കല്യാണിയുടെയും
ദാക്ഷായണിയുടെയും
കത പിറന്ന കഥ
കല്യാണിയുടെയും ദാക്ഷായണിയുടെയും കത പിറന്ന കഥ
കല്യാണിയേച്ചിയുണ്ടാകുന്നത് അഭയസ്ഥാനം തേടിയുള്ള അന്തം വിട്ട പാച്ചിലിലാണ്. തോര്‍ത്ത് ഇടയ്ക്കിടെ തോളു മാറ്റിയിട്ട് പൊക്കിളിനു താഴെ ലുങ്കിയുടുത്ത് മുഖത്തേക്കു പറക്കുന്ന മുടിയിഴകളെ കണ്ണടച്ചു തടുത്ത് കരിമ്പാറകള്‍ക്കിടയില്‍ കൈ നീട്ടി നില്ക്കുന്ന കല്യാണിയേച്ചിയിലേക്ക് ഒരു നാള്‍ ഞാന്‍ ഓടിക്കയറി. അവര്‍ക്ക് എന്റെ തന്നെ മുഖച്ഛായയായിരുന്നിരിക്കും. എന്നെപ്പോലെ നൂറുകണക്കിനു പെണ്ണുങ്ങള്‍ അവരിലേക്ക് പാഞ്ഞടുക്കുന്നതു ഞാന്‍ കണ്ടു. ഇപ്പോഴും കാണുന്നു. ആര്‍. രാജശ്രീ എഴുതുന്നു...
23 Nov 2022, 01:14 PM
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലിന് ലഭിച്ച കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ കവി സച്ചിദാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങി. വ്യക്തിപരമായി ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു. കഥയായിപ്പറഞ്ഞാല്‍ അവിശ്വസനീയമെന്നോ അതിഭാവുകത്വം നിറഞ്ഞതെന്നോ ആള്‍ക്കാര്‍ക്കു തോന്നിപ്പോകാവുന്ന തരത്തിലുള്ള സംഭവങ്ങള്‍ നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. കല്യാണിക്കു മുമ്പും കല്യാണിക്ക് ശേഷവുമെന്ന് ഇപ്പോള്‍ എന്റെ ജീവിതം വേര്‍തിരിഞ്ഞു നില്ക്കുന്നുണ്ട്.
കുട്ടിക്കാലത്ത് അക്ഷരങ്ങള്‍ക്കൊപ്പം കഥകളും കവിതകളും കൂടി പരിചയപ്പെടുത്തിയ മാതാപിതാക്കളാണ് ഞങ്ങളുടേത്. എന്നെയും അനിയത്തിയെയും ശേഷം ഞങ്ങളുടെ കുട്ടികളെയും തോളത്തിട്ടു കൊണ്ട് ശ്ലോകങ്ങളും കവിതകളും നാടകഗാനങ്ങളും വിപ്ലവഗീതങ്ങളും ചൊല്ലുന്നത് അച്ഛന്റെ ശീലമായിരുന്നു.
ഉദയഗിരി ചുവന്നു ഭാനുബിംബം വിളങ്ങി
നളിനമുകുളജാലേ മന്ദഹാസം വിടര്‍ന്നു
പനിമതി മറവായി ശംഖനാദം മുഴങ്ങി
ഉണരുക കണികാണ്മാനംബരേ ത്രിച്ചംബരേശാ എന്ന് അവ്യക്തമായി, കിട്ടുന്ന അക്ഷരങ്ങള്‍ മാത്രം വച്ച് അഡ്ജസ്റ്റ് ചെയ്ത് ഞങ്ങളുടെ കുടുംബത്തിലെ ഇളയകണ്ണിയായ രണ്ടര വയസ്സുകാരന്‍ അര്‍ത്ഥമറിയാതെ പാടിത്തരുന്നത് അതിന്റെ ബാക്കിയാണ്. കഥകളെഴുതിയിരുന്ന അമ്മ വിവാഹത്തോടെ അത് ഉപേക്ഷിച്ചുവെന്നത് മറ്റൊരു കാര്യം. അമ്മ പക്ഷേ കഥകള്‍ വായിച്ചും പറഞ്ഞും തന്നു. എന്റെ ചെറിയ മകന്‍ കഥകള്‍ കേള്‍ക്കാനായി അമ്മൂമ്മയെ പറ്റിക്കൂടുന്നതു കാണുമ്പോള്‍ അക്ഷരങ്ങളുടെ, വാക്കുകളുടെ വിടാതെ തുടരുന്ന ജന്മാന്തരബന്ധത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ നിശ്ശബ്ദയായിപ്പോവാറുണ്ട്. അത്രയും പ്രിവിലിജ്ഡ് ആയിരുന്നു ഞാനെന്നു പറയാനാണ് ഉദ്ദേശിച്ചത്. ആറാം ക്ലാസ് മുതല്‍ പി.ജി വരെയുള്ള കാലത്ത് ഒരു എഴുത്തുകാരിയുടെ മേല്‍വിലാസം എനിക്കുണ്ടായിരുന്നു. ഒരു പാടുപേര്‍ എന്നില്‍ പ്രതീക്ഷ വച്ചിരുന്നു. റോബര്‍ട്ട് ബ്രൗണിംഗിന്റെ വരികള്‍ ഓട്ടോഗ്രാഫില്‍ എഴുതിത്തന്ന ബക്കളം ദാമോദരന്‍ മാഷും അംബികാസുതന്‍ മാഷിന്റെ സാഹിത്യ ക്യാമ്പിലേക്ക് എന്നെ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടു പോയ എ.സി ശ്രീഹരി മാഷും മുതലിങ്ങോട്ട് എഴുത്തിലും വായനയിലും ഗൗരവമായി വ്യാപരിക്കുന്ന നിരവധി പേര്‍. രാജശ്രീക്ക് എഴുത്ത് വഴങ്ങും, ഗൗരവത്തിലെടുക്കണമെന്ന് അംബികാസുതന്‍ മാഷ് പറഞ്ഞു കേട്ടപ്പോഴത്തെ സന്തോഷം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

സംസ്ഥാനതല കഥാ മത്സരങ്ങളില്‍, യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ വന്നു, കുറച്ചു മാത്രം പ്രസിദ്ധീകരണങ്ങളുണ്ടായിരുന്ന അക്കാലത്ത് പത്തിലധികം കഥകള്‍ പ്രസിദ്ധീകരിച്ചു വന്നു. അന്ന് സിതാര എസ്. സജീവമായി എഴുതുന്നുണ്ട്. കെ. രേഖ ഉണ്ട്, മറ്റൊരു വഴിയില്‍ ശ്രീബാല കെ. മേനോന്‍ ഉണ്ട്. ഇ.കെ. ഷാഹിന ഉണ്ട്. കവിതയില്‍ ബിലുവും ലോപയും ക്ഷേമയും കണിമോളും ഉണ്ട്. സീനിയര്‍ എഴുത്തുകാര്‍ വേറെയുമുണ്ട്. ഒരു പക്ഷേ രണ്ടാം നിരയിലേക്കെങ്കിലും വരാന്‍ പറ്റുമായിരുന്നിട്ടും എങ്ങനെയോ എഴുത്തിന്റെ രാജപാതയില്‍ നിന്ന് പുറത്തായി. ജീവിതത്തിന്റെ മുന്‍ഗണനകള്‍ നിര്‍ദ്ദയമായിരുന്നു. ഒരു കാലത്ത് എഴുത്തും വായനയും പാകിത്തന്ന മാതാപിതാക്കളടക്കം പിന്നീട് അതൊരു വലിയ കാര്യമല്ല എന്ന തീര്‍പ്പിലെത്തി. കൂമ്പടഞ്ഞുപോയ എഴുത്തുകാരി എന്നു പലരാലും വിശേഷിപ്പിക്കപ്പെടുന്നവിധം എന്റെ പരാജയം പൂര്‍ണ്ണമായിരുന്നു. ഇതല്ല, ഇങ്ങനെയല്ല എന്നു കുതറുന്ന മെരുങ്ങാത്ത ഒരു കാട്ടുജന്തുവിനെ ഉള്ളിലൊതുക്കി ഇരുപതിലധികം വര്‍ഷം തടവില്‍ക്കിടന്നു. സാങ്കല്പികവും അദൃശ്യവുമായ ചില തടവുകളുണ്ട്. അവയും, ഒപ്പമുള്ളവരെ ചുമന്നും അവളവളെ മാറ്റിനിര്‍ത്തിയും കൊണ്ടുമാത്രം കടക്കാനാവുന്ന ഇടുങ്ങിയ വാതിലുകളും ഇന്ത്യയിലെ പെണ്ണുങ്ങള്‍ക്ക് സുപരിചിതമാണ്.
ഒടുവില്‍ ഒടിയുന്നതിനു മുമ്പ് വെറുതേ തിരിഞ്ഞു നോക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു പിന്നില്‍ നില്ക്കുന്ന എന്നെ ഞാന്‍ കണ്ടു. അങ്ങേയറ്റം ദീനമായിരുന്നു ആ നില. നീട്ടിയ ഏതു വൈക്കോല്‍ത്തുരുമ്പിലും ജീവിതം തിരഞ്ഞുകൊണ്ടിരുന്ന എന്റെ കണ്ണുകളോളം ഹതാശമായ ഒരു കാഴ്ചയുണ്ടായിരുന്നില്ല. സ്വന്തം ശരീരത്തെ പരമാവധി ശിക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. എനിക്ക് സൗഹൃദങ്ങളുണ്ടായിരുന്നില്ല. തുറസ്സുകളുണ്ടായിരുന്നില്ല. കേരളത്തിലെ കുടുംബങ്ങള്‍ ഒരു പ്രോഗ്രസ്സ് കാര്‍ഡുമായാണ് ജീവിക്കുന്നത് എന്ന് എക്കാലവും ഞാന്‍ കരുതുന്നു. വിജയിച്ച ജീവിതത്തിന്റെ ക്വാളിഫയിംങ് മാര്‍ക്കുകള്‍ കടക്കാനാവാത്ത ശോചനീയമായ പ്രകടനം മികച്ച ഒരു സാമൂഹിക ജീവിതത്തിനും അന്തസ്സിനുമുള്ള അര്‍ഹത പോലും ഇല്ലായ്മ ചെയ്തു കളയും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.

മുന്നോട്ടുള്ള വഴികള്‍ ഏറെക്കുറെ അടയുന്ന കാലത്താണ് "ഭയക്കരുത്, തിരിഞ്ഞു നില്ക്ക് ' എന്നു ബലം തന്ന ഒരു പിടി സൗഹൃദങ്ങളുണ്ടാകുന്നത്. ലോകം കറുപ്പിലും വെളുപ്പിലും ഏകതാനമായി തിരിയുകയല്ല എന്ന് ബോധ്യപ്പെടുത്തിയത് അവയാണ്. വഴക്കിടാനും കുശുമ്പു കുത്താനും സ്‌നേഹിക്കാനും അത്യാവശ്യത്തില്‍ ഓടിവരാനും പതറിപ്പോകുന്ന ഘട്ടങ്ങളില്‍ കൈ പിടിക്കാനും മനുഷ്യരുണ്ടാകുന്നത് ഉണങ്ങിപ്പോകുന്ന ചെടിക്ക് വെള്ളം വീഴുന്നതു പോലെയാണ്. അതങ്ങനെ ഇന്ന കണക്കില്‍ എന്നൊന്നുമില്ല. ഭക്ഷണം കഴിച്ചില്ല എന്ന തിരിച്ചറിവില്‍ പേരക്ക എടുത്തു നീട്ടുന്നതു മുതല്‍, ആശുപത്രിയിലേക്ക് ഞാന്‍ വരാം എന്നു പറയുന്നതു മുതല്‍, ഒച്ച മാറിയതെന്തേ, എന്താ പ്രശ്‌നം എന്നു ചോദിക്കുന്നതു മുതല്‍ എല്ലാമുണ്ട്. അതിനൊക്കെ ഇടയ്ക്ക് നീയിനിയും എഴുതണമെന്ന നിര്‍ദ്ദേശം കേട്ടപ്പോള്‍ മാത്രം ശരിക്ക് ഞെട്ടിപ്പോയി. എനിക്കരികില്‍ തേരു നിര്‍ത്താതെ, പൂവ് തരാതെ പോയ പൂക്കാലങ്ങളെക്കുറിച്ച് ഞാനോര്‍ത്തു. എഴുതണമെന്ന് നിര്‍ദ്ദയം പറഞ്ഞ ചങ്ങാതിക്ക് ഞാനൊരു കഥ തട്ടിക്കൂട്ടിക്കൊടുത്തത് 2015 ലാണ്.
നന്നായില്ലെന്ന തീര്‍പ്പോടെ നേരോടെ, നിര്‍ദ്ദയം മൂപ്പര് അതു തള്ളി.
അക്കാലം ഞങ്ങളുടെ പ്രിയപ്പെട്ട കെ.വി. സുധാകരന്‍ എഴുത്ത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നമുക്ക് അനുഭവങ്ങള്‍ കൂടി, വായനയും ധൈര്യവും കൂടി, ഇനി എഴുതിയാലെന്താ എന്ന് സുധാകരന്‍ ചോദിക്കുമായിരുന്നു. ഞങ്ങള്‍ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. ജീവിതം എന്നിലേല്പിച്ച പരിക്കുകളെ അടുത്തു നിന്ന് കണ്ട ഒരാളായിരുന്നു. അവന്റെ ചിന്ന മനസ്സുകൊണ്ട് എനിക്ക് ഏറ്റവും അടുത്തു നിന്നവളാണ്. അതുപോലെ അടുപ്പം തോന്നിയ ഒരേയൊരാള്‍ ജസ്‌നയാണ്. പ്രിയ സുഹൃത്ത് നാസര്‍ മാഷ്ടെ പെങ്ങള്‍. പരിഹാരമില്ലാത്ത ജീവിത പ്രതിസന്ധികള്‍ക്കിടയിലും നോവല്‍ വായിച്ചിട്ട് കാണണമെന്നാഗ്രഹിച്ച കൂട്ടുകാരി. ചിലരെ കാണുമ്പോള്‍ ഞങ്ങള്‍ നേരത്തേ ബന്ധുക്കളാണെന്ന് തോന്നാറുണ്ട്. വിശദീകരണങ്ങളൊന്നുമില്ലാത്ത ചില ജന്മാന്തരബന്ധങ്ങളാണതൊക്കെ. സുധാകരനിലേക്ക് വരാം. കടന്നപ്പാനി അവന്റെ മാസ്റ്റര്‍ പീസാണെന്ന് ഞാന്‍ കരുതുന്നുണ്ട്. അതിന്റെ ആദ്യ വായനക്കാരിലൊരാളായി അവന്‍ എന്നെ തെരഞ്ഞെടുത്തതില്‍ എന്നും അഭിമാനമുണ്ട്. അപ്രതീക്ഷിതമായി, കഥകള്‍ പറഞ്ഞു തീരാതെ അവന്‍ പോയി. ബ്രണ്ണനില്‍ നിന്ന് നേരെ ആ ബാറ്റണ്‍ ഏറ്റുവാങ്ങുന്നത് ജിസ ടീച്ചറാണ്. വീണ്ടും സാഹിത്യത്തിലേക്ക് കടക്കുമെന്നൊന്നും ഒരു പ്രതീക്ഷയുമില്ലാതിരിക്കുമ്പോഴാണ് ചില അഭയസ്ഥാനങ്ങളില്‍ നിന്ന് പുറത്താകുന്നത്. പ്രതിസന്ധികള്‍ മനുഷ്യരുടെ ജീവിതത്തില്‍ ഏറ്റവും സ്വാഭാവികമാണ്. അപ്പപ്പോള്‍ കാണുന്ന കാട്ടുവള്ളികളില്‍പ്പോലും ഉത്കടമായ ജീവിതേച്ഛ കാരണം അവര്‍ പിടികൂടിയെന്നു വരും. അത് ബന്ധുക്കളോ സുഹൃത്തുക്കളോ ജീവിത പങ്കാളികളോ ആരുമാകാം. ആരും അതത്ര ആഴത്തില്‍ മനസ്സിലാക്കണമെന്നില്ല. അവിടങ്ങളില്‍ നിന്ന് മന: പൂര്‍വമല്ലെന്നാല്‍പ്പോലും ചെറുതായെങ്കിലുമുണ്ടാകുന്ന ചില തിരസ്‌കാരങ്ങള്‍ അവരെ ഭയങ്കരമായി തകര്‍ത്തുകളയും. ഒരു ശരാശരി മധ്യവര്‍ഗ്ഗക്കാരി മലയാളി വീട്ടമ്മയ്‌ക്കെന്തിനാണ് സുഹൃത്തുക്കള്‍ എന്നു വേവലാതിപ്പെടുന്ന മനുഷ്യരോട് ഈ കുറിപ്പ് സംവദിക്കില്ല. സൗഹൃദങ്ങള്‍ മനുഷ്യരുടെ ഉണ്മയുടെ സൂചകങ്ങളാണ് എന്നു മാത്രം അവരോടു പറയുന്നു. നല്ല സുഹൃത്തുക്കളുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ കുറച്ചുകാലം കൂടി ജീവിക്കും, നിസ്സംശയം. നീ എഴുതണം എന്ന നിര്‍ബന്ധങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം കൂടിയാണ്. അതിനോട് ഞാന്‍ ഉത്തരവാദിത്തമുള്ളവളായിരിക്കണം, വേണ്ടേ?

കല്യാണിയേച്ചിയുണ്ടാകുന്നത് അഭയസ്ഥാനം തേടിയുള്ള അന്തം വിട്ട പാച്ചിലിലാണ്. തോര്‍ത്ത് ഇടയ്ക്കിടെ തോളു മാറ്റിയിട്ട് പൊക്കിളിനു താഴെ ലുങ്കിയുടുത്ത് മുഖത്തേക്കു പറക്കുന്ന മുടിയിഴകളെ കണ്ണടച്ചു തടുത്ത് കരിമ്പാറകള്‍ക്കിടയില്‍ കൈ നീട്ടി നില്ക്കുന്ന കല്യാണിയേച്ചിയിലേക്ക് ഒരു നാള്‍ ഞാന്‍ ഓടിക്കയറി. അവര്‍ക്ക് എന്റെ തന്നെ മുഖച്ഛായയായിരുന്നിരിക്കും. എന്നെപ്പോലെ നൂറുകണക്കിനു പെണ്ണുങ്ങള്‍ അവരിലേക്ക് പാഞ്ഞടുക്കുന്നതു ഞാന്‍ കണ്ടു. ഇപ്പോഴും കാണുന്നു. നോവലിനും കഥയ്ക്കുമപ്പുറത്തേക്കുള്ള വരവായിരുന്നു അത്. അതൊന്നും എനിക്ക് അവകാശപ്പെട്ടതല്ല. ഒരേ ആകാശവും ഒരേ ഭൂമിയും ഒരേ ചിരിയും സ്വപ്നങ്ങളും കരച്ചിലുകളും പങ്കിട്ട മനുഷ്യരാണ് അവിടെ ഒത്തുകൂടിയിരിക്കുക. അത് പെണ്ണുങ്ങളുടെ കാര്‍ണിവലായിരുന്നു. അവരോട് എന്നേക്കും കടപ്പെട്ടിരിക്കുന്നു ഞാന്‍.
നോവല്‍ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ അതതു ദിവസം എഴുതി FB യില്‍ പോസ്റ്റ് ചെയ്തതാണ്. ഇന്നെന്ത് എന്ന ചോദ്യത്തിന് ഉത്തരമുണ്ടാക്കല്‍ നല്ല പണിയായിരുന്നു. കാലങ്ങള്‍ക്കു മുമ്പ് ആത്മവിശ്വാസം പുകയായ ഒരുവളുടെ കൂടെ നിന്ന സുഹൃത്തുക്കള്‍ പലതരത്തില്‍ സഹായിച്ചുവെന്ന് പറയാതെ വയ്യ. സര്‍ഗാത്മക സൃഷ്ടികളെല്ലാം ഏകാന്തതയില്‍ അനുധ്യാനിക്കപ്പെടുന്ന സ്വതന്ത്രസൃഷ്ടികളാവണമെന്നില്ല. ജീവിച്ച ദേശം, കാലം, ഒപ്പം ജീവിച്ച മനുഷ്യര്‍, ചരിത്രം - ഒക്കെ പ്രധാനമാണ്. അതൊക്കെ ചേര്‍ത്തു വയ്ക്കുന്നത് ശ്രദ്ധാപൂര്‍വം ചെയ്യേണ്ട പണിയാണ്. അത്തരം ഇഴകളെ സമര്‍ത്ഥമായി കൂട്ടിക്കെട്ടിത്തന്ന ഉമ്മര്‍ മാഷുടെ വണ്ടിയില്‍ പോകുമ്പോഴാണ് ഊടു വഴികളുടെ തമ്പുരാട്ടിയാണ് ഈ നാട് എന്ന വാക്യം മനസ്സിലേക്ക് ചാടി വരുന്നത്. അത് നോവലില്‍ ശൂരനാടിന് ചേര്‍ത്തതാണെങ്കിലും അനുഭവം കണ്ണൂരിന്റെയാണ്. ഓരോ ഖണ്ഡത്തിനും ചുവട്ടില്‍ വന്ന കമന്റുകള്‍, തിരുത്തലുകള്‍ മാത്രം ചേര്‍ത്ത് ഒരു പുസ്തകമുണ്ടായാല്‍ എന്നത് എന്റെ എക്കാലത്തെയും വലിയ ഫാന്റസിയാകുന്നത് അതുകൊണ്ടാണ്.
കണ്ണൂരിലെ, പ്രത്യേകിച്ച് പറശ്ശിനിക്കടവിലെ പ്രവാസികള്‍ അതില്‍ ഇടപെട്ട രീതികള്‍ ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. ഗര്‍ഭകാലത്തെ വയറിനെ ഉദ്ദേശിച്ച് എന്റെ അമ്മമ്മ പറയുമായിരുന്ന വാക്കിതല്ല എന്നൊരാള്‍ തിരുത്തുന്നതിന് അതിന്റേതായ ചരിത്രമൂല്യമുണ്ട്. എന്റെ പെങ്ങളെ അമ്മ പ്രാകുന്നതാണ് എന്റെ ആദ്യത്തെ ഓര്‍മ്മയെന്ന് ഫോണില്‍ വിങ്ങിയ മനുഷ്യന്റെ അനുഭവത്തെ എനിക്കെങ്ങനെ നിസ്സാരമാക്കാന്‍ പറ്റും? പുസ്തകം വിറ്റ് വീട്ടുവാടക കൊടുക്കുകയും ചെലവ് നടത്തുകയും ചെയ്ത മനുഷ്യര്‍ കൂടി ഉള്‍പ്പെട്ടതാണ് കല്യാണിയുടെ മലയാളി വായനാജീവിതം.

ലൈംഗികതയോളം മനുഷ്യന് പ്രഹേളികയായ യാതൊന്നുമില്ല. മനുഷ്യനെ ആത്മത്തിലേക്ക് ഉണര്‍ത്തിയെടുക്കുന്ന ലൈംഗികതയും പാതാളത്തോളം ഇടിച്ചുതാഴ്ത്തുന്ന ലൈംഗികതയുമുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ പ്രസ്താവന കുറുന്തോട്ടിയാണ്. സമൂലം അരച്ചു സേവിക്കാവുന്നതാണ്. അതറിയാവുന്ന മനുഷ്യര്‍ക്ക് കല്യാണിയുടെ ജീവിതവും ചേയിക്കുട്ടിയുടെ പോളിസിയും മനസ്സിലാവും. ജീവിതത്തിന്റെ ഏറ്റവും സര്‍ഗ്ഗാത്മകമായ നിമിഷങ്ങളാണവ. ഉപാധികളില്ലാത്ത ആനന്ദം പുരുഷന്റെ മാത്രമല്ല, സ്ത്രീയുടെയും അവകാശമാണ്. സുഹൃത്തുക്കളേ, ശരീരം വലിയ പ്രശ്‌നമാണ്. ഏറ്റവും ചുരുങ്ങിയത് സ്ത്രീകള്‍ക്കെങ്കിലും. ഒറ്റബുദ്ധികള്‍ക്ക് അതത്ര പെട്ടെന്ന് തിരിയണമെന്നില്ല. അവര്‍ പേജുകള്‍ മറിച്ച് തെറിയെണ്ണിക്കൊണ്ടിരിക്കും. ഇത് മറ്റൊരാള്‍ എഴുതിത്തന്നതാണെന്നും ഇത് എഴുതിയവളുടെ ജീവിതമാണെന്നും പറയും.
പല പല ഐ ഡി കളില്‍ പ്രത്യക്ഷരായി തെറി വിളിക്കും. എനിക്ക് സാഹിത്യത്തിന്റെ പരിശുദ്ധിയും വരേണ്യതയും അന്യമാണെന്നു പറയും. അവരത് തുടരട്ടെ. പലതരം വരേണ്യതകള്‍ കൊണ്ട് മുറിവേറ്റ പെണ്ണുങ്ങളുടെ മൊഴികള്‍ എനിക്ക് സാക്ഷ്യം പറയും. അതുകൊണ്ട് ഇത് ഞങ്ങളുടെ അവാര്‍ഡാണെന്ന് അവര്‍ പറയുമ്പോള്‍ എനിക്ക് അഭിമാനമാണ്. ശരിയാണത്.
കല്യാണി കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങിയ പെണ്ണിന്റെ കഥയാണ്. തന്നിടം തേടിയ പെണ്ണുങ്ങള്‍ക്കൊപ്പമാണത്. ആണ്‍മണവും മീന്‍ മണവും പ്രിയപ്പെടുന്ന പെണ്ണുങ്ങളുടെ കഥയാണ്. ഒരൊറ്റ നോവലെഴുതിയവളുടെ അഹന്തയല്ല, ഒപ്പം നടന്നവര്‍ക്കുള്ള സമര്‍പ്പണമാണ്. ഓര്‍മ്മപ്പെരുന്നാളാണ്.
ആണും പെണ്ണും തമ്മിലുള്ള രതി മനുഷ്യരെ പരസ്പരം തിരിച്ചറിയാനുതകുന്ന ഒന്നായി രൂപപ്പെട്ട കുഞ്ഞിപ്പെണ്ണ് - ചിത്രസേനന്‍ എപ്പിസോഡ് എഴുതുമ്പോള്‍ എന്റെ ദാമ്പത്യം പുന:സ്ഥാപിക്കാനുള്ള ചര്‍ച്ചയായിരുന്നു ബാക്ഗ്രൗണ്ടില്‍ എന്നോര്‍ക്കുന്നു. പത്തു വയസ്സുകാരിക്കുട്ടിയായി അച്ഛന്റെയടുത്തേക്ക് അഭയത്തിനോടിയത് ആ ദിവസമാണ്. നിന്നോളം മോശമായി ആരുമില്ല എന്ന വിധികല്പന കേട്ട നിമിഷം സോവിയറ്റ് ബാലകഥകളിലെ റഷ്യന്‍ രാജകുമാരി അന്തരിക്കുകയും മലയാളി സ്ത്രീയായി പുനര്‍ജ്ജനിക്കുകയും ചെയ്തു.
അച്ഛന്‍ കൈവിടുന്ന പെണ്‍മക്കളോളം അനാഥരായി ആരുണ്ട്!
ലൈംഗികതയുടെ സമ്പൂര്‍ണ്ണാഘോഷം വരച്ചിട്ട ആ രാത്രിയില്‍ പല തവണ കണ്ണു തുടച്ചു കൊണ്ട് ഞാന്‍ അച്ഛന്‍ പാടിക്കേട്ട നാടന്‍ പാട്ടിനെത്തന്നെ ആശ്രയിച്ചുവെന്നത് മറ്റൊരു കൗതുകം. എഴുതുന്നവര്‍ ചിരിക്കുകയോ കരയുകയോ ചെയ്യട്ടെ, വായന മറ്റൊരനുഭവമാണ് എന്ന് പഠിപ്പിച്ചു ആ ദിവസത്തെ FB റിസള്‍ട്ട്. നിങ്ങളാ പാട്ട് അങ്ങനെയാക്കിക്കളഞ്ഞല്ലോ എന്ന് പിറ്റേന്ന് അത്ഭുതപ്പെട്ടവര്‍ക്കിടയിലേക്ക് വീര്‍ത്ത കണ്‍പോളകളുമായി ഞാന്‍ പ്രവേശിച്ചതോര്‍ക്കുന്നു. മനുഷ്യരേ, അവള്‍ക്ക് "അത് ' ഇല്ലാത്തതിന്റെ പ്രശ്‌നമാണ് എന്ന പഴയ വായ്ത്താരിച്ചുമട് നിങ്ങള്‍ എന്ന് ഇറക്കിവയ്ക്കും?
എഴുത്തിലേക്ക് തിരിച്ചെത്തി എന്ന മൗഢ്യം ഇപ്പോഴുമില്ല. പഴയ കഥകള്‍ ചേര്‍ത്ത് സമാഹാരമിറക്കാത്തത് പുതിയ ഭാവുകത്വത്തിനു മേല്‍ അവ പരാജയപ്പെട്ടു പോകുമെന്നതുകൊണ്ടാണ്. പക്ഷേ കല്യാണിയെ അക്കാദമി അംഗീകരിക്കുമ്പോള്‍ തീര്‍ച്ചയായും അതെനിക്ക് മാത്രമുള്ളതല്ല. മുഖ്യധാരാ സാഹിത്യചരിത്രത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടാനിടയുള്ള / ചെയ്യപ്പെട്ട ഒരുപാട് മനുഷ്യര്‍ക്കുള്ള അംഗീകാരമാണത്. FB പോലൊരു ധര്‍മ്മാസ്പത്രിയില്‍ പിറന്നു വീണ കുഞ്ഞിനുള്ള സാമൂഹികമായ അംഗീകാരമാണ്. നോവല്‍ ആത്യന്തികമായി ജനപ്രിയമായ ഒരു സാഹിത്യരൂപമാണ് എന്ന വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഈ അംഗീകാരത്തില്‍ അളവറ്റ സന്തോഷമാണ്. ഒരു പറ്റം പെണ്ണുങ്ങള്‍ക്കൊപ്പം ചരിത്രത്തില്‍ രേഖപ്പെടുന്നതിന്റെ സന്തോഷം. അതിന്റെ വിവര്‍ത്തനം ഉടനെ പുറത്തിറങ്ങുന്നതിന്റെ സന്തോഷം. മലയാളത്തില്‍ മൂന്നു കൊല്ലം കൊണ്ട് ഇരുപത്തൊന്ന് പതിപ്പ് പൂര്‍ത്തിയാവുന്നതിന്റെ സന്തോഷം.
എല്ലാ നിരാസങ്ങള്‍ക്കും ഖേദങ്ങള്‍ക്കും ശേഷം അഭിമാനപൂര്‍വം പഴയ പത്തു വയസ്സുകാരിയെ ഉമ്മ വയ്ക്കണമെന്ന് അച്ഛനമ്മമാര്‍ക്ക് തോന്നുന്നതിന്റെ സന്തോഷം. അമ്മ ശരിയായിരുന്നു എന്നു മക്കള്‍ പറയുന്നതിന്റെ സന്തോഷം. നീന്തുന്നത് ഒഴുക്കിനെതിരെയാണങ്കിലും കര കാണാമെന്ന പ്രത്യാശ.
കത്തിയെരിയുന്ന എല്ലാ ഗ്രീഷ്മങ്ങള്‍ക്കുമപ്പുറം പൂക്കാലമുണ്ട് എന്ന കാല്പനിക സ്വപ്നത്തിനൊപ്പം ഒരു പാട്ടുണരുന്നതു കേള്‍ക്കുന്നു. ജീവിതം സുന്ദരമാണ്, ജീവിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍.
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read