സലഫിസം ബാധിച്ച സംഘടനകളാണ് സിനിമയെ മുസ്ലിംകൾക്ക് ഹറാമാക്കിയത്

സലഫി സ്വാധീനത്തിന് വിധേയരായ കേരളത്തിലെ ഇസ്‌ലാമിക സംഘടനകളാണ് സിനിമയും കലാ പ്രവർത്തനങ്ങളുമൊക്കെ മുസ്ലിംകൾക്ക് ഹറാമാക്കിയത്. കേരളത്തിൽ ഓരോ മുസ്ലിമും ജനിച്ചു വീഴുന്നതുതന്നെ ഏതെങ്കിലുമൊരു സംഘടനയിലേക്കാണ് എന്ന് പറയാവുന്ന വിധം ശക്തമാണ് സംഘടനാവത്കരണം. സംഘടനയുടെ നാലതിരുകൾക്കുളളിൽ നിന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന വ്യക്തികളെ പരുവപ്പെടുത്തുന്നതിൽ മത്സരിക്കുകയാണ് കേരളത്തിലെ മുസ്ലിം സംഘടനകൾ. അവർ ഹറാമാക്കിയ സിനിമ അവരുടെ ചട്ടക്കൂട്ടിനുളളിൽ നിർമ്മിക്കപ്പെടുമ്പോൾ അത് വിപ്ലവമായി എടുത്ത് കാട്ടാൻ പ്രവർത്തകരുണ്ടാകുന്നത് അതുകൊണ്ടാണ്

ലാൽ ലൗ സ്റ്റോറിയിലെ സംഘടനാ പ്രവർത്തകരെ പോലെ സിനിമയുടെ കാര്യത്തിൽ ഹറാം- ഹലാൽ സംഘർഷം അനുഭവിക്കുന്നവരാണോ കേരളത്തിലെ മുസ്​ലിം സമുദായം? അഥവാ അങ്ങനെയൊരു സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ അതെപ്പോൾ തുടങ്ങിയതാണ്? സ്വന്തം ഓർമകളോട് ഈ ചോദ്യങ്ങൾ ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണ് ഈ കുറിപ്പിൽ.

കുട്ടിക്കാലത്തെ ഓർമകളിൽ ഏറ്റവും തെളിഞ്ഞു നിൽക്കുന്നത് സ്‌കൂൾ അവധിക്കാലമാണ്. പാലക്കാട്ടുനിന്ന് നിലമ്പൂരിലെ ഉമ്മയുടെ വീട്ടിലേക്കും അലനെല്ലൂരിലെ ഉപ്പയുടെ വീട്ടിലേക്കുമുളള അവധിക്കാല യാത്രകൾ. സിനിമകളുമായി ബന്ധപ്പെടുത്തിയാണ് ആ ദിനങ്ങളിൽ പലതിനെയും ഓർത്തെടുക്കാനാവുക. നിലമ്പൂർ ചന്തക്കുന്നിൽ ഫെയറി ലാന്റ് തിയേറ്ററിന് മുന്നിലായിരുന്നു ഉമ്മയുടെ വീട്.

മമ്മൂട്ടി

നടൻ റഹ്മാന്റെ എളാപ്പയുടെ ആ തിയേറ്ററിലിരുന്നാണ് 1980-കളിൽ മമ്മൂട്ടിയും റഹ്മാനും ഒന്നിച്ചഭിനയിച്ച സിനിമകളധികവും കണ്ടത്. നിലമ്പൂർ ചെട്ടിയങ്ങാടിയിലെ രാജേശ്വരി, ജ്യോതി തിയേറ്ററുകളിലിരുന്നും പല സിനിമകളും കണ്ടു. കുട്ടികളായ ഞങ്ങളീ സിനിമകളെല്ലാം കണ്ടത് ബന്ധുക്കളോടൊപ്പം പോയാണ്. സിനിമ കാണുന്നത് നിഷിദ്ധമാണെന്ന് അന്ന് ആരിൽ നിന്നും കേട്ടതായി ഓർമയേയില്ല. അലനെല്ലൂരിലെ ഓലക്കൊട്ടായിയിലും പാലക്കാട്ടെ തിയേറ്ററുകളിലുമൊക്കെയായി സിനിമ കണ്ടപ്പോഴും നിഷിദ്ധമാണെന്ന വാദം കുടുംബത്തിൽ നിന്നോ അയൽപക്കങ്ങളിൽ നിന്നോ കേട്ടില്ല.

