ബീന ജയചന്ദ്രൻ

അപ്രത്യക്ഷമാകരുത്,
‘ഡെമോക്രാറ്റിക് ഇന്ത്യ’

‘‘ഇപ്പോൾ, ബി.ജെ.പി- ആർ.എസ്.എസ് സഖ്യത്തെ ഭയത്തോടെ വെറുക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അതിലെ ഓരോ അംഗത്തെയും അകറ്റിനിർത്താനുള്ള ഒരു ത്വര എന്നിൽ, ഞാനറിയാതെ ഉരുത്തിരിഞ്ഞിട്ടുണ്ട്. മത- രാഷ്ട്രീയ- സാംസ്കാരിക സഹിഷ്ണുത ഒരുപാടുള്ള ഒരു ഇന്ത്യൻ പൗര എന്ന നിലക്ക് എന്റെ ഈ മാറ്റം എന്നെ ഏറെ വേദനിപ്പിക്കുന്നു’’- ബീന ജയചന്ദ്രൻ എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

ബീന ജയചന്ദ്രൻ: എല്ലാ മേഖലകളിലും ഇന്ത്യ ഏറ്റവും പിന്നിലേക്കുപോയ പത്ത് വർഷങ്ങളാണ് മോദി സർക്കാരിന്റേത്. ഇന്ത്യൻ ജനത ജാതീയമായി ഏറ്റവും കൂടുതൽ ധ്രുവീകരിക്കപ്പെട്ട പത്ത് വർഷങ്ങൾ. അവർണ്ണർ (ആർക്ക്?) അധിക്ഷേപിക്കപ്പെടുകയും നിഷ്കരുണം കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത പത്തു വർഷങ്ങൾ; ഇന്ത്യയുടെ ചരിത്രത്തിലെ ഇരുളടഞ്ഞ അദ്ധ്യായം.

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ഇന്ത്യ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

ഇന്ത്യൻ ജനാധിപത്യത്തിന്റെ രാഷ്ട്രീയഭാവി നിർണ്ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. ഈ രാജ്യം ഒരു ഡെമോക്രാറ്റിക് റിപ്പബ്ലിക് ആയി നിലനിൽക്കാനുള്ള സാധ്യത തീരുമാനിക്കപ്പെടുന്നത് ഈ തെരഞ്ഞെടുപ്പിലായിരിക്കും. ഭരണഘടനയുടെ അസ്തിത്വം ഉറപ്പുവരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പ്. മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് കരുതുന്നില്ല, എത്തരുത്. ‘ഇന്ത്യ’ സഖ്യത്തിന്റെ സാധ്യത, ആ സഖ്യത്തിന്റെ കേട്ടുറപ്പിലും ഉദ്ദേശ്യശുദ്ധിയിലും ഏറെ ആശങ്കകളാണ് എനിക്കുള്ളത്. അതിനുള്ളിൽത്തന്നെ മതമൗലികതയെ പിന്തുണക്കുന്ന അടിയൊഴുക്കുകൾ ശക്തമായതുകൊണ്ടും, സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് ഏറെ മുൻഗണന കൊടുക്കുന്നതുകൊണ്ടും.

എല്ലാ മേഖലകളിലും ഇന്ത്യ ഏറ്റവും പിന്നിലേക്കുപോയ പത്ത് വർഷങ്ങളാണ് മോദി സർക്കാരിന്റേത്.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

ജനാധിപത്യമെന്ന ആശയത്തിന്റെ ഭാവി എന്നല്ല, നിലനിൽപ് തന്നെ നിശ്ചയിക്കപ്പെടാൻ പോവുകയാണ്. ഈ തെരഞ്ഞെടുപ്പ് മോദി സർക്കാരിന് അനുകൂലമായാൽ (അങ്ങനെ ആവാൻ പ്രബുദ്ധഭാരതം അനുവദിക്കില്ല എന്ന് വിശ്വസിക്കുന്നു), അത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലേക്ക് തുളഞ്ഞുകയറുന്ന അവസാനത്തെ ആണി ആയിരിക്കും. 'ഡെമോക്രാറ്റിക് ഇന്ത്യ' ചരിത്രത്തിന്റെ താളുകളിൽ നിന്നുപോലും അപ്രത്യക്ഷമാവും.

സാംസ്കാരികരംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. ഈയൊരു സമകാലീന സാംസ്കാരികാന്തരീക്ഷം താങ്കളുടെ സാംസ്കാരിക വിചാരങ്ങളെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

ഇത്രയും കാലം എല്ലാ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും ബഹുമാനത്തോടെയാണ് ഞാൻ കണ്ടിരുന്നത്; ഒരു പാർട്ടിയിൽ ഉറച്ചു വിശ്വസിക്കുമ്പോഴും, മറ്റു പാർട്ടികളെ ഉൾക്കൊള്ളാനും അവരെ കേൾക്കാനും ഞാൻ ശ്രദ്ധിച്ചിരുന്നു. ഇന്ത്യയുടെ 'political diversity'-ൽ ആശങ്കപ്പെട്ടിട്ടില്ല. പക്ഷെ, ഇപ്പോൾ, ബി.ജെ.പി- ആർ.എസ്.എസ് സഖ്യത്തെ ഭയത്തോടെ വെറുക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അതിലെ ഓരോ അംഗത്തെയും അകറ്റിനിർത്താനുള്ള ഒരു ത്വര എന്നിൽ, ഞാനറിയാതെ ഉരുