മൂന്നു ലക്ഷത്തിലേറെ
വിദ്യാർഥികളുടെ വിലപ്പെട്ട പഠനസമയം
നഷ്ടമാക്കിയത് എന്തിനായിരുന്നു?
മൂന്നു ലക്ഷത്തിലേറെ വിദ്യാർഥികളുടെ വിലപ്പെട്ട പഠനസമയം നഷ്ടമാക്കിയത് എന്തിനായിരുന്നു?
മാനുഷികമായ നിസ്സാരതെറ്റുകള്‍ക്കു പോലും ഇംക്രിമെൻറ് ബാര്‍ ചെയ്യുക, തലസ്ഥാനത്തേക്കു വിളിപ്പിച്ച് തേജോവധം ചെയ്യുക തുടങ്ങിയ ശിക്ഷകളിലൂടെ പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിസ്റ്റമാണ് ഇവിടെയുള്ളത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ അഞ്ചു മാസത്തെ ഇടവേളയുണ്ടാക്കി വീട്ടിലിരുത്തിയതിനും അവരുടെ അക്കാദമിക് കലണ്ടറില്‍ നിന്നും വിലപ്പെട്ട പഠനദിനങ്ങളെ നഷ്ടപ്പെടുത്തിയതിനും വിദ്യാഭ്യാസ വകുപ്പിന് എന്ത് സമാധാനമാണ് പറയാനുള്ളത്?
26 Aug 2022, 09:59 AM
കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് വളരെ കുറച്ച് പഠനദിനങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ആഴ്ചയില്‍ മൂന്നു ദിവസം ഉച്ചവരെയുള്ള സമയം മാത്രം. സാഹചര്യം കണക്കിലെടുത്ത് നവംബര്‍ അവസാനം ഫോക്കസ് ഏരിയ നിര്‍ണയിച്ചു. എന്നാല്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്ന് ചോദ്യങ്ങളുണ്ടാവും എന്നത് കുട്ടികളെ അറിയിച്ചത് ജനുവരി അവസാനം മാത്രമായിരുന്നു. ഫോക്കസ് ഏരിയയില്‍ ഊന്നി, പരീക്ഷയ്ക്ക് ഒരുങ്ങാനിരുന്ന വിദ്യാര്‍ഥികള്‍ക്കുമേല്‍ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇത്തരമൊരു ഉദ്യോഗസ്ഥ തീരുമാനം പൊട്ടിവീണത്.
കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ഒന്നുപോലെ സമ്മര്‍ദ്ദത്തിലായ ഒരു കാലം. ഫോക്കസ് ഏരിയ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ ആ പാഠഭാഗങ്ങളിലൂന്നി പഠിക്കുകയാണ് ചെയ്യുക. അങ്ങനെയാണ് സ്‌കൂള്‍ തുറന്ന നവംബര്‍ മുതല്‍ സര്‍ക്കാര്‍വൃത്തങ്ങളും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും, പലതിലും ഓപ്ഷനുകള്‍ കൂടി ഇല്ലാതെ ചോദ്യങ്ങള്‍ പ്രത്യേക വിഭാഗമായി പൊതുപരീക്ഷയില്‍ ചോദിക്കുമെന്നും, അവക്കുകൂടി ഉത്തരമെഴുതിയില്ലെങ്കില്‍ 30% സ്‌കോര്‍ നഷ്ടപ്പെടുമെന്നും അവർ അറിയുന്നത് പൊതുപരീക്ഷക്ക് വെറും ഒന്നരമാസം മുമ്പായിരുന്നു. ഇത് വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ പോലും ഗുരുതരമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേതുടർന്ന്, പഠനസമയം ഒരുമാസം കൂടി നീട്ടണം എന്ന ആവശ്യം പലരും മുന്നോട്ടു വെച്ചു.
അതുകൊണ്ട് ഒന്നും സംഭവിക്കില്ലായിരുന്നു. കുട്ടികള്‍ക്ക് കുറച്ചു കൂടി ആശ്വാസത്തോടെ പരീക്ഷയെ സമീപിക്കാമായിരുന്നു. പ്ലസ് വണ്‍ പരീക്ഷ നടന്നത് മെയ് മാസത്തിലായിരുന്നല്ലോ. പക്ഷേ വിദ്യാഭ്യാസവകുപ്പ് കുട്ടികള്‍ക്കെതിരെ തീർത്തും അനാവശ്യമായ വാശിയിലായിരുന്നു.
എന്തിനായിരുന്നു ഈ തിടുക്കം?
ഇത്രയും തിടുക്കപ്പെട്ടു പരീക്ഷ നടത്തുമ്പോള്‍ സാമാന്യ ബുദ്ധി വെച്ച് നമ്മളെന്താവും ചിന്തിക്കുക? സമയബന്ധിതമായി കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നതിനുള്ള ഒരുക്കം എന്നല്ലേ? കുട്ടികള്‍ക്ക് ഇതിന്റെ ഗുണഫലം ഭാവിയില്‍ ഉണ്ടാകുമെന്നല്ലേ? പൊതുവെ പ്ലസ് വണ്‍ ക്ലാസുകള്‍ മുമ്പൊക്കെ വളരെ വൈകി ഓഗസ്റ്റ്, സെപ്തംബറിലൊക്കെയായിരുന്നു തുടങ്ങിയിരുന്നത്. പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അത് ക്രമത്തില്‍ മുന്നോട്ടുകൊണ്ടുവന്ന് 2019 ആകുമ്പഴേക്കും മെയ് മാസത്തില്‍ തന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 3 ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

20 ദിവസം കൊണ്ടാണ് അന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ കുട്ടികളെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തി മാര്‍ച്ചില്‍ തന്നെ പരീക്ഷ നടത്തിയിട്ടും എസ്. എസ്. എല്‍. സി റിസല്‍ട്ട് പ്രഖ്യാപിച്ചത് ജൂണ്‍ 15 ന്. പക്ഷേ പ്രവേശന നടപടികള്‍ ആരംഭിച്ചതോ ജൂലൈ 7 നും. പ്രവേശന നടപടികള്‍ക്കു ശേഷം ക്ലാസുകള്‍ ആരംഭിച്ചത് ഓഗസ്റ്റ് 25 ന്. എസ്. എസ്. എല്‍. സി പരീക്ഷ മാര്‍ച്ചില്‍ തന്നെ നടത്തിയതിനു പറയാവുന്ന ഒരൊറ്റ ലക്ഷ്യം ജൂണില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക എന്നതു മാത്രമായിരുന്നു.
മൂന്നു ലക്ഷത്തിലധികം വരുന്ന പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് ലഭിക്കേണ്ട വിലപ്പെട്ട പഠനസമയം ഇത്തവണ നഷ്ടപ്പെടുത്തിയതിന് ആരാണ് ഉത്തരവാദി? എന്തിനുവേണ്ടിയായിരുന്നു ഒന്നര മാസത്തോളം കാര്യങ്ങള്‍ ഇങ്ങനെ വൈകിച്ചത്? സി.ബി.എസ്.സിയില്‍ നിന്നും വരുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നോ?
മാര്‍ച്ചില്‍ പരീക്ഷ നടത്തിയിട്ടും കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചില്ല എന്നത് മറ്റൊരു കാര്യം. ഇത്തവണ എസ്. എസ്. എല്‍. സിയുടെ ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കുന്നു. ആദ്യത്തെ പരീക്ഷ കണക്കാണ്. പുതിയൊരു മാറ്റമാണിത്. സാങ്കേതികമായി അതില്‍ ഒരു ശരികേടുമില്ല. ഏതു പരീക്ഷയും ആദ്യം തുടങ്ങാം. പക്ഷേ കുട്ടികളുടെ പക്ഷത്തുനിന്നു നോക്കുന്നവര്‍ക്ക് അതില്‍ വിയോജിപ്പും തോന്നാം. പൊതുവെ കണക്കിനോട് ഭയമുള്ളവരാണ് അധികം കുട്ടികളും. അത്തരത്തില്‍ അവരുടെ മനോഭാവം കൂടി കണക്കിലെടുത്താണ് മുമ്പ് പരീക്ഷകള്‍ ക്രമീകരിച്ചിരുന്നത്. ഇപ്പോളത് പെട്ടെന്ന് മാറ്റിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെന്ത് കുട്ടികളുടെ മനശ്ശാസ്ത്രം.
സംഘടനകൾ നിശ്ശബ്ദരാണ്
പരീക്ഷകള്‍ നടത്തുകയല്ല മറിച്ച് പഠനാനുഭവങ്ങള്‍ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. അത്തരത്തില്‍ അക്കാദമികമായ എന്ത് ഉണര്‍വാണ് വിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുള്ളത്? കുറ്റം പറഞ്ഞുകൂടാ, വിമര്‍ശനങ്ങള്‍ക്കെതിരെ വാളെടുത്തുകൊണ്ട് ഭയത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വകുപ്പ് വിജയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് പഠനത്തിനുള്ള സമയം കിട്ടിയോ എന്നതല്ല, പഠനസമയം വെട്ടിക്കുറച്ച്, പരീക്ഷയ്ക്ക് തൊട്ടു മുമ്പ് നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും ചോദ്യങ്ങള്‍ വരുമെന്നറിയിച്ച് സമ്മര്‍ദ്ദത്തിലാക്കിയതാവും കുട്ടികളുടെ മനസ്സില്‍ ബാക്കിയാവുക.
വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, അധ്യാപകരുടെ മനസ്സിലും കഴിഞ്ഞ ഒരു വര്‍ഷം എന്താവും ബാക്കിയാക്കുക? ഹയര്‍ സെക്കന്ററി കെമിസ്ട്രി പരീക്ഷയ്ക്ക് വിദഗ്ദരായ അധ്യാപകര്‍ ഒത്തുചേര്‍ന്ന് ഉണ്ടാക്കിയ ഉത്തരസൂചിക വലിച്ചെറിഞ്ഞ് ചോദ്യകര്‍ത്താവ് ഉണ്ടാക്കിയ തെറ്റായ ഉത്തര സൂചിക യാതൊരു തത്വദീഷയുമില്ലാതെ അടിച്ചേല്‍പ്പിച്ചു. ആദ്യം തയാറാക്കിയ ഉത്തരസൂചികയില്‍ ഒരു തെറ്റും ഉണ്ടായിരുന്നില്ലെന്നും ചില കാര്യങ്ങള്‍ കൂടി ചേര്‍ത്താണ് പുതുതായി ഉത്തര സൂചിക ഇറക്കിയതെന്നും പറഞ്ഞ മന്ത്രി വി. ശിവന്‍കുട്ടി, ഉത്തര സൂചിക തയാറാക്കിയ അധ്യാപകര്‍ക്കെതിരായ നടപടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിഗണിക്കുമെന്നും പറഞ്ഞുവച്ചു. ഇതിന്റെ അര്‍ഥമെന്താണ്? ഉത്തര സൂചിക തയാറാക്കിയതില്‍ ക്രമക്കേട് സംഭവിച്ചിട്ടുണ്ട് എന്നല്ലേ? ക്ഷിരാഷ്ട്രീയ ഭേദമെന്യേ ആ അധ്യാപകര്‍ ഒറ്റക്കെട്ടായി നിന്ന് സമരം ചെയ്താണ് ഉത്തര സൂചികയിലെ നീതികേടിനെ ചെറുത്തു തോല്‍പ്പിച്ചത്. കുട്ടികളെയും അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് ശത്രുരാജ്യമായി പ്രഖ്യാപിച്ചു. 13 ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയം ചെയ്തിടത്ത് അത് 17 ആക്കി വര്‍ദ്ധിപ്പിച്ചു. ഒരു ചര്‍ച്ചയും കൂടാതെ. വിവര്‍ശനം ഉയര്‍ന്നപ്പോള്‍ അത് 15 ആക്കി. മൂല്യനിര്‍ണയത്തില്‍ നിന്നും എത്രയോ കാലമായി വിട്ടുനില്‍ക്കുന്ന പ്രിന്‍സിപ്പല്‍മാരെ ചേര്‍ത്ത് സ്‌ക്വാഡു രൂപീകരിച്ച് അവരെ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്കയച്ച് അധ്യാപകരിലും സമ്മര്‍ദ്ദമുണ്ടാക്കി.
എന്നാല്‍, അധ്യാപകര്‍ പ്രതിഷേധിച്ച് മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചതിനും മിന്നല്‍ പണിമുടക്ക് നടത്തിയതിനും പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍. ‘സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അധ്യാപകരല്ല, അതിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറും വിദ്യാഭ്യാസ മന്ത്രിയുമുണ്ട്, ഇവര്‍ക്കുപുറമേ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദ്യാഭ്യാസ ഡയറക്ടറുമുണ്ട്' എന്നും മന്ത്രി അധ്യാപകര്‍ക്ക് മുന്നറിയിപ്പുനല്‍കി. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതി എന്ന പ്രസ്താവനയില്‍ അടങ്ങിയിട്ടുള്ള സന്ദേശം പ്രയോഗത്തില്‍ വരുത്താനുള്ള ശ്രമങ്ങളാണ് സത്യത്തില്‍ ഒരു വര്‍ഷം കൊണ്ട് വിദ്യാഭ്യാസ വകുപ്പില്‍ നടന്നു കൊണ്ടിരിക്കുന്നത്.
കുട്ടികള്‍ക്ക് മാര്‍ക്ക് എങ്ങിനെ കുറയ്ക്കാം എന്നതില്‍ ഗവേഷണം നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ എ പ്ലസ് കിട്ടിയവരെ മന്ത്രി തന്നെ പരിഹസിച്ചു. കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 1,25,509 കുട്ടികള്‍ എ പ്ലസ് നേടിയത് ദേശീയാടിസ്ഥാനത്തില്‍ വലിയ തമാശയായിരുന്നു എന്നാണ് വി. ശിവന്‍കുട്ടി പരിഹസിച്ചത്.

എന്നാല്‍, ഇത്തവണ എസ്.എസ്.എല്‍.സിക്ക് 99 ശതമാനം വിജയമായിരുന്നുവെങ്കിലും എ പ്ലസിന്റെ കാര്യത്തില്‍ നിലവാരമുള്ള ഫലമാണുണ്ടായതെന്നും അതിനായി വകുപ്പ് ജാഗ്രത പാലിച്ചുവെന്നും കൂടി മന്ത്രി പറഞ്ഞുവച്ചു.
അക്കാദമികമായ ചര്‍ച്ചകള്‍, ബഹുസ്വരങ്ങള്‍, ഉയരേണ്ടതിനു പകരം ഭയം ആണ് നിറഞ്ഞുനില്‍ക്കുന്നത്. വിമര്‍ശനത്തിന്റെ ചെറുവിരല്‍ പോലും ഉയരുന്നില്ല. എല്ലാ സംഘടനകളും നിശ്ശബ്ദരാണ്.
പൊതുവിദ്യാഭ്യാസ സംവിധാനം ആരെയാണ് മുഖ്യമായും പരിഗണിക്കേണ്ടത്? അതിനെ വിശ്വാസത്തിലെടുത്തുകൊണ്ട് ഒപ്പം നിന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയുമല്ലേ? അതോ അതില്‍ വിശ്വാസമില്ലാതെ മറ്റൊരു സമാന്തര ധാരയില്‍ സഞ്ചരിച്ച് ഒരു പ്രത്യേക ഘട്ടത്തില്‍ തികച്ചും പ്രായോഗിക വാദികളായി കരിയറിസ്റ്റിക് സമീപനത്തോടെ തിരിച്ചു വരുന്നവരെയോ? അത്തരത്തില്‍ സി. ബി. എസ്. സി ധാരയിലെ ഒരു ചെറിയ ശതമാനത്തിനു ചാടിക്കയറാനായി പൊതുവിദ്യാഭ്യാസത്തിന്റെ വണ്ടി അനന്തമായി നിര്‍ത്തിയിട്ടതിനെക്കുറിച്ച് എന്തെങ്കിലും ഒരു വിമര്‍ശനം എവിടെയെങ്കിലും ഉയര്‍ന്നോ? അതേസമയം വളരെ വൈകി റിസല്‍ട്ട് പ്രഖ്യാപിച്ച സി.ബി.എസ്. സി അവരുടെ ക്ലാസുകള്‍ നേരത്തേ തുടങ്ങുകയും ചെയ്തു.
