8 Apr 2020, 12:20 AM
വൈകാരിക വിഷയങ്ങളില്‍ അതിരുകടന്ന അക്രമാസക്തിയോടെ കുതിച്ചുചാടുന്ന ആള്‍ക്കൂട്ടത്തിന്റെ സാധ്യതകളെ സാമുദായിക ധ്രുവീകരണങ്ങള്‍ക്കായി വിനിയോഗിക്കുന്നത് വഴി സാധിച്ചെടുക്കുന്ന ഭൂരിപക്ഷ ഏകോപനത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്ന സംഘപരിവാര്‍ തന്ത്രം ഏറ്റവും ഫലപ്രദമായി പരീക്ഷിച്ച് വിജയിച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
2017 ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തതും ആകസ്മികമായിരുന്നില്ല. അതിനു പിന്നില്‍ മുസ്‌ലിം വോട്ടുകള്‍ വിഭജിച്ചും ദലിത് വോട്ടുകളും ഒ.ബി.സി വോട്ടുകളും കേന്ദ്രീകരിക്കുന്നതിനെ തടഞ്ഞും വളരെ റൂട്ടടായിട്ടുള്ള, കൃത്യമായ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിന്റെ ചരിത്രം എന്നത് കലാപങ്ങളുടെ കൂടി ചരിത്രമാണ്. വളരെക്കാലം ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന വി.എസ് സനോജ് വിശദീകരിക്കുന്നു.
ഉത്തരേന്ത്യന്‍ റിപ്പോര്‍ട്ടിങ് എക്‌സ്പീരിയന്‍സ് എന്നു പറയുമ്പോള്‍ എനിക്കുതോന്നുന്നത് മീഡിയ ഒരു റിയാലിറ്റി ചെക്കിനേക്കാള്‍ ഉപരി സര്‍ക്കംസ്റ്റാന്‍സസിന്റെ ഒബ്ജക്ടീവ് അന്വേഷിച്ചു പോകുംപോലെയാണ് പലപ്പോഴും റിപ്പോര്‍ട്ടിങ്ങില്‍ തോന്നിയിട്ടുള്ളത്. റിപ്പോര്‍ട്ടു ചെയ്യാനായി അവിടുത്തെ ഗ്രാമങ്ങളിലും അത്തരം മേഖലകളിലുമൊക്കെ പോകുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത് എന്നതിനെ റിലേറ്റ് ചെയ്യുന്നത് അതിന്റെയൊരു ചരിത്രപരമായ പശ്ചാത്തലം കൂടിയാണ്. ഇപ്പോള്‍ ദളിത് വോട്ടുബാങ്കുകളെക്കുറിച്ച് പറയുമ്പോള്‍ എങ്ങനെയാണത് ധ്രുവീകരിക്കപ്പെട്ടത് എന്നതിന്റെ ചരിത്രത്തെക്കൂടി അടിസ്ഥാനമാക്കിയായിരിക്കും ഏതു തരത്തിലായിരിക്കും അത് ക്രൂഷ്യല്‍ ഫോഴ്‌സായി മാറുന്നത് എന്ന് വിലയിരുത്തുക.
ഒരുപക്ഷേ മുസ്‌ലിം വോട്ടുകള്‍ക്കും ഇത് സംഭവിച്ചിട്ടുണ്ട്. ഈ മുസ്‌ലിം വോട്ടുകളെ എങ്ങനെ വിഘടിപ്പിക്കാമെന്നത്, അല്ലെങ്കില്‍ ദളിത് വോട്ടുകളില്‍ നിന്ന് എങ്ങനെ തങ്ങള്‍ക്കനുകൂലമായ ഒരു വിഭാഗത്തെ അബ്‌സോര്‍ബ് ചെയ്യാമെന്നത് ഇന്ത്യയില്‍ ഏറ്റവുമധികം നന്നായി മനസിലാക്കിയിട്ടുള്ളത് ബി.ജെ.പിയും ആര്‍.എസ്.എസുമായിരിക്കും. ആദിവാസി മേഖലകള്‍ എടുക്കുകയാണെങ്കില്‍, ആര്‍.എസ്.എസ് എത്രയോ കാലമായി ആദിവാസി മേഖലകളില്‍ വളരെ റൂട്ടടായിട്ടുള്ള ലേണിങ് പ്രോസസും പലതരത്തിലുള്ള എഡ്യുക്കേഷന്‍ സിസ്റ്റവും കൊണ്ടുനടക്കുന്നുണ്ട്. വനവാസി കല്ല്യാണ്‍ പോലെയൊക്കെയുള്ള പരിപാടികള്‍.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 മണ്ഡലങ്ങളില്‍ രണ്ട് പട്ടികവര്‍ഗമണ്ഡലങ്ങള്‍ യു.പിയിലുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ജയിച്ചത് ബി.ജെ.പിയാണ്. അതുപോലെ ഓരോ വിഭാഗങ്ങളിലും പ്രത്യേകിച്ച് ആദിവാസികളെ നമ്മളെല്ലാം ഹിന്ദുക്കളാണെന്ന പൊതുബോധത്തിലേക്ക് കൊണ്ടുവരുന്നത് തന്നെ കുറേ വര്‍ഷങ്ങളായിട്ടുള്ള ലേണിങ് എക്‌സ്പീരിയന്‍സ് അവരിലേക്ക് എത്തിച്ചിട്ടാണ്. ഇത് ദളിതരുടെ ഇടയിലും വളരെ സജീവമായി നടത്തി. ഒരു ഉദാഹരണം പറയാം. ബനാറസില്‍ കവി രവിദാസ് എന്നു പറയുന്ന ഒരു ദലിത് കവിയുണ്ട്. ഇന്ത്യയിലെ ദളിത് സൂഫി കവിയായിട്ട് അറിയപ്പെടുന്നയാളാണ് കവി രവിദാസ്. രവിദാസിന്റെ ക്ഷേത്രത്തില്‍ പോയിട്ട് ആരാധന നടത്തി അവിടുത്തെ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടാണ് നരേന്ദ്രമോദി ഒരു പ്രധാനപ്പെട്ട കാമ്പെയ്ന്‍ തുടങ്ങിയത്. ആദ്യമായിട്ടാണ് കവി രവിദാസിന്റെ അമ്പലത്തില്‍ ദളിതനല്ലാത്ത പ്രമുഖനായ നേതാവ് വരുന്നത്. മറ്റു പാര്‍ട്ടികളിലുള്ള പല നേതാക്കളും മുമ്പ് പോയിട്ടുണ്ടാവാം. കാരണം കാന്‍ഷിറാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളോ മറ്റുതരത്തിലുള്ള പൊളിറ്റിക്കല്‍ കാമ്പെയ്‌നുകളോ ആരംഭിക്കുന്ന സമയത്തും ഇപ്പോള്‍ മായാവതിയും ഒക്കെ ചെയ്തിരുന്ന ഒരു രീതിയാണ് ഈ രവിദാസിന്റെ ക്ഷേത്രത്തില്‍ പൂജയോ ആരാധനയോ നടത്തി അവിടുത്തെ ആളുകളുമായിട്ടൊക്കെ ഇടപെട്ട് കാമ്പെയ്ന്‍ തുടങ്ങുന്നത്. ഈ രീതിയില്‍ 2016-2017 സമയത്ത് നരേന്ദ്രമോദി അവിടെ വരുന്നു. നരേന്ദ്രമോദി അവിടെ വന്നപ്പോഴുള്ള മാറ്റം രവിദാസിന്റെ അമ്പലത്തില്‍ വന്ന പ്രധാനമന്ത്രി എന്ന രീതിയില്‍ നരേന്ദ്രമോദി അഡ്രസ് ചെയ്യപ്പെടുകയും മായാവതി എല്ലാ രാഷ്ട്രീയ കാമ്പെയ്‌നുകള്‍ക്കും ഒരു പ്രധാന സ്ഥലമായി കണ്ടിരുന്ന ആ ക്ഷേത്രത്തില്‍ നിന്ന് ബി.എസ്.പിയുടെ ഒരു പ്രാതിനിധ്യത്തെ മാറ്റാന്‍ ബി.ജെ.പിക്ക് കഴിയുകയും ചെയ്തു.
ഇത്തരത്തില്‍ വളരെ റൂട്ടടായിട്ടുള്ള പൊളിറ്റിക്കല്‍ സ്ട്രാറ്റജി അമിത് ഷായും നരേന്ദ്രമോദിയും വര്‍ക്കു ചെയ്തിട്ടുണ്ട്. 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ നമുക്ക് ഊഹിക്കാവുന്ന ഒരു പ്രധാനപ്പെട്ട കാര്യം മുസ്‌ലിം വോട്ടുകള്‍ വിഘടിപ്പിക്കപ്പെടുമെന്ന കോണ്‍ഫിഡന്‍സ് ബി.ജെ.പിക്ക് ഉണ്ടായിരുന്നു. ദളിത് വോട്ടുകളും ഒ.ബി.സി വോട്ടുകളും കേന്ദ്രീകരിക്കപ്പെടുന്നതിനെ എങ്ങനെ പൊളിക്കാമെന്നുള്ളതായിരുന്നു അമിത്ഷായുടെ ഒരു സ്ട്രാറ്റജി. അതിലവര്‍ വിജയിച്ചു. അത് വിജയിക്കുന്നത് പെട്ടെന്നൊരു ഗിമ്മിക്ക് കാണിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മൂന്നോ നാലോ വര്‍ഷം മുമ്പ് ഒ.ബി.സി വിഭാഗത്തിലെ ഒരു സംസ്ഥാന അധ്യക്ഷനെ ബി.ജെ.പി കൊണ്ടുവരുന്നു. കേശവ് പ്രസാദ് മൗര്യ. പൊതുവെ ബ്രാഹ്മിണ്‍ ബനിയ പാര്‍ട്ടി എന്നറിയപ്പെടുന്ന ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു ഒ.ബി.സി വിഭാഗത്തിലുള്ളയാള്‍ പാര്‍ട്ടി അധ്യക്ഷനാവുകയാണ്. അത് ഒ.ബി.സി വിഭാഗത്തിനിടയില്‍ ബി.ജെ.പിക്ക് വലിയ സ്വാധീനം നല്‍കി.
യാദവരല്ലാത്തവരെ എങ്ങനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താമെന്നതായിരുന്നു ബി.ജെ.പിയുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി. അത് കൃത്യമായി അവര്‍ക്ക് നടപ്പില്‍വരുത്താന്‍ പറ്റി. ജാട്ട്‌വാ ദളിത് വോട്ടുകള്‍ മായാവതിയുടെ വോട്ടുബാങ്കാണ്. അതില്‍ തൊടാതെ നോണ്‍ ജാട്ട്‌വാ വിഭാഗത്തില്‍പ്പെട്ട ദളിത് വോട്ടുകള്‍ എങ്ങനെ അബ്‌സോര്‍ബ് ചെയ്യാമെന്നത് വളരെ കൃത്യമായി പ്ലാന്‍ ചെയ്തു. അതിനിടയില്‍ പല ഡ്രാമ നടക്കും. അമിത് ഷാ ദളിത് വിടുകളില്‍ പോയി ഭക്ഷണം കഴിക്കുന്നു, യോഗി വീടുകളില്‍ പോയി അന്തിയുറങ്ങുന്നു, അത്തരത്തിലുള്ള കാമ്പെയ്‌നുകളൊക്കെ നടന്നിരുന്നു. ഇത് എത്രമാത്രം ഗിമ്മിക്കാണ് തുടങ്ങിയ ആരോപണങ്ങള്‍ മായാവതിയൊക്കെ ഉന്നയിച്ചിരുന്നു. പക്ഷേ ഇതൊന്നും ജനങ്ങള്‍ അറിയില്ല. അത്തരത്തിലൊരു ലോകമാണ് യു.പി. യു.പി സത്യത്തില്‍ എനിക്കു തോന്നുന്നത് ഇന്ത്യയ്ക്കകത്തു തന്നെയുള്ള വേറൊരു ഇന്ത്യയാണ്. യു.പിയുടെ ചരിത്രം എന്നു പറയുന്നത്, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ ചരിത്രം എന്നു പറയുന്നത് കലാപങ്ങളുടെ കൂടെ ചരിത്രമാണ്.
ഒരു റിപ്പോര്‍ട്ടിങ് അനുഭവം ഞാന്‍ പറയാം. 2013 ല്‍ മുസഫര്‍ നഗര്‍ കലാപം. ജാട്ടുകളു മുസ്‌ലീങ്ങളും രണ്ട് ചേരിയില്‍ നില്‍ക്കുകയും വലിയ കലാപങ്ങളുണ്ടാവുകയും 60 ഓളം പേര്‍ മരിക്കുകയും 40000-50000 ആളുകള്‍ കുടിയൊഴിക്കപ്പെടുകയും പലായനം ചെയ്യപ്പെടുകയും വീടുകള്‍ കത്തിയെരിക്കപ്പെടുകയും ചെയ്ത് കുറേയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ്, 2017ലെ തെരഞ്ഞെടപ്പിന് തൊട്ടുമുമ്പ് പടിഞ്ഞാറന്‍ യു.പിയില്‍ ജാട്ടുകള്‍ ഒരു മഹാപഞ്ചായത്ത് വിളിക്കുന്നു. അവര്‍ പറഞ്ഞ പ്രധാനപ്പെട്ട ഒരു പോയിന്റ് ഈ കലാപത്തില്‍ ഞങ്ങള്‍ പ്രതികളാക്കപ്പെടുകയും, ഞങ്ങളുടെ കൂടെ നിന്നിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഞങ്ങളെ അതിന്റെ ലീഗല്‍ കാര്യങ്ങളില്‍ സഹായിക്കുകയും ചെയ്തില്ല, അതുകൊണ്ട് ഞങ്ങള്‍ ഇരകളാക്കപ്പെട്ടു എന്ന വാദമാണ്. പടിഞ്ഞാറന്‍ യു.പിയില്‍. ഇത് വലിയ കാമ്പെയ്‌നായി മാറിയാല്‍ പടിഞ്ഞാറന്‍ യു.പിയിലെ ബി.ജെ.പിയുടെ വോട്ടിനെ അത് ബാധിക്കും. കാരണം ജാട്ട് വോട്ടുകള്‍ അവിടെ വളരെ നിര്‍ണായകമാണ്. ഈ കാമ്പെയ്ന്‍ വരുന്നതോടുകൂടിയാണ് അവര്‍ അവിടെ പോകുകയും കൂടിയാലോചനകള്‍ നടത്തുകയുമൊക്കെ ചെയ്തത്. അത് വളരെ സസ്‌കസാകുകയും ചെയ്തു.
പക്ഷേ അതിനുശേഷം ആര്‍.എല്‍.ഡി.യും എസ്.പി ബി.എസ്.പി സഖ്യമൊക്കെയുണ്ടായി. അങ്ങനെയാണ് യു.പിയില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി തോല്‍ക്കുന്നത്. ഗോരഖ്പൂര്‍, ഫൂല്‍പൂര്‍, കൈരാന മണ്ഡലങ്ങളില്‍. ഈ പരാജയത്തില്‍ നിന്ന് പഠിച്ച പാഠം അവര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കി.
ജാട്ടുകളുടെ മഹാപഞ്ചായത്തിനു മുമ്പുണ്ടായ കൈതുകകരമായൊരു കാര്യം പൊലീസ് സ്‌റ്റേഷനുകളിലും കോടതി വരാന്തകളിലും ജാട്ടുകളും മുസ്‌ലീങ്ങളും, അതായത് ഇരകളും പ്രതികളും, ഇങ്ങനെ ഇരിക്കും. ഇവര്‍ ഇരുന്നിരുന്ന് ഇവര്‍ക്കിടയില്‍ ഒരു ബന്ധം രൂപപ്പെടും. ഇവര്‍ക്കുതന്നെ മനസിലാവും നമ്മള്‍ ഒരര്‍ത്ഥത്തില്‍ ഒരേ സിസ്റ്റത്തിന്റെ ഇരകളാണെന്ന്. രണ്ടുവിഭാഗങ്ങള്‍ക്കിടയിലും ദാരിദ്ര്യമുണ്ട്. ഒരാള്‍ പ്രതിയാക്കപ്പെട്ട് നിരന്തരം പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. മറ്റൊരാള്‍ പരാതിക്കാരനായിട്ട് നിരന്തരം കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങുകയാണ്. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ നമ്മളെ ഉപയോഗിക്കുകയാണോ ചെയ്തത് എന്നുള്ള തോന്നലില്‍ നിന്ന് അങ്ങനെയൊരു ബന്ധം അവിടെയുണ്ടാവുന്നുണ്ട്. കുറേ അക്രമമൊക്കെ നടത്തിക്കഴിഞ്ഞെങ്കില്‍ പോലും പഴയതെല്ലാം ക്ഷമിക്കാമെന്ന് രണ്ട് വിഭാഗത്തിനും തോന്നിയിരുന്ന ഒരു അവസരം വന്നിരുന്നു. ആ സമയത്താണ് ജാട്ടുകള്‍ മഹാപഞ്ചായത്തു വിളിക്കുന്നതും ബി.ജെ.പിക്കെതിരെ സംസാരിക്കുന്നതും. പിന്നീട് ആ ധാരണകളൊക്കെ തകിടം മറിയുകയും വീണ്ടും ജാട്ടുകളിലെ വലിയ വിഭാഗം ബി.ജെ.പിക്ക് വോട്ടു ചെയ്യുകയും ചെയ്തു.
ഞാന്‍ പറഞ്ഞുവന്നത് മുസഫര്‍ നഗര്‍ കലാപത്തിനുശേഷം ആളുകള്‍ക്കിടയില്‍ ഇങ്ങനെയുള്ള പല സംഗതികളും നടക്കും. അല്ലാതെ സൗത്ത് ഇന്ത്യ, അല്ലെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ അത്ര സൂക്ഷ്മാര്‍ത്ഥത്തിലല്ല യു.പിയെ വിലയിരുത്തിയത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം നോര്‍ത്ത് ഇന്ത്യയെക്കുറിച്ച് നമ്മള്‍ തന്നെ ഒരു അപരത്വം ഉണ്ടാക്കിവെച്ചിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യ ഇങ്ങനെയാണ്, ഇത്തരത്തിലുള്ള ജാതി എലമെന്റുകളുണ്ട്.
നോര്‍ത്ത് ഇന്ത്യയില്‍ എങ്ങനെയാണ് ഈ ജാതി എലമെന്റുകള്‍ വര്‍ക്കാവുന്നത് എന്നുകൂടി നമ്മള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ദേശാഭിമാന വിഷയങ്ങളുടെ ഒരു വിളവെടുപ്പിന്റെ ഭാഗമായിട്ടാണ് ഇവിടെ ഇപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി അധികാരത്തില്‍ നില്‍ക്കുന്നത്. യു.പിയിലെ കാസ്ഗഞ്ചില്‍ ഉണ്ടായിട്ടുള്ള വര്‍ഗീയകലാപം ഞാന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇവിടെ റിപ്പബ്ലിക് ദിന ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് വി.എച്ച്.പിയുടെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകര്‍ വരികയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു.ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ കലാപം ഉണ്ടാവുന്നത് ഒരു മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു കോളനിയിലാണ്. അവിടേക്ക് ഒരുവിഭാഗം യുവാക്കള്‍ ബൈക്കില്‍ വരികയും അവിടെയുള്ള മുസ്‌ലിം വീടുകളില്‍ കലാപാഹ്വാനം പോലെ അവരെ പ്രകോപിക്കുകയും ചെയ്ത സംഭവത്തില്‍ നിന്നാണ് ആ കലാപമുണ്ടാവുന്നത്. ആ കലാപത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. അയാള്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു. സ്വാഭാവികമായിട്ടും മുസ്‌ലീങ്ങള്‍ നടത്തിയ കൊല എന്ന രീതിയില്‍ വലിയ വര്‍ഗീയകലാപമായിട്ട് അത് മാറി. പക്ഷേ ഏറ്റവും കൗതുകകരമായിട്ടുള്ള, അല്ലെങ്കില്‍ വേദനിപ്പിക്കുന്ന ഒരു കാര്യം അവിടുത്തെ മുസ്‌ലീങ്ങള്‍ ചോദിച്ച ഒരു സംഗതിയുണ്ട്, നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ വീടിന്റെ മുറ്റത്തും ഞങ്ങളുടെ വാതിലിന്റെ മുന്നിലും വന്ന് ഞങ്ങളോട് ഭാരതത്തെക്കുറിച്ചുള്ള മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെടുന്നത്? നിങ്ങളെന്തിനാണ് പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം ഞങ്ങളുടെ വീടിനു മുന്നില്‍ വന്ന് വിളിക്കുന്നത്? ഞങ്ങള്‍ ആരെങ്കിലും പാക്കിസ്ഥാന്‍ അനുകൂലികളോ അല്ലെങ്കില്‍ ഞങ്ങള്‍ അവരെ അനുകൂലിച്ച് സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ? ഇല്ല.
ഏറ്റവും വിചിത്രമായ അല്ലെങ്കില്‍ ദു:ഖകരമായ കാര്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷം നടത്തിയിരുന്ന കോളനിയാണത്. അവര്‍ക്ക് ഇടയിലേക്ക് ഇതേ ദേശാഭിമാനം പറഞ്ഞിട്ട് ഒരു വിഭാഗം വന്നിട്ടാണ് ഒരു കലാപമുണ്ടാവുന്നത്. അവര്‍ റോഡ് ബ്ലോക്ക് ചെയ്ത് ഒരു കസേരയിട്ടു എന്നു പറഞ്ഞിട്ടായിരുന്നു ബഹളം. പക്ഷേ, സത്യത്തില്‍ അതൊരു മതചടങ്ങ് പോലുമല്ല.
ഇനി അതല്ലെങ്കില്‍ സഹാരണ്‍പൂര്‍ കലാപമെടുക്കാം. ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടുന്ന ഭീം ആര്‍മിയൊക്കെ വളരെ ശക്തിപ്പെട്ടിട്ടുള്ള പടിഞ്ഞാറന്‍ യു.പിയിലെ മീററ്റ് മേഖലയിലുള്ള സഹാരണ്‍പൂരില്‍ കലാപമുണ്ടായ സമയത്ത് അവിടുന്ന് റിപ്പോര്‍ട്ടുകളൊക്കെ എഴുതിയിരുന്നു. ബി.ജെ.പി അല്ലെങ്കില്‍ ഇവിടുത്തെ ഹിന്ദുത്വ ഫോഴ്‌സ് എങ്ങനെയാണ് കലാപത്തിലേക്ക് എത്തിക്കുന്നത് എന്നത് ചരിത്രം പഠിക്കുന്നയാള്‍ എന്ന നിലയില്‍ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം അല്ലെങ്കില്‍ നമ്മള്‍ കേട്ട, അല്ലെങ്കില്‍ മേല്‍പറഞ്ഞ നോര്‍ത്ത് ഇന്ത്യന്‍ അപരത്വം മാത്രം വെച്ച് നമ്മള്‍ ഇപ്പറഞ്ഞ പൊളിറ്റിക്‌സിനെ വിലയിരുത്തും. അതിനകത്ത് ഒരു പ്രശ്‌നമുണ്ടെന്നാണ് എനിക്കു തോന്നിയത്, പല റിപ്പോര്‍ട്ടര്‍മാരും സൂക്ഷ്മാര്‍ത്ഥത്തില്‍ അത് വിലയിരുത്തി കാണാറില്ല.
സഹാരണ്‍പൂരിലെ കലാപമുണ്ടാവുന്നത് അംബേദ്കര്‍ ജയന്തി ആഘോഷം നടക്കുന്നതിന് ഇടല്‍ ചില യുവാക്കളുമായി കോളനി പരിസരത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ദളിതരും മുസ്‌ലീങ്ങളും തമ്മിലുണ്ടായ ചെറിയ സംഘര്‍ഷമാണ്. അതവിടെ തീര്‍ന്നു. ആ സംഘര്‍ഷത്തില്‍ ദളിതരുടെ കൂടെ ബി.ജെ.പി നിന്നു. അന്ന് ചന്ദ്രശേഖര്‍ ആസാദിനെപ്പോലുള്ള, അവിടത്തെ ദളിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരുമുണ്ട്. ചന്ദ്രഭാനുപ്രസാദ് എന്നു പറയുന്ന എഴുത്തുകാരനുണ്ട്. എസ്.ആര്‍ ധാരാപുരി എന്നു പറയുന്ന പഴയ ഐ.പി.എസുകാരനായ അംബേദ്കറൈറ്റുണ്ട്. ഇതിന്റെയൊരു ട്രാപ്പിനെക്കുറിച്ച് ഇവരൊക്കെ വളരെ ബോധവാന്മാരാണ്. അതായത്, അംബേദ്കര്‍ ജയന്തിയുമായി ബന്ധപ്പെട്ട് ദളിതരും മുസ്‌ലീങ്ങളും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ ദളിതരുടെ കൂടെ ബി.ജെ.പി നിന്നു.
ഇതുകഴിഞ്ഞ് സബീര്‍പൂരില്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ കലാപമുണ്ടാവുകയാണ്. ഠാക്കൂര്‍ വിഭാഗത്തിന്റെ ആത്മീയ നേതാക്കന്മാരുടെ അല്ലെങ്കില്‍ അവരുടെ രാജാക്കന്മാരുടെ വീരേതിഹാസം പറയുന്ന ചടങ്ങുകള്‍ അവിടെ പതിവാണ്. ക്ഷത്രിയ വീര്യം കാണിക്കുന്ന പരിപാടികളും റാലികളും നോര്‍ത്ത് ഇന്ത്യയില്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ യു.പിയില്‍ സ്ഥിരം കാണുന്നതാണ്. മുസ്ലീങ്ങളും ദളിതരും ഒരുമിച്ചും ഠാക്കൂര്‍ വിഭാഗവും തമ്മില്‍ ഒരു സംഘര്‍ഷമുണ്ടാകുന്ന സമയത്ത് ബി.ജെ.പി കൃത്യമായിട്ട് ക്ഷത്രിയരുടെ കൂടെ നിന്നു. അന്ന് ദളിത് സംഘടകളിലെ പലരും ചോദിച്ചു, ഇപ്പോള്‍ നിങ്ങള്‍ക്ക് ബി.ജെ.പിയെ മനസിലാവുന്നുണ്ടോ എന്ന്. ദളിതരുടെ കൂടെയല്ല ബി.ജെ.പി, അവര്‍ അപ്പുറത്ത് മുസ്‌ലീങ്ങള്‍ ആയതുകൊണ്ട് മാത്രമാണ് സഹാരണ്‍പൂരില്‍ ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ അവരുടെ കൂടെ നിന്നത്. ഇപ്പോള്‍ ഠാക്കൂര്‍ വിഭാഗം ഒരു ഭാഗത്ത് വന്നതോടുകൂടി അവര്‍ ഠാക്കൂര്‍ വിഭാഗത്തിന്റെ ആളുകളായി മാറി.
പൊലീസ് സ്‌റ്റേഷനുകളില്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന പരാതി ദളിതര്‍ ഉന്നയിക്കുന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായി സഹരണ്‍പൂരിലെ മറ്റുപല സംഭവങ്ങളും മാറി. ഒറ്റരാത്രികൊണ്ട് നൂറോളം ദളിത് കുടിലുകള്‍ കത്തിക്കുന്ന സംഭവമുണ്ടായി. പലരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കെതിരെ കേസുകള്‍ വന്നു. ചന്ദ്രശേഖര്‍ ആസാദിനു പതിനഞ്ച് മാസത്തിനുശേഷമാണ് ജാമ്യം ലഭിക്കുന്നത്. മീററ്റിലുള്ള ഭീം ആര്‍മിയുടെ ഒന്ന് രണ്ട് നേതാക്കള്‍ കൊല്ലപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ദളിതരെ ഒരു പ്രത്യേക രീതിയില്‍ ഹിന്ദുത്വത്തിന്റെ ഭാഗമാണ് എന്നുവരുത്തി അവരെ കൂടെ നിര്‍ത്തുകയും അതിനു വഴങ്ങാത്തവരെ മൊത്തത്തില്‍ ഏതെങ്കിലും തരത്തിലുള്ള വ്യാജമായ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് വരുത്തി തീര്‍ക്കുകയോ ചെയ്യുന്ന ഒരു അജണ്ട കൃത്യമായിട്ട് നടപ്പിലാക്കപ്പെടുന്നുണ്ട് എന്നാണ് ഞാന്‍ പറയുന്നത്.
എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന, അതായത്, ഒരു ബോജ്പൂരി സിനിമയുടേത് പോലുള്ള പരിപാടിയാണ് ഈ അമിത് ഷായുടെ പൊളിറ്റിക്കല്‍ അജണ്ട എന്നു പറയുന്നത്. ആളുകള്‍ക്ക് എന്താണ് വേണ്ടത് അത് കൃത്യമായി കൊടുക്കാന്‍ അറിയാം, എന്നാല്‍ അതിനകത്ത് ഡപ്‌തൊന്നും ഉണ്ടാവില്ല. എ.പി.ജെ അബ്ദുല്‍കലാമിനെ പിന്തുണക്കുന്ന ബി.ജെ.പി, രാംനാഥ് കോവിന്ദ് എന്നു പറയുന്ന ദളിതനെ രാഷ്ട്രപതിയാക്കുന്ന ബി.ജെ.പി; അങ്ങനെയാണ് ആളുകളുടെ കണ്ണില്‍. അവര്‍ക്കൊരു മുസ്‌ലിം വിരുദ്ധതയുണ്ടോ? അങ്ങനെയാണെങ്കില്‍ എന്തിനാണ് കലാമിനെ പിന്തുണയ്ക്കുന്നത്? എന്നാണ് ആളുകളുടെ ഇടയില്‍.
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാവുന്ന സമയത്ത് ആ ഗ്രാമത്തില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഗ്രാമത്തിലെ ഒരു വൈദ്യനായിരുന്നു. അലക്ക് തൊഴിലാളികളുടെയൊക്കെ കോലി സമാജ് എന്നു പറയുന്ന സംഘടനയുണ്ട്. അതിന്റെ നേതാവും ഒക്കെയായിരുന്നു രാംനാഥ് കോവിന്ദ് പണ്ട്. വലിയ തരത്തിലുള്ള വര്‍ഗീയ പ്രശ്‌നങ്ങള്‍ അനുഭവിച്ചുവളര്‍ന്ന വീടല്ല സത്യത്തില്‍ അത്. രാം നാഥ് കോവിന്ദിന്റെ സഹോദരന്‍ പ്യാരേലാലുമായി ഞാന്‍ സംസാരിച്ചിരുന്നു. ജാതീയമായിട്ടുള്ള വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച കുടുംബമൊന്നുമല്ല, പക്ഷേ രാം നാഥ് കോവിന്ദിലൂടെ ഒരു ദളിത് പ്രാതിനിധ്യം കൃത്യമായി പ്ലെയ്‌സ് ചെയ്യാന്‍ ബി.ജെ.പിക്ക് പറ്റിയിട്ടുണ്ട്.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍ വിലയിരുത്തിയാല്‍ നമുക്ക് ഇതിനു പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമാകും. 2016ല്‍ യു.പിയിലെ സന്യാസി വിഭാഗങ്ങളുടെവലിയൊരു യോഗം ഗോരഖ്പൂരില്‍ നടന്നിരുന്നു. ഈ മീറ്റിങ്ങില്‍ ഒരു പ്രമേയം പാസാക്കി. യോഗി ആദിത്യനാഥിനെ മത്സരിപ്പിക്കുകയും മുഖ്യമന്ത്രിയാക്കുകയും ചെയ്യണമെന്നായിരുന്നു ആ പ്രമേയം. ഞാന്‍ പ്രതിനിധീകരിക്കുന്ന പത്രംപോലും ആ വാര്‍ത്ത പ്രധാന്യത്തോടുകൂടി കൊടുത്തില്ല.
യോഗിയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള കൃത്യമായ അജണ്ട പ്ലാന്‍ ചെയ്യണമെന്നുള്ളത് അവിടുത്തെ സന്യാസിവിഭാഗങ്ങളുടെ വലിയ ആഗ്രമായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു സന്യാസി പറയുന്നുണ്ട്, യോഗി മുഖ്യമന്ത്രിയായി വരണം, ഒന്ന് യോഗി ചെറുപ്പക്കാരനാണ്. രണ്ടാമത് രാമജന്മഭൂമി പ്രശ്‌നം അവതരിപ്പിക്കാനും ക്ഷേത്രം പണിയാനും യോഗി വന്നാല്‍ മാത്രമേ നടക്കൂ. അതുകൊണ്ട് ഞങ്ങള്‍ സന്യാസി വിഭാഗങ്ങള്‍ ഏകകണ്ഠമായിട്ട് പ്രമേയം പാസാക്കുകയാണ് എന്ന് പറയുകയും അവര് പ്രമേയം പാസാക്കുകയും ചെയ്തു. ആ പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഒരുതരത്തിലുള്ള മാറ്റവും പിന്നീട് ഉണ്ടായിട്ടില്ല എന്നുള്ളതാണ് 2017ലെ യു.പി തെരഞ്ഞെടുപ്പു ഫലത്തില്‍ നിന്ന് മനസിലാവുന്നത്. കാരണം യോഗി വളരെ കൃത്യമായി മുഖ്യമന്ത്രിയാവുന്നു. എല്ലാ മാധ്യമങ്ങളും ഇത് വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് പറയുമ്പോഴും, ആര്‍.എസ്.എസ് ചിന്തിച്ചിരിക്കുക, ഇതിലവര്‍ക്ക് യാതൊരു അത്ഭുതവുമില്ല. അവരുടെ കൃത്യമായ അജണ്ട അവര് വര്‍ക്കൗട്ട് ചെയ്തിരിക്കുന്നുവെന്നാണ്.
കല്ല്യാണ്‍ സിങ്ങിന്റെ കാലത്ത്, ബാബറി മസ്ജിദിന്റെ കാലയളവില്‍ അവര്‍ നടത്തിയ രാഷ്ട്രീയ സ്ട്രാറ്റജി, സോഷ്യല്‍ എഞ്ചിനീയറിങ് എന്നൊക്കെ മാധ്യമങ്ങള്‍ വിലയിരുത്തുന്ന, അതേ സോഷ്യല്‍ എഞ്ചിനിയറിങ് തന്നെയാണ് ഇപ്പോഴും അമിത് ഷാ നടപ്പിലാക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഹിന്ദുവോട്ടുകളുടെ ഏകീകരണം കൃത്യമായി നിലനിര്‍ത്തുക, ദളിത്, ആദിവാസി വോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ഹിന്ദു ഏകീകരണത്തിന്റെ ഭാഗമായിട്ട് കൊണ്ടുവരിക, പ്രത്യേകിച്ച് മായാവതിയെ പിന്തുണയ്ക്കുന്ന ജാട്ട്‌വാസിന്റെ വോട്ടുകള്‍ ഒഴികെയുള്ള, മുലായാം സിങ്ങിന്റെ യാദവ വോട്ടുകള്‍ ഒഴികെയുള്ള വോട്ടുകള്‍, ഒ.ബി.സി വിഭാഗത്തില്‍ നിന്നും നേടിയെടുക്കുക. സ്വാഭാവികമായിട്ടും മുസ്‌ലിം വോട്ടുകള്‍ വിഭജിക്കപ്പെടും എന്നവര്‍ക്ക് അറിയാം. ബാക്കി പ്ലസാണ് ക്ഷത്രിയ, ബ്രാഹ്മിണ്‍ വോട്ടുകള്‍. അവിടെ വലിയ പ്രശ്‌നവുമില്ല. ഇത് കൃത്യമായിട്ട് നടപ്പില്‍ വരുത്തുന്നതില്‍ ബി.ജെ.പി കുറേകാലങ്ങളായിട്ട് വിജയിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പൊളിറ്റിക്കല്‍ സ്ട്രാറ്റജിയാണ് അവര്‍ നടപ്പിലാക്കുന്നത്.
ഓരോ ദളിത് വിഭാഗങ്ങളേയും അവരുടേതാണ് നമ്മളുടെ പാര്‍ട്ടി എന്നു പറഞ്ഞ് ബോധ്യപ്പെടുത്താന്‍, അവരുടെ അറിവുകളിലോ അറിവില്ലായ്മകളിലോ ഒരു രാഷ്ട്രീയ സന്ദേശം മറ്റുതരത്തില്‍ കൊണ്ടുപോകാന്‍, കൃത്യമായൊരു പ്ലാന്‍ അവര്‍ക്കുണ്ടാവുന്നു എന്നതാണ്.
ഇനി ഇതിന്റെയൊരു മറുവശം ഉണ്ട്. യു.പിയിലെ ഹിന്ദുത്വ ഫോഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചാല്‍ കാണാം, വാരണാസി, ഗോരഖ്പൂര്‍, അലഹബാദ്, ലഖ്‌നൗ ഉള്‍പ്പെട്ട മേഖല അല്ലെങ്കില്‍ പടിഞ്ഞാറന്‍ യു.പിയിലെ ആഗ്ര മഥുര മേഖലകള്‍, ബുന്ദേല്‍ഖണ്ഡിന്റെ ചില മേഖലകള്‍ ഇതാണ് അവരുടെ പ്രധാനപ്പെട്ട സ്വാധീന മേഖലകള്‍. അതേസമയം പൂര്‍വ്വാഞ്ചലിന്റെ ചില ഭാഗവും ബുന്ദേല്‍ഖണ്ഡിന്റെ ഒരു ഭാഗമായാലും മധ്യ യു.പിയിലെ ചില പ്രദേശങ്ങളായാലും പടിഞ്ഞാറന്‍ യു.പിയിലെ മീററ്റ് ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളായാലും ബി.എസ്.പിയ്ക്കും എസ്.പിയ്ക്കും വലിയ സ്വാധീനമുള്ള മേഖലകളാണ്.
നേരത്തെ പറഞ്ഞ ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളെല്ലാം ഒരു കാലത്ത് കോണ്‍ഗ്രസിന് സ്വാധീനമുള്ള ഇടങ്ങളായിരുന്നു. ഫൂല്‍പ്പൂരൊക്കെ നെഹ്‌റുവിന്റെ മണ്ഡലങ്ങളായിരുന്നു. അതുപോലുള്ള പ്രമുഖരായ നേതാക്കന്മാരുടെ ലോകം, അല്ലെങ്കില്‍ അവരുടേതായ സാമ്രാജ്യം ഉണ്ടായിരുന്ന സ്ഥലങ്ങളാണ്. വാരണാസിയുടെ കാര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാവും കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്ന മേഖലയാണ്. പിന്നീട് അവിടേക്ക് വരുന്നത് ഹിന്ദുമഹാസഭയാണ്. അതായത് കോണ്‍ഗ്രസില്‍ നിന്ന് ഹിന്ദുമഹാസഭയിലേക്കാണ് ആ സമൂഹം വരുന്നത്.
എങ്ങനെയാണ് ഈ പറയുന്ന സോഷ്യല്‍ എഞ്ചിനിയറിങ് നടന്നത്, അവിടുത്തെ ആളുകളെ ഹിന്ദുത്വയിലേക്ക് എത്തിക്കാന്‍ എങ്ങനെ സാധിച്ചു, കോണ്‍ഗ്രസിന് അതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ഇപ്പോഴുള്ള മോദി വിരുദ്ധ രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസില്‍ നിന്ന് ഒരു ഘട്ടത്തില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നടത്തിയ പുറകോട്ടു പോകലുകള്‍, അവര്‍ കാണിച്ചിട്ടുളള മൃദു ഹിന്ദുത്വ സമീപനം എത്രമാത്രം അപകടകരമായ രീതിയിലുള്ള ഒരു ഹിന്ദുത്വ പോളറൈസേഷന്‍ ഉണ്ടാക്കിയെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് യു.പി. അമേഠിയില്‍ ഇടപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുന്നതില്‍ നമ്മള്‍ അത്ഭുതപ്പെടുമ്പോള്‍ അവിടുത്തെ ആളുകള്‍ക്ക് യാതൊരു അത്ഭുതവുമില്ല. ആളുകളെ പലതരം കമ്പാര്‍ട്ട്‌മെന്റുകളാക്കുന്നതില്‍ ഇപ്പോഴത്തെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ വിജയിച്ചിട്ടുണ്ട്.
അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പിനും മറ്റും പലതവണ പോയിട്ടുള്ളപ്പോള്‍ കണ്ടിട്ടുള്ള കാര്യം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ധാരാളമായിട്ടുണ്ട്. പ്രധാനമായിട്ട് ആകെയുള്ളത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ്. ആളുകള്‍ക്ക് ഇത് മാത്രം പോര എന്ന കൗണ്ടര്‍ ആര്‍ഗ്യുമെന്റ് ഒരു പൊളിറ്റിക്കല്‍ സ്ട്രാറ്റജിയായിട്ട് ബി.ജെ.പി മുന്നോട്ടുവെക്കുകയാണ്. സത്യത്തില്‍ അവരെന്താണ് ചെയ്തത് എന്നതിനേക്കാള്‍ പ്രസക്തി എന്ത് ഇത്രയും നാള്‍ ചെയ്തില്ല എന്നതിനുണ്ട് എന്നുള്ളതിനുണ്ട് എന്നതുകൊണ്ട് തന്നെ ആളുകള്‍ ഒരു റീതിങ്കിംങ് നടത്തുകയാണ്.
കോണ്‍ഗ്രസ് ഭരണകൂടത്തിന് എതിരായിട്ടുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമ്പോഴും അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതലത്തില്‍ നോക്കിയാല്‍ കണ്‍സ്ട്രക്ടീവായിട്ട് അവര്‍ വലിയ പ്രതിഷേധമോ കൗണ്ടര്‍ പൊളിറ്റിക്കല്‍ സ്ട്രാറ്റജിയോ വര്‍ക്കൗട്ട് ചെയ്യുന്നില്ല എന്ന് കാണാന്‍ പറ്റും. ബീഹാറില്‍ കനയ്യകുമാര്‍ മത്സരിക്കുന്ന സമയത്ത് കോണ്‍ഗ്രസിന് അദ്ദേഹത്തെ ഒരു കോമണ്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റൊന്ന് യു.പിയില്‍ കോണ്‍ഗ്രസ് കൂടി മഹാഘട്ട് ബന്ധനിന്റെ ഭാഗമാകുമായിരുന്നില്ലെങ്കില്‍ പല മണ്ഡലങ്ങളിലും വോട്ട് വിഭജിച്ചുപോകുന്നത് തടയാമായിരുന്നു. അതിന് കോണ്‍ഗ്രസ് ശ്രമിച്ചില്ല.
ഛത്തീസ്ഗഢ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായിട്ടുള്ള വിജയം കോണ്‍ഗ്രസില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കി. അതുപോലെ യു.പിയില്‍ വലിയ വോട്ടു ഷെയര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ധരിച്ച് വലിയ പൊളിറ്റിക്കല്‍ ബ്ലണ്ടറിലേക്ക് പോകുകയാണ് ചെയ്ത്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അപകടകരമായ ഇക്വേഷനായി വര്‍ക്ക് ചെയ്തു.
ഞാന്‍ പറഞ്ഞുവന്നത് 70 കള്‍ക്കുശേഷമോ 60കള്‍ക്കു ശേഷമോ വളരെ പതിയെ തുടങ്ങിയിട്ടുള്ള ഒരു സോഷ്യല്‍ ചെയ്ഞ്ച് അല്ലെങ്കില്‍ സോഷ്യല്‍ ക്ലാസിന്റെ പലതരത്തിലുള്ള മാറ്റം യു.പിയില്‍ നടക്കുന്നുണ്ട്. അത് ജാതീയമായിട്ട് മാത്രമല്ല. ക്ലാസ് സ്ട്രക്ചറും കാസ്റ്റ് സ്ട്രക്ചറും ഒരേ ശ്രേണിയിലാണ് യു.പിയിലെന്ന് നമുക്ക് കാണാന്‍ കഴിയും. അതായത് അപ്പര്‍കാസ്റ്റ് തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ അപ്പര്‍ ക്ലാസ്. പൈസയില്ലാത്ത ആളുകള്‍ ദളിതര്‍ തന്നെയാണ്, അല്ലെങ്കില്‍ ന്യൂനപക്ഷമായിരിക്കും.
സമ്പാല്‍ എന്നുപറഞ്ഞിട്ടുള്ള ഒരു ഗ്രാമമുണ്ട് യു.പിയില്‍. അവിടെയൊരു സ്റ്റോറി റിപ്പോര്‍ട്ടു ചെയ്യാന്‍ പോയിരുന്നു. 2017ലെയോ 2018ലെയോ കാര്യമാണ് പറയുന്നത്. അവിടെ മുടിവെട്ടു കടകളില്‍ ദളിതന് കയറാനുള്ള തീരുമാനം ഉണ്ടാവുകയാണ്. എന്താണ് സംഗതി എന്നന്വേഷിച്ചപ്പോഴാണ് മനസിലായത്, അവിടെ മുടിവെട്ടു കടകളില്‍ ദളിതന് മുടിവെട്ടിക്കൊടുക്കില്ല. അവിടെ മുസ്‌ലീങ്ങളാണ് മുടിവെട്ടുക. അവര്‍ ദളിതരുടെ മുടിവെട്ടാന്‍ സമ്മതിച്ചു. ആ മുസ്‌ലീങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഠാക്കൂര്‍, അല്ലെങ്കില്‍ ബ്രാഹ്മണ്‍ വിഭാഗങ്ങള്‍ വലിയ എതിര്‍പ്പുണ്ടാക്കുകയാണ്. അവര്‍ മുടിവെട്ടുകടകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും പ്രതിഷേധിക്കുകയും അവരെ അക്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. അങ്ങനെ അവിടുത്തെ പൊലീസില്‍ പരാതി നല്‍കുകയും പഞ്ചായത്ത് നാട്ടുകൂട്ടം കൂടുകയും മജിസ്‌ട്രേറ്റ് പോലുള്ള ഉദ്യോഗസ്ഥന്മാര്‍ വരികയും ഇതൊരു വലിയ ചര്‍ച്ചയാവുകയും ചെയ്ത അവസരത്തിലാണ് മുസ്‌ലീങ്ങള്‍ ദളിതരുടെ മുടിവെട്ടുന്നതിന് ഞങ്ങള്‍ എതിരല്ല എന്നെങ്കിലും ക്ഷത്രിയരും ബ്രാഹ്മണരും പറയാന്‍ തയ്യാറായത്. പക്ഷേ ഇനി മുതല്‍ അവരുടെ കടയില്‍ പോയി ഞങ്ങള്‍ ക്ഷൗരം ചെയ്യില്ല, ഞങ്ങളുടെ സിസ്റ്റം അനുസരിച്ച് ദളിതരുമായി അങ്ങനെ ഇടപെടുന്നത് ക്ഷത്രിയ വിശ്വാസങ്ങള്‍ക്ക് എതിരാണ്, എന്ന് അവര്‍ തുറന്നു പറയുകയാണ്. അത്രമേല്‍ വേരൂന്നിയ ഒരു പ്രത്യേക തരം ജാതിവത്കരണമോ വിഭജനമോ നടന്നിട്ടുണ്ട് ആ സമൂഹത്തില്‍.
ഇതിലേക്കാണ്, ദളിതരെല്ലാം ഹിന്ദുക്കളാണ്, നമ്മളെല്ലാം ഒരുമിച്ചു നില്‍ക്കേണ്ടവരാണ് എന്ന മറ്റൊരു പൊളിറ്റിക്കല്‍ കാമ്പെയ്ന്‍ ബി.ജെ.പിയോ അമിത് ഷായോ മോദിയോ യോഗിയോ ഒക്കെ മുന്നോട്ടുവെക്കുന്നത്. യോഗി എപ്പോഴും പ്രസംഗിക്കുന്ന ഒരു കാര്യം ജാതീയത ഇല്ലാതാക്കുമെന്നാണ്. അദ്ദേഹം ഇത് പറയുന്നത് യാദവരെ ഉദ്ദേശിച്ചാണ്. മറ്റൊന്ന് ജാട്ടവാസിനെ ഉദ്ദേശിച്ചാണ്. അതായത് മായാവതി ദളിതരെ കൂടെ നിര്‍ത്തി രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നുവെന്നു, മുലായാം സിങ്ങും അഖിലേഷ് യാദവും യാദവരെ വെച്ച് രാഷ്ട്രീയം കളിക്കുന്നു എന്നിങ്ങനെയുള്ള യോഗിയുടെ വിമര്‍ശനങ്ങളാണ് അദ്ദേഹം പറയുന്ന ജാതി രാഷ്ട്രീയം. അതേസമയം 2018ലും ദളിതര്‍ക്ക് ക്ഷൗരം ചെയ്യാന്‍ പൊതുസംവിധാനങ്ങളിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുണ്ട് എന്നതിനെക്കുറിച്ച് പറയുന്നില്ല.
യോഗി മുഖ്യനായശേഷം ഗോരഖ്പൂരിനടുത്തുള്ള ഖുശീനഗറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയാണ്. പോളിയോ വാക്‌സിന്‍ വിതരണ ചടങ്ങാണ്. ദളിതര്‍ കൂടുതല്‍ താമസിക്കുന്ന ഒരു മേഖലയിലാണ് നടക്കുന്നത്. തലേദിവസം അവിടുത്തെ ജില്ലാ ഓഫീസര്‍മാരും പൊലീസും വന്ന് സുരക്ഷാ പരിശോധന നടത്തുകയും ചെയ്തപ്പോള്‍ എല്ലാ വീടുകളിലും ഷാമ്പൂവും സോപ്പും കൊടുത്തു. ഇത് നടന്ന സംഗതിയാണ്. വലിയ റിപ്പോര്‍ട്ടുകളൊക്കെ വന്നു. അതായത് മുഖ്യമന്ത്രി നാളെ വരുന്നുണ്ട്, നിങ്ങള്‍ നന്നായി കുളിച്ചു വൃത്തിയായി വേണം അവിടെ വരാന്‍ എന്ന്.
കാരണം പോളിയോ വാക്‌സിന്‍ കൊടുക്കുന്നുണ്ട്, കുട്ടികളെ മടിയിലിരുത്തിയിട്ടാണ് ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ട് കൃത്യമായൊരു വംശീയ വിവേചനം അവതരിപ്പിച്ച് അവര്‍ അവിടെയാ പരിപാടി നടത്തി. അവിടെ ആ റെഡ് കാര്‍പ്പറ്റ് വിരിച്ച ഇടത്തേക്ക് യോഗി വന്നു. ഇവരെ കുളിപ്പിച്ച് അവിടെ ഇരുത്തി ഈ ചടങ്ങ് നടത്തി പോകുകയാണ്. ഇത് വലിയ വിവാദമായിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി പറഞ്ഞു, ഈ പ്രവൃത്തി ഞങ്ങളുടെ അറിവോട് കൂടിയല്ല. ഉദ്യോഗസ്ഥന്മാര്‍ ചെയ്തതാണ് അക്കാര്യത്തില്‍ ഞങ്ങള്‍ വിശദീകരണം ചോദിക്കും എന്നൊക്കെ പറഞ്ഞു. അത് എവിടെയും എത്തില്ല എന്ന് നമുക്കറിയാം.
ഇതാണ് അവിടുത്തെ സോഷ്യല്‍ സ്ട്രക്ചര്‍. ഇവിടേക്കാണ് നമ്മളെല്ലാം ഒരുമിച്ച് നില്‍ക്കണമെന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജി മുന്നോട്ടുവെക്കുന്നത്. സാമൂഹികമായി ഒരുതരത്തിലും അവരെ ശാക്തീകരിക്കാനുള്ള ലേണിങ് പ്രോസസ് മറ്റു വിഭാഗങ്ങള്‍, കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്താത്തതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. മായാവതിയുള്‍പ്പെടെയുള്ള ദളിത് വിഭാഗത്തെ പ്രതിനിധീകരിക്കുവര്‍ പോലും നമ്മള്‍ പറയുംപോലെയുള്ള ഒരു കീഴാള രാഷ്ട്രീയം പറയുന്നുണ്ടോയെന്ന സംശയമുണ്ട്. അവര്‍ ഒരു സോഷ്യല്‍ മൂവ്‌മെന്റ് എന്ന രീതിയിലേക്ക് ഒരു പൊളിറ്റിക്കല്‍ ക്ലാസ് ആക്കി മാറ്റുന്നതിലേക്ക് ദളിതരെ ശാക്തീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് 15മാസത്തോളം ജയിലില്‍ കിടന്നപ്പോഴും അയാള്‍ അതിനുശേഷം ജയിലില്‍ ആയപ്പോഴും മായാവതി പ്രത്യേകിച്ചൊരു പ്രസ്താവനയും നടത്തിയില്ല. കാരണം ചന്ദ്രശേഖര്‍ ആസാദ് ഭീം ആര്‍മിയുണ്ടാക്കുന്നത് മായാവതിക്ക് ദോഷം ചെയ്യുമെന്നാണ് അവര്‍ കരുതുന്നത്. പടിഞ്ഞാറന്‍ യു.പിയിലും സഹരണ്‍പൂരിലും ഭീം ആര്‍മി ശക്തമാണ്. പടിഞ്ഞാറന്‍ യു.പിയില്‍ മാത്രം അന്‍പതിനായിരത്തോളം ആക്ടീവ് വര്‍ക്കേഴ്‌സുള്ള ഒരു ഗ്രൂപ്പാണ് ഭീം ആര്‍മി.
എഴുപതുകള്‍ക്കുശേഷം ഉണ്ടായിട്ടുള്ള സെല്‍ഫ് റൈറ്റ് മൂവ്‌മെന്റുകള്‍, അംബേദ്കറൈറ്റ് മൂവ്‌മെന്റുകള്‍ ലെഫ്റ്റിനോട് അസോസിയേറ്റ് ചെയ്യണോ അല്ലെങ്കില്‍ ഇന്‍ഡിപ്പെന്റന്റ് ആയിട്ട് ബാര്‍ഗൈനിങ് ചെയ്യാവുന്ന ഫോഴ്‌സായി നിലനില്‍ക്കണമോ എന്ന കാര്യത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ആ കാലത്ത് ഉണ്ടായിട്ടുണ്ട്. കൂടുതലായിട്ട് ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ ഭാഗമായി അല്ലെങ്കില്‍ അതുമാത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയധാരയുടെ കൂടെനില്‍ക്കുകയെന്ന രാഷ്ട്രീയ ലൈനിലേക്ക് അവര്‍ പോയിട്ടുണ്ട്. പിന്നീട് കാന്‍ഷിറാമിന്റെ മൂവ്‌മെന്റ് വരികയും ബി.എസ്.പി വളരെ ശക്തിപ്പെടുകയും ചെയ്തതിന്റെ ഭാഗമായിട്ട് അവരൊരു രാഷ്ട്രീയ ശക്തിയായി മാറുകയായിരുന്നു. പക്ഷേ അതിനപ്പുറം എന്താണെന്നുള്ളതാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് മുന്നോട്ടുവെയ്ക്കുമ്പോള്‍ ഉയര്‍ത്തേണ്ട ഒരു ചോദ്യം. അതിനപ്പുറം ഒന്നുമില്ല. കാരണം ബി.എസ്.പിയില്‍ നിന്ന് എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ ബി.എസ്.പിയില്‍ നിന്ന് ബി.ജെ.പിയിലേക്ക്. ഇതാണ് ഏറ്റവും വലിയ അപകടവും.
സ്വത്വ രാഷ്ട്രീയത്തിന്റെ അപകടമായിട്ട് എനിക്ക് തോന്നിയിട്ടുള്ളത്, കേരളത്തില്‍ നമുക്ക് നോക്കിയാല്‍ അറിയാം, സ്വത്വരാഷ്ട്രീയം പറയുന്നവര്‍ കേരളത്തിലടക്കം നമ്മള്‍ നോക്കിയാല്‍ ഒന്നുകില്‍ എന്‍.ഡി.എഫിലേക്ക് അല്ലെങ്കില്‍ ബി.ജെ.പിയിലേക്കാണ് അവസാനം പോകുക. അവരുടെ പ്രധാനപ്പെട്ട രാഷ്ട്രീയം ആന്റി മെയിന്‍സ്ട്രീം ലെഫ്റ്റാണ്. ഇത് എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ അതേസമയം, ജിഗ്നേഷി മെവാനിയെപ്പോലുള്ള ആളുകള്‍ ലെഫ്റ്റുമായിട്ടെല്ലാം ചേര്‍ന്നു നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആ കാലത്തും അത്തരം വാദങ്ങളുണ്ടായിരുന്നു. അന്ന് അന്നത്തെ സോഷ്യലിസ്റ്റ് ബ്ലോക്കുകള്‍ നോര്‍ത്ത് ഇന്ത്യയില്‍ പ്രത്യേകിച്ച് യു.പിയില്‍ വളരെ ശക്തമായിരുന്നു. ലോഹ്യഗ്രൂപ്പുകളുടെയൊക്കെ വലിയ സ്വാധീന മേഖലയായിരുന്ന സ്ഥലമാണ് യു.പി. അന്ന് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റ്, ഇടതുപക്ഷ ബ്ലോക്കുകളുമായിട്ട് കൂടുതല്‍ രാഷ്ട്രീയമായിട്ടോ സാമൂഹികമായിട്ടോ ഒരു അസോസിയേഷന്‍ സംഭവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ ദിശ മാറിപ്പോകുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. അത് പറയാന്‍ കാരണം നേരത്തെ പറഞ്ഞതുപോലെ വാരണാസിയിലെ മേഖലകള്‍ എടുക്കാം. വാരണാസിയിലെ നെയ്ത്തു തൊഴിലാളി മേഖലകളില്‍ അല്ലെങ്കില്‍ കാണ്‍പൂരിലെ തുകല്‍ ഇന്റസ്ട്രിയുടെ മേഖലകള്‍ ബുന്ദേല്‍ഖണ്ഡിലെ പരമ്പരാഗത വ്യവസായങ്ങളുടെ മേഖലകള്‍, ഗോരഖ്പൂരിലെ ദളിത് മുസ്‌ലിം ബ്ലോക്കുകള്‍ ഇവരെ പ്രത്യേകം പ്രത്യേകം കമ്പാര്‍ട്ടുമെന്റുകളായി മാറ്റുന്നതില്‍ രാഷ്ട്രീയമായി ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളും സ്ഥാപിത താല്‍പര്യങ്ങളും ഇടുങ്ങിയ രാഷ്ട്രീയ അജണ്ടകളും ഒരുപരിധിവരെ കാരണമായിട്ടുണ്ട്.
ബുന്ദേല്‍ഖണ്ഡ് മേഖല ഇപ്പോള്‍ ചെറുകിട വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറി. ഒന്നാമത് അതൊരു വരള്‍ച്ചാ ബാധിത മേഖലയാണ്. പക്ഷേ പ്രധാനപ്പെട്ട ബി.എസ്.പി വോട്ടുബാങ്കായിരുന്നു അത്. ഇന്നിപ്പോള്‍ ആ വോട്ടുബാങ്കില്‍ നിന്നുള്ള വോട്ടുകള്‍ ബി.ജെ.പി അബ്‌സോര്‍ബ് ചെയ്തു.
പടിഞ്ഞാറന്‍ യു.പിയുടെ കാര്യമെടുത്താല്‍ മുസ്‌ലിം വിഭാഗത്തെ എങ്ങനെയാണ് ടാക്കിള്‍ ചെയ്യേണ്ടത് എന്ന ധാരണ കൃത്യമായി ബി.ജെ.പിക്കുണ്ടായിരുന്നു. ഒരു ഉദാഹരണം പറഞ്ഞാല്‍, ഉത്തരേന്ത്യന്‍ സവര്‍ണ ഹിന്ദു പൊതുബോധം എന്നത് മുസ്‌ലിം വിരുദ്ധതയാണ്. നോട്ടുനിരോധനത്തിനുശേഷം അവിടുത്തെ പല ഗ്രാമങ്ങളിലും ചെന്നപ്പോള്‍ അവര്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം, അല്ലെങ്കില്‍ ഒരു ഉത്തരേന്ത്യന്‍ പൊതുബോധമുണ്ട് അവരെല്ലാവരും പറയുന്നത് നോട്ടുനിരോധനം മോദിജി ചെയ്തത് നല്ലകാര്യമാണ്. കാരണം പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ടുകള്‍, അവിടെ നിന്നുള്ള പണമിടപാട്, കുഴല്‍പ്പണം ഇതില്ലാതെയാവുമല്ലോ എന്നതാണ്. ഞാന്‍ പറയുന്നത് യു.പിയിലെ ഒരു സാധാരണ മനുഷ്യന്റെ അറിവില്ലായ്മയെക്കുറിച്ചാണ്. മുസ്‌ലീങ്ങളാണ് യു.പിയിലേക്ക് കള്ളനോട്ടുകള്‍ കൊണ്ടുവരുന്നതെന്നും കള്ളനോട്ടില്ലാതാക്കാന്‍ വേണ്ടി മോദിജി ചെയ്ത കാര്യമാണിതെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്. വസ്തുതകള്‍ക്ക് അവിടെ വലിയ പ്രധാന്യമൊന്നുമില്ല.
യു.പിയിലെ ഓരോ ചെറിയ ഗ്രാമ മേഖലകളിലും വലിയ സ്‌ക്രീനുകളുള്ള വാനുകള്‍ കൊണ്ടുവന്നിട്ട് ബി.ജെ.പി മോദിയുടെ പ്രസംഗ ഭാഗങ്ങള്‍ ഇങ്ങനെ കാണിക്കും. അതില്‍ നോട്ടുനിരോധനത്തെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍, അല്ലെങ്കില്‍ മന്‍കി ബാത്തിലെ ചില ഭാഗങ്ങള്‍ എന്നിവ കേള്‍പ്പിക്കും. വൈകുന്നേരം കവലകളിലെല്ലാം ഇത് കാണും. അതായത്, വളരെ റൂട്ടടായിട്ടുള്ള പൊളിറ്റിക്കല്‍ കാമ്പെയ്‌നുകള്‍ ഓരോ മേഖലകളിലും ബി.ജെ.പി വളരെ ശക്തമായി നടത്തിയിരുന്നു.
നെയ്ത്തു തൊഴിലാളികളുടെ മേഖലകളിലേക്ക് നോക്കുകയാണെങ്കില്‍ അവരുടെ തൊഴില്‍ മേഖല വലിയ പ്രതിസന്ധി നേരിട്ടു. വാരാണസിയിലെ പ്രധാനപ്പെട്ട നെയ്ത്തു തൊഴിലാളികളുടെ കേന്ദ്രമാണ് മദന്‍പുര. ഒരുപാട് ഹവേലികളുള്ള മേഖലയാണിത്. അവിടെപ്പോയപ്പോള്‍ അവര്‍ പറഞ്ഞത് നാലായിരം രൂപയ്‌ക്കൊക്കെ വിറ്റ ബനാറസ് സാരികള്‍ പകുതിവിലയ്ക്ക് വില്‍ക്കേണ്ടി വന്ന അവസ്ഥ അവിടെയുണ്ടായിരുന്നുവെന്നാണ്. ഒരുപാട് യൂണിറ്റുകള്‍ പൂട്ടിപ്പോയി. നോട്ടുനിരോധത്തിനുശേഷം രണ്ടുമാസത്തോളം അവിടെ പണി വളരെ കുറവായിരുന്നു.
ഇപ്പോഴും എനിക്കു തോന്നുന്നത് നെയ്ത്തു തൊഴിലാളി മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടെന്നാണ്. ഈ മേഖല പഴയ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ ഒരു മേഖലയായിരുന്നു. അവിടെ അത്തരത്തിലുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലോ അതിലൊരു തുടര്‍ച്ചയുണ്ടാക്കുന്നതിലോ ഒക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും പരാജയപ്പെട്ടു. ഇത്തരത്തിലുള്ള ഭരണരീതിയ്‌ക്കെതിരായ വലിയ പൊളിറ്റിക്കല്‍ കാമ്പെയ്ന്‍ കൊണ്ടുവരുന്നതില്‍ ഇപ്പോഴും കോണ്‍ഗ്രസോ ഇടതുപക്ഷ പാര്‍ട്ടികളോ പരാജയപ്പെടുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയുമാണ്. കാരണം യു.പിയില്‍ ഓരോ വിഭാഗങ്ങള്‍ക്കുമുണ്ടായിട്ടുള്ള സോഷ്യല്‍ ഇന്‍സെക്യൂരിറ്റിയെ മതപരമായ ഏകീകരണത്തിലേക്ക് എത്തിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചുവെന്നുള്ളതാണ്. ഓരോ പ്രദേശത്തിനും സ്‌പെസിഫിക്കായിട്ടുള്ള സ്ട്രാറ്റജി വര്‍ക്കൗട്ട് ചെയ്തുവെന്നുള്ളതാണ് അവരുടെയൊരു പ്രത്യേകത. അതുകൊണ്ടാണ് രവിദാസ് ജന്മദിനത്തിന് അവിചാരിതമായിട്ട് എത്രയോ വര്‍ഷത്തിനുശേഷം ഒരു പ്രധാനപ്പെട്ട ബി.ജെ.പി നേതാവ് അവിടെപ്പോയി ദളിതരുടെ കൂടെ ഭക്ഷണം കഴിച്ചുവെന്നുമുള്ളത് വലിയ പൊളിറ്റിക്കല്‍ കാമ്പെയ്‌നായിട്ട് മാറുകയും ചെയ്യുന്നത്. ഇതിന്റെ പരിഹാസ്യതയെക്കുറിച്ച് നമ്മള്‍ സംസാരിക്കുമെങ്കിലും യു.പിയിലെ സാധാരണ ജനതയെ സംബന്ധിച്ച് ഇത് വളരെ വലിയ ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് അമിത് ഷാ അവരുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കുകയാണ്. അവരുടെ പ്രകടന പത്രികയില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യം എല്ലാ കശാപ്പുശാലകളും ഞങ്ങള്‍ അടച്ചുപൂട്ടുമെന്നുള്ളതാണ്. കശാപ്പുശാലകള്‍ അടച്ചുപൂട്ടുമ്പോള്‍ ഇതെങ്ങനെയാണ് അവിടുത്തെ തൊഴില്‍ മേഖലയെ ബാധിക്കുകയെന്നത് അന്വേഷിച്ച് ഞാന്‍ കാണ്‍പൂര്‍ മേഖലയില്‍ പോയിരുന്നു. കാണ്‍പൂര്‍ എന്നു പറയുന്നത് തുകല്‍ വ്യവസായത്തിന്റെ മേഖലയാണ്. യു.പിയില്‍ 40ഓളം വന്‍കിട മാംസ കയറ്റുമതി സംസ്‌കരണ യൂണിറ്റുകളുണ്ട്. 16000 കോടിയുടേയോ മറ്റോ മീറ്റ് എക്‌സ്‌പോര്‍ട്ടുള്ള സംസ്ഥാനമാണ് യു.പി. അതിലെ വന്‍കിട ഫാക്ടറികള്‍ പലതും കാണ്‍പൂരിലാണ്. ബാക്കി മീററ്റിലും ബാരാബങ്കിയിലും ലഖ്‌നൗവിലുമൊക്കെയാണ്.
കാണ്‍പൂരിലെ വന്‍കിട മീറ്റ് എക്‌സ്‌പോര്‍ട്ടിങ് യൂണിറ്റുകള്‍ക്ക് ഒന്നും സംഭവിച്ചില്ല. തുകല്‍ ഇന്റസ്ട്രി വലിയൊരു പ്രതിസന്ധിയിലേക്ക് പോകുകയും ചെറിയ കശാപ്പുശാലകള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്തു. നോട്ടുനിരോധനം പോലെ മുസ്‌ലിം സമ്പദ് വ്യവസ്ഥയെ തകര്‍ക്കുക എന്നുള്ള ഒരു പരിപാടിയാണ് അവര്‍ ചെയ്യുന്നത് എന്ന് ജനം വിശ്വസിക്കുന്നിടത്തേക്ക് അവര്‍ മറ്റൊരു അജണ്ട കൊണ്ടുവെക്കുകയാണ് കശാപ്പുശാലകള്‍ പൂട്ടുന്നതിലൂടെ. കശാപ്പുശാലകള്‍ പൂട്ടുന്നതോടെ അത് വളരെ വ്യക്തമാണ്. ഇതിന്റെ എല്ലാതരത്തിലുമുള്ള ഉടമസ്ഥത പ്രധാനമായിട്ടും മുസ്‌ലീങ്ങള്‍ക്കാണ്. 85% ഉടമസ്ഥരെല്ലാം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടയാള്‍ക്കാരാണ്.
തുകല്‍ വ്യവസായം വലിയൊരു പ്രോസസാണ്. ഗ്രാമത്തില്‍ നിന്നും ചത്തപശുവിനെ, വയസായ അല്ലെങ്കില്‍ അസുഖം ബാധിച്ച കന്നുകാലികളെയൊക്കെ എടുത്തുകൊണ്ടുവന്ന് തുകലെടുക്കുന്നു. അത് ഉപയോഗിച്ച് പലതരം ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നു. മീനുകള്‍ക്ക് കൊടുക്കുന്ന ആഹാരവും എല്ലിന്‍പൊടിയുമുള്‍പ്പെടെ. ഗ്രാമത്തില്‍ ദളിത് വിഭാഗത്തിന്റെ കൂട്ടായ്മകളുണ്ട്. അവരാണ് തുകല്‍ എടുക്കുന്നത്. അവിടെ നിന്നാണ് ഇതിന്റെ പ്രോസസ് തുടങ്ങുന്നത്. കശാപ്പ് നിരോധിച്ചതോടെ തുകല്‍ ഇന്റസ്ട്രി വലിയ പ്രതിസന്ധി നേരിട്ടു. മുസ്‌ലീങ്ങളെ പൊളിക്കുകയെന്നുള്ള അജണ്ട കൃത്യമായി നടപ്പാക്കപ്പെട്ടു.
പക്ഷേ, ഇതിന്റെ ഏറ്റവും വലിയ അപകടം നേരിട്ടത് കാണ്‍പൂരിലെ തുകല്‍ ഇന്റസ്ട്രിയിലെ തൊഴിലാളികളാണ്. അവരില്‍ 90% ദളിതരാണ്. അതായത് ഇതൊരു മുസ്‌ലിം വിഷയമല്ല, മുസ്‌ലീങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാതരം മനുഷ്യരുടെയും വിഷയമാണ് എന്ന രീതിയിലാണ് അതിന്റെ എക്‌ണോമിക്കല്‍ ഇംപാക്ട് വരുന്നത്. പക്ഷേ അത് വിലയിരുത്തപ്പെടുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്.
കശാപ്പുശാലകള്‍ അടച്ചുപൂട്ടപ്പെട്ടശേഷം 20 ഓളം പ്രധാനപ്പെട്ട തുകല്‍ ഇന്റസ്ട്രി യൂണിറ്റുകള്‍ ബീഹാറിലേക്കോ ബംഗ്ലാളിലേക്കോ മാറേണ്ടി വന്നു. മുസ്‌ലിം എക്കണോമിയെ ഫോക്കസ് ചെയ്യുകയെന്ന് ബി.ജെ.പി പറയുമ്പോഴും ആളുകള്‍ അങ്ങനെ വിശ്വസിക്കുകയും ചെയ്യുമ്പോഴും ദളിതരെക്കൂടിയാണ് ഇത് ബാധിക്കുന്നത്. ഈ ദളിതന്, ഇത് നിങ്ങളെ ബാധിക്കുന്ന ഒരു വിഷയമാണ്, ഇത് നിങ്ങളുടെ ജീവിതത്തെക്കൂടി നശിപ്പിക്കുന്നതാണ് എന്നുളള ഒരു രാഷ്ട്രീയ ബോധവ്കരണം നടത്തുന്നതില്‍ കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും പരാജയപ്പെടുകയാണ്. കാണ്‍പൂരിലെ സ്‌പെസിഫിക്കായ ഈ സംഭവം പോലും ഇപ്പോഴും മായാവതിക്കൊരു രാഷ്ട്രീയ കാമ്പെയ്ന്‍ ആയിട്ടില്ല.
ഇതുമാത്രമല്ല, ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റായാലും ഉന പ്രക്ഷോഭമായാലും അതൊന്നും വലിയ കാമ്പെയ്ന്‍ ആയിട്ട് യു.പിയില്‍ മായാവതിയോ മറ്റ് നേതാക്കളോ കൊണ്ടുവന്നില്ല. ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജിഗ്നേഷ് മെവാനി ലക്‌നൗവില്‍ വന്നപ്പോള്‍ വലിയ ജനാവലി ആ പരിപാടിയിലുണ്ടായി. പക്ഷേ ബി.എസ്.പി ഒരു വലിയ പരിപാടി നടത്തിയില്ല. ഇപ്പോള്‍ പടിഞ്ഞാറന്‍ യു.പിയില്‍ ചന്ദ്രശേഖര്‍ ആസാദ് ഒരു കള്‍ട്ടായി മാറിക്കൊണ്ടിരിക്കുമ്പോഴും അവര്‍ അവരുടെ രാഷ്ട്രീയ നിലനില്‍പ്പിന് അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചാണ് ആലോചിക്കുന്നത്. അത്തരത്തില്‍ വലിയ എതിര്‍സ്വരങ്ങളില്ലാത്ത, പൊതുസ്വീകാര്യതയുള്ള ഏകാധിപത്യ സമീപനമാണ് ഇപ്പോഴത്തെ ഭരണത്തില്‍ സംഭവിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.
യു.പിയിലെ സോഷ്യല്‍ ക്ലാസിനെ എടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അണ്‍-ഓതറൈസ്ഡ് ആയിട്ടുള്ള തോക്ക് കൈവശമുള്ള ജില്ലകള്‍ പലതും യു.പിയിലാണ്. എനിക്കു തോന്നുന്നു പടിഞ്ഞാറന്‍ യു.പിയിലെ ഷാംലി എന്നു പറയുന്ന ജില്ലയാണ് ഏറ്റവും കൂടുതല്‍ തോക്ക് ലൈസന്‍സില്ലതെ കൈവശം വെയ്ക്കുന്ന, വില്‍ക്കുന്ന ജില്ല.
ഒരു വശത്ത് വലിയ തരത്തിലുള്ള ആന്റി സോഷ്യല്‍ എലമെന്റ്‌സിനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്തരം ഗ്രൂപ്പുകളുടെ വളര്‍ച്ചയില്‍ ചില പ്രത്യേക കമ്മ്യൂണിറ്റികളുടെ പ്രാതിനിധ്യം വളരെക്കൂടുതലുമാണ്. ആ പ്രാതിനിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ ഭരിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇത്തരം ആന്റി സോഷ്യല്‍ എലമെന്റുകള്‍ കൂടുതലാണ് എന്നുള്ള വാദം മുന്നോട്ടുവെക്കാന്‍ പറ്റുന്നത്.
ഉദാഹരണത്തിന്, യു.പിയില്‍ എന്‍കൗണ്ടറുകളും ഫെയ്ക്ക് എന്‍കൗണ്ടറുകളും നടക്കുന്നുണ്ട്. ഇതില്‍ പലതും ഫെയ്ക്ക് എന്‍കൗണ്ടറുകളാണ് എന്നത് പിന്നീട് നമുക്ക് ബോധ്യപ്പെടും. പക്ഷേ അത് എന്‍കൗണ്ടറുകള്‍ തന്നെയാണെന്ന് തെളിയിക്കാന്‍ സര്‍ക്കാറിന് മെഷിനറിയുണ്ട്. അതുകൊണ്ടുതന്നെ വളരെ ഈസിയാണ്. പലപ്പോഴും യാഥാര്‍ത്ഥ്യത്തിലേക്ക് പോകുന്നതിനു പകരം പൊതുവായ രീതിയിലേക്ക് പോകുന്ന മാധ്യമ റിപ്പോര്‍ട്ടിങ് രീതി നിലനില്‍ക്കുന്നത് കൊണ്ടുതന്നെ ഇതിന്റെ യഥാര്‍ത്ഥത്തിലുള്ള വസ്തുതയൊന്നും പലപ്പോഴും പുറത്തേക്ക് വരില്ല. ഉദാഹരണത്തിന് ഈ പറഞ്ഞ ഫെയ്ക്ക് എന്‍കൗണ്ടറുകള്‍ മൂന്ന് മാസത്തിനുള്ളില്‍, നാല്‍പതോളം പേര്‍ കൊല്ലപ്പെടുന്നു, അല്ലെങ്കില്‍ ആറുമാസത്തിനിടെ നാനൂറോളം എന്‍കൗണ്ടറുകള്‍ നടക്കുന്നു. നടക്കുന്ന ഏറ്റുമുട്ടലുകള്‍ പരിശോധിക്കുക, അതില്‍ കൊല്ലപ്പെടുന്നവരുടെ അഡ്രസ് പരിശോധിച്ചാല്‍ വളരെ രസകരമായ അനുബന്ധങ്ങള്‍ കാണാന്‍ പറ്റും. ഏത് വിഭാഗത്തില്‍ നിന്നുള്ള ആളുകളാണ് കൂടുതല്‍, ഏതൊക്കെ മേഖലകളെ പ്രതിനിധീകരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍.
യു.പിയില്‍ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് പുറത്തുളള, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് സത്യത്തില്‍ വലിയ ധാരണയൊന്നുമില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഉദാഹരണത്തിന് പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.പിയില്‍ എന്ത് നടന്നുവെന്നുള്ളതിനെക്കുറിച്ച് വലിയ ധാരണയൊന്നും ആളുകള്‍ക്കുണ്ടായിരുന്നില്ല. കാരണം ലക്‌നൗവില്‍ അഞ്ചോ ആറോ ദിവസം ഇന്റര്‍നെറ്റ് പോലുമുണ്ടായിരുന്നില്ല. അവിടെ നടന്നിട്ടുള്ള സംഭവങ്ങളെന്താണെന്നുള്ളത് ഇന്‍ഡപ്ത് റിപ്പോര്‍ട്ടിങ് വളരെ കുറച്ചുപേര്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു സാമൂഹ്യ സാഹചര്യം യു.പിയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് യു.പി മറ്റൊരു ഇന്ത്യയാണെന്ന് പറയുന്നത്.
ജേണലിസ്റ്റ്, സംവിധായകന്‍
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 03, 2023
6 Minutes Read
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
സല്‍വ ഷെറിന്‍
Feb 01, 2023
5 Minutes Read
പി.ബി. ജിജീഷ്
Jan 30, 2023
2 Minutes Read
Lijo
13 Apr 2020, 07:31 AM
Well said
Madhu B
10 Apr 2020, 01:00 PM
നല്ല വിശകലനം
renjith ak
10 Apr 2020, 09:39 AM
നമ്മളെല്ലാം ഹിന്ദുക്കളാണ്.അതിൽ തെറ്റൊന്നുമില്ല.
P M Narayanan
8 Apr 2020, 09:08 PM
Great effort , especially when I read this in English also Hope you will be able to break the conventionnal paradigms of journalism by Breaking monopoly of ideas
Abdulla kanoth
16 Apr 2020, 09:32 AM
പ0നാർഹം