കുലത്തൊഴിൽ മുറക്കെതിരെ പെരിയാർ നടത്തിയ പ്രതിരോധം വീണ്ടെടുക്കേണ്ട ഒരു കാലം

പെരിയാർ അന്നേ പറഞ്ഞിരുന്നു, മദ്രാസ് പ്രസിഡൻസിയിൽ രാജഗോപാലചാരി വീണ്ടും മുഖ്യമന്ത്രിയാകുകയാണെങ്കിൽ ഇവിടെ കുലത്തൊഴിൽ മുറ വീണ്ടും കൊണ്ടുവരുമെന്ന്​. അതുകൊണ്ട് ബ്രാഹ്മണ സ്വഭാവമുള്ള രാജഗോപാലചാരി ഒരിക്കലും മുഖ്യമന്ത്രി ആവരുത്, മറിച്ച്​, കാമരാജ്​ മുഖ്യമന്ത്രിയാവണം, എന്നാലേ ഈ സംസ്ഥാനത്തെ രക്ഷിക്കാൻ കഴിയൂ എന്നദ്ദേഹം വാദിച്ചു. വിദ്യാഭ്യാസ മേഖലയിലടക്കം സവർണതയുടെ പുനഃപ്രതിഷ്​ഠ നടക്കുന്ന ഈ കാലത്ത്​ പെരിയാറുടെ ആശയങ്ങൾ പ്രസക്തമാകുന്നു.

മീപകാലത്ത്​ യു.ജി.സി കൊണ്ടുവരുന്ന അക്കാദമിക്​- പഠന പരിഷ്​കാരങ്ങൾ കീഴാളവിരുദ്ധമായ സമീപനങ്ങളാൽ സമൃദ്ധമാണ്​. വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് തുടങ്ങാനുള്ള തീരുമാനം അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൽ തന്നെ ഇതിനുള്ള നിർദേശമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം എന്ന മോഹനവാഗ്ദാനം ഫലത്തിൽ ഏറ്റവും പ്രതികൂലമായി ബാധിക്കുക, ഇന്ത്യയിലെ കീഴാള വിഭാഗങ്ങളെയാണ്. പ്രോഗ്രാമുകൾ, പഠനക്രമം, കരിക്കുലം, സിലബസ്, പ്രവേശന ചട്ടങ്ങൾ, ഫീസ് നിർണയം, അധ്യാപക- അനധ്യാപക നിയമനം തുടങ്ങിയ കാര്യങ്ങളിൽ വിദേശ സർവകലാശാലകൾക്ക് പരിപൂർണമായ സ്വാതന്ത്ര്യം അനുവദിക്കുന്ന നയം, സംവരണത്തിന്റെയും സാമൂഹിക നീതിയുടെയും കാര്യത്തിലും ഇതേ 'സ്വാതന്ത്ര്യം' വിദേശ സർവകലാശാലകൾക്ക് നൽകുന്നു. അതായത്, സംവരണം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ബാധകമാകാത്ത കാമ്പസ് സംവിധാനമാണ് വരുന്നത് എന്നർഥം.

യു.ജി.സി കൊണ്ടുവരുന്ന പുതിയ പഠന രീതികളും ആദിവാസികൾക്കും ദലിതർക്കും മറ്റു പിന്നാക്കക്കാർക്കും ദോഷം ചെയ്യുന്നതാണ്​. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് വിദ്യാഭ്യാസ ആനുകൂല്യം എന്ന ആശയം കൊണ്ടുവന്നത്. ഈ അവകാശം ഉപയോഗപ്പെടുത്തി നിരവധി ദലിത്​- പിന്നാക്ക വിദ്യാർഥികളാണ്​ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക്​ കടന്നുവരുന്നത്​. എങ്കിലും ഇപ്പോഴും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിവിലേജ്ഡ് വിഭാഗങ്ങൾക്കാണ് മുൻതൂക്കം.

ഈ മുൻതൂക്കത്തിന്​ ഇളക്കം തട്ടാതിരിക്കുക എന്നതാണ്​ കേന്ദ്ര ഭരണകൂടത്തിന്റെയും യു.ജി.സിയുടെയും പരിഷ്​കാരങ്ങളുടെ ലക്ഷ്യം. ആനുകൂല്യങ്ങൾ ഇല്ലാതാക്കി സമ്പന്നർക്കും ഉന്നത ജാതിക്കാർക്കും മാത്രം വിദ്യാഭ്യാസം എന്ന പഴയ ‘ഗുരു വിദ്യാഭ്യാസ സംവിധാന’ത്തെയാണ് പുനഃപ്രതിഷ്​ഠിക്കാൻ ശ്രമിക്കുന്നത്​. അതിന്റെ ടെസ്​റ്റ്​ ഡോസാണ്​ വിദേശ സർവകലാശാലകൾക്കുള്ള അനുമതി. ലോക പ്രശസ്ത യൂണിവേഴ്‌സിറ്റികളെ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്ന,​ ​കേട്ടാൽ ആകർഷകമായ തീരുമാനത്തിലൂടെ പ്രാഥമികമായി സംവരണം എന്ന ആശയത്തെ ഉന്മൂലനം ചെയ്യാം. അതോടെ, കീഴാള വിഭാഗങ്ങൾ വിദ്യാഭ്യാസം നിഷേധിക്കപ്പെടും. സാധാരണക്കാർക്ക് വിദ്യാഭ്യാസം പരിമിതപ്പെടുത്തുമ്പോൾ സമൂഹത്തിൽ വീണ്ടും അടിമത്തം സൃഷ്ടിക്കപ്പെടും. അത്തരം അടിമത്തം വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതോടുകൂടി കീഴാളരെ എന്നും കീഴാളരായി നിലനിർത്താൻ ഭരണകൂടത്തിന് കഴിയും.

ഇതിനെതിരായ ഒരു പ്രതിരോധമാണ്​ ഇപ്പോൾ തമിഴ്​നാട്​ സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്​. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു, സംസ്ഥാനത്ത് നീറ്റ് പരീക്ഷ ഒഴിവാക്കും എന്നത്. സ്റ്റാലിൻ മന്ത്രിസഭ അധികാരമേറ്റതിനെതുടർന്ന് സംസ്ഥാനത്ത് നീറ്റ് പരീക്ഷ റദ്ദാക്കി നിയമസഭ ബില്ല് പാസാക്കുകയും ചെയ്തു. നീറ്റ് പരീക്ഷ, ദുർബല വിഭാഗങ്ങളെ പുറന്തള്ളാനുള്ള ഒരു സംവിധാനം എന്ന നിലപാടാണ് ഡി.എം.കെക്കുള്ളത്.

എം. കെ. സ്റ്റാലിൻ / Photo: M.K. Stalin FB Page

വിദ്യാഭ്യാസ മേഖലയിലെ ഫെഡറലിസത്തെ കടന്നാക്രമിക്കുന്ന കേന്ദ്ര നിലപാടിനെതിരായ സ്​റ്റാലിൻ സർക്കാറിന്റെ നീക്കങ്ങൾക്ക്​ ​പ്രത്യയശാസ്​ത്ര അടിത്തറ നൽകുന്നത്​ പെരിയാറുടെ ആശയങ്ങളാണ്​. ആധുനിക കാലഘട്ടത്തിൽ കൂടുതൽ കരുത്തേകുന്ന ചിന്തകളാണ് പെരിയാറുടേത്. ഇന്ത്യൻ ഹിന്ദുയിസത്തിനെതിരായി ആദ്യം ഒറ്റയാൾ പോരാട്ടം നയിച്ച ചിന്തകൻ. പല ചിന്തകരും മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പെരിയാർ പറഞ്ഞത്, അതിനെ ഒരു പുസ്തകമായി മാത്രം കണ്ട് വായിച്ച് അതിലെ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കണം എന്നാണ്​. മനുസ്മൃതി വ്യാഖ്യാനിച്ച് പെരിയാർ മനുനീതി ജാതിക്കൊരു നീതി എന്ന പുസ്തകം എഴുതി. ഇത്ര ചിന്തിച്ച മറ്റൊരാളും ആ കാലഘട്ടത്തിലുണ്ടായിരുന്നില്ല എന്നാണ് കാലം തെളിയിക്കുന്നത്.

പെരിയാർ അന്നേ പറഞ്ഞിരുന്നു, മദ്രാസ് പ്രസിഡൻസിയിൽ രാജഗോപാലചാരി വീണ്ടും മുഖ്യമന്ത്രിയാകുകയാണെങ്കിൽ ഇവിടെ കുലത്തൊഴിൽ മുറ വീണ്ടും കൊണ്ടുവരുമെന്ന്​. പറയൻ പറയനായും വണ്ണാൻ വണ്ണാനായും (തോട്ടി) ചക്കിലിയൻ ചക്കിലിയനായും കഴിയേണ്ടിവരും. കുലത്തൊഴിൽ മുറ മർദകരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടും. അതുകൊണ്ട് ബ്രാഹ്മണ സ്വഭാവമുള്ള (സവർണബോധമുള്ള) രാജഗോപാലചാരി ഒരിക്കലും മുഖ്യമന്ത്രി ആവരുത് എന്നാണ്​ അദ്ദേഹം പറഞ്ഞത്​. മറിച്ച്​, ‘ഏഴൈകളിൻ തോഴൻ’ കാമരാജൻ മുഖ്യമന്ത്രിയാവണം. എന്നാലേ ഈ സംസ്ഥാനത്തെ രക്ഷിക്കാൻ കഴിയൂ എന്നദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയശത്രുവായ കാമരാജിനെ അദ്ദേഹത്തിന്റെ വീട്ടിൽചെന്ന് പെരിയാർ കണ്ട്, മുഖ്യമന്ത്രിയാവണമെന്ന് അഭ്യർത്ഥിച്ചു. അഭ്യർത്ഥന കാമരാജ്​ നിരസിച്ചില്ല. തന്നെക്കൊണ്ട്​ എന്തെങ്കിലും ചെയ്യാൻ പറ്റും എന്ന് പെരിയാറിനെപ്പോലൊരാൾ വിശ്വസിക്കുന്നു, അതുകൊണ്ട് താൻ മുഖ്യമന്ത്രിയാവാൻ സന്നദ്ധനാണ് എന്ന് പറഞ്ഞ്​ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നു എന്നായിരുന്നു കാമരാജിന്റെ മറുപടി. ഒരുപക്ഷേ അന്ന് കാമരാജ്​പെരിയാരുടെ വാക്കുകൾ തള്ളിക്കളഞ്ഞിരുന്നുവെങ്കിൽ തമിഴ്‌നാട്ടിൽ കുലത്തൊഴിൽമുറ നിലവിൽ വരുമായിരുന്നു. ഇത്രയും കാലം നീതി കക്ഷിയും സോഷ്യലിസ്റ്റ് പാർട്ടികളും എന്തിനുവേണ്ടി പ്രവർത്തിച്ചോ അത് ഇല്ലാതാവുമായിരുന്നു.

കാമരാജൻ, രാജഗോപാലചാരി

പെരിയാർ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബഹുസ്വരമായിരുന്നു. കോൺഗ്രസിന്റെ ബ്രാഹ്മണ മേൽക്കോയ്മയെ എതിർക്കുമ്പോൾ തന്നെ, മറുവശത്ത് കാമരാജിനെ പോലുള്ള തൊഴിലാളി വർഗ നേതാക്കളെ അദ്ദേഹം ആദരിച്ചിരുന്നു. പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ കിങ് മേക്കറായി കാമരാജ്​ മാറിയതായാണ് നാം കണ്ടത്.

അന്നത്തെ സാഹചര്യത്തിൽ ആര്യ മേൽക്കോയ്മയെ പെരിയാർ നിരന്തരം തുറന്നു കാണിച്ചു. പക്ഷേ അവിടം കൊണ്ട്​ പെരിയാരുടെ രാഷ്ട്രീയ നിരീക്ഷണം അവസാനിക്കുന്നില്ല. ബദൽ സംവിധാനം കണ്ടെത്തുക എന്നതായിരുന്നു പെരിയാരുടെ ലക്ഷ്യം. പെരിയാർ നടത്തിയത് അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ്. ആ പോരാട്ടത്തിന് സാക്ഷികളായത് തമിഴകത്തെ ജനങ്ങൾ മാത്രമല്ല, ഭരണഘടനാ ശിൽപി അംബേദ്കർ കൂടിയാണ്. പെരിയാർ അംബേദ്കർ ചിന്തകളെ തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിൽ ജാതിയുടെ പേരിൽ തഴയപ്പെട്ടവരെ അംബേദ്കറുടെ സിദ്ധാന്തങ്ങൾ കൊണ്ട് അദ്ദേഹം ചേർത്തുപിടിച്ചു. അംബേദ്കർ സിദ്ധാന്തങ്ങളെ പെരിയാറും നീതി കക്ഷിയും ഏറ്റെടുത്ത്​, തമിഴ്‌നാട്ടിലേക്ക് അംബേദ്കറെ ക്ഷണിച്ചു. സമത്വ യോഗങ്ങളിൽ അംബേദ്കറെ പങ്കെടുപ്പിച്ച്​ ദലിത്​ വിമോചനത്തിന്​ പെരിയാർ നിരന്തരം പൊരുതി. മറുഭാഗത്ത് തന്റെ സഖാക്കളിലൂടെ ജാതിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. അതോടൊപ്പം, സോഷ്യലിസത്തെയും മാർക്സിസത്തെയും മനസ്സിലാക്കാൻ ശ്രമിച്ചു. റഷ്യൻ മോഡൽ പഠിക്കാൻ 1936 ൽ പെരിയാർ സോവിയറ്റ് റഷ്യ സന്ദർശിച്ചു. രാജ്യത്തെ ബ്രിട്ടീഷുകാരിൽ നിന്ന്​ ​മോചിപ്പിക്കുന്നതിനൊപ്പം ബ്രാഹ്മണിസം അടിച്ചേൽപ്പിച്ച ചാതുർവർണ്യം ഇല്ലാതാക്കുക, സോഷ്യലിസം പടുത്തുയർത്താൻ മാർഗം കണ്ടെത്തുക, തൊഴിലാളി വിമോചനം സാധ്യമാക്കുക, കുലത്തൊഴിൽ മുറ ഇല്ലാതാക്കാൻ ശ്രമിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളുടെ സത്തയായി മാറി. താൻ ബ്രാഹ്മണർ എന്ന ജാതിയെയല്ല, ബ്രാഹ്മണസിസം എന്ന സവർണ തത്വത്തെയാണ് എതിർക്കുന്നത് എന്നാണ്​ പെരി​യാർ പറഞ്ഞത്​.

അംബേദ്കറും പെരിയാറും

തഴയപ്പെട്ടവരെ രാഷ്ട്രീയവൽകരിക്കുക മാത്രമല്ല, അവരുടെ അവസ്ഥ അവർക്ക് മനസിലാക്കി കൊടുക്കാനുള്ള ദൗത്യവും അദ്ദേഹം ഏറ്റെടുത്തു. സാംസ്‌കാരിക ബഹുസ്വരതയുള്ള ഈ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന്​ വരുന്ന പുരോഗമന ചിന്തകളെ ഒന്നിപ്പിച്ച് പുതിയ സിദ്ധാന്തം രൂപീകരിക്കുകയും അത് താഴേക്കിടയിലുള്ള ജനങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് പെരിയാർ രൂപപ്പെടുത്തിയെടുത്തത്. ഇത്തരമൊരു സംവിധാനമാണ് ഇന്ത്യയിൽ ഇന്ന് രൂപപ്പെടുത്തി എടുക്കേണ്ടത്. സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പല വഴികളിലൂടെ ബ്രാഹ്​മണാധിപത്യം അടിച്ചേൽപ്പിക്കപ്പെടുന്നു. അതിന്​ വിദ്യാഭ്യാസത്തെ ആയുധമാക്കുന്നു. അതിനെതിരെ മുഖ്യധാരാ രാഷ്​ട്രീയ കക്ഷികളൊന്നും ചെറുവിരൽ പോലും ഉയർത്തുന്നില്ല.

രാഷ്ട്രീയം എന്നത് കേവലം ഭരണത്തിനും അധികാരത്തിനും പദവിക്കും വേണ്ടിയുള്ള സംവിധാനമാണ്​ എന്ന്​ കരുതുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം രാഷ്​ട്രീയ സംഘടനകളും. ജനാധിപത്യത്തെ ഒരു ഉത്തരവാദിത്തമായി അവർ കണക്കിലെടുക്കുന്നില്ല. ബി.ജെ.പി അധികാരത്തിൽ വന്ന്​ എട്ടുകൊല്ലമായിട്ടും ശക്തമായ ഒരു ബദൽ ഉണ്ടാകാത്തത്​ അതുകൊണ്ടാണ്​. മാത്രമല്ല, അവരുടെ ഭരണകൂടം നടപ്പാക്കുന്ന നയങ്ങൾ ചോദ്യം ചെയ്യാതെ പിന്തുടരാൻ സംസ്​ഥാനങ്ങൾ നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു. വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ മുൻവാതിലിലൂടെ തന്നെ കൊണ്ടുവരാൻ ശ്രമിക്കുന്ന സവർണതയെ ചെറുക്കാൻ പെരിയാർ മുന്നോട്ടുവച്ച ബദൽ ചിന്തകൾക്ക്​ ഇന്ന്​ ഏറെ പ്രസക്തിയുണ്ട്​. മുതലാളിത്വം നിലനിൽക്കുന്ന കാലം വരെ മാർക്​സ്​ ജീവിച്ചിരുക്കും എന്നാണ് എറിക് ഹോബ്​സ്​ബാം പറഞ്ഞത്. അതുപോലെ, ബ്രാഹ്മണിസം നിലനിൽക്കുന്ന കാലം വരെ പെരിയാർ ജീവിച്ചിരിക്കും.

Comments