പള്ളി പൊളിച്ച്
ക്ഷേത്രം കെട്ടാനിറങ്ങിയ അന്ന്,
അന്നത്തെ പ്രധാനമന്ത്രി ചെയ്തത്...
പള്ളി പൊളിച്ച് ക്ഷേത്രം കെട്ടാനിറങ്ങിയ അന്ന്, അന്നത്തെ പ്രധാനമന്ത്രി ചെയ്തത്...
കല്യാണ്‍സിംഗിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് 1992 ജൂലൈയില്‍ തന്നെ റാവുവിന് ഉപദേശം കിട്ടിയതാണ്. ചെയ്തില്ല. പകരം, പല ഹിന്ദുഗ്രൂപ്പുകളുമായി രഹസ്യ ചര്‍ച്ച. പള്ളി പൊളിക്കാതെ തര്‍ക്കഭൂമിയില്‍ എന്തുമായിക്കൊള്ളൂ. അങ്ങനെയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കെഞ്ചല്‍.
17 May 2022, 05:01 PM
കെ.കണ്ണൻ : മാര്‍ക്കറ്റ് ഇക്കോണമിയുണ്ടാക്കിയ സാമ്പത്തിക അസമത്വത്തോട് ചേര്‍ത്തുവെക്കാവുന്ന ഒന്നാണ് ഹിന്ദുത്വ വര്‍ഗീയത പൗരസമൂഹത്തില്‍ സൃഷ്ടിച്ച ആഘാതം. ഗാന്ധിവധത്തോളമോ അതിനേക്കാളേറെയോ പ്രത്യാഘാതമുണ്ടാക്കിയതെന്ന് വിശേഷിപ്പിക്കപ്പെട്ട ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്ത് ഒരു കോണ്‍ഗ്രസുകാരനായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി എന്നത് ചരിത്രത്തിന്റെ എന്തുതരം പരിണാമമായിരുന്നു?
വിജു.വി. നായർ: 91-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം പിടിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ഇടയ്ക്കുവെച്ച് രാജീവ് കൊല്ലപ്പെട്ടതാണ് അതു തടഞ്ഞത്. ലോക്സഭയില്‍ അന്നു കിട്ടിയത് 120 സീറ്റ്. പക്ഷെ ഹിന്ദി ഹൃദയഭൂമി അവര്‍ നേരത്തെ പിടിച്ചുകഴിഞ്ഞിരുന്നു- യു.പി, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, പിന്നെ ഹിമാചലും. അയോധ്യാ ഹിസ്റ്റീരിയ തന്നെ കാരണം. 1991ലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ചരിത്രത്തിലാദ്യമായി കേന്ദ്രം ഒരു കക്ഷിയും യു.പി വേറൊരു കക്ഷിയും ഭരിക്കുന്ന നിലയുണ്ടായി. യു.പി കയ്യിലായതോടെ ആര്‍.എസ്.എസിനു തിടുക്കമായി. അങ്ങനെയാണ് വീണ്ടും കര്‍സേവയും രഥയാത്രയും ഏര്‍പ്പാടാക്കുന്നത്. രഥത്തില്‍ അദ്വാനി തന്നെ. സാരഥി നരേന്ദ്രമോദി. ഒരു കാര്യം ഉറപ്പായിരുന്നു- തടയുന്നെങ്കില്‍ അത് കേന്ദ്രത്തിലുള്ള റാവു സര്‍ക്കാറായിരിക്കും, രഥം പോകുന്ന സംസ്ഥാനങ്ങളൊക്കെ ബി.ജെ.പിയുടെ കസ്റ്റഡിയിലാണ്. വി.പി സിംഗ് ചെയ്ത മാതിരി റാവു ചെയ്യുമോ?
കല്യാണ്‍സിംഗിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് 1992 ജൂലൈയില്‍ തന്നെ റാവുവിന് ഉപദേശം കിട്ടിയതാണ്. ചെയ്തില്ല. പകരം, പല ഹിന്ദുഗ്രൂപ്പുകളുമായി രഹസ്യ ചര്‍ച്ച. പള്ളി പൊളിക്കാതെ തര്‍ക്കഭൂമിയില്‍ എന്തുമായിക്കൊള്ളൂ. അങ്ങനെയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കെഞ്ചല്‍. ഒക്ടോബര്‍ 30ന് വി.എച്ച്.പി ഒരു വെടിപൊട്ടിച്ചു: ഡിസംബര്‍ ആറിന് കര്‍സേവ. എവിടെ? തര്‍ക്കഭൂമിയോട് തൊട്ടുചേര്‍ന്ന് യു.പി സര്‍ക്കാര്‍ ഏറ്റെടുത്ത മണ്ണില്‍. പള്ളി തൊടില്ല. അതിനു തൊട്ടുമുമ്പില്‍ പ്രതീകാത്മക പൂജ മാത്രം. എന്നുവെച്ചാല്‍, ആയിരക്കണക്കിന് കര്‍സേവകര്‍ പള്ളിമുറ്റത്തു കയറിയിരിക്കുമെന്നര്‍ത്ഥം. പൂജാവേദിക്ക് ചുറ്റും തിരയുമ്പോള്‍ പള്ളിമുറ്റം ഒഴിവാക്കാനാവില്ലല്ലോ.

അതോടെ റാവു ഹോം സെക്രട്ടറി മാധവ് ഗോഡ്‌ബോലെയെ വിളിക്കുന്നു. പള്ളി ഏറ്റെടുക്കാന്‍ ഒരു കണ്ടിജന്‍സി പ്ലാനുണ്ടാക്കാന്‍ കല്‍പന. വൈകാതെ പ്ലാന്‍ തയ്യാറാവുന്നു. കേന്ദ്രസേനയെ വിന്യസിച്ച് പണി ഏറ്റെടുക്കാം. പക്ഷെ അതിനു മുമ്പായി യു.പിയില്‍ കേന്ദ്രഭരണം പ്രഖ്യാപിക്കണം. ഇതിനു രണ്ടിനുമിടക്ക് ഒരു ചെറിയ വള്‍നറബിള്‍ ഘട്ടമുണ്ട്. അന്നേരത്തും പള്ളി സംരക്ഷിക്കാന്‍ മറ്റൊരു ഓപ്പറേഷനും പ്ലാനിലുണ്ട്. നവംബര്‍ നാലിനാണ് ഗോഡ്‌ബോലെ ഈ പ്ലാന്‍ കൊടുക്കുന്നത്. നവംബര്‍ 24നകം കേന്ദ്രഭരണം ഏര്‍പ്പെടുത്തിയിരിക്കണം എന്നാണ് അതിനെ നിര്‍ദ്ദേശം. എന്നുവെച്ചാല്‍ റാവുവിന് ശേഷിച്ചത് 20 ദിവസം മാത്രം.
റാവു ഉടനെ സൂപ്പര്‍കാബിനറ്റ് വിളിച്ചു- സി.സി.പി.എ. (കാബിനറ്റ് കമ്മിറ്റി ഓണ്‍ പൊളിറ്റിക്കല്‍ അഫേയേഴ്‌സ്). ആര്‍ട്ടിക്കിള്‍ 356 വച്ച് യു.പി സര്‍ക്കാറിനെ പിരിച്ചുവിടുന്നത് ലെജിറ്റിമേറ്റായിരിക്കുമോ? യോഗത്തില്‍ റാവു ആവര്‍ത്തിച്ചു ചോദിച്ചു. കാരണം, സര്‍ക്കാറിനെ പുറത്താക്കാന്‍ പറ്റിയ സാഹചര്യമുണ്ടായിക്കഴിഞ്ഞിട്ടുവേണം ഈ വകുപ്പെടുത്തു പ്രയോഗിക്കാന്‍. അല്ലാതെ, അങ്ങനെയൊരു സാഹചര്യമുണ്ടാകാനിടയുണ്ട് എന്നു പറഞ്ഞ് പ്രീ എംപ്റ്റീവ് സൂത്രമായി പ്രയോഗിക്കാന്‍ പറ്റില്ല. അതുതന്നെ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരും പറഞ്ഞു. ലോ സെക്രട്ടറി പി.സി. റാവുവും പറഞ്ഞു. അര്‍ജുന്‍സിങ് പില്‍ക്കാലത്ത് നുണ അടിച്ചിറക്കിയിട്ടുണ്ട്- ശക്തമായ നടപടി ഉടനെടുക്കണമെന്ന് താനാവശ്യപ്പെട്ടെന്നും റാവു അതു കേട്ടില്ലെന്നും.
സി.സി.പി.എ മിനുട്‌സില്‍ അങ്ങനെയൊന്നുമില്ല. അര്‍ജുന്‍ സിംഗിനെക്കൂടാതെ പവാറും എസ്.ബി ചവാനും മന്‍മോഹന്‍ സിംഗും യോഗത്തില്‍ പങ്കെടുത്തു. പള്ളിക്ക് കുഴപ്പം വരാതെ നോക്കണമെന്നല്ലാതെ കല്ല്യാണ്‍സിംഗിനെ പുറത്താക്കണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, 356 പ്രയോഗിക്കുന്നതിന് റാവു മന്ത്രിസഭ തയ്യാറല്ലായിരുന്നു. നവംബര്‍ ഒടുവില്‍, വീണ്ടും സി.സി.പി.എ യോഗം ചേര്‍ന്നു. റാവു അപ്പോള്‍ സെനെഗല്‍ ടൂറിലാണ്. തന്റെ അസാന്നിധ്യത്തിലും മന്ത്രിമാര്‍ക്ക് വേണമെങ്കില്‍ രാഷ്ട്രപതിഭരണം തീരുമാനിക്കാമെന്നു പറഞ്ഞിട്ടാണ് പോയത്. കൂട്ടുത്തരവാദിത്തം ഉണ്ടാക്കാനുള്ള ആ ടെക്‌നിക്കും ഏശിയില്ല. പ്രത്യേകിച്ചൊരു തീരുമാനവുമില്ലാതെ സി.സി.പി.എ. പിരിഞ്ഞു. ആരേയും കൂട്ടുകിട്ടില്ലെന്നു വ്യക്തമായതോടെ റാവു സുപ്രീം കോടതിയെ സമീപിച്ചു- റിസീവറെ വയ്ക്കാന്‍. കോടതി കേസ് വിളിച്ചപ്പോഴേക്കും നവംബര്‍ അവസാനമായി. പള്ളി സംരക്ഷിക്കും എന്ന ഉറപ്പ് കല്ല്യാണ്‍ സിംഗിന്റെ വക്കീല്‍ കോടതിയില്‍ വച്ചു. കോടതി അതങ്ങ് കണ്ണുംപൂട്ടി വിശ്വസിക്കുന്നു, പ്രധാനമന്ത്രിയുടെ അപേക്ഷ തള്ളുന്നു. എങ്ങനെയുണ്ട് പരമോന്നത കോടതിയുടെ സെന്‍സിറ്റിവിറ്റി?
റാവു വെട്ടിലാവുകയായിരുന്നു. രാഷ്ട്രപതിഭരണം റാവു ഒറ്റയ്ക്ക് തീരുമാനിക്കട്ടെ എന്ന് കാബിനറ്റിലെ ഘടാഘടിയന്മാരായ പ്രതിയോഗികള്‍ ലൈനെടുത്തു. അതവരുടെ സ്വകാര്യ രാഷ്ട്രീയം. ശിഷ്ടം മന്‍മോഹന്‍ സിംഗ്. സര്‍ദാര്‍ജി പതിവുപോലെ മൗനിബാബ. സുപ്രീംകോടതിക്കാകട്ടെ, പ്രധാനമന്ത്രിയെയല്ല യു.പി മുഖ്യമന്ത്രിയെയാണ് വിശ്വാസം. ശരി, രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നുവെന്നിരിക്കട്ടെ, ക്രമസമാധാനം തകര്‍ന്നിട്ടില്ല എന്നു പറഞ്ഞു അതേ കോടതി അത് ഭരണഘടനാലംഘനമായി പ്രഖ്യാപിക്കും. നടപടി റദ്ദാക്കും. അതുംപറഞ്ഞ് പാര്‍ലമെന്റില്‍ ബി.ജെ.പി അവിശ്വാസം കൊണ്ടുവരും. ന്യൂനപക്ഷ സര്‍ക്കാറാണ്. താങ്ങിനിര്‍ത്തുന്ന ചെറുകക്ഷികള്‍ എന്തു ചെയ്യുമെന്ന് ആരു കണ്ടു? ഇനി രാഷ്ട്രപതി ഭരണം വേണ്ടെന്നുവെച്ചാല്‍, വലിയ റിസ്‌കാണെടുക്കുക. പള്ളി പൊളിക്കാനുള്ള സാധ്യത വളരെ കൂടുതല്‍. നമ്പാന്‍ കൊള്ളില്ലെന്ന് കല്ല്യാണ്‍ സിംഗ് മുമ്പും തെളിയിച്ചതാണ്. പള്ളി വീണാല്‍ റാവു സര്‍ക്കാര്‍ വെള്ളത്തിലാവും, അതിലുപരി നാട്ടിലെന്താ നടക്കുകാന്ന് പ്രവചിക്കാന്‍ പറ്റില്ല.

ഈ കെണിയില്‍പ്പെട്ട് റാവു ഒരു കാര്യം മാത്രമുറപ്പിച്ചു- തന്റെ ചെലവില്‍ രാഷ്ട്രപതി ഭരണം വേണ്ട. അങ്ങനെ ഗോഡ്‌ബോലെയുടെ പ്ലാന്‍ ഔട്ട്. പള്ളി രക്ഷിക്കാന്‍ വേറൊരു പദ്ധതിക്കായി നീക്കം തുടങ്ങി. നവംബര്‍ പാതിയോടെ രഹസ്യ ചര്‍ച്ചകള്‍ തകൃതിയായെന്നു പറഞ്ഞല്ലോ. റാവു നല്ലൊരു ഹിന്ദുമത പണ്ഡിതനാണ്. നന്നായി സംസ്‌കൃതം പേശും. മതഭ്രാന്തരായ ഹിന്ദുഗ്രൂപ്പുകളെ ഈ ലൈനില്‍ വേദമോദി പാട്ടിലാക്കാനാണ് നോക്കിയത്. ഗജഫ്രോഡുകളാണ് ഈ ഓത്തു കേള്‍ക്കുന്നതെന്നോര്‍ക്കണം. ഒടുവിലായി അദ്വാനി, വാജ്‌പേയി, കല്ല്യാണ്‍ സിംഗ് എന്നീ പ്രധാനികളായും രഹസ്യചര്‍ച്ച നടത്തി. പള്ളിക്ക് കുഴപ്പമൊന്നും വരില്ലെന്ന് സകലമാന്യന്മാരും വാക്കു കൊടുത്തു.
ഇതിനിടെ, ഗോഡ്‌ബോലെ പറഞ്ഞ ഡെഡ്ലൈന്‍ കടന്നുപോയി- നവംബര്‍ 24. അതോടെ മറുപക്ഷം കൂടുതല്‍ ഉഷാറായി. കാരണം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും കേന്ദ്രസേനയെ ഇറക്കാനുമുള്ള നടപടിക്രമങ്ങള്‍ക്ക് ഇനി സമയമില്ല. വേറൊരു തമാശ കൂടി കേള്‍ക്കണം. ഇന്റലിജന്‍സ് ബ്യൂറോയുടെ രണ്ടു രഹസ്യ റിപ്പോര്‍ട്ടുകള്‍. അയോധ്യയില്‍ ബലിദാനി കര്‍സേവകര്‍ കറഞ്ഞി നടക്കുന്നുണ്ടെന്നാണ് ആദ്യത്തേത്. പരസ്യമായി പറയുന്നതിനു വിരുദ്ധമായി ജോഷിയും അദ്വാനിയും ആളെക്കൂട്ടുന്നു, കര്‍സേവകരുടെ എണ്ണം ഒന്നരലക്ഷമായിരിക്കുന്നു. അതാണ് അടുത്ത റിപ്പോര്‍ട്ട്. അപ്പോള്‍, പള്ളി പൊളിക്കുമോ? ചാരപ്പടക്ക് മിണ്ടാട്ടമില്ല. ഏക് ധക്കാ ദോ, മസ്ജിദ് തോട് ദോ- ആ മുദ്രാവാക്യവും മുഴക്കി കര്‍സേവകര്‍ അയോധ്യ നിറക്കുമ്പോഴാണ് ഈ സൂത്രപ്പണി. എല്ലാതരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും സ്ഥിരം ശൈലിയാണ് ഈ ഉഡായിപ്പ്. പിന്നീട് പള്ളി പൊളിച്ചാല്‍ പറയാം ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ? പൊളിച്ചില്ലെങ്കിലും പറയാം, ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ?
റാവുവിന് പോംവഴികള്‍ അടയുകയായിരുന്നു. ഡിസംബര്‍ അഞ്ചിന് ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ പ്രമുഖന്റെ പേര് എന്‍.എ ശര്‍മ്മ. പേഴ്‌സനല്‍ ജ്യോത്സ്യന്‍. പള്ളിക്കാര്യത്തില്‍ ഗണകശ്രീ എന്താണ് പ്രവചിച്ചതെന്നറിയില്ല. എന്തായാലും അത്താഴം കഴിച്ച് ലാപ്‌ടോപ്പ് അടുക്കിപ്പിടിച്ച് റാവു ബെഡ്‌റൂമില്‍ ഉറങ്ങാന്‍ പോയെന്നാണ് സെക്രട്ടറി പറഞ്ഞത്. രാജ്യത്തിന് ഇത്ര ക്രിട്ടിക്കലായ നേരത്ത് പള്ളിയുറങ്ങാന്‍ ഏതു ഭരണാധിപനാണ് തോന്നുക? അങ്ങനെയൊന്നും ചിന്തിച്ചുപോകരുത്. യമുനാതടം രാജ്യത്തിനിട്ടുവയ്ക്കുന്ന കെണിയായി കരുതിയാല്‍ മതി.
പിറ്റേന്നുച്ചയ്ക്ക് രാജ്യം ടെലിവിഷനില്‍ ലൈവായി കണ്ടു, പള്ളി പൊളിക്കുന്നത്. പ്രധാനമന്ത്രിയും സംഗതി കണ്ടത് ടെലിവിഷനില്‍ തന്നെ. ഉച്ചയ്ക്ക് 12 മണിതൊട്ട് നാലുമണിക്കൂര്‍ സംപ്രേഷണം. ഈ നേരമൊക്കെയും റാവു മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു. പല ദേശീയ നേതാക്കളും പഞ്ഞത് ഫോണ്‍ ചെയ്തിട്ട് പ്രധാനമന്ത്രി എടുത്തില്ലെന്നാണ്. ടി.വി ഷോ ആസ്വദിക്കുമ്പോള്‍ ശല്യപ്പെടുത്താമോ? ഒടുവില്‍ ഉദ്യോഗസ്ഥ മേധാവികളെല്ലാം അടുത്തൂകൂടി. നരേഷ് ചന്ദ്രയും യു.ജി വൈദ്യവും ഗോഡ്‌ബോലെയുമെല്ലാം... പേഴ്‌സണല്‍ ഡോക്ടര്‍ റെഡ്ഡി വരുന്നു. രക്തപരിശോധന, നാഡി നോക്കി... ബി.പി ലേശം കൂടുതലുണ്ട്. രാജ്യത്തിന്റെ രണ്ടാം വിഭജനത്തിന് കാണിയായി ചുമ്മാ ഇരുന്നുകൊടുത്ത ഭരണാധിപന് വേറൊരു ഏനക്കേടുമില്ല. ഫിറ്റ്, നോര്‍മല്‍.
പള്ളി പൊളിച്ച് അമ്പലം കെട്ടാനിറങ്ങിയവര്‍ രഹസ്യ ചര്‍ച്ചകളില്‍ കൊടുത്ത വാക്ക് കണ്ണുംപൂട്ടി വിശ്വസിക്കുക. അത്തരക്കാരുടെ ദാക്ഷിണ്യത്തിന് പള്ളി വിട്ടുകൊടുക്കുക. വരുംവരായ്ക അറിയാന്‍ ജ്യോത്സ്യനെ കാണുക. ഒരു സാദാ തഹസില്‍ദാറുപോലും കാണിക്കാത്ത ഈ ശുംഭത്വം ഒരു പ്രധാനമന്ത്രി കാണിക്കുമോ? ആര്‍ട്ട് ഒഫ് ദ പോസിബിളല്ലേ, കാണിച്ചെന്നിരിക്കും. റാവു ഇതിനെ രാഷ്ട്രീയ പ്രശ്‌നമായോ ഭരണഘടനാവിരുദ്ധതയായോ ഒന്നും കണ്ടില്ല, മതപ്രശ്‌നമായാണു കണ്ടത്. ഹിന്ദു ഗ്രൂപ്പുകളുമായുള്ള രഹസ്യ ചര്‍ച്ചകള്‍ എടുക്കുക. പ്രധാനമന്ത്രിയുടെ അപ്പോയ്ന്‍മെന്റ് രജിസ്റ്ററില്‍ ഈ ചര്‍ച്ചയ്ക്കുവന്ന ഒരുത്തന്റെയും പേരില്ല. ഇനി, ആരൊക്കെയായിരുന്നു ചര്‍ച്ചകളില്‍ റാവുവിന്റെ മധ്യസ്ഥര്‍? സാന്ത്, സാധു, മഠാധിപതികള്‍.. പിന്നീട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇതിന് റാവു നടത്തിയ ന്യായീകരണം നോക്കൂ- പണ്ടത്തെ രാജാക്കന്മാര്‍ സന്യാസിമാരെ കണ്‍സെല്‍റ്റ് ചെയ്ത പാരമ്പര്യമൊന്ന് ഈ രാജ്യത്തിന്റേതെന്ന്. അവിടെയാണ് ക്യാച്ച്. കോണ്‍ഗ്രസിന്റെ ഒരു പരമ്പരാഗത ഹിന്ദു സമീപനമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം അശ്വമേധത്തിനിറങ്ങിയപ്പോള്‍ അത് പൂത്തുലയുന്നത് നമ്മള്‍ കണ്ടു, രാജീവ് ഗാന്ധിയില്‍. ശരിയ്ക്കു പറഞ്ഞാല്‍, രാജീവല്ലേ ആദ്യത്തെ കര്‍സേവകന്‍? ആ സമീപനത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് റാവുവില്‍ കണ്ടത്.
ഭരണഘടനാപരമായ നിശ്ചയങ്ങളല്ല, ഭരണഘടനാബാഹ്യമായ ഒത്തുതീര്‍പ്പുകള്‍ നടത്തുക, അതൊരു കോണ്‍ഗ്രസ് സ്വഭാവമാണ്. ബാക്‌ഡോര്‍ ഡിപ്ലോമസി. എന്നിട്ട് പ്രശ്‌നം പരിഹരിച്ചതായി ഭാവിക്കുക. പ്രശ്‌നം കാര്‍പ്പറ്റിനടിയിലൊളിപ്പിക്കുകയോ മാറ്റിവെയ്ക്കുകയോ മാത്രമാണ്. ഗാന്ധിയുടെ പൂന പാക്ട് തൊട്ട് രാജീവിന്റെ ശിലാന്യാസ പൂജവരെ അതു പ്രകടമാണ്. ആ ജനുസ്സിന്റെ തുടര്‍ച്ചയാണ് റാവുവില്‍ കണ്ടത്. സത്യത്തില്‍, അതൊരു ഇന്‍ഡിസിഷനായിരുന്നില്ല. പൊളിറ്റിക്കല്‍ ഹിന്ദുയിസത്തിന് കീഴടങ്ങിക്കൊടുത്തതാണ്, ഹിന്ദുക്കളെ പ്രതി.
അഭിമുഖത്തിന്റെ പൂർണ രൂപം ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 03 ല്‍ വായിക്കാം
ലിബറലൈസേഷന്‍, ബാബരി മസ്ജിദ് പൊളിക്കല്‍: നരസിംഹറാവു രാജ്യത്തോട് ചെയ്തത്...
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read