ഭരണഘടനയില്‍
തൊടാതെ തോണ്ടാം
അസ്ഥിവാരം
ഭരണഘടനയില്‍ തൊടാതെ തോണ്ടാം അസ്ഥിവാരം
മുസ്‌ലിം പള്ളി തകര്‍ക്കുക വഴി ഏതുമതമാണ് ദേശീയാധികാരി എന്നു സ്ഥാപിക്കലാണ് രാമക്ഷേത്രത്തിന്റെ ഇംഗിതം. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ പദവി റദ്ദാക്കുക ആര്‍ക്കുള്ള സന്ദേശമാണെന്ന് ഊഹിച്ചുകൊള്ളുക. ഏകസിവില്‍കോഡിന്റെ ആത്യന്തിക ടാര്‍ഗറ്റ് മുസ്‌ലീങ്ങളാണെന്ന് ആര്‍ക്കാണറിയാത്തത്. ഇവ്വിധം ലളിതവും സുതാര്യവുമായി മുഖ്യ ന്യൂനപക്ഷമതത്തെ രണ്ടാംകിട പൗരാവലിയാക്കുന്നതില്‍ യാതൊരു ഇരട്ടത്താപ്പുമില്ല. ശ്രദ്ധക്കേണ്ടത് ഈ ലാളിത്യത്തിനു പിന്നിലൂടെ അരങ്ങേറുന്ന കുറുനരി കൗശലമാണ്- ഭരണഘടനയില്‍ തൊടാതെ തന്നെ അതിന്റെ അസ്തിവാരം തോണ്ടുന്ന കലാപരിപാടി
7 Aug 2020, 03:54 PM
ബാബറിപള്ളിയുടെ ശവമാടത്തില്‍ 40 കിലോ വെള്ളിക്കട്ടി ശിലാന്യാസം ചെയ്തുകൊണ്ട് നമ്മുടെ സോവറിന്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ റിപ്പബ്ലിക്കിനെ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ദശരഥരാമന് തൃപ്പടിദാനം ചെയ്തു. വച്ചത് പള്ളിയുടെ കുഴിമാടത്തിലാണെങ്കിലും കൊണ്ടത് ഇന്ത്യന്‍ മതേതരത്വത്തിന്റെ ഇടനെഞ്ചിലാണ്. അതെന്തായാലും ഇത് ഇനി രാമരാജ്യം, ഹിന്ദുത്വയുഗം. ആയതിനാല്‍ പൊളിറ്റിക്കലി കറക്ടായി വിളിക്കാം, ജയ് ശ്രീറാം.
ഈ പൊളിച്ചടുക്കലിനുള്ള രഥയാത്രയുടെ മുഖ്യശില്പി തന്നെ അമ്പലത്തിന് തറക്കല്ലിട്ടതില്‍ ഒരു സയുക്തിക പരിണതിയുണ്ട്. അനുയോജ്യമായ അടിക്കുറിപ്പ് ടിയാന്‍ നിയത മുഹൂര്‍ത്തേ അരുളും ചെയ്തു. ‘ഇതാണ് ദേശത്തിന്റെ വിമോചനം'. ആരില്‍ നിന്ന് എന്തില്‍ നിന്ന് എന്നൊന്നും ചോദിക്കരുത്. കാര്യങ്ങള്‍ അത്രയ്ക്ക് കരതലാമലകം. ഹിന്ദുവിന്റെ ദേശീയവികാരമാണ് രാമക്ഷേത്രം എന്ന പല്ലവി ഈ ചടങ്ങിലും മുഴങ്ങി. തൊട്ടുതലേന്ന് അനുപല്ലവി ചൊല്ലിയത് മുഖ്യപ്രതിപക്ഷം, രാജ്യത്തെ മുത്തശ്ശിക്കക്ഷി- നാട്ടിലെ കോണ്‍ഗ്രസുകാരെല്ലാം രാമപൂജ ചെയ്യാനുള്ള ട്വീറ്റാഹ്വാനം. (പൊന്നുരുക്കിന് ക്ഷണം കിട്ടാത്തതിന്റെ ചൊരുക്ക് അങ്ങനെ ട്വീറ്റിത്തീര്‍ത്തു). ഏതാനും മാസം മുമ്പ് പരമോന്നത കോടതി ഇതേ പല്ലവിക്ക് വേണ്ട രാഗവും താനവും ഉച്ചസ്ഥൈരം കല്പിച്ചുകൊടുത്തിരുന്നു. 70 കൊല്ലത്തെ കേസുകെട്ടിനുള്ള അന്തിമതീര്‍പ്പെന്ന വ്യാജേന.
മതേതര മനസുകളുടെ വെല്ലുവിളി
ഹിന്ദു, മതമല്ല സംസ്‌കാരമാണ്. കുന്നുംപുറത്ത് സുരേന്ദ്രന്‍ തൊട്ട് സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ വരെ തരം പോലെ ഉരുവിടാറുള്ള മന്ത്രവാക്യം. സംഗതി മന്ത്രച്ചരടില്‍ കിടക്കും. നാട്ടില്‍ ഹിന്ദു, മതമാണ്, അതിന്റെ രാഷ്ട്രീയമാണ് ഹിന്ദുത്വകക്ഷികള്‍ കൊണ്ടാടുന്നത്, അവരുടെ പ്രതിയോഗികള്‍ നിന്നു പെഴയ്ക്കാന്‍ അനുകരിക്കുന്നത്. രണ്ടാം കൂട്ടരുടെ ഭംഗ്യന്തരേണയുള്ള ഒത്താശയില്‍ ഒന്നാം കൂട്ടരുടെ ഇംഗിതം പുഷ്ടിപ്പെടുന്നു- ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക. മെജോറിറ്റേറിയന്‍ സ്‌റ്റേറ്റ് എന്ന് ആഢ്യപരിഭാഷ.
ഭരണഘടനാപരമായ ദേശീയതയൊക്കെ പരണത്തിരിക്കയും ഹുങ്കാരദേശീയതയുടെ കോമരം തുള്ളല്‍ രാഷ്ട്രീയ ശരിയാവുകയും ചെയ്തിരിക്കെ മതേതര മനസുകള്‍ക്കാണ് പരമമായ വെല്ലുവിളി
ആയതിലേയ്ക്ക് അവതാരമെടുത്ത രാഷ്ട്രീയ സ്വയം സേവക് സംഘിന് 100 വയസു തികയുന്ന 2024ല്‍ ജന്മസാഫല്യം കൈവരുത്തണം. ചുമ്മാതാണോ രാഷ്ട്രപതി തൊട്ട് കീഴോട്ടുള്ള കറകളഞ്ഞ സംഘപ്രചാരകരുടെ കൊണ്ടുപിടിച്ച കര്‍സേവ? പെരുംപൂരത്തിനിടെ അവതാളം പിടിക്കരുത്. സെക്കുലറും റിപ്പബ്ലിക്കുമൊക്കെ കളഞ്ഞ് തോര്‍ത്തുവീശി വീച്ചും അടിയും പറയുക, മേളമൂര്‍ച്ഛയില്‍ ഉന്മത്തരാവുക, അതാണ് കാലികമായ പൗരധര്‍മ്മം.
മതേതരത്വത്തിന് തളര്‍വാതം പിടിച്ചിട്ട് കാലം കുറച്ചായി. മസ്തിഷ്‌കമരണത്തോട് അടുക്കുന്നു. ഇന്ന് കൂടുതലാളെ പ്രചോദിപ്പിക്കുന്നത് ഹൃദയസാരള്യങ്ങളല്ല. സ്‌നേഹവും കരുണയും അനുതാപവുമല്ല. തേജസുള്ള നോക്കും ഓജസുള്ള വാക്കുമല്ല. സമത്വവും സാഹോദര്യവും ഓതിയ ഭരണഘടനാ വിവക്ഷകള്‍ അല്ലേയല്ല. അതൊക്കെ തണുപ്പന്‍. ചൂടും ചൊടിയുമുള്ളത് ദ്വേഷസ്‌തോഭങ്ങള്‍ക്കാണ്. ഒരുമാതിരി വീരപാണ്ഡ്യകട്ടബൊമ്മന്‍ ലൈന്‍. അതിനാണ് ഡിമാന്‍ഡ്, കമ്പോളവില, കയ്യടി, നമ്മുടെ പ്രധാനമന്ത്രിയെ നോക്കൂ. നാക്കുവളച്ചാല്‍ വീരവാദം, പൊങ്ങച്ചം, പരദ്വേഷം... ചുട്ടുപൊളിക്കുന്ന വികാര തീഷ്ണതകളെയാണ് രാഷ്ട്രീകക്ഷികള്‍ സംഘടിപ്പിക്കുന്നത്.. അവര്‍ അങ്ങനെ സ്വരുക്കൂട്ടുന്ന തീഷ്ണതകള്‍ക്ക് വാസ്തവത്തില്‍ നാടിന്റെ ജീവിത യാഥാര്‍ത്ഥ്യത്തില്‍ കാലണയുടെ പ്രസക്തിയൊട്ടില്ലതാനും. ആര്‍ക്കുവേണം പ്രസക്തി, പ്രസക്തം വികാരാവേശമാണ്. മതങ്ങള്‍ ഈ വികാരരോഗത്തിന് തീ കൂട്ടിക്കൊടുക്കുന്നത് അനുസരണയെ സായുധവല്‍ക്കരിച്ചുകൊണ്ടാണ്. കുഞ്ഞാടുകള്‍ രാഷ്ട്രീയ ഇസ്ലാമിനെയും രാഷ്ട്രീയ ഹിന്ദുയിസത്തെയും കെട്ടിപ്പുണരുന്നു. മതേതരത്വത്തിന് ഈ ജാതി രാസലീലയ്ക്ക് പാങ്ങില്ലല്ലോ. അതുകൊണ്ടുതന്നെ വല്ലാത്തൊരു കെണി അതിനായി ഉഴിഞ്ഞുവെച്ചിട്ടുമുണ്ട്. ഉദാഹരണമായി ദേശഭക്തിവികാരം.

ഭരണഘടനാപരമായ ദേശീയതയൊക്കെ പരണത്തിരിക്കയും ഹുങ്കാരദേശീയതയുടെ കോമരം തുള്ളല്‍ രാഷ്ട്രീയ ശരിയാവുകയും ചെയ്തിരിക്കെ മതേതര മനസുകള്‍ക്കാണ് പരമമായ വെല്ലുവിളി. സി.എ.എ എന്ന കുഴിബോംബുവരുമ്പോള്‍ ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്താന്‍ അത്തരം മനസുകള്‍ നിര്‍ബന്ധിതരാവുന്നു. ഉടനേവരും, ‘രാജ്യദ്രോഹ'ത്തിന്റെ ചാപ്പകുത്തല്‍. (തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് എടുക്കുക. ചരിത്രത്തിലാദ്യമായി ഒരു സ്വര്‍ണ്ണക്കടത്തുകേസില്‍ എന്‍.ഐ.എ അവതരണം. സി.എ.എ വിരുദ്ധസമരത്തിന് പിന്നില്‍ ഭീകരസംഘടനകളാണെന്നും അവര്‍ക്കുള്ള പണം വന്നത് കേരളത്തിലെ ഈ സ്വര്‍ണ്ണക്കടത്തുവഴിയാണെന്നും വരുത്തി തീര്‍ക്കാനുള്ള തന്ത്രം. ചേതോവികാരം കള്ളക്കടത്ത് തടയുകയല്ല, സി.എ.എ വിരുദ്ധസമരത്തെ വര്‍ഗീയവല്‍കരിച്ച് ഇല്ലാതാക്കുക.)
മതവര്‍ഗീയതയും ഹുങ്കാരദേശീയതയും പോലെ ആള്‍ക്കൂട്ടങ്ങളെ സ്വരുക്കൂട്ടാനും കന്നാലി ലൈനില്‍ മേയ്ക്കാനും ഉയര്‍ത്തുന്ന സങ്കല്പപദ്ധതികള്‍ക്ക്, അവ പൊള്ളയാണെങ്കിലും വല്ലാത്തൊരു
വലിയൊരു വ്യാജത്വത്തിനു വേണ്ടിയുള്ള വ്യാജ സാഹോദര്യത്തിലാണ് മതാത്മകമായ ഇന്ത്യന്‍ ദേശീയത ഇന്നു പുലരുന്നത്. അതിനു ശിരസു നല്‍കാത്തവര്‍ രാജ്യദ്രോഹികളും
ചിമുട്ടുശേഷിയുണ്ട്. യഥാര്‍ത്ഥത്തില്‍ സമൂഹത്തിലുള്ള അസമത്വവും ചൂഷണങ്ങളും അപ്പടി തമസ്‌കരിച്ചുകൊണ്ട് പൗരാവലിയെ തിരശ്ചീനമായ ഒരു സാഹോദര്യമായി ഘോഷിക്കുക. ഓര്‍ക്കണം, പാടേ ലംബമാനമായ അധികാരശ്രേണി മാത്രം ഒരേ ഘടകത്തിലും (കുടുംബം തൊട്ട് ഭരണകൂടം വരെ) കുശാഗ്രബുദ്ധിയോടെ കാത്തുസൂക്ഷിക്കുന്നവരാണ് ഈ തിരശ്ചീന സാഹോദര്യം ഘോഷിക്കുന്നത്. ഏഴുപതിറ്റാണ്ടായി ഈ വ്യാജനിര്‍മ്മിതി വച്ചാണ് ലക്ഷക്കണക്കിന് മനുഷ്യരെ ആത്മവഞ്ചനയ്ക്കും ആളെ കൊല്ലാനും തെരുവിലിറക്കുന്നത്. അഥവാ വലിയൊരു വ്യാജത്വത്തിനു വേണ്ടിയുള്ള വ്യാജ സാഹോദര്യത്തിലാണ് മതാത്മകമായ ഇന്ത്യന്‍ ദേശീയത ഇന്നു പുലരുന്നത്. അതിനു ശിരസു നല്‍കാത്തവര്‍ രാജ്യദ്രോഹികളും.
ഹിന്ദുത്വദേശീയതയുടെ രാഷ്ട്രീയ രഥം മണ്ണിലേക്ക്
ഇപ്പറഞ്ഞ സങ്കല്പത്തേക്കാള്‍ ഭീകരമാണ് അതിന്റെ ഉള്ളടക്കം. ഓരോ അംശത്തിലും ആളുകളെ ഒഴിവാക്കുന്നതിലാണ്, മറിച്ച് ഉള്‍ക്കൊള്ളുന്നതല്ല അതിന്റെ പ്രകൃതം. തീര്‍ത്തും വിഭാഗീയമായ ഒരു പദ്ധതിക്ക് സ്വാഭാവികം മാത്രമായ അനുരൂപ പ്രകൃതം. സി.എ.എയുടെ കാര്യത്തില്‍ അത് പച്ചയ്ക്ക് പ്രകടമായി. ഭരണഘടനാപൗരത്വം കൊണ്ട് ഈ പ്രതിലോമ നിര്‍മ്മിതിയെ പ്രതിരോധിക്കാമെന്നു കരുതുന്നവരുണ്ട്. മറിച്ചാണ് ഇന്ത്യന്‍ അനുഭവം. ഭരണഘടന, ജനാധിപത്യം, ഒരാധുനിക ആശയമാണ്. ദേശീയതയാവട്ടെ, ചരിത്രപരവും കുഴമറിഞ്ഞതുമായ ഒരു കല്പനയാണ്. ഈ വഴുക്കന്‍ ഭൂമികയില്‍ ഊന്നിയുള്ള ഭരണഘടനാവിവക്ഷകള്‍ അയുക്തികമായിപ്പോകാം, അസംഗതമായി ഭവിക്കാം. ചരിത്രപരമായി സന്നിഗ്ദഭരിതമായ ഒരു സാംസ്‌കാരിക പൈതൃകത്തിന് നിരക്കാന്‍ വേണ്ടി പടച്ചതല്ലല്ലോ ഇന്ത്യന്‍ ഭരണഘടന. രാജ്യത്ത് ചരിത്രപരമായിത്തന്നെ ഇല്ലാതിരുന്ന പല മൂല്യങ്ങളും തിരുത്തുകളും അതില്‍ മനപൂര്‍വ്വം ഉള്‍പ്പെടുത്തിവെച്ചിട്ടുണ്ട്. ഉദാഹരണമായി ന്യൂനപക്ഷതുല്യത. മത, ഭാഷാ, ലിംഗ, ന്യൂനപക്ഷങ്ങള്‍ക്ക് അതതു വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിന് തത്തുല്യമായ സ്വാതന്ത്ര്യാവകാശങ്ങള്‍ ഇവിടുത്തെ ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത കാര്യമാണ്. മറ്റൊന്ന്, സുമാര്‍ 900 കൊല്ലം ഹിന്ദുമതം അഭംഗുരം നടപ്പാക്കിപ്പോന്ന ഭീകരപ്രവര്‍ത്തനം- ജാതീയത- റദ്ദാക്കാനുള്ള നടപടികള്‍. ഇതൊക്കെ ഭരണഘടനാ പിതാക്കള്‍ ബോധപൂര്‍വ്വം നിശ്ചയിച്ച പുതിയ നാട്ടുനടപ്പുകളാണ്. അങ്ങനെ ചെയ്യാന്‍ ഒരു സത്വരപരിസരം ഹേതുവായുണ്ട്. അതാണ് ഇന്നു നാം പരിണമിച്ചെത്തി നില്‍ക്കുന്ന രാഷ്ട്രത്തിന്റെ മതവല്‍ക്കരണ ഭീഷണി സുവ്യക്തമാക്കിത്തരുന്ന വഴിവെട്ടം.
സവര്‍ക്കര്‍ 1920കളില്‍ തയ്യാറാക്കിയ ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്രം ഇന്ത്യയെ സാംസ്‌കാരികമായി ഹിന്ദുരാജ്യമായി നിര്‍വചിക്കുന്നു. അതിനെ ഹിന്ദുരാഷ്ട്രമായി (നേഷന്‍-സ്റ്റേറ്റ്) മാറ്റാന്‍ വിപുലമായ രാഷ്ട്രീയനീക്കങ്ങള്‍
ഇന്ത്യന്‍ മുസ്‌ലിംകളെ ദേശീയ സമരചേരിയിലേയ്ക്ക് ചേര്‍ത്തുവെയ്ക്കാന്‍ ഗാന്ധി നടത്തിയ കരുനീക്കമായിരുന്നല്ലോ ഖിലാഫത്ത്. മതപരമായ ഈ നീക്കം രാഷ്ട്രീയത്തിന് ആപത്തെന്ന് പറഞ്ഞ് വാക്കൗട്ട് നടത്തിയത് കോണ്‍ഗ്രസിലെ മതേതരവാദികളല്ല, ജിന്നയാണ്
വേണ്ടിയിരുന്നു. ഭൂരിപക്ഷ ജനത ഹിന്ദുക്കളാണെന്നതു മാത്രമായിരുന്നില്ല ഈ ചലനത്തിന്റെ ന്യായീകരണയുക്തി. അവരാണ് ഈ മണ്ണിന്റെ മക്കള്‍ എന്ന വംശീയ നിലപാടുമുണ്ട്. അതിന്റെയും മര്‍മ്മം മതം തന്നെയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
1925ല്‍ ആര്‍.എസ്.എസ് ഉടലെടുക്കുന്നതു തന്നെ ഈ പ്രത്യയശാസ്ത്ര മര്‍മ്മത്തില്‍ നിന്നാണ്. അതിനുള്ള സത്വരപ്രകോപനം നോക്കിയാല്‍ മതി, അവരുടെ ഹൃദയമര്‍മ്മമായ മതപ്രശ്‌നം വേഗം തിരിച്ചറിയാന്‍- ഖിലാഫത്ത് പ്രസ്ഥാനം. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ നിന്ന് പൊതുവേ അകന്നു കഴിഞ്ഞിരുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ ദേശീയ സമരചേരിയിലേയ്ക്ക് ചേര്‍ത്തുവെയ്ക്കാന്‍ ഗാന്ധി നടത്തിയ കരുനീക്കമായിരുന്നല്ലോ ഖിലാഫത്ത്. മതപരമായ ഈ നീക്കം രാഷ്ട്രീയത്തിന് ആപത്തെന്ന് പറഞ്ഞ് വാക്കൗട്ട് നടത്തിയത് കോണ്‍ഗ്രസിലെ മതേതരവാദികളല്ല, ജിന്നയാണ്. (അന്നദ്ദേഹം മതനിരപേക്ഷ നിലപാടിലാണ്.) പ്രകോപനം വന്നത് നാഗ്പൂരില്‍ നിന്നാണ്. കോണ്‍ഗ്രസിലെ വലതുപക്ഷത്തെ ഹിന്ദുമഹാസഭയാക്കി 1937ല്‍ ആര്‍.എസ്.എസ് രാഷ്ട്രീയകളി തുടങ്ങുന്നു. സ്വാതന്ത്ര്യത്തിനുശേഷം പൊതുതെരഞ്ഞെടുപ്പുകളുടെ വരവോടെ സംഗതി കുറേകൂടി പരസ്യമായി. 1951ല്‍ ഭാരതീയ ജനസംഘ് രൂപപ്പെടുത്തുന്നു. അങ്ങനെ ഹിന്ദുത്വദേശീയതയുടെ രാഷ്ട്രീയ രഥം മണ്ണിലിറങ്ങി.
ഇതിന് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. 1947ല്‍ ഭരണക്കൈമാറ്റം നടക്കുമ്പോള്‍ ജാതിമത വൈവിധ്യം നിറഞ്ഞ പുതിയ രാഷ്ട്രത്തില്‍ ഭരണകൂടം എങ്ങനെയിരിക്കണം എന്ന തര്‍ക്കമുയര്‍ന്നതാണ്. ഹിന്ദുദേശീയതാവാദം, പാരമ്പര്യവാദം, നിരപേക്ഷത എന്നിങ്ങനെ മൂന്നുപക്ഷങ്ങള്‍. ഇന്ത്യന്‍ സ്വത്വം ഹൈന്ദവീയതയില്‍ ഉരുവപ്പെട്ടതാണെന്ന് ആദ്യകൂട്ടര്‍. കാരണം, ഹിന്ദുക്കളാണ് ഇവിടെ ബഹുഭൂരിപക്ഷം. അത്തരം വംശീയപരിപ്രേക്ഷ്യത്തില്‍ താല്‍പര്യമില്ലാത്ത പാരമ്പര്യവാദികള്‍ തനത് സാംസ്‌കാരിക ഘടകങ്ങളില്‍ ഊന്നി. ചികിത്സയില്‍ ആയുര്‍വേദം, ഭാഷയില്‍ ഹിന്ദി എന്നിത്യാദി. ഭരണഘടന നിര്‍മ്മിച്ച constituent അസംബ്ലിയില്‍ ഇതിലെ ആദ്യകൂട്ടര്‍ ഉണ്ടായിരുന്നില്ല. രണ്ടാംകൂട്ടരുടെ പ്രതിനിധികളായിരുന്നു കോണ്‍ഗ്രസിലെ വലതുപക്ഷം. അവരുടെ സമ്മര്‍ദ്ദത്തെ വെല്ലിക്കൊണ്ടാണ് അംബേദ്കറും സംഘവും ഭരണകൂടത്തിന് നിരപേക്ഷത സ്ഥാപിച്ചെടുത്തത്. ഇന്ത്യയിലെ സങ്കീര്‍ണ്ണമായ സങ്കരസാംസ്‌കാരികതയ്ക്ക് യുക്തമായത് മതേതരത്വമാണെന്നു നിര്‍ണ്ണയം ചെയ്തത്. ഭരണഘടനയില്‍ പൗരാവലിയെ രാഷ്ട്രീയമായി നിര്‍വചിച്ചത് ഇന്ത്യന്‍ ദേശീയതയുടെ മതനിരപേക്ഷപക്ഷക്കാരാണെന്നു ചുരുക്കം. അവരുടെ ലിഖിത വ്യവസ്ഥകള്‍ പാലിക്കാന്‍ ഭരണകൂടം ബാധ്യസ്ഥരായി, പൗരന്മാരും.
ഭൂരിപക്ഷസമുദായ സമന്വയം
ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിനുള്ള കര്‍സേവ നിശബ്ദം നടത്തിപ്പോന്ന ആര്‍.എസ്.എസ്, ജനസംഘം സ്ഥാപിച്ചെങ്കിലും 1950കള്‍ തൊട്ട് മൂന്നുപതിറ്റാണ്ടില്‍ മേപ്പടി നിരപേക്ഷ മോഡലിന് കാര്യമായ തട്ടുകേടുണ്ടാക്കാന്‍ സാധിച്ചില്ല. ഗാന്ധിവധത്തെ തുടര്‍ന്ന് ‘സംഘിന്റെ' പ്രതിച്ഛായയും പത്തിയും നന്നേ താഴ്ന്നു പോയിരുന്നു. കോണ്‍ഗ്രസാകട്ടെ ദേശീയ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടും വള്ളിപ്പടര്‍പ്പുമായി പന്തലിച്ചു. ഈ
രാമന്‍ എന്നത് ബ്രാഹ്മണിക്കല്‍ ഹിന്ദുമതത്തിന് സര്‍വ്വാത്മനാ നിരക്കുന്ന ആരാധനാ ബിംബമാണ്. ഏകപത്‌നീവ്രതക്കാരന്‍, പെണ്‍ പാതിവ്രത്യത്തിന്റെ അപ്പോസ്തലന്‍, പാരമ്പര്യവാദി, ദേശഭക്തന്‍, സര്‍വ്വശക്തന്‍, ചുരുക്കത്തില്‍ ലക്ഷണമൊത്ത ആണ്‍ ഹീറോ
പശ്ചാത്തലത്തില്‍ മതത്തിന്റെ പേരിലുള്ള വര്‍ഗീയ കലാപങ്ങള്‍ നന്നേ കുറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടിത്തുടങ്ങി, ജനശ്രദ്ധ പൊതുകാര്യങ്ങളില്‍ ഊന്നിനിന്നു. എണ്‍പതുകളോടെ മതേതരത്വത്തിനുള്ള ചിരപുരാതന വെല്ലുവിളികള്‍ വീണ്ടും ശക്തിപ്പെട്ടു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നും പാടേ വിട്ടുനിന്നാല്‍ ശരിയാവില്ലെന്ന നിശ്ചയത്തിലാണല്ലോ ആര്‍.എസ്.എസിന്റെ ജനസംഘരൂപീകരണം. രാഷ്ട്രീയതലത്തില്‍ ആ കക്ഷി ഹിന്ദുവോട്ട് സമന്വയിപ്പിക്കുന്നതിനുള്ള പ്രചരണം നടത്തിക്കൊണ്ടിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇതര മതങ്ങളുടെ സംഭാവന, വിശേഷിച്ചും മുസ്‌ലിം പങ്ക്, നിരാകരിക്കുകയും മുസ്‌ലിം ഭരണകാലം ഹിന്ദുക്കള്‍ക്ക് പീഡനകാലമാണെന്നു സമര്‍ത്ഥിക്കുകയുമായിരുന്നു പ്രചരണത്തിലെ മുഖ്യഘടകം. കോണ്‍ഗ്രസിനെ മുസ്‌ലിം പ്രീണനകക്ഷിയായി മുദ്രയടിക്കുക എന്നത് അനുബന്ധഘടകം. ഇതുരണ്ടുംവെച്ച് സമാനപ്രീണനം ഹിന്ദുക്കള്‍ക്കിടയില്‍ നടത്തുക. ഭൂരിപക്ഷ സമുദായത്തെ ഒരു വോട്ടുബാങ്കാക്കി മാറ്റാനുള്ള പരസ്യമായ നീക്കം നടക്കുന്നത് 1979 കാലത്താണ്. ഇന്ദിരയെ തുരത്തി അധികാരം പിടിച്ച ജനതാപാര്‍ട്ടിയില്‍ ഭിന്നത. പല മതേതര നേതാക്കളും കൂട്ടത്തിലുള്ള മുന്‍ജനസംഘക്കാരുടെ ആര്‍.എസ്.എസ് അടിമത്തം ചൂണ്ടി കുറ്റപ്പെടുത്തി. ജനതാപാര്‍ട്ടി പിളരുമെന്നായപ്പോള്‍ അന്നത്തെ ആര്‍.എസ്.എസ് തലവന്‍ ദേവരശ് പരസ്യമായി പറഞ്ഞു, രാഷ്ട്രീയക്കാര്‍ അടുത്ത തെരഞ്ഞെടുപ്പിനെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പോലും ഹിന്ദുവികാരങ്ങളെ ഇവര്‍ മാനിക്കുന്ന വിധം ഹിന്ദുക്കള്‍ ഉണരണം. ഈ നിലപാടിന്റെ വെളിച്ചത്തിലാണ് അയോധ്യ പ്രസ്ഥാനം തന്നെ ഉടലെടുക്കുന്നത്. ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായി ഹിന്ദുത്വവാദികള്‍ അധികാരം പിടിക്കാന്‍ സര്‍വ്വാത്മനാ രംഗത്തിറങ്ങി. 1980ല്‍ ജനതാഭരണം തകര്‍ന്നു ജനസംഘം ബി.ജെ.പിയുടെ വേഷമിടാന്‍ അധികം വൈകിയില്ല. അഞ്ചുകൊല്ലം മാത്രം. ഈ നേരമൊക്കെ ഭൂരിപക്ഷസമുദായ സമന്വയത്തിന് ആര്‍.എസ്.എസ് ഉപയോഗിച്ചത് വിശ്വഹിന്ദുപരിഷത്തിനെയാണ്. രാമന്‍ എന്ന പൗരാണിക ബിംബത്തെ അച്ചുതണ്ടാക്കിയുള്ള വര്‍ഗീയ സമന്വയം..
സമര്‍ത്ഥമായ തെരഞ്ഞെടുപ്പായിരുന്നു അത്. ഒന്നാമത്, അയോധ്യയില്‍ രാമനെ കവര്‍ന്നു നില്‍ക്കുന്നത് ഒരു മുസ്‌ലിം പളളിയാണ്. രാമനെ മോചിപ്പിക്കാന്‍ അതു തകര്‍ക്കണം. മോദി പറഞ്ഞ വിമോചനത്തിന്റെ അര്‍ത്ഥം എത്ര ലളിതമെന്നറിയുക- ഇസ്‌ലാമില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക, ഇതുതന്നെയാണല്ലോ 1920കളില്‍ തുടങ്ങിയ മതരാഷ്ട്രീയത്തിന്റെ കേന്ദ്രഅജണ്ട. രണ്ടാമത്, രാമന്‍ എന്നത് ബ്രാഹ്മണിക്കല്‍ ഹിന്ദുമതത്തിന് സര്‍വ്വാത്മനാ നിരക്കുന്ന ആരാധനാ ബിംബമാണ്. ഏകപത്‌നീവ്രതക്കാരന്‍, പെണ്‍ പാതിവ്രത്യത്തിന്റെ അപ്പോസ്തലന്‍, പാരമ്പര്യവാദി, ദേശഭക്തന്‍, സര്‍വ്വശക്തന്‍, ചുരുക്കത്തില്‍ ലക്ഷണമൊത്ത ആണ്‍ ഹീറോ.
ബൃഹത്തായ ഒരു ദേശീയ നുണ
1980കളുടെ ഒടുക്കത്തോടെ രാമക്ഷേത്രപ്രചാരണം വര്‍ഗീയ കലാപങ്ങളുടെ ഒരു തരംഗമുണ്ടാക്കി. അതുവഴി വോട്ടു ധ്രുവീകരണം നിഷ്പ്രയാസം മതാടിസ്ഥാനത്തിലാക്കി. ആ തരംഗത്തില്‍ ബി.ജെ.പി 1991ല്‍ ഉത്തര്‍പ്രദേശ് പിടിക്കുന്നു. പിറ്റേക്കൊല്ലം രഥയാത്രയും പള്ളിതകര്‍ക്കലും. രാജ്യവ്യാപകമായി അശ്വമേധം നടത്തി പരസ്യമായി പള്ളി തകര്‍ത്തുകൊണ്ട് ഒരു ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ഉദ്ദേശ്യം. മതേതരത്വത്തിനുള്ള ദേശീയ താഡനം. അതാണിപ്പോള്‍ ബി.ജെ.പിയുടെ കേന്ദ്രസ്വത്വം തന്നെ. വ്യാജമതേതരത്വം എന്ന ചാപ്പ അവര്‍ അടിച്ചത് പ്രതിയോഗികള്‍ക്കുമേല്‍ മാത്രമല്ല, ഭരണഘടനാവിവക്ഷയായ മതേതരത്വത്തിനുമേല്‍ കൂടിയാണ്.
