truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 29 January 2023

truecoppy
Truecopy Logo
Readers are Thinkers

Sunday, 29 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
MK Munner

Opinion

എം.കെ. മുനീര്‍

മൃദുതാലിബാനിസത്തിലേക്ക്
ചുവടുമാറുന്ന ഡോ. എം.കെ.മുനീര്‍

മൃദുതാലിബാനിസത്തിലേക്ക് ചുവടുമാറുന്ന ഡോ. എം.കെ.മുനീര്‍

കേരളത്തിലെ ഇസ്​ലാമിക് രാഷ്ട്രീയത്തിന്റെ വഴി ജനാധിപത്യ പാതയിലാണോ അതോ താലിബാന്‍ മാര്‍ഗ്ഗത്തിലോ എന്നതാണ് ചോദ്യം. നിര്‍ഭാഗ്യവശാല്‍ മുനീറിനേപ്പോലെ പുരോഗമന പരിവേഷമുള്ള ഒരു നേതാവ് ഇപ്പോള്‍ മുന്നോട്ടു വെക്കുന്നത് മുദുതലിബാനിസമാണ് എന്ന് പറയാതെ വയ്യ.

2 Aug 2022, 02:27 PM

എന്‍.വി.ബാലകൃഷ്ണന്‍

മുസ്​ലിംലീഗ് എന്ന മതയാഥാസ്ഥിതിക പാര്‍ട്ടിക്കകത്ത് പുരോഗമനത്തിന്റെ തീവെളിച്ചമെത്തിക്കുന്നതില്‍ എന്നും മുമ്പില്‍ നിന്ന നേതാവാണ് എം. കെ. മുനീര്‍. ഡോക്ടര്‍ ആയിരിക്കുമ്പോഴും ആധുനിക സമൂഹങ്ങളെ പഠിക്കുന്നതിലും യാഥാസ്ഥിതികതയോട് നിരന്തരമേറ്റുമുട്ടി മുസ്​ലിംലീഗിനെ ഒരു ജനാധിപത്യ പാര്‍ട്ടിയായി അടയാളപ്പെടുത്തുന്നതിലുമൊക്കെ വലിയ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ ചിന്തിക്കുന്ന ഓരോ മനുഷ്യനും ചോദിക്കുന്നത്; മുനീറിനിതെന്തു പറ്റി എന്നാണ്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

എം. എസ്. എഫിന്റെ ഒരു ക്യാമ്പില്‍ അദ്ദേഹം നടത്തിയ പ്രസംഗം ജന്റര്‍ ന്യൂട്രാലിറ്റി എന്ന കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നതായിരുന്നു. പണ്ട് വിവാദങ്ങളെത്തുടര്‍ന്ന് പിന്‍വലിച്ച  ‘മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗവും പരാമര്‍ശ വിഷയമായി. പാഠപുസ്തകങ്ങളിലൂടെ മതവിരോധവും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നു എന്ന പഴയ ആരോപണവും അദ്ദേഹം പൊടി തട്ടിയെടുത്തു. വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളേയും കാവിവല്‍ക്കരിക്കുകയും ഹിന്ദുരാഷ്ട്രത്തിലേക്ക് രാജ്യം കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ് മുനീറിന്റെ ആരോപണം എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

Rahul
രാഹുല്‍ ഈശ്വര്‍. / Rahul Ishwar, Fb Page

ചാനല്‍ ചര്‍ച്ചകളില്‍ മുനീറിന് പിന്തുണയുമായി വരുന്നത് രാഹുല്‍ ഈശ്വറിനെ പോലുളള സംഘപരിവാര്‍ സഹയാത്രികരാണെന്നതും കൗതുകമുണര്‍ത്തുന്നു. ജന്റര്‍ ന്യൂട്ടാലിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും സമൂഹത്തില്‍ സജീവമല്ലാത്ത ഒരു സമയത്ത്, വിശേഷിച്ച് ജന്റര്‍ ന്യൂട്രാലിറ്റി യൂനിഫോം വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തന്നെ വ്യക്തമാക്കിയശേഷം, മുനീര്‍ ഇതുപോലൊരു പ്രശ്‌നം അകാലത്തില്‍ ഉന്നയിക്കുന്നതെന്തിന് എന്ന ചോദ്യം പ്രസക്തം തന്നെയാണ്.

മുനീറിന്റെ മനസ്സിലെന്താണ്​?

മുനീറിന്റെ ഉദ്ദേശ്യശുദ്ധിയെ ന്യായമായും സംശയിക്കാവുന്ന നിലയിലായിരുന്നു രണ്ടാം ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്​താവങ്ങള്‍. മാര്‍ക്‌സിസത്തെ കടന്നാക്രമിക്കുക മാത്രമല്ല, ലോകമാരാധിക്കുന്ന മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരെ നിന്ദ്യമായ നിലയില്‍ വ്യക്തിപരമായി അധിക്ഷേപിക്കാനും മുനീര്‍ മുതിര്‍ന്നു. ഇത്തരം നീക്കങ്ങളിലൂടെ മുസ്​ലിംലീഗിലും മറ്റ് മുസ്​ലിം സംഘടനകളിലും  താരപരിവേഷം നേടിയെടുക്കുകയാണ് മുനീര്‍ ലക്ഷ്യം വെക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ട്. മുസ്​ലിംലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ അതിശക്തമായ നീക്കങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ കഴിയും വിധം അണികളില്‍ ശക്തമായ മാര്‍ക്‌സിസ്റ്റ് വിരോധം കത്തിച്ചെടുക്കാനാണ് മുനീര്‍ ശ്രമിക്കുന്നത് എന്നഭിപ്രായമുള്ളവരും ലീഗ് നേതൃനിരയില്‍ തന്നെ ധാരാളമായുണ്ട്.

