ഇതാ, പ്രപഞ്ചത്തിന്
ഒരു സമയയന്ത്രം
ഇതാ, പ്രപഞ്ചത്തിന് ഒരു സമയയന്ത്രം
ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള പഴയ ധാരണകളെ പൊളിച്ചെഴുതുന്നതിനും നവീകരിക്കുന്നതിനും അഭൂതപൂര്‍വ്വമായ സംഭാവനകളാണ് ഹബ്ള്‍ ടെലസ്‌ക്കോപ്പ് നല്‍കിയത്. ജ്യോതിശാസ്ത്രം ഹബ്‌ളിനു മുമ്പും പിമ്പും എന്നു വേര്‍തിരിയുന്നു. പഴയ പ്രപഞ്ചത്തിലല്ല ഹബ്‌ളിനു ശേഷം നാം ജീവിക്കുന്നത്. ഇത് ഹബ്ൾ ടെലസ്കോപ്പിന്റെ മുപ്പതാം വർഷമാണ്
22 Jul 2020, 01:52 PM
പ്രപഞ്ചത്തെ കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ മാറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമാക്കിയ നിരവധി വിപ്ലവങ്ങളെ ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ നിന്നും നമുക്കു കണ്ടെടുക്കാവുന്നതാണ്. അവയില്‍, കോപ്പര്‍നിക്കസിന്റെ പേരില്‍ അറിയപ്പെടുന്ന വിപ്ലവം വളരെ പ്രാധാന്യമുള്ള ഒന്നത്രെ! അവന്റെ അരുമയായ മനുഷ്യന് വസിക്കാൻ സ്രഷ്ടാവ് തെരഞ്ഞെടുത്തു നല്‍കിയ ഭൂമിയെ കേന്ദ്രമാക്കുന്ന ലോകത്തിനു പകരം സൂര്യകേന്ദ്രലോകത്തെ സ്ഥാപിക്കുന്ന വിപ്ലവമാണ് കോപ്പര്‍നിക്കസിലൂടെ സംഭവിച്ചത്. സൂര്യനെന്ന നക്ഷത്രത്തെ ചുറ്റുന്ന ഒരു ചെറിയ ഗ്രഹമായി ഭൂമി മാറ്റപ്പെട്ടു. ഗലീലിയോയും മറ്റും നിര്‍മ്മിച്ച ദൂരദര്‍ശിനികളിലൂടെ സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ കാണുന്നതിനും കോപ്പര്‍നിക്കസിന്റെ സൗരയൂഥസങ്കല്‍പ്പനങ്ങളെ ഉറപ്പിക്കുന്നതിനും പിന്നീടു കഴിയുന്നുണ്ട്.

പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനം എവിടെയാണെന്നു നിര്‍ണയിക്കുന്നതിനും ഉറപ്പിക്കുന്നതിനും ആദ്യകാലദൂരദര്‍ശിനികള്‍ക്കു തന്നെ കഴിയുന്നു.
പില്‍ക്കാലത്ത്, ആധുനികശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും വന്‍ തോതിലുള്ള വികാസത്തിന്റെ ഫലമായി എത്രയോ ക്ഷമതയേറിയ ദൂരദര്‍ശിനികള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു!
ഒരു പുതിയ പ്രപഞ്ചം
ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന എഡ്വിന്‍ ഹബ്‌ളിന്റെ പേരില്‍ അറിയപ്പെടുന്ന ഹബ്ള്‍ ടെലസ്‌ക്കോപ്പ്, പരീക്ഷണാത്മകശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും മണ്ഡലത്തില്‍ ഇപ്പോഴും ഒരു വിസ്മയമാണ്. 1990 ഏപ്രില്‍ 24നു വിക്ഷേപിക്കപ്പെട്ട ഈ ദൂരദര്‍ശിനിയിലൂടെ മനുഷ്യന്‍ ഒരു പുതിയ പ്രപഞ്ചത്തെ കാണുകയായിരുന്നു! ഭീമാകാരങ്ങളായ നിരവധി ഗാലക്‌സികള്‍ നിറഞ്ഞ പ്രപഞ്ചത്തില്‍, ശരാശരി വലിപ്പം മാത്രമുള്ള ആകാശഗംഗ എന്ന ഗാലക്‌സിയിലെ അതിസാധാരണമായ ഒരു ചെറുനക്ഷത്രത്തിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഗ്രഹത്തിലാണ് താന്‍ വസിക്കുന്നതെന്നു പ്രപഞ്ചകേന്ദ്രസ്ഥാനീയനെന്നു കരുതിയിരുന്ന മനുഷ്യന് സ്വന്തം കാഴ്ചയിലൂടെ തന്നെ ബോദ്ധ്യപ്പെടുകയായിരുന്നു!
ഒരു ചെറുനക്ഷത്രത്തിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഗ്രഹത്തിലാണ് താന്‍ വസിക്കുന്നതെന്നു പ്രപഞ്ചകേന്ദ്രസ്ഥാനീയനെന്നു കരുതിയിരുന്ന മനുഷ്യന് സ്വന്തം കാഴ്ചയിലൂടെ തന്നെ ബോദ്ധ്യപ്പെടുകയായിരുന്നു!
ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള പഴയ ധാരണകളെ പൊളിച്ചെഴുതുന്നതിനും നവീകരിക്കുന്നതിനും പുതിയ ധാരണകളെ സ്വരൂപിക്കുന്നതിനും അഭൂതപൂര്‍വ്വമായ സംഭാവനകളാണ് ഹബ്ള്‍ ടെലസ്‌ക്കോപ്പ് നല്‍കിയത്
1,63,000 പ്രകാശവര്‍ഷങ്ങള്‍ക്കകലെ, നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്ന മെഗല്ലനിക് ക്ലൗഡിന്റെ മേഖലയില്‍ ഭീമാകാരമായ ഒരു ചെമപ്പു നെബുല (എന്‍.ജി.സി 2014)യുടേയും അതിന്റെ അയല്‍പക്കത്തുള്ള നീല നെബുലയുടേയും(എന്‍.ജി.സി 2020)ഛായാചിത്രങ്ങള്‍ വരച്ചെടുത്തു കാണിച്ചു കൊണ്ട് ഹബ്ള്‍ ടെലസ്‌ക്കോപ്പ് അതിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. മറ്റൊരു ഗാലക്‌സിയില്‍ സംഭവിക്കുന്ന നക്ഷത്രജനനങ്ങള്‍ക്കിടയിലെ അഗ്നിക്കൊടുങ്കാറ്റിനെ ആലേഖനം ചെയ്തു കൊണ്ട് പ്രപഞ്ചത്തിന്റെ സൗന്ദര്യത്തേയും നിഗൂഢതയേയും ഒരേ സമയം തുറന്നു കാണിക്കുന്നു, ഇത്.

ചരിത്രത്തിൽ ഒരിക്കലും ഇല്ലാതിരുന്ന കാഴ്ച
ഭൂമിക്ക് 558 കിലോമീറ്റര്‍ മുകളില്‍, ഭൗമാന്തരീക്ഷത്തിനു പുറത്തുള്ള ഒരു ഭ്രമണവലയത്തില്‍ ഭൂമിയെ ചുറ്റി സഞ്ചരിച്ചാണ് ഈ കൂറ്റന്‍ ദൂരദര്‍ശിനി പ്രപഞ്ചത്തെ നോക്കുന്നത്. അതു വീക്ഷിക്കുന്ന പ്രപഞ്ചവസ്തുക്കളില്‍ നിന്നുള്ള പ്രകാശത്തെ ഒരു കണ്ണാടിയില്‍ പ്രതിഫലിപ്പിച്ചു ശേഖരിക്കുകയും ശാസ്‌ത്രോപകരണങ്ങളുടെ സംവേദിനികള്‍ കൊണ്ടു പരിശോധിക്കുകയും ചെയ്യുന്നു. ദൃശ്യപ്രകാശത്തോടൊപ്പം അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് കിരണങ്ങളെ കൂടി സംവേദനം ചെയ്യാന്‍ കഴിവുള്ള ആറു ക്യാമറകള്‍ ശാസ്‌ത്രോപകരണങ്ങളുടെ ഭാഗമായുണ്ട്. ഹബ്ള്‍ ടെലസ്‌ക്കോപ്പിന്റെ ആദ്യത്തെ ദര്‍പ്പണത്തിന് 2.4 മീറ്റര്‍ വ്യാസവും 13.2 മീറ്റര്‍ നീളവുമുണ്ട്. ഈ കണ്ണാടിയില്‍ നിന്നും പ്രതിഫലിക്കുന്ന ഊര്‍ജ്ജം രണ്ടാമത്തെ ദര്‍പ്പണത്തിലൂടെ ശാസ്‌ത്രോപകരണങ്ങള്‍ക്കെല്ലാം ലഭ്യമാകുന്ന ഫോക്കസില്‍ എത്തിച്ചേരുന്നു. ദൂരദര്‍ശിനിയുടെ ഫോക്കല്‍ദൂരം വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് പ്രകാശത്തിന്റെ സഞ്ചാരപാതയ്ക്കുള്ളത്.
സൈദ്ധാന്തികഭൗതികത്തിന്റെ നിര്‍മ്മിതികളായിരുന്ന തമോഗര്‍ത്തങ്ങളുടെ അസ്തിത്വത്തെ കുറിച്ചുള്ള സന്ദേഹങ്ങള്‍ നിലനിന്നിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഹബ്ള്‍ ടെലസ്‌ക്കോപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്
സവിശേഷമായ ഏതെങ്കിലും ഒരു പ്രപഞ്ചപ്രതിഭാസത്തിന്റെ കൂടുതല്‍ വിവരങ്ങളറിയുവാന്‍, ആഴമുള്ള പ്രതിബിംബങ്ങള്‍ക്കു വേണ്ടി ഒരേ ബിന്ദുവിലേക്കു തന്നെ ദിവസങ്ങളോളം നോക്കിയിരിക്കാന്‍ ഈ ടെലസ്‌ക്കോപ്പിനു കഴിയും. ഭൗമാന്തരീക്ഷത്തിന്റെ അഭാവം പ്രകാശത്തിന്റെ ചിതറലുകളെ ഒഴിവാക്കുന്നതുമൂലം അതീവ വ്യക്തതയുള്ള പ്രതിബിംബങ്ങള്‍ ലഭിക്കുന്നു. ചരിത്രത്തിലൊരിക്കലും മനുഷ്യരാശിക്ക് ഇത്രയും വ്യക്തതയോടെ പ്രപഞ്ചത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല! അന്നേവരെ മറഞ്ഞു കിടന്നിരുന്ന പ്രപഞ്ചത്തെയാണ് ഈ ദൂരദര്‍ശിനിയുടെ നോട്ടങ്ങള്‍ വെളിപ്പെടുത്തിയത്. മേരിലാന്റ് ഗ്രീന്‍ബെര്‍ട്ടിലെ ശൂന്യാകാശപേടകകേന്ദ്രമാണ് ഹബ്ള്‍ ടെലസ്‌ക്കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
എത്ര തുച്ഛം, ദുര്‍ബ്ബലം; നമ്മുടെ ഭൂമി
വിജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു പുതിയ ലോകത്തെയാണ് ഹബ്ള്‍ ടെലസ്‌ക്കോപ്പിലൂടെ രൂപപ്പെട്ട പ്രതിബിംബങ്ങളും ചിത്രങ്ങളും കാണിച്ചുതരുന്നത്. ലോകത്തിലെ മഹാചിത്രകാരന്മാര്‍ വരയ്ക്കുന്ന നിറക്കൂട്ടുകളെ വെല്ലുന്ന നിറങ്ങളുടെ സംഘാതത്തെ ഈ ദൂരദര്‍ശിനി നിര്‍മിച്ചെടുത്തു. ആരിലും അത്ഭുതമുളവാക്കുന്നതാണത്. ആരുടേയും ജിജ്ഞാസയെ ഉത്തേജിപ്പിക്കുന്നതാണത്. പ്രപഞ്ചത്തിന്റെ സങ്കീര്‍ണവും അത്ഭുതകരവുമായ രൂപത്തെ അത് പിടിച്ചെടുത്തു. പ്രപഞ്ചത്തിനു മുന്നില്‍ നമ്മുടെ ഭൂമി എത്ര തുച്ഛവും ദുര്‍ബ്ബലവുമാണെന്ന് ഹബ്ള്‍ ചിത്രങ്ങള്‍ കാണിച്ചു തരുന്നു. നക്ഷത്രങ്ങളുടെ ജനനവും മരണവും അതു പകര്‍ത്തി വരച്ചു. ഹബ്ള്‍ കൊണ്ടുവന്ന സൗന്ദര്യവും അതു പങ്കുവച്ച അത്ഭുതവുമില്ലാതെ ഇപ്പോള്‍ ലോകത്തെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നു കരുതുന്നവരുണ്ട്. അതു പ്രപഞ്ചത്തിലേക്കുള്ള മനുഷ്യന്റെ കണ്ണായി. ജ്യോതിശാസ്ത്രം ഹബ്‌ളിനു മുമ്പും പിമ്പും എന്നു വേര്‍തിരിയുന്നു. പഴയ പ്രപഞ്ചത്തിലല്ല ഹബ്‌ളിനു ശേഷം നാം ജീവിക്കുന്നത്.
പ്രപഞ്ചത്തിന്റെ 97 ശതമാനവും നേരിട്ടു കാണാന്‍ ഈ ടെലസ്‌ക്കോപ്പിനു കഴിയുന്നുണ്ട്. പ്രപഞ്ചത്തിന്റെ വയസ്സ് 10 മുതല്‍ 20 വരെ ബില്യണ്‍ വര്‍ഷങ്ങള്‍ക്കിടയിലായിരിക്കുമെന്ന ഏകദേശധാരണയാണ് ഹബ്ള്‍ ടെലസ്‌ക്കോപ്പ് വിക്ഷേപിക്കുന്ന സമയത്ത് നമുക്കുണ്ടായിരുന്നത്. ദൂരത്തെ കുറിച്ച് കൃത്യമായി പഠിക്കാന്‍ സഹായിച്ച ചില നക്ഷത്രങ്ങളില്‍ നടത്തിയ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ വയസ്സ് കൂടുതല്‍ കൃത്യമായി 13.8 ബില്യന്‍ വര്‍ഷങ്ങളാണെന്നു നിശ്ചയിക്കാന്‍ ഈ ദൂരദര്‍ശിനി കാരണമായിരിക്കുന്നു. പ്രപഞ്ചകാലത്തെ കുറിച്ചുള്ള ഈ അറിവ് ഉപയോഗിച്ചു കൊണ്ട് നക്ഷത്രങ്ങളുടേയും ഗാലക്‌സികളുടേയും വികാസചരിത്രം വിശദമായി പഠിക്കാന്‍ കഴിയുന്നു.

പിന്നിട്ട കാലത്തിലേക്കുള്ള നോട്ടം
പ്രപഞ്ചം ത്വരിതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുകയാണെന്ന ധാരണ സ്വരൂപിക്കാന്‍ കഴിഞ്ഞത് ഹബ്ള്‍ ടെലസ്‌ക്കോപ്പിലൂടെയുള്ള നിരീക്ഷണഫലങ്ങളിലൂടെയാണ്. ത്വരിതവികാസത്തിന്റെ നിരക്ക് അളക്കുന്നതിനും ടെലസ്‌ക്കോപ്പിനു കഴിഞ്ഞു. ഇരുണ്ട ഊര്‍ജ്ജത്തെ ഇപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളെ ഉറപ്പിക്കാന്‍ ഈ കണ്ടെത്തലിനു കഴിഞ്ഞിട്ടുണ്ട്. പ്രപഞ്ചദ്രവ്യത്തിന്റെ 67 ശതമാനം ഇരുണ്ട ഊര്‍ജ്ജമാണെങ്കില്‍ മാത്രമേ നിര്‍ണ്ണായകസാന്ദ്രതയെ കുറിച്ചുള്ള കലനങ്ങളുമായി പൊരുത്തപ്പെടൂ. പ്രപഞ്ചത്തിന്റെ മറ്റു ഘടകങ്ങള്‍ 27.3 ശതമാനം ഇരുണ്ടദ്രവ്യവും 4.7 ശതമാനം ദൃശ്യദ്രവ്യവുമാണ്. ഇരുണ്ടദ്രവ്യം കാണാന്‍ കഴിയുന്നതല്ല. ഗുരുത്വാകര്‍ഷണപ്രഭാവം മൂലം അനുഭവവേദ്യമാകുന്നതാണത്.
ദൂരത്തെ കുറിച്ച് കൃത്യമായി പഠിക്കാന്‍ സഹായിച്ച ചില നക്ഷത്രങ്ങളില്‍ നടത്തിയ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ വയസ്സ് കൂടുതല്‍ കൃത്യമായി 13.8 ബില്യന്‍ വര്‍ഷങ്ങളാണെന്നു നിശ്ചയിക്കാന്‍ ഈ ദൂരദര്‍ശിനി കാരണമായിരിക്കുന്നു
നേരത്തെ കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇരുണ്ടദ്രവ്യം ചെറിയകൂട്ടങ്ങളായിട്ടാണ് അനുഭവപ്പെടുന്നതെന്ന് ഹബ്ള്‍ ടെലസ്‌ക്കോപ്പിലൂടെയുള്ള നിരീക്ഷണങ്ങള്‍ കാണിക്കുന്നു. ശീതഇരുണ്ടദ്രവ്യത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളെ പിന്തുണക്കുന്ന കാര്യമാണിത്. എല്ലാ ഗാലക്‌സികളും ഇരുണ്ടദ്രവ്യത്തിനുള്ളിലാണ് രൂപം കൊള്ളുന്നതത്രെ!
ഈ ദൂരദര്‍ശിനിയിലൂടെയുള്ള നോട്ടം പിന്നിട്ട കാലത്തിലേക്കുള്ള നോട്ടമാണ്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താന്‍ 1.3 സെക്കണ്ട് സമയമെടുക്കും. ആ പ്രകാശത്തിലൂടെ ചന്ദ്രന്റെ ഉപരിതലത്തെ കാണുന്ന നമുക്കു 1.3 സെക്കണ്ട് മുമ്പുള്ള ചന്ദ്രോപരിതലത്തെയാണ് കാണാന്‍ കഴിയുന്നത്. വളരെ അകലെയുള്ള പ്രപഞ്ചവസ്തുക്കളില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുന്നതിന് ഏറെ സമയമെടുക്കുന്നു. അതായത്, ആ പ്രകാശത്തില്‍ നിന്നും നമുക്കു ലഭിക്കുന്നത് ഏറെക്കാലം മുമ്പുള്ള പ്രപഞ്ചവസ്തുക്കളുടെ വിവരങ്ങളാണ്. മെഗല്ലനിക് ക്ലൗഡില്‍ നിന്നും വരുന്ന പ്രകാശം നാം ഇപ്പോള്‍ കാണുന്നുവെങ്കില്‍, അത് 1,63,000 വര്‍ഷങ്ങള്‍ക്കു മുന്നേ അതിന്റെ സ്രോതസില്‍ നിന്നും പുറപ്പെട്ടതാണ്. വിദൂരവസ്തുക്കളില്‍ നിന്നുള്ള പ്രകാശത്തെ സ്വീകരിക്കുന്ന ഹബ്ള്‍ ടെലസ്‌ക്കോപ്പ് പ്രപഞ്ചത്തിന്റെ ഭൂതകാലത്തെ കുറിച്ച് അറിയാന്‍ നമ്മെ സഹായിക്കുന്ന സമയയന്ത്രമായി മാറിത്തീരുന്നു.
സൈദ്ധാന്തികഭൗതികത്തിന്റെ നിര്‍മ്മിതികളായിരുന്ന തമോഗര്‍ത്തങ്ങളുടെ അസ്തിത്വത്തെ കുറിച്ചുള്ള സന്ദേഹങ്ങള്‍ നിലനിന്നിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഹബ്ള്‍ ടെലസ്‌ക്കോപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഉയര്‍ന്ന ദ്രവ്യമാനമുള്ള നക്ഷത്രങ്ങളുടെ മരണം ഉയര്‍ന്ന നിലയിലുള്ള ഗുരുത്വാകര്‍ഷണതകര്‍ച്ചകള്‍ക്കു കാരണമാകുകയും ഉയര്‍ന്ന സാന്ദ്രതയുള്ള തമോഗര്‍ത്തങ്ങളുടെ രൂപീകരണത്തിലേക്കു നയിക്കുകയും ചെയ്യുമെന്നാണ് സൈദ്ധാന്തികഭൗതികം നിര്‍ദ്ദേശിച്ചിരുന്നത്. തമോഗര്‍ത്തങ്ങള്‍ ഗാലക്‌സികള്‍ക്കിടയില്‍ സാധാരണമാണെന്നുറപ്പിക്കാന്‍ ഹബ്ള്‍ ടെലസ്‌ക്കോപ്പിന്റെ സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കു കഴിഞ്ഞു. പൊട്ടിത്തെറിയിലൂടെ ധാരാളം ഊര്‍ജ്ജം പുറത്തേക്കു വമിക്കുന്ന ഗാമാകിരണസ്‌ഫോടനങ്ങള്‍ പ്രപഞ്ചത്തില്‍ സാധാരണമാണ്. സൂര്യന്‍ 10 ബില്യന്‍ വര്‍ഷങ്ങള്‍ കൊണ്ട് ഉല്‍സര്‍ജിക്കുന്ന ഊര്‍ജ്ജമാണ് ഇത്തരം സ്‌ഫോടനം പുറത്തേക്കു വിടുന്നത്. ഇത് എങ്ങനെ സാദ്ധ്യമാകുന്നുവെന്ന കടങ്കഥക്ക് തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള വികലനങ്ങള്‍ ഉത്തരം നല്‍കിയിട്ടുണ്ട്. ഭാരമേറിയ നക്ഷത്രങ്ങള്‍ തകര്‍ന്ന് തമോഗര്‍ത്തങ്ങളാകുന്ന പ്രക്രിയക്കിടയിലാണ് ഗാമാകിരണസ്‌ഫോടനങ്ങള്‍ നടക്കുന്നതെന്നു കണ്ടെത്താന്‍ ദൂരദര്‍ശിനിക്കു കഴിഞ്ഞു.
സൗരയൂഥത്തിനുചുറ്റുമുള്ള ഗ്രഹങ്ങളിലെ കാലാവസ്ഥാവ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്നതിനും മറ്റു നക്ഷത്രങ്ങള്‍ക്കു ചുറ്റുമുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ സ്വഭാവപഠനത്തിനും ഹബ്ള്‍ ദൂരദര്‍ശിനി ഉപയോഗിക്കുന്നു. നിക്‌സ്, ഹൈഡ്ര എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയതും ഈ ദൂരദര്‍ശിനി തന്നെ. ഹബ്ള്‍ മുഖേന ഇതിന്നകം 1.4 ദശലക്ഷം നിരീക്ഷണങ്ങളുടെ ഡാറ്റ ശേഖരിക്കപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രകാരന്മാര്‍ക്ക് ഈ ഡാറ്റ ഉപയോഗിക്കാനുള്ള അവസരങ്ങളുണ്ട്. പതിനേഴായിരത്തിലധികം ശാസ്ത്രപ്രബന്ധങ്ങളും ലേഖനങ്ങളും ഇതിനെ ആസ്പദമാക്കി എഴുതപ്പെട്ടിരിക്കുന്നു. വരാനിരിക്കുന്ന തലമുറകളേയും ഇന്ധനം നിറയ്ക്കാനുള്ള വിവരങ്ങള്‍ ഇതു നല്‍കിയിരിക്കുന്നു.
2021ല്‍ വിക്ഷേപിക്കപ്പെടുമെന്നു കരുതുന്ന കൂടുതല്‍ ക്ഷമതയുള്ള ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പിനൊപ്പം ഹബ്ള്‍ ടെലസ്‌ക്കോപ്പിന് പത്തോ ഇരുപതോ വര്‍ഷം കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു കരുതപ്പെടുന്നു.
Jose John
23 Jul 2020, 01:31 PM
Informative and interesting.
PJJ +Antony
23 Jul 2020, 10:24 AM
'ഭീമാകാരങ്ങളായ നിരവധി ഗാലക്‌സികള്‍ നിറഞ്ഞ പ്രപഞ്ചത്തില്‍, ശരാശരി വലിപ്പം മാത്രമുള്ള ആകാശഗംഗ എന്ന ഗാലക്‌സിയിലെ അതിസാധാരണമായ ഒരു ചെറുനക്ഷത്രത്തിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഗ്രഹത്തിലാണ് താന്‍ വസിക്കുന്നതെന്നു പ്രപഞ്ചകേന്ദ്രസ്ഥാനീയനെന്നു കരുതിയിരുന്ന മനുഷ്യന് സ്വന്തം കാഴ്ചയിലൂടെ തന്നെ ബോദ്ധ്യപ്പെടുകയായിരുന്നു!' Exciting awareness about the huge universe around us.
Provind
22 Jul 2020, 03:36 PM
By comparing the time for light to reach earth from Moon and from Magalion clouds to earth makes easy to know or imagine the size of Uniiverse. Good craft inspiring.
Sunil Balussery
22 Jul 2020, 02:18 PM
Thought provoking write up.
ടി.പി.കുഞ്ഞിക്കണ്ണന്‍
Oct 24, 2020
7 Minutes Read
വി. വിജയകുമാര്‍
Oct 07, 2020
7 Minutes Read
വി. വിജയകുമാര്‍
Sep 26, 2020
7 Minutes Read
തോമസ് പാലക്കീല്‍
Jun 26, 2020
5 minute read
AMJAD ROSHAN
24 Jul 2020, 12:04 PM
Exciting Article😍