സ്മാരകം പള്ളിയാക്കുമ്പോൾ തുർക്കി, ഇന്ത്യ ഭായി ഭായി

ഇസ്താംബൂളിലെ പ്രശസ്തമായ ഹാഗിയ സോഫിയ എന്ന മ്യൂസിയം എർദ്വാൻ പള്ളിയാക്കിയതിനെ ന്യായീകരിക്കുകയാണ് കേരളത്തിലെ ചില ഇസ്‌ലാമിസ്റ്റുകൾ. ബാബരി മസ്ജിദിന് പുറകെ മഥുരയിലെയും കാശിയിലെയും പളളികൾ കൂടി വിട്ടുകിട്ടണമെന്നാവശ്യവുമായി ഇപ്പോൾ കോടതി കയറിയിട്ടുളളവരും തുർക്കിയിലെ മത ദേശീയ വാദികളും തമ്മിൽ എന്താണ് വ്യത്യാസം?

ത് നമസ്‌കാരം നടക്കുന്ന പളളിയായി മാറും. എർദ്വാൻ വൈകാതെ അത് നടപ്പിലാക്കുക തന്നെ ചെയ്യും.' ഇസ്താംബൂളിലെ പ്രശസ്തമായ ഹാഗിയ സോഫിയ(അയാ സോഫിയ)യുടെ അകം ചുവരുകളിലെ ക്രിസ്തീയ ചുവർചിത്രങ്ങളും ഇസ്​ലാമിക കാലിഗ്രഫിയും കണ്ട് നിൽക്കുമ്പോൾ അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. 2017-ൽ തുർക്കി സന്ദർശനത്തിനിടെ ഹാഗിയ സോഫിയക്കകത്ത് കയറിയപ്പോഴാണ് ജീവനക്കാരനിൽ നിന്ന് ഇതുകേട്ടത്. അന്ന് എർദ്വാൻ അധികാരത്തിലേറിയിട്ട് 14 വർഷം തികഞ്ഞിരുന്നു. ആദ്യം പ്രധാനമന്ത്രിയായിരുന്ന എർദ്വാൻ പ്രസിഡന്റായിട്ട് മൂന്നുവർഷവും പിന്നിട്ടിരുന്നു. ദേശീയതയും മതവും കൂട്ടിക്കലർത്തിയുളള എർദ്വാന്റെ രാഷ്ട്രീയ പ്രവർത്തനം തുർക്കിയിലെ നല്ലൊരു വിഭാഗത്തെ സ്വാധീനിച്ചു കഴിഞ്ഞുവെന്നതിന്റെ തെളിവായിരുന്നു മ്യൂസിയം ജീവനക്കാരന്റെ വാക്കുകൾ. അന്നയാൾ ആത്മവിശ്വാസത്തോടെ പ്രവചിച്ചത് എർദ്വാൻ ഇപ്പോൾ നടപ്പിലാക്കി. ഏതോ ഒരു ജീവനക്കാരന്റെ വാക്കുകൾ എടുത്തുദ്ധരിച്ചല്ല തുർക്കിയിലെ ഭരണത്തെ വിലയിരുത്തേണ്ടതെന്ന് പറഞ്ഞ് അന്നെഴുതിയ ലേഖനത്തെ വിമർശിച്ച മലയാളികളായ എർദ്വാൻ ആരാധകർ ഇപ്പോൾ മ്യൂസിയം പളളിയാക്കിയ മാറ്റിയതിനെ പുതിയ വാദങ്ങളുന്നയിച്ച് ന്യായീകരിക്കുകയാണ്.

ഹാഗിയ സോഫിയ

മത ദേശീയവാദികൾ തമ്മിൽ എന്താണ് വ്യത്യാസം
സുൽത്താൻ മെഹ്മദ് രണ്ടാമൻ പണം കൊടുത്തു വാങ്ങിയതാണ് ഹാഗിയ സോഫിയയെന്നും അതുകൊണ്ട് മുസ്‌ലിംകൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് പ്രധാന വാദം. തുർക്കിയിലെ മത-ദേശീയ വാദികൾ വർഷങ്ങളായി ഉന്നയിക്കുകയും എർദ്വാന് വിധേയപ്പെട്ട കോടതി അംഗീകരിക്കുകയും ചെയ്ത വാദമാണിത്.

തുർക്കിയിലെ സംഭവത്തെ അനുകൂലിക്കുകയും ഇന്ത്യയിലേതിനെ എതിർക്കുകയും ചെയ്യുന്ന നിലപാടിനെ ഇരട്ടതാപ്പെന്നാണ് പറയുക

തുർക്കിയിലെ ഉന്നത കോടതി ആ വാദം അംഗീകരിച്ചാണ് 85 വർഷത്തിലധികം ചരിത്രസ്മാരകമായി മാത്രം നിലകൊണ്ട ഹാഗിയ സോഫിയയുടെ മ്യൂസിയമെന്ന പദവി എടുത്തുകളഞ്ഞത്. തൊട്ടുടനെ സ്മാരകത്തെ പളളിയായി പ്രഖ്യാപിച്ച് എർദ്വാൻ കെട്ടിടത്തിന്റെ ചുമതല സാംസ്‌കാരിക വകുപ്പിൽ നിന്ന് മതകാര്യവകുപ്പിലേക്ക് മാറ്റി. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കോടതി വിധിയിലെ അനീതി ഹാഗിയ സോഫിയ കോടതി വിധിയിലുമുണ്ടായത്, ഭൂരിപക്ഷത്തിന്റെയും ഭരിക്കുന്നവരുടെയും സ്വാധീനത്തിന് നീതിപീഠം വഴങ്ങിയതു കൊണ്ടാണ്. പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കും ഉടമസ്ഥതയിലേക്കും പുരാതന നിർമിതികളെ കൊണ്ടുപോകണമെന്ന വാദമുന്നയിക്കുന്നവർ അതേവാദം എല്ലാ രാജ്യങ്ങളിലെയും മത ദേശീയ വാദികൾക്ക് ഉന്നയിക്കാൻ അവകാശമുണ്ടെന്ന് പറയുമോ? ബാബരി മസ്ജിദിന് പുറകെ മഥുരയിലെയും കാശിയിലെയും പളളികൾ കൂടി വിട്ടുകിട്ടണമെന്നാവശ്യവുമായി ഇപ്പോൾ കോടതി കയറിയിട്ടുളളവരും തുർക്കിയിലെ മത ദേശീയ വാദികളും തമ്മിൽ എന്താണ് വ്യത്യാസം? തുർക്കിയിലെ സംഭവത്തെ അനുകൂലിക്കുകയും ഇന്ത്യയിലേതിനെ എതിർക്കുകയും ചെയ്യുന്ന നിലപാടിനെ ഇരട്ടതാപ്പെന്നാണ് പറയുക.

ഹാഗിയ സോഫിയക്ക് സമീപം കെ.ടി. നൗഷാദ്‌

ചരിത്രം കിളച്ച് പുറകോട്ടു പോകുകയാണെങ്കിൽ ഹാഗിയ സോഫിയ ഏറ്റവും കൂടുതൽ കാലം നിലനിന്നത് ക്രിസ്ത്യൻ ദേവാലയമായിട്ടാണെന്ന് കാണാൻ കഴിയും. 500 വർഷത്തോളം മാത്രമാണ് മുസ്‌ലിം ആരാധനാലയം എന്ന നിലയിലുളള പാരമ്പര്യം പറയാനുളളതെങ്കിൽ ക്രിസ്ത്യൻ ദേവാലയമെന്ന നിലയിൽ 900 വർഷത്തെ ചരിത്രം പറയാനുണ്ട് ഹാഗിയ സോഫിയക്ക്. വൈദേശിക ആക്രമണത്തിലൂടെ നഷ്ടമായ ചരിത്രവും സംസ്‌കാരവും തിരിച്ചുപിടിക്കണമെന്ന ഇന്ത്യൻ മത ദേശീയ വാദികളുടെ വാദം തന്നെയാണ് തുർക്കിയിലെ മത ദേശീയവാദികളും മുന്നോട്ടുവെക്കുന്നത്. എർദ്വാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ വെൽഫെയർ പാർട്ടിയും അത് നിരോധിക്കപ്പെട്ടപ്പോൾ അദ്ദേഹം സ്ഥാപിച്ച എ.കെ.പിയുമൊക്കയാണ് ബഹുസ്വരതക്കും മതേതരത്വത്തിനുമെതിരായ ഇത്തരം ആശയ പ്രചാരണങ്ങൾക്ക് പിന്നിൽ.

ലോകത്തിന് ആശങ്കയുണ്ട്
അമ്പലമാക്കി മാറ്റേണ്ട പളളികളുടെയും സ്മാരകങ്ങുടെയും ലിസ്റ്റുമായി ഇന്ത്യൻ മത ദേശീയ വാദികൾ പ്രചാരണം നടത്തുന്നതുപോലെ തന്നെയാണ് തുർക്കിയിലെ മത ദേശീയ വാദികളുടെയും പ്രചാരണം. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മതം കൊണ്ട് കളിക്കുന്ന എർദ്വാന്റെ ഭരണത്തിന് കീഴിൽ പളളിയാക്കി മാറ്റപ്പെടുന്ന നാലാമത്തെ ചരിത്രസ്മാരകമാണ് ഹാഗിയ സോഫിയ. കഴിഞ്ഞ നവംബറിൽ ഇസ്താംബൂളിലെ തന്നെ കരിയേ (കോറ) മ്യൂസിയം പള്ളിയാക്കി മാറ്റിയപ്പോൾ ഹാഗിയ സോഫിയ മാറ്റുന്നതിന്റെ മുന്നോടിയാണിതെന്ന് മതേതര നിലപാടുളളവർ ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി വിധി വന്നയുടൻ ഹാഗിയ സോഫിയക്ക് മുന്നിൽ മത ദേശീയവാദികൾ തക്ബീർ മുഴക്കി ആഹ്ലാദം പ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങൾ ബാബരി മസ്ജിദ് വിധി വന്നയുടൻ അയോദ്ധ്യയിൽ നടത്തിയ ആഹ്ളാദ പ്രകടനങ്ങളുടെ ചിത്രങ്ങൾക്ക് സമാനമാണ്

ഹാഗിയ സോഫിയ പോലെ തന്നെ ബൈസാ​​ൻറയിൻ കാലത്ത് ക്രിസ്ത്യൻ ദേവാലയവും ഓട്ടോമൻ ഭരണകാലത്ത് പളളിയുമായിരുന്നു ആയിരം വർഷത്തോളം പഴക്കമുളള കരിയേ. ഹാഗിയ സോഫിയയിലേതു പോലെ കുംഭഗോപുരങ്ങളിലും ചുവരുകളിലും ക്രിസതുവിന്റെയും കന്യാമറിയമിന്റെയും മൊസൈക് ചിത്രങ്ങളുളള കരിയേ 75 കൊല്ലക്കാലം മ്യൂസിയമായാണ് പ്രവർത്തിച്ചിരുന്നത്. തുർക്കിയിലെ പകുതിയോളം ജനങ്ങൾ എതിർക്കുമ്പോഴും ഭരണഘടനാ സ്ഥാപങ്ങളെയും മാധ്യമങ്ങളെയും കൈയിലൊതുക്കിയാണ് എർദ്വാൻ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കോവിഡോടുകൂടി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള എർദ്വാന്റെ അടവാണിതെന്ന് വിലയിരുത്തുന്നവരുണ്ട്. അനുകൂലിക്കുന്നവർക്കിടയിൽ പോലും തന്റെ പ്രതിച്ഛായ മോശമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ എർദ്വാന് അവരെ തനിക്കൊപ്പം നിർത്തേണ്ടതുണ്ട്. 2023ൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്ന അഭിപ്രായവും തുർക്കി ജനങ്ങൾക്കിടയിലുണ്ട്. ഹാഗിയ സോഫിയയുടെ കുംഭങ്ങളിലും ചുമരിലുമൊക്കെയുളള ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും ചിത്രങ്ങൾ അതേപോലെ നിലനിർത്തുമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ലോകത്തിന് ആശങ്കയുണ്ട്. മുഹമ്മദ് നബിയുടെയും ഖലീഫമാരുടെയും പേരുകളും ഖുർആൻ സൂക്തങ്ങളും വ്യക്തമാക്കുന്ന കാലിഗ്രഫിയോട് ചേർന്നാണ് ആ ചിത്രങ്ങൾ. ക്രിസത്യൻ-മുസ്ലിം ആരാധനാലയങ്ങളുടെ ശേഷിപ്പുകൾ അതേപടി നിലനിർത്തിയിരിക്കുന്നു എന്നതുതന്നെയാണ് ലോകസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. പ്രാർത്ഥന അനുവദിക്കുന്നതോടെ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തുമെന്ന ഭയം ചിലർ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ല. ആരാധന നടക്കുന്ന ബ്ലൂ മോസ്‌ക് ഉൾപ്പെടെയുളള പള്ളികൾ സഞ്ചാരികൾ സന്ദർശിക്കുന്നുണ്ട്. ഹാഗിയ സോഫിയയിലെത്തുന്ന ദശലക്ഷകണക്കിന് സഞ്ചാരികളിലൂടെ കിട്ടുന്ന വരുമാനം വേണ്ടെന്ന് വെയ്ക്കാൻ എർദ്വാൻ തയാറാകുമെന്ന് കരുതുന്നില്ല.

ഓർമയിൽ ബാബരി മസ്ജിദ്
800 കോടി രൂപയലധികം ചെലവിട്ട് എർദ്വാൻ തന്നെ പണിത തുർക്കിയിലെ ഏറ്റവും വലിയ പളളിയുൾപ്പെടെ നിരവധി മുസ്ലിം ആരാധനാലയങ്ങൾ ഇസ്താംബൂളിലുളളപ്പോൾ ഈ ചരിത്ര സ്മാരകം പളളിയാക്കി മാറ്റുന്നതിലൂടെ എർദ്വാൻ ആധുനിക സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്?

ബാബരി മസ്ജിദ് ധ്വംസനം

മുസ്​ലിം​കൾക്കെന്ന പോലെ ക്രിസ്ത്യാനികൾക്കും ചരിത്രാവകാശമുളള പ്രശസ്ത സ്മാരകത്തെ ഒരു വിഭാഗത്തിന്റെ ആരാധന കേന്ദ്രമാക്കുന്നതിലൂടെ പ്രതാപമാണോ അപമാനമാണോ മുസ്‌ലിംകൾക്ക് എർദ്വാൻ നേടിക്കൊടുക്കുന്നത്? ഏഷ്യാ-യൂറോപ് ഭൂഖണ്ഡങ്ങളുടെ സംഗമകേന്ദ്രമായ ഇസ്താംബൂൾ ബഹുസ്വരതയുടെ നഗരമാണ്. തുർക്കികൾ, ആർമേനിയക്കാർ, അറബികൾ, ജൂതന്മാർ, ബൾഗേറിയക്കാർ, കുർദുകൾ, ഗ്രീക്കുകാർ, ജപ്പാൻകാർ...അങ്ങനെ എണ്ണിത്തുടങ്ങിയാൽ ഏത് രാജ്യക്കാരും വംശവുമാണ് ഈ നഗരത്തിലില്ലാത്തതെന്ന് ചോദിച്ചു പോകും. ആ ബഹുസ്വരത പരിപോഷിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ രാജ്യം മുന്നേറുകയാണ് ചെയ്യുക. അതിനുപകരം ഇത്തരം നീക്കങ്ങൾ എർദ്വാന് താൽക്കാലിക രാഷ്ട്രീയലാഭം നേടിക്കൊടുക്കുമെങ്കിലും രാജ്യത്തിനത് നഷ്ടമാണ് വരുത്തിവെക്കുക.

140 ലധികം മാധ്യമ സ്ഥാപനങ്ങൾ പൂട്ടിയും 200 ലധികം പത്രപവർത്തകരെ ജയിലിലടച്ചും അവേശഷിക്കുന്ന ജനാധിപത്യത്തെയും കശാപ്പ് ചെയ്ത എർദ്വാന് വേണ്ടിയാണ് കേരളത്തിലെ ചില ഇസ്ലാമിസ്റ്റുകൾ ജയ് വിളിക്കുന്നത്

കോടതി വിധി വന്നയുടൻ ഹാഗിയ സോഫിയക്ക് മുന്നിൽ മത ദേശീയവാദികൾ തക്ബീർ മുഴക്കി ആഹ്ലാദം പ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങൾ ബാബരി മസ്ജിദ് വിധി വന്നയുടൻ അയോദ്ധ്യയിൽ മധുര പലഹാര വിതരണം ചെയ്ത് നടത്തിയ ആഹ്ളാദ പ്രകടനങ്ങളുടെ ചിത്രങ്ങൾക്ക് സമാനമാണ്. ഹാഗിയ സോഫിയ പളളിയാക്കി മാറ്റുന്നതിനെതിരെ പ്രതികരിക്കുന്നവർ രാജ്യതാൽപര്യത്തിന് എതിര് നിൽക്കുന്നവരാണെന്നാണ് എർദ്വാനും അനുയായികളും അലമുറയിടുന്നത്. എർദ്വാനെയും അദ്ദേഹത്തിന്റെ നയങ്ങളെയും എതിർക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുക എന്നത് ഇപ്പോൾ മാത്രമല്ല എപ്പോഴും അദ്ദേഹം പയറ്റുന്ന തന്ത്രമാണ്. മതേതരവാദികൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന "രാജ്യദ്രോഹി' മുദ്ര തന്നെയാണ് തുർക്കിയിലും.

കേരളത്തിലെ ഇസ്ലാമിസ്റ്റുകളുടെ ജയ് വിളി
2017 ൽ തുർക്കി സന്ദർശിക്കുമ്പോൾ പ്രസിഡന്റിന് കൂടുതൽ അധികാരങ്ങൾ നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാനുളള ഹിതപരിശോധനയുടെ പ്രചാരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന ഹിതപരിശോധനയിൽ ഹയീർ (വേണ്ട-No) എന്ന് രേഖപ്പടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും ഇവറ്റ്സ് (വേണം-Yes) എന്ന് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും നടത്തുന്ന പ്രചാരണം നഗരത്തിലെവിടെയും കാണാമായിരുന്നു. അന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒപ്പത്തിനൊപ്പമാണ് പ്രചാരണത്തിൽ മുന്നേറിയത്. എന്നാൽ തൊട്ടടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇസ്താംബൂൾ സന്ദർശിക്കുമ്പോൾ ചിത്രമാകെ മാറിയിരുന്നു. എർദ്വാന്റെ പടമുളള ബാനറുകളും തോരണങ്ങളുമാണ് നഗരത്തിലെവിടെയും കണ്ടത്.

റജബ് ത്വയിബ് എർദ്വാൻ

സർക്കാർ നിയന്ത്രണത്തിലുളള ടി.ആർ.ടി ചാനലും സ്വകാര്യ ചാനലുകളും എർദ്വാന്റെ പ്രസംഗങ്ങൾ നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടേയിരിക്കുന്നു. എതിരുനിന്ന മാധ്യമ സ്ഥാപനങ്ങൾ പൂട്ടിയും മറ്റുളളവക്ക് മൂക്കുകയറിട്ടും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുളള വിമർശകരെ ജയിലിലടച്ചുമാണ് എർദ്വാൻ ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തത്. ഭീകരവിരുദ്ധ നിയമവും രാജ്യദ്രോഹ കുറ്റവുമൊക്കെ എതിരാളികൾക്കെതിരെ പ്രയോഗിക്കപ്പെട്ടു. 140 ലധികം മാധ്യമ സ്ഥാപനങ്ങൾ പൂട്ടിയും 200 ലധികം പത്രപവർത്തകരെ ജയിലിലടച്ചും അവേശഷിക്കുന്ന ജനാധിപത്യത്തെയും കശാപ്പ് ചെയ്ത എർദ്വാന് വേണ്ടിയാണ് കേരളത്തിലെ ചില ഇസ്ലാമിസ്റ്റുകൾ ജയ് വിളിക്കുന്നത്. വെൽഫെയർ പാർട്ടിയിൽ എർദ്വാനോടൊപ്പം പ്രവർത്തിച്ചിരുന്ന തെമൽ കരമൊല്ലയോലുവിനെ പോലുളളവർ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷനിരയിൽ അണിനിരന്നത് ഈ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ പട്ടാള അട്ടിമറിക്കുശേഷം പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥ നീട്ടിക്കൊണ്ടുപോയി കൃത്യമായ കരുനീക്കങ്ങളിലൂടെ എർദ്വാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയിച്ചു. സീൽ പതിക്കാത്ത ബാലറ്റുകൾ എണ്ണാമെന്ന് കോടതിയെക്കൊണ്ട് പറയിപ്പിച്ചാണ് 2017-ൽ ഒപ്പത്തിനൊപ്പം വോട്ട് രേഖപ്പെടുത്തപ്പെട്ട ഹിതപരിശോധന തനിക്കനുകൂലമാക്കി മാറ്റിയത്. ആ കോടതികളെ തന്നെ ഉപയോഗിച്ചാണ് ചരിത്രപ്രസിദ്ധമായ സ്മാരകങ്ങൾ പള്ളിയാക്കി മാറ്റുന്ന നീക്കത്തിന് എർദ്വാൻ തുടക്കം കുറിച്ചിട്ടുളളത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ സുവർണ കാലത്ത് തുർക്കിക്കുണ്ടായിരുന്ന പ്രതാപവും ശക്തിയുമൊക്കെ തിരിച്ചുകൊണ്ടു വരികയാണെന്ന വ്യാജമായ അഭിമാനബോധമാണ് എർദ്വാൻ അനുയായികൾക്ക് നൽകുന്നത്. അതിലൂടെ, ശക്തനായ ഭരണാധികാരിയെന്ന പ്രതിച്ഛായയുണ്ടാക്കി വീണ്ടും പ്രസിഡന്റാവാനും അധികാരം രണ്ട് പതിറ്റാണ്ടിനപ്പുറത്തേക്ക് കൊണ്ടുപോകാനുമാണ് എർദ്വാന്റെ ശ്രമം.

Comments