V Sivankutty
വി. ശിവന്‍കുട്ടി. / Photo : V Sivankutty, Fb Page

മുസ്​ലിം ലോകം രണ്ട് വഴികളില്‍ പിരിഞ്ഞു കൊണ്ടിരിക്കുമ്പോള്‍  മുനീറിനെപ്പോലൊരു നേതാവ് ഏത് പാത സ്വീകരിക്കുന്നു എന്നത് കേരളത്തെ സംബന്ധിച്ച്​ അതീവ പ്രധാനമാണ്. ആന്തരിക ഇസ്​ലാമില്‍  ‘ജനാധിപത്യം'
എന്ന ആധുനിക മൂല്യബോധത്തിന് ഇടമുണ്ടോ എന്ന പ്രശ്‌നം വിവിധ കോണുകളില്‍ നിന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. അപ്പോഴും ലോകമാകെയുള്ള മുസ്​ലിം സംഘടനകളില്‍ വലിയൊരു പങ്കും മുന്നോട്ടുള്ള വഴിയില്‍ ജനാധിപത്യത്തിന്റെ പാതയാണ് അഭികാമ്യം എന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കാണാം. യു. എ. ഇ ഉള്‍പ്പെടെ നിരവധി ഇസ്​ലാമിക രാജ്യങ്ങള്‍ കൈക്കൊള്ളുന്ന നടപടികള്‍ ഈ ദിശയിലാണ്. എന്നാല്‍  ‘ഇസ്​ലാമിനെ അതിന്റെ ആദിമ വിശുദ്ധിയിലേക്ക് തിരികെ നടത്തുകയാണ് ' എന്നവകാശപ്പെട്ട്​ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന താലിബാനും അനുബന്ധ ഐ. എസ്. രാഷ്ട്രീയവും ഭൂമുഖത്ത് സജീവമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം കേരളമുള്‍പ്പടെയുള്ള ദേശങ്ങളിലെ രാഷ്ട്രീയ- മത ഘടനകളെ സ്വാധീനിക്കുന്നുമുണ്ട്. അപ്പോള്‍ പിന്നെ എം. കെ. മുനീര്‍ എന്ന രാഷ്ട്രീയനേതാവിന്റെ പൊളിറ്റിക്കല്‍ കരിയറിനെ ഇതെങ്ങിനെയൊക്കെ ബാധിക്കുമെന്ന ചോദ്യത്തേക്കാള്‍ പ്രസക്തം, അത് കേരളത്തെ എങ്ങിനെയൊക്കെ സ്വാധീനിക്കുന്നു എന്നതാണ്. കേരളത്തിലെ ഇസ്​ലാമി ക് രാഷ്ട്രീയത്തിന്റെ വഴി ജനാധിപത്യ പാതയിലാണോ അതോ താലിബാന്‍ മാര്‍ഗ്ഗത്തിലോ എന്നതാണ് ചോദ്യം. നിര്‍ഭാഗ്യവശാല്‍ മുനീറിനേപ്പോലെ പുരോഗമന പരിവേഷമുള്ള ഒരു നേതാവ് ഇപ്പോള്‍ മുന്നോട്ടു വെക്കുന്നത് മുദുതലിബാനിസമാണ് എന്ന് പറയാതെ വയ്യ.

Taliban
Photo : Wikimedia Commons

അദ്ദേഹം രണ്ടും കല്പിച്ചാണ് വിവാദവാള്‍ വീശുന്നത് എന്ന് നിലപാടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഒരു മതദര്‍ശനത്തിന് മാര്‍ക്‌സിസത്തോടുള്ള അപരിഹാര്യമായ വിയോജിപ്പുകള്‍ ആര്‍ക്കും മനസ്സിലാകും. മാര്‍ക്‌സിസം വലിയ തോതിൽ പൊളിച്ചെഴുത്തുകള്‍ക്ക്​ വഴിയൊരുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ബാഹ്യ ഇടപെടലേതുമില്ലാതെ തന്നെ കാലഹരണപ്പെടുകയും മൃതമായിത്തീരുകയും ചെയ്യും എന്ന കാര്യത്തിലും സംശയമില്ല. അതേക്കുറിച്ചൊക്കെയുള്ള വിശദ ചര്‍ച്ചകളും
അനിവാര്യമാണ്. അതിനുപകരം മുനീര്‍ ചെയ്യുന്നത് തികച്ചും അസംബന്ധവും വ്യക്തിപരവുമായ ശകാരപദങ്ങളുപയോഗിച്ച് മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ എന്നിവര്‍ക്കുമേലെ അധിക്ഷേപം ചൊരിയുകയാണ്.  ‘മാര്‍ക്‌സ് അലക്കുകയും കുളിക്കുകയും പല്ലുതേക്കുകയുമൊന്നും ചെയ്യാത്ത വൃത്തികെട്ട മനുഷ്യനായിരുന്നു' എന്ന് മുനീര്‍ പറയുന്നു. മാര്‍ക്‌സാകട്ടെ ലോകത്തിനു മുമ്പില്‍ അറിയപ്പെട്ടത്, അദ്ദേഹത്തിന്റെ ദാര്‍ശനിക സംഭാവനകളും അതിന് വേണ്ടി അദ്ദേഹം അനുഭവിച്ച സമാനതകളില്ലാത്ത ത്യാഗത്തിന്റേയും പേരിലാണ്. അവയൊക്കെ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്.

ALSO READ

എത്ര ആപല്‍ക്കരവും പ്രതിലോമകരവുമായ ഒരിടത്താണ് എം.കെ. മുനീർ നിൽക്കുന്നത്​

ഏതാനും വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായ ബി. ബി. സി, മനുഷ്യന്റെ ഈ കാലഘട്ടത്തെ, ആധുനിക യുഗത്തെ, ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാര് എന്ന് കണ്ടുപിടിക്കാന്‍, ലോകമാകെ വര്‍ഷങ്ങള്‍ നീണ്ട സര്‍വ്വേ നടത്തിയിരുന്നു. അങ്ങനെയവര്‍ യുഗപുരുഷനായി തെരഞ്ഞെടുത്തത് കാള്‍ മാര്‍ക്‌സിനെയായിരുന്നു. കാള്‍ മാര്‍ക്‌സിനുതാഴെ മാത്രമായിരുന്നു പ്രവാചകന്മാര്‍ക്കും മറ്റു ദാര്‍ശിനികന്മാര്‍ക്കും ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കുമൊക്കെ ലഭിച്ച സ്ഥാനം. ബി.ബി. സി എല്ലായ്‌പോഴും മാര്‍ക്‌സിസത്തിനെതിരെ മുതലാളിത്തപക്ഷത്ത് അണിനിരന്ന മാധ്യമ സ്ഥാപനമായിട്ടും കാള്‍ മാര്‍ക്‌സിനെ ഒഴിവാക്കി മറ്റൊരാളെ യുഗപുരുഷനായി തെരഞ്ഞെടുക്കാന്‍ അവര്‍ക്കായില്ല. ഇനി ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്ത പുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടത് കാള്‍ മാര്‍ക്‌സിന്റെ മൂലധനം എന്ന കൃതിയായിരുന്നു. രണ്ടാം സ്ഥാനത്താണ് ബൈബിള്‍. ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങള്‍ മാര്‍ക്‌സിസവുമായി ബന്ധപ്പെട്ടവയാണ്. മാര്‍ക്‌സിനുശേഷം മാര്‍ക്‌സിനെ അനുകൂലിച്ചോ, എതിര്‍ത്തോ അല്ലാതെ, മറ്റൊരു ചിന്താപദ്ധതികള്‍ക്കും നിലനില്‍ക്കാനാവുന്നില്ല.

Karl_Marx
കാള്‍ മാര്‍ക്‌സ്. / Photo : Wikimedia Commons

മാര്‍ക്‌സിസത്തെ തള്ളിപ്പറയുന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ പോലും മുതലാളിത്ത വ്യവസ്ഥയെ പഠിക്കുന്നതിന് എല്ലാ കാലത്തും ഉപയോഗിച്ചത് മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളാണ്. ഇതൊക്കെ അദ്ദേഹം സാധിച്ചത്, ഭൂമുഖത്ത് ജീവിച്ചത്, ഇനിയൊരു മനുഷ്യനുപോലും ചിന്തിക്കാന്‍ കഴിയാത്ത ദാരിദ്ര്യവും ത്യാഗവും അനുഭവിച്ചു കൊണ്ടാണ്. ഏംഗല്‍സ് എന്നൊരാള്‍ സഹായത്തിനില്ലായിരുന്നെങ്കില്‍ എന്നോ മരിച്ച് മണ്ണടിഞ്ഞ് പോകുമായിരുന്ന ഒരാള്‍. ഇവയൊക്കെ രേഖപ്പെടുത്തപ്പെട്ട അവിതര്‍ക്കിതമായ ചരിത്രമാണ്. ഇങ്ങനെയൊരു ചരിത്ര പുരുഷനേയാണ് മുനീര്‍ നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത്. എന്നാല്‍ താന്‍ നേതാവായ മുസ്​ലിംലീഗ് എന്നൊരു പാര്‍ട്ടിയേയോ അതിന്റെ നേതാക്കളേയോ ഈ നിലയില്‍ വിലയിരുത്താന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അദ്ദേഹമൊരു പക്ഷേ ചര്‍ച്ചയെ ഇങ്ങനെയൊക്കെ വഴിതിരിച്ചുവിട്ട് തന്റെ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്നുണ്ടാവും. ഞാനേതായാലും ആ കുഴിയില്‍ വീഴാനില്ല.