സിനിമ ഹറാമാകുന്നു

പാലക്കാട്ട് ഞങ്ങളുടെ പ്രദേശത്ത് പുതുതായി തുടങ്ങിയ മുജാഹിദ് മദ്രസയിൽ ചേരുന്നത് അക്കാലത്താണ്. സ്‌കൂളിൽ ഏഴിൽ പഠിക്കുമ്പോഴാണ് സുന്നി മദ്രസയിൽ നിന്ന് മാറി മുജാഹിദ് മദ്രസയിലെത്തുന്നത്. ആഴ്ചയിലൊരിക്കൽ സാഹിത്യസമാജം സംഘടിപ്പിച്ച് പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു അവിടുത്തെ അദ്ധ്യാപകർ.

ഉപന്യാസ രചന, കവിതാ രചന, പ്രസംഗ മത്സരം തുടങ്ങിയവയിലൊക്കെ ചേർക്കപ്പെടുന്നതും പരിചയപ്പെടുന്നതും അവിടെയെത്തിയപ്പോഴാണ്. പിന്നീടതിന്റെ ബലത്തിലാണ് സ്‌കൂളിലെ കലോത്സവങ്ങളിൽ പങ്കെടുക്കുന്നത്. അറബി കോളേജിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളായിരുന്നു അന്ന് മദ്രസയിലെ ഉസ്താദുമാരായ രണ്ടുപേർ. മദ്രസയോട് ചേർന്നൊരുക്കിയ റൂമിൽ തന്നെയായിരുന്നു അവർ താമസിച്ചിരുന്നതും. ആ അദ്ധ്യാപകരോടുളള അടുപ്പം കാരണം വൈകുന്നേരങ്ങളിലും അവിടെ പോകുമായിരുന്നു.

അക്കാലത്തിറങ്ങിയ ഹിന്ദി സിനിമകളിലെ പാട്ടുകൾ മുഴുവൻ കേൾക്കുന്നത് അതിലൊരാളുടെ ടേപ്പ് റിക്കാർഡറിൽ നിന്നാണ്. ഈ പാട്ടുകൾ കേട്ടു കൊണ്ടല്ലാതെ ആ അദ്ധ്യാപകൻ ഉറങ്ങാറുണ്ടായിരുന്നില്ല!
മദ്രസയിൽ ചേർന്ന് ഒന്നുരണ്ട് വർഷം കഴിഞ്ഞപ്പോഴാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എമ്മിന് നാട്ടിൽ യൂണിറ്റുണ്ടാക്കുന്നത്.

നിലമ്പൂർ ആയിഷ

എം.എസ്.എം മേഖല ഭാരവാഹിയായിരുന്ന പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിയായിരുന്നു യൂണിറ്റ് രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. യൂണിറ്റിന്റെ പ്രധാന ഭാരവാഹികളിലൊരാളായി എന്നെ തെരഞ്ഞടുത്തു. രണ്ട് വർഷത്തിനകം യൂണിറ്റിൽ നിന്ന് മേഖലയിലെ ഭാരവാഹിയായി ഉയർത്തപ്പെട്ടു. അതോടുകൂടിയാണ് സിനിമകളിൽ നിന്നകലുന്നത്. ഹറാമാണ് എന്നതിനേക്കാളുപരി നമ്മുടെ മുൻഗണനകളിൽ വരേണ്ട ഒന്നല്ല വെറും വിനോദമായ സിനിമ എന്നാണ് പഠിപ്പിക്കപ്പെട്ടത്.

അങ്ങനെ പ്രീഡിഗ്രി കാലത്തൊക്കെ കോളേജിലെ കൂട്ടുകാർ അവർ കണ്ട സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ ഞാനൊരു കേൾവിക്കാരനായി മാത്രം മാറി. ആത്മാവിനെ അവഗണിച്ച് ബുദ്ധിയുടെ കുതർക്കങ്ങളിലൂടെ കണ്ടെത്തുന്ന വഴിയാണ് ആത്മീയതയെന്ന് തെറ്റിദ്ധരിച്ച നാളുകളായിരുന്നു അത്. അത് എന്റെ മാത്രം പ്രശ്നമായിരുന്നില്ല. സമാന സംഘടനകളിൽ സജീവമായവർക്കെല്ലാം പുറത്തുള്ള വെളിച്ചവും നിറവും കാണാനുളള കാഴ്ച ക്രമേണ നഷ്ടപ്പെടുന്നതായാണ് അനുഭവം.

സുഡാനി ഫ്രം നൈജീരിയയിലെ ഒരു രംഗം

കുട്ടികളായിരിക്കുമ്പോൾ തന്നെ ഈ സംഘടനകളിൽ എത്തപ്പെട്ടവർക്ക് മാത്രമല്ല അത്തരം മാറ്റങ്ങളുണ്ടായിട്ടുളളത്. നിലമ്പൂരിൽ കലാരംഗത്തെ പ്രശസ്തമായ പേരാണ് ഡോ. ഉസ്മാന്റേത്. നിലമ്പൂർ ആയിഷ, നിലമ്പൂർ ബാലൻ, ഇ.കെ. അയമു, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, നിലമ്പൂർ ജമീൽ തുടങ്ങിയവരൊക്കെ പ്രവർത്തിച്ചിരുന്ന നിലമ്പൂർ യുവജന കലാസമിതിയുടെ പ്രസിഡന്റായിരുന്നു ഡോ.ഉസ്മാൻ. നാടക-സംഗീത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിരുന്ന സമിതിയുടെ പ്രവർത്തനങ്ങൾ നിലമ്പൂരിന് പുറത്തേക്കും വ്യാപിച്ചിരുന്നു.

‘ജ്ജ് ഒരു മന്സനാവാൻ നോക്ക്', ഡോ. ഉസ്മാൻ തന്നെ രചിച്ച ‘ദുനിയാവിൽ ഞാനൊറ്റയ്ക്കാണ്' എന്നീ നാടകങ്ങളൊക്കെ ഈ സമിതിയുടെ പ്രവർത്തനഫലമായിരുന്നു. അങ്ങനെ കലാ പ്രവർത്തനങ്ങളിൽ സജീവമായ ഡോ. ഉസ്മാൻ മുജാഹിദ് പ്രസ്ഥാനത്തിൽ എത്തിയതോടെ അതെല്ലാം ഉപേക്ഷിച്ചു. ദീർഘകാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം തന്റെ കലാപ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനു പോലും സമ്മതിക്കാതെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

ഗൾഫിലെ സലഫി പ്രസ്ഥാനങ്ങളുടെ സ്വാധീനം

ഗൾഫിലെ സലഫി പ്രസ്ഥാനങ്ങൾ സ്വാധീനിക്കാൻ തുടങ്ങിയതോടെയാണ് മുജാഹിദ് പ്രസ്ഥാനം കലാസാംസ്‌കാരിക പ്രവർത്തനങ്ങളോട് പൂർണമായി മുഖംതിരിച്ചു തുടങ്ങിയത്. ആദ്യ കാലത്ത് പാശ്ചാത്തല സംഗീതത്തോടെ ഇറക്കിയിരുന്ന ഇസ്ലാമിക ഗാനങ്ങളുടെ കാസറ്റുകൾ പിന്നീട് വിലക്കപ്പെട്ടു.

സംഘടനാ പ്രസിദ്ധീകരണങ്ങളിൽ ലേഖനത്തോടൊപ്പം ഫോട്ടോ (ജീവനുളള വസ്തുക്കളുടെ ഫോട്ടോ നൽകുന്നത് നിഷിദ്ധമാണ് എന്നതായിരുന്നു വാദം) കൊടുക്കുന്നതു പോലും വിമർശന വിധേയമായി. ഫോട്ടോ പാടില്ലെന്ന പ്രസംഗം വീഡിയോ ആയി റെക്കോർഡ് ചെയ്യുന്നതിന് കുഴപ്പമുണ്ടായിരുന്നില്ല എന്നതാണ് രസകരം! സദസ്സുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ മറ പ്രത്യക്ഷപ്പെടുന്നത് അറബികൾ സംസ്ഥാന സമ്മേളനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ്. പാലക്കാടുൾപ്പെടെയുളള മുജാഹിദ് അറബി കോളേജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘മറ' സംസ്‌കാരം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത്!

നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ രൂപം കൊണ്ട മുജാഹിദ് പ്രസ്ഥാനത്തിൽ മാത്രമല്ല ‘സലഫിസ'ത്തിന്റേ ഈ കടന്നുകയറ്റമുണ്ടായത്. കേരളത്തിലെ എല്ലാ ഇസ്‌ലാമിക സംഘടനകളും സലഫിസമെന്ന ധാരയുടെ സ്വാധീനത്തിന് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇരയാണ്. സ്ത്രീകൾ ചികിത്സക്കായി മുസ്‌ലിമായ വനിതാ ഡോക്ടർമാരെ മാത്രമെ കാണാവൂ എന്ന സുന്നികളായ ‘ഹുദവി' മാരുടെ പ്രഭാഷണങ്ങൾ ഈ സ്വാധീനത്തിന്റെ ഫലമാണ്. വിവിധ വഴികളിലൂടെയാണ് ‘സലഫിസം' കേരളത്തിലെ സംഘടനകളിൽ സ്വാധീനം ചെലുത്തിയത്.

സൗദി അറേബ്യ ആസ്ഥാനമായ സലഫി സംഘടനയുടെ പ്രചാരണത്തിന് ലോകമാകെ പ്രബോധകരെ നിയമിച്ചിരുന്നു. മലയാളികളും ഇക്കൂത്തിലുണ്ടായിരുന്നു. മതസൗഹാർദ്ദത്തിന് വിരുദ്ധമായി സംസാരിച്ചതിന്റെ പേരിൽ കേരളത്തിൽ കേസെടുക്കപ്പെട്ട മത പ്രബോധകൻ കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ പരന്ന വായനയിലൂടെ പുരോഗമന ആശയങ്ങൾ പങ്കുവെച്ചിരുന്ന ആളായിരുന്നു. ഗൾഫിലേക്ക് പോകുകയും സലഫി പ്രബോധകനായി ജോലിയെടുക്കുകയും ചെയ്ത ശേഷമാണ് അങ്ങേയറ്റം പിന്തിരിപ്പൻ ആശയങ്ങളുമായി കേരളത്തിൽ തിരിച്ചെത്തിയത്.

സലഫി ആശയം പഠിപ്പിക്കുന്ന സൗദി അറേബ്യയിലെയും മറ്റും യൂണിവേഴ്സിറ്റികളിൽ സൗജന്യമായി വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചപ്പോൾ കേരളത്തിൽ നിന്ന് നിരവധി പേരാണ് അങ്ങോട്ട് പോയത്. ഇവരൊക്കെ സലഫി ആശയത്തിന്റെ പ്രചാരകരായാണ് കേരളത്തിൽ തിരിച്ചെത്തിയത്. ഗൾഫിലുടനീളം മലയാളി മുസ്‌ലിം സംഘടനകളുടെ പ്രവാസി സംഘടനകൾ പ്രവർത്തിച്ചിരുന്നു. ഈ സംഘടനകളുടെ സെന്ററുകളും കേരളത്തിലെ സലഫി സ്വാധീനത്തിൽ മുഖ്യപങ്കാണ് വഹിച്ചത്.

ഒരേ സംഘടനയുടെ തന്നെ കേരളത്തിലെയും ഗൾഫിലെയും പ്രവർത്തകർ തമ്മിൽ ആദർശ കാര്യങ്ങളിൽ ഒരുപാട് വ്യത്യാസങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നു. സലഫി കാർക്കശ്യം കേരളത്തിലെ പ്രവർത്തരിലേക്കു കൂടി എത്തിച്ചാണ് പല സംഘടനകളും ഈ വ്യത്യാസം മറി കടക്കാൻ ശ്രമിച്ചത്. ഇതിനുപുറമെയാണ് കേരളത്തിലെ സംഘടനകൾക്കു മാത്രമായി ചില അന്താരാഷ്ട്ര സലഫി സംഘടനകൾ നടത്തിയ ക്യാമ്പുകൾ.

വേൾഡ് അസംബ്ലി ഓഫ് മുസ്​ലിം യൂത്ത് എന്ന റിയാദ് ആസ്ഥാനമായ സംഘടന തൊണ്ണൂറുകളിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ ഉൽപതിഷ്ണുക്കളെന്ന നിലയിൽ അറിയപ്പെട്ടിരുന്ന കേരളത്തിലെ രണ്ട് സംഘടനകളിലെയും യുവാക്കൾ പങ്കെടുത്തിരുന്നു. മുജാഹിദ് സംഘടനയുടെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എമ്മിന്റെ ആദ്യകാല ഭാരവാഹികളുടെ ഗ്രൂപ്പ് ഫോട്ടോയോ സമ്മേളനങ്ങളിലെ ഫോട്ടോയോ ഇപ്പോഴത്തേതുമായി താരതമ്യം ചെയ്താൽ സലഫിസം ഉണ്ടാക്കിയ മാറ്റം പെട്ടെന്ന് മനസ്സിലാകും. ആദ്യകാല ഫോട്ടോകളിൽ നീണ്ട താടിയുളള ഒരു വിദ്യാർത്ഥി നേതാവിനെ കണ്ടെത്താൻ പ്രയാസമായിരുന്നെങ്കിൽ ഇന്ന് നീണ്ട താടിയും ഞെരിയാണിക്കു മുകളിലുളള പാന്റും ധരിക്കാത്ത ഭാരവാഹിയെ കാണുക പ്രയാസമാണ്.

ഇത്തരം കാർക്കശ്യം വസ്ത്രധാരണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതൊന്നും പാലിക്കാത്തവർ മോശക്കാരാണെന്ന അധ്യാപനത്തിലൂടെ പുറത്തുളള മനുഷ്യരെ പുച്ഛത്തോടെയും സഹതാപത്തോടെയും വീക്ഷിക്കുന്ന മനോഭാവം കൂടിയുണ്ടാക്കാൻ സലഫി സ്വാധീനം ഇടയാക്കി.

ഇങ്ങനെ സലഫി സ്വാധീനത്തിന് വിധേയരായ കേരളത്തിലെ ഇസ്‌ലാമിക സംഘടനകളാണ് സിനിമയും കലാ പ്രവർത്തനങ്ങളുമൊക്കെ മുസ്​ലിംകൾക്ക് ഹറാമാക്കിയത്. എല്ലാം മുസ്‌ലിംകളെയും ഇത് ബാധിച്ചില്ലെങ്കിലും അമിതമായ സംഘടനാവത്കരണത്തിലൂടെ സ്വാധീനം സംഘടനകൾ വിപുലമാക്കി കൊണ്ടിരുന്നു. മുസ്​ലിംകളെപോലെ ഇത്രയധികം സംഘടനാവത്കരിക്കപ്പെട്ടെ മറ്റൊരു മതസമൂഹം കേരളത്തിലുണ്ടോ എന്നത് സംശയമാണ്.

കേരളത്തിൽ ഓരോ മുസ്​ലിമും ജനിച്ചു വീഴുന്നതുതന്നെ ഏതെങ്കിലുമൊരു സംഘടനയിലേക്കാണ് എന്ന് പറയാവുന്ന വിധം ശക്തമാണ് സംഘടനാവത്കരണം. സംഘടനയുടെ നാലതിരുകൾക്കുളളിൽ നിന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന വ്യക്തികളെ പരുവപ്പെടുത്തുന്നതിൽ മത്സരിക്കുകയാണ് കേരളത്തിലെ മുസ്​ലിം സംഘടനകൾ. അവർ ഹറാമാക്കിയ സിനിമ അവരുടെ ചട്ടക്കൂട്ടിനുളളിൽ നിർമ്മിക്കപ്പെടുമ്പോൾ അത് വിപ്ലവമായി എടുത്ത് കാട്ടാൻ പ്രവർത്തകരുണ്ടാകുന്നത് അതുകൊണ്ടാണ്.

Comments