ട്രാൻസ്ജൻഡർ മരണങ്ങൾ നമ്മളെ പൊള്ളിക്കാത്തത്​ എന്തുകൊണ്ടാണ്​?

ഇഷ്ടമുള്ള ശരീരത്തിൽ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയമായ അനന്യകുമാരി എന്ന ട്രാൻസ് വ്യക്തിയുടെ മരണം കഴിഞ്ഞ് ഒരു വർഷമായിട്ടും, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്താനോ കേസെടുക്കാൻ പോലുമോ കഴിഞ്ഞിട്ടില്ല. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ട്രാൻസ് ജെൻഡർ സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകൾ അന്വേഷിക്കാൻ രൂപീകരിച്ച സ്വതന്ത്രാന്വേഷണ സംഘത്തിന്റ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ, ജൻഡർ അഫർമേഷൻ സർജറിക്ക് വിധേയമാകുന്നവരുടെ പ്രതിസന്ധികൾ സ്വന്തം ഗവേഷണാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതുകയാണ് ലേഖിക.

ബംഗളൂരുവിലെ തെരുവുകളിൽ വെച്ചാണ് അവരെ ആദ്യമായി ശ്രദ്ധിച്ചത്.
സ്ത്രീ സൗന്ദര്യത്തെ, ശരീരവടിവുകളെ പൂർണമായും ആഘോഷിക്കുന്ന, അലസതമായും എന്നാൽ സൂക്ഷ്മതയോടെയും വസ്ത്രം ധരിച്ച്​ ട്രാഫിക് സിഗ്‌നലുകളിൽ നിർത്തിയിട്ട വണ്ടികളുടെ ജനൽപാളികളിൽ തട്ടി ഭിക്ഷ യാചിക്കുന്ന അതീവ സുന്ദരികളായ ട്രാൻസ്ജൻഡറുകൾ!

ശരീരനിരോധനങ്ങളൊന്നുമില്ലാതെ ചടുലമായ തുറന്ന ശാരീരിക ഭാഷയായിരുന്നു അവർക്ക്. തുളുമ്പി തുറന്നുനിൽക്കുന്ന മാറിടങ്ങൾ, അവയ്ക്കിടയിലെ വിടവ്, നിറഞ്ഞ അരക്കെട്ട്, പെൺശരീരം മൊത്തം മൂടിപ്പൊതിഞ്ഞു നടക്കണമെന്ന പൊതുസമൂഹകാർക്കശ്യത്തെ വെല്ലുവിളിക്കുന്നപോലുള്ള നനുത്ത, ആകർഷണീയമായ വസ്ത്രധാരണരീതി. ‘ഇതാ ഞാൻ, ഇതാ ഞാൻ തെരഞ്ഞെടുത്ത ശരീരം’ എന്ന് വിളിച്ചു പറയുന്ന ധീരമായ സൗന്ദര്യം! ശരീരത്തെക്കുറിച്ചുള്ള മുൻവിചാരങ്ങളില്ലാതെ തുറന്ന ശാരീരിക ഇടം ഉപയോഗിച്ച് സ്വയം വഴിതെളിക്കുന്ന സ്ത്രീകൾ! കണ്ണു നിറയ്ക്കുന്ന കാഴ്ചയോടൊപ്പം അവരോടുള്ള കൗതുകമായിരുന്നു ആദ്യം.

ആൺ -പെൺ ജൻഡർ സംബന്ധമായ ആലോചനകളും എഴുത്തുകളും പതിവായിരുന്നെങ്കിലും എനിക്ക് ട്രാൻസ്ജൻഡറുകളെ അടുത്തറിയാവുന്ന സാഹചര്യങ്ങളുണ്ടായിട്ടില്ല. പിന്നീട് ബംഗളൂരുവിലെ ട്രാൻസ്ജൻഡറുകളുടെ ഘരാനകളെക്കുറിച്ചുള്ള ഗവേഷണത്തിൽ അവരുടെ ശരീരം, മനസ്സ്, സ്വപ്നങ്ങൾ, പ്രണയം, കാമം എന്നിവയ്ക്കൊക്കെയൊപ്പം നടന്നു. ഗവേഷണം അധ്യാപനത്തിന് കൂടുതൽ ഊർജ്ജം പകരുമെന്നും നവീകരിക്കുമെന്നുമൊക്കെ അറിഞ്ഞിട്ടും ഓരോ തവണയും ട്രാൻസ്ജൻഡറുകളുടെ വീടുകളിലും അവർ കൂട്ടം കൂടുന്ന നിരത്തുകളുടെ മൂലകളിലുമൊക്കെ പോയി വരുമ്പോൾ ശരീരവും മനസ്സും തളർന്നു. പതിനഞ്ചു തവണയൊക്കെ റേപ്പ്​ ചെയ്യപ്പെട്ടതും ബന്ധുക്കളാലും ആൺസുഹൃത്തുക്കളാലും അധ്യാപകരാലുമൊക്കെ ശാരീരികമായി ആക്രമിക്കപ്പെട്ടതും അമ്മയോ സ്ത്രീകളായ മറ്റു ബന്ധുക്കളോ പെൺ സുഹൃത്തുക്കളോ ഒളിച്ചുതരുന്ന ഭക്ഷണം മാത്രമായി വീട്ടു തടങ്കലിൽപ്പെട്ടതുമൊക്കെ നിസ്സംഗമായി പറഞ്ഞുതള്ളുമ്പോൾ, മറുചോദ്യം മറന്ന്​, ഗവേഷകയുടെ എത്തിക്‌സ് മടക്കിവെച്ച് ഞാൻ ബ്രേക്ക് എടുത്തു.

പിന്നീട് കുറച്ചു ദിവസങ്ങൾ അവരെ കാണാതെ അധ്യാപികയായി ഒളിച്ചു. എങ്കിലും അവരുടെ മറയില്ലാത്ത ജീവിതങ്ങളിൽ നിന്ന്​ മാറി നിൽക്കാനായില്ല. ‘ബന്നി അമ്മാ, മാത്താഡൊണ' (വരൂ, നമുക്ക് സംസാരിക്കാം)... സ്നേഹപൂർവമായ ഈ ക്ഷണം എന്നെ വീണ്ടും സോണി റെക്കോർഡറും കൊണ്ട് അവരുടെ അടുത്തേക്കെത്തിച്ചു. വളരെയധികം മോശമായ ഭൗതിക സാഹചര്യങ്ങൾ, കൂടിയ വാടക, അയൽപക്കക്കാരിൽ നിന്നുള്ള കുത്തുവാക്കുകളും അവഗണനയും, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അങ്ങനെ ഭൂതവും വർത്തമാനവും ഭാവിയുമൊക്കെ ഒട്ടും സുഖകരമല്ലാത്ത ജീവിതങ്ങൾ. എന്റെയുള്ളിലെ ആശങ്കയും അമ്പരപ്പും ഭയവുമൊക്കെ തിരിച്ചറിഞ്ഞതുപോലെ എന്നെ അവർ കൂടെക്കൂട്ടി. ആദ്യത്തെ അങ്കലാപ്പും ആവലാതിയുമൊഴിഞ്ഞു, പതിയെപ്പിതിയെ ഞാൻ അവരിലൊരാളായി. അവരുടെ ജീവിതത്തോടുള്ള ആർത്തിയും ശരീരത്തോടുള്ള കാമനയും എന്നെ പ്രചോദിപ്പിച്ചു. ഗവേഷണ സഹായിയായ ഷേർളിയാകട്ടെ ഓരോ യാത്രയിലും പുതിയ മനോനിലകളിലൂടെ തെളിഞ്ഞുകൊണ്ടിരുന്നു.

പ്രിയ സുഹൃത്ത്, അക്കെ പദ്മശാലിയുടെ ജൻഡർ അഫേർമേഷൻ സർജറിക്ക് ആശുപത്രിയിൽ കൂട്ടുപോയപ്പോൾ പടം പൊഴിച്ച് പുതുശരീരം സ്വീകരിക്കുന്ന അവളുടെ പ്രതീക്ഷ നേരിൽ കണ്ടു. താൻ ആൺശരീരത്തിൽ വസിക്കുന്ന പെണ്ണാണെന്ന് കൗമാരക്കാലത്ത്​ തിരിച്ചറിഞ്ഞിട്ടും പെൺ മനസ്സും ശരീരവുമാകാൻ കഴിയാതെ അവൾ ഒറ്റയ്ക്ക് നേരിട്ട ലൈംഗിക പീഡനങ്ങൾ, ആത്മഹത്യാ ശ്രമങ്ങൾ, അവഗണനകൾ എന്നിങ്ങനെ ഓരോന്നായി എന്റെ മനസ്സിലൂടെ കടന്നുപോയി. അവളുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മകനെ മതിയായിരുന്നു. സാരിയോ ചുരിദാറോ ധരിച്ച മീശ വെച്ച മകൻ അവർക്ക്​ അപമാനമായിരുന്നു. ഇത്തരം സ്വത്വ പ്രതിസന്ധിയിലൂടെ കടന്നു പോയ അവൾ സ്‌കൂളിലെ സുഹൃത്തുക്കൾക്കു കോമാളിയും അധ്യാപകർക്ക് ആക്രമിക്കാനുള്ള ഇരയുമായിരുന്നു. ഹൈസ്‌കൂളിലെ പഠനം ഉപേക്ഷിച്ച്​ ദിവസ വേതനത്തിന് ടൈൽസ് കമ്പനിയിൽ ജോലിക്കുപോയപ്പോഴാണ് കൂട്ട റേപ്പ്​അവൾ ആദ്യമായി അനുഭവിച്ചത്. പിന്നെ നാടുവിടൽ, അവളെപ്പോലെയുള്ള ട്രാൻസ്ജൻഡറുകളെ കണ്ടെത്തൽ, ഘരാനയിലെ ജീവിതം, സാമൂഹ്യ പ്രവർത്തനം എന്നിങ്ങനെ അക്കൈയുടെ ജീവിതം പെൺശരീരത്തിന്റെ പുതു പുത്തൻ സാധ്യതകളിലേക്ക് കടന്നു.

അക്കൈ പദ്മശാലിക്കൊപ്പം ഡോ. റ്റിസി മറിയം തോമസ്​

ജന്മവീട് വിട്ടിറങ്ങിപ്പോകേണ്ടി വരുന്ന ട്രാൻസ്ജൻഡറുകൾക്ക് സമാന്തര കുടുംബങ്ങളാണ് ഘരാനകൾ. ഇന്ത്യയിലും മറ്റു ചില അയൽരാജ്യങ്ങളിലും ഈ സമ്പ്രദായം ഇന്നും തുടരുന്നു. പുതുതായി ഘരാനയിലേക്കുവരുന്ന ട്രാൻസ്ജൻഡർ, ചേല എന്നാണ് വിളിക്കപ്പെടുന്നത്. അവർ ഒരു ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കണം. ആ ഗുരുവായിരിക്കും പിന്നീട് അവളുടെ അമ്മയും മനഃസാക്ഷി സൂക്ഷിപ്പുകാരിയും. ഒരു ഘരാനയിൽ ഒന്നിലധികം ഗുരുക്കളുണ്ട് . ആ ഗുരുക്കൾക്ക് മേലെയാണ് നായക്. ആകെയുള്ള ഏഴു ഘരാനകൾ അങ്ങനെ ഏഴു നായക്കുകളുടെ പരമാധികാരത്തിലാണ് പ്രവർത്തിക്കുന്നത്. ജമാത്ത് എന്ന നിയമസമ്പ്രദായവും ഘരാനകൾക്കുണ്ട്.

എന്റെ ഗവേഷണ പഠനം ഘരാനകളിലായിരുന്നതുകൊണ്ട് അതേക്കുറിച്ചു പറയാനേറെയുണ്ട്. അക്കൈയുടെ ഗുരു മലയാളി കൂടിയായ ജെറീനാമ്മയായിരുന്നു. അന്ന് അമ്പതു വയസ്സോളം പ്രായമേ ഉണ്ടായിരുന്നുള്ളു എങ്കിലും പല തരം അസുഖങ്ങൾ അവർക്കുണ്ടായിരുന്നു. തികച്ചും ക്ഷീണിതയായിരുന്ന ജെറീനാമ്മ എന്നിട്ടും മണിക്കൂറുകളോളം സംസാരിച്ചു. ജൻഡർ അഫേർമേഷൻ സർജറി പോലെയുള്ള വലിയ തീരുമാനങ്ങളിൽ ഘരാനകളുടെ പങ്കാളിത്തം നിർണായകമാണ്. ഒരു പൊതു തത്വം ഈ കാര്യത്തിൽ മുന്നോട്ടുവെക്കാനാവില്ലെങ്കിലും ഒരു ട്രാൻസ്ജൻഡറിനെ സംബന്ധിച്ച്, ഘരാന അവരുടെ സ്വന്തം വീട് തന്നെയാണ്.

ജെറീനാമ്മയോടും (ഗുരു) അക്കായി പദ്മശാലിയോടുമൊപ്പം (ചേല) ഡോ. റ്റിസി മറി്യം തോമസ്​

ജൻഡർ അഫേർമേഷൻ സർജറിയുടെ വിശ്രമത്തിനു ശേഷം നടത്തുന്ന ജൽസ ചടങ്ങിൽ ക്ഷണിക്കപ്പെട്ടപ്പോൾ അവൾ പറഞ്ഞത് ഞാനെന്ന പെണ്ണിന്റെ വിവാഹമാണിന്ന് എന്നാണ്. മനസുകൊണ്ട് എന്നേ പെണ്ണായി മാറിയ അവൾ ശരീരം കൊണ്ടും പെണ്ണാകുന്നതിന്റെ ആദ്യ പടിയാണിത്. അപരിചിതത്വം പ്രകടിപ്പിക്കാതെ കമ്മ്യൂണിറ്റിയിലെ പരിചയമുള്ള മറ്റു പല സുഹൃത്തുക്കളോടും ചിരിച്ച്​ അകത്തേക്ക് കയറി. പെണ്ണിൽ നിന്ന്​ ആണായി മാറിയ ഒരുവന്റെ (Female to Male) വീട്ടിലായിരുന്നു ജൽസ ഒരുക്കിയിരുന്നത്.

നവവധുവായി തല നിറയെ മുല്ലപ്പൂ ചൂടി, പച്ച സാരിയും പച്ച വളയുമണിഞ്ഞ്​ഇരുകാലുകളും അകത്തി ഭിത്തിയിൽ ചാരിയിരിക്കുന്ന അവളെ കണ്ട്​അന്ധാളിച്ചു പോയ എന്നെ ‘ബന്നി റ്റിസി അമ്മാ, ഒളഗഡെ ബന്നി, കൂത്ത് കൊള്ളി' (വരൂ, അകത്തേക്ക് വരൂ, ഇരിക്കൂ) എന്നാശ്വസിപ്പിച്ചു.
കുർത്തയും അതിനെ മറക്കുന്ന ദുപ്പട്ടയുമിട്ടു കണ്ടിരുന്ന അവളെനിക്ക് സാരിയിൽ ആദ്യമായിരുന്നു. ആകെ മാറിയ ഒരു ഭാവം, ഒരു പ്രത്യേക ചിരിയും സന്തോഷവും. ഇത്രയും പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയമായതിന്റെ യാതൊരു ആലസ്യവും മടുപ്പും അവളിൽ കണ്ടില്ല. സർജറിക്കുശേഷമുള്ള വേദനയെയും അസ്വസ്ഥതയേയും അക്കൈ എങ്ങനെ സഹിക്കുന്നുവെന്ന്​ ഞാനാലോചിച്ചു.

അതേസമയം, അവളുടെ പുതിയ യോനിയെ കാണാനുള്ള കൗതുകത്തെ പാകത കൊണ്ട് മറക്കേണ്ടിയുമിരുന്നു. വന്ന അതിഥികൾ ഓരോരുത്തരായി അവളുടെ അകത്തിയ കാലുകൾക്കിടയിലും തലയിലും നോട്ടുകൾ കൊണ്ട് ആരതിയുഴിഞ്ഞ്​ സമ്മാനം നൽകി. കാഴ്ചക്കാരിയായി ഇരിക്കാൻ വയ്യാതെ ഞാനും പേഴ്‌സ് തുറന്നു ഒരു തുക എടുത്തു. അവളുടെ മുഖത്തേക്കല്ലാതെ കാലുകൾക്കിടയിലേക്കു നോക്കാനാവുന്നില്ലായിരുന്നു. ‘പർവായില്ലമ്മ, നോടു ബേട' (സാരമില്ല, നോക്കണമെന്നില്ല ) അവൾ പറഞ്ഞു. കസേരയിലേക്ക് മാറിയിരുന്ന് പിന്നീട് അവളുടെ ആൺലിംഗം മുറിച്ചു മാറ്റിയ വലിയ പാടും, വച്ചുപിടിപ്പിച്ച അവളുടെ പുതിയ യോനിയും ഞാൻ ഒളിഞ്ഞും പിന്നീട് വിസ്തരിച്ചും കണ്ടു. കാലകത്തി വെച്ച് ക്ഷീണിച്ച അവൾ പിന്നീട് ഓരോ അതിഥിയുടെയും വരവിന്റെ സമയത്തുമാത്രം കാലുകളകത്തി.

ജൽസക്കുള്ള തയ്യാറെടുപ്പ്

അവളെ കാണാനും ആശീർവദിക്കാനും വന്ന ഓരോ അതിഥികളും കൂട്ടുകാരും ഓരോ പുതുശരീരമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഭിക്ഷ യാചിച്ചും ലൈംഗിക വൃത്തി ചെയ്തും പട്ടിണി കിടന്നും അവർ സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകൾ കൊണ്ട് നേടിയ പുതിയ ശരീരങ്ങൾ! അവയെ അവർ അത്യന്തം സുന്ദരമാക്കിയിരിക്കുന്നു. ഒരു ഉത്സവത്തിനെന്ന പോലെ അടിമുടി അലങ്കരിച്ചിരിക്കുന്നു.

ജൽസയുടെ വേളയിൽ

ജൽസയുടെ ആചാരങ്ങൾ വൈജാത്യമുള്ള ഒരു ആൾക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു. പലതരം ശരീരങ്ങൾ, വേഷവിധാനങ്ങൾ, ഓരോരുത്തരും കഷ്ടപ്പെട്ട് നേടിയെടുത്ത വിലപിടിപ്പുള്ള ഐഡന്റിറ്റികൾ. തികച്ചും ലളിതവും, ചടങ്ങുകളുടെ അന്തഃസ്സത്ത ചോരാത്ത രീതിയിലുമുള്ള പ്രാർത്ഥനകൾ സന്തോഷി മാതായുടെ ദർശനത്തോടെ അവസാനിച്ചു. ‘ജയ് ജയ് മാതാ, സന്തോഷി മാതാ' എന്ന് എന്റെ സുഹൃത്തിന്റെ പച്ചസാരിയിൽ തൊട്ടുഴിഞ്ഞു ഞാൻ ആഗ്രഹിച്ചു. അവളുടെ വേദന നിറഞ്ഞ എല്ലാ അവയവങ്ങൾക്കും സന്തോഷി മാതാ സുഖം കൊടുക്കട്ടെ, അവളുടെ ഇത്രയും നാളത്തെ കാത്തിരിപ്പിന്, പ്രതീക്ഷകൾക്ക് ഈ പുതു ശരീരം കാവലാവട്ടെ.

സന്തോഷി മാതാ ദർശനം

ഒരുപക്ഷെ ട്രാൻസ്ജൻഡറുകൾക്കും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങൾക്കും അവരുടെ അനുഭാവികൾക്കും മാത്രം സംവേദിക്കാൻ കഴിയുന്ന ഒരു വിഷയമാണ് ശരീരമാറ്റത്തിന്റെ തീവ്രമോഹം. ജൻഡർ അഫേർമേഷൻ സർജറിയൊക്കെ ഇത്രയും സാധാരണമാവുന്നതിനു മുന്നേ, ആണി ൽ നിന്നും പെണ്ണിലേക്കു മാറാനുള്ള പരമ്പരാഗതമായ ദായമ്മ സമ്പ്രദായത്തിന്റെ ദുരന്തം നിറഞ്ഞ അനുഭവമുള്ള ഒരുവളെയും കണ്ടെത്തി ആ കൂട്ടത്തിൽ. അരക്കു താഴെ ചോര ചീറ്റിയൊലിച്ചു പ്രാണൻ വാർന്നൊലിക്കുന്ന ആ നിമിഷങ്ങളിൽ, മരണം മുഖാമുഖം കണ്ടിട്ടും അത്രക്കും തീവ്രമായ പെൺശരീരമെന്ന സ്വപ്നമാണ് അവളെ അതൊക്കെ സഹിക്കാൻ ശക്തയാക്കിയത്. മരിച്ചു പോയിരുന്നെങ്കിലും പെണ്ണായി മരിക്കണമെന്ന ആഗ്രഹമായിരുന്നു അവളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

നയന: ദായമ്മ സമ്പ്രദായത്തിലൂടെ പെൺ ശരീരം നേടിയവൾ

ജൻഡർ അഫേർമേഷൻ സർജറിയുടെ ചെലവ് താങ്ങാനാവാത്ത എത്രയോ പേർ ഇപ്പോഴും ദായമ്മ രീതിയിലൂടെ ജീവിതത്തിനും മരണത്തിനും ശരീരത്തെ എറിഞ്ഞു കൊടുത്തു കൊണ്ടേയിരിക്കുന്നു! ആരാലും രേഖപ്പെടുത്താത്ത, ആരും കാണാത്ത ഇത്തരം സംഭവങ്ങൾ എണ്ണമറ്റതാണ്.

ഉടലിനോടും സ്വന്തം മനസ്സിനോടും ഇത്രയധികം നീതി പുലർത്തുന്ന അവളിൽനിന്നു എന്റെ വിചാരങ്ങൾ മലയാളിയുടെ നഗ്‌നശരീരങ്ങളോടുള്ള മനോഭാവങ്ങളിലേക്കു കടന്നു. ആണും പെണ്ണുമെന്നൊക്കെ വീമ്പിളക്കി പല പല ചേരി തിരിച്ചു ജൻഡറിനെ സമീപിക്കുമ്പോഴും സ്വന്തം ഉടലിനോട് പ്രത്യേകിച്ച് നഗ്‌ന ശരീരത്തോടുള്ള സ്വത്വ ആലോചനകൾ മലയാളിക്ക് എവിടെയും എത്തിയിട്ടില്ല. അതേ സമയം ട്രാൻസ്ജൻഡറുകൾ, സ്വപ്നം കാണുന്ന ശരീരം സ്വായത്തമാക്കാനും അവയെ ആഘോഷമാക്കാനും എന്തും ചെയ്യുന്നു!

ഏകാന്തശരീരങ്ങൾ

അക്കൈയുടെ ശരീരമാറ്റത്തിന്റെ ഓർമകളിൽ ചെന്നുപെട്ട് അവിടെത്തന്നെ ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട് ഇപ്പോൾ മാസങ്ങളായി. ആശുപത്രിയേയും ആധുനിക വൈദ്യ സൗകര്യങ്ങളേയും പരിപൂർണമായി വിശ്വസിച്ചു, ശരീരത്തെ പെണ്ണാക്കാൻ ഏൽപ്പിച്ചു കൊടുത്ത അനന്യയുടെ മരണം ഏൽപ്പിച്ച ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല. കൂടുതൽ സുന്ദരമാക്കാനും പൂർണത നേടാനും ശ്രമിച്ച അവൾ ഏകാകിയായി വളരെ നേരത്തെ മടങ്ങിപ്പോയി. ജൻഡർ അഫേർമേഷൻ സർജറി സങ്കീർണവും കടുത്ത പാർശ്വഫലങ്ങളുള്ളതുമാണ്. വർഷങ്ങളോളം നീണ്ട മാനസികവും ശാരീരികവുമായ തയ്യാറെടുപ്പും മനസ്സൊരുക്കവും ആവശ്യമുണ്ട്. പരിപൂർണ പാകതയും സമ്മതവും ജാഗ്രതയും വിധേയരാകുന്നവർക്ക് ഉണ്ടാവേണ്ടതാണ്. എന്നാൽ, ഏതൊരു ശസ്ത്രക്രിയയും പോലെ ജൻഡർ അഫേർമേഷൻ സർജറിക്കും ഒരു സാമൂഹ്യതലമുണ്ട്. ആ പ്രക്രിയയിൽ ഏർപ്പെടുന്ന എല്ലാവർക്കും ആ ഉത്തരവാദിത്തം തുല്യമാണ്. ഇവിടെ അനന്യ ആന്തരികമായി തനിയെയായിരുന്നു ഇതിൽ കൂടിയൊക്കെ കടന്നുപോയതെന്ന് മനസ്സിലാക്കുമ്പോൾ അവൾ അവശേഷിപ്പിച്ചു പോയ ചോദ്യങ്ങൾക്കു മൂർച്ചയേറുകയാണ്.

അനന്യ കുമാരി

ജൻഡർ അഫേർമേഷൻ സർജറിക്കുവേണ്ടിയുള്ള സ്വരുക്കൂട്ടൽ സ്വന്തമായി ഒരു ഐഡന്റിറ്റി കാർഡ് പോലുമില്ലാത്ത പലർക്കും ഒരു ജീവിത തപസ്യയാണ്. ഊണും ഉറക്കവും വെടിഞ്ഞു ഭിക്ഷ യാചിച്ചും, രാവോ പകലോ എന്നില്ലാതെ ലൈംഗിക വൃത്തി ചെയ്തും, ഏതു തരത്തിലുള്ള ജോലി ചെയ്തും അവർ ഒരു പണത്തുട്ടുകളും എണ്ണിപ്പെറുക്കി ശേഖരിക്കുന്നു. ഘരാനകൾ പോലെയുള്ള സമാന്തര കുടുംബ സങ്കല്പത്തിന്റെ ഭാഗമാകുന്ന ട്രാൻസ്ജൻഡറുകൾക്കു ഈ പ്രക്രിയ ഒരേസമയം ബുദ്ധിമുട്ടേറിയതും അതോടൊപ്പം പിന്തുണ ലഭിക്കുന്നതുമാണ്. പലരുടെയും ജീവിതങ്ങളുടെ നേർക്കാഴ്ച സൂചിപ്പിക്കുന്നത് ഈ പ്രക്രിയയിൽ ഓരോരുത്തരും ഏകാന്തരാണെന്നു തന്നെയാണ്. ഒപ്പം കൈ പിടിച്ച്​, ശരീരത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കൂട്ടാവാൻ അവർക്കു ചുറ്റും എല്ലാവരും ഉണ്ടാവുമെങ്കിൽ നമുക്കിനിയും അനന്യമാരെ ബലി കൊടുക്കാതെ സൂക്ഷിക്കാം.

അനന്യയുടെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണങ്ങൾ ഊർജ്ജിതമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്​, ആഗ്രഹിക്കുന്ന ശരീരം സമ്പാദിക്കാനും സൂക്ഷിക്കാനും ട്രാൻസ്ജൻഡറുകൾക്ക് എല്ലാ തരത്തിലുമുള്ള സാമൂഹ്യപിന്തുണ ഉറപ്പാക്കേണ്ടതാണ്. തുടർന്നുകൊണ്ടേയിരിക്കുന്ന ട്രാൻസ്ജൻഡറുകളുടെ മരണങ്ങൾ പൊതുസമൂഹമനസ്സാക്ഷിയിൽ ഒരു ചലനം പോലും ഉണ്ടാകാത്തത് ഒരു പക്ഷെ ഇവർ നേരിടുന്ന ശാരീരിക മാനസിക വെല്ലുവിളികളെ തിരിച്ചറിയാത്തതു കൊണ്ടാവും.

ഇഷ്ടമുള്ള ശരീരം അന്വേഷിച്ചുപോയതിന്റെ പേരിൽ പൊലീസും പൊതുസമൂഹവും നിന്ദിച്ചും അവഹേളിച്ചു കാറിത്തുപ്പിയും ലാത്തി കുത്തിക്കയറ്റിയും സിഗരറ്റ് വെച്ച് പൊള്ളിച്ചും റേപ്പ്​ ചെയ്തും പരസ്യമായി നഗ്‌നരാക്കുകയും ചെയ്ത ചരിത്രമുള്ളവരാണ് ട്രാൻസ്ജൻഡറുകൾ. ആ ശരീരങ്ങൾ അല്ലാതെ മറ്റേതു ശരീരമാണ് സമൂഹത്തിനു മുന്നിൽ തുണിയുരിഞ്ഞു നിൽക്കേണ്ടത്!? നിങ്ങൾ അവഹേളിച്ച ശരീരമാണിതിന്നെന്നു ഉറക്കെ പറയേണ്ടത്!? ആ ശരീരങ്ങളോടല്ലാതെ മറ്റാരോടാണ് പൊതു സമൂഹം മാപ്പു പറയേണ്ടത്!?

Comments