമമാണെന്ന ധ്വനി അവളുടെ വാക്കുകളിലുണ്ട്. ഈ സാഹചര്യത്തിൽ ബ്രിട്ടൻ സമകാലത്ത് കൈക്കൊണ്ട ചില രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് നോവൽ സൂചന നൽകുന്നു.

ഇരട്ടപൗരത്വം അംഗീകരിച്ചിട്ടുള്ള ബ്രിട്ടൻ എന്നാൽ പൂർണമായ അർത്ഥത്തിൽ മറ്റു രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ അംഗീകരിക്കുന്നില്ല എന്നതിന്റെ ദൃഷ്ടാന്തം കമീല സൂചിപ്പിക്കുന്നു. 7/7 ലണ്ടൻ സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദികളെ ബ്രിട്ടൻ പൗരത്വമുള്ള തീവ്രവാദികൾ എന്നതിനുപരിയായി പാക് വംശജരായ ബ്രിട്ടീഷ് തീവ്രവാദികൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പ്രസ്തുത ഘട്ടത്തിൽ ഇസ്മയുടെ ഗവേഷണ വിഷയത്തിന് പ്രത്യേകമായ പ്രസക്തി കൽപ്പിക്കണം.

അരക്ഷിതമായ ബ്രിട്ടനെ കുറിച്ചും ഭയത്തിന്റെ പ്രേരകമായ ഘടകങ്ങളെ കുറിച്ചുമാണ് ഇസ്മ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2010 മുതൽ 2016 വരെയുള്ള കാലത്തെ ബ്രിട്ടനിലെ ഹോംസെക്രട്ടറിയായിരുന്ന തെരേസ മേ ആഭ്യന്തരസുരക്ഷയുടെ പേരിൽ മുസ്‌ലിംകൾക്കുള്ള പൗരത്വം കൊടുക്കുന്നത് തടയാൻ ശ്രമിച്ചിരുന്നു എന്നത് ഇവിടെ എടുത്തുപറയണം. ഇരട്ടപൗരത്വമുള്ളവർക്ക് ബ്രിട്ടന്റെ പൗരത്വം റദ്ദ് ചെയ്യാനുള്ള നീക്കവും ഉണ്ടായിരുന്നു.

അനീക ഹോംസെക്രട്ടറിയുടെ മകനുമായി പ്രണയത്തിലെത്താനുള്ള കാരണം പർവേസിന്റെ രക്ഷപ്പെടലുമായി ബന്ധമുള്ളതാണെന്നു കരുതേണ്ടി വരും. പർവേസിന്റെ സ്ഥിതിഗതികൾ അനുമാനിച്ച, പ്രായോഗികമതിയായ അനീക അവനെ തെരഞ്ഞുപോകുകയാണ്. ഏതാണ്ട് അതേസമയത്ത് തന്നെ പർവേസ് ലണ്ടനിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലെത്തിയിരുന്നു. സൗണ്ട് എൻജിനിയറിങ്ങിൽ തൽപരനായ പർവേസിനെ ഐസിസിന്റെ വീഡിയോദൃശ്യങ്ങൾ ചിത്രീകരിക്കുക എന്ന ഉത്തരവാദിത്തമാണ് സിറിയയിലെ റക്കയിൽ വെച്ചുകൊടുക്കുന്നത്.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

അച്ഛന്റെ വിവരങ്ങൾ കണ്ടുപിടിക്കാനും അദ്ദേഹത്തിന്റെ ജീവിതം മനസിലാക്കാനുമായി ഫാറൂഖിന്റെ കൂടെ ഇറങ്ങിത്തിരിച്ച പർവേസിന് എത്തിച്ചേർന്ന ഇടത്തിന്റെ ഭീകരത പതുക്കെ ബോധ്യപ്പെട്ടു. ആദർശപരവും പരിശുദ്ധവുമായ രാഷ്ട്രം നിർമ്മിക്കാൻ ജീവിതം ബലിയർപ്പിച്ച അച്ഛനെയും ഗോണ്ടിനാമോയിൽ തീക്ഷ്ണവും കഠിനവുമായ ക്രൂരതകളിലൂടെയും കടന്നുപോയ അനേകം പോരാളികളെ കുറിച്ചുള്ള പർവേസിന്റെ യൂട്ടോപ്യൻ സ്വപ്നമാണ് റക്കയിൽ തകർന്നത്.

