3 Sep 2020, 09:49 AM
വീണ്ടും ആ ദ്വീപിലേക്കായി ഈ ഫെറിയില്‍ കയറാന്‍ ഒരൊറ്റ കാരണമേയുളളൂ. റഷ്യന്‍ വിപ്ലവത്തിന് ലെനിനൊപ്പം നേതൃത്വം നല്‍കിയ ട്രോട്സ്‌കി താമസിച്ച വീടൊന്ന് കാണണം. പെട്രോള്‍ വാഹനങ്ങള്‍ക്ക് വിലക്കുളള മനോഹര ദ്വീപെന്നതിനപ്പുറം ട്രോട്സ്‌കിയുമായി ഈ സ്ഥലത്തിന് ബന്ധമുണ്ടെന്ന കാര്യം ആദ്യ സന്ദര്‍ശന സമയത്ത് അറിയില്ലായിരുന്നു. നഗര ബഹളങ്ങളില്‍ നിന്ന് മോചനം തേടി അവിടെയെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗത്തിനും അതറിയില്ല. അത് സൂചിപ്പിക്കുന്ന ഒന്നും അവിടെയില്ല താനും. ദ്വീപിന്റെ ചരിത്രം ഗൂഗിളില്‍ പരതിയപ്പോള്‍ കിട്ടിയ ഒരു ലിങ്കില്‍ നിന്നാണ് അക്കാര്യമറിയുന്നത്. അത് വായിച്ചപ്പോള്‍ തീരുമാനിച്ചതാണ് ഇസ്താംബൂളില്‍ ഇനി വരുമ്പോള്‍ ആ ദ്വീപിലേക്ക് വീണ്ടും പോകുമെന്ന്.

ചരിത്ര തല്പരരല്ലെങ്കിലും ഈ ദ്വീപ് ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുളളവര്‍ പിന്നെയും പോകാന്‍ അവസരം കൈവന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കില്ല. ആ ദ്വീപിനെ പോലെ തന്നെ മനോഹരമാണ് അങ്ങോട്ടുളള ഈ ബോട്ടു യാത്രയും. നീലാകാശത്തില്‍ തൂവെളള മേഘങ്ങള്‍ തീര്‍ത്ത ചിത്രങ്ങള്‍ക്ക് ഭംഗിയേറ്റി കടല്‍ക്കാക്കള്‍ വട്ടമിട്ടു പറക്കുന്നു. ബോട്ടിന് പുറകിലെ പാല്‍ നുരയ്ക്ക് മീതെ പറക്കുന്ന കടല്‍ക്കാക്കളെ നോക്കി നില്‍ക്കുമ്പോള്‍ ട്രോട്സ്‌കിയുടെ കപ്പല്‍ സഞ്ചരിച്ചതും ഈ വഴി തന്നെയല്ലേ എന്ന് ചിന്തിച്ചു. ആ യാത്രയില്‍ ഈ നയനാനന്ദ കാഴ്ചകളൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല.
റഷ്യയില്‍ നിന്ന് തുര്‍ക്കിയിലേക്ക് നാടുകടത്തുന്നത് തന്നെ ഇവിടെ വെച്ച് കൊലപ്പെടുത്താന്‍ സ്റ്റാലിന്‍ അത്താത്തുര്‍ക്കുമായി ധാരണയുണ്ടാക്കിയിട്ടായിരിക്കുമെന്ന ചിന്ത മനസ്സിനെ വേട്ടയാടുമ്പോള്‍ കണ്ണുകളില്‍ ഈ കാഴ്ചകള്‍ തെളിയുന്നതെങ്ങനെ.
ഭാര്യ നടാലിയ സെദോവും മകന്‍ ലേവ് സെദോവും കൂടെയുണ്ടായിരുന്നെങ്കിലും സ്റ്റാലിന്റെ രഹസ്യ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആ കപ്പല്‍ യാത്ര. ആഭ്യന്തര നാടുകടത്തലിന് വിധേയമായി ഒരു വര്‍ഷത്തോളം താമസിച്ച കസഖ്സ്ഥാനിലെ അല്‍മ അറ്റയില്‍ നിന്നായിരുന്നു ട്രോട്സ്‌കിയുടെ ഒരു മാസത്തോളം നീണ്ട യാത്രയുടെ തുടക്കം. അവിടെ നിന്ന് കരിങ്കടലിലെ സോവിയറ്റ് തുറമുഖമായ ഒഡസയിലെത്തിച്ച് കപ്പലില്‍ കയറ്റിയാണ് ബോസ് ഫറസ് കടലിടുക്ക് വഴി ട്രോട്സ്‌കിയെ തുര്‍ക്കിയിലേക്ക് കൊണ്ടു വന്നത്. ലെനിനോടൊപ്പം നിന്ന് പോരാടി നേടിയ ഭരണത്തില്‍ നിന്ന് മാത്രമല്ല താന്‍ രൂപം നല്‍കിയ ചെമ്പടയുടെ കരുത്തില്‍ സംരക്ഷിക്കപ്പെട്ട മണ്ണില്‍ നിന്നു പോലും പുറത്താക്കപ്പെട്ടിരിക്കുന്നുവെന്ന സത്യം ട്രോട്സ്‌കിയെ കുറച്ചൊന്നുമായിരിക്കില്ല ഉലച്ചിട്ടുണ്ടാവുക. കപ്പല്‍ തുര്‍ക്കിയുടെ തീരത്തടുക്കും മുമ്പ് ട്രോട്സ്‌കി സോവിയറ്റ് യൂണിയനിലെ കേന്ദ്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും തുര്‍ക്കിയിലെ ഭരണാധികാരിയായ അത്താതുര്‍ക്കിനും അയച്ച എഴുത്തുകളില്‍ അത് നിഴലിക്കുന്നുണ്ട്.

സ്റ്റാലിന്റെ രഹസ്യ പോലീസും തുര്‍ക്കിയിലെ ദേശീയ ഭരണകൂടവും തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് കമ്മിറ്റിക്കെഴുതിയ കത്തില്‍ അദ്ദേഹം ആരോപിച്ചു. കൊല്ലപ്പെട്ടാല്‍ സ്റ്റാലിനും പാര്‍ട്ടിയുമാണ് ഉത്തരവാദിയെന്ന് തുറന്നെഴുതി. തന്റെ ആഗ്രഹ പ്രകാരമല്ല അതിര്‍ത്തി കടന്ന് തുര്‍ക്കിയിലേക്ക് വരുന്നതെന്ന് അത്താത്തുര്‍ക്കിനും കപ്പലിലിരുന്ന് കത്തെഴുതി. താന്‍ സംസാരിക്കുന്ന ഭാഷയുളള രാജ്യത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും നാടുകടത്തപ്പെടുന്നവന്റെ ആഗ്രഹങ്ങള്‍ നാടുകടത്തുന്നവര്‍ പരിഗണിക്കാത്തതു കൊണ്ട് മാത്രമാണ് ഇവിടേക്ക് വരുന്നതെന്നും അദ്ദേഹം ആ കത്തില്‍ വിശദമാക്കിയിരുന്നു. കാണുന്നത് ഒരേ കാഴ്ചകളാണെങ്കിലും ഓരോ യാത്രക്കാരന്റെ മനസ്സിലും അതുണര്‍ത്തുന്ന ചിന്തകള്‍ എത്ര വ്യത്യസ്തമായിരിക്കുമെന്നതിനുളള ഉദാഹരണമാണീ ട്രോട്സ്‌കിയെക്കുറിച്ചുളള ആലോചനകളെന്ന് ആത്മഗതം ചെയ്ത് ക്യാമറയെടുത്ത് ഫോട്ടോയെടുക്കാനാരംഭിച്ചു.
രാജകുമാരന്മാരുടെ ദ്വീപ്
ഫെറി മര്‍മ്മറ സമുദ്രത്തിലൂടെ രാജകുമാരന്മാരുടെ ദ്വീപി (പ്രിന്‍സെസ് ഐലന്റി) നെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ദ്വീപുകള്‍ എന്നര്‍ത്ഥം വരുന്ന അദലാര്‍ (അദയെന്നാല്‍ ദ്വീപ്) എന്നതാണ് തുര്‍ക്കിഷ് ഭാഷയില്‍ ഈ ദ്വീപുകളുടെ വിളിപ്പേര്. ബുയൂകദ, ഹൈബേലി, കിനലി, ബുര്‍ഗസ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രധാന നാല് ദ്വീപുകളും വളരെ ചെറിയ മറ്റ് അഞ്ച് ദ്വീപുകളും ഉള്‍പ്പെടുന്നതാണ് ദ്വീപ് സമൂഹമായ പ്രിന്‍സെസ് ഐലന്റ്. ഇസ്താംബൂളിന്റെ യൂറോപ്യന്‍ ഭാഗത്തു നിന്നും ഏഷ്യന്‍ ഭാഗത്തു നിന്നും ഈ ദ്വീപിലേക്ക് ബോട്ടിലെത്താനാകും. ഇസ്താംബൂളില്‍ ഫെറി യാത്ര അത്ര ചെലവേറിയതല്ല.

ദീപില്‍ പോയി തിരിച്ച് വരാന്‍ ടിക്കറ്റിനായി ചെലവായത് പത്ത് തുര്‍ക്കിഷ് ലിറയാണ് (നൂറ് ഇന്ത്യന്‍ രൂപ). യൂറോപ്യന്‍ ഭാഗത്ത് നിന്ന് രണ്ട് മണിക്കൂറും ഏഷ്യന്‍ ഭാഗത്ത് നിന്നാണെങ്കില്‍ ഒരുമണിക്കൂര്‍ കൊണ്ടും ഫെറിയില്‍ ഈ ദ്വീപില്‍ എത്താനാകും. സ്പീഡ് ബോട്ടിലാണെങ്കില്‍ ഇതിന്റെ പകുതി സമയം മതി.
തീവ്രദേശീയവാദിയുടെ തോക്കിനിരയായ ആര്‍മീനിയന്‍
ഫെറിയുടെ മുകളിലെ നിലയിലെ സൈഡ് ബെഞ്ചിലിരുന്നും നിന്നും ഫോട്ടോയെടുത്ത ശേഷം യാത്രക്കാരെ ശ്രദ്ധിച്ചു. ബോട്ടിന്റെ ഇരു നിലകളിലും നിറയെ യാത്രക്കാരാണ്. സ്വദേശികളുടെ അത്ര തന്നെ വിദേശികളുമുണ്ട്. ദ്വീപുകളില്‍ താമസിക്കുന്ന ആരെങ്കിലുമൊരാളോട് സംസാരിക്കാമെന്ന് കരുതി ചുറ്റും കണ്ണോടിച്ചപ്പോള്‍, അതാ ഒരാള്‍ രണ്ടു പേരുടെ സീറ്റില്‍ ഒറ്റക്കിരുന്ന് വെളളക്കടലാസില്‍ എന്തോ കുറിക്കുന്നു. പതുക്കെ അദ്ദേഹത്തിന്റെ അടുത്ത് പോയിരുന്നു. പരിചയപ്പെട്ട് സംസാരിച്ച് തുടങ്ങിയപ്പോള്‍ പത്രപ്രവര്‍ത്തകനാണെന്ന് മനസ്സിലായി. തുര്‍ക്കിയിലെ ആര്‍മീനിയക്കാരുടെ ചരിത്രത്തിന് പുറകെ സഞ്ചരിച്ച് അത് പുസ്തകമായും അല്ലാതെയും രേഖപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ജോലിയെന്ന് അഭിമാനത്തോടെ റോബര്‍ കോപ്താസ് പരിചയപ്പെടുത്തി.
2007-ല്‍ ഇസ്താംബൂളിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്ന തുര്‍ക്കിഷ്-ആര്‍മീനിയന്‍ ബുദ്ധിജീവിയായ റാന്റ് ഡിങ്കിന്റെ കൊലപാതകം. തീവ്രദേശീയ വാദിയായ ഒരു കൗമാരക്കാരന്റെ വെടിയേറ്റാണ് അഗോസ് വാരികയുടെ പത്രാധിപരായ റാന്റ് ഡിങ്ക് മരിച്ചത്. വെടിവെച്ചത് കൗമാരക്കാരനാണെങ്കിലും അതൊരു ആസൂത്രിത കൊലപാതകമായിരുന്നു. ആര്‍മീനിയന്‍ വംശഹത്യയെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനെതിരെ പലതവണ തീവ്രദേശീയവാദികള്‍ നടത്തിയ വധ ശ്രമത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. 2006-മുതല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അഗോസ് വാരികയില്‍ എഴുതുമായിരുന്ന റോബര്‍ കോപ്താസിന് റാന്റ് ഡിങ്കുമായി നല്ല ബന്ധമുണ്ടായിരുന്നു.

ഡാങ്കിന്റെ കൊലപാതകത്തിനുത്തരവാദികളായ പൊലീസുകാരുള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി നടന്ന പ്രതിഷേധങ്ങളിലൊക്കെ കോപ്താസ് നേതൃപരമായ പങ്ക് വഹിച്ചു. "ഞങ്ങളെല്ലാം ആര്‍മേനിയക്കാരാണ്', "ഞങ്ങളെല്ലാം റാന്റ് ഡിങ്കാണ്' എന്ന മുദ്രാവാക്യങ്ങളുമായി ഇസ്താംബൂളില്‍ നടന്ന വിലാപയാത്രയില്‍ ഒരു ലക്ഷത്തില്‍ പരം പേരാണ് അണി നിരന്നത്.
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം 2008-ല്‍ കോപ്താസ് അഗോസ് വാരികയില്‍ മുഴുവന്‍ സമയ ജീവനക്കാരനായി ചേര്‍ന്നു. 2010-ല്‍ ചീഫ് എഡിറ്ററായി വാരികയെ മുന്നോട്ട് നയിച്ചു. 2011-ല്‍ റാന്റ് ഡിങ്കിന്റെ മകള്‍ ദലാല്‍ ഡിങ്കിനെ വിവാഹം ചെയ്തെങ്കിലും ആ ബന്ധം അധികം നീണ്ടില്ല. 2014-ല്‍ അവര്‍ വേര്‍പിരിഞ്ഞു. ആ ബന്ധത്തിലുണ്ടായ മകളെ കാണാനാണ് അദ്ദേഹം ഇപ്പോള്‍ ഈ ബോട്ടില്‍ വന്നിട്ടുളളത്. ഈ ദ്വീപുകളിലൊന്നായ കിനാലി അദയിലാണ് മകളിപ്പോള്‍. ആര്‍മീനിയന്‍ വംശജരാണ് ഈ ദ്വീപിലെ ഭൂരിഭാഗം താമസക്കാരും. പൗരസ്ത്യ റോമന്‍ സാമ്രാജ്യക്കാലത്ത് കിനാലി അദയിലേക്കായിരുന്നു അധികാരം നഷ്ടപ്പെട്ടവരും വിമതരുമായ രാജാക്കന്മാരെ കൂടുതലും നാടു കടത്തിയിരുന്നത്. കണ്ണു കുത്തിപ്പൊട്ടിച്ച ശേഷം ഇങ്ങോട്ടു നാടു കടത്തപ്പെട്ട ചക്രവര്‍ത്തി റോമനോസ് നാലാമനാണ് അതില്‍ പ്രമുഖന്‍.
തുര്‍ക്കിയില്‍ എര്‍ദ്വാന്‍ വീണ്ടും തെരഞ്ഞടുക്കപ്പെട്ടതിലുളള ആശങ്ക പങ്കുവെച്ച കോപ്താസ് പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയാണ് അദ്ദേഹത്തെ ഇത്ര പ്രബലനാക്കിയതെന്ന് വിശദീകരിച്ചു. മതേതരത്വം പിന്തുടരുന്ന മതവിശ്വാസികളെ ഉള്‍ക്കൊളളാന്‍ ഇടത് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികള്‍ ആദ്യം മടിച്ചിരുന്നു. ഏകാധിപത്യത്തിനും രാജ്യത്തിന്റെ മതവത്കരണത്തിനുമെതിരെ നിലകൊളളുന്നവരെല്ലാം തുടക്കം മുതലേ ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ തുര്‍ക്കിയിലെ അവസ്ഥ ഇങ്ങനെയാകുമായിരുന്നില്ലെന്നാണ് കോപ്താസിന്റെ അഭിപ്രായം. കിനാലി അദയില്‍ ബോട്ട് നിര്‍ത്തിയപ്പോള്‍ അദ്ദേഹമവിടെ ഇറങ്ങി. കിനാലിഅദയുടെ തീരത്തെ മണല്‍പരപ്പില്‍ ബഹുവര്‍ണങ്ങളിലുളള ചാരുകസേരകളിലിരുന്ന് വെയില്‍ കൊളളുന്നവരെയും സമുദ്രത്തിലിറങ്ങി കുളിക്കുന്നവരെയും ബോട്ടിലിരുന്നു കാണാം.
കുതിരക്കുളമ്പടിയും സൈക്കിള്‍ ബെല്ലും മുഴങ്ങുന്ന ദ്വീപ്
പ്രിന്‍സെസ് ഐലന്റിലെ ഏറ്റവും വലിയ ദ്വീപായ ബുയൂകദയില്‍ ഇറങ്ങാനായിരുന്നു എന്റെ പരിപാടി. കിനാലിഅദക്ക് ശേഷം ബുര്‍ഗസദ, ഹൈബേലിയദ എന്നീ രണ്ട് ദ്വീപുകളില്‍ കൂടി ആളെയിറക്കി ബോട്ട് ബുയൂകദയിലേക്ക് നീങ്ങി. വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇവിടേക്കാണ്.

ദ്വീപിലേക്കിറങ്ങിയതോടെ മറ്റൊരു ലോകത്തെത്തിയ പ്രതീതി. വാഹനങ്ങളുടെ ഇന്ധനപ്പുകയും ശബ്ദവും മലിനമാക്കാത്ത നടുക്കടലിലെ ഭൂമി. കുതിരക്കുളമ്പടിയും സൈക്കിള്‍ ബെല്ലും മുഴങ്ങുന്ന വീഥികള്‍. സഞ്ചാരികളുടെ തിരക്കൊഴിഞ്ഞാല്‍ നിശ്ശബ്ദത കൊണ്ട് വിസ്മയിപ്പിക്കുന്ന കുന്നുകളും ഇടവഴികളും തീരങ്ങളും. പെട്രോള്‍ വാഹനങ്ങള്‍ക്ക് പ്രിന്‍സെസ് ഐലന്റ് എന്നറിയപ്പെടുന്ന ഈ ദ്വീപുകളിലെല്ലാം നിരോധനമാണ്. മാലിന്യം നീക്കം ചെയ്യല്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സര്‍വീസ് വാഹനങ്ങള്‍ക്ക് മാത്രമാണ് നിരോധനം ബാധകമല്ലാത്തത്. ഇലക്ട്രിക് ഇരുചക്ര -മുച്ചക്ര വാഹനങ്ങളും ഇവിടെ കാണാനാകും. ആദ്യ തവണ വന്നപ്പോള്‍ സൈക്കിളില്‍ ദ്വീപ് മുഴുവന്‍ ചുറ്റിക്കറങ്ങിയിരുന്നു. ധാരാളം കയറ്റിറക്കങ്ങളുളള ദ്വീപിലെ റോഡിലൂടെ ബുദ്ധിമുട്ടില്ലാതെ ചവിട്ടാന്‍ പറ്റുന്ന ഗിയര്‍ സൈക്കിളുകള്‍ വാടകക്ക് നല്‍കുന്ന നിരവധി ഷോപ്പുകള്‍ ഇവിടെയുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം സൈക്കിളില്‍ കയറിയതിന്റെ സന്തോഷത്തില്‍ തുര്‍ക്കിയിലെ ഒരു സുഹൃത്തിനൊപ്പം ദ്വീപിന്റെ ഏറ്റവും മുകളിലെ കുന്ന് വരെ പോയി.
ആകെ അഞ്ച് ചതുരശ്ര കി.മീറ്റര്‍ മാത്രമുളള ദ്വീപ് കറങ്ങാന്‍ സൈക്കിള്‍ മതിയെങ്കിലും ഇത്തവണ കുതിര വണ്ടി പരീക്ഷിക്കാനാണ് തീരുമാനം. ഫെറിയില്‍ വന്നിറങ്ങിയവര്‍ കുതിരവണ്ടിക്ക് വേണ്ടിയുളള നീണ്ട നിരയായി മാറിയിരിക്കുന്നു. ബോട്ടിറങ്ങി സമുദ്രതീരത്തോട് ചേര്‍ന്നുളള ഭക്ഷണശാലകളില്‍ നിന്നുളള വിവിധ രുചികളുടെ മണവും ചെറിയ ഷോപ്പുകളും മറികടന്ന് വലത്തോട്ട് തിരിഞ്ഞാല്‍ ചെറിയ ഒരു ചത്വരത്തിലാണ് എത്തുക. അധികം ഉയരമില്ലാത്ത ക്ലോക്ക് ടവര്‍ മദ്ധ്യത്തിലുളള ഈ ചത്വരമാണ് ബുയുകദയുടെ ഹൃദയഭാഗം. എണ്ണായിരത്തോളം മാത്രം ജനസംഖ്യയുളള ഈ ദ്വീപിലെ വ്യാപാരസ്ഥാപനങ്ങളൊക്കെ കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. സഞ്ചാരികളെ ലക്ഷ്യമാക്കിയിട്ടുളളതാണ് ഈ ഷോപ്പുകളിലധികവും. ഈ ചത്വരത്തോട് ചേര്‍ന്നുളള ക്യൂവില്‍ നിന്ന് ട്രോട്സ്‌കി താമസിച്ച വീടിനടുത്ത് ഇറക്കാന്‍ കുതിര വണ്ടിക്കാരനോട് ആവശ്യപ്പെട്ടു. റോഡിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോയി വണ്ടി നിര്‍ത്തിയ ശേഷം കുതിരവണ്ടിക്കാരന്‍ വലത്തോട്ടുളള ഇറക്കത്തിലേക്ക് ചുണ്ടി എന്നോട് പറഞ്ഞു: "അതാ അവിടെയാണ് ആ വീട്'
ട്രോട്സ്‌കിയുടെ വീട്
ആ ഇറക്കത്തിലൂടെ ഇറങ്ങി ചെന്ന് കാടു പിടിച്ചു കിടക്കുന്ന ഒരു വീടിന്റെ മുന്നിലെത്തി. ആവേശത്തോടെ അതിനകത്ത് കയറാന്‍ പോയപ്പോള്‍ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു! ചുറ്റും നോക്കി, ആരുമില്ല. അതാണ് ആ നിരത്തിലെ വലതു വശത്തെ അവസാന വീട്. അതിനപ്പുറം താഴെ കടലാണ്. മതിലിന്റെ ഇപ്പുറത്തുണ്ടായിരുന്ന ഒരു കല്ലില്‍ കയറി ഉളളിലേക്ക് നോക്കിയപ്പോള്‍ കണ്ടത് പൊന്തയാല്‍ മൂടിയ മുറ്റവും പൊട്ടിപ്പൊളിഞ്ഞ വീടും മാത്രം. കടല്‍ തീരത്തിലൂടെ അങ്ങോട്ട് കടക്കാനാകുമോ എന്ന് നോക്കാനായി മതിലിനോട് ചേര്‍ന്നുളള പൊതുവഴിയിലൂടെ താഴോട്ട് ചവിട്ടു പടികളിറങ്ങി. അവിടെയും കാട് പിടിച്ചു കടക്കുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് ഗേറ്റിന് മുന്നില്‍ തന്നെയെത്തി. അപ്പുറത്തുളള ഒരു വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരുന്നതു കണ്ടപ്പോള്‍ അങ്ങോട്ട് പോയി ചോദിച്ചു. വിദേശത്ത് നിന്ന് വരുന്നതു കൊണ്ട് അകത്ത് കയറാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ മതിലിന്റെ ഒരു വശം കാണിച്ചു തന്നിട്ട് അങ്ങോട്ട് കയറാന്‍ പറഞ്ഞു. അത് വേണോ വേണ്ടേയോ എന്ന് കുറച്ച് നേരം ആലോചിച്ച ശേഷം പെട്ടെന്ന് കയറിയിറങ്ങാന്‍ തീരുമാനിച്ചു. പൊന്ത പിടിച്ചു കിടക്കുന്ന മുറ്റത്ത് ഇഴജന്തുക്കളൊന്നുമില്ലെന്നുറപ്പ് വരുത്തി വീടിനുളളിലേക്ക് കയറി.

മൂന്ന് നിലകളിലായി 8600 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടായിരുന്ന വീടിന്റെ മുന്‍വശത്തെ ചുമരൊഴികെ ബാക്കിയെല്ലാം ഭാഗികമായോ പൂര്‍ണമായേ നിലം പൊത്തിയിരിക്കുന്നു. അഞ്ച് മുറികളുണ്ടായിരുന്ന വീടിനകത്തിപ്പോള്‍ ഭയപ്പെടുത്തുന്ന നിശ്ശബ്ദത മാത്രം. ഇവിടെയെന്തെങ്കിലും സംഭവിച്ചാല്‍ പുറത്തൊരു മനുഷ്യനും അത് കേള്‍ക്കാന്‍ സാദ്ധ്യതയില്ല. ഉളളിലെ വാതിലിലൂടെ ഇറങ്ങി വീടിന്റെ പുറക് വശത്ത് പോയി സമൂദ്രതീരത്തേക്കുളള കാഴ്ച കൂടി കണ്ട് വേഗം തിരിച്ച് പോകാമെന്നുറപ്പിച്ചു. മനസ്സിനും കണ്ണിനും കുളിരു പകരുന്ന ഈ സമുദ്രക്കാഴചകളിലേക്ക് തുറക്കുന്ന ജനാലകള്‍ എല്ലാ നിലകളിലുമുണ്ടായിരുന്നുവെന്ന് ഈ വീടിന്റെ അസ്ഥികൂടത്തില്‍ നിന്നും മനസ്സിലാകും.

ഫാസിസം പ്രവചിക്കപ്പെട്ടതിവിടെ
ട്രോട്സ്‌കിയുടെ പ്രധാനപ്പെട്ട പുസ്തകങ്ങളായ എന്റെ ജീവിതം, മൂന്ന് വാള്യങ്ങളിലുളള റഷ്യന്‍ വിപ്ലവത്തിന്റെ ചരിത്രം എന്നിവ രചിക്കപ്പെട്ടത് ഈ വീട്ടില്‍ വെച്ചായിരുന്നു. നിരവധി പത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഈ വീട്ടിലിരുന്ന് എഴുതി. കപ്പലില്‍ ഇസ്താംബൂളിലെത്തിയ അദ്ദേഹത്തിനും കുടുംബത്തിനും ആദ്യദിനങ്ങളില്‍ സോവിയറ്റ് യൂണിയന്‍ കോണ്‍സുലേറ്റിലും പിന്നീടൊരു ഹോട്ടലിലുമായിരുന്നു താമസമൊരുക്കിയിരുന്നത്. ഇസ്താംബൂളിലെത്തി ആദ്യ മാസത്തില്‍ തന്നെ ന്യൂയോര്‍ക് ടൈംസ്, പാരീസ് ജേണല്‍, ഇംഗ്ലീഷ് ഡെയ്ലി എക്സ്പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലും തുര്‍ക്കിഷ് മാധ്യമമായ മില്ലിയെത്തിലും അദ്ദേഹത്തിന്റെ അഭിമുഖം പ്രത്യക്ഷപ്പെട്ടു. പ്രസശ്തരായ പല പത്രപ്രവര്‍ത്തകരും ബുയൂകദയില്‍ പലപ്പോഴായി വന്നു. ഹിറ്റ് ലര്‍ അധികാരത്തിലേറുന്നതിന് രണ്ടര വര്‍ഷം മുമ്പേ ജര്‍മ്മനിയില്‍ ഫാസിസം യഥാര്‍ത്ഥ വിപത്തായി മാറുകയാണെന്ന് ട്രോട്സ്‌കി ഈ ദ്വീപിലിരുന്ന് പ്രവചിച്ചു. മദ്ധ്യവര്‍ഗ്ഗത്തിന്റെ നിലപാടുകളും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഊര്‍ജ്ജക്കുറവും ചേര്‍ന്ന് അതിന് വഴിയൊരുക്കുകയാണെന്ന് നിരീക്ഷിച്ച ട്രോട്സ്‌കി ജര്‍മ്മന്‍ പ്രതിസന്ധിയുടെ അനന്തരഫലം ആ രാജ്യത്തിന്റെ മാത്രമല്ല യൂറോപ്യന്റെയും ലോകത്തിന്റെയും കൂടി ഭാവി നിര്‍ണയിക്കുമെന്നും പ്രവചിച്ചു.
തുര്‍ക്കി-സോവിയറ്റ് ബന്ധം
തുര്‍ക്കിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ ജയിലിലടക്കുമ്പോഴും ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞ ട്രോട്സ്‌കിക്ക് തന്റെ ഭരണത്തിന് കിഴീല്‍ ഒന്നും സംഭവിക്കരുതെന്ന നിര്‍ബന്ധം അത്താത്തുര്‍ക്കിനുണ്ടായിരുന്നു. തുര്‍ക്കിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്ന നിബന്ധന ട്രോട്സ്‌കി വന്നിറങ്ങിയപ്പോള്‍ തന്നെ അറിയിച്ചിരുന്നു. അങ്ങനെ സുരക്ഷിതമായ ഇടമെന്ന നിലയിലാണ് ട്രോട്സ്‌കിയെ ബുയൂകദയിലേക്ക് അയക്കുന്നത്. സമുദ്രത്താല്‍ വലയം ചെയ്യപ്പെട്ട ബുയൂകദ ഇസ്താംബൂള്‍ നഗരത്തേക്കാള്‍ സുരക്ഷിതമായി ട്രോട്സ്‌കിക്കും അനുഭവപ്പെട്ടു. തുര്‍ക്കിയില്‍ ഒട്ടോമന്‍ ഭരണകൂടവും റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാരും ഭരിച്ചിരുന്നപ്പോള്‍ പാമ്പും കീരിയും പോലെ കഴിഞ്ഞിരുന്ന ഇരു രാജ്യങ്ങളിലും നടന്ന വിപ്ലവങ്ങളാണ് ഇതിനൊക്കെ വഴിയൊരുക്കിയത്. തുര്‍ക്കിയില്‍ നടന്ന നാഷണലിസ്റ്റ് വിപ്ലവത്തെ റഷ്യയിലെ ബോള്‍ഷെവിക്കുകള്‍ പിന്തുണച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സ്റ്റാലിനും അത്താത്തുര്‍ക്കും തമ്മിലുളള ബന്ധവും ട്രോട്സ്‌കിയുടെ ഈ വരവും.
ട്രോട്സ്‌കി ഇവിടെ താമസിക്കുമ്പോള്‍ തുര്‍ക്കിയിലെ അത്താത്തുര്‍ക്ക് ഭരണകൂടവും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ട്രോട്സ്‌കിയുടെ അനുയായികളായ വളണ്ടിയര്‍മാരും വീടിന് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നെങ്കിലും കൊല്ലാനായി സ്റ്റാലിന്‍ ആളെ അയക്കുമെന്ന് അദ്ദേഹം ഭയന്നിരുന്നു. ട്രോട്സ്‌കിയുടെ കീഴില്‍ ചെമ്പട (റെഡ് ആര്‍മി) തോല്പിച്ചോടിച്ച സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വെളളപ്പട(വൈറ്റ് ആര്‍മി)യിലെ 1500 ഓളം പേര്‍ തുര്‍ക്കിയില്‍ അഭയം തേടിയിരുന്നു. അവരിലാരെങ്കിലും തനിക്ക് നെരെ തിരിയുമോ എന്ന ഭയവും ട്രോടസ്‌കിക്ക് ഉണ്ടായിരുന്നു. ഒരിക്കല്‍ ചികിത്സിക്കാന്‍ വന്ന ഡോക്ടര്‍ സ്റ്റെതസ്‌കോപ്പ് എടുക്കാനായി പുറകിലുളള പോകറ്റിലേക്ക് കൈ കൊണ്ടു പോയപ്പോള്‍ കൊല്ലാന്‍ ആയുധമെടുക്കുകയാണെന്ന് കരുതി ട്രോട്സ്‌കി പെട്ടെന്ന് തോക്കെടുത്ത് ഡോക്ടര്‍ക്ക് നേരെ ചൂണ്ടിയത് ആ ഭയവും സംശയവും കൊണ്ടായിരുന്നു.
മുഴുവന്‍ സമയവും കര്‍മ്മ നിരതനായിരുന്ന ട്രോട്സ്‌കി പുലരും മുമ്പെ എഴുന്നേറ്റ് വായനയും എഴുത്തും നടത്തിയിരുന്ന മുറി ഏതായിരുന്നുവെന്ന് കണ്ടുപിടിക്കുക ഇപ്പോള്‍ പ്രയാസമാണ്. ജനലഴികളിലൂടെയുളള മര്‍മ്മരാ സമുദ്രത്തിന്‍രെ കാഴചകള്‍ക്ക് ഇതിനേക്കാള്‍ സൗന്ദര്യം അന്നുണ്ടായിരിക്കണം. ജനലിലൂടെയും പുമുഖത്തിരുന്നും അത് കാണുക മാത്രമല്ല പുലര്‍ച്ചെ എഴുന്നേറ്റ് ഗ്രീക്കുകാരനായ മീന്‍പിടുത്തക്കാരനൊപ്പം മത്സ്യബന്ധനത്തിനും പലപ്പോഴും അദ്ദേഹം കടലിലേക്കിറങ്ങി. അത്താത്തുര്‍ക്ക് ഭരണകൂടം ഒരുക്കിയ സുരക്ഷയില്‍ പൂര്‍ണ വിശ്വാസമായപ്പോള്‍ അദ്ദേഹം സമീപ പ്രദേശങ്ങളിലേക്ക് കുടുംബത്തിനും കൂട്ടൂകാര്‍ക്കുമൊപ്പം വിനോദയാത്രക്കും പോകാന്‍ തുടങ്ങി.
മാസങ്ങള്‍ പിന്നിടുന്തോറും അത്താതുര്‍ക്കിന്റെ തുര്‍ക്കിയും സ്റ്റാലിന്റെ സോവിയറ്റ് യൂണിയനും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമായി. 1931-ല്‍ തുര്‍ക്കി പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദര്‍ശനത്തിനിടെ സോവിയറ്റ് യൂണിയന്‍ പ്രഖ്യാപിച്ച 80 ലക്ഷം ഡോളറിന്റെ സഹായം തുര്‍ക്കിഷ് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കുകയും സ്റ്റാലിനെ പുകഴ് ത്തുകയും ചെയ്തു. ഇതോടെ അസ്വസ്ഥനായ ട്രോട്സ്‌കി വിവിധ രാജ്യങ്ങളില്‍ വിസക്കായി ബന്ധപ്പെട്ടു. സ്റ്റാലിന്‍ തന്നെ കൊലപ്പെടുത്താന്‍ അത്താത്തുര്‍ക്കിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഭയന്ന് ഫ്രാന്‍സില്‍ വിസ കിട്ടാനുളള ശ്രമം ഊര്‍ജിതമാക്കി. ഫ്രഞ്ച് ദ്വീപായ കോര്‍സികയില്‍ വരെ താമസിക്കാന്‍ തയ്യാറാണെന്ന് കത്തെഴുതി.
ബുയൂകദയില്‍ നിന്ന് യൂറോപ്പിലേക്ക്
ഒടുവില്‍ 1933-ല്‍ പാരിസിലേക്ക് പ്രവേശിക്കരുതെന്നും ദക്ഷിണ പ്രാന്ത പ്രദേശത്തു മാത്രമെ താമസിക്കാവൂയെന്നുമുളള നിബന്ധനയോടെ വിസ കിട്ടി. ആ വര്‍ഷം ജൂണ്‍ 25 ന് ട്രോട്സ്‌കിയും ഭാര്യ നടാലിയെയും ഫ്രാന്‍സിലേക്കായി ബുയൂകദയില്‍ നിന്ന് കപ്പല്‍ കയറി. മകനെ പഠനാവശ്യത്തിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനുമായി അതിനു മുമ്പേ ജര്‍മ്മനിയിലേക്കയച്ചിരുന്നു. ആ വര്‍ഷത്തിന്റെ തുടക്കത്തില്‍ ട്രോട്സ്‌കിയെ തളര്‍ത്തിയ ഒരു സംഭവം കൂടി നടന്നു. ബുയൂകദയില്‍ സന്ദര്‍ശനത്തിനെത്തി താമസം തുടരാനാഗ്രഹിച്ച മകള്‍ സീനയെ നിര്‍ബന്ധിച്ച് അദ്ദേഹം ജര്‍മ്മനിയിലേക്ക് അയച്ചിരുന്നു. ക്ഷയ രോഗവും വിഷാദ രോഗവും അലട്ടിയിരുന്ന മകളെ വിദഗ്ദ്ധ ചികിത്സക്ക് വേണ്ടിയാണ് പറഞ്ഞയച്ചതെങ്കിലും വിപരീത ഫലമാണുണ്ടായത്.
ജൂതന്മാര്‍ക്കെതിരെ നാസികള്‍ നിലപാട് കടുപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ വിഷാദ രോഗം തീവ്രമാകുകയും സീന ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്തു. ആ ആഘാതത്തില്‍ നിന്ന് ആഴ്ചകളെടുത്താണ് ട്രോട്സ്‌കി മുക്തനായത്. ആതിഥേയത്വത്തിനും സുരക്ഷയൊരുക്കിയതിനും നന്ദി അറിയിച്ചു കൊണ്ട് തുര്‍ക്കി സര്‍ക്കാരിന് കത്തെഴുതിയ ശേഷമാണ് ട്രോട്സ്‌കി തുര്‍ക്കി വിട്ടത്. ഫ്രഞ്ച് സര്‍ക്കാര്‍ വീസ നീട്ടി നല്‍കാത്തതു കൊണ്ട് 1935-ല്‍ അദ്ദേഹം നോര്‍വേയിലേക്ക് പോയി. സ്റ്റാലിന്റെ സമ്മര്‍ദ്ദവും നോര്‍വേയിലെ ഫാസിസ്റ്റുകളുടെ അക്രമ-പ്രതിഷേധങ്ങളും കാരണം അവിടെ തുടരാനായില്ല.
മെക്സിക്കോ അഭയം നല്‍കാന്‍ തയ്യാറായപ്പോള്‍ 1936-ല്‍ ട്രോട്സ്‌കിയും കുടുംബവും ചിത്രകാരരായ ദമ്പതികള്‍ ഡീഗോ റിവേറയുടെയും ഫ്രിദ കാലോയുടെയും ആതിഥേയത്വം സ്വീകരിച്ചു. അവിടെയത്തി നാലാമത്തെ വര്‍ഷം 1940 മെയില്‍ ആദ്യ വധ ശ്രമത്തില്‍ ബുളളറ്റുകള്‍ വീടിന് കാര്യമായ പരിക്കേല്‍പ്പിച്ചെങ്കിലും ട്രോട്സ്‌കി കഷ്ടിച്ച് രക്ഷപ്പെട്ടു. അതോടെ പുറത്തു പോകുന്നതൊക്കെ ഒഴിവാക്കി വീട്ടു കാവലിന് കൂടുതല്‍ ആളുകളെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
ട്രോട്‌സ്‌കിയുടെ അനുയായിയും അടുത്ത വൃന്ദത്തിലെ അംഗവുമായ സില്‍വിയുമായി പ്രണയം നടിച്ച റമോണ്‍ മെര്‍കെയ്ഡര്‍ എന്ന സ്പാനിഷ് വംശജനും സ്റ്റാലിന്റെ ഏജന്റുമായിരുന്ന യുവാവ് പലപ്പോഴായി വീട്ടിലെത്തി വിശ്വാസം നേടിയെടുത്തു. ട്രോട്സ്‌കിയുടെ കൂടി വിശ്വാസം നേടിയ റമോണ്‍ അദ്ദേഹം തനിയെ ഇരിക്കുന്ന സമയത്ത് സംസാരിക്കാനെന്ന വ്യാജേന മുറിയില്‍ കയറി. കോട്ടിനകത്ത് ഒളിപ്പിച്ചു വെച്ചിരുന്ന ഐസ് മഴുവെടുത്ത് പുസ്തകത്തിലേക്ക് നോക്കിയിരിക്കുകയായിരുന്ന ട്രോട്സ്‌കിയുടെ തലയുടെ പുറകില്‍ വെട്ടി.

ലെനിന്‍ ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയാവേണ്ടിയിരുന്ന ട്രോട്സ്‌കി വിദേശത്ത് ജീവിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ടവനായി 1940 ആഗ്സ്റ്റ് 20ന് ഈ ലോകത്തോട് വിട പറഞ്ഞു. റഷ്യന്‍ വിപ്ലവത്തിന്റെ ദശ വാര്‍ഷികത്തില്‍ സെര്‍ഗേ ഐസന്‍സ്‌റ്റൈന്‍ നിര്‍മ്മിച്ച സിനിമയിലെ രംഗങ്ങളില്‍ നിന്ന് മാത്രമല്ല പറ്റാവുന്ന എല്ലാ ചരിത്ര രേഖകളില്‍ നിന്നും സ്റ്റാലിന്‍ ട്രോട്സ്‌കിയെ ആദ്യമേ വെട്ടിമാറ്റിയിരുന്നു. മാത്രമല്ല, ട്രോട്സ്‌കിയെ കൊലപ്പെടുത്തിയ മെര്‍കെയ്ഡറെ "ഓര്‍ഡര്‍ ഓഫ് ലെനിന്‍' എന്ന ബഹുമതി നല്‍കി സ്റ്റാലിന്‍ ആദരിക്കുകയും ചെയ്തു. ട്രോട്സ്‌കിയുടെ ആശയപ്രചാരണങ്ങള്‍ക്ക് വലം കൈയായി നിന്നിരുന്ന മകന്‍ ലേവ് സേദോവ് പാരിസിലെ ആശുപത്രിയില്‍ കൊല്ലപ്പെട്ടതിന്റെ രണ്ടാമത്തെ വര്‍ഷമായിരുന്നു ട്രോട്സ്‌കിയുടെ കൊലപാതകം.
നാടുകടത്തപ്പെട്ടവരുടെ ദ്വീപ്
സോവിയറ്റ് യൂണിയനില്‍ നിന്ന് നാടുകാടത്തപ്പെട്ടശേഷമുളള ട്രോട്സ്‌കിയുടെ ജീവിതത്തിന് ഏറ്റവുമധികം സമാധാനവും സര്‍ഗാത്മകതയും പകര്‍ന്നത് ഈ ദ്വീപായിരുന്നു. ഈ വീട് മ്യൂസിയമാക്കി മാറ്റാന്‍ ആവശ്യമുയര്‍ന്നെങ്കിലും അതിനുളള നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോഴത്തെ ഉടമ 10 വര്‍ഷം മുമ്പ് ഇത് വാങ്ങുമ്പോള്‍ മേല്‍ക്കുരയൊക്കെ ഉണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് 45 ലക്ഷം ഡോളറിന് അദ്ദേഹമത് വില്‍പനക്ക് വെച്ചെങ്കിലും കെട്ടിടം ആരെങ്കിലും വാങ്ങിയതായി അറിയില്ല. സാംസ്‌കാരിക കേന്ദ്രമായി മാത്രമേ ഉപയോഗിക്കാവൂ എന്ന സര്‍ക്കാര്‍ നിബന്ധനയുളളതു കൊണ്ട് ഈ കെട്ടിടം സ്വകാര്യാവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്നാണ് മനസ്സിലാക്കുന്നത്. ട്രോട്സ്‌കി മാത്രമല്ല പല കാലങ്ങളിലായി നാടുകടത്തപ്പെട്ട പൗരസ്ത്യ റോമന്‍ സാമ്രാജ്യത്തിലെ അഞ്ച് ചക്രവര്‍ത്തിനിമാരും പരാജയപ്പെട്ട ബ്രിട്ടീഷ ജനറലുമൊക്കെ ഈ ദ്വീപിലെ താമസക്കാരായിരുന്നു.

ഈ ദ്വീപിന്റെ ഏറ്റവും മുകളിള്‍ സ്ഥിതി ചെയ്യുന്ന 1751-ല്‍ നിര്‍മ്മിക്കപ്പെട്ട ക്രിസത്യന്‍ പളളിയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. 202 മീറ്റര്‍ ഉയരത്തിലുളള കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ പളളി ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കാറുളള പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങില്‍ ആയിരക്കണകിന് പേരാണ് പങ്കടുക്കാറ്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. വിശേഷ ദിവസത്തില്‍ ചര്‍ച്ചിലേക്കുളള വഴി തുടങ്ങുന്നിടത്തുളള മരം മുതല്‍ പളളി വരെ പൊട്ടാതെ നൂല്‍ കെട്ടിയാല്‍ ആഗ്രഹം നടക്കുമെന്ന വിശ്വസിക്കുന്നവരാണ് ആ ചടങ്ങിനായി എത്താറ്. അങ്ങനെ സംസാരമൊഴിവാക്കി വിശ്വാസികള്‍ പളളി വരെ കെട്ടിയ നൂലുകളുടെ അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി കണ്ടു.

ആഗ്രഹ സാഫല്യത്തിനായി നൂലും തുണിയുമൊക്കെ മരത്തില്‍ കെട്ടിത്തൂക്കിയതിനും നഗ്‌നപാദരായി വിശ്വാസികള്‍ കുന്ന് കയറുന്നതിനും സാക്ഷിയായി. ഈ ദ്വീപിലെ ഏറ്റവും ഉയരമുളള ഈ കുന്നിന്‍ നിന്നാല്‍ തൊട്ടടുത്തുളള ദ്വീപുകളും ഇസ്താംബൂള്‍ നഗരത്തിന്റെ ഏഷ്യന്‍ ഭാഗവും വ്യക്തമായി കാണാനാകും. പൈന്‍ മരങ്ങള്‍ നിറഞ്ഞ കുന്നും വഴികളും ബൈസാന്റൈന്‍-ഒട്ടോമണ്‍ കാലത്തെ കെട്ടിടങ്ങളുമെല്ലാം ചേര്‍ന്ന് ഈ ദ്വീപിന് ഒരു പൗരാണിക ഛായ നല്‍കുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്നുളള ധാരാളം സഞ്ചാരികളെ ഈ ദ്വീപില്‍ കാണാനായി. ദ്വീപ് ചുറ്റിക്കറങ്ങി തിരിച്ച് ഫെറിയിലേക്ക് നടക്കുന്നവരുടെ കൈയിലൊക്കെ ഐസ്‌ക്രീം കാണാം. വിവിധ ഫ്‌ളേവറിലുളള ഇവിടുത്തെ ഐസ്‌ക്രീം പ്രശസ്തമാണ്. കടലിനഭിമുഖമായിട്ടുളളതും അല്ലാത്തതുമായ ഭക്ഷണശാലകളാണ് കച്ചവടസ്ഥാപനങ്ങളില്‍ കൂടുതലും. ഫ്രഷായ മത്സ്യം തന്നെയാണ് മിക്ക ദ്വീപുകളിലെയും പോലെ ഇവിടുത്തെയും പ്രത്യേകത. ഇവിടെ നിന്ന് കാണാനാവുന്ന ഇസ്താംബൂളിന്റെ ഏഷ്യന്‍ ഭാഗത്തും ഇത്തരം റസ്റ്റോറന്റുകള്‍ ധാരാളമുണ്ട്. ഗ്രീക്ക് വിഭവങ്ങള്‍ മാത്രമല്ല സംഗീതമുള്‍പ്പെടെ മൊത്തം ഗ്രീക്ക് ആമ്പിയന്‍സ് വിളമ്പുന്നവയാണ് ഈ ഭക്ഷണ ശാലകള്‍.
പകര്‍ച്ച വ്യാധിയും പ്രിന്‍സസ് ഐലന്റും
നാടുകടത്തപ്പെട്ടവരുടെയും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ചരിത്രം മാത്രമല്ല ഈ ദ്വീപുകള്‍ക്ക് പറയാനുളളത്.
ഒട്ടോമണ്‍ സാമ്രാജ്യ കാലത്ത് പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ സമ്പന്നരും പ്രമുഖരും രക്ഷ തേടിയെത്തിയ തുരുത്തു കൂടിയാണ് ഈ ദ്വീപുകള്‍. പതിനാറാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്ള്‍ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഇസ്താംബൂളിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലേഗ് ഭീഷണിയുയര്‍ത്തിയപ്പോള്‍ സമ്പന്നര്‍ ബുയൂകദയിലും ഹൈബേലിയദയിലും തോണികളില്‍ വന്നിറങ്ങി. കോണ്‍സ്റ്റാന്റിനോപ്ളില്‍ നിന്ന് വൈകി പുറപ്പെട്ടതു കാരണം പ്ലേഗുമായി ദ്വീപിലെത്തി മരിച്ച പ്രമുഖനാണ് ബ്രിട്ടീഷ് അംബാസഡറായിരുന്ന സര്‍ എഡ്വാഡ് ബാര്‍ട്ടണ്‍. മതിയായ ചികിത്സ കിട്ടാതെ കുതിരകള്‍ ചാകുന്നത് മൃഗ സ്നേഹികളും പരിസ്ഥിതിവാദികളും വര്‍ഷങ്ങളായി ഉയര്‍ത്തുന്ന പ്രശ്നമാണ്. മൃഗങ്ങള്‍ക്കിടയിലെ പ്ലേഗാണ് കുതിരകളുടെ മരണകാരണമെന്നാണ് പറയുന്നത്. കുതിരകളെ ഒഴിവാക്കിയുളള ഗതാഗതമെന്നാവശ്യം ഈ കോവിഡ് കാലത്ത് ദ്വീപില്‍ നടപ്പിലാകുകയാണ്. കുതിരവണ്ടികള്‍ പൂര്‍ണമായി നിര്‍ത്തി ഇലക്ട്രിക് ബസുകള്‍ കഴിഞ്ഞാഴ്ച മുതല്‍ ദ്വീപിലെ റോഡില്‍ ഓടിത്തുടങ്ങി. ബുയുകദയിലെ ചര്‍ച്ചിനടുത്തുളള മരത്തില്‍ ആഗ്രഹ സാഫല്യത്തിനായി കെട്ടിടുന്നതിന് കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഈ ദ്വീപില്‍ നിന്നുളള മറ്റൊരു കൗതുക വാര്‍ത്തയാണ്. പരിസ്ഥിതിക്ക് ഇത് ദോഷം വരുത്തുമെന്ന വിമര്‍ശനം പലരും ഉന്നയിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ ഗ്രീക്കുകാര്‍, ആര്‍മേനിക്കാര്‍, ജൂതര്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നരുടെ താവളമായി മാറിയ ഈ ദ്വീപ് സമൂഹമിപ്പോള്‍ സഞ്ചാരികളുടെ കൂടി ഇഷ്ടകേന്ദ്രമാണ്. 1984-ല്‍ മുതല്‍ പരിസ്ഥിതി സംരക്ഷണ മേഖലയായി സംരക്ഷിച്ചു പോരുന്ന ഈ ദ്വീപുകളിലെ അന്തരീക്ഷം തന്നെയാണ് എല്ലാവരെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
Anas
4 Sep 2020, 05:09 PM
മനോഹരമായ എഴുത്ത്.
Gopikrishnan r
3 Sep 2020, 10:49 PM
മനോഹരം... നല്ല വായനസൗഖ്യം ലഭിച്ചു. നന്ദി
റഷീദ് അറക്കല്‍
Jan 09, 2021
40 Minutes Watch
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Think
Nov 24, 2020
35 Minutes Read
മുഹമ്മദ് സുഹൈൽ കെപി
4 Sep 2020, 06:56 PM
യാത്രയിൽ ഒപ്പം കൂട്ടിയതിന് നന്ദി