മാനുഷികമായ നിസ്സാരതെറ്റുകള്‍ക്കു പോലും ഇംക്രിമെൻറ് ബാര്‍ ചെയ്യുക, തലസ്ഥാനത്തേക്കു വിളിപ്പിച്ച് തേജോവധം ചെയ്യുക തുടങ്ങിയ ശിക്ഷകളിലൂടെ പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിസ്റ്റമാണ് ഇവിടെയുള്ളത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ അഞ്ചു മാസത്തെ ഇടവേളയുണ്ടാക്കി വീട്ടിലിരുത്തിയതിനും അവരുടെ അക്കാദമിക് കലണ്ടറില്‍ നിന്നും വിലപ്പെട്ട പഠനദിനങ്ങളെ നഷ്ടപ്പെടുത്തിയതിനും വിദ്യാഭ്യാസ വകുപ്പിന് എന്ത് സമാധാനമാണ് പറയാനുള്ളത്?
മന്ത്രിമാരടക്കമുള്ള പ്രമുഖരുടെ മക്കളും ചെറുമക്കളും പഠനത്തിനായി സി.ബി.എസ്. ഇ സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നതു മൂലം പൊതുസമൂഹത്തിന് കേരള സിലബിനോടുണ്ടായ താല്പര്യക്കുറവിനെ പര്‍വതീകരിക്കുന്ന വിധമാണ് സര്‍ക്കാരിന്റെ ഈ നടപടി. പൊതു മത്സരപരീക്ഷകളുടെ കാലത്ത് അര്‍ഹമായ പഠനസന്ദര്‍ഭങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നു. പൊതുഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ സി.ബി.എസ്. ഇ ബാച്ചുകള്‍ കൂടെ ആരംഭിക്കണമെന്ന മുറവിളി അധികം വൈകാതെ തന്നെ ഉണ്ടായേക്കാം.
വേണം, നവ്യമായ പഠനാനുഭവങ്ങൾ
അക്കാദമികസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ തീരുമാനമെടുക്കുന്ന അവസ്ഥ വിദ്യാഭ്യാസത്തിന് ഗുണം ചെയ്യില്ല. കഴിഞ്ഞ പരീക്ഷാ നടത്തിപ്പിലൊക്കെ നാമത് കണ്ടതാണ്. അക്കാദമികമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ഉദ്യോഗസ്ഥ സംവിധാനം ചെയ്യേണ്ടത്. എസ് സി ഇ ആര്‍ ടി പോലുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണ് അതിനുള്ള മാര്‍ഗം.
വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം പരീക്ഷ പാസാകലല്ല. വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം പരീക്ഷാ നടത്തിപ്പു മാത്രവുമല്ല. കുട്ടികളെയാണ് നമ്മള്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നതെങ്കില്‍ പരീക്ഷയ്ക്കു നല്‍കുന്ന അമിത പ്രാധാന്യം ഒഴിവാക്കി അവര്‍ക്ക് ഏറ്റവും നവ്യമായ പഠനാനുഭവങ്ങള്‍ ഒരുക്കുക എന്നതായിരിക്കണം പ്രധാനം. അത്തരം പഠനാനുഭവങ്ങളിലൂടെ കുട്ടികളെ കടത്തിവിടാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനായി നിരന്തര പരിശീലനങ്ങള്‍ നല്‍കുക എന്നതിനാണ് പരമപ്രാധാന്യം നല്‍കേണ്ടത്.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പി. പ്രേമചന്ദ്രന്
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
പി. പ്രേമചന്ദ്രന്
Feb 09, 2023
5 Minutes Read