യേശുക്കുളിര്

യാഥാർഥ്യമോ ഭാവനയോ ഓർമയോ എല്ലാം കൂടെ ഇടകലർത്തിയ യേശുക്രിസ്തുക്കളെ കൂടെക്കൂടെ കണ്ടുതുടങ്ങിയതിന്റെ ഹാങ്ങോവറിലുള്ള ഭ്രമകല്പന തികച്ചും ആത്മികവും പ്രണയ-കാമ പൂർണവും വ്യക്തിപരവുമാണ്.

Disclaimer: യേശുഅപ്പച്ചനെന്ന മഹാമേരുവിനെ കണ്ണുമടച്ചു വിശ്വസിക്കാമെന്നും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം അവിടെയുണ്ടെന്നുമാണ് കുഞ്ഞുവാവയായിരുന്ന കാലം മുതൽക്കേ കേട്ടു പഠിച്ചത്.

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ബോർഡിങ് സ്‌കൂൾ കാലത്തു രാവിലത്തേയും രാത്രിയിലത്തെയും ആവർത്തന വിരസമായ നീണ്ടു വലിഞ്ഞ സമൂഹപ്രാർത്ഥനാ സമയത്താണ്​, പുള്ളിയുമായുള്ള കൊച്ചു വർത്തമാന സാധ്യത കണ്ടെത്തിയത്. ആരും വിശ്വസിക്കാനിടയില്ലാത്ത ഭാവി പദ്ധതികളൊക്കെ കേട്ടും തലയാട്ടിയും യേശുക്രിസ്തു കൂടെ കൂടിയിരുന്നു.

വലുതായി വലുതായി വരുന്നതിനനുസരിച്ച്​ യേശുക്രിസ്തു തോളേൽ കൈയിട്ടു നടക്കാനും മാത്രം കൂൾ ആയിക്കൊണ്ടിരുന്നു. അടുത്ത സുഹൃത്തോ കാമുകനോ സോൾ മേറ്റോ ഒക്കെയായി എന്തെല്ലാം സ്വപ്നലോകങ്ങൾ. ചിലപ്പോൾ വില്ലനോ നായകനോ ഗ്രീക്ക് ശില്പസൗന്ദര്യമോ ഹൃഥ്വിക് റോഷനോ ജോണി ഡെപ്പോ ആയി രൂപമാറ്റം സംഭവിക്കുന്ന മനോരാജ്യം. പുരുഷസൗന്ദര്യം വാരിയൊഴുകുന്ന ഒരു ഇമേജുണ്ടെങ്കിൽ അത് ബുക്ക് മാർക്കിലും കലണ്ടറിലും ഫോട്ടോകളിലുമൊക്കെ നിറയുന്ന പ്രാണപ്രിയനായ യേശുക്രിസ്തുവേയുള്ളു.

ഇത്രയുമാണ് ഇപ്പൊ സംഭവിക്കുന്ന യേശുക്രിസ്തു ചരിതങ്ങളുടെ ഒരു റഫ് ബാക്ക്ഗ്രൗണ്ട്. ഇന്നത്തെ ഒരു ആവറേജ് ദിവസം റോഡിലൊക്കെ മിനിമം ഒരു യേശുക്രിസ്തുവിനെയെങ്കിലും കാണാതെ കഴിക്കാനാവാത്ത വിധം, ആണുങ്ങൾ സൗന്ദര്യത്തിലും മീശ-താടി - മുടി എന്നീ ഘടകങ്ങളിലും വർക്ക് ചെയ്യാൻ തുടങ്ങിക്കഴിഞ്ഞു! ഈ യാഥാർഥ്യം നിലനിൽക്കേ, ഭാവനയോ ഓർമയോ കൂടെ ഇടകലർത്തിയ യേശുക്രിസ്തുക്കളെ കൂടെക്കൂടെ കണ്ടു തുടങ്ങിയതിന്റെ ഹാങ്ങോവറിലുള്ള ഭ്രമകല്പന തികച്ചും ആത്മികവും പ്രണയ-കാമ പൂർണവും വ്യക്തിപരവുമാണ്.