കാലിഫേറ്റ് എന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ ബോധ്യപ്പെടുന്നതോടെ ഇറങ്ങിപ്പുറപ്പെട്ടത് അവിവേകമായെന്നു പർവേസിന് വ്യക്തമായി. ഏറെ വൈകാതെ, നിർഭാഗ്യവശാൽ ഇസ്താംബൂളിലെ ബ്രിട്ടീഷ് എംബസിക്കു മുന്നിൽ വെച്ച് പർവേസ് കൊല്ലപ്പെടുകയാണ്. എന്നാൽ ഔദ്യോഗിക ഭാഷ്യം അനുസരിച്ച് എംബസി ആക്രമിക്കാൻ വന്ന പർവേസ് എതിർ തീവ്രവാദപക്ഷവുമായുള്ള ഏറ്റുമുട്ടലിലാണ് മരിക്കുന്നത്.

സ്വാഭാവികമായും ഇക്കാരണം കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം അവന്റെ മൃതദേഹം ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ അനുവാദം നൽകിയില്ല. ബ്രിട്ടീഷ് പൗരനായ പർവേസിനെ ‘സൗകര്യപൂർവം' അവഗണിക്കുന്ന ഭരണകൂടത്തിനെതിരെ സമരം ചെയ്യാൻ അനീക സന്നദ്ധയാവുന്നു. കറാച്ചിയിലല്ല പർവേസിന്റെ ശവശരീരം അടക്കം ചെയ്യേണ്ടതെന്ന വാദത്തോടെ അവൾ മൃതദേഹത്തെ ചേർത്തുപിടിക്കുകയാണ്.അങ്ങനെ ആന്റിഗണിയുടെ കഥ പുനാരാവിഷ്‌കരിക്കുന്ന കഥാപാത്രമായി അനീക മാറുന്നു.

അനീക ‘ഒറ്റയാൾ പട്ടാളമായി' ചെയ്യുന്ന സമരത്തിൽ മറുപക്ഷത്തുള്ളവർ രാഷ്ട്രീയമായി യോജിക്കാതെ വരുമ്പോൾ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയുകയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള പർവേസിനെ ഐസിസ് ‘ബന്ധത്തിന്റെ' പശ്ചാത്തലത്തിൽ കൈവെടിയുന്ന അതേ ഭരണകൂടമാണ് സഹോദരൻ സിറിയയിലേക്ക് യാത്ര നടത്തിയ വിവരം കൂടി ആധാരമാക്കി വിമാനത്താവളത്തിൽ ഇസ്മയെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

മുസ്‌ലിം സ്ത്രീകളുടെ സ്വത്വബോധം

ഗ്രീക്ക് പുരാണത്തിലെ രാജകുമാരിയുടെ കഥയായ ആന്റിഗണിയുടെ.പുതിയ രൂപമാണ് കമീലയുടെ നോവൽ. അമ്മാവനായ രാജാവിന്റെ ആജ്ഞയും സഹോദരനെ അടക്കം ചെയ്യാനുള്ള കടമയും വ്യത്യസ്ത ധ്രുവങ്ങളിലാവുമ്പോൾ നിസ്സഹായയായിത്തീരുന്ന രാജകുമാരിയാണ് ഇതിലെ നായിക. പർവേസിന്റെ മൃതദേഹത്തിന് കാവലിരിക്കുന്ന അനീകയാണിവിടെ ആന്റിഗണിയുടെ സ്ഥാനത്ത്. മുസ്‌ലിം സ്ത്രീകളുടെ പുരോഗമനാത്മകമായ സ്വത്വബോധത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇസ്മയും അനീകയും. പൊതുയിടങ്ങളിൽ ശിരോവസ്ത്രം അണിയുന്ന ഇസ്മയും, പ്രാർത്ഥനയുടെ ക്രമം തെറ്റിക്കാത്ത അനീകയും മതചിഹ്നങ്ങൾ എന്നതിനേക്കാളും സ്വാസ്ഥ്യം പ്രദാനം ചെയ്യുന്ന രീതികളായിട്ടേ അവയെ കാണുന്നുള്ളൂ.

മതതീവ്രവാദവും ഇസ്​ലാമോഫോബിയയും കുടിയേറ്റക്കാർ അനുഭവിക്കുന്ന സംഘർഷങ്ങളും ചർച്ചയാവുന്ന ഹോംഫയർ കമീല ഷംസി എന്ന എഴുത്തുകാരിയുടെ ഇടം ശക്തമാക്കുന്ന ആഖ്യാനമാണ്. ഭീതിയുടെയും ഉത്കണ്ഠയുടെയും അധ്യായങ്ങൾ സ്റ്റേറ്റിനും ജനങ്ങൾക്കും ഇടയിൽ ഉരുവപ്പെടുത്തിയ ശ്മശാനത്വത്തെ ഇല്ലാതാക്കാൻ ഇനിയുള്ള കാലം സാധിക്കുമോ എന്ന ആശങ്ക കൂടെ പരോക്ഷമായി നോവലിൽ പങ്കുവെക്കുന്നുണ്ട്.

ഇതേ സമ്മർദ്ദം കുടുംബവും വ്യക്തികളും തമ്മിലും സ്ത്രീയും പുരുഷനും തമ്മിലും രൂപപ്പെടാവുന്നതേയുള്ളു. തദ്ദേശീയർക്ക് മാത്രം ജീവിക്കാവുന്ന രാജ്യമായി ബ്രിട്ടൻ മാറുന്നതിന്റെ പശ്ചാത്തലത്തിൽ, എഴുത്തിലൂടെയുള്ള അത്തരമൊരു സാഹചര്യത്തിന്റെ അടയാളപ്പെടുത്തലായി ഹോംഫയറിനെ ഉയർത്തിക്കാണിക്കാം.

ഭരണകൂടത്തിന്റെ രാഷ്ട്രീയവ്യവഹാരങ്ങൾ ഏകപക്ഷീയവും സ്വാർത്ഥവിചാരങ്ങളിൽ അധിഷ്ഠിതവും ആകുമ്പോൾ വ്യക്തികൾക്ക് പ്രതിലോമകരമായ ഒത്തുതീർപ്പുകളുടെ ഉടമ്പടി ഒപ്പിടേണ്ടി വരുന്നു. ആത്യന്തികമായ ലാഭത്തിന്റെ കർതൃത്വം സ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ വിറങ്ങലിച്ചുനിൽക്കാനേ പൗരർക്ക് സാധിക്കൂ. അമ്മയുടെ ഗർഭപാത്രം തൊട്ടേ ഒരുമിച്ചുണ്ടായ സഹോദരന്റെ നിശ്ചലമായ ശരീരത്തിന് മുന്നിൽ അനീക നിൽക്കുന്നത് പോലെയാണത്. കുടിയേറ്റം ചെയ്ത രാജ്യത്ത് സാമൂഹികമായ ഇണക്കപ്പെടലും പൊരുത്തക്കേടുകളും ജൈവികമായ വ്യവഹാരമല്ലാതായി തീരുന്നുണ്ടോ എന്ന സംശയമാണ് സ്റ്റുവർട്ട് ഹാളും കമീല ഷംസിയും നേരിട്ടും അല്ലാതെയും പ്രകടിപ്പിക്കുന്നത് എന്ന് വ്യക്തം.

Comments