ALSO READ

ലിബറലുകള്‍ മാത്രമല്ല കേരളത്തിലുള്ളതെന്ന് സി.പി.എം മനസ്സിലാക്കണം

മുനീറിന്റെ പാര്‍ട്ടിയുടെ നേതാവായിരുന്ന സീതിഹാജിയുടെ ചില കമന്റുകള്‍ മലയാളികള്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്. ഒരു പക്ഷേ ഇന്നും പലരും അതൊക്കെ ഓര്‍ക്കാറുമുണ്ട്. കാട് വെട്ടിനശിപ്പിക്കുന്നത് കൊണ്ട് മഴ കുറയുമെങ്കില്‍ കടലില്‍ മഴ പെയ്യുന്നതെങ്ങിനെ എന്നായിരുന്നു ഹാജിയുടെ  ‘ന്യയമായ'ചോദ്യം. അതേ നിലവാരത്തില്‍ നിന്നാണ്  ‘പിണറായി വിജയന്‍ എന്തിനാണ് ഭാര്യയെ പാന്റ്‌സ് ധരിപ്പിക്കുന്നത്, പകരം ഇങ്ങേര്‍ക്ക് സാരിയുടുത്താല്‍ പോരെ' എന്ന മുനീറിന്റെ ചോദ്യം. ആ കേവലയുക്തി ആസ്വദിക്കാന്‍ കേരളത്തില്‍ ധാരാളമാളുകളുള്ളതുകൊണ്ടാണല്ലോ എം. എസ്. എഫുകാര്‍ കൂകിയാര്‍ത്തതും സോഷ്യല്‍ മീഡിയയില്‍ ഇതൊക്കെ നിറഞ്ഞാടിയതും.

Das Kapitalമര- ജീവി-ത്തോലുകളും ഇലകളുമൊക്കെയായിട്ടായിരിക്കുമല്ലോ പ്രാകൃത (Primitive) മനുഷ്യന്‍ വസ്ത്രബോധത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാവുക. അവിടെ അത് എന്തെങ്കിലും മറയ്ക്കാനാകാനിടയില്ല. അവിടെനിന്നിങ്ങോട്ട് ഇന്നു വരെയുള്ള വസ്ത്രവൈവിധ്യങ്ങളെ മനസ്സിലാക്കാനുള്ള ചരിത്രബോധം മുനീറിനെപ്പോലൊരാള്‍ക്ക് ഇല്ലാതിരിക്കാന്‍ സാദ്ധ്യതയില്ല. മനുഷ്യന്റെ ഭക്ഷണരീതികള്‍, ഭൂപ്രകൃതി, കാലാവസ്ഥ, കുടിയേറ്റം, പലായനം, യുദ്ധങ്ങള്‍, അധ്വാനരീതികള്‍, ശാസ്ത്രം, സാങ്കേതിക വിദ്യകള്‍, അറിവ്, ആചാരാനുഷ്ടാനങ്ങള്‍, സംസ്‌കാരം എന്നിവ നിരന്തരം മാറുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ചാണല്ലോ വസ്ത്രവിതാനങ്ങളിലും മാറ്റമുണ്ടായത്. ഈ സ്വാഭാവിക വികാസത്തിന് പ്രതിരോധം തീര്‍ക്കാനും വിലക്കുകള്‍ പണിയാനും മതം, പ്രത്യശാസ്ത്രം, അധികാരം എന്നിവ നിരന്തരം പരിശ്രമിച്ചിട്ടുമുണ്ട്. സ്വകാര്യസ്വത്തോ വര്‍ഗ്ഗാധികാരമോ ഇല്ലാത്ത കാലത്തുനിന്ന്, വികസിച്ച് ഇതു രണ്ടും മേധാവിത്തം ചെലുത്തുന്ന ഒരു സമൂഹമുണ്ടായതുമുതലാണ്, ഇന്ന് നാം പുരുഷാധിപത്യം എന്നുവിളിക്കുന്ന ആണാധികാര മേല്‍ക്കോയ്മയും സ്ത്രീ അടിമത്തവുമൊക്കെ രൂപം കൊണ്ടത് എന്ന് ചരിത്രം പഠിക്കുന്ന ആര്‍ക്കുമറിയാം. അതുമുതല്‍ പുരുഷന്റെ സ്വകാര്യസ്വത്തായ സ്ത്രീ, അവന് സമ്മതമുള്ള വസ്ത്രങ്ങളേ ധരിക്കാന്‍ പാടുള്ളൂ എന്ന നിഷ്‌കര്‍ഷയിലായി. ആണായ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമുള്ള, തനിക്ക് സമ്പൂര്‍ണ വിനിമയാധികാരങ്ങളുള്ള, തന്റെ സ്വകാര്യ സ്വത്തായ ശരീരം മാത്രമായി സ്ത്രീയെ മാറ്റിത്തീര്‍ത്ത നിലയിലാണ് എല്ലാ വര്‍ഗ്ഗ സമുദായങ്ങളും നിലനിന്നതും ഇന്നും നിലനില്‍ക്കുന്നതും. തനിക്ക് ഭോഗിക്കാനുള്ള, തനിയ്ക്ക് ഭക്ഷണം തയാറാക്കി തരാനുള്ള, തന്റെ എച്ചില്‍ കഴിക്കാനും കഴുകാനുമുള്ള, അടിവസ്ത്രമുള്‍പ്പെടെ അലക്കിവെളുപ്പിക്കാനുള്ള ഒരു ബഹുമുഖ യന്ത്രം മാത്രമാണ് പെണ്ണ്. അതുകൊണ്ടാണ് തനിക്ക് ഭോഗിക്കാനുള്ള അവസരത്തിലൊഴിച്ച്, പെണ്ണിനെ കറുത്ത വസ്ത്രങ്ങളില്‍ പൊതിഞ്ഞുകൊണ്ടു നടക്കുന്നത്.

കാലമിപ്പോള്‍ അതിവേഗം മാറുകയാണ്. ആണും പെണ്ണും വിപരിതങ്ങളാണെന്നും, പരസ്പരം നിഷേധിക്കുന്നവയാണെന്നുമൊക്കെയുള്ള പ്രാകൃത ദാര്‍ശിനികതയില്‍ നിന്ന്​ അതൊരുപാട് വളര്‍ന്നു. അത്തരം കാഴ്ചപ്പാടുകളെ നിഷേധിച്ചെങ്കിലും, സത്തയില്‍ അവിടെ തന്നെ കുരുങ്ങി നിന്ന ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിനും ഇന്നൊരുപാട് വികാസമുണ്ടായി. സ്ഥിതിസമത്വത്തിന്റെ ഒരു പുതിയ ദാര്‍ശനികത ലോകമാകെ വികസിക്കുകയാണ്. ഇവിടെ ലോകമാകെ നടക്കുന്ന പഴയ ദാര്‍ശനികതയും പുതിയതും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന വേദികളിലൊന്ന് (Platform) ആണധികാര നിഷേധം തന്നെയാണ്. അതില്‍ തന്നെ നമ്മുടെ പ്രത്യക്ഷങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നുവരുന്ന ഒന്ന് ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്ത്രീകളുടെ അവകാശവുമാണ്.

മുനീര്‍ കേവല യുക്തിയില്‍ കയ്യടി വാങ്ങാന്‍ പറഞ്ഞ സാരിപുരാണം പോലും അത്ര നിഷ്‌കളങ്കമല്ല. അത് പിണറായി വിജയനെ കൂടി സാരി ഉടുപ്പിച്ചോ, സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികളെ കൂടി ചുരിദാര്‍ ധരിപ്പിച്ചോ പരിഹരിക്കാവുന്ന വിഷയവുമല്ല. എത്ര അസൗകര്യങ്ങളും അസ്വസ്ഥതകളുമുണ്ടെങ്കിലും പുരുഷന്‍ നിശ്ചയിച്ചുനല്‍കിയ വസ്ത്രം ധരിക്കാന്‍ പെണ്ണ് ബാദ്ധ്യസ്ഥമായിരുന്നു. ഇപ്പോഴവര്‍ ഇതൊക്കെ വലിച്ചു പറിച്ചു കളയാനും സ്വാതന്ത്ര്യം അനുഭവിക്കാനും വെമ്പി നില്‍ക്കുകയാണ്. തങ്ങളുടെ ആത്മാവിഷ്‌കാരങ്ങള്‍ക്കുചേര്‍ന്ന വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കാന്‍ അവര്‍ ബോധത്തിലും അബോധത്തിലുമായി തീരുമാനിച്ചുറപ്പിക്കുകയാണ്. ഒരു വിനോദയാത്രക്കിടയില്‍ കാണുന്ന വെള്ളച്ചാട്ടത്തില്‍ ആണുങ്ങളെല്ലാം അടിവസ്ത്രം മാത്രം ധരിച്ചു കുളിക്കുന്നു. (ഒരു വസ്ത്രവും ധരിക്കാതെ അച്ഛനും അമ്മയും മുതിര്‍ന്നതും അല്ലാത്തതുമായ മക്കളും ഒരുമിച്ച് നീന്തിത്തുടിച്ച് കുളിക്കുന്ന ഇടങ്ങളും ലോകത്തിലൊരുപാടുണ്ട്. ഇന്ത്യയില്‍ പോലുമുണ്ട്. അവിടെയൊന്നും ആരും ഒന്നും ഒളിഞ്ഞു നോക്കുന്നില്ല. സദാചാരം ഇടിഞ്ഞു വീഴുന്നുമില്ല) ആണിന് തങ്ങളുടെ ജനനേന്ദ്രിയം നേരിട്ട് കാണാനിടവരരുത് എന്നതൊഴിച്ച് മറ്റ് ശരീരഭാഗങ്ങളാകെ ആര് കാണുന്നതിനും പ്രയാസമില്ല. പെണ്ണിനോ അവരുടെ ജനനേന്ദ്രിയം മാത്രമല്ല; മാറിടങ്ങള്‍, വയര്‍ ഭാഗങ്ങള്‍, നിതംബം, തുടഭാഗങ്ങള്‍, എന്തിന് ചിലപ്പോള്‍ മുഖം പോലും പുരുഷന്മാര്‍ കാണാന്‍ പാടില്ലാത്തതുകൊണ്ട് അവര്‍ക്ക് വെള്ളച്ചാട്ടത്തില്‍ കുളിക്കാനവകാശമില്ല. അതൊക്കെ കണ്ടാല്‍ പുരുഷന് ലൈംഗിക ഉത്തേജനം ഉണ്ടാകും എന്നതാണ് പ്രശ്‌നം. എന്നാല്‍ പുരുഷന്‍ ഏതാണ്ട് നഗ്‌നനായിതന്നെ കുളിക്കുമ്പോള്‍ അത് കാണുന്ന പെണ്ണിന് ലൈംഗിക ഉത്തേജനം ഉണ്ടാവും എന്നത് വിഷയമേയല്ല. അവര്‍ക്കുവേണമെങ്കില്‍ അവിടെ നിന്ന് മാറിപ്പോകാമെന്ന് മാത്രം.

Wikimedia Commons
Photo : Wikimedia Commons

പുതിയ തലമുറ ഇത്തരം കീറിപ്പറിഞ്ഞ സദാചാരമൊന്നും ഇനിയും അംഗീകരിച്ചുതരാന്‍ തയാറാവില്ല. അവരും ആണിനെപ്പോലെ വെള്ളത്തിലിറങ്ങും. ഏതാണ്ട് നഗ്‌നമായി തന്നെ കുളിക്കും. ആണിന് അത് കണ്ട് ലൈംഗികത ഉണരുന്നുണ്ടെങ്കില്‍ അവര്‍ക്ക് മാറിപ്പോകാം. അല്ലെങ്കില്‍ ഒന്നിച്ച് ആര്‍ത്തുല്ലസിച്ച് കുളിക്കാം. ലൈംഗികത പാപമായോ അപരാധമായോ പുതിയ തലമുറ കാണുന്നില്ല. തങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വസ്ത്രങ്ങള്‍ മനുഷ്യര്‍ പൊതുവായി ഉപേക്ഷിക്കുക തന്നെയാണ്. എന്തുകൊണ്ട് മുണ്ടുകളും ലുങ്കികളുമൊക്കെ പുതുതലമുറയിലെ ആണ്‍കുട്ടികള്‍ പോലും ഉപേക്ഷികുന്നു? അവര്‍ക്ക് താല്പര്യം ചെറിയ ട്രൗസറുകളൊക്കെയാണ്. അവര്‍ക്കത് സൗകര്യമായി അനുഭവപ്പെടുന്നു. മുണ്ടും ലുങ്കിയുമൊക്കെയാകുമ്പോള്‍ അടിവസ്ത്രം നിര്‍ബന്ധം. ചൂടുകാലത്തൊക്കെ അതുണ്ടാക്കുന്നു അസ്വസ്ഥത വലുതാണ്. എന്നാല്‍ ഒരു ട്രൗസറായാല്‍ ഇത്തരം പൊല്ലാപ്പില്ല. സാരിപുരാണം പറഞ്ഞ എം. കെ. മുനീര്‍ ബര്‍മുഡ ധരിച്ച് കാലുകളും മാറിടവുമൊക്കെ കാണിച്ച് നില്‍ക്കുന്ന ചിത്രം അച്ചടിച്ച് വന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  ‘ഞങ്ങള്‍  ആണുങ്ങള്‍ക്ക് ഇതൊക്കെയാവാം. നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പാടില്ല’ എന്നുപറഞ്ഞാല്‍, പോയി പണി നോക്കാന്‍ പറയും പുതുതലമുറയിലെ പെണ്‍കുട്ടികള്‍. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലും വാരികകളിലുമൊക്കെ സിനിമാ നടികളും, മോഡലുകളും കലാലയ വിദ്യാര്‍ത്ഥികളുമൊക്കെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ മുനീര്‍ സാഹിബ് കാണാറുണ്ടോ? അവര്‍ക്കേറ്റവുമിഷ്ടം ബ്രാലെസ്സ് ചിത്രങ്ങള്‍ പങ്കുവെക്കാനാണ്. അവരില്‍ താങ്കളുടെ മതത്തില്‍ പെട്ടവരും ധാരാളമുണ്ട്. ഇറുകിയ വസ്ത്രം ധരിച്ച് തുട കാണിച്ച് സാനിയാ മിര്‍സാ ബാൻറ്​മിന്റണ്‍ കളിച്ചു കൂടാ എന്ന് ഫത്വയിറക്കിയ പുരോഹിത സമൂഹവും നമുക്കിടയിലുണ്ട്. മതപരമായ വിലക്കുകളില്‍ വലഞ്ഞ് പര്‍ദ്ദ ധരിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികള്‍ വണ്ടിയില്‍ കയറിയ ഉടനെ പര്‍ദ്ദയൂരി ബാഗില്‍ തിരുകുന്നതും യാത്രകളിലൊക്കെ ജീന്‍സും സ്ലീവ് ലെസ് ടോപ്പുമൊക്കെയിട്ട് അടിച്ചു പൊളിക്കുന്നതുമൊന്നും മുനീറിന് അറിയാത്തതാണോ?

