മുൻ പ്രധാനമന്ത്രി നരസിംഹ റാവു, 1992-ൽ ദൽഹിയിലെ ദേശീയ ശാസ്ത്രകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ. / Photo: Wikimedia Commons.

ലിബറലൈസേഷൻ, ബാബരി മസ്ജിദ് പൊളിക്കൽ: നരസിംഹറാവു രാജ്യത്തോട് ചെയ്തത്...

എ ജേണലിസ്റ്റ് ഇൻഎഡിറ്റഡ് - ഭാഗം രണ്ട്​

സാമ്പത്തിക നയം റാഡിക്കലായി മാറ്റിക്കളഞ്ഞത് നരസിംഹറാവു തന്നെയാണ്. അതിൽ പാർട്ടിക്കോ ഹൈക്കമാൻഡിനോ കാബിനറ്റിനോ പങ്കില്ല. പാർലമെന്റ് വെറും നോക്കുകുത്തി. 1992 ഡിസംബർ ആറിന് രാജ്യത്തിന്റെ രണ്ടാം വിഭജനത്തിന് വെറുമൊരു കാണിയായി ചുമ്മാ ഇരുന്നുകൊടുക്കുകയായിരുന്നു പ്രധാനമന്ത്രിയായിരുന്ന റാവു- ഇന്ത്യയുടെ രണ്ടു കാലഘട്ടങ്ങളിലെ കാണാക്കഥകൾ

എ ജേണലിസ്റ്റ് ഇൻഎഡിറ്റഡ് ഭാഗം രണ്ട്​

കെ. കണ്ണൻ: വി.പി. സിങ്ങിനുശേഷം, ദേശീയ രാഷ്ട്രീയത്തിലും ഭരണകൂടാധികാരത്തിന്റെ കോമ്പോസിഷനുകളിലും വലിയ മാറ്റമുണ്ടാകുന്നത് 1991ലാണ്. നെഹ്‌റുവിനുശേഷം കോൺഗ്രസ് നേതൃത്വത്തിലും പാർട്ടിയുടെ കേന്ദ്ര ഭരണകൂട നേതൃത്വത്തിലുമുണ്ടായ നിർണായക മാറ്റങ്ങളായിരുന്നു ഇതിന്റെ അടിസ്ഥാനം. നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യമില്ലാത്ത ഒരാൾ, പി.വി. നരസിംഹറാവു പ്രധാനമന്ത്രിയാകുന്നു, അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ അതുവരെയുള്ള വിനിമയങ്ങളിൽ ഒരു വിച്‌ഛേദനം സംഭവിക്കുന്നു. ആഗോളീകരണത്തിന്റെയും ലിബറലൈസേഷന്റെയും വാതിലുകൾ തുറക്കുന്നു. സംഭവബഹുലമായ ആ കാലത്തിന്റെ അടരുകൾക്കുള്ളിൽ ഇനിയും പുറത്തുവരാത്ത എന്തെങ്കിലുമുണ്ടോ?വിജു വി. നായർ: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നോളമുള്ള ഏറ്റവും വലിയ പാരഡൈം ഷിഫ്റ്റ് സംഭവിക്കുന്നത് അക്കാലത്താണ്. അതിന്റെ ക്രഡിറ്റ് ഇന്ന് എല്ലാവരും കൊടുക്കുന്നത് മൻമോഹൻ സിംഗിനാണ്. കുറച്ചുപേരെങ്കിലും റാവുവാണ് കീ എന്നു കരുതുന്നു. രണ്ടാളും ഇപ്പറയുന്ന ചരിത്രത്തിൽ കയറുന്നത് ബൈ ഡിഫോൾട്ടാണ്. അതാണ് ഫലിതം.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

വി.പി. സിംഗിനെ ബി.ജെ.പിയും കോൺഗ്രസും പത്രക്കാരും കൂടി നിലത്തിട്ടു. പിന്നാലെ ചന്ദ്രശേഖർ വന്നു, കോൺഗ്രസിന്റെ ദുഷ്ടലാക്കുള്ള ഒത്താശയിൽ. രാജീവിന്റെ പുരയിൽ ഒളിഞ്ഞുനോക്കി എന്ന പ്രത്യയശാസ്ത്രന്യായം പറഞ്ഞ് ആ മന്ത്രിസഭയും കോൺഗ്രസ് നിലത്തിടുന്നു. വെറും 120 ദിവസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ്. വൻഭൂരിപക്ഷം കിട്ടുമെന്ന് ശിങ്കിടികൾ കാതിലോതിയതാണ് രാജീവിന് തിടുക്കമുണ്ടാക്കിയത്. ഇതാണ് ഡൈനാസ്റ്റിയുടെ കുഴപ്പം. കാതിലോതാൻ ധാരാളം പേരുണ്ടാവും, നേരുപറഞ്ഞുകൊടുക്കാൻ മാത്രം ആളുണ്ടാവില്ല. അയോധ്യാപ്രശ്നം കത്തിനിൽക്കുമ്പോൾ തിരഞ്ഞെടുപ്പുവന്നാൽ ബി.ജെ.പി സ്‌കോർ ചെയ്യുമെന്ന് ഏതു പോഴനുമറിയാം. നെഹ്റു കുടുംബക്കാർ മാത്രം അത്ര പോഴന്മാരല്ല. അങ്ങനെ വീണ്ടും ഒരിലക്ഷൻ. മൂന്നു ഘട്ടങ്ങളിലായിരുന്നു പോളിംഗ്. ഒന്നാം ഘട്ടം കഴിഞ്ഞപ്പോഴാണ് ചാവേർ ബോംബിൽ രാജീവിന്റെ കഥ കഴിയുന്നത്.

രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപുള്ള ചിത്രം. / Photo: Deccan Chronicle

അതുവരെ കോൺഗ്രസ് പിന്നിലായിരുന്നെന്ന് പിന്നീട് ഫലം വന്നപ്പോൾ വ്യക്തമായി. രാജീവന്റെ കൊലപാതകം കഴിഞ്ഞ് രണ്ടു ഘട്ടങ്ങളിൽ വോട്ടിംഗ് രീതി ആകെ മാറി. സഹതാപതരംഗം എന്ന് പത്രങ്ങളെഴുതി. സത്യമതല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണ മനുഷ്യർ പരീക്ഷണങ്ങൾക്കു തുനിയില്ല; പരിചിതമായ സ്ഥലങ്ങളിൽ അഭയം തേടും. ദേശീയമായി തന്നെ പരിഭ്രാന്തിയുണ്ടാക്കിയ ആ ബോംബുസ്ഫോടനം അവരെ മുത്തശ്ശിപ്പാർട്ടിക്കു കീഴിലെത്തിച്ചു, അത്രതന്നെ.

പാർട്ടി പാരമ്പര്യമനുസരിച്ച് സോണിയാ ഗാന്ധിയായിരുന്നു സ്വഭാവിക ചോയ്‌സ്. എങ്ങനെ നരസിംഹറാവുവിലേക്ക് കരുക്കളെത്തി?

അതെ, അതിലാണ് കളി നടന്നത്. അക്കുറി മത്സരിച്ചില്ലെന്നു മാത്രമല്ല പ്രചാരണത്തിൽ പോലും സജീവമായില്ല, റാവു. പുതിയ സർക്കാർ വന്നാലുടൻ നാട്ടിലേക്കു താമസം മാറ്റാൻ പായ്ക്ക് ചെയ്തിരിക്കുമ്പോഴാണ് വിളി വരുന്നത്. സത്യത്തിൽ നറുക്ക് റാവുവിനായിരുന്നില്ല. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രഖ്യാപിച്ചത് സോണിയയുടെ തന്നെ പേരാണ്. അവർ സമ്മതിച്ചില്ല. ഭർത്താവിന്റെ മരണവും ചെറിയ കുട്ടികളും അത്ര പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രീയ ചുറ്റുപാടും... അപ്പോൾ പകരം ആളെ സോണിയ തന്നെ നിശ്ചയിക്കണമെന്നായി പാർട്ടി. കസേരക്കൊതിയന്മാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത പാർട്ടി. സോണിയ കുഴഞ്ഞു. ഫാമിലി ഫ്രണ്ട് കൂടിയായ അരുണ ആസഫലിയാണ് പറഞ്ഞത് പി.എൻ. ഹക്സനോടു ചോദിക്കാമെന്ന്. ആളെ അറിയില്ലേ? ഇന്ദിരയുടെ പ്രിൻസിപ്പൽ സെക്രട്ടറി, പഴയ വിശ്വസ്തൻ. കുറേക്കാലമായി അകന്നുകഴിയുകയാണ്. അരുണ തന്നെ മുൻകൈ എടുത്ത് ഹക്സറെ കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞത് കസേരമോഹികളുടെ നാവടപ്പിച്ചുകളഞ്ഞ പേരാണ്- ശങ്കർ ദയാൽ ശർമ. ആളന്ന് വൈസ് പ്രസിഡന്റാണ്. മാന്യരിൽ മാന്യൻ. അധികാരത്തിന്റെ ലഹരി തലക്കുപിടിക്കാത്ത വിവേകി.

ശരദ് പവാർ / Photo: Wikimedia Commons

അരുണയും നട്‌വർസിങ്ങും ദൂതുപോയി. ശർമയുടെ മറുപടി കേട്ട് ദൂതർ ഞെട്ടി- ഇന്ത്യൻ പ്രധാനമന്ത്രി എന്നത് ഫുൾടൈം മനസ്സർപ്പിക്കേണ്ട പണിയാണ്, ദയവായി എന്നെ ഒഴിവാക്കണം. വിനയത്തോടെ ശർമാജി ഊരി. വച്ചുനീട്ടിയ സിംഹാസനം ഇങ്ങനെ തിരസ്‌കരിച്ച ഒറ്റയാളില്ല വേറെ, ഡൽഹി ചരിത്രത്തിൽ. ആ ഒഴിവിൽ ഹക്സർ നിർദ്ദേശിച്ച പേരാണ് നരസിംഹറാവു. ആ പേരുകേട്ട് നെഞ്ചുവേദനയുണ്ടായ പലരുമുണ്ട്. ശരദ് പവാർ, അർജുൻ സിംഗ്, അങ്ങനെ... അന്നു വിചാരിച്ചത് റാവു, ടേം തികക്കില്ലെന്നാണ്. ഒന്നാമത്, ന്യൂനപക്ഷ സർക്കാർ. പോരെങ്കിൽ പവാറിനെപ്പോലുള്ള മാനിപ്പുലേറ്റർമാർ പാളയത്തിൽ. സോണിയ എപ്പോൾ പാകമാകുമെന്ന് പറയാനും വയ്യ. പക്ഷെ റാവു മൗനമായി ഓപ്പറേറ്റുചെയ്തു.

അർജുൻ സിംഗ്

രണ്ടുവാക്ക് പറയേണ്ടിടത്ത് അര. നിഴൽക്കൂത്തിന്റെ ആശാൻ. സത്യത്തിൽ, ഈ മൗനം റാവുവിന്റെ പടച്ചട്ടയായിരുന്നു. ഒപ്പമുള്ളവരും എതിരാളികളും ഒരുപോലെ ഇരുട്ടിലാവും. ആളെപ്പറ്റി അത്ര പിടിയില്ല, ആകെപ്പാടെയൊരു പേടി. ഈ പുകമറയിൽ റാവുവിന്റെ തന്ത്രങ്ങൾ മാത്രമല്ല, മണ്ടത്തരങ്ങളും മുങ്ങിക്കിടന്നു. പല ക്രൂഷ്യൽ സന്ദർഭങ്ങളിലും പ്രത്യേകിച്ചൊരു നിശ്ചയമില്ലായ്മ. ഇൻഡിസിഷൻ കൊണ്ട് തടിതപ്പിയ മറ്റൊരു പ്രധാനമന്ത്രിയുണ്ടോയെന്നു സംശയം. അതിൽ ചിലത് രാജ്യത്തിന് തന്നെ പാരയുമായി. ഉദാഹരണം ബാബരി മസ്ജിദ് പ്രശ്നം. ​

ബാബരി മസ്ജിദിനുമുമ്പായിരുന്നുവല്ലോ സാമ്പത്തിക നയം മാറ്റം. വികസനത്തിലെയും സാമ്പത്തിക നയങ്ങളിലെയും നെഹ്‌റുവിയൻ പാരമ്പര്യത്തെ കുടഞ്ഞെറിയാൻ റാവുവിന് എങ്ങനെയാണ് സാധിച്ചത്?

റാവുവല്ല പ്രധാനമന്ത്രിയെങ്കിൽ അന്നത് സംഭവിക്കുമായിരുന്നില്ല. നെഹ്റുവിയൻ മുക്കുപണ്ടം തട്ടിക്കളയാൻ കോൺഗ്രസിൽ നിന്നുള്ള ഒരു നേതാവും അന്നു തുനിയില്ല. അല്ലെങ്കിൽപ്പിന്നെ നെഹ്റു കുടുംബം പറയണം. ധർമദൈവത്തെ കുടുംബം തള്ളിപ്പറയുമോ? ഒരുപക്ഷെ ബി.ജെ.പി പ്രധാനമന്ത്രിമാർ വല്ലവരും പിൽക്കാലത്ത് അതു ചെയ്യുമായിരുന്നു. ഗത്യന്തരമില്ലാതെയാണ് റാവു പുതിയ ലൈനെടുത്തത്. ആ പരുവത്തിലായിരുന്നു സാമ്പത്തിക നില. 1980കളോടെ തന്നെ രാജ്യം വിദേശവായ്പാകെണിയിൽ പെട്ടുകഴിഞ്ഞിരുന്നു. സർക്കാറിന്റെ നിത്യച്ചെലവഭ്യാസം പോലും ഐ.എം.എഫിന്റെ ആശ്രയത്തിലായി.

ഇവിടെ ഒരു വ്യക്തത വേണം- ലോകബാങ്ക്, ഐ.എം.എഫ് കക്ഷികളുടെ അവതാരോദ്ദേശ്യത്തെപ്പറ്റി. നേരിട്ടുള്ള കോളനി ഭരണം നഷ്ടക്കച്ചോടമാണെന്ന് പടിഞ്ഞാറൻ ശക്തികൾ ഒന്നാം ലോകയുദ്ധം കഴിഞ്ഞപ്പോഴാണ് തിരിച്ചറിയുന്നത്.

നരസിംഹറാവുവും മൻമോഹൻ സിങ്ങും 1993 ജൂലൈ 23ന് ആസൂത്രണ കമ്മീഷൻ യോഗത്തിൽ

കോളനികളിലെ വിഭവങ്ങൾക്കുമേലുള്ള പിടി നിലനിർത്തുന്നതെങ്ങനെ? ആ ആലോചനയിൽ നിന്നാണ് ബ്രട്ടൻവുഡ്സ് സിസ്റ്റത്തിന്റെ പിറവി. അമ്പതുകളോടെ അതിന്റെ രണ്ട് ആയുധങ്ങൾ പിന്നാക്ക രാജ്യങ്ങളിൽ കൈകടത്തിത്തുടങ്ങി- ലോകബാങ്കും ഐ.എം.എഫും. പാവപ്പെട്ട രാജ്യങ്ങളെ വികസിപ്പിക്കാൻ എയ്ഡ് തരുന്നു എന്നാണ് സാത്വിക പ്രഭാഷണം. നടക്കുന്നതോ? നയാപൈസ ക്യാഷായി തരില്ല. പകരം സമ്പന്ന രാഷ്ട്രങ്ങളിലെ കോർപറേഷനുകളുടെയും നോൺ പ്രോഫിറ്റ് സംഘങ്ങളുടെയും ചരക്കുകൾ, സേവനങ്ങൾ കൈപ്പറ്റാം. തിരിച്ചടവാണ് രസം. ക്യാഷായി ഐ.എം.എഫിലടയ്ക്കണം. ഐ.എം.എഫല്ല എയ്ഡ് എന്ന പേരിൽ ചരക്കും സേവനവും തരുന്ന സ്രോതസ്. എന്നാലും അവരാണ് ശരിയായ ഓപ്പറേറ്റർ. എയ്ഡ് പറ്റുന്ന രാജ്യങ്ങളിലെ വിനിമയ നിരക്കിലും പലിശനിരക്കിലും ഓപ്പറേറ്റർ ഇടയ്ക്കിടെ കൈകടത്തും. തിരിച്ചടവായി കിട്ടുന്ന പലിശനിരക്ക് ഉയർത്തി നിർത്താൻ. ശാശ്വതമായി ഉയർന്ന പലിശയടയ്ക്കാൻ മിക്കപ്പോഴും ഈ രാജ്യങ്ങളുടെ പൊതുഖജനാവു തന്നെ ഉപയോഗിക്കേണ്ടിവരും. അങ്ങനെ കാലക്രമത്തിൽ അവരുടെ സമ്പദ് ഘടനകൾ താറുമാറായി. 18ാം നൂറ്റാണ്ടിലെ മർക്കന്റൈലിസം സായ്പ് പുതിയ കുപ്പായത്തിലിറക്കി എന്നർത്ഥം.

ഈ കെണിയിലേക്ക് രാജ്യങ്ങളെ പ്രലോഭിപ്പിക്കാൻ പടിഞ്ഞാറൻ യൂണിവേഴ്സിറ്റികളിലെ സാമ്പത്തിക വിദ്വാൻമാരുടെ പടതന്നെയിറങ്ങി. അത്തരക്കാരുടെ ഇലയെടുപ്പുകാരാവാൻ നമ്മുടെ അക്കാദമിക് ബുജികൾക്ക് ഇന്നു സന്തോഷമല്ലേയുള്ളൂ? ഇന്ത്യയെ സമ്പന്നരാഷ്ട്രമാക്കാൻ ഈ സിദ്ധാന്ത വൈദ്യന്മാർ തന്ന കുറിപ്പടി ലളിതം- ഉപഭോഗവസ്തുക്കളും സേവനങ്ങളും ഇഷ്ടംപോലെ ഇറക്കുമതി ചെയ്യുക, അതിന് ആവശ്യമായ വായ്പയെടുക്കുക; അപ്പോൾ പണപ്പെരുപ്പമുണ്ടാകും, കമ്മി കൂടും. അതൊക്കെ സാമ്പത്തിക പുരോഗതിയുടെ മർമഘടങ്ങളാണത്രേ.

ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷൻ ആറാം പഞ്ചവത്സര പദ്ധതിയിലും ഏഴാം പദ്ധതിയിലും ഈ കുറിപ്പടി തൊണ്ട തൊടാതെ വിഴുങ്ങി. വൈദ്യന്മാർ കൽപിച്ചപോലെ ഉപഭോഗച്ചരക്കുകളുടെ പ്രവാഹമുണ്ടായി. ഒപ്പം പണപ്പെരുപ്പവും. സായ്പ്പിന്റെ ഈ കുറിപ്പടി അതേപടി നടപ്പാക്കിയ വിദ്വാനാണ് അന്നത്തെ റിസർവ് ബാങ്ക് ഗവർണർ. ആറാം പദ്ധതിയുടെ സെക്രട്ടറിയും ഏഴാം പദ്ധതിയുടെ അധ്യക്ഷനും അദ്ദേഹം തന്നെ. ആളിന്റെ പേരുപറഞ്ഞില്ലല്ലോ- ഏതോ ഒരു മൻമോഹൻ സിംഗ്.

എ.ഡി.ബി ഡയറക്ടർ ബോർഡ് അംഗങ്ങൾ 1992 ജനുവരി 27ന് മൻമോഹൻ സിങ്ങിനെ സന്ദർശിച്ചപ്പോൾ

രാജ്യത്തെ പല സാമ്പത്തിക പ്രവർത്തനങ്ങളും നിരോധിക്കുക അല്ലെങ്കിൽ നിയന്ത്രിക്കുക, പല പുതിയ നികുതികളുമടിക്കും- ഇതായിരുന്നു ആറാം പദ്ധതിയിലുടനീളം കണ്ടത്. Commanding height of the Economy must remain with the Public Sector എന്നാണ് സാക്ഷാൽ മൻമോഹൻ അന്ന് പദ്ധതി രേഖയിൽ എഴുതിയത്. ഏഴാം പദ്ധതിയിൽ ഇതേ ലൈൻ വിപുലമാക്കി. ഈ നിലപാടും വലുതാക്കിവന്ന ചെലവിടലും ചേർന്ന് വിദേശകടം അതിഭീമമായി. തിരിച്ചടവ് വൻപ്രതിസന്ധിയിലായി. ആറാം പദ്ധതി കഴിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയിലായിരുന്നു. 1990 കളുടെ തുടക്കമായപ്പോൾ നിൽക്കക്കള്ളിയില്ലാതെ വീണ്ടുമൊരു വായ്പയ്ക്ക് ഐ.എം.എഫിനോട് കെഞ്ചി. ഈ തലേലെഴുത്തിന് സായ്പിനെ പഴിച്ചിട്ടുകാര്യമില്ല. ഇന്ത്യയിലെ അധികാര രാഷ്ട്രീയക്കാർ ഈ ചൂഷണത്തിന് പറ്റിയ അന്തരീക്ഷം ഒരുക്കിക്കൊണ്ടിയിരിക്കുന്നു. ജവഹർലാൽ തുടങ്ങിവെച്ച കലാപരിപാടി മകൾ വിപുലപ്പെടുത്തി. പേരക്കുട്ടി പെരുപ്പിച്ചു. ഓർക്കണം, 1991ൽ രാജീവ്ഗാന്ധി ഇറക്കിയ ഇലക്ഷൻ മാനിഫെസ്റ്റോ ഇതേ ലെഗസി ശക്തിപ്പെടുത്തുമെന്നാണ് വാഗ്ദാനം ചെയ്തത്. റാവു അധികാരമേറ്റപ്പോൾ ഐ.എം.എഫിന്റെ കൽപനകൾ അനുസരിക്കുകയലല്ലാതെ മറ്റൊരു വഴിയില്ല. സായ്പിന്റെ തിട്ടൂരങ്ങൾക്ക് റിഫോം പ്രോസസ് എന്ന് ഓമനപ്പേരിട്ടെന്നുമാത്രം. പാരഡൈം ഷിഫ്റ്റ് തന്നെയാണ് നടപ്പായത്, സംശയമില്ല.

സാമ്പത്തിക പരിഷ്‌കാരം എന്ന് വിശേഷിപ്പിക്കപ്പെട്ട നയംമാറ്റത്തിന്റെ ആർക്കിടെക്റ്റ് എന്നാണ് മൻമോഹൻ സിങ് ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. 1991 ജൂലൈ 24ന് മൻമോഹൻസിങ് തന്റെ ആദ്യ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്​ ഇതാണ്​: ''I do not minimise the difficulties that lie ahead on the long and arduous journey on which we have embarked. But as Victor Hugo once said, "no power on earth can stop an idea whose time has come.' I suggest to this august House that the emergence of India as a major economic power in the world happens to be one such idea. Let the whole world hear it loud and clear. India is now wide awake. We shall prevail. We shall overcome.''
കഴിഞ്ഞ ജൂലൈ 24ന് തെലങ്കാന കോൺഗ്രസ് യൂണിറ്റ് സംഘടിപ്പിച്ച, നരസിംഹറാവുവിന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനത്തിന്​ നൽകിയ സന്ദേശത്തിൽ, മൻമോഹൻസിങ് സാമ്പത്തിക പരിഷ്‌കാരത്തിന്റെ പിതൃത്വം റാവുവിനുമേൽ ചാർത്തിക്കൊടുക്കുന്നുണ്ട്. മൻമോഹനോ റാവുവോ? ആരാണ് പ്രതി?

മൻമോഹൻ സിംഗിന്റെ റോൾ എന്തായിരുന്നെന്ന് കൃത്യമായറിയാൻ ഇപ്പറയുന്ന റിഫോം പ്രോസസ് വകതിരിച്ചറിയണം. രണ്ട് കംപാർട്ട്മെന്റുകളാണ് റിഫോമിനുണ്ടായിരുന്നത്- ലിബറലൈസേഷനും ഗ്ലോബലൈസേഷനും. ലിബറലൈസേഷൻ കൈകാര്യം ചെയ്തത് കേന്ദ്ര വ്യവസായവകുപ്പാണ്. മറ്റേത് ധനവകുപ്പ്. ഇതിൽ ധനവകുപ്പിന്റെ നയപരിപാടികളാണ് ഐ.എം.എഫിന്റെ കൽപനകൾ പ്രകാരമുള്ളത്. എന്നുവെച്ചാൽ അവരുടെ പാർട്നർ കമ്പനികളുടെ താൽപര്യപ്രകാരമുള്ളത്.

മൻമോഹൻ സിങ് ഐ.എം.എഫ്/ലോകബാങ്ക് ഏജൻസിഷിപ്പിന്റെ മികച്ച ടൂൾ ആയിരുന്നുവെന്ന വിമർശനം അന്നേ ഉണ്ടായിരുന്നു.

സത്യത്തിൽ കാബിനറ്റിൽ മൻമോഹൻ ഒരു സർപ്രൈസ് എൻട്രിയായിരുന്നു. നെഹ്റൂവിയൻ സോഷ്യലിസത്തിൽ നിന്ന് പാടേ മാറാനുള്ള പണിയാണ് റാവു അവതരിപ്പിക്കുന്നതെന്ന് സർദാർജിക്കറിയില്ല. ഐ.എം.എഫിന്റെ നയങ്ങൾ നടപ്പാക്കുകയാണെന്നാണ് ടിയാൻ ധരിച്ചത്. അത് ആദ്യ ബജറ്റ് പ്രസംഗം നോക്കിയാൽ മനസ്സിലാകും. മാർക്കറ്റ് സിസ്റ്റത്തിന്റെ ഭാഗമായവരെ മാത്രം സേവിക്കാനേ മാർക്കറ്റുകൾക്കു പറ്റൂ എന്ന് പച്ചക്കാണ് പറഞ്ഞിരിക്കുന്നത്. വിദേശ കമ്പനികളെ പ്രീതിപ്പെടുത്തുന്നതിലായിരുന്നു പ്രസംഗത്തിന്റെ ഫോക്കസത്രയും. ഇന്ത്യക്കുള്ള മെച്ചമെന്തെന്ന് കമാന്ന് മിണ്ടാട്ടമില്ല. മുൻ ലോകബാങ്ക് ഉദ്യോഗസ്ഥനും റിസർവ് ബാങ്കിലിരിക്കെ ഐ.എം.എഫ് വ്യവസ്ഥകൾ അപ്പാടെ അനുസരിക്കുകയും ചെയ്ത വിശ്വസ്തനാണ് മൻമോഹൻ. ഈ ട്രാക്ക് റെക്കോർഡാണ് ആളെ ധനമന്ത്രിയാക്കാൻ റാവുവിനെ പ്രേരിപ്പിച്ചത്. ഇംഗിതവും വ്യക്തമായിരുന്നു- തുടർന്നും ഐ.എം.എഫിന്റെ വ്യവസ്ഥകൾ ഭംഗിയായി നടപ്പാക്കാൻ ഒരു കയ്യാൾ. അതാണ് വിശ്വസ്തൻ ചെയ്തതും. ഗ്ലോബലൈസേഷൻ ഭാഗം അങ്ങനെ പോയി.

അപ്പോൾ ലിബറലൈസേഷന്റെ പാചകപ്പുരയിലെ പരികർമി ആരായിരുന്നു?

സാക്ഷാൽ പ്രധാനമന്ത്രി നേരിട്ടാണ്​ ലിബറലൈസേഷൻ പണി എടുത്തത്. വ്യവസായ വകുപ്പ് റാവു കയ്യിൽവച്ചതു തന്നെ അതിനാണ്. പല ലൈസൻസുകളും ഒറ്റയടിക്ക് റദ്ദാക്കി. അതിന്റെ പ്രതിഫലനം പെട്ടെന്നു പ്രകടമായി. ഉദാഹരണത്തിന്, രാജ്യത്തെ വണ്ടി വിപണി ഉഷാർ. ക്വാളിറ്റിക്ക് പുല്ലുവില കൊടുക്കാതെ ചടാക്കുവണ്ടികളിറക്കിവന്ന ഇന്ത്യൻ കമ്പനികൾ കോംപറ്റീഷൻ വന്നതോടെ സ്വയം മെച്ചപ്പെടുത്താൻ തുടങ്ങി. അതിനു മെനക്കെടാത്തവ പൂട്ടിക്കെട്ടി. സോഫ്റ്റുവെയർ വ്യവസായമാണ് കൊടികെട്ടിയത്. കാരണം, ആ മേഖലയിൽ ഐ.എം.എഫിന്റെ പാട്നർ കമ്പനികൾ തീരെയില്ലായിരുന്നു.

അതായത്, റാവുവിന്റെ ഏകാംഗനാടകമായിരുന്നുവോ ഇത്?

സാമ്പത്തിക നയം റാഡിക്കലായി മാറ്റിക്കളഞ്ഞത് നരസിംഹറാവു തന്നെയാണ്. അതിൽ പാർട്ടിക്കോ ഹൈക്കമാൻഡിനോ കാബിനറ്റിനോ പങ്കില്ല. പാർലമെന്റ് വെറും നോക്കുകുത്തി. ഗ്ലോബലൈസേഷൻ പണിയിൽ ഐ.എം.എഫ് കൽപനകൾ നടപ്പാക്കാൻ പറ്റിയ വിശ്വസ്തനായ ഒരു ബ്രട്ടൻവുഡ്സ് ബ്യൂറോക്രാറ്റിനെ റാവു വച്ചു- അത്രേയുളളൂ മൻമോഹന്റെ റോൾ.

ഹൈദരാബാദിലേക്ക് കൊണ്ടുപോകാനായി നരസിംഹറാവുവിന്റെ മൃതദേഹം സൈന്യം ഡൽഹിയിലെ പാലം എയർപോർട്ടിലെത്തിച്ചപ്പോൾ

അനഭിമതനായപ്പോൾ റാവുവിന്റെ പേര് ചരിത്രത്തിൽ നിന്ന്​ തൂത്തുമായ്ക്കാൻ സർദാർജിയുടെ പേര് സൂപ്പർ ഇംപോസ് ചെയ്തു. അത് ഡൈനസ്റ്റി പൊളിറ്റിക്സിന്റെ തറവേല. മരിച്ചപ്പോൾ ഈ മുൻ പ്രധാനമന്ത്രിയെ അടക്കാൻ ഒരു തുണ്ടു ഭൂമി കൊടുത്തില്ല, ഡൽഹിയിൽ. എ.ഐ.സി.സി ആസ്ഥാനത്ത് പതിവു പൊതുദർശനം വരെ വിലക്കി. ഒടുവിൽ, ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ കുടുംബക്കാർ മാത്രം. റാവുവിന്റെ ഓർമ പോലും റദ്ദാക്കുകയായിരുന്നു.

ഒരു രാജ്യത്തിന്റെ ജനജീവിതത്തെയാകെ നിർണായകമായി സ്വാധീനിക്കുന്ന നയംമാറ്റം ഒരു വ്യക്തിയുടെ മാത്രം ഇടപെടലായി എങ്ങനെയാണ് വ്യാഖ്യാനിക്കാനാകുക? പ്രത്യേകിച്ച്​, ആഗോളീയമായി തന്നെ സാമ്പത്തികരംഗം വലിയ പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്ന ഒരു കാലത്ത്.

ഏതു സമൂഹത്തിന്റെയും ഡൈനമിക്സിൽ രാഷ്ട്രീയമുണ്ട്, സാമ്പത്തികമുണ്ട്. രണ്ടും തമ്മിൽ ഒരു ബലാബലവുമുണ്ട്. ഏതിനാണ് മുൻതൂക്കം എന്നതിനുസരിച്ചാവും സമൂഹത്തിന്റെ പോക്ക്. രാഷ്ട്രീയമാണ് സമ്പദ്ഘടനയെ നയിക്കുന്നതെങ്കിൽ അങ്ങനെ. അതല്ല, സാമ്പത്തികമാണ് ഡ്രൈവിങ് സീറ്റിലെങ്കിൽ രാഷ്ട്രീയം പിന്നോട്ടു നിൽക്കും. ഇതൊരു സ്റ്റാറ്റിക് പ്രതിഭാസമൊന്നുമല്ല. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുമ്പോൾ സാമ്പത്തികതക്കായിരുന്നു തീർത്തും മുൻതൂക്കം. അതിനെതിരെ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുകയാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം ചെയ്തത്. സാമ്പത്തികതയും രാഷ്ട്രീയവും തമ്മിലുള്ള ഈ വടംവലി വ്യക്തമാകണമെങ്കിൽ പൗരസമൂഹത്തെ നിർമിക്കുന്ന രണ്ടു പ്രധാന ചേരുവകളറിയണം. ഒന്ന്, ഇൻക്ലൂഷൻ. ആരൊക്കെയാണ് പൗരസമൂഹത്തിൽ ലെജിറ്റിമേറ്റായ അംഗത്വമുള്ളവർ? അങ്ങനെയുള്ള ഉൾപ്പെടുത്തലാണ് ഈ ചേരുവയുടെ പരിധിയിൽ വരിക. മറ്റേത്, ഇങ്ങനെ ഉൾപ്പെടുത്തിയ അംഗങ്ങൾക്കിടയിലെ വിഭവങ്ങളുടെ വിതരണക്കാര്യമാണ്.

ബ്രിട്ടീഷുകാർ പോയപ്പോൾ ഡെവലപ്പ്മെന്റൽ സ്റ്റേറ്റ് എന്ന രൂപത്തിൽ സാമ്പത്തികതക്ക് മുൻതൂക്കമുണ്ടാക്കാനാണ് ഇവിടെ ശ്രമിച്ചത്. ഇൻക്ലൂഷൻ പ്രശ്നമൊക്കെ പരിഹരിച്ചുകഴിഞ്ഞു, ഇനി വിതരണ പ്രശ്നം ശരിപ്പെടുത്തിയാൽ മാത്രം മതിയെന്ന മട്ടിലായി കാര്യങ്ങൾ. പല ജനവിഭാഗങ്ങളും നിയതമായ വിധത്തിന്റെ തുല്യതയോടെ പൗരാവലിയിൽ ഉൾപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. ഒരു ഭരണഘടന എഴുതി മേശപ്പുറത്തുവെച്ചതുകൊണ്ട് ചരിത്രപരമായി നിലനിൽക്കുന്ന ഭ്രഷ്ടും പുറമ്പോക്കു ജീവിതവും മാറില്ല. മാത്രമല്ല, ഇൻക്ലൂഷൻ പ്രശ്നം പരിഹരിച്ചാൽ മാത്രമേ വിതരണക്കാര്യം ഭംഗിയാവൂ. പുതുതായി സ്വാതന്ത്ര്യം കിട്ടിയ മനുഷ്യർക്ക് വലിയ പ്രതീക്ഷയായിരിക്കും ഭരണത്തിൽ. കാര്യക്ഷമതയുണ്ടാകും, സദ്ഭരണമായിരിക്കും എന്നൊക്കെ അവർ പ്രതീക്ഷിക്കും. നീതിയും തുല്യതയും ജീവിതാവശ്യങ്ങളും സ്വാഭാവികമായിത്തന്നെ ഭരണത്തിൽ നിന്നുണ്ടാവും എന്നവർ വിശ്വസിക്കും. ഇത്തരം പ്രതീക്ഷകൾ അടിസ്ഥാനപരമായി രാഷ്ട്രീയപരമാണ്. സ്റ്റേറ്റ് മുൻതൂക്കം നൽകിവരുന്ന സാമ്പത്തികതയെ ഇപ്പറഞ്ഞ രാഷ്ട്രീയത കയറി അളക്കും. മുന്നോട്ടുപോകുന്തോറും അത് കൂടിക്കൂടിവരും. റിയാലിറ്റിയും പ്രതീക്ഷയും തമ്മിലുള്ള അകലം കൂടുക തന്നെ ചെയ്തു. അറുപതുകളിൽ അത് വലിയ ഭിന്നതകൾക്കു വഴിവെച്ചു. വിചാരിച്ച മാതിരിയൊന്നും കാര്യങ്ങൾ നടക്കുന്നില്ലെന്ന തോന്നൽ പല ജനവിഭാഗങ്ങളുടെയും അസ്വസ്ഥത കൂട്ടി. അതങ്ങനെ പെരുകി തെരുവിലേക്കിറങ്ങി. ഭരണകൂടം കൗണ്ടർ മൂവ് നടത്തി. അതാണ് അടിയന്തരാവസ്ഥയിൽ കൊണ്ടെത്തിച്ചത്.

മൻമോഹൻ സിങ് 1991-92 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു

അടിയന്തരാവസ്ഥക്കാലത്ത് സാമ്പത്തികത വീണ്ടും മേൽക്കൈ നേടി. മധ്യവർഗങ്ങൾക്ക് വലിയ ആവേശമായി. തീവണ്ടികൾ സമയത്തിനോടുന്നു, പണിമുടക്കില്ല, പളളിക്കൂടത്തിന് അവധിയില്ല, കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമില്ല, അക്രമികളൊക്കെ മുങ്ങി... ഇങ്ങനെ, രാഷ്ട്രീയം പാടേ അടിപ്പെട്ടുപോയതിന് സമൂഹം വലിയ വില കൊടുക്കേണ്ടിവന്നു- പൗരസ്വാതന്ത്ര്യങ്ങൾ ഫ്രീസറിലായി, സർവാധിപത്യം നാടുവാണു. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ ഇതൊക്കെ എല്ലാവർക്കും മനസ്സിലായതാണ്. എന്നിട്ടും ഡെവലപ്പ്മെന്റൽ സ്റ്റേറ്റിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ ആരും മെനക്കെട്ടില്ല. പരിഹാരം സ്ഥിരമായി മാറ്റിവെച്ചുകൊണ്ടിരുന്നു. ഇൻക്ലൂഷൻ പ്രശ്നം പെരുത്തു. വിതരണ പ്രശ്നം ഒരു വഴിക്കായി. വളർന്നുകൊണ്ടിരുന്ന നിഴൽ മറയ്ക്കാൻ അതിന്മേൽ ടൺകണക്കിന് മണലിട്ടുകൊണ്ടിരുന്നു- വിദേശക്കടം പറ്റിയുള്ള നീക്കുപോക്കുകൾ. ആ പോക്കാണ് ഒടുവിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ രാജ്യത്തെ പടുകുഴിയിലെത്തിച്ചത്.

വി.പി. സിങ്ങിന്റെ കാലത്ത് റൂറൽ- ബാക്ക്‌വേഡ് ക്ലാസ് രാഷ്ട്രീയം നേടിയെടുത്ത സ്പെയ്​സ്​ അർബൻ മിഡിൽ ക്ലാസിന്റെ ജനാധിപത്യവിരുദ്ധമായ സംഘാടനത്തിലേക്ക് വഴിവച്ചതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ വർഗത്തെ പാലൂട്ടിയിരുന്ന ബിസിനസ് കമ്യൂണിറ്റിയുടെ Elite Revolt ആണ് മൻമോഹൻസിങ്ങിന്റെ ആദ്യ ബജറ്റിനെ തന്നെ രൂപപ്പെടുത്തിയതെന്നും പറയാം. ഒപ്പം, ജനാധിപത്യപ്രക്രിയയിലേക്ക് യഥാർഥ അവകാശികൾ കെട്ടഴിഞ്ഞുവന്ന് അതിന്റെ ‘തനിമ'ക്കേൽപ്പിച്ച തകർച്ച, ഫെഡറലിസത്തിലുണ്ടായ മാറ്റങ്ങൾ...അങ്ങനെ നിരവധി ആന്തരിക സംഭവവികാസങ്ങളും ഇതോടൊപ്പം ചേർത്തുവെക്കാമെന്നുതോന്നുന്നു.

ശരിയാണ്. ഈയൊരർഥത്തിൽ, 1991ലെ നയംമാറ്റം യഥാർത്ഥത്തിൽ ഫിനാൻസ് കാപ്പിറ്റലിന്റെ ആഗോളരാഷ്ട്രീയം കൊണ്ടുമാത്രം സംഭവിച്ചതല്ല എന്ന് പറയേണ്ടിവരും. അതിൽ, ഈ പറഞ്ഞതുപോലത്തെ വ്യക്തമായ ഇന്ത്യൻ പിന്നണിയുമുണ്ട്. അതിൽ ഒരു നിർണായക ഘടകം രാഷ്ട്രീയത്തിനുണ്ടായ ജീർണതയാണ്. പലവിധത്തിലാണുണ്ടായത്. ഒന്ന് ഭരണഘടനാപരമായുള്ള രാഷ്ട്രീയ പ്രക്രിയയെ അട്ടിമറിച്ച സംഭവങ്ങൾ- തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പുറത്താക്കുന്ന പ്രവർത്തനം തൊട്ട് സാക്ഷാൽ അടിയന്തരാവസ്ഥ വരെ. രണ്ട്, ഘടനാപരമായ പ്രശ്നങ്ങൾ- രാഷ്ട്രീയവും ഇലക്ഷനും കാശിന്റെ പിടിയിലായതും ക്രിമിനൽവൽക്കരണവും മറ്റും. മൂന്ന്, പൊതുജീവിതത്തിന്റെ ആർബിട്രേറ്ററാകാൻ സാമ്പത്തികതയോട് രാഷ്ട്രീയം മത്സരിക്കുന്നതിന്റെ പ്രശ്നങ്ങൾ. അതിൽ രാഷ്ട്രീയത്തിനു തന്നെ സംഭവിച്ച പ്രകൃത പരിണാമം- സാമൂഹ്യസേവനം എന്ന നിലയിൽ നിന്ന് തൊഴിൽ എന്ന നിലയിലേക്ക്, തൊഴിൽ പിന്നെ ബിസിനസാകുന്നു, അങ്ങനെയങ്ങനെ...

സാമ്പത്തിക നയംമാറ്റം രാഷ്ട്രീയത്തിൽ എന്ത് പ്രത്യാഘാതമാണുണ്ടാക്കിയത്?

അത് രണ്ടു തലത്തിലാണ്. ഒന്ന്, പൊളിറ്റിക്കൽ സ്പെക്ട്രത്തിലെ സകല കക്ഷികളും ഈ നയം ചുമക്കാൻ ബാധ്യസ്ഥരായി. മിക്കവർക്കും അതിൽ സന്തോഷമേയുള്ളൂ. ഇടതുപക്ഷകക്ഷികൾക്കാണ് വൈക്ലബ്യമുണ്ടായത്. ബദൽനയം പറയുന്ന അവരുപോലും ഭരണത്തിലെത്തിയാൽ ഇതേ ലൈൻ തന്നെ. നിലവിലുള്ള അധികാരഘടനയിൽ അതേ പറ്റൂ. ദേശീയ നയത്തിനുള്ളിൽ നിന്ന് ബദൽശ്രമം ഒരു വിഷ്ഫുൾ തിങ്കിംഗ് മാത്രമാണ്. മദയാനയെ മോരുകുടിപ്പിച്ചു തളച്ചുകളയുമെന്ന ഭീഷണി. പോകെപ്പോകെ ബദൽമോഹികളും നിയോലിബറൽ സ്വഭാവക്കാരായി മാറാതിരുന്നാൽ കൊള്ളാം.

യഥാർഥത്തിൽ, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയപ്രക്രിയയിൽ നിർവീര്യമാക്കപ്പെടുകയും എൺപതുകളിൽ തന്നെ പ്രസക്തി റദ്ദാക്കപ്പെടുകയും ചെയ്ത കോൺഗ്രസിന്റെ രാഷ്ട്രീയാസ്തിത്വത്തെ ഈ സാമ്പത്തിക നയംമാറ്റം എങ്ങനെയാണ് ബാധിച്ചത്?

കോൺഗ്രസിനെ സംബന്ധിച്ച് ഈ നയം രാഷ്ട്രീയമായ ആത്മഹത്യയായിരുന്നു. കാരണം, ഇത് ഒന്നാംക്ലാസ് വലതുപക്ഷ സാമ്പത്തിക നയമാണ്. കോൺഗ്രസിന്റെ പാരമ്പര്യവേഷം തന്നെ സെൻട്രിസ്റ്റ് കുപ്പായമാണല്ലോ. അതങ്ങോട്ട് ഊരിക്കളയുന്നു എന്നു പറയില്ല. പകരം, ജന്മിയേയും കുടിയാനേയും പുറമ്പോക്കുകാരനെയും സമന്വയിപ്പിച്ച്​ സൗഖ്യപ്പെടുത്തുമെന്നാണ് ഭാവാഭിനയം. പുതിയ നയപ്രകാരം വികസനം ആദ്യമെത്തുക അങ്ങ് മുകൾത്തട്ടിലാണ്. അതുപിന്നെ അരിച്ചരിച്ച് അടിത്തട്ടിലേക്കിറങ്ങുമെന്ന് ട്രിക്ക്ൾഡൗൺ സിദ്ധാന്തവും പറയും. ഈ ജാതി വളച്ചുകെട്ടൊന്നുമില്ലാതെ ലക്ഷണമൊത്ത ഒരു വലുതപക്ഷ കക്ഷി കൺമുന്നിലുണ്ടെങ്കിലോ? അവരുടെ രാഷ്ട്രീയത്തിനും ഈ പുതിയ സാമ്പത്തികതക്കും പത്തിൽ പത്തു പൊരുത്തം. പഴയ കോൺഗ്രസിസം പിഴുതുപോയപ്പോഴുണ്ടായ വാക്വമുണ്ടല്ലോ, അച്ചുതണ്ടു സ്ഥാനത്ത്? അതിലേയ്ക്ക് കയറിപ്പറ്റാൻ ബി.ജെ.പിക്ക് ഇതിൽപരമൊരു എളുപ്പവഴിയുണ്ടോ? അല്ലെങ്കിൽത്തന്നെ മൂർധന്യത്തിലെത്തിയിരുന്നു, അയോധ്യാ പ്രസ്ഥാനം. റാവു നടപ്പാക്കിയ സാമ്പത്തിക നയംമാറ്റം ഇന്ത്യൻ വലതുപക്ഷത്തിന് ഫ്രീയായി കിട്ടിയ ഉന്തായി.

കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് പുതിയ മാർക്കറ്റ് ഇക്കോണമി എന്തുമാറ്റമുണ്ടാക്കി?

ഈ നയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന പ്രകൃതങ്ങളെ അവഗണിക്കുന്നു. വലിയ തോതിൽ പട്ടിണി ഇവിടെയുണ്ട്, പല തരത്തിലുള്ള ദാരിദ്ര്യങ്ങളുമുണ്ട്. ജനവിഭാഗങ്ങൾ പലതും മാർക്കറ്റ് ഇക്കോണമിയുടെ ഫൾക്രമായ മാർക്കറ്റ് മേഖലക്ക് പുറത്താണ്. ആ തട്ടകത്തിലേക്ക് ഉന്തിക്കയറ്റാൻ അത്ര ചെറുതല്ല ഇപ്പുറത്തെ ജനവിഭാഗങ്ങൾ. അവർ ഒരേ നരകത്തിൽകെട്ടാൻ പറ്റിയ കന്നാലികളുമല്ല. അതിസങ്കീർണമാണ് കാര്യങ്ങൾ. സ്വാഭാവികമായും നമ്മൾ മുമ്പു പറഞ്ഞ ആ ഇൻക്ലൂഷൻ പ്രശ്നം അക്യൂട്ടാവും. കമ്യൂണിറ്റികളായി സംരംഭങ്ങൾ നടത്തുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അതൊക്കെ തകരുന്നു. പ്രകൃതിയോടു ചേർന്നു ജീവിച്ചുപോകുന്ന രീതിയാണ് അടുത്ത പ്രശ്നം. പ്രകൃതിയെ കീഴടക്കി പരമാവധി വസൂലാക്കുന്നതാണ് നവലിബറൽ ഇക്കോണമിയുടെ സാധാരണ രീതി തന്നെ. പരിസ്ഥിതി വിരുദ്ധമാണ് അതിന്റെ ഉപഭോഗ പാറ്റേൺ.

രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും, 1985ൽ മധ്യപ്രദേശ് സന്ദർശിച്ചപ്പോൾ/Photo INC Twitter

ആ വികസന സങ്കൽപം തന്നെ കൂടുതൽ കൂടുതൽ ഉപഭോഗം എന്ന കമ്പോളയുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉപഭോഗം കൂട്ടിക്കൊണ്ടിരിക്കുന്നതിലാണ് കമ്പോളത്തിന്റെ ആയുരാരോഗ്യം. ജനപ്പെരുപ്പമുള്ള ഇന്ത്യയിൽ ഈ ഉപഭോഗപ്പെരുപ്പമുണ്ടാക്കുന്ന ഭൗതികപ്രശ്നങ്ങൾ ഒരുവശത്ത്. പല മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും കമ്പോളം കവരും. അല്ലെങ്കിൽ കമ്പോള വ്യവസ്ഥതിയ്ക്കുവേണ്ടി കളയേണ്ടിവരും. ദല്ലാൾ മാത്രമായി ചുരുങ്ങിപ്പോവുന്ന സർക്കാർ ഒന്നും ചെയ്യില്ല. തന്നെയല്ല ദല്ലാളിന്റെ ശരിയായ കൂറ് കമ്പോളത്തോടാണ്. ഇങ്ങനാവുമ്പോൾ പൗരന്റെ ശക്തികൾ ഒന്നൊന്നായി നഷ്ടപ്പെടും. ഉൽപാദനത്തിന് എഫിഷ്യന്റായ സെറ്റപ്പൊക്കെ ഈ സാമ്പത്തിക രീതി ഉണ്ടാക്കിത്തരും. കാഴ്ചയ്ക്ക് കമനീയമായ ചുറ്റുപാടുകൾ സൃഷ്ടിക്കും. പക്ഷെ അതെല്ലാം മനുഷ്യന്റെ അധ്വാനത്തെ ഒരു ചരക്കായി മാറ്റിക്കൊണ്ടാണ്. വാങ്ങാനും വിൽക്കാനുമുള്ള ഉരുപ്പടി.

സ്വയമൊരു ചരക്കായി നിന്നു കൊഴുക്കുന്ന വ്യക്തിക്ക് കമ്പോളം ഒരുട്ടോപ്യ ഒരുക്കിക്കൊടുക്കും. അതിനുള്ളിൽ ജീവിക്കുക അയാൾക്ക് അസാധ്യമാവും. കാരണം, പാടേ അരാഷ്ട്രീയമായ ഒരു ലോകമാണത്. അപ്പോൾ മനുഷ്യന്മാര് ഈ പോക്കിൽ ചെറിയൊരു കൺട്രോളെങ്കിലും കൈവരുത്താൻ നോക്കും. ഫലം സംഘർഷം. പൗരന് സ്ഥിരമായി അങ്കം വെട്ടേണ്ടിവരുന്നു, സ്വന്തം അവകാശങ്ങൾക്കുവേണ്ടി, കേവല സ്വാതന്ത്ര്യങ്ങൾക്കുവേണ്ടി, നിലനിൽപിനുവേണ്ടി. ഒന്നു പൗരനായിക്കഴിയാൻ സ്ഥിരമായി ഫൈറ്റ് ചെയ്യേണ്ടിവരുന്ന പൗരജീവിതം. അതല്ലേ നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്?

മാർക്കറ്റ് ഇക്കോണമിയുണ്ടാക്കിയ സാമ്പത്തിക അസമത്വത്തോട് ചേർത്തുവെക്കാവുന്ന ഒന്നാണ് ഹിന്ദുത്വ വർഗീയത പൗരസമൂഹത്തിൽ സൃഷ്ടിച്ച ആഘാതം. ഗാന്ധിവധത്തോളമോ അതിനേക്കാളേറെയോ പ്രത്യാഘാതമുണ്ടാക്കിയതെന്ന് വിശേഷിപ്പിക്കപ്പെട്ട ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്ത് ഒരു കോൺഗ്രസുകാരനായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി എന്നത് ചരിത്രത്തിന്റെ എന്തുതരം പരിണാമമായിരുന്നു?

91ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം പിടിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ഇടയ്ക്കുവെച്ച് രാജീവ് കൊല്ലപ്പെട്ടതാണ് അതു തടഞ്ഞത്. ലോക്​സഭയിൽ അന്നു കിട്ടിയത് 120 സീറ്റ്. പക്ഷെ ഹിന്ദി ഹൃദയഭൂമി അവർ നേരത്തെ പിടിച്ചുകഴിഞ്ഞിരുന്നു- യു.പി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, പിന്നെ ഹിമാചലും. അയോധ്യാ ഹിസ്റ്റീരിയ തന്നെ കാരണം. 1991ലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ചരിത്രത്തിലാദ്യമായി കേന്ദ്രം ഒരു കക്ഷിയും യു.പി വേറൊരു കക്ഷിയും ഭരിക്കുന്ന നിലയുണ്ടായി. യു.പി കയ്യിലായതോടെ ആർ.എസ്.എസിനു തിടുക്കമായി. അങ്ങനെയാണ് വീണ്ടും കർസേവയും രഥയാത്രയും ഏർപ്പാടാക്കുന്നത്. രഥത്തിൽ അദ്വാനി തന്നെ. സാരഥി നരേന്ദ്രമോദി. ഒരു കാര്യം ഉറപ്പായിരുന്നു- തടയുന്നെങ്കിൽ അത് കേന്ദ്രത്തിലുള്ള റാവു സർക്കാറായിരിക്കും, രഥം പോകുന്ന സംസ്ഥാനങ്ങളൊക്കെ ബി.ജെ.പിയുടെ കസ്റ്റഡിയിലാണ്. വി.പി സിംഗ് ചെയ്ത മാതിരി റാവു ചെയ്യുമോ?

എൽ.കെ. അദ്വാനി രഥയാത്രക്കിടെ/ Photo: The Hindu

കല്യാൺസിംഗിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് 1992 ജൂലൈയിൽ തന്നെ റാവുവിന് ഉപദേശം കിട്ടിയതാണ്. ചെയ്തില്ല. പകരം, പല ഹിന്ദുഗ്രൂപ്പുകളുമായി രഹസ്യ ചർച്ച. പള്ളി പൊളിക്കാതെ തർക്കഭൂമിയിൽ എന്തുമായിക്കൊള്ളൂ. അങ്ങനെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ കെഞ്ചൽ. ഒക്ടോബർ 30ന് വി.എച്ച്.പി ഒരു വെടിപൊട്ടിച്ചു: ഡിസംബർ ആറിന് കർസേവ. എവിടെ? തർക്കഭൂമിയോട് തൊട്ടുചേർന്ന് യു.പി സർക്കാർ ഏറ്റെടുത്ത മണ്ണിൽ. പള്ളി തൊടില്ല. അതിനു തൊട്ടുമുമ്പിൽ പ്രതീകാത്മക പൂജ മാത്രം. എന്നുവെച്ചാൽ, ആയിരക്കണക്കിന് കർസേവകർ പള്ളിമുറ്റത്തു കയറിയിരിക്കുമെന്നർത്ഥം. പൂജാവേദിക്ക് ചുറ്റും തിരയുമ്പോൾ പള്ളിമുറ്റം ഒഴിവാക്കാനാവില്ലല്ലോ.
അതോടെ റാവു ഹോം സെക്രട്ടറി മാധവ് ഗോഡ്ബോലെയെ വിളിക്കുന്നു. പള്ളി

ഏറ്റെടുക്കാൻ ഒരു കണ്ടിജൻസി പ്ലാനുണ്ടാക്കാൻ കൽപന. വൈകാതെ പ്ലാൻ തയ്യാറാവുന്നു. കേന്ദ്രസേനയെ വിന്യസിച്ച് പണി ഏറ്റെടുക്കാം. പക്ഷെ അതിനു മുമ്പായി യു.പിയിൽ കേന്ദ്രഭരണം പ്രഖ്യാപിക്കണം. ഇതിനു രണ്ടിനുമിടക്ക് ഒരു ചെറിയ വൾനറബിൾ ഘട്ടമുണ്ട്. അന്നേരത്തും പണി സംരക്ഷിക്കാൻ മറ്റൊരു ഓപ്പറേഷനും പ്ലാനിലുണ്ട്. നവംബർ നാലിനാണ് ഗോഡ്ബോലെ ഈ പ്ലാൻ കൊടുക്കുന്നത്. നവംബർ 24നകം കേന്ദ്രഭരണം ഏർപ്പെടുത്തിയിരിക്കണം എന്നാണ് അതിനെ നിർദ്ദേശം. എന്നുവെച്ചാൽ റാവുവിന് ശേഷിച്ചത് 20 ദിവസം മാത്രം.

റാവു ഉടനെ സൂപ്പർകാബിനറ്റ് വിളിച്ചു- സി.സി.പി.എ (കാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫേയേഴ്സ്). ആർട്ടിക്കിൾ 356 വച്ച് യു.പി സർക്കാറിനെ പിരിച്ചുവിടുന്നത് ലെജിറ്റിമേറ്റായിരിക്കുമോ? യോഗത്തിൽ റാവു ആവർത്തിച്ചു ചോദിച്ചു. കാരണം, സർക്കാറിനെ പുറത്താക്കാൻ പറ്റിയ സാഹചര്യമുണ്ടായിക്കഴിഞ്ഞിട്ടുവേണം ഈ വകുപ്പെടുത്തു പ്രയോഗിക്കാൻ. അല്ലാതെ, അങ്ങനെയൊരു സാഹചര്യമുണ്ടാകാനിടയുണ്ട് എന്നു പറഞ്ഞ് പ്രീ എംപ്റ്റീവ് സൂത്രമായി പ്രയോഗിക്കാൻ പറ്റില്ല. അതുതന്നെ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരും പറഞ്ഞു. ലോ സെക്രട്ടറി പി.സി. റാവുവും പറഞ്ഞു. അർജുൻസിങ് പിൽക്കാലത്ത് നുണ അടിച്ചിറക്കിയിട്ടുണ്ട്- ശക്തമായ നടപടി ഉടനെടുക്കണമെന്ന് താനാവശ്യപ്പെട്ടെന്നും റാവു അതു കേട്ടില്ലെന്നും.

കല്ല്യാൺ സിംഗ് / Photo: Wikimedia Commons

സി.സി.പി.എ മിനുട്സിൽ അങ്ങനെയൊന്നുമില്ല. അർജുൻ സിംഗിനെക്കൂടാതെ പവാറും എസ്.ബി ചവാനും മൻമോഹൻ സിംഗും യോഗത്തിൽ പങ്കെടുത്തു. പള്ളിക്ക് കുഴപ്പം വരാതെ നോക്കണമെന്നല്ലാതെ കല്ല്യാൺസിംഗിനെ പുറത്താക്കണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, 356 പ്രയോഗിക്കുന്നതിന് റാവു മന്ത്രിസഭ തയ്യാറല്ലായിരുന്നു. നവംബർ ഒടുവിൽ, വീണ്ടും സി.സി.പി.എ യോഗം ചേർന്നു. റാവു അപ്പോൾ സെനെഗൽ ടൂറിലാണ്. തന്റെ അസാന്നിധ്യത്തിലും മന്ത്രിമാർക്ക് വേണമെങ്കിൽ രാഷ്ട്രപതിഭരണം തീരുമാനിക്കാമെന്നു പറഞ്ഞിട്ടാണ് പോയത്. കൂട്ടുത്തരവാദിത്തം ഉണ്ടാക്കാനുള്ള ആ ടെക്നിക്കും ഏശിയില്ല. പ്രത്യേകിച്ചൊരു തീരുമാനവുമില്ലാതെ സി.സി.പി.എ പിരിഞ്ഞു. ആരേയും കൂട്ടുകിട്ടില്ലെന്നു വ്യക്തമായതോടെ റാവു സുപ്രീം കോടതിയെ സമീപിച്ചു- റിസീവറെ വയ്ക്കാൻ. കോടതി കേസ് വിളിച്ചപ്പോഴേക്കും നവംബർ അവസാനമായി. പള്ളി സംരക്ഷിക്കും എന്ന ഉറപ്പ് കല്ല്യാൺ സിംഗിന്റെ വക്കീൽ കോടതിയിൽ വച്ചു. കോടതി അതങ്ങ് കണ്ണുംപൂട്ടി വിശ്വസിക്കുന്നു, പ്രധാനമന്ത്രിയുടെ അപേക്ഷ തള്ളുന്നു. എങ്ങനെയുണ്ട് പരമോന്നത കോടതിയുടെ സെൻസിറ്റിവിറ്റി?

റാവു വെട്ടിലാവുകയായിരുന്നു. രാഷ്ട്രപതിഭരണം റാവു ഒറ്റയ്ക്ക് തീരുമാനിക്കട്ടെ എന്ന് കാബിനറ്റിലെ ഘടാഘടിയന്മാരായ പ്രതിയോഗികൾ ലൈനെടുത്തു. അതവരുടെ സ്വകാര്യ രാഷ്ട്രീയം. ശിഷ്ടം മൻമോഹൻ സിംഗ്. സർദാർജി പതിവുപോലെ മൗനിബാബ. സുപ്രീംകോടതിക്കാകട്ടെ, പ്രധാനമന്ത്രിയെയല്ല യു.പി മുഖ്യമന്ത്രിയെയാണ് വിശ്വാസം. ശരി, രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നുവെന്നിരിക്കട്ടെ, ക്രമസമാധാനം തകർന്നിട്ടില്ല എന്നു പറഞ്ഞു അതേ കോടതി അത് ഭരണഘടനാലംഘനമായി പ്രഖ്യാപിക്കും. നടപടി റദ്ദാക്കും. അതുംപറഞ്ഞ് പാർലമെന്റിൽ ബി.ജെ.പി അവിശ്വാസം കൊണ്ടുവരും. ന്യൂനപക്ഷ സർക്കാറാണ്. താങ്ങിനിർത്തുന്ന ചെറുകക്ഷികൾ എന്തു ചെയ്യുമെന്ന് ആരു കണ്ടു? ഇനി രാഷ്ട്രപതി ഭരണം വേണ്ടെന്നുവെച്ചാൽ, വലിയ റിസ്‌കാണെടുക്കുക. പള്ളി പൊളിക്കാനുള്ള സാധ്യത വളരെ കൂടുതൽ. നമ്പാൻ കൊള്ളില്ലെന്ന് കല്ല്യാൺ സിംഗ്

മാധവ് ഗോഡ്ബോലെ

മുമ്പും തെളിയിച്ചതാണ്. പള്ളി വീണാൽ റാവു സർക്കാർ വെള്ളത്തിലാവും, അതിലുപരി നാട്ടിലെന്താ നടക്കുകാന്ന് പ്രവചിക്കാൻ പറ്റില്ല.

ഈ കെണിയിൽപ്പെട്ട് റാവു ഒരു കാര്യം മാത്രമുറപ്പിച്ചു- തന്റെ ചെലവിൽ രാഷ്ട്രപതി ഭരണം വേണ്ട. അങ്ങനെ ഗോഡ്ബോലെയുടെ പ്ലാൻ ഔട്ട്. പള്ളി രക്ഷിക്കാൻ വേറൊരു പദ്ധതിക്കായി നീക്കം തുടങ്ങി. നവംബർ പാതിയോടെ രഹസ്യ ചർച്ചകൾ തകൃതിയായെന്നു പറഞ്ഞല്ലോ. റാവു നല്ലൊരു ഹിന്ദുമത പണ്ഡിതനാണ്. നന്നായി സംസ്‌കൃതം പേശും. മതഭ്രാന്തരായ ഹിന്ദുഗ്രൂപ്പുകളെ ഈ ലൈനിൽ വേദമോദി പാട്ടിലാക്കാനാണ് നോക്കിയത്. ഗജഫ്രോഡുകളാണ് ഈ ഓത്തു കേൾക്കുന്നതെന്നോർക്കണം. ഒടുവിലായി അദ്വാനി, വാജ്പേയി, കല്ല്യാൺ സിംഗ് എന്നീ പ്രധാനികളായും രഹസ്യചർച്ച നടത്തി. പള്ളിക്ക് കുഴപ്പമൊന്നും വരില്ലെന്ന് സകലമാന്യന്മാരും വാക്കു കൊടുത്തു.

ഇതിനിടെ, ഗോഡ്ബോലെ പറഞ്ഞ ഡെഡ്​ലൈൻ കടന്നുപോയി- നവംബർ 24. അതോടെ മറുപക്ഷം കൂടുതൽ ഉഷാറായി. കാരണം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും കേന്ദ്രസേനയെ ഇറക്കാനുമുള്ള നടപടിക്രമങ്ങൾക്ക് ഇനി സമയമില്ല. വേറൊരു തമാശ കൂടി കേൾക്കണം. ഇന്റലിജൻസ് ബ്യൂറോയുടെ രണ്ടു രഹസ്യ റിപ്പോർട്ടുകൾ. അയോധ്യയിൽ ബലിദാനി കർസേവകർ കറഞ്ഞി നടക്കുന്നുണ്ടെന്നാണ് ആദ്യത്തേത്. പരസ്യമായി പറയുന്നതിനു വിരുദ്ധമായി ജോഷിയും അദ്വാനിയും ആളെക്കൂട്ടുന്നു, കർസേവകരുടെ എണ്ണം ഒന്നരലക്ഷമായിരിക്കുന്നു. അതാണ് അടുത്ത റിപ്പോർട്ട്. അപ്പോൾ, പള്ളി പൊളിക്കുമോ? ചാരപ്പടക്ക് മിണ്ടാട്ടമില്ല. ഏക് ധക്കാ ദോ, മസ്ജിദ് തോട് ദോ- ആ മുദ്രാവാക്യവും മുഴക്കി കർസേവകർ അയോധ്യ നിറക്കുമ്പോഴാണ് ഈ സൂത്രപ്പണി. എല്ലാതരം ഇന്റലിജൻസ് റിപ്പോർട്ടിന്റെയും സ്ഥിരം ശൈലിയാണ് ഈ ഉഡായിപ്പ്. പിന്നീട് പള്ളി പൊളിച്ചാൽ പറയാം ഞങ്ങൾ അന്നേ പറഞ്ഞതല്ലേ? പൊളിച്ചില്ലെങ്കിലും പറയാം, ഞങ്ങൾ അന്നേ പറഞ്ഞില്ലേ?

റാവുവിന് പോംവഴികൾ അടയുകയായിരുന്നു. ഡിസംബർ അഞ്ചിന് ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ പ്രമുഖന്റെ പേര് എൻ.എ ശർമ്മ. പേഴ്സനൽ ജ്യോത്സ്യൻ. പള്ളിക്കാര്യത്തിൽ ഗണകശ്രീ എന്താണ് പ്രവചിച്ചതെന്നറിയില്ല. എന്തായാലും അത്താഴം കഴിച്ച് ലാപ്ടോപ്പ് അടുക്കിപ്പിടിച്ച് റാവു ബെഡ്റൂമിൽ ഉറങ്ങാൻ പോയെന്നാണ് സെക്രട്ടറി പറഞ്ഞത്. രാജ്യത്തിന് ഇത്ര ക്രിട്ടിക്കലായ നേരത്ത് പള്ളിയുറങ്ങാൻ ഏതു ഭരണാധിപനാണ് തോന്നുക? അങ്ങനെയൊന്നും ചിന്തിച്ചുപോകരുത്. യമുനാതടം രാജ്യത്തിനിട്ടുവയ്ക്കുന്ന കെണിയായി കരുതിയാൽ മതി.

പിറ്റേന്നുച്ചയ്ക്ക് രാജ്യം ടെലിവിഷനിൽ ലൈവായി കണ്ടു, പള്ളി പൊളിക്കുന്നത്. പ്രധാനമന്ത്രിയും സംഗതി കണ്ടത് ടെലിവിഷനിൽ തന്നെ. ഉച്ചയ്ക്ക് 12 മണിതൊട്ട് നാലുമണിക്കൂർ സംപ്രേഷണം. ഈ നേരമൊക്കെയും റാവു മുറിക്കുള്ളിൽ അടച്ചിരിക്കുകയായിരുന്നു. പല ദേശീയ നേതാക്കളും പഞ്ഞത് ഫോൺ ചെയ്തിട്ട് പ്രധാനമന്ത്രി എടുത്തില്ലെന്നാണ്. ടി.വി ഷോ ആസ്വദിക്കുമ്പോൾ ശല്യപ്പെടുത്താമോ? ഒടുവിൽ ഉദ്യോഗസ്ഥ മേധാവികളെല്ലാം അടുത്തൂകൂടി. നരേഷ് ചന്ദ്രയും യു.ജി വൈദ്യവും ഗോഡ്ബോലെയുമെല്ലാം... പേഴ്സണൽ ഡോക്ടർ റെഡ്ഡി വരുന്നു. രക്തപരിശോധന, നാഡി നോക്കി... ബി.പി ലേശം കൂടുതലുണ്ട്. രാജ്യത്തിന്റെ രണ്ടാം വിഭജനത്തിന് കാണിയായി ചുമ്മാ ഇരുന്നുകൊടുത്ത ഭരണാധിപന് വേറൊരു ഏനക്കേടുമില്ല. ഫിറ്റ്, നോർമൽ.

പള്ളി പൊളിച്ച് അമ്പലം കെട്ടാനിറങ്ങിയവർ രഹസ്യ ചർച്ചകളിൽ കൊടുത്ത വാക്ക് കണ്ണുംപൂട്ടി വിശ്വസിക്കുക. അത്തരക്കാരുടെ ദാക്ഷിണ്യത്തിന് പള്ളി വിട്ടുകൊടുക്കുക. വരുംവരായ്ക അറിയാൻ ജ്യോത്സ്യനെ കാണുക. ഒരു സാദാ തഹസിൽദാറുപോലും കാണിക്കാത്ത ഈ ശുംഭത്വം ഒരു പ്രധാനമന്ത്രി കാണിക്കുമോ? ആർട്ട് ഒഫ് ദ പോസിബിളല്ലേ, കാണിച്ചെന്നിരിക്കും. റാവു ഇതിനെ രാഷ്ട്രീയ പ്രശ്നമായോ ഭരണഘടനാവിരുദ്ധതയായോ ഒന്നും കണ്ടില്ല, മതപ്രശ്നമായാണു കണ്ടത്. ഹിന്ദു ഗ്രൂപ്പുകളുമായുള്ള രഹസ്യ ചർച്ചകൾ എടുക്കുക. പ്രധാനമന്ത്രിയുടെ അപ്പോയ്ൻമെന്റ് രജിസ്റ്ററിൽ ഈ ചർച്ചയ്ക്കുവന്ന ഒരുത്തന്റെയും പേരില്ല. ഇനി, ആരൊക്കെയായിരുന്നു ചർച്ചകളിൽ റാവുവിന്റെ മധ്യസ്ഥർ? സാന്ത്, സാധു, മഠാധിപതികൾ.. പിന്നീട് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഇതിന് റാവു നടത്തിയ ന്യായീകരണം നോക്കൂ- പണ്ടത്തെ രാജാക്കന്മാർ സന്യാസിമാരെ കൺസെൽറ്റ് ചെയ്ത പാരമ്പര്യമൊന്ന് ഈ രാജ്യത്തിന്റേതെന്ന്. അവിടെയാണ് ക്യാച്ച്. കോൺഗ്രസിന്റെ ഒരു പരമ്പരാഗത ഹിന്ദു സമീപനമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം അശ്വമേധത്തിനിറങ്ങിയപ്പോൾ അത് പൂത്തുലയുന്നത് നമ്മൾ കണ്ടു, രാജീവ് ഗാന്ധിയിൽ. ശരിയ്ക്കു പറഞ്ഞാൽ, രാജീവല്ലേ ആദ്യത്തെ കർസേവകൻ? ആ സമീപനത്തിന്റെ സ്വാഭാവിക തുടർച്ചയാണ് റാവുവിൽ കണ്ടത്.

