പനാഹിയുടെ ‘കുറ്റം’, ശിക്ഷ; മതം എന്ന ഭരണകൂടം

പനാഹി ഇപ്പോൾ ജാമ്യത്തിലാണ് ഇറങ്ങിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കേസിന്റെ വിചാരണ മാർച്ചിലാണ് നടക്കുക. ഭരണകൂടത്തിനെതിരെ സർഗ്ഗാത്മകമായ വിമർശനമുന്നയിക്കുന്നവരെ തുറുങ്കുകളിലടക്കുന്ന നടപടികൾ ഈ കാലത്തും നിലനിൽക്കുന്നു എന്നത് ലജ്ജാകരമാണ്. ഇത് ഇറാന്റെ പ്രശ്നം മാത്രമായി ഒതുങ്ങുന്നില്ല. മതം രാഷ്ട്രത്തിന്റെ ഭരണാധികാരത്തിൽ ഇടപെടുന്ന എല്ലാ ദേശത്തെയും കലാകാരർക്ക് ഇന്നല്ലെങ്കിൽ നാളെ തടവറകളെയോ വെടിയുണ്ടകളെയോ നേരിടേണ്ടി വരുമെന്ന പാഠവും പനാഹിയുടെ 'കുറ്റ'വും ശിക്ഷയും നമ്മെ പഠിപ്പിക്കുന്നു.

റാനിലടക്കം ലോകമെമ്പാടും അക്രമത്തിനും അടിച്ചമർത്തലിനും വിധേയരായ മുഴുവൻ മനുഷ്യരെയും ഓർമ്മിച്ചുകൊണ്ടും മനുഷ്യസ്വാതന്ത്ര്യത്തെ എല്ലാറ്റിനുമുപരിയായി ഉയർത്തിപ്പിടിക്കുന്ന കലാകാരർക്കൊപ്പം നിലയുറപ്പിച്ചുകൊണ്ടുമാണ് കാൻ ഫിലിംഫെസ്റ്റിവൽ ഡയറക്ടർ തിയറി ഫ്രെമാക്‌സ്, ജാഫർ പനാഹിയുടെ ഫെബ്രുവരി മൂന്നിനുണ്ടായ ജയിൽമോചനത്തെ സ്വാഗതം ചെയ്തത്. ജാഫർ പനാഹിയുടെ ജയിലിലെ നിരാഹാരസമരവും അദ്ദേഹത്തെ താത്കാലിക ജാമ്യം നൽകി വിട്ടയച്ചതുമെല്ലാം, അന്താരാഷ്ട്ര മാധ്യമങ്ങളിൽ കലാകാരരുടെ സ്വാതന്ത്ര്യത്തെയും ലോകമാസകലം വ്യാപിക്കുന്ന ഭരണകൂട ഉരുക്കുമുഷ്ടിയുടെ കണ്ണിൽച്ചോരയില്ലായ്മയെയും ഒരിക്കൽക്കൂടി ലോകത്തിന് ബോധ്യപ്പെടുത്തി.

“ജാഫർ പനാഹിയുടെ താൽക്കാലിക മോചനം” എന്ന ശീർഷകത്തിൽ ഫെബ്രുവരി 3 ഉച്ചതിരിഞ്ഞ് തന്റെയും ജയിൽ മോചിതനായ തന്റെ
ഭർത്താവിന്റെയും ചിത്രം പനാഹിയുടെ ഭാര്യ തഹെരെ സെയ്ദി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് മൂന്നു ദിവസമായി പനാഹിയുടെ ജീവനെ ചൊല്ലി ലോകത്തിനുണ്ടായ വലിയ ആശങ്കയ്ക്ക് താത്കാലികമായെങ്കിലും വിരാമമായത്.
അവർ ആ പോസ്റ്റിൽ എഴുതി : ""ഇന്ന് വെള്ളിയാഴ്ച, ജാഫർ പനാഹിയുടെ നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം; അദ്ദേഹത്തിന്റെ കുടുംബം, ബഹുമാനപ്പെട്ട അഭിഭാഷകർ, ചലച്ചിത്ര മേഖലയിലെ സംഘടനകൾ, അവരുടെ പ്രതിനിധികൾ എന്നിവരുടെ പ്രയത്നത്താൽ ജാഫർ പനാഹിയെ എവിൻ ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിച്ചു''.
താത്കാലിക മോചനം എത്ര കാലത്തേക്കായിരിക്കും എന്നതിന്റെ സൂചനകളൊന്നും സെയ്ദിയുടെ കുറിപ്പിൽ കാണുന്നില്ല.

പനാഹിയുടെ ഭാര്യ തഹെരെ സെയ്ദി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം

2010 ലാണ്, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെയും ആധുനിക ഇറാനെ വിമർശിക്കുന്ന സിനിമകൾ നിർമ്മിച്ചതിന്റെയും പേരിൽ "വ്യവസ്ഥയ്‌ക്കെതിരായ പ്രചാരണം' എന്ന കുറ്റത്തിന് പനാഹി ശിക്ഷിക്കപ്പെടുന്നത്. രാജ്യം വിടുന്നതിനും സിനിമ ചെയ്യുന്നതിനും അദ്ദേഹത്തിന് വിലക്കേർപ്പെടുത്തി. രണ്ട് മാസത്തെ ജയിൽവാസത്തിനു ശേഷം, എപ്പോഴും അസാധുവാക്കാവുന്ന സോപാധികമായ വിടുതൽ ലഭിച്ച് അദ്ദേഹം ഒരർഥത്തിൽ വീട്ടുതടങ്കലിലാവുന്നു. ആ നിയന്ത്രണങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഒളിയുദ്ധംപോലെ പനാഹി തുടർച്ചയായി സിനിമകൾ രഹസ്യമായി നിർമ്മിച്ചു. ദിസ് ഈസ് നോട്ട് എ ഫിലിം, ക്ലോസ്ഡ് കർട്ടൻസ്, ടാക്സി, ത്രീ ഫേസസ്, നോ ബെയേർസ് തുടങ്ങിയ സിനിമകൾ ചലച്ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും നാളിതുവരെയുള്ള സങ്കൽപ്പങ്ങളെ കാറ്റിൽപ്പറത്തിയവ കൂടിയായിരുന്നു. അവ കാനിലും ബെർലിനിലും വെനീസിലും പുരസ്കാരങ്ങളും റെഡ് കാർപ്പറ്റ് സ്വീകരണവും ഏറ്റുവാങ്ങി. പനാഹി ഇറാൻ ഭരണകൂടത്തിന്റെ
കണ്ണിലെ പൊള്ളുന്ന കരടായി മാറിക്കൊണ്ടിരുന്നു.

2022 മെയ് 23 ന് അബാദാനിലെ മെട്രോപോൾ എന്ന പത്ത് നിലയുള്ള കെട്ടിടം തകർന്ന് 43 പേർ മരിക്കാനിടയായ സംഭവത്തിനെതിരെ ഇറാനിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ദുരന്തത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങൾ. കണ്ണീർവാതക പ്രയോഗവും അറസ്റ്റും കൊണ്ട് പൊലീസ് അവയെ നേരിട്ടു. ‘അഴിമതി, കൊള്ള, കാര്യക്ഷമതയില്ലായ്മ, അടിച്ചമർത്തൽ ഇവയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഭടന്മാർ ആയുധം താഴെ വെക്കണം' എന്ന് ഇറാനിലെ ഒരു സംഘം ചലച്ചിത്രപ്രവർത്തകർ ഒരു തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 2020 ൽ ബർലിൻ മേളയിൽ ‘ദേർ ഈസ് നോ ഈവിൾ' എന്ന ചിത്രത്തിന് ഗോൾഡൻ ബെയർ സമ്മാനം നേടിയ ഇറാൻ സംവിധായകൻ മൊഹമ്മദ് റസൂലോഫായിരുന്നു പ്രതിഷേധത്തിന്റെ മുന്നിൽ. ഇവരെ പിന്നീട് അറസ്റ്റു ചെയ്യുന്നതിനും ആറുവർഷത്തെ തടവിന് വിധിക്കുന്നതിനും ഇത് കാരണമായി.

മൊഹമ്മദ് റസൂലോഫ്

മൊഹമ്മദ് റസൂലോഫിന്റെയും സഹപ്രവർത്തകനായ മുസ്തഫാ അലി അഹമ്മദിന്റെയും കേസ് എന്തായെന്നറിയാൻ പ്രോസിക്യൂട്ടറുടെ ഓഫീസിൽ ചെന്നപ്പോഴാണ് പനാഹിയെ വീണ്ടും അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. പനാഹിയുടെ മോചനത്തിനായി ലോകത്താകമാനം വലിയ പ്രതിഷേധങ്ങളുണ്ടായി. രാഷ്ട്രത്തലവന്മാർവരെ അതാവശ്യപ്പെട്ടു. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് 62 കാരനായ പനാഹി ഈ ഫെബ്രുവരി ഒന്നു മുതൽ തടവിൽ മോചനം / മരണം വരെ നിരാഹാരം പ്രഖ്യാപിച്ചത്. നിരാഹാരം പ്രഖ്യാപിച്ചുകൊണ്ടുള്ള പനാഹിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ
ഭാര്യ തഹെരെ സെയ്ദിയും മകൻ പനാഹ് പനാഹിയും ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ജീവൻ കൊണ്ട് ഭരണകൂടത്തിന്റെ മനുഷ്യത്വരാഹിത്യത്തിനെതിരെ പോരാടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം ആ പ്രസ്താവനയിൽ പറഞ്ഞു. "ജുഡീഷ്യൽ, സെക്യൂരിറ്റി ഉപകരണങ്ങളുടെ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പെരുമാറ്റ രീതികളിലും നിരപരാധികളെ ബന്ദികളാക്കുന്നതിലും പ്രതിഷേധിച്ച്, ഫെബ്രുവരി ഒന്ന് രാവിലെ മുതൽ ഞാൻ നിരാഹാര സമരം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നു,' അദ്ദേഹം എഴുതി. "എന്റെ മോചനംവരെ ഭക്ഷണവും മരുന്നും ഒന്നും കഴിക്കാൻ ഞാൻ തയ്യാറാവില്ല. ഒരു പക്ഷേ എന്റെ ചേതനയറ്റ ശരീരം ജയിലിൽ നിന്ന് മോചിതമാകുന്നതുവരെ ഞാൻ ഈ അവസ്ഥയിൽ തുടരും'

രണ്ട് ദിവസത്തിനുള്ളിൽ ലോകമാസകലം പനാഹിയുടെ മോചനത്തിന് വേണ്ടിയുള്ള മുറവിളികളും പ്രതിഷേധങ്ങളും കനത്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച ജാഫർ പനാഹിയെ ഇറാൻ ഭരണകൂടം വിട്ടയച്ചത്.

പനാഹി ഇപ്പോൾ ജാമ്യത്തിലാണ് ഇറങ്ങിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കേസിന്റെ
വിചാരണ മാർച്ചിലാണ് നടക്കുക. ഭരണകൂടത്തിനെതിരെ സർഗ്ഗാത്മകമായ വിമർശനമുന്നയിക്കുന്ന പ്രതിഭാശാലികളെ കൽത്തുറുങ്കുകളിലടക്കുന്ന പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ നടപടികൾ ഈ കാലത്തും നിലനിൽക്കുന്നു എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. ഇത് ഇറാന്റെ
പ്രശ്നം മാത്രമായി ഒതുങ്ങുന്നില്ല. മതം രാഷ്ട്രത്തിന്റെ
ഭരണാധികാരത്തിൽ ഇടപെടുന്ന എല്ലാ ദേശത്തെയും കലാകാരർക്ക് ഇന്നല്ലെങ്കിൽ നാളെ തടവറകളെയോ വെടിയുണ്ടകളെയോ നേരിടേണ്ടി വരുമെന്ന പാഠവും പനാഹിയുടെ "കുറ്റ'വും ശിക്ഷയും നമ്മെ പഠിപ്പിക്കുന്നു.

Comments