ബാലുശ്ശേരി ഹൈസ്‌കൂളിലെ കുട്ടികള്‍ ജന്റര്‍ ന്യൂട്രല്‍ എന്ന നിലയില്‍ പാന്റ്‌സും ഷര്‍ട്ടും ധരിച്ചതിനെ മുനീര്‍ വിമര്‍ശിക്കുന്നത് കണ്ടു. പാന്‍സും ഷര്‍ട്ടും എന്നെന്നേക്കുമുള്ള ജെന്റര്‍ ന്യൂട്രല്‍ വസ്ത്രങ്ങളാണ് എന്നൊന്നും അഭിപ്രായമില്ല. പക്ഷേ ഒരു സ്‌കൂളിനകത്ത് ആണിനേയും പെണ്ണിനേയും വസ്ത്രം കൊണ്ട് വേര്‍തിരിക്കുന്നതിനെതിരായ പ്രതിരോധം തന്നെയാണത്. ഇന്നലെ വരെ തങ്ങള്‍ ധരിച്ച വസ്ത്രത്തേക്കാള്‍ അത് ഒരുപാട് സൗകര്യപ്രദമാണ് എന്ന് മുഴുവന്‍ പെണ്‍കുട്ടികളും പറയുന്നു. നാളെ കുറേക്കൂടി ജെന്റര്‍ ഫ്രീയും സൗകര്യ പ്രദവുമായ വസ്ത്രത്തിലേക്ക് അവിടെ കാര്യങ്ങള്‍ മാറുമായിരിക്കും. മുനീര്‍ സാഹിബ് പക്ഷേ അറിയേണ്ട ഒരു കാര്യമുണ്ട്, ഈ ജന്റര്‍ ന്യൂട്രൽ വസ്ത്രത്തിനെതിരെ മതപൗരോഹിത്യ ശക്തികള്‍ പുറത്ത് സമരം നടത്തുമ്പോള്‍ അകത്ത് അവരുടെ തന്നെ മക്കള്‍ പാന്റ്‌സും ഷര്‍ട്ടും ധരിച്ച് തുള്ളിച്ചാടുകയായിരുന്നു. പുറത്ത് പ്രാസംഗികനായെത്തിയ ഒരാളുടെ മകള്‍ ‘ബാപ്പ എന്തു വേണമെങ്കിലും പ്രസംഗിക്കട്ടെ, എനിക്കീ പാന്റും ഷര്‍ട്ടും മതി' എന്നുപറഞ്ഞ കഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുനീര്‍ ചോദിക്കുന്നത് ഇതെങ്ങനെ ജന്റര്‍ ന്യൂട്രലാകും, പാൻറ്​സ്​ ഇഷ്ടപ്പെടാത്തവര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ അവകാശം വേണ്ടേ എന്നാണ്. എം കെ മുനീര്‍ സൗകര്യപൂര്‍വ്വം മറച്ചുവെക്കുന്ന ഒരു കാര്യമുണ്ട്. ഇത് യൂണിഫോം ആണ്. ഒരു പൊതു ഇടത്തില്‍ എല്ലാവര്‍ക്കും പൊതുവായി സ്വീകാര്യമായ വസ്ത്രം, നിറം എന്നിവ സ്വീകരിക്കുന്നതിനെയാണ് നാം യൂണിഫോം എന്ന് പറയുന്നത്. അത് നിശ്ചയിച്ച ശേഷം, അതില്‍ വ്യക്തിപരമായ താല്‍പര്യത്തിനനുസരിച്ച് മാറി ധരിക്കാനുള്ള സ്വാതന്ത്യം വേണം എന്ന് പറയുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്? മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള സ്‌കൂള്യൂളില്‍ ഇപ്പോള്‍ നിശ്ചയിച്ച യൂണിഫോമില്‍ നിറത്തിലും രൂപത്തിലും ഓരോരുത്തരുടെ ഇംഗിതത്തിനനുസരിച്ച് മാറ്റം വരുത്താന്‍ നിങ്ങള്‍ അനുവദിക്കാറുണ്ടോ? നിങ്ങളുടെ കീഴിലുള്ള ചില സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ ആണിനും പെണ്ണിനും ഒരേ നിറത്തിലുള്ള പേന്റ്‌സും ഷര്‍ട്ടും യൂണിഫോമായി നിശ്ചയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അവര്‍ ഒരേ തരത്തിലുള്ള പാന്റ്‌സും ഷര്‍ട്ടും ധരിച്ചിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായോ? പോട്ടെ നിങ്ങളുടെ വളണ്ടിയര്‍ സംഘടനക്ക് നിങ്ങള്‍ നിശ്ചയിച്ച ഒരു യൂണിഫോമുണ്ട്. അതില്‍ ഓരോരുത്തരുടേയും സൗകര്യത്തിനനുസരിച്ച് മാറ്റം വരുത്തി 'ജനാധിപത്യവല്‍കരി,ക്കാമോ?

Sania
സാനിയ മിര്‍സ. / Photo : Sania Mirza, Fb Page

പ്രശ്‌നമിതാണ്; കമല ടീച്ചര്‍ ഉള്‍പ്പെടെ സ്ത്രീകളും പെണ്‍കുട്ടികളും ഇന്ന് ധരിക്കുന്ന വസ്ത്രങ്ങള്‍ അവരുടെ സൗകര്യം കണക്കിലെടുത്ത് അവര്‍ സ്വയം വികസിപ്പിച്ചവയല്ല. പുരുഷാധിപത്യസമൂഹം നിശ്ചയിച്ചതും നിര്‍മിച്ചതും പുരുഷാധിപത്യ, മേധാവിത്ത സംസ്‌കാരത്തിന് വിധേയമായി ധരിക്കേണ്ടി വന്നതുമാണ്. അതുകൊണ്ടാണ് മുനീര്‍ സാഹിബ് ചോദിക്കുന്നത്,  ‘എന്തുകൊണ്ടാണ് കമല ടീച്ചറെ പാൻറ്​ ഉടുപ്പിക്കുന്നത്, പിണറായി വിജയന് സാരി ധരിച്ചാല്‍ പോരേ' എന്ന്. ഭാഷയില്‍ പോലുമുള ആണധികാര വിന്യാസം ശ്രദ്ധിക്കൂ. കമല ടീച്ചറെ പാൻറ്​ ഉടുപ്പിക്കുകയാണ്. ആര്? പിണറായി വിജയന്‍ എന്ന പുരുഷന്‍. അദ്ദേഹത്തിന് സാരിയുടുത്തുകൂടെ എന്ന് ചോദിക്കുമ്പോള്‍ അത് ഒരു പുരുഷന്‍ സ്വയം ചെയ്യുന്നതാണ്. അതല്ലാതെ കമല ടീച്ചര്‍ എന്ന സ്ത്രീ ഉടുപ്പിക്കുകയല്ല. പുരുഷന്‍ സ്വയം ഉടുക്കുകയാണ്. സ്ത്രീയെ ഉടുപ്പിക്കുകയും. ഭാഷയിലും പ്രവൃത്തിയിലുമുള ആണധികാര ചിഹ്നങ്ങള്‍ നമുക്കിങ്ങനെ എത്ര വേണമെങ്കിലും പെറുക്കിയെടുക്കാം.

ALSO READ

പട്ടാളച്ചിട്ടയുള്ള പഠനമുറകള്‍

അതുകൊണ്ട്, മുനീര്‍ സാഹിബ് എത്രയാഗ്രഹിച്ചാലും ഒരു പുരുഷനെ കൊണ്ട് സാരി ധരിപ്പിച്ചോ, ആണ്‍കുട്ടികളെ ചുരിധാര്‍ ഉടുപ്പിച്ചോ പ്രശ്‌നം പരിഹരിക്കാനാവില്ല. ഒരു സമൂഹം പുരുഷാധിപത്യ സംസ്‌കാരം കയ്യൊഴിഞ്ഞ് സ്വതന്ത്രവും ജനാധിപത്യപരവുമായ ഒന്നായി പരിവര്‍ത്തിപ്പിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അതനുസരിച്ച വസ്ത്രങ്ങള്‍ വികസിച്ചുവരികയാണ് ചെയ്യുക. അവയൊക്കെ ലളിതവും സുഖാനുഭൂതികള്‍ പകരുന്നതുമായ വസ്ത്രങ്ങളായിരിക്കും. വസ്ത്രത്തിന്റെ ധര്‍മം പെണ്ണിന്റെ ശരീരഭാഗങ്ങള്‍ അവകാശിയായ പുരുഷനുമാത്രം സൗകര്യമായി കാണാനുള്ള നിലയില്‍ നിര്‍മിച്ചെടുക്കുന്നതല്ല. മറ്റുള്ളവരില്‍നിന്ന് കെട്ടിപ്പൊതിഞ്ഞ് മറച്ചുവെക്കുന്ന തരത്തിലായിരിക്കണം വസ്ത്രങ്ങള്‍ എന്നത് പ്രാകൃതമാണ്. അത് ഒരാധുനിക സമൂഹം കുടഞ്ഞുകളയും എന്ന കാര്യത്തിലും സംശയമില്ല. ധരിക്കുന്ന ആളിന്ന് അതെത്രമാത്രം സ്വീകാര്യവും സൗകര്യപ്രദവുമാണ് എന്നതാണ് പ്രധാനം. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് കാണാതിരിക്കാനുള്ള സൗകര്യം നിങ്ങള്‍ക്കുണ്ടല്ലോ. സ്ത്രീയുടേയും പുരുഷന്റേയും ശരീരം അവര്‍ക്ക് പരസ്പരം കാണാനും ആസ്വദിക്കാനും ചേര്‍ന്ന് നില്‍ക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ കഴിയുംവിധം തന്നെയാണ് പ്രകൃതി ഡിസൈന്‍ ചെയ്തിട്ടുള്ളത്. സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ ഏതെങ്കിലും എതിര്‍ലിംഗത്തിലുള്ളയാള്‍ കണ്ടുപോയാല്‍ സദാചാരം തകരും എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. ജീവിതത്തിലേ സദാചാര വിലക്കുകളുള്ളൂ. സാഹിത്യത്തിലും മതഗ്രന്ഥത്തിലുമൊന്നുമില്ല. കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നു എന്നുപറയുന്ന പോലെ ജീവിതത്തില്‍ കഴിയാത്തത് സാഹിത്യത്തില്‍ അനുഭവിക്കുന്നു. മനുഷ്യന്റെ ശരീരഘടനയും അവയവങ്ങളുമൊക്കെ ചില പ്രത്യേക കാലങ്ങളിലും പ്രായത്തിലും ലൈംഗിക പ്രചോദനം സൃഷ്ടിക്കും വിധം തന്നെയാണ് പ്രകൃതി ആവിഷ്‌കരിച്ചിരികുന്നത്. അതൊന്നും തെറ്റല്ല. കളിമണ്ണില്‍ മനുഷ്യരൂപമുണ്ടാക്കി മൂക്കിലൂടെ ജീവനൂതിക്കൊടുത്താണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്നാണല്ലോ ഇസ്​ലാമിക വിശ്വാസം. അപ്പോള്‍ പിന്നെ ദൈവം മനുഷ്യര്‍ക്കുവേണ്ടി ‘അദ്ദേഹത്തി'ന്റെ ഇംഗിതമനുസരിച്ച് സൃഷ്ടിച്ച മനുഷ്യാകാരത്തെ കാണാന്‍ അനുവദിക്കാത്ത വിധം കെട്ടിപ്പൊതിയുന്നതിന്റെ സംഗത്യമെന്താണ്? ഈ പറഞ്ഞതിനര്‍ത്ഥം നമ്മളെല്ലാവരും ഇനി മുതല്‍ ഉടുമുണ്ട് പറിച്ചെറിഞ്ഞ് നടക്കണമെന്നല്ല. അങ്ങനെ ചെയ്താല്‍ നിലവിലുള്ള നിയമമനുസരിച്ച് അകത്താകുകയും ചെയ്യും. നഗ്‌നതാ പ്രദര്‍ശനം ലോകത്ത് പല രാജ്യങ്ങളിലും ഇപ്പോഴും കുറ്റകരമാണ്. ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആ സമൂഹം വികസിപ്പിച്ച ആചാരമര്യാദകള്‍ പാലിക്കാന്‍ നാം ബാദ്ധ്യസ്ഥരായിരിക്കും. അതിനര്‍ത്ഥം ആചാരമര്യാദകള്‍ ആചന്ദ്രതാരം നിലനില്‍ക്കുമെന്നല്ല. അവ നിരന്തരമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കും. അത്തരം പരിഷ്‌കര്‍ത്താക്കളെയാണ് നവോത്ഥാന നായകര്‍ എന്നൊക്കെ വിളിക്കുന്നത്. പ്രകൃതിയിലേയും സമൂഹത്തിലേയും എല്ലാ മാറ്റങ്ങളും സാവധാനത്തിലുള്ള മാറ്റം, എടുത്തു ചാട്ടം (Evalution and Revolution) എന്ന തത്വപ്രകാരമായിരിക്കും. സമൂഹത്തിലുണ്ടാവുന്ന സാവധാനത്തിലുള്ള മാറ്റം ഒരു ഘട്ടം കഴിയുമ്പോള്‍ എടുത്തുചാട്ടമായി അല്ലെങ്കില്‍ ഒരു വിപ്ലവമായി സമൂഹത്തെ പുതുക്കിപ്പണിയും. ഈ പ്രക്രിയയില്‍ ബോധപൂര്‍വം ഇടപെടാന്‍ ശേഷിയുള്ള ജീവിയാണ് മനുഷ്യന്‍. ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ മുനീര്‍ സാഹിബിനേപ്പോലുള്ളവര്‍ യാഥാസ്ഥിതികമായി നോക്കിക്കാണരുത്. എന്നാല്‍ ആകെ ഒരു പുതുക്കിപ്പണിയലിന് സമയാമായോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ ആയിട്ടുണ്ടാവില്ല. എങ്കിലും നാം ഒരു പരിവര്‍ത്തന ഘട്ടത്തിലാണ് എന്ന് നിസ്സംശയം പറയാം.

Dress
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ ബാലുശ്ശേരി ഗവ. സ്കൂളിലെ വിദ്യാര്‍ഥികള്‍

നമ്മുടെ വസ്ത്രധാരണ രീതിയില്‍ വന്ന ഏറ്റവും സമകാലികമായ മാറ്റങ്ങള്‍ മാത്രം പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാകും. രണ്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് കേരളത്തില്‍ എത്ര ശതമാനം ആളുകളാണ് വസ്ത്രം ധരിച്ചിരുന്നത്? ഏത് തരത്തിലുള്ള വസ്ത്രമാണവര്‍ ധരിച്ചത്? കേരളത്തില്‍ സ്ത്രീകള്‍ മാറുമറച്ച് വസ്ത്രം ധരിക്കാന്‍ തുടങ്ങിയതെപ്പാഴാണ്? സി.കേശവന്‍ സ്വാതന്ത്ര്യത്തിനുശേഷം തിരു- കൊച്ചി സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ ആത്മകഥയില്‍, ഭാര്യക്ക് ബ്ലൗസ് ധരിക്കണമെന്ന് ആഗ്രഹം തോന്നിയതും സ്വകാര്യമായി ബ്ലൗസ് എത്തിച്ചു കൊടുത്തതും മുറിക്കകത്ത് കയറി വാതിലടച്ച് ബ്ലൗസ് ധരിച്ചു നോക്കിയതും അമ്മ കണ്ടുപിടിച്ചതും ആകെ പുലിവാലായതുമൊക്കെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അന്ന് മാറ് മറക്കുന്നതായിരുന്നു കൊള്ളരുതായ്മ.

എന്റെ കുട്ടിക്കാലത്ത് തൊട്ടടുത്ത ക്ഷേത്രത്തില്‍ നായര്‍ യുവതികള്‍ ബ്ലൗസ് ധരിക്കാതെ താലപ്പൊലിയെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുസ്​ലിം സ്ത്രീകള്‍ അന്ന് കാച്ചിയും ഉമ്മച്ചിക്കുപ്പായവുമാണ് ധരിച്ചിരുന്നത്. പര്‍ദ്ദയൊന്നും ഞങ്ങളുടെ നാട്ടിന്‍പുറത്തുണ്ടായിരുന്നേയില്ല. ഇന്നിപ്പോള്‍ മലയാളി മങ്കമാര്‍ എന്നൊക്കെപ്പറഞ്ഞ് കസവുവേഷ്ടിയും മുണ്ടും കസവുസാരിയുമൊക്കെ ധരിച്ചു കാണാറുണ്ട്. സാരി കേരളീയ വേഷമാണോ? അല്ല. അത് ആന്ധ്രയില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നുമൊക്കെയാണ് കേരളത്തിലെത്തിയത്. നമ്മുടെ ചുമര്‍ചിത്രങ്ങളും, ശില്പങ്ങളുമൊക്കെ പരിശോധിച്ചാല്‍ പുരുഷന്മാരും സ്ത്രീകളുമൊക്കെ ധരിച്ചിരുന്ന വസ്ത്രത്തിന്റെ രൂപം നമുക്ക് മനസ്സിലാകും. ലൈംഗികത പാപമായി അത്തരം സമൂഹങ്ങള്‍ സ്വീകരിച്ചിരുന്നില്ലെന്നും വ്യക്തമാകും. പൊതുവേ ആണോ പെണ്ണോ മാറ് മറച്ചിരുന്നില്ല. അന്താരിയ, ഉത്തരീയ, സ്ഥാന്‍പട്ട, കുഞ്ചുകി എന്നിങ്ങനെയൊക്കെയാണ് പഴയ കാലത്തെ വസ്ത്രങ്ങള്‍ അറിയപ്പെട്ടത്. അവയിലൊക്കെ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയാണ് നാം ഇന്നത്തെ നിലയിലെത്തിയത്.  വസ്തുതയിതൊക്കെയായിരിക്കുമ്പോള്‍  ‘ഞങ്ങളുടെ' സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, പരപുരുഷമാരാരും അവരെ കാണരുത്, ഒന്നിച്ചിടപഴകരുത്, മറകെട്ടിത്തിരിച്ച ഇരുട്ടിലേ സ്ത്രീകളിരിക്കാവൂ എന്നൊക്കെ പറയുന്നത് എന്തൊരസംബന്ധമാണ്?

ഈ പറയുന്നതൊക്കെ അരാജകത്തമാണ്; ഇത്തരം ജീവിതരീതി കുത്തഴിഞ്ഞതാണ്, അത് കുടുംബബന്ധങ്ങള്‍ തകര്‍ക്കും എന്നൊക്കെ വിലപിക്കുന്നവരുണ്ട്. നാം ഒരു പരിവര്‍ത്തന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പഴയ ഒരു ജീവിതരീതി തകരുന്നതും നമുക്ക് പരിചിതമല്ലാത്ത പുതിയതൊന്ന് കടന്നുവരുന്നതും പൊതുവായി പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാവും. വിശേഷിച്ച് പഴയ തലമുറകള്‍ക്കിടയില്‍, എല്ലാം തകര്‍ന്നു കുഴപ്പമാകുകയാണ് എന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ചെയ്യും. കൈവരുന്ന സ്വാതന്ത്ര്യം കരുതി ഉപയോഗിക്കാന്‍ കഴിവില്ലാത്ത പലരും ചിലപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ എരിതീ വെളിച്ചത്തില്‍ എരിഞ്ഞടങ്ങിയെന്നും വരാം. ഇതൊക്കെ ചരിത്രത്തിലെ അനിവാര്യതകള്‍ തന്നെയാണ്. കാലത്തെ ശരിയായി മനസ്സിലാക്കി, ശാസ്ത്രീയമായി ഇടപെടുക മാത്രമാണ് നമുക്ക് ചെയ്യാനാവുക. ഉദയസൂര്യനെ പഴമുറം കൊണ്ട് മറയ്ക്കാം എന്ന് കരുതുന്നതുപോലെ യാഥാസ്ഥിതിക നിലപാടുകളില്‍ അളളിപ്പിടിച്ചിരുന്ന് മാറ്റങ്ങളെ പ്രതിരോധിച്ചു കളയാം എന്നു കരുതുന്നത് മൗഢ്യമാണ്. അരാജകത്വം എന്നത് എന്തോ മോശം കാര്യമാണ് എന്നാണ് സമൂഹം പൊതുവേ വിവക്ഷിക്കുന്നത്. എന്നാല്‍ അതിന്റെ വാച്യാര്‍ത്ഥം രാജനില്ലാത്ത അവസ്ഥ എന്നാണ്. അതായത് ഭരണാധികരികളും ഭരണീയരുമില്ലാത്ത അവസ്ഥ. കാള്‍ മാര്‍ക്‌സ് ഭരണകൂടം കൊഴിഞ്ഞു പോകുന്ന അവസ്ഥയെക്കുറിച്ചൊക്കെ വിഭാവനം ചെയ്തില്ലേ? അതുതന്നെ. ഒരു മനുഷ്യന്റേയും സ്വാതന്ത്ര്യത്തെയും, ആത്മാവിഷ്‌കാരങ്ങളേയും ഭരണകൂടങ്ങളാലോ അലിഖിത കീഴ് വഴക്കങ്ങളാലോ നിയന്ത്രിക്കപ്പെടേണ്ടതില്ലാത്ത, മനുഷ്യന്‍ എന്ന പദം തന്നെ ഉദാത്തമായി തീരുന്ന അവസ്ഥയാണ് രാജാവിനാല്‍, ഭരണകൂടങ്ങളാല്‍ ഭരിക്കപ്പെടാത്ത ‘അരാജകാവസ്ഥ'. അതൊരു മോശം കാര്യമോ കാലമോ ആയിരിക്കില്ല. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നതൊക്കെ കാലം തെളിയിക്കേണ്ടതാണെങ്കിലും. അതേപോലെ തന്നെയാണ് കുടുംബത്തേക്കുറിച്ചുളള കാഴ്ചപ്പാടുകളും.

Muslim Ladies
കാച്ചിയും ഉമ്മച്ചിക്കുപ്പായവുമണിഞ്ഞ മുസ്ലിം സ്ത്രീകള്‍. / Photo : Wikimedia Commons

‘കൂടുമ്പോള്‍ ഇമ്പമുള്ളത്' എന്നൊക്കെ ഉദാത്തവല്‍ക്കരിച്ച് വിശദീകരിക്കാമെങ്കിലും, കുടുംബം എന്നത് കൂടുമ്പോള്‍ അത്ര ഇമ്പമുള്ളതൊന്നുമല്ല. അത് തീര്‍ച്ചയായും ആണധികാരത്തിന്റേയും സ്ത്രീവിരുദ്ധതയുടേയും ഭരണകൂടരൂപം തന്നെയാണ്. അതിനര്‍ത്ഥം ഇപ്പോള്‍ തന്നെ കുടുംബം തകര്‍ക്കണമെന്നുമല്ല. പൊളിച്ചെഴുത്തുകള്‍ ഇവിടേയും അനിവാര്യം തന്നെയാണ്. സ്ഥിതിസമത്വ ആധുനികതയിലേക്ക് വികസിച്ചു കൊണ്ടിരിക്കുന്ന എല്ലാ സമൂഹങ്ങളും ഇത്തരം ഇരുണ്ട ഘടനകളെയെല്ലാം പൊളിച്ചുപണിതുകൊണ്ട് തന്നെയാണ് മുന്നേറുന്നത്. എം. കെ. മുനീറിനേപ്പോലെ ആധുനികതയുടെ വെളിച്ചം ധാരാളമായി അനുഭവിച്ച ഒരാള്‍ യാഥാസ്ഥിതികതയുടെ വക്താവായി ചുരുങ്ങരുത്. ഒരു പക്ഷേ മുസ്​ലിം ലീഗ് പോലെ മതയാഥാസ്ഥികതക്ക് വലിയ ഇടമുള്ള ഒരു സ്ഥലത്ത് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ അനിവാര്യമായിരിക്കാം. പക്ഷേ അത് ജനാധിപത്യത്തിന്റെ പാതയില്‍ മുന്നറിയ ഒരു സമൂഹത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു നടത്തുകയാണ് ചെയ്യുന്നത് എന്നറിയണം. കേരളം പോലൊരു സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും. മൃദുതാലിബാനിസത്തിന്റെ വക്താവായി ഒരിക്കലും അറിയപ്പെടേണ്ട ഒരാളല്ല ഡോ.എം കെ മുനീര്‍.

  • Tags
  • #Dr. M.K. Muneer
  • #Kunjalikutty
  • #Sania Mirza
  • #Gender
  • #Dress Code
  • #Karl Marx
  • #Vladimir Lenin
  • #N.V. Balakrishnan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
muslim-women

Human Rights

എം.സുല്‍ഫത്ത്

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം: ഭരണകൂടം കാണേണ്ടത്​ മതത്തെയല്ല,  മതത്തിനുള്ളിലെ സ്ത്രീയെ

Jan 12, 2023

10 Minutes Read

Anupama Mohan

OPENER 2023

അനുപമ മോഹന്‍

വസ്​ത്ര സ്വാതന്ത്ര്യത്തിനായി കുടുംബത്തിനകത്ത്​ നടത്തിയ ഒരു ഫൈറ്റിന്റെ വർഷം

Jan 03, 2023

5 Minutes Read

Nireeksha-Women's-Theatre

Theatre

എസ്.കെ. മിനി

അത്ര സുഖകരമല്ല, അരങ്ങിലേക്കുള്ള പെൺസഞ്ചാരങ്ങളിപ്പോഴും

Dec 24, 2022

6 Minutes Read

Kunjalikkutti

Minority Politics

Think

ഇന്നത്തെ ഇന്ത്യയില്‍ മതേതരപക്ഷത്ത് നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല: കുഞ്ഞാലിക്കുട്ടി 

Dec 23, 2022

6 Minutes Read

Wonder Women

Film Review

ദേവിക എം.എ.

പ്രോഗ്രസീവായ ഒന്നുമില്ലാത്ത വണ്ടര്‍ വിമെന്‍

Nov 19, 2022

4 minutes read

Vibha

Transgender

ഷഫീഖ് താമരശ്ശേരി

എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടേയില്ല, കേരളം മാറുന്നുണ്ട് - ട്രാന്‍സ് ഡോക്ടര്‍ വിഭ

Oct 05, 2022

35 Minutes Watch

Hijab

Gender

സിദ്ദിഹ

ക്ലാസിനുമുന്നില്‍ നിന്ന് ചുരിദാര്‍ പൊക്കി പാന്റിന്റെ വള്ളി മുറുക്കി കെട്ടുന്ന പെണ്‍പിള്ളേർ എന്നിലുണ്ടാക്കിയ ഷോക്ക് വലുതായിരുന്നു

Sep 21, 2022

2 minutes Read

3

Transgender

റിദാ നാസര്‍

'പൊലീസ് ചോദിച്ചു, പെണ്ണുങ്ങളുടെ എന്ത് അവയവമാണ് നിങ്ങള്‍ക്കുള്ളത്?' ആക്രമിക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍മാര്‍

Aug 29, 2022

8 Minutes Watch

Next Article

സവാഹിരി വധം ദുർബലമാക്കുമോ ഭീകരതയുടെ കണ്ണികളെ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster