കരുണാവാൻ നബി മുത്തുരത്നം

'കരുണാവാൻ നബി മുത്തു രത്നമോ' എന്ന് അനുകമ്പാദശകത്തിൽ കുറിച്ച നാരായണ ഗുരു ആത്യന്തികമായി മനുഷ്യനന്മയിലധിഷ്ഠിതമായ കരുണയായി മതത്തെ ഭാവന ചെയ്തു. നബിയെ കാരുണ്യത്തിന്റെ സാരസർവസ്വമായി വിവേചിച്ചറിഞ്ഞ ഗുരുവിൽ തിളങ്ങിയ ഉന്നതമായ ഈ നീതി വാക്യങ്ങളെയാണ് ഹിന്ദുത്വർ കേരള മണ്ണിൽ നിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിക്കുന്നത്.

1

ന്ത്യയിൽ നബിയെ കാരുണ്യത്തിൽ ചാലിച്ചെഴുതിയ മറ്റൊരു വാക്യം ഇത്തരത്തിൽ കണ്ടെത്താൻ കഴിയില്ല. അവനിവനെന്നറിയുന്നതൊക്കെ യോർത്താൽ അവനിയിൽ ആദിമമായ ആത്മ രൂപമാണെന്നും, അപരന്നു വേണ്ടി അഹർന്നിശം പ്രയത്നം ചെയ്യുന്നവരാണ് കൃപാലുവെന്നും പറഞ്ഞ ഗുരുവിന് നബിയെ കാരുണ്യത്തിന്റെ രൂപമായല്ലാതെ രേഖപ്പെടുത്താൻ കഴിയുമായിരുന്നില്ല. അത്രയധികം ആഴത്തിൽ ആത്മത്തെ അപരത്തിൽ ഗുരു ദർശിച്ചു.

അപരമതവിദ്വേഷത്തിലധിഷ്ഠിതമായ ഹിംസാത്മക ഹിന്ദുത്വ ഭാവനകളുടെ മുസ്‌ലിം - ഇസ്‌ലാം വിദ്വേഷത്തെയും ഗുരുവിന്റെ ജീവിതം സാഹോദര്യ മൂല്യ തത്വങ്ങളിലൂടെ വിമർശവിധേയമാക്കുന്നുണ്ട്. അപകടകാരിയായ അപരമായി ഇസ്‌ലാമിനെ സ്ഥാനപ്പെടുത്തുന്ന വാദഗതികളെ ഗുരു ചിന്തകൾ സമ്പൂർണമായി തിരസ്കരിക്കുന്നു.

"നാം മുസ്‌ലിമുകളുടെ കൂടെ വളരെ നാൾ വസിച്ചിട്ടുണ്ട്. അവരോടൊരുമിച്ച് ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. മത്സ്യ മാംസങ്ങൾ അന്നുപയോഗിച്ചിട്ടുണ്ട്. അവരുടെ കുട്ടികളെ നാം എടുക്കുകയും ചോറുവാരി കൊടുക്കുകയും ചെയ്തിട്ടുണ്ട്'എന്നുള്ള ഗുരുവിന്റെ പ്രസ്താവനകൾ അപര വിദ്വേഷത്തിലും മുസ്‌ലിം വെറുപ്പിലും അടിയുറച്ച ഹിന്ദുത്വ വാദികൾക്ക് ദഹിക്കുന്ന ഒന്നല്ല.

ശ്രീ നാരായണ ഗുരു / Photo: Wikimedia

2

മുസ്‌ലിം അപരവൽക്കരണം ലക്ഷ്യമാക്കി ഹിന്ദുത്വ ശക്തികൾ ദേശീയതലത്തിൽ നടത്തിവരുന്ന മാതൃകയിൽ കേരളത്തിലും വിദ്വേഷത്തിന്റെ വിത്തുകൾ പാകി വിളവെടുക്കാൻ പരിശ്രമിക്കുകയാണ്. സാംസ്കാരികമായി വലിയ വേരോട്ടമുള്ള മുസ്‌ലിം വിദ്വേഷത്തെ എരിതീയിൽ എണ്ണയൊഴിച്ച് വർദ്ധിപ്പിക്കാനാണ് ഹിന്ദുത്വർ പരിശ്രമിക്കുന്നത്. ഹിന്ദുത്വത്തിന്റെ അതിഹീനമായ മറുവശം മുസ്‌ലിം അപരവൽക്കരണത്തിലും വിദ്വേഷത്തിലും അടിസ്ഥാനമായുള്ളതാണെന്ന് ശാസ്ത്രചരിത്രകാരിയും ചിന്തകയുമായ മീര നന്ദ നിരീക്ഷിക്കുന്നുണ്ട്. ശുദ്ധതയാർന്ന ഹിന്ദുസ്വത്വ കൽപ്പന അവതരിപ്പിച്ചു കൊണ്ട് അതിന്റെ എതിരാളിയായി ഏകാത്മകമായ മുസ്‌ലിം സ്വത്വത്തെ ഭാവന ചെയ്തു കൊണ്ടാണ് ഈ വിദ്വേഷം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ വികസിച്ചു വന്ന നവോത്ഥാന ആധുനികത എന്ന പ്രക്രിയയുടെ ഏറ്റവും വലിയ അമരക്കാരനായ നാരായണ ഗുരു പരമത വിദ്വേഷത്തിലധിഷ്ഠിതമായ ബ്രാഹ്മണ്യ വാദങ്ങളെ ആത്മോപദേശ ശതകത്തിൽ തിരസ്കരിക്കുന്നുണ്ട്. "പലമത സാരവുമേകം' എന്ന ഗുരുവിന്റെ സാരഗർഭമായ വാക്കുകൾ അപര ഹിംസയിലൂന്നിയ മതവിദ്വേഷ പ്രസ്താവനകളെ തന്നെയാണ് നിരസിക്കുന്നത്.

Photo: Shafeeq Thamarassery

"ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം'എന്ന് ഗുരു പറയുമ്പോൾ ഹിംസയിലധിഷ്ഠിതമായ വിദ്വേഷവാദങ്ങളെ തന്നെയാണ് ഗുരു തടുക്കാൻ ശ്രമിക്കുന്നത്. "അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം' എന്ന ഗുരുവിന്റെ വചനങ്ങൾ ആത്യന്തികമായി മത വിചാരങ്ങൾ അപര സുഖത്തിലധിഷ്ഠിതമായിരിക്കണം എന്ന ചിന്തയിൽ നിലയുറപ്പിച്ചുയരുന്നവയാണ്. അപര സുഖത്തിന് വേണ്ടി യത്നിക്കാതെയും അപര ഹിംസക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ ലക്ഷ്യമാക്കിയാണ് ഗുരു "കൃപണർ' എന്ന് വിളിച്ചത്. ക്ഷേത്രങ്ങൾ സ്ഥാപിച്ചതു പോലെ പള്ളികൾ സ്ഥാപിക്കാനും തനിക്ക് മടിയില്ലെന്ന് പ്രഖ്യാപിച്ച മഹിതമായ ഗുരു പാരമ്പര്യം നിലനിൽക്കുന്ന മണ്ണിലാണ് ഹിന്ദുത്വർ വിദ്വേഷത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ ശ്രമിക്കുന്നത്.

വ്യത്യസ്ത ജാതി വിഭാഗങ്ങളിൽ പെട്ടവരെ തന്റെ സന്യാസ സംഘത്തിലുൾപ്പെടുത്തിയ വിശാല മതേതര ബോധ്യത്തിലുറച്ച ഗുരുവിന്റെ കാഴ്ചപ്പാടുകളെയാണ് ബ്രാഹ്മണ്യ വാദികൾ നിരാകരിക്കുന്നത്. "കരുണാവാൻ നബി മുത്തു രത്നമോ'എന്ന് അനുകമ്പാദശകത്തിൽ കുറിച്ച നാരായണ ഗുരു ആത്യന്തികമായി മനുഷ്യനന്മയിലധിഷ്ഠിതമായ കരുണയായി മതത്തെ ഭാവന ചെയ്തു. നബിയെ കാരുണ്യത്തിന്റെ സാരസർവസ്വമായി വിവേചിച്ചറിഞ്ഞ ഗുരുവിൽ തിളങ്ങിയ ഉന്നതമായ ഈ നീതി വാക്യങ്ങളെയാണ് ഹിന്ദുത്വർ കേരള മണ്ണിൽ നിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിക്കുന്നത്. സാഹോദര്യത്തിന്റെ ആവശ്യകതയുടെ സന്ദർഭത്തിലാണ് നബിയുടെ പ്രവർത്തനങ്ങളും ഇസ്‌ലാമിന്റെ സാഹോദര്യ തത്വങ്ങൾക്കും പ്രസക്തി ഉണ്ടായി വന്നതെന്ന ഗുരുവിന്റെ നിരീക്ഷണം മതതത്വങ്ങളുടെ കാതലായി കരുണ, നീതി, സാഹോദര്യം, സമത്വം എന്നിവയെ ദർശിക്കുന്നവയായിരുന്നു. പല കാരണങ്ങളാൽ ഗുരുവിന്റെ ഈ മഹത്തായ മൂല്യങ്ങളെ കൈയൊഴിയാനുള്ള ശ്രമങ്ങൾ സമൂഹത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തെയാവും അരിയിട്ട് വാഴിക്കുക. വെറുപ്പിൽ കേന്ദ്രീകരിച്ചുള്ള ഹിംസാ രാഷ്ട്രീയത്തെ ഗുരുവിനെ മുൻനിർത്തി തന്നെ പ്രതിരോധിക്കേണ്ട സമകാലിക രാഷ്ട്രീയ സന്ദർഭത്തെ ആഴത്തിൽ തിരിച്ചറിയേണ്ടതുണ്ട്.

Photo: Shafeeq Thamarassery

മുസ്‌ലിം വെറുപ്പിന് യാതൊരു വിധ തെളിവുകളും ആവശ്യമില്ലെന്ന് തെളിയിക്കുന്നവയാണ് ചരിത്രകാരിയായ റൊമിലാ ഥാപ്പറുടെ വാക്കുകൾ. ഒരു മുസ്‌ലിം ഭരണാധികാരിയെ ചിത്രീകരിക്കേണ്ട എല്ലാ സന്ദർഭങ്ങളിലും വസ്തുതകളുടെ പിൻബലമില്ലാതെ തന്നെ അവരെ ഹീനരായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ചരിത്രത്തിൽ നിരന്തരം അരങ്ങേറിയിട്ടുണ്ടെന്ന് The Past as present എന്ന ഗ്രന്ഥത്തിൽ ഥാപ്പർ എഴുതുന്നുണ്ട്. ഹരിദ്വാർ മാതൃകയിൽ രാജ്യം ആകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയ ഹിംസാക്കോയ്മകൾ വസ്തുതകളുടെ തെളിവു രൂപത്തെ പൂർണമായി തിരസ്കരിച്ചും വളച്ചൊടിച്ചും സൃഷ്ടിക്കുന്നതാണ്. സമൂഹത്തെ നെടുകെ പിളർക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള ഈ മതവിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജനാധിപത്യവാദികൾ നിതാന്ത ജാഗ്രത പുലർത്തേണ്ട രാഷ്ട്രീയ സന്ദർഭം കൂടിയാണിത്. "സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം'എന്ന നാരായണ ഗുരുവിന്റെ ചരിത്ര ലിഖിതം അത്രമേൽ ദീർഘദർശനം സംവഹിക്കുന്നവയാണ്. ഈ സാഹോദര്യ ഭാവനയാണ് ഗുരുവിനെ കൊണ്ട് "കരുണാവാൻ നബി മുത്തുരത്നം'എന്നെഴുതാൻ പ്രേരിപ്പിച്ചത്. വിദ്വേഷത്തിന്റെ ഹിംസാക്കോയ്മകൾ പ്രചരിക്കുന്ന സമകാല കേരളീയ സന്ദർഭം ഗുരുവചനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ പ്രസക്തി ചൂണ്ടി കാണിക്കുന്നുണ്ട്.

"ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും'എന്ന ഗുരുവരുളുകൾ ഹിന്ദുത്വരുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ സമകാല സന്ദർഭത്തിൽ ജാഗ്രതയാർന്ന ദിശാസൂചകമായിരിക്കട്ടെ.

Comments