ഭരണഘടനാപരമായ നിശ്ചയങ്ങളല്ല, ഭരണഘടനാബാഹ്യമായ ഒത്തുതീർപ്പുകൾ നടത്തുക, അതൊരു കോൺഗ്രസ് സ്വഭാവമാണ്. ബാക്ഡോർ ഡിപ്ലോമസി. എന്നിട്ട് പ്രശ്നം പരിഹരിച്ചതായി ഭാവിക്കുക. പ്രശ്നം കാർപ്പറ്റിനടിയിലൊളിപ്പിക്കുകയോ മാറ്റിവെയ്ക്കുകയോ മാത്രമാണ്. ഗാന്ധിയുടെ പൂന പാക്ട് തൊട്ട് രാജീവിന്റെ ശിലാന്യാസ പൂജവരെ അതു പ്രകടമാണ്. ആ ജനുസ്സിന്റെ തുടർച്ചയാണ് റാവുവിൽ കണ്ടത്. സത്യത്തിൽ, അതൊരു ഇൻഡിസിഷനായിരുന്നില്ല. പൊളിറ്റിക്കൽ ഹിന്ദുയിസത്തിന് കീഴടങ്ങിക്കൊടുത്തതാണ്, ഹിന്ദുക്കളെ പ്രതി.

അതുവരെ, തീവ്ര വലതുപക്ഷത്തിന്റെയും വൈദിക ബ്രാഹ്മണ്യത്തിന്റെയും പൂണൂലുകളായി പറ്റിക്കിടന്നിരുന്ന മാധ്യമങ്ങൾ ബാബരി മസ്ജിദ് തകർത്തത് എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്?

ഒന്നാം രഥയാത്രയെ ദേശീയോൽത്സവമാക്കിയവരാണ് നമ്മുടെ സകല പത്രങ്ങളും. ഏതോ ചരിത്രനേട്ടത്തിലേക്കുള്ള ഡെയ്ലി കൗണ്ട് ഡൗൺ എന്ന മട്ടിൽ ആവേശമുണ്ടാക്കിയവർ ക്ലൈമാക്സിൽ നിരാശരായി- രഥത്തിന്റെ കാറ്റൂരിയല്ലോ. ദേശീയ പത്രങ്ങൾ മാത്രമല്ല മലയാള പത്രങ്ങളും ഒട്ടും മോശമായിരുന്നില്ല. രണ്ടാം രഥയാത്രയിൽ അവർക്ക് കുറേക്കൂടി ആത്മവിശ്വാസം വന്നപോലെ. എതായാലും യു.പി സർക്കാർ തടയില്ലെന്നുറപ്പാണ്. കേന്ദ്രം വല്ല എടങ്ങേറുമുണ്ടാക്കിയാലോ? രാഷ്ട്രപതി ഭരണം എന്ന ഏകസാധ്യതയുടെ മണ്ടയടപ്പിക്കാൻ മീഡിയ നല്ലോണം അധ്വാനിച്ചു- ആർട്ടിക്കിൾ 356 നെപ്പറ്റി നിത്യ ചർച്ച, വിദഗ്ധ ലേഖനങ്ങൾ. പുട്ടിന് പീരയായി ഒരു സ്ഥിരം പംക്തി വേറെ- രഥം പോകുന്ന വഴിക്ക് സ്വീകരണം കൊടുക്കുന്ന മുസലിംകൾ.

ഇത്തരത്തിൽ ക്രിമിനൽ ആഘോഷം നടത്തിവന്ന പത്രങ്ങൾ പള്ളി പൊളിച്ചതും പ്ലേറ്റ് മാറ്റി. മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കാൻ കുടപിടിച്ചവർ പൊടുന്നനെ ധർമപുത്രന്മാരായി. ഫ്രണ്ട് പേജ് എഡിറ്റോറിയൽ എഴുതാത്ത പത്രങ്ങളില്ല. The Republic Besmirched എന്നായി ടൈംസ് ഒഫ് ഇന്ത്യ. ലജ്ജകൊണ്ട് രാജ്യം തല കുനിക്കണമെന്ന് ഹിന്ദുസ്ഥാൻ ടൈംസ്. സ്റ്റേറ്റ്സ്മാന് സംഗതി Death of a Dream ആയി. തലേന്നുവരെ കർസേവക്കെതിരെ കമാന്നു മിണ്ടാത്തവർ ഡിസംബർ ആറിന് ഉച്ചതിരിഞ്ഞപ്പോൾ പെട്ടെന്നു ജേണലിസം കണ്ടുപിടിച്ചു കളഞ്ഞു.
വർഗീയതയുടെ അശ്വമേധത്തിൽ കുഴപ്പമില്ല. ജുഡീഷ്യറിക്ക് പുല്ലുവില കൊടുത്തതിൽ കുഴപ്പമില്ല. നാടാകെ അന്തരീക്ഷം കലുഷിതമാക്കിയതിലും കുഴപ്പമില്ല. അതെല്ലാം ഭൂരിപക്ഷ ജനതയുടെ വികാരം. പള്ളി പൊളിക്കുന്നതൊഴിച്ച് എന്തു വികാര പ്രകടനവുമാവാം. പൊളിക്കുന്നത്, ഈ ടോക്സിക് മനോനിലയ്ക്ക് ഒരു മൂർത്തരൂപം കൊടുക്കുന്ന പ്രവൃത്തിയാവും. അതോടെ മധ്യവർഗത്തിന്റെ ലിബറൽ മുഖംമൂടി ഊരിപ്പോവും. ഊരിപ്പോയി. ആ ജാള്യത്തിന്റെ സത്വരപ്രതികരണമാണ് എഡറ്റോറിയൽ ഗർജ്ജനങ്ങളായത്.

പ്രാദേശിക പത്രങ്ങളെപ്പറ്റി മിണ്ടാതിരിക്കുന്നതാണ് ഭംഗി. ഹിന്ദിയും മറാഠിയും ഗുജറാത്തിയുമൊക്കെ അഴിഞ്ഞാടുകയായിരുന്നു. മലയാളത്തിലും ഹിസ്റ്റീരിയാ ബിൽഡപ്പ് പതിവുപോലെ ഉഷാറായി നടന്നു. ക്ലൈമാക്സ് കഴിഞ്ഞപ്പോൾ പിന്നെ സമാധാനത്തിന്റെ മാടപ്രാവുകളായി. ഏറ്റവും വലിയ പത്രത്തിന്റെ മെയിൻസ്റ്റോറി തന്നെ വാർത്തയല്ല, പാണക്കാട് തങ്ങളുടെ സാരോപദേശമായിരുന്നു. ഫ്രണ്ട് പേജ് പോണ്ടിഫിക്കേഷന് നമുക്കുള്ള കുപ്രസിദ്ധി അങ്ങനെ കെടാതെ കാത്തു. പറയുന്നതിൽ വിഷമമുണ്ട്, ക്രിട്ടിക്കൽ സന്ധികളിൽ ഇന്ത്യൻ മീഡിയ പൊതുവേ പരാജയമാണ്. അവരപ്പോൾ ജേണലിസത്തിൽ നിന്ന് വഴുതിപ്പോവുന്നു, പലതിന്റെയും ദല്ലാൾമാരും പറ്റിത്തീനികളുമായി മാറുന്നു. ചിലർ ബോധപൂർവം. ചിലർ ബോധമില്ലാത്തതുകൊണ്ട്. ഇനിയും ചിലർ വകതിരിവില്ലാതെ വെറും ഓളത്തിൽപ്പൂട്ടുകാരാവുന്നു. ക്രിട്ടിക്കൽ സന്ധികളിലൊക്കെ ഈ ജീർണത പച്ചയായി വെളിവാകുന്നുണ്ട്.

ഇന്നും അതങ്ങനെ തന്നെ. അതേപ്പറ്റി അക്കാദമിക് പഠനങ്ങൾ തന്നെ കമ്മി. വാസ്തവത്തിൽ, അതു പഠിക്കേണ്ടത് മീഡിയ തന്നെയാണ്. പക്ഷെ സ്വയം കണ്ണാടിനോക്കുന്ന ശീലം നമുക്കില്ലല്ലോ. ആരെങ്കിലും നമുക്ക് നേരെ കണ്ണാടി പിടിച്ചാൽ, കണ്ണാടി എറിഞ്ഞുടയ്ക്കും. അല്ലെങ്കിൽ പിടിച്ചവനെ എറിഞ്ഞുവീഴ്ത്തും. അത്തരത്തിലാണ് ജേണലിസത്തിന്റെ ഒരിന്ത്യൻ ക്രോമസോം. ▮

(തുടരും)


വിജു വി. നായർ

മാധ്യമപ്രവർത്തകൻ. രതിയുടെ സൈകതഭൂവിൽ, മാറുന്ന മലയാളി യൗവനം, ഉച്ചിക്ക്​ മറുകുള്ളവന്റെ ഉപനിഷത്ത്​, ജീനിയസ്സിന്റെ തന്മാത്രകൾ തുടങ്ങിയവ പ്രധാന കൃതികൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments