"നീങ്കള്‍ എല്ലാവരും ഇരുക്കറ വരൈയ്ക്കും എങ്കള്ക്ക് എങ്ക അപ്പാ ഇരുക്കാര്...'-ചെന്നൈയിലെ ആശുപത്രിമുറ്റത്തു നിന്ന് മാധ്യമങ്ങളോട് ആ മരണവാര്‍ത്ത അറിയിക്കുമ്പോള്‍ മകന്‍ എസ്.പി.ബി.ചരണ്‍ പറഞ്ഞു. തീര്‍ച്ചയായും ചരണ്‍, പാട്ടുകളെ ഇഷ്ടപ്പെട്ട അവസാന മനുഷ്യനും മണ്‍മറയുന്നതു വരെ എസ്.പി.ബി. ഇവിടെയുണ്ട്. ആ പാട്ടുകളില്ലാതെ ഈ മണ്ണില്‍ എന്ത് ജീവിതം? മണ്ണില്‍ അന്ത പാടലിന്‍ട്രി യാരും വാഴ്തല്‍ കൂടുമോ?
25 Sep 2020, 03:31 PM
"അയാം ഏന്‍ഷ്യന്റ്, സ്റ്റില്‍ അയാം സിങ്ങിങ്ങ്'-ഏതാനും വര്‍ഷം മുമ്പൊരു അഭിമുഖത്തില്‍ എസ്.പി.ബാലസുബ്രമണ്യം പറഞ്ഞു. " Though music is religiously important to me, I don't want to sacrifice my pleasures...my joys...ഉണ്‍മൈ സൊല്ല പോനാല്‍, I don't want to die...' എന്നു കൂടി അന്ന് ബാലു പറഞ്ഞു.
ജീവിതത്തെയും പാട്ടിനെയും അയാള്‍ അത്രയേറെ പ്രണയിച്ചിരുന്നു. അല്ലെങ്കില്‍ മറ്റെന്തു കൊണ്ടാണ് എക്കാലത്തെയും ഏറ്റവും മികച്ച പ്രണയഗാനങ്ങളില്‍ അയാള്‍ ഇത്രയും ഇഴുകിച്ചേര്‍ന്നു പാടിയത്?
മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തില്‍ പോലും അയാള്‍ ചുണ്ടനക്കിയിട്ടുണ്ടാവും, ഏതോ ഒരു പാട്ടിന്റെ വരികള്‍ തനിക്കു ജീവിതത്തിലേക്കു കൈനീട്ടുമെന്ന പ്രതീക്ഷയോടെ. ഒന്നല്ല, ഒരായിരം അനശ്വരഗാനങ്ങള്‍ തിരശീലക്കപ്പുറത്ത് കാത്തുനില്‍ക്കുന്നത് അന്നേരം അയാള്‍ കണ്ടു കാണും. ഓ! അനശ്വരഗാനങ്ങളോടൊപ്പം അനശ്വരതയിലേക്കുള്ള ആ യാത്ര!
എം.ജി.ആറിന് നന്ദി; ആ ആയിരം നിലാവുകള്‍ക്ക്
എം.ജി.ആറും ജയലളിതയും അഭിനയിച്ച "അടിമൈപ്പെണ്‍' എന്ന പടത്തിലൂടെയാണ് എസ്.പി.ബി. തമിഴന് പരിചിതശബ്ദമാകുന്നത്. അതിനു മുന്‍പ് പാടിയ ഹോട്ടല്‍ രംഭയിലെ "അത്താനോട് ഇപ്പടി ഇരുന്ത് എത്തന നാളാച്ച്' പുറത്തിറങ്ങിയിരുന്നില്ല. അടിമൈപ്പെണ്ണില്‍ പാടാന്‍ സംഗീതസംവിധായകന്‍ കെ.വി.മഹാദേവന്‍ വിളിക്കുമ്പോള്‍ ബാലു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു.

ഒപ്പം പാവലര്‍ സഹോദരന്മാരുടെ ട്രൂപ്പില്‍ ഗാനമേളയ്ക്കും പാടും. (എം.ജി.ആറിന്റെ അനുമതിയോടെയാണ് മഹാദേവന്‍ വിളിച്ചത്. ടി.എം.സൗന്ദര്‍രാജന്റെ ശബ്ദത്തില്‍ മാത്രം തമിഴ് രസികര്‍കള്‍ എം.ജി.ആറിനെ കേട്ടിരുന്ന കാലമായിരുന്നു. അതു കൊണ്ടു തന്നെ എം.ജി.ആറിന് സന്ദേഹങ്ങള്‍ ഉണ്ടാകാതിരുന്നില്ല. എന്നിട്ടും ആ തെലുഗുപയ്യന് ഒരവസരം നല്‍കാന്‍ എം.ജി.ആറിനെ പ്രേരിപ്പിച്ചതെന്തെന്ന് ആര്‍ക്കുമറിയില്ല. ആ പ്രേരണയോട് ബാലു എന്നും കടപ്പെട്ടിരുന്നു).
"ആയിരം നിലവേ വാ..' എന്ന അതിമനോഹരമായ കോംപോസിഷന്‍. സ്റ്റുഡിയോയിലെത്തി തമിഴ് വരികള്‍ തെലുങ്കില്‍ എഴുതിയെടുത്ത് പാടിപ്പഠിച്ച് പയ്യന്‍ സ്വര്‍ഗം കിട്ടിയ സന്തോഷത്തിലായിരുന്നു. റെക്കോര്‍ഡിങ്ങിനു രണ്ടു ദിവസം മുന്‍പ് നല്ല പനി. ഡോക്ടറെക്കണ്ടപ്പോള്‍ ടൈഫോയ്ഡാണ്. ഒരു മാസം വിശ്രമം വേണം.
അടിമൈപ്പെണ്ണിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ തുടങ്ങിക്കഴിഞ്ഞു. പോട്ടെ, വേറൊരവസരം തരാം എന്ന ആശ്വാസവാക്കുകളിലും ആശ്വാസം കിട്ടാതെ ഒരു മാസത്തെ വിശ്രമം. ഒരു മാസം കഴിഞ്ഞ് വീണ്ടും റെക്കോര്‍ഡിങ്ങിന് വിളിച്ചു. വലിയ പ്രതീക്ഷയില്ലാതെയാണ് പോയത്. സ്റ്റുഡിയോയിലെത്തുമ്പോള്‍ എം.ജി.ആറുമുണ്ട്. "തമ്പീ സൗഖ്യമാ?'-എം.ജി.ആറിന്റെ സുഖാന്വേഷണം. പാടിപ്പഠിച്ച ആ അതിമനോഹരഗാനം അപ്പോളും തനിക്കായി കാത്തു നില്‍ക്കുന്നുണ്ടെന്നു ബാലു അറിഞ്ഞില്ല. സ്വയം മറന്നു പാടി. പി.സുശീലയായിരുന്നു കൂടെ.
പാടിക്കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എം.ജി.ആറിനെ മുറിയില്‍ പോയി കണ്ടു. ഒരു കാര്യം അറിയാനുണ്ടായിരുന്നു. "അയ്യാ...പടത്തിന്റെ ഷൂട്ടിംഗ് തീരാറായല്ലോ. എന്തു കൊണ്ടാണ് ഈ പാട്ട് എനിക്കു വേണ്ടി കാത്തു വെച്ചത്? ഇത് വേറ ആരെക്കൊണ്ടും പാടിക്കാതിരുന്നത്?'
ജനകോടികളെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുപിടിച്ച കൈകള്‍ കൊണ്ട് ആ ചെറുപ്പക്കാരനെ ആശ്ലേഷിച്ച് എം.ജി.ആര്‍. പറഞ്ഞു: "തമ്പീ...ഈ പാട്ട് വേറെ ആരെക്കൊണ്ടെങ്കിലും പാടിക്കാമായിരുന്നു.

നിനക്ക് വേറെ ഏതെങ്കിലും പാട്ട് തരാമായിരുന്നു. എന്തു കൊണ്ടാണ് ഞാന്‍ അത് ചെയ്യാതിരുന്നതെന്നറിയാമോ? നീ ഇതിനകം നിന്റ കൂട്ടുകാരോടെല്ലാം പറഞ്ഞിട്ടില്ലേ, എം.ജി.ആറിന്റെ അടിമൈപ്പെണ്ണിലെ ആയിരം നിലവേ വാ എന്ന പാട്ട് നീയാണ് പാടുന്നതെന്ന്? എത്ര തവണ നീ ഈ പാട്ട് അവര്‍ക്കെല്ലാം പാടിക്കൊടുത്തിട്ടുണ്ടാവും. ഇനി സിനിമ വരുമ്പോള്‍ ഈ പാട്ട് വേറെ ഒരാളാണ് പാടിയത്, നിനക്ക് പാടാന്‍ കിട്ടിയത് വേറെയൊരു പാട്ടാണ് എന്നറിഞ്ഞാല്‍ നിന്റ കൂട്ടുകാര്‍ എന്തു പറയും? ഈ പാട്ട് നീ പാടിയത് എം.ജി.ആറിന് ഇഷ്ടപ്പെട്ടില്ല, അതു കൊണ്ട് വേറൊരാളെക്കൊണ്ട് പാടിച്ചതാണ് എന്ന് അവര്‍ കരുതും. അത് നിന്റെ ഭാവിയെ ബാധിക്കും'. അഭിമുഖങ്ങളില്‍ ഇക്കാര്യം പറയുമ്പോള്‍ ബാലുവിന്റെ കണ്ണ് നിറയാറുണ്ടായിരുന്നു.
കുടിച്ചും വലിച്ചും ആനന്ദങ്ങളെ ആഘോഷിച്ച ബാലു
ശാസ്ത്രീയ സംഗീതം പഠിക്കാതെ ശാസ്ത്രീയഗാനങ്ങള്‍ പാടി എന്നത് എസ്.പി.ബിയുടെ ഏറ്റവും വലിയ സവിശേഷതയായി പലരും പറയാറുണ്ട്. അതൊന്നുമായിരുന്നില്ല തന്നെ എസ്.പി.ബിയുടെ യു.എസ്.പി. സംഗീതമെന്ന ആത്മാവിഷ്‌കാരത്തിനു വേണ്ടി അയാള്‍ സ്വന്തം ആനന്ദങ്ങളെ വെടിഞ്ഞില്ല. സംഗീതകാരന്‍ സന്യാസിയാവണമെന്ന് പിന്മുറക്കാരെ ഉപദേശിച്ചില്ല. I am a social drinker. I have been smoking for 35 years എന്ന് അയാള്‍ പരസ്യമായി തുറന്നു പറഞ്ഞു. പിന്നെ വലിച്ചുവലിച്ചു മടുത്ത് വലി നിര്‍ത്തി. ശരീരം പറഞ്ഞപ്പോള്‍ കുടിയും. ഐസ്‌ക്രീമും ചോക്ലേറ്റും ഇഷ്ടം തോന്നുമ്പോളെല്ലാം കഴിച്ചു.
എണ്‍പതുകളുടെ അവസാനമായിരിക്കണം, കമല്‍ഹാസന്റ തെലുഗു പടം "ഇന്ദ്രുഡു ചന്ദ്രുഡു'വില്‍ കമലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ഗിമ്മിക് പാട്ട് പാടി. തൊണ്ടയൊക്കെ പൊട്ടിച്ച്. പിറ്റേന്ന് മണിരത്തിനത്തിന്റെ അഞ്ജലിയില്‍ അതേ ശബ്ദത്തില്‍ "രാത്തിരി നേരത്തില്‍' എന്ന സൈ-ഫൈ പാട്ട്. അതിനും പിറ്റേന്ന് മണിരത്തിനത്തിന്റെ തന്നെ തെലുങ്കുപടം "ഗീതാഞ്ജലി'യുടെ മലയാളം പതിപ്പിനു പാടാന്‍ ചെന്നപ്പോള്‍ ഒച്ചയില്ല. ഒട്ടുമില്ല. പാടുമ്പോള്‍ അതിഭയങ്കര വേദനയും. ഡോക്ടറെ കണ്ടു. വോക്കല്‍ കോര്‍ഡ്സില്‍ ഓപ്പറേഷന്‍ വേണം. അത് നടത്തിയാല്‍ സംസാരിക്കാം. എന്നാലും പാടാന്‍ പറ്റുമോ എന്ന് ഉറപ്പില്ല.
ഓപറേഷനു പോവരുതെന്ന് ലതാമങ്കേഷ്‌കര്‍ വരെ വിളിച്ചു പറഞ്ഞു. എന്നാലും ചെയ്തു. എന്നിട്ടും ബാലു പാടിക്കൊണ്ടിരുന്നു.

റിയാലിറ്റി ഷോയില്‍ ജൂറിയായിരിക്കുമ്പോള്‍ ഷോ തുടങ്ങാന്‍ നേരം എസ്.പി.ബി. മല്‍സരാര്‍ത്ഥികളോട് ഇതെല്ലാം പറഞ്ഞു. എല്ലാവരും എന്നെ മാതൃകയാക്കരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
The biggest Rafi fan
I am the biggest fan of Rafi എന്ന് ഇടക്കിടെ പറയാറുണ്ടായിരുന്നു എസ്.പി.ബി. റഫിയുടെ പാട്ട് കേട്ടുകേട്ടാണ് പാട്ടിലേക്ക് എത്തിയതെന്ന് ബാലു തുറന്നു പറയാറുമുണ്ടായിരുന്നു. "തേരേ മേരേ സപ്നേ' പതിനായിരം വട്ടമെങ്കിലും ബാലു സ്റ്റേജില്‍ പാടിക്കാണണം. പാടുമ്പോള്‍ ഉള്ളില്‍ അഭിനയിക്കുമായിരുന്നു റഫി. ഒരു നല്ല നടനു മാത്രമേ "സൗ സാല് പഹലേ' ഇങ്ങനെ പാടാന്‍ കഴിയൂ എന്ന് ബാലുവിന് അറിയാം. പാടുമ്പോള്‍ ബാലുവും അഭിനയിക്കുമായിരുന്നു. ("മുത്തു'വില്‍ രജനീകാന്ത് കുതിരവണ്ടിയിലിരുന്ന് പാടുന്ന "ഒരുവന്‍ ഒരുവന്‍ മുതലാളി' കണ്ണടച്ചിരുന്ന് കേട്ട്നോക്കൂ. "കിലുക്ക'ത്തിലെ ഊട്ടിപ്പട്ടണം പാട്ട് പാടുമ്പോള്‍ പാട്ടുകാരന്‍ ഇസ്തിരിവടിവില്‍ നിര്‍മമനായി കണ്‍സോളില്‍ നില്‍ക്കുകയാണെന്ന് തോന്നിയാല്‍ നിങ്ങള്‍ ആ തീയ്യേറ്റര്‍ വിട്ട് ഓടും, തീര്‍ച്ച).
അടിമൈപ്പെണ്ണിലെ "ആയിരം നിലവേ'യില്‍ മുഹമ്മദ് റഫിയെ പിന്‍പറ്റിയാണ് (അനുകരിച്ചല്ല) പാടിയതെന്ന് ബാലു തുറന്നു പറഞ്ഞിട്ടുണ്ട്. രണ്ടു മൂന്ന് പടങ്ങള്‍ കഴിഞ്ഞപ്പോള്‍ എം.ജി.ആർ. വിളിച്ചു പറഞ്ഞു: "തമ്പീ. ഇത് കൊഞ്ചം ജാസ്തിയാ തോന്നുന്നുണ്ട്'. എന്നിട്ടും മുഹമ്മദ് റഫിയെ ഓര്‍ക്കാതെ ഒരു മെലഡിയും പാടിയിട്ടില്ല ബാലു.
"നീങ്കള്‍ എല്ലാവരും ഇരുക്കറ വരൈയ്ക്കും എങ്കള്ക്ക് എങ്ക അപ്പാ ഇരുക്കാര്...'-ചെന്നൈയിലെ ആശുപത്രിമുറ്റത്തു നിന്ന് മാധ്യമങ്ങളോട് ആ മരണവാര്‍ത്ത അറിയിക്കുമ്പോള്‍ മകന്‍ എസ്.പി.ബി.ചരണ്‍ പറഞ്ഞു.
തീര്‍ച്ചയായും ചരണ്‍, പാട്ടുകളെ ഇഷ്ടപ്പെട്ട അവസാന മനുഷ്യനും മണ്‍മറയുന്നതു വരെ എസ്.പി.ബി. ഇവിടെയുണ്ട്.
ആ പാട്ടുകളില്ലാതെ ഈ മണ്ണില്‍ എന്ത് ജീവിതം? മണ്ണില്‍ അന്ത പാടലിന്‍ട്രി യാരും വാഴ്തല്‍ കൂടുമോ?
പി.എസ്. റഫീഖ്
25 Sep 2020, 06:08 PM
ദുഃഖം
Shaju John
25 Sep 2020, 10:22 PM
Touching tribute