വിജയ്‌ക്കൊപ്പം ഡ്യുവറ്റ് പാടിയ അമ്മ ; കമലഹാസനൊപ്പം സ്റ്റേജിൽ പാടിയ ശോഭ

1977 കാലം. തമിഴ്‌നാട്ടിലെ ഏതോ ഒരു ഉൾനാടൻ പട്ടണം. സംവിധായകൻ കെ.ബാലചന്ദർ നയിക്കുന്ന താരനിശ. നാടകം, ഗാനമേള.
സ്റ്റേജിൽ കമലഹാസൻ പാടുന്നു. പട്ടുസാരിയുടുത്ത് മൂക്കുത്തിയണിഞ്ഞൊരു അയ്യങ്കാർ യുവതിയാണ് കൂടെ പാടുന്നത്. ശോഭ.
പാടുമ്പോഴും അവളുടെ നോട്ടം സദസ്സിലെങ്ങോ ഇരിക്കുന്ന ഭർത്താവിന്റെ മടിയിലേക്കാണ്. ആ മടിയിലിരിപ്പുണ്ട് അവരുടെ മോൻ. മൂന്നു വയസ്സുകാരൻ.

അമ്മ ശോഭക്കൊപ്പം വിജയ്‌
അമ്മ ശോഭക്കൊപ്പം വിജയ്‌

അവന്റെ പേര് വിജയ്.
ജോസഫ് വിജയ്.
സി. ജോസഫ് വിജയ്.
അവന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ അന്ന് തമിഴ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. മാസത്തിൽ 100 രൂപയോ മറ്റോ കിട്ടിയാലായി. (മാസം 300 രൂപ ശമ്പളം കിട്ടുന്ന കേന്ദ്ര സർക്കാർ ജോലി ഉണ്ടായിരുന്നു. രാജിവെച്ചതാണ്).

കോടമ്പാക്കം പാലത്തിന്റെ ചുവട്ടിലെ ഒരു ഒറ്റമുറി വീട്ടിലാണ് അന്ന് ചന്ദ്രശേഖറും കുടുംബവും താമസം. ഒറ്റമുറി വീതമുള്ള നാല് വീടുകളാണ് ആ കെട്ടിടത്തിൽ. നാല് കുടുംബങ്ങൾക്കും കൂടി ഒറ്റയൊരു ടോയ്‌ലറ്റ്. വീടിന് മാസം 100 രൂപ വാടക.
ശോഭ നന്നായി പാടും. പാട്ട് പഠിച്ചിട്ടുണ്ട്. കച്ചേരികളിൽ പാടും. ഇളയരാജയുടെയും ഗംഗൈ അമരന്റെയും മറ്റും ഗാനമേളകളിലും പാടാൻ വിളിക്കും. അങ്ങനെ കിട്ടുന്ന വരുമാനം മാത്രമാണ് വീട്ടു ചിലവിന്.

പാടാൻ പോകുമ്പോൾ തനിച്ച് പോവില്ല. ഭർത്താവും കൂടെപ്പോണം. കുഞ്ഞിനെയും കൂട്ടി അയാൾ സദസ്സിലെവിടെയെങ്കിലും ഇരിക്കും. അങ്ങനെ ചില വർഷങ്ങൾ.

വർഷം പത്ത് പതിനെട്ട് കഴിഞ്ഞു. ഇപ്പോൾ ചന്ദ്രശേഖർ തമിഴിലെ മുൻനിര സംവിധായകരിലൊരാളാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അറുപതോളം സിനിമകളായി. മകൻ വിജയ് അഞ്ചാറ് പടങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. അത്ര തെളിഞ്ഞിട്ടില്ല.
ചന്ദ്രശേഖറിന്റെ പുതിയ ചിത്രത്തിന്റെ പാട്ട് റെക്കാഡിങ്ങ് നടക്കുകയാണ്. നായകൻ വിജയ് തന്നെ.
ഒരു ദിവസം സ്റ്റുഡിയോവിൽ നിന്ന് വന്ന വിജയ് അമ്മയോട് പറഞ്ഞു: ""അമ്മാ. ഞാനിന്ന് സിനിമയിൽ ഒരു പാട്ട് പാടി. ബാക്കി പാടാൻ അമ്മയോട് വേഗം ചെല്ലാൻ അപ്പാ പറഞ്ഞു ''.

അതൊരു "പെപ്പി' ഡ്യുവറ്റ് ആയിരുന്നു. "ദൊഡ്ഢബെട്ട റോഡ് മേലെ മുട്ടപൊറോട്ടാ....
നീ തൊട്ട് കൂട്ട ചിക്കൻ തരട്ടാ...'
"വിഷ്ണു'വിൽ വിജയും സാങ്ങ്വിയും ആടിത്തകർത്ത ആ "ഗാനാ'പാട്ട് തമിഴകത്തെ ചെറുപ്പക്കാർ ഏറ്റെടുത്തു. പിൽക്കാലത്ത് വിജയ് പടങ്ങളുടെ അവിഭാജ്യഘടകമായി മാറിയ "കുത്ത്'പാട്ടുകളുടെ തുടക്കങ്ങളിലൊന്ന്.
അമ്മയും മകനും ചേർന്ന് പാടുന്നൊരു ഡ്യുവറ്റ് ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അതാദ്യമാവും. പിന്നെയും പല പല വിജയ് പടങ്ങളിൽ അമ്മ പാടി. എല്ലാം ഡപ്പാംകൂത്ത് പാട്ടുകൾ തന്നെ.

പക്ഷേ, രണ്ടു വരി പാടാൻ അഭിമുഖങ്ങളിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ ശോഭ ഇന്നും ആ പഴയ മൈലാപ്പൂർ മാമിയാകും. എന്നിട്ടൊരു കീർത്തനം പാടും. എന്നിട്ട്, ദൈവമേ, ശ്രുതി തെറ്റിയോ, ഗുരു എന്ത് വിചാരിക്കും എന്ന് ആകുലപ്പെടും. ഇരുപതു വർഷത്തോളമായി മുടങ്ങാതെ കർണ്ണാടക സംഗീതം പഠിക്കുന്നുണ്ട് ശോഭ. ഇന്നും, ഈ എഴുപത്തിരണ്ടാം വയസിലും.
മഹാരാജപുരം സന്താനത്തിന്റെ മകൾ ബൃന്ദ ത്യാഗരാജനാണ് ഇപ്പോഴത്തെ ഗുരു.

മദിരാശി വാഹിനി സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്നു ശോഭയുടെ അച്ഛൻ എസ്.എസ്. നീലകണ്ഠൻ. നന്നായി പാടും. ഭാര്യ ലളിതയും പാടും. നാലു മക്കളും നന്നായി പാടുമെന്ന് കണ്ട് അവരെ ലളിതസംഗീതം പഠിപ്പിച്ചു. എന്നിട്ട് ഭാര്യയെയും മക്കളെയും - ശോഭ, ഷീല, സുരേന്ദർ, സുന്ദർ - ചേർത്ത് നീലകണ്ഠൻ ഒരു ട്രൂപ്പുണ്ടാക്കി: "ലളിതാഞ്ജലി ഫൈൻ ആർട്ട്‌സ്.'

കച്ചേരി, ഗാനമേള, നാടകം... എല്ലാ ഐറ്റവും എടുക്കും. പതിനൊന്നാം വയസ്സിൽ വടപളനി മുരുകൻ കോവിലിൽ ശോഭയുടെ അരങ്ങേറ്റവും കഴിഞ്ഞു.
അക്കാലത്ത് നാടകമെഴുതാൻ അവസരം ചോദിച്ച് രാമേശ്വരത്ത് നിന്നു വന്ന ചന്ദ്രശേഖരനെന്ന ക്രിസ്ത്യാനിപ്പയ്യനെ നീലകണ്ഠനു ബോധിച്ചു. ചന്ദ്രശേഖരന്റെ രചനയിൽ നീലകണ്ഠൻ സംവിധാനം ചെയ്ത് ലളിതയും മക്കളും അഭിനയിച്ച നാടകങ്ങൾക്ക് ചില്ലറ വേദികൾ കിട്ടി. നീലകണ്ഠന്റെ വീട്ടിൽ ചന്ദ്രശേഖരൻ പേയിങ് ഗസ്റ്റ് ആയി നിന്നു. ശോഭയുടെ തന്നെ ഭാഷയിൽ, പിന്നെ "പെർമനന്റ് ഗസ്റ്റ് ' ആയി. 1973 ഏപ്രിൽ 15 ന് മദിരാശി ധർമ പ്രകാശ് മണ്ഡപത്തിൽ നടന്ന കല്യാണത്തിന് വരന്റെ കയ്യിൽ താലിയെടുത്തു കൊടുത്തത് ശിവാജി ഗണേശന്റെ പത്‌നി കമലയായിരുന്നു (കല്യാണത്തിന് വരന്റെ വീട്ടിൽ നിന്ന് ചില്ലറ എതിർപ്പുണ്ടായിരുന്നു ആദ്യം ).

74ൽ വിജയിന്റെ ജനനം. അസിസ്റ്റന്റ് ഡയറക്ടറുടെ ജീവിതം അപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റായിരുന്നു. കളറാവാൻ പിന്നെയും കൊല്ലങ്ങളേറെയെടുത്തു.

അക്കാലത്ത് തമിഴ് സിനിമാ സംഗീതം അടക്കി വാണിരുന്ന എം.എസ്.വിശ്വനാഥന് നീലകണ്ഠനെ വലിയ കാര്യമായിരുന്നു. നീലകണ്ഠന്റെ കുട്ടികളെയും.
ഏതെങ്കിലും പടത്തിൽ കുട്ടികൾ പാടുന്ന പാട്ടുണ്ടെങ്കിൽ എം.എസ്.വി.പറയും: ""നീലകണ്ഠന്റെ മക്കളെ വിളി''.

അങ്ങനെ ശോഭയും സഹോദരങ്ങളും സിനിമാപ്പാട്ടുകാരുമായി. കുറേ പടങ്ങളിൽ കുട്ടികൾക്കു വേണ്ടി പാടി. 1967ൽ എ.സി. ത്രിലോകചന്ദറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ""ഇരു മലർകൾ'' എന്ന പടത്തിലാണ് ശോഭ ആദ്യം പാടിയത്. ശിവാജി ഗണേശനും കെ.ആർ.വിജയയും പദ്മിനിയുമായിരുന്നു പ്രധാന വേഷക്കാർ. "ഒരു മഹരാജൻ, ഒരു മഹാറാണി, ഇന്ത ഇരുവരുക്കും ഇവൾ കുട്ടിറാണി' എന്ന പാട്ട്. ശിവാജിയും കെ.ആർ.വിജയയും കൂടി മകൾ റോജാ രമണിയെ കൊഞ്ചിക്കുന്നതാണ് പാട്ടിന്റെ രംഗം.
ശിവാജിക്കു വേണ്ടി ടി.എം.സൗന്ദർരാജൻ പാടി. പാട്ടിന്റെ അവസാന ഭാഗത്താണ് റോജാരമണിക്കു വേണ്ടി ശോഭ പാടുന്നത്.
(റോജാ രമണിയെന്നാൽ മലയാളത്തിലെ പഴയ ചെമ്പരത്തി ശോഭന. ഇപ്പോഴത്തെ തെലുങ്ക് യുവതാരം "അഞ്ജലി' ഫെയിം തരുൺകുമാറിന്റെ അമ്മ.). റോജാ രമണിയുടെ കയ്യിലുള്ള പാവക്കുട്ടിയും പാടുന്നുണ്ട്. പാവക്കുട്ടിക്കുവേണ്ടി പാടിയത് ആരെന്നോ? നമ്മുടെ സ്വന്തം പട്ടം സദൻ. (തിരുവനന്തപുരത്തെ പട്ടത്ത് നിന്ന് സിനിമാനടനാവാൻ മദിരാശിയിലെത്തി നാടകവും മിമിക്രിയുമായി കഴിഞ്ഞുകൂടുകയായിരുന്ന സദാനന്ദൻ അക്കാലത്ത് എം.എസ്.വി.യുടെ സന്തത സഹചാരിയായിരുന്നു. അന്നൊക്കെ തമിഴ്, മലയാളം, തെലുങ്ക് പടങ്ങളിൽ കോമഡിപ്പാട്ടുകളിൽ പട്ടം സദൻ പതിവ് ശബ്ദമാണ്. എം.എസ്.വി.യുടെ നിരവധി പാട്ടുകളിൽ പട്ടം സദന്റെ ശബ്ദം കേൾക്കാം - മിമിക്രിയായും മറ്റും. ""പഞ്ചാരപ്പാലുമിഠായി '', ""മണിയൻ ചെട്ടിക്ക് റബ്ബറ് മുട്ടായി '' തുടങ്ങിയ പാട്ടുകളിലൂടെയാണ് മലയാളത്തിൽ പട്ടം സദന്റെ പ്രധാന പ്രശസ്തി).
പാവ പാടുന്നതെന്ന മട്ടിൽ മറ്റു കഥാപാത്രങ്ങൾ പാടുന്ന "വെൻട്രിലോക്കിസം' പാട്ടുകൾ തമിഴ് സിനിമയിൽ ആദ്യമായി അവതരിപ്പിച്ചത് "ഇരു മലർക ' ളിലെ ആ പാട്ടിലായിരുന്നു.

പട്ടം സദൻ
പട്ടം സദൻ

പിന്നെയും 10 വർഷം കഴിഞ്ഞാണ് കെ.ബാലചന്ദറിന്റെ "അവർകൾ' എന്ന പടത്തിലെ കമലഹാസന്റെ കഥാപാത്രത്തിലൂടെ വെൻട്രിലോക്കിസം തമിഴിൽ പോപ്പുലറായത്. "അവർക'ളിലും പാവക്കുട്ടിക്കുവേണ്ടി പാടിയത് പട്ടം സദൻ തന്നെ.

ശോഭ അതിനിടയിൽ ചെന്നൈയിലെ തമിഴ്‌നാട് ഗവ. മ്യൂസിക് കോളേജിൽ വായ്പ്പാട്ടിന് ചേർന്നിരുന്നു. വിദ്വാൻ ടി.എം. ത്യാഗരാജനാണ് ഗുരു. കൽപ്പാക്കം സ്വാമിനാഥനിൽ നിന്ന് വീണയും പഠിച്ചു. പത്താം ക്ലാസ് കഴിഞ്ഞ് പഠിത്തം സംഗീതം മാത്രമാക്കി. (പിൽക്കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരിക്കെ, തമിഴ്‌നാട്ടിലെ ഗവ.സംഗീത കോളേജുകളുടെ മുഴുവൻ ചുമതലയുള്ള ആർട്ടിസ്റ്റിക്ക് ഹെറിറ്റേജ് കൺസൾട്ടന്റായി ശോഭ ചന്ദ്രശേഖർ നിയമിക്കപ്പെട്ടു ).

1978ൽ എസ്.എ.ചന്ദ്രശേഖർ സ്വതന്ത്ര സംവിധായകനായി. 81 ൽ "ചട്ടം ഒരു ഇരുട്ടറൈ ' പുറത്തിറങ്ങിയതോടെ തിരക്കേറി. തമിഴ് സിനിമയിലെ മുൻനിരയിലൊരാളായി. അതോടെ പാട്ടിനു കൊടുക്കാൻ ശോഭയുടെ കയ്യിലും സമയമില്ലാതായി. എങ്കിലും ചന്ദ്രശേഖറിന്റെ ഏതാണ്ടെല്ലാ പടങ്ങളിലും ശോഭ പാടി. തിരക്കഥാ ചർച്ചകളിലും ഷൂട്ടിങ് സെറ്റുകളിലും ശോഭയെ നിർബന്ധിച്ച് കൂടെ കൂട്ടുമായിരുന്നു ചന്ദ്രശേഖർ. അദ്ദേഹം സംവിധാനം ചെയ്ത എഴുപത്തി അഞ്ചോളം പടങ്ങളിൽ അൻപതോളം പടങ്ങൾക്ക് കഥ - ചിലതിന് തിരക്കഥയും -എഴുതിയത് ശോഭയാണ്.

അതിനിടയിൽ വിജയ്ക്ക് ഒരനിയത്തിയെക്കിട്ടി: അവനേക്കാൾ എട്ട് വയസ്സ് കുറവുള്ള വിദ്യ. അവന് അവളെ വലിയ കാര്യമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട പാവക്കുട്ടിയെ കൊണ്ടു നടക്കുന്നതു പോലെ വിജയ് അനിയത്തിയെ കൊണ്ടു നടന്നു. അവരുടെ ചിരികളികളും കലപിലകളും വീട്ടിൽ നിറഞ്ഞു.

അനിയത്തിക്കൊപ്പം വിജയ്
അനിയത്തിക്കൊപ്പം വിജയ്

1984-ൽ, വിജയ്ക്ക് 10 വയസ്സുള്ളപ്പോളായിരുന്നു, രണ്ടാം വയസ്സിൽ, വിദ്യയുടെ മരണം (അനിയത്തിയുടെ വിയോഗം തീർത്ത ശൂന്യതയിൽ നിന്ന് വിജയ് പിന്നീട് ഒരിക്കലും കരകയറിയില്ല. സദാ കുസൃതികൾ ഒപ്പിച്ചിരുന്ന, ഒച്ചയിട്ട് ഓടി നടന്നിരുന്ന, സ്‌കൂൾ വിട്ടു വരുമ്പോൾ പിൻമതിൽ ചാടിക്കടന്ന് പൈപ്പിലൂടെ പിടിച്ചു കയറി ടെറസിലൂടെ വീടിനകത്ത് കടന്ന് അമ്മയെ ഞെട്ടിച്ചിരുന്ന വിജയ് അതോടെ മൗനിയായി. മിതഭാഷിയായി. ക്യാമറയ്ക്കു മുമ്പിൽ മാത്രം സംസാരിച്ചു. സ്വകാര്യ നേരങ്ങളിൽ ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്ന് ഒറ്റക്കിരുന്നു.

വീട്ടിലുള്ളപ്പോൾ മുറിയടച്ച് അകത്തിരുന്നു. അച്ഛനോടും അമ്മയോടും പോലും അതിൽപ്പിന്നെ വിജയ് അത്ര കുറച്ചേ സംസാരിച്ചിട്ടുള്ളൂ. ഇന്നും, അഭിനയിക്കുമ്പോഴല്ലാതെ വിജയ് കാര്യമായി ചിരിക്കാറില്ല. നമ്മൾ കാണുന്ന ആ ചിരി, ആ ആക്ടീവ്‌നസ്സ്, അയാളുടെ അഭിനയമാണ്). വിദ്യയുടെ ഓർമ്മയിലാണ് വിജയ് പിന്നീട് തന്റെ മകൾക്ക് ദിവ്യ എന്ന് പേരിട്ടത്. ദിവ്യ സാഷ. "തെരി'യുടെ അവസാന റീലിൽ വിജയിന്റെ മകളായി സ്‌ക്രീനിലും എത്തുന്ന ആ കൗമാരക്കാരി.

വിജയ്, മകൾ ദിവ്യ സാഷ
വിജയ്, മകൾ ദിവ്യ സാഷ

മകളുടെ മരണത്തിന്റെ ഷോക്കിൽ നിന്ന് കരകയറാൻ ശോഭ വീണ്ടും സംഗീതത്തിലേക്കു മടങ്ങി. അക്കാലത്താണ് ബൃന്ദ ത്യാഗരാജന്റെ ശിഷ്യയായത്. ക്ലാസിക്കൽ ക്രിസ്തീയഗാനങ്ങൾ പഠിക്കണമെന്നായിരുന്നു ശോഭയുടെ ആഗ്രഹം. പക്ഷേ ബൃന്ദക്ക് ക്രിസ്തീയ സംഗീതം പിടിയില്ലാത്തതിനാൽ പരമ്പരാഗത കർണ്ണാടക സംഗീതം പഠിപ്പിക്കാമെന്നേറ്റു. അങ്ങനെ
നിരന്തരമായി ശാസ്ത്രീയ സംഗീതം പഠിച്ചു. മഹാരാജപുരം സന്താനം ട്രസ്റ്റിന്റെ വേദിയിലായിരുന്നു ആദ്യത്തെ കച്ചേരി. 2003 ൽ വിജയ് ടി.വി.യിൽ ""സമർപ്പണം '' എന്ന പേരിൽ ശോഭ ആരംഭിച്ച ക്ലാസിക്കൽ മ്യൂസിക് പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഭക്തിഗാനങ്ങൾ നിരന്തരമായി പാടി. ഹിന്ദുഗാനങ്ങളും ക്രിസ്തുഗാനങ്ങളും പാടി. ശോഭ പാടിയ എട്ട് ഭക്തിഗാന സി.ഡി.കൾ വിപണിയിലിറങ്ങി. ശ്രീരാഘവേന്ദ്രസ്തുതികളടങ്ങിയ സി.ഡി. പ്രകാശനം ചെയ്തത് രാഘവേന്ദ്രരുടെ ഏറ്റവും പ്രശസ്തനായ അനുയായിയാണ് - രജനീകാന്ത്.
"ആനൈ മുഖനും അറുമുഖനും ' എന്ന സി.ഡി.യും ഏറെ ശ്രദ്ധിക്കപ്പെട്ടു.

എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത പത്തോളം സിനിമകളുടെ നിർമാതാവായും ശോഭയുടെ പേരുണ്ട്. കോടതിയും ചട്ടവും നിയമവും നീതിയുമായി ബന്ധപ്പെട്ട കഥകളായിരുന്നു പൊതുവേ ചന്ദ്രശേഖറിന്റെ സിനിമകൾ. പലപ്പോഴും അത് പേരിൽ തന്നെ കാണും: ചട്ടം ഒരു ഇരുട്ടറൈ, ചട്ടപ്പടി കുറ്റം, നാളെയ തീർപ്പ്, ഇത് എങ്കൾ നീതി, ചട്ടം ഒരു വിളയാട്ട്, നീതിക്ക് ദണ്ഡനൈ, എനക്ക് നാനേ നീതിപതി, നീതിയിൻ മറുപക്കം....

1991ലാണ്, ഒരു റൊമാന്റിക് കഥ കിട്ടി. ഒരു ക്യാംപസ് സ്റ്റോറി. പതിവായി കോടതിയും കേസും വിചാരണയും സിനിമയാക്കുന്ന താൻ പെട്ടെന്നൊരു ക്യാംപസ് പ്രണയകഥയെടുത്താൽ ശരിയാവില്ലെന്ന് എസ്.എ.സിക്കൊരു ശങ്ക. അങ്ങനെ സംവിധാനം ശോഭ ഏറ്റെടുത്തു. ചിത്രം: നൺപർകൾ. ഹിന്ദി നടി മമത കുൽക്കർണിയും ഏതാനും പുതുമുഖങ്ങളുമായിരുന്നു പ്രധാനവേഷങ്ങളിൽ. കഥ - സംവിധാനം ശോഭ, തിരക്കഥ എസ്.എ.ചന്ദ്രശേഖർ, നിർമാണം വിജയ് എന്നിങ്ങനെയായിരുന്നു ക്രെഡിറ്റ്.
ആ പടത്തിൽ ശോഭയുടെ അസോഷ്യേറ്റ് ഡയറക്ടറായും എസ്.എ.ചന്ദ്രശേഖർ ജോലി ചെയ്തു. ചന്ദ്രശേഖറിന്റെ അസിസ്റ്റന്റായി പിൽക്കാല ഹിറ്റ്‌മേക്കർ ഷങ്കർ കൂടെയുണ്ടായിരുന്നു.
പടം വലിയ ഹിറ്റായി. "മേരാ ദിൽ തേരേ ലിയേ ' എന്ന പേരിൽ ചന്ദ്രശേഖർ തന്നെ അത് ഹിന്ദിയിൽ റീമേക്ക് ചെയ്‌തെങ്കിലും പരാജയമായി.
തൊട്ടടുത്ത വർഷം തന്നെ പുതുമുഖങ്ങളുമായി ശോഭ ഒരു പടം കൂടി സംവിധാനം ചെയ്തു: "ഇന്നിശൈമഴൈ ''.
ഇളയരാജ സംഗീതം പകർന്ന പാട്ടുകൾ എട്ട് ദിക്കിലും ഹിറ്റായെങ്കിലും പടം എട്ട് നിലയിൽ പൊട്ടി.

സംവിധാനം ചെയ്ത രണ്ടു പടങ്ങളിലും ശോഭ പാടിയിരുന്നു. ഇന്നിശൈമഴയിൽ എസ്.പി.ബിയോടൊപ്പം പാടിയ "ദൂരി ദൂരീ മനതിലൊരു ദൂരീ' തമിഴിലെ എവർഗ്രീൻ ഹിറ്റുകളിലൊന്നാണ്.

1997ൽ എസ്.എ.ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഇറങ്ങിയ "വൺസ് മോർ' എന്ന പടത്തിലും വിജയ്‌ക്കൊപ്പം ശോഭ ഡ്യുവറ്റ് പാടിയിട്ടുണ്ട്. വിജയും സിമ്രനും അഭിനയിച്ച "ഊർമിളാ ഊർമിളാ '' എന്ന പാട്ട്. അതും തരക്കേടില്ലാതെ ഹിറ്റായി.

അമ്മയ്‌ക്കൊപ്പം പാടിയ രണ്ട് പാട്ടിലും റെക്കാഡിങ്ങിൽ അമ്മയുടെ കൂടെയല്ല വിജയ് പാടിയത്. വിജയ് പാടിത്തീർത്ത ശേഷം ശോഭ തനിച്ച് സ്വന്തം പോർഷൻ പാടിച്ചേർക്കുകയായിരുന്നു. "ഞാൻ പാടുമ്പോൾ അടുത്ത് വന്ന് നോക്കി നിൽക്കരുത്, എന്റെ ശ്രദ്ധ തെറ്റും, പാട്ടും തെറ്റും ' എന്ന് ഓരോ തവണയും റെക്കാഡിങ്ങിനു പോകുന്നതിന് മുമ്പ് വിജയ് അച്ഛനോടും അമ്മയോടും പറയും. പാടിത്തീർത്ത് വന്നാലുടൻ അമ്മയെ കാറിലിരുത്തി ഒരു ഡ്രൈവുണ്ട്. സി.ഡി.യിൽ ആ പാട്ട് പ്ലേ ചെയ്ത് ഹെഡ് ഫോൺ അമ്മയുടെ ചെവിയിൽ വെച്ച് കൊടുക്കും. "അമ്മാ, ശ്രുതി ശരിയായിട്ടുണ്ടോന്ന് നോക്കൂ ' എന്ന് പറയും. അമ്മ എന്തെങ്കിലും കറക്ഷൻ പറഞ്ഞാൽ ഉടൻ അത് ചെയ്യുകയും ചെയ്യും.

വിജയ്, അച്ഛൻ ചന്ദ്രശേഖർ, അമ്മ ശോഭ
വിജയ്, അച്ഛൻ ചന്ദ്രശേഖർ, അമ്മ ശോഭ

(പതിവായി "ഐറ്റം പാട്ടുകൾ ' മാത്രം പാടുന്നതുകൊണ്ടാവാം, ശ്രുതി തെറ്റാതെ പാടാനറിയുന്ന നല്ലൊരു ഗായകനുമാണ് വിജയ് എന്ന് ആരാധകർക്കു പോലും അറിയില്ല. "ഗില്ലി 'യിൽ "മരുതമലൈ മാമണിയേ മുരുകയ്യാ ' പാടാൻ ശ്രമിക്കുന്ന രംഗം ശ്രദ്ധിച്ചാലറിയാം വിജയിലെ പാട്ടുകാരന്റെ പ്രതിഭ.
തന്റെ സമീപകാലത്തെ ഏതാണ്ട് എല്ലാ പടങ്ങളിലും വിജയ് പാടിയിട്ടുണ്ട് - മെർസലും സർക്കാരുമൊഴികെ. ഇളയരാജ മുതൽ അനിരുദ്ധ് വരെ വിജയിനെക്കൊണ്ട് പാടിച്ചു. എങ്കിലും, വിജയുമൊത്ത് ചെയ്ത അഞ്ചാമത്തെ പടത്തിൽ മാത്രമാണ് എ.ആർ.റഹ്മാൻ നായകനെ പാടാൻ വിളിച്ചത് - ബിഗിലിൽ).

"മെർസലി'നെക്കുറിച്ച് പറയുമ്പോൾ ശോഭ - ചന്ദ്രശേഖർ ദാമ്പത്യം ഒരിക്കൽക്കൂടി ഓർമ്മയിലെത്തും. "മെർസൽ' വിവാദത്തെ തുടർന്ന് വിജയിന്റെ അച്ഛനമ്മമാർക്ക് പല തവണ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടി വന്നു - വിജയ് ഏതു മതത്തിന്റെ വിശ്വാസിയാണ് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ.
കേന്ദ്ര ഗവൺമെന്റിന്റെ ജി.എസ്.ടി.പരിഷ്‌ക്കാരത്തെയും "ഡിജിറ്റൽ ഇന്ത്യ' കൊട്ടിഘോഷങ്ങളെയും നിശിതമായി വിമർശിച്ച പടമായിരുന്നു മെർസൽ. അതിൽ പ്രകോപിതരായ ബി.ജെ.പി.നേതാക്കളാണ് വിജയുടെ മതം ചൂണ്ടിക്കാട്ടി ഒളിയമ്പെയ്തത്. "ഇളയദളപതി ' യുടെ മുഴുവൻ പേര് ജോസഫ് വിജയ് എന്നാണെന്ന് ബി.ജെ.പി.നേതാവ് എച്ച്.രാജ സോഷ്യൽ മീഡിയയിലൂടെ തമിഴ് മക്കളെ ഓർമ്മിപ്പിച്ചു. ഉന്നം വ്യക്തമായിരുന്നു.
വിജയ് അതിന് മറുപടി പറഞ്ഞില്ല. കൂടെ നിന്നവർക്കും മെർസൽ വൻ വിജയമാക്കിയവർക്കും നന്ദി പറഞ്ഞു കൊണ്ട് ഒരു പത്രക്കുറിപ്പ് ഇറക്കുക മാത്രം ചെയ്തു.
സ്വന്തം ലെറ്റർ ഹെഡിലായിരുന്നു ആ പത്രക്കുറിപ്പ്. അതിൽ അയാൾ രാഷ്ട്രീയം പറഞ്ഞില്ല. നന്ദി മാത്രം പറഞ്ഞു.

പക്ഷേ, ആ ലെറ്റർ ഹെഡിന്റെ മുകളിൽ, ഇടത്തേ മൂലയിൽ, വലിയ, ചുവന്ന അക്ഷരങ്ങളിൽ C Joseph Vijay എന്ന് അച്ചടിച്ചിരുന്നു. ഏറ്റവും മുകളിൽ, ഒത്ത നടുവിൽ, Jesus saves എന്നും.
ഹോ! അന്ന് അതിലും വലിയ political statement വേറെ എന്തുണ്ട്?

എത്രയോ സിനിമകളുടെ ഭാഗമായെങ്കിലും, കൗമാരകാലത്ത് എത്രയോ നാടകങ്ങളിൽ നടിച്ചെങ്കിലും, ഒരിക്കൽ പോലും സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാനിഷ്ടപ്പെട്ടില്ല ശോഭ. എങ്കിലും ഏതാനും വർഷം മുമ്പ് മാതൃദിനത്തിലെ ഒരു ചാനൽ അഭിമുഖത്തിൽ ശോഭ ഒരാഗ്രഹം പ്രകടിപ്പിച്ചിരുന്നു: "ഒരു പടത്തിലെങ്കിലും വിജയിന്റെ അമ്മയായി അഭിനയിക്കണം'.
വിജയ് അതിന് മറുപടി പറഞ്ഞോ എന്നറിയില്ല.

മറുപടി കാത്തിരിക്കുകയാവണം, അസംഖ്യം ആരാധകർക്കൊപ്പം ആ അമ്മയും.
കഴിഞ്ഞ വർഷം, "ബിഗിലി'ന്റെ വൻ വിജയത്തിൽ ആഹ്ലാദം അറിയിച്ച് വിജയ്ക്ക് അമ്മ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശോഭ ആ കത്ത് അവസാനിപ്പിക്കുന്നത് ഏതാണ്ട് ഇങ്ങനെയാണ്:

"..... ത്യാഗരാജ ഭാഗവതർക്കും എം.ജി.ആറിനും രജനീകാന്തിനും ശേഷം തമിഴ് സിനിമയിലെ അടുത്ത സൂപ്പർ സ്റ്റാറായി നിന്നെ ആഘോഷിക്കാൻ ലോകം കാത്തിരിക്കുമ്പോൾ, ആ ആൾക്കൂട്ടത്തോടൊപ്പം ചേർന്നു നിന്നു കൊണ്ട് ഇതാ നിനക്കായൊരു ബിഗിൽ (വിസിൽ ), അമ്മയായല്ല, നിന്റെ ആരാധികയായി....'.

വിജയ്ക്ക് അമ്മ എഴുതിയ കത്ത്
വിജയ്ക്ക് അമ്മ എഴുതിയ കത്ത്

( സിനിമയിൽ ഒന്നിച്ചഭിനയിച്ചില്ലെങ്കിലും, ജോസ് ആലുക്കാസ് ജ്വല്ലറിയുടെ പ്രശസ്തമായ ആ പരസ്യത്തിലുണ്ടല്ലോ ശോഭയും വിജയും, അമ്മയും മകനുമായിത്തന്നെ ).
ഇന്നും എല്ലാ തിങ്കൾ, വെള്ളി ദിവസങ്ങളിലും ശാസ്ത്രീയ സംഗീത ക്ലാസിനു പോവാറുണ്ട് ശോഭ ചന്ദ്രശേഖർ. ഒരു ദിവസം പോലും സാധകം മുടക്കാറുമില്ല. എങ്കിലും ഏതോ വിജയ് പടത്തിൽ ഒരു ഡപ്പാം കൂത്ത് പാട്ടുമായി ഏതു സമയത്തും വന്നേക്കാം വിജയിന്റെ അമ്മ.

"വേട്ടൈക്കാരനി'ലെ ആ പാട്ടില്ലേ,
അനുഷ്‌ക ഷെട്ടിയുടെ മാദകച്ചുവടുകൾക്കു മുമ്പിൽ വിജയ് തലകുത്തിമറിയുന്ന "ഏൻ ഊച്ചി മണ്ടയിലേ സുർർർർറിങ്ക്‌തേ...''?
അതിലുമുണ്ടായിരുന്നു ശോഭ, എട്ട് ഭക്തിഗാന സി.ഡികളിറക്കിയ മൈലാപ്പൂർ മാമി.

സോമപ്രസാദിന്റെ മറ്റ് ലേഖനങ്ങൾ

ഒരു ദിവസം മോഹൻ കോടമ്പാക്കത്തുനിന്ന് ഇറങ്ങി നടന്നു

ഇളയരാജയുടെ സ്വന്തം പെരിയരാജ

ഉൺമൈ സൊല്ലപ്പോനാൽ, I don't want to die..

Comments