അന്ന്, താളിമുക്കിലെ തട്ടുകടയിൽ സ്ഥിരം കട്ടൻ ചായ കുടിച്ചോണ്ടു നിന്നപ്പഴാ അയാളെ ശരിക്കങ്ങോട്ടു ശ്രദ്ധിച്ചത്. ഇയാള് മുൻപിവിടെ വരാറുണ്ടായിരുന്നോ അതോ എനിക്കിപ്പഴാണോ ആത്മാർഥമായ ഭക്തി കൂടിയേന്നൊന്നും വ്യക്തമായി മനസ്സിലായില്ല. ഉടുത്ത മുണ്ടു മടക്കിക്കുത്തി, ഇടത്തെ കൈയിൽ പാതി കടിച്ച ബോണ്ടയുമായി അലക്ഷ്യമായ ആ നിൽപ്പ് കണ്ടപ്പഴേ ഒരു ജൂത മണമടിച്ചു. പ്രലോഭനത്തിന്റെ മൂന്നാം മണിയും ചങ്കിലടിച്ചു. വേണോ... വീഴണോ വേണ്ടയോ.. കൂലങ്കഷമായി ആലോചിക്കാനൊന്നും മെനക്കെട്ടില്ല. നീണ്ട കോലൻ മുടിയും അവിടവിടെ നര വീണ താടിയുമൊക്കെയായി മുഷിഞ്ഞ ലുക്കുണ്ടെങ്കിലും അയാളുടെ ആരും വീണു പോകുന്ന മദാലസൻ ചിരിയും, പുറമെ ആ മെയിൽ ഡിയോഡറിന്റെ മണവും അധികമൊന്നും വിവേചനബുദ്ധി പ്രവർത്തിപ്പിക്കണ്ടാന്നു എന്നെക്കൊണ്ട് തീരുമാനമെടുപ്പിച്ചു. ഒളിഞ്ഞും തെളിഞ്ഞും ഞാൻ അയാളെ നോക്കി തന്നെ നിന്നു. മുടി മാടിയൊതുക്കി വകുത്തെടുത്തു പകുതി ഒരു ഹെയർ ബാൻഡ് കൊണ്ട് കെട്ടിവെച്ച വഴിക്ക്, വിരലുകളിൽ കുടുങ്ങിയ മുടിയിഴകൾ ചവറ്റു കുട്ടയിൽ കൊണ്ടിടുന്നതും, ബോണ്ടയുടെ എണ്ണ പറ്റിയ വിരലുകൾ, (ടിഷ്യു പേപ്പറിന്റെ ജോലി ചെയ്യാനായി മടക്കി വെച്ചിരിക്കുന്ന) ന്യൂസ്പേപ്പറിന്റെ ചെറിയ കഷണങ്ങളിൽ തുടച്ച്​, അത് ചുരുട്ടി വീണ്ടും ചവറ്റുകുട്ടയിൽ കളയുന്നതും ഒട്ടും സാധാരണമായി എനിക്കനുഭവപ്പെട്ടില്ല. അയാൾക്കുമാത്രം ചെയ്യാൻ കഴിയുന്ന അത്ഭുതസിദ്ധികളായിരുന്നു എനിക്കവ. അല്ലെങ്കിൽ തന്നെ ആർക്കാണ് ഇത്ര വശ്യമായി ചവറ്റു കുട്ടയെ നോക്കാനാവുക. ഇയാളെ ഞാൻ എന്റെ വേദപുസ്തകത്തിലേക്കു ആവാഹിച്ചു.

അന്നു മുതൽ യേശുക്രിസ്തുവിന്റെ വിനീതവിധേയായ ഭക്തയായി ഞാൻ.

താളിമുക്കിലെ പറ്റുപുസ്തകത്തിൽ ഞങ്ങളുടെ പേരു കൂടെ ചാർത്തപ്പെട്ടു.

താളിമുക്കിന്റെ തെക്കും വടക്കും കാൽനടയായും കഴുതപ്പുറത്തും യേശുക്രിസ്തുവിനെ ഞാൻ അനുഗമിച്ചു.

അർധരാത്രിക്ക് യേശുക്രിസ്തുവിന് പെട്ടെന്നു വിശന്നപ്പോ പൂച്ചയ്ക്ക് കൊടുക്കാൻ വാങ്ങി വെച്ചിരുന്ന ട്രോളിങ്ങ് നിരോധന സമയത്തെ പത്തു സ്വർണ്ണ മത്തി ഞാൻ പൊരിച്ചു കൊടുത്തു.

യേശുക്രിസ്തു നഗ്‌നനായപ്പോ ഞാൻ ഉരിഞ്ഞു പോയ മുണ്ടുടുപ്പിച്ചു കൊടുത്തു.

യേശുക്രിസ്തു അവശനായപ്പോ ഞാൻ ബീഫ് ഫ്രൈ സ്വിഗ്ഗി ചെയ്തു കൊടുത്തു.

യേശുക്രിസ്തുവിന്റെ കറന്റ് ചാർജ് അടക്കാനും വീട്ടു സാധനങ്ങൾ വാങ്ങാനും എന്റെ ഗൂഗിൾ പേ എന്നും സജ്ജമായിരുന്നു.

മറിച്ചൊന്നും ചിന്തിക്കാനില്ലായിരുന്നു. എളിയവനോട് ചെയ്യുന്നതൊക്കെ എന്നോട് ചെയ്യുന്നു എന്നാണല്ലോ സൺഡേ സ്‌കൂളിലെ ടീച്ചറിന്റെ വായിലൂടെ യേശുക്രിസ്തു എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നത്. എങ്ങനെയെങ്കിലും സ്വർഗ്ഗരാജ്യം സ്വായത്തമാക്കണമെന്നായിരുന്നു ഈ വിശ്വാസിയുടെ മോഹം. യേശുക്രിസ്തുവിനെ എങ്ങനെയും അനുഗമിക്കലെന്ന ദുർഘട വഴിയല്ലാതെ, അവിടേക്കു കുറുക്കുവഴികളില്ലാത്ത ഒരു മാനസിക ഘടനയാണല്ലോ അതിന്റെ ഒരു അന്തർധാര.

ഗലീലക്കടലിന്റെ മുകളിലൂടെയും അടിത്തട്ടിലൂടെയും ശോശന്നപ്പൂക്കൾ പറിക്കാനും നൂറ്റാണ്ടുകൾക്കു മുൻപേ മുങ്ങിപ്പോയ എന്തെങ്കിലുമൊക്കെ കാണാനും മറ്റും ഞങ്ങൾ സ്വപ്നാടനം ചെയ്തു. അതിനു വേണ്ടി ഡൈവിങ്ങിന്റെ ഒരു കോഴ്‌സിന് ചേരാനും ഞാൻ മടിച്ചില്ല.

ഉണരുന്നതും എണീക്കുന്നതും യേശുക്രിസ്തുവേ, നിന്റെ മാറിലാണ് എന്ന പോട്ടയിലെ വിശുദ്ധഗാനത്തിൽ ഞാൻ എന്നെത്തന്നെ പൂർണമായി സമർപ്പിച്ചു.

എന്റെ പ്രിയനെപ്പോലെ സുന്ദരനായി ആരെയും ഞാനീ ഉലകിൽ മേലിൽ കാണത്തേയില്ലെന്നു കൈയടിച്ചു പാടി.

യേശുക്രിസ്തുവിനെ കഴുതപ്പുറത്തു കയറ്റി, ദുപ്പട്ടയൊക്കെ വിരിച്ചു, രാജാവാക്കി താളിമുക്കിലൂടെ ഹോശന്നാ പാടിച്ചു നടത്തി.

യേശുക്രിസ്തുവിലൂടെ അനേകം പേർ സൗഖ്യരായി, സന്തുഷ്ടരായി.

താളിമുക്കിലെ പലരുടെയും പാപം വരെ യേശുക്രിസ്തു ചുമ്മാതെയങ്ങ് ക്ഷമിച്ചു. യേശുക്രിസ്തുവിന്റെ അത്ഭുത പ്രവർത്തികൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ ഏഴയായ ഈയുള്ളവൾ പിതാവായ ദൈവത്തിനു സ്‌തോത്രം അർപ്പിച്ചു. യേശുക്രിസ്തുവിന് ഇനിയും ഇനിയും ലൈക്‌സ് ആൻഡ് ഷെയർസ് കിട്ടണേന്നു നേർച്ചയിട്ടു. വിശപ്പ് സഹിക്കാൻ പറ്റാത്ത സ്വഭാവം ഇല്ലാരുന്നേൽ ഞാനന്നൊരു അൻപതു നോമ്പ് കൂടെ എടുത്തേനെയാരുന്നു.

യേശുക്രിസ്തുവിന്റെ ഇടത്തെ അകം തുടയിലെ പരിശുദ്ധാത്മാവിന്റെ പ്രാവു ടാറ്റൂവിനെ, കണ്ണുനീരിനാൽ കഴുകിക്കൊടുത്ത ആ രാത്രിയിലാണ്, എന്റെ ഒരുവിധപ്പെട്ട പാപമൊക്കെയൊന്ന് മോചിക്കപ്പെട്ടത്. അപ്പന്റെ ആലയിൽ പോയി എന്തിനൊക്കെയോ ആണിയടിക്കാനും മുൻപ് അടിച്ചതിൽ ചിലത് ഊരാനും വെമ്പുന്നെന്നും, അമ്മയുടെ പരിപ്പുകറി കൂട്ടി വെള്ളച്ചോറുണ്ണണമെന്നൊക്കെ ഇതിനിടെ യേശുക്രിസ്തു ഏങ്ങിക്കരച്ചിലും നടത്തി. എന്നിട്ട് കരഞ്ഞു കലങ്ങിയ ആ രണ്ടു കൂതറ രൂപങ്ങളും കണ്ണാടി നോക്കി പുണർന്ന് "ഓ ജീസസ്' എന്ന് ഒന്നിച്ചു പൊട്ടിച്ചിരിച്ചു.

യേശുക്രിസ്തു വേണമെന്ന് വിചാരിക്കുമ്പോഴൊക്കെ പുരുഷാരം കൂടെയുണ്ടായിരുന്നു. അവരില്ലാത്തപ്പോൾ ഞാനും. നോട്ട് ദി പോയിന്റ് - അവരില്ലാത്തപ്പോൾ മാത്രം ഞാനും. എന്നിലെ ലിംഗസമത്വരക്തം തിളച്ചു. വെറുതെ ഒരു രസത്തിന് യേശുക്രിസ്തുവിനെ ഒറ്റുകൊടുത്താലോ? ആരും ഇപ്പോ എടുക്കാത്ത മുപ്പതു വെള്ളിക്കാശും അതിന്റെ ജി എസ് ടിയും വാറ്റുമൊക്കെ അടങ്ങുന്ന കണക്കു കുരുക്കോർത്ത് ആ പ്ലാൻ പിൻവലിച്ചു. യേശുക്രിസ്തുവിന്റെ ഈ പവറുകളി പോകപ്പോകെ എനിക്കത്ര സുഖിക്കുന്നില്ലായിരുന്നു. (എത്രയൊക്കെയായാലും ഒരു പുരുഷു എന്ന നിലക്ക് ആൺകോയ്മാ പരിപാടികളൊക്കെ കാണാതിരിക്കില്ലല്ലോ!).

അങ്ങനെ പതഞ്ഞൊഴുകുന്ന യേശുക്രിസ്തു ദിനങ്ങൾ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കേ, ഒരു കോളോ മെസ്സേജോ പോലുമില്ലാതെ മുപ്പത്തിമൂന്നാം ബെർത്ത് ഡേ മുതൽ യേശുക്രിസ്തു ഇഹലോക വാസം വെടിയാൻ സ്വയം തീരുമാനിച്ചു. രക്ഷകനെന്നും കൂടെയുണ്ടാവുമെന്നു കരുതിയ പുരുഷാരമെന്ന സോ കാൾഡ് ജനതയെപ്പോലെ ഞാനും പ്ലിംഗായി.

അങ്ങനെ, താളിമുക്കിൽ നിന്നും അതിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും യേശുക്രിസ്തു പൊടുന്നനേ അപ്രത്യക്ഷനായി. ലിംഗസമത്വാരോപണത്തിന്റെ പേരിൽ ഇനി ആരേലും പിടിച്ചു കുരിശിലേറ്റിയോ ആവോ .. ആ ഡീറ്റെയിൽസ് അന്വേഷിക്കാൻ എന്റെ കടുത്ത ഭക്തി സമ്മതിച്ചില്ല. ഭക്തിയുടെ ഒരു ലോജിക് അതാണ് . ഭക്തിയും യുക്തിയും കൂടെ വർക്കാവാത്തതു കൊണ്ട് യേശുക്രിസ്തുവിന്റെ കാര്യത്തിൽ ഞാനാ ലോജിക് ബ്രയിനിന്റെ ഭാഗം മ്യൂട്ടാക്കി വെച്ചിരുന്നു.

പിന്നീടൊരിക്കൽ, ചാത്തൻ കുന്നിൽ നടക്കാൻ പോയപ്പോൾ, രണ്ടു ചെക്കന്മാരുടെ കൂടെ യേശുക്രിസ്തു സൊറ പറഞ്ഞിരിക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു. എൻ എച്ചിന്റെ സൈഡിലൂടെ ഏതോ ഒരു മാർത്തയുടെ കൂടെ ഒരു കുടക്കീഴിൽ പോകുന്നത് ഞാൻ പിന്നെ കണ്ടതേയില്ലല്ലോ.

ഇതിനിടെ, യേശുക്രിസ്തുവിന്റെ പുതിയ സൗഖ്യപ്പെടുത്തൽ സെമിനാറുകളുടെ നോട്ടീസുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. കൈയിൽ വന്നു പെട്ടതെല്ലാം സൂക്ഷിച്ചു വെച്ച് കുനു കുനാ കീറി താളിമുക്കിലെ ചായക്കടയുടെ ചവറ്റുകുട്ടക്കു ചുറ്റും ആരും കാണാതെ ഞാൻ വാരി വിതറി. എന്തോ ഒരു തരം മാനസാന്തരത്തിലൂടെ ഞാനപ്പോ സുഖപ്പെട്ടെന്നൊക്കെ വിശ്വസിച്ചു.

താളിമുക്കിൽ കാണാത്ത സ്ഥിതിക്ക് യേശുക്രിസ്തു പുനരുദ്ധാരണം ചെയ്തു കാണുമെന്നു വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. എനിക്ക് സമീപസ്ഥനല്ലാത്ത യേശുക്രിസ്തു ദൂരസ്ഥനായി തന്നെ ഇരിക്കട്ടേയെന്നായിരുന്നു അതിന്റെ ഒരു യുക്തിയും.

ഇനിയിപ്പോ, രണ്ടാമത് വീണ്ടും വരുമായിരിക്കുമോ ആവോ.

അഥവാ വന്നാൽ എന്നെ വീണ്ടെടുക്കുമോ? ഇനിയും ഞാൻ ചെയ്യാൻ പ്ലാൻ ചെയ്തിട്ടുള്ള പാപമൊക്കെ ക്ഷമിക്കുമോ? വിശന്നവനും ക്ഷീണിതനും നഗ്‌നനുമായി കാലുകൾ കഴുകാൻ ഇനി ഒരിക്കലെങ്കിലും എന്നിലേക്ക് വരുമോ?

താളിമുക്കിലെ പുരുഷാരത്തിനിടയിൽ വെച്ച് ആ മുഷിഞ്ഞ മുണ്ടിന്റെ അറ്റത്ത് തൊടുമ്പോൾ പണ്ടത്തെ പോലെ, എനിക്കുമാത്രം തിരിച്ചറിയാനാവുന്ന ശക്തി പുറപ്പെടുവിക്കുമോ?

കാര്യം ഒരു ഡിച്ചിങ് ഫീലൊക്കെ ഉണ്ടേലും, സൺഡേ സ്‌കൂൾ കാലം മുതൽ, ഷോർട്ട് മുടിയുള്ള, ക്ലീൻഷേവ് ചെയ്ത, യേശുക്രിസ്തുവിനെയായിരുന്നു പരിചയമെങ്കിൽ, എനിക്കീ പണി കിട്ടത്തില്ലാരുന്നു എന്ന ആലോചനയിൽ, ഭക്തിയിൽ തന്നെ മനസ്സുറപ്പിച്ചു ഈ പ്രതിസന്ധി പരിഹരിക്കാമെന്ന് തീരുമാനിച്ചു. കടുകുമണി പോലുള്ള വിശ്വാസമല്ലേ, ഇതൊക്കെ തന്നെ ധാരാളം.

രൂപക്കൂട്ടിൽ ആണിയടിച്ചുറപ്പിച്ച് യേശുക്രിസ്തുവിനെ ഞാൻ ഭിത്തിയിൽ തൂക്കി. അവിടെയിരുന്നിനി എന്റെ ആജ്ഞകൾ അനുസരിക്ക്, എന്റെ ഇഷ്ടങ്ങൾ നടത്ത്. ഇല്ലേൽ എന്റെ ഭക്തി ഒരു മെഴുതിരിക്കോലു പോലെ നിന്നെ പൊള്ളിക്കും. യേശുക്രിസ്തുവിനെ ഞാൻ പേർസണലൈസ് ചെയ്തു.

പിന്നീട്, ഓശാനയും ഈസ്റ്ററും ക്രിസ്മസ്സുമൊക്കെ കയറിയിറങ്ങിപ്പോയി.

താളിമുക്കിൽ പുതിയ യേശുക്രിസ്തുമാർ കട്ടൻ ചായ - ബോണ്ട കേസുകളുമായി വന്നു കൊണ്ടിരുന്നു. അവർക്കൊക്കെ ജൂത മണമുണ്ടായിരുന്നു. മുഷിഞ്ഞ മുണ്ടുമുണ്ടായിരുന്നു. പക്ഷെ എന്റെ പാപങ്ങൾ ക്ഷമിക്കാനും മാത്രമുള്ള കുളിരവർക്കില്ലായിരുന്നു.

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 93 ൽ പ്രസിദ്ധീകരിച്ച കഥ

Comments