അയോധ്യപ്രസ്ഥാനത്തിന്റെ ആദ്യഘട്ടം വിജയിച്ചതോടെ ഹിന്ദുഭൂരിപക്ഷ സംസ്ഥാനങ്ങള്‍ ഓരോന്നായി ബി.ജെ.പിക്കു വഴങ്ങിത്തുടങ്ങി. തുടക്കത്തില്‍ എന്‍.ഡി.എ എന്ന കുടക്കീഴിലായിരുന്നു തേരോട്ടമെങ്കിലും പല
സ്റ്റേറ്റിന്റെ മതേതരത്വം, പൗരതുല്യത, തുടങ്ങി ഭരണഘടനാ ജനാധിപത്യത്തിന്റെ മര്‍മ്മഘടകങ്ങള്‍ ഓരോന്നായി കാറ്റിലെറിയുന്നു- സമാന്തരമായി അംബേദ്കര്‍ക്ക് ജയ്, ഭരണഘടനയ്ക്ക് കീജയ്
ഘടകകക്ഷികളും ഭൂരിപക്ഷരാഷ്ട്രീയത്തിന് കല്ലുകടിയായി. വിശേഷിച്ചും 2002ലെ ഗുജറാത്ത് നരഹത്യയുടെ പശ്ചാത്തലത്തില്‍. അതുകൊണ്ടുകൂടിയാണ് 2004ല തിരഞ്ഞെടുപ്പ് തോറ്റതും യു.പി.എ അധികാരത്തിലേറിയതും. അതോടെ മതേതരത്വ അജണ്ടകളിലേയ്ക്ക് രാജ്യം വീണ്ടും ‘പിന്നാക്കം' പോയിത്തുടങ്ങി. 2014ല്‍ യു.പി.എ തോറ്റമ്പിയത് അവരുടെ സ്വന്തം അഴിമതി കൂമ്പാരങ്ങള്‍ നിമിത്തമാണ്. ആ കോണ്‍ഗ്രസ് വിരുദ്ധ വേലിയേറ്റത്തില്‍ കോര്‍പ്പറേറ്റ് പണമൊഴുക്കു കൂടിയായപ്പോള്‍ മോദിക്ക് ചെങ്കോല്‍ കിട്ടി.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ മതരാഷ്ട്രീയത്തിന്റെ പ്രത്യക്ഷചുവടുകള്‍ക്ക് ആദ്യം പാങ്ങില്ലായിരുന്നു. പകരം മതേതരവിരുദ്ധതയുടെ അന്തരീക്ഷസൃഷ്ടി നടത്താന്‍ പ്രത്യേകം ശ്രദ്ധവെച്ചു. ഉദാഹരണമായി, സാംസ്‌കാരിക പൊലീസിങ്ങിന് വ്യത്യസ്ത സംഘസേനകള്‍ പലേടത്തും നിയമവാഴ്ചയെ വെല്ലുവിളിച്ച് രംഗത്തിറങ്ങി. ലൗജിഹാദ്, ഘര്‍വാപസി, ഗോരക്ഷ തുടങ്ങി 'ഹിന്ദുജാഗ്രതാ' ഭടന്മാരുടെ വിളയാട്ടം. അയോധ്യാ പ്രസ്ഥാനത്തിനുവേണ്ടി ഒരുക്കിയ ഗുണ്ടാപ്പടയായ ബജ്റംഗദൾ പോലെ പല ദളങ്ങള്‍ പലേടത്തായി മുളച്ചുപൊന്തി. ദേശീയാധികാരമുള്ളതിനാല്‍ പൊലീസിനെ പേടിക്കാതെ നിയമം കയ്യിലെടുക്കാം. ഇതൊക്കെ അപവാദങ്ങളും ചില്ലറ വ്യതിയാനങ്ങളുമെന്നു പറഞ്ഞ് മാധ്യമലോകവും (ഭൂരിപക്ഷം മാധ്യമ കേസരികളും സംഘപരിവാരത്തിന്റെ സ്വലേകളായിക്കഴിഞ്ഞത് വേറെ കഥ) ഭരണകൂടവും കണ്ണടച്ചു. സത്യത്തില്‍, ഭൂരിപക്ഷത്തിന്റെ ചൊല്പടിയിലാണ് രാജ്യം എന്ന സന്ദേശം ഭംഗ്യന്തരേണ നല്‍കുകയായിരുന്നു ഭരണകക്ഷി.

ഇന്ദിരയുടെ കാലംതൊട്ടേ ആവശ്യാനുസരണം മതരാഷ്ട്രീയ കാര്‍ഡ് ഇറക്കികളിച്ചുപോന്ന കോണ്‍ഗ്രസിന് ഇതോടെ ചിത്തഭ്രമം കലശലായി. മതേതരത്വമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന മട്ടിലായി ഗാന്ധിയന്മാരുടെ നയനടപടികള്‍. ഹിന്ദു ദേശീയതയിലാണ് ഏക രക്ഷയെന്ന പുത്തന്‍ രാഷ്ട്രീയവായന വ്യാപകമാക്കുകയായി മിക്ക പ്രതിപക്ഷകക്ഷികളും ഇതേ വായന നടത്തിനോക്കുന്നു. ചുരുക്കത്തില്‍, ഭരണഘടനാ മതേതരത്വത്തെ ഹിന്ദുദേശീയത കയറി കുറുകെ വെട്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് രാമപൂജയ്ക്കുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ട്വീറ്റാഹ്വാനം.
ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് പ്രധാനമായും മൂന്ന് ശിലകളാണ് ആര്‍.എസ്.എസ് കരുതിവെച്ചത്. രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഏകസിവില്‍കോഡ്. ഇതില്‍ ആദ്യരണ്ടും സ്ഥാപിച്ചുകവിഞ്ഞു. സിവില്‍കോഡ് വൈകാതെ അവതരിപ്പിക്കപ്പെടും. ഇവിടെ ശ്രദ്ധിക്കേണ്ടത് ഈ രാഷ്ട്രീയത്തിന്റെ പരമമായ ലാളിത്യമാണ്. മുസ്‌ലിം പള്ളി തകര്‍ക്കുക വഴി ഏതുമതമാണ് ദേശീയാധികാരി എന്നു സ്ഥാപിക്കലാണ് രാമക്ഷേത്രത്തിന്റെ ഇംഗിതം. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ പദവി റദ്ദാക്കുക ആര്‍ക്കുള്ള സന്ദേശമാണെന്ന് ഊഹിച്ചുകൊള്ളുക. ഏകസിവില്‍കോഡിന്റെ ആത്യന്തിക ടാര്‍ഗറ്റ് മുസ്‌ലീങ്ങളാണെന്ന് ആര്‍ക്കാണറിയാത്തത്. ഇവ്വിധം ലളിതവും സുതാര്യവുമായി മുഖ്യ ന്യൂനപക്ഷമതത്തെ രണ്ടാംകിട പൗരാവലിയാക്കുന്നതില്‍ യാതൊരു ഇരട്ടത്താപ്പുമില്ല. ശ്രദ്ധക്കേണ്ടത് ഈ ലാളിത്യത്തിനു പിന്നിലൂടെ അരങ്ങേറുന്ന കുറുനരി കൗശലമാണ്- ഭരണഘടനയില്‍ തൊടാതെ തന്നെ അതിന്റെ അസ്തിവാരം തോണ്ടുന്ന കലാപരിപാടി. സ്റ്റേറ്റിന്റെ മതേതരത്വം, പൗരതുല്യത, തുടങ്ങി ഭരണഘടനാ ജനാധിപത്യത്തിന്റെ മര്‍മ്മഘടകങ്ങള്‍ ഓരോന്നായി കാറ്റിലെറിയുന്നു- സമാന്തരമായി അംബേദ്കര്‍ക്ക് ജയ്, ഭരണഘടനയ്ക്ക് കീജയ്..
ഇവ്വിധം ബൃഹത്തായ ഒരു ദേശീയ നുണയ്ക്കുമേലാണ് നാം അടയിരിക്കുന്നത്. ദേശീയതയുടെ വ്യാജ നിര്‍മ്മിതികളാല്‍ ആവേശിതരാക്കപ്പെട്ട്, രാഷ്ട്രീയമായ ആത്മവഞ്ചനയില്‍ ഐക്യപ്പെട്ട്, സാമ്പത്തികമായ ശുദ്ധവിഡ്ഢിത്തത്തില്‍ അന്ധരാക്കപ്പെട്ട് അനുദിനം ക്ഷുദ്രമായിപ്പോകുന്ന ഒരു രാഷ്ട്രമനസിന്റെ ഗതികേട് അതേ ആന്ധ്യത്തിന്റെ കൂട്ടിക്കൊടുപ്പുകാരായ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുപിടിക്കുമ്പോള്‍ പഴയൊരു പരേതന്റെ ചെറിയൊരു ഓര്‍മ്മപ്പെടുത്തല്‍ തികട്ടിവരുന്നു: 1992ലെ രഥയാത്ര ക്ലൈമാക്‌സിലെത്തിനില്‍ക്കെ ഫൈസാബാദില്‍ നിന്ന് ബോംബെയ്ക്ക് ഒരു ഫോണ്‍വിളി. എല്ലാം മൂളിക്കേട്ടിട്ട് അങ്ങേത്തലയ്ക്കല്‍ നിന്ന് എം.പി. നാരായണപിള്ളയുടെ മറുപടി: ‘ഈ വിശ്വഹിന്ദുപരിഷകള്‍ക്ക് നമ്മള്‍ ശരിയായ ഹിന്ദുക്കള്‍ ഹിന്ദുമതത്തില്‍ പോസ്റ്റല്‍ ട്യൂഷന്‍ കൊടുക്കണം.'
അഞ്ജു
7 Aug 2020, 10:39 PM
ശരിയായ ഈ ഹിന്ദുക്കള്‍ക്ക് പോസ്റ്റലല്ലാതെയുള്ള നല്ല ട്യൂഷന്‍ വിശ്വഹിന്ദുപരിഷത്തുകാര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നല്‍കിയിട്ടും, അതു കിട്ടി ബോധിച്ചിട്ടും പിള്ളമാരുടെ മതേതര ഹൈന്ദവ പഠനക്ലാസ്സുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. വിജയിപ്പൂതാക!
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
അഡ്വ. പി.എം. ആതിര
Jan 26, 2023
22 Minutes Watch
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
പി.ബി. ജിജീഷ്
Jan 24, 2023
8 Minutes Read
ഇശാം
8 Aug 2020, 02:21 PM
ബാബറിപള്ളിയുടെ ശവമാടത്തില്‍ 40 കിലോ വെള്ളിക്കട്ടി ശിലാന്യാസം ചെയ്തുകൊണ്ട് നമ്മുടെ സോവറിന്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ റിപ്പബ്ലിക്കിനെ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ദശരഥരാമന് തൃപ്പടിദാനം ചെയ്തു. വച്ചത് പള്ളിയുടെ കുഴിമാടത്തിലാണെങ്കിലും കൊണ്ടത് ഇന്ത്യന്‍ മതേതരത്വത്തിന്റെ ഇടനെഞ്ചിലാണ്. അതെന്തായാലും ഇത് ഇനി രാമരാജ്യം, ഹിന്ദുത്വയുഗം. ആയതിനാല്‍ പൊളിറ്റിക്കലി കറക്ടായി വിളിക്കാം, ജയ് ശ്രീറാം. നല്ല നെറിയുള്ള ഭാഷ... മനോഹരമായ വാക്പ്രയോഗം..... പ്രസക്തം... കാലികം....