ലിംഗമില്ലാത്ത പ്രണയം,
എസ്.എഫ്.ഐ പോസ്റ്റർ,
മത പൊലീസിങ്
ലിംഗമില്ലാത്ത പ്രണയം, എസ്.എഫ്.ഐ പോസ്റ്റർ, മത പൊലീസിങ്
എസ്.എഫ്.ഐ പോസ്റ്ററുകൾ തങ്ങളുടെ ധാർമിക ബോധ്യങ്ങൾക്ക് എതിരാണ് എന്ന് തോന്നുന്നവർക്ക് തീർച്ചയായും അതിനെ വിമർശിക്കാൻ ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷെ, ജനാധിപത്യ ബോധത്തിന്റെ കുഴപ്പം അത് എല്ലാ ദിശയിലുമുള്ള വിമർശങ്ങൾക്ക് ഇടം നൽകും എന്നതാണ്. അതുകൊണ്ടുതന്നെ മാറ്റമില്ലാതെ എക്കാലവും നിലനിൽക്കും എന്നുനാം കരുതുന്ന ധാർമിക സദാചാര ബോധ്യങ്ങൾ ജനാധിപത്യ വേദികളിൽ നിരന്തരം പരിശോധനയ്ക്ക് വിധേയമാകും.
15 Jan 2022, 11:14 AM
കാസർകോട് എൽ.ബി.എസ്. എൻജിനിയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ ഇറക്കിയ പോസ്റ്ററുകൾ മലയാളി സാമൂഹിക സദാചാര ബോധത്തിന് വലിയ വെല്ലുവിളിയായി മാറിയത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. അപ്പോഴാണ് ഒരു കോളേജ് വാധ്യാർ - അതും സോഷ്യോളജി പഠിപ്പിക്കുന്നയാൾ- ‘ലിബറൽ ചിന്താഗതി ഉള്ള പിള്ളേർ, എൽ.ജി.ബി.ടി ബന്ധങ്ങൾ സപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികൾ, ചുവന്ന തെരുവിലേക്കാണ് പോകുന്നത്’ എന്ന് ഓഞ്ഞ കാവ്യ ഭാഷയിൽ മൊഴിഞ്ഞത് കാണാനിടയായത്. നവ ജ്ഞാനോത്പാദന ഉത്തരവാദിത്വമുള്ള ക്ലാസിൽ പെടുന്ന ആളാണ് തന്റെ മുന്നിലിരിക്കുന്ന യുവ തലമുറയെ മറ്റേ കണ്ണുകൊണ്ട് നോക്കി അശ്ളീല കവനം നടത്തിയത്. അതിനെപ്പറ്റി എഴുതിയ ചെറു പ്രതികരണം എന്റെ ടൈം ലൈനിൽ ഇപ്പോഴും ഉണ്ട്. അതവിടെ കഴിഞ്ഞു എന്നാണ് കരുതിയത്.
എന്നാൽ മഴ തോർന്നാലും മരം പെയ്തു കൊണ്ടിരിക്കും എന്നാണല്ലോ. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ, തന്റെ വിദ്യാർത്ഥികളുടെ ചുവന്ന തെരുവിലേക്കുള്ള യാത്രയെപ്പറ്റി അവരുടെ അധ്യാപകന്റെ മണിപ്രവാള സാഹിത്യത്തിൽ അഭിരമിക്കുന്ന ആരാധകരുടെ ഹർഷാരവങ്ങൾ, എന്റെ മുൻ എഫ്.ബി ഫ്രണ്ട് ആയ മുഹമ്മദലി കിനാലൂരിന്റെ വിമർശനം തുടങ്ങിയവ സ്‌ക്രീൻ ഷോട്ടുകളുടെ രൂപത്തിൽ ചിലർ അയച്ചു തന്നു. അതിനോട് പ്രത്യേകം പ്രതികരിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദലി കിനാലൂർ പറയുന്നത് വെട്ടാൻ വരുന്ന പോത്തും കമ്യൂണിസ്റ്റ് ബുദ്ധിജീവികളും ഒരുപോലെയാണ് എന്നോ മറ്റോ ആണ്. ബോഫല്ലോ നാഷണലിസ്റുകളെ വിഷമിപ്പിക്കുന്ന പ്രസ്താവനയാണെങ്കിലും അത് പോട്ടെ എന്ന് കരുതാം. പക്ഷെ ഇവിടെ പൊതുവായി പരിഗണിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നു.
എസ്.എഫ്.ഐ പോസ്റ്ററുകൾ തങ്ങളുടെ ധാർമിക ബോധ്യങ്ങൾക്ക് എതിരാണ് എന്ന് തോന്നുന്നവർക്ക് തീർച്ചയായും അതിനെ വിമർശിക്കാൻ ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷെ, ജനാധിപത്യ ബോധത്തിന്റെ കുഴപ്പം അത് എല്ലാ ദിശയിലുമുള്ള വിമർശങ്ങൾക്ക് ഇടം നൽകും എന്നതാണ്. അതുകൊണ്ടുതന്നെ മാറ്റമില്ലാതെ എക്കാലവും നിലനിൽക്കും എന്നു നാം കരുതുന്ന ധാർമിക സദാചാര ബോധ്യങ്ങൾ ജനാധിപത്യ വേദികളിൽ നിരന്തരം പരിശോധനയ്ക്ക് വിധേയമാകും. എന്നു വെച്ചാൽ നമുക്ക് സൗകര്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു ടൂൾ അല്ല അതെന്നർത്ഥം.

എസ്.എഫ്.ഐക്കാർ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. അവർ സമൂഹത്തെ വിവിധ ഐഡൻറിറ്റികളുടെ ഒരു ക്ലസ്റ്റർ ആയല്ല കാണുന്നത്. വിവിധ കമ്യൂണിറ്റികൾ അവരവരുടെ മത- സാമൂഹിക - സാംസ്കാരിക ബോധ്യങ്ങൾക്കുള്ളിൽ പരസ്‌പര ബന്ധമില്ലാതെ ജീവിക്കുന്ന Bantustan അല്ല സോഷ്യലിസ്റ്റുകളുടെ സമൂഹ ഭാവന. അവർ വിവിധ സാമ്പത്തിക/സാമൂഹിക/സാംസ്കാരിക ശ്രേണികളെ മനുഷ്യർ മറികടക്കുന്നതും പുതിയ മാനവികത രൂപപ്പെടുന്നതും സ്വപ്നം കാണുന്നവരുമാണ്. അതിനാൽ തന്നെ ജാതി/വർഗ്ഗം മത/ലിംഗപരമായ / sexual preference എന്നിവ മനുഷ്യരെ വേർതിരിക്കാൻ / വിവേചനം കാണിക്കാൻ കാരണമാകരുത് എന്നവർ കരുതും. ഈയൊരു നിലപാടുള്ളതുകൊണ്ട് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ച് എൽ.ബി.എസ് എൻജിനിയറിങ് കോളേജിലെ എസ്.എഫ്.ഐക്കാർ ഇറക്കിയ പോസ്റ്ററിൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണാൻ കഴിയില്ല.
ഇനി നമുക്ക് രണ്ട് സാഹചര്യങ്ങൾ പരിഗണിക്കാം:
1. വ്യത്യസ്ത ജാതി/മത വിഭാഗത്തിൽ പെട്ട രണ്ട് ആളുകൾ അവർക്ക് വിവാഹിതരാവണം എന്ന ആവശ്യമുന്നയിച്ചു ഒരു സി.പി.എം ലോക്കൽ സെക്രട്ടറിയെയോ അല്ലെങ്കിൽ ഏതെങ്കിലും നേതാവിനെയോ സമീപിക്കുന്നു.
2. ഒരാൾ തനിക്ക് ഇസ്‌ലാം മതം സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഒരു മുസ്‌ലിം പണ്ഡിതനെ സമീപിക്കുന്നു.
ഈ രണ്ട് സാഹചര്യത്തിലും രണ്ട് കൂട്ടർ എങ്ങനെയാണ് പ്രതികരിക്കുക/ പ്രതികരിക്കേണ്ടത് ?
എന്റെ അഭിപ്രായത്തിൽ ഈ രണ്ട് സാഹചര്യത്തിലും അതിനോട് അനുകൂലമായി പ്രതികരിക്കാൻ രണ്ട് കൂട്ടർക്കും ബാധ്യതയുണ്ട്. കാരണം ഇസ്‌ലാം മതം സ്വീകരിക്കാൻ വരുന്ന ഒരു വ്യക്തിയെ സഹായിക്കാൻ വിശ്വാസികൾക്ക് മതപരമായ ബാധ്യതയുണ്ട്. അതുപോലെ തന്നെ സാമൂഹിക ശ്രേണികൾ മറികടന്ന് പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക് അതിനാവശ്യമായ പിന്തുണ കൊടുക്കാൻ സി.പി.എം നേതാവിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയം അവളെ / അയാളെ പ്രതിജ്ഞാബദ്ധനാക്കുന്നുണ്ട്. അതായത് ഈ രണ്ട് കൂട്ടരും ചെയ്യുന്നത് അവരുടെ മോറൽ - എത്തിക്കൽ കാഴ്ചപ്പാടിൽ ശരിയാണ്. അപ്രകാരം ചെയ്യാൻ വിസമ്മതിക്കുകയെങ്കിൽ രണ്ട് ഗ്രൂപ്പുകാരും അവരുടെ വിശ്വാസ സംഹിതയുടെ വലിയൊരു ഭാഗത്തോട് നീതി പുലർത്തുന്നില്ല എന്ന് കരുതേണ്ടി വരും. പിന്നെ ബാക്കിയാവുന്നത് ഈ രണ്ട് കൂട്ടരും പരസ്പരം നടത്തുന്ന വാല്യു ജഡ്ജ്മെന്റുകളാണ്. അത് എളുപ്പത്തിൽ പരിഹരിക്കാവുന്ന വൈരുദ്ധ്യം അല്ലല്ലോ.
മുകളിൽ കൊടുത്ത ഉദാഹരണത്തിൽ ഇടത് പാർട്ടി നേതാവ് കമിതാക്കളുടെ ആഗ്രഹത്തോട് അനുകൂലമായി പ്രതികരിച്ചില്ലങ്കിൽ അയാൾ /അവർ ഉൾപ്പെടുന്ന മോറൽ കമ്യൂണിറ്റിയെ അവഗണിച്ചു എന്ന് വിമർശിക്കാൻ സാധിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികൾ ഇവിടെ ഓർക്കാം. തുല്യതയും സ്ത്രീ അവകാശങ്ങളും ഉയർത്തിപ്പിക്കുന്ന കോടതി വിധിയോട് അനുകൂല നിലപാട് എടുക്കാൻ മാത്രമേ പാർട്ടിക്ക് കഴിയൂ. അപ്രകാരം ചെയ്തില്ലെങ്കിൽ ഇടത് പുരോഗമന മൂല്യങ്ങളെ അവഗണിച്ചു എന്ന ആരോപണം ഉണ്ടാകും. ഇനി കോടതി വിധി നടപ്പിലാക്കിയാൽ എന്താണ് സംഭവിക്കുക എന്നത് നാം നേരിൽ കണ്ടു കഴിഞ്ഞ കാര്യമാണ്.
കണ്ണൂരിൽ ഒരു ഹിന്ദു- മുസ്‌ലിം കല്യാണം പാർട്ടി പിന്തുണയിൽ നടത്തിയതും കാസർകോട് എൽ.ബി.എസിലെ പോസ്റ്ററും ഏതാണ്ട് ഒരുമിച്ചാണ് വന്നത്. അതുകൊണ്ട് വിമർശന പ്രതികരണങ്ങൾ ഈ രണ്ട് കാര്യങ്ങളെയും ചേർത്തു വെച്ചുകൊണ്ടാണ് വരുന്നത് എന്നത് മനസിലാവുന്നുണ്ട്. വിശ്വാസി സമൂഹത്തിൽ നിന്ന് വരുന്ന ഒരു പെൺകുട്ടി "വിശ്വാസ വിരുദ്ധമായ കാര്യങ്ങൾ' ചെയ്യുന്നതിന് എപ്രകാരമാണ് ഇടത് പുരോഗമന സമൂഹം ഉത്തരവാദിയാവുന്നത് എന്ന് വ്യക്തമല്ല. വിശ്വാസി സമൂഹത്തിൽ നിന്നു വരുന്ന ഒരു പെൺകുട്ടി അതിൽ നിന്ന് പുറത്തു പോകുന്നതിൽ വിശ്വാസി സമൂഹത്തിന് എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ? ഒരു മോറൽ കമ്യൂണിറ്റി എന്ന നിലയിൽ അവരുടെ പരാജയമായി അതിനെ കാണാനാകുമോ ?
വിശ്വാസികളും പുരോഗമന വാദികളും എന്ന ബൈനറി ഉണ്ടാക്കാൻ എനിക്ക് ഇഷ്ടമില്ല. പക്ഷേ ഒരു പോയൻറ് ഹൈലൈറ്റ് ചെയ്യാൻ വേണ്ടി അങ്ങനെ എഴുതുകയാണ്. ഒരു വിശ്വാസിയെ അയാളുടെ /അവളുടെ വിശ്വാസ സമൂഹത്തിനുള്ളിൽ തന്നെ നിലനിർത്താൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് ആ ഫെയ്ത് കമ്യൂണിറ്റി സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ഒരു റിലീജ്യസ് ഡോഗ്മയോട് മൗലീകമായ പ്രതിബദ്ധത ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നതിന് തുല്യമാണല്ലോ മത ബാഹ്യമായ വൈവാഹിക ജീവിതം തിരഞ്ഞെടുക്കുന്ന കുട്ടിയോടുള്ള പരുക്കൻ വിമർശനങ്ങൾ. ഈയൊരു നിലപാട് മറ്റ് പല സന്ദർഭങ്ങളിലേക്ക് വലിച്ചു നീട്ടിയാൽ സംഭവിക്കുന്ന കാര്യങ്ങൾ രസകരമായതാവാൻ വഴിയില്ല. ഒരു വിശ്വാസി റിലീജ്യസ് ഡോഗ്മയെ പിൻപറ്റാൻ തയ്യാറാവുന്നില്ല എന്നത് വിശ്വാസത്തിന്റെ സംരക്ഷകർ എന്ന് ഭാവിക്കുന്നവർ ആത്മവിമർശനത്തിന്റെ സ്വരത്തിൽ ഉള്ളിലേക്ക് നോക്കി ഉന്നയിക്കേണ്ട ചോദ്യമാണ്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ വ്യക്താക്കളെ സംബന്ധിച്ച് അപ്രസകതമായ ഒരു ഡൈലമ ആണിത്.
പൊതു ഇടങ്ങളിൽ ഇത്തരം വൈവിധ്യങ്ങളെ എപ്രകാരം അക്കോമഡേറ്റ് ചെയ്യാം എന്നതാണ് പൊതുവിൽ ലിബറലുകളുടെ പരിഗണന. ലിബറൽ എന്നതിനെ പരിഹാസ പദമായി ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം. മാർക്സിസ്റ്റുകാർ ലിബറലുകളെ വിമർശിക്കുന്നത് അവരുടെ മുതലാളിത്തത്തോടുള്ള കാഴ്ചപ്പാടിൽ ഉള്ള വ്യത്യാസങ്ങൾ മുൻ നിർത്തിയാണ്. അല്ലാതെ അവർ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ പുലർത്തുന്ന തുറന്ന, അയവുള്ള സമീപനങ്ങളെ കളിയാക്കൽ അല്ല അതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഹോളിവുഡ് സിനിമ കണ്ടിട്ട് അമേരിക്കൻ സ്ത്രീകളെപ്പറ്റിയുള്ള വാർപ്പു മാതൃകകൾ മനസിൽ കൊണ്ടു നടക്കുന്നവരെ പോലെയാണ് സ്ത്രീ - പുരുഷ ബന്ധത്തെ പറ്റിയുള്ള ലിബറൽ കാഴ്ചപ്പാടുകളെ തലകുത്തി നിന്ന് മനസിലാക്കി വിമർശിക്കുന്നവർ. വിശാലമായ, ഉദാരമായ, അയവുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾ ലൈംഗികതയുടെ പ്രിസത്തിലൂടെ മാത്രം വീക്ഷിക്കുന്നത് ലിബറൽ മൂല്യങ്ങളെ പറ്റിയുള്ള അബദ്ധധാരണകൾ മൂലമാണ്.

ഇടത് പുരോഗമന രാഷ്ട്രീയക്കാർക്കും ലിബറലുകൾക്കും ഒക്കെ അവർ ജീവിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തെ പറ്റിയുള്ള കാഴ്ച്ചകൾ മുന്നോട്ട് വെയ്ക്കാൻ അവകാശമുണ്ട്. ഇതും ഒരു വിശ്വാസ സമൂഹവും തമ്മിൽ മൂല്യങ്ങളുടെയും നിലപാടുകളുടെയും കാര്യത്തിൽ സംഘർഷമുണ്ടാകുമ്പോൾ അക്കോമഡേഷന്റെ വഴി നോക്കാൻ മാത്രമേ പറ്റൂ. അതിന് പകരം സ്ത്രീ പുരുഷ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവർ സ്ത്രീകളെ ചുവന്ന തെരുവിലക്ക് ആട്ടിതെളിക്കുകയാണ് എന്ന് ഉണ്ണിയച്ചി ചരിതം ചമ്പു രചിക്കുന്നവർ ഉദാരത ഇല്ലായ്മയുടെയും സഹിഷ്ണുത ഇല്ലായ്മയുടെയും തരിശുനിലങ്ങൾ പണിയുകയാണ്.
മതേതരവാദികൾ ന്യൂനപക്ഷമാണ്. എൽ.ജി.ബി.ടിക്കാർ ന്യൂനപക്ഷമാണ്, നിരീശ്വര വാദികൾ ന്യൂനപക്ഷമാണ്. മത ന്യൂന പക്ഷങ്ങൾ മാത്രമല്ല ന്യൂനപക്ഷത്തിൽ പെടുന്നത്.എൽ.ജി.ബി.ടി സമൂഹത്തിൽ പെടുന്നവർ അനുഭവിക്കുന്ന യാതനകൾ തികച്ചും യഥാർത്ഥമായ ഒന്നാണ്. ഇന്ത്യൻ മുസ്ലിംകൾ സംഘ് പരിവാറിൽ നിന്ന് നേരിടുന്ന മുസ്‌ലിം ഫോബിയയ്ക്ക് തത്തുല്യമായ അളവിൽ ഹോമോ ഫോബിയ അനുഭവിക്കുന്നവരാണ് ഇവിടുത്തെ എൽ.ജി.ബി.ടി സമൂഹം. അവരുടെ ബന്ധങ്ങൾ hetro sexual intimacy പോലെ സ്വാഭാവികമായ ഒന്നാണ് എന്ന് പോസ്റ്ററിലൂടെ എസ്.എഫ്.ഐക്കാർ പറയുമ്പോൾ അത് ഒരു തരത്തിലുള്ള സോളിഡാരിറ്റിയും സോഷ്യൽ സ്റ്റിഗ്മയ്ക്ക് എതിരായ രാഷ്ട്രീയ പ്രവർത്തനവും ആണ്. അല്ലാതെ നാളെ എല്ലാവരും എൽ.ജി.ബി.ടി ആകാനുള്ള ആഹ്വാനമല്ല.
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ജെയ്ക് സി. തോമസ്
Dec 07, 2022
6 Minutes Read
അപര്‍ണ ഗൗരി
Dec 06, 2022
7 Minutes Read
Truecopy Webzine
Nov 19, 2022
3 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ആദി
Jun 24, 2022
6 Minutes Read
ജയറാം ജനാര്‍ദ്ദനന്‍
May 21, 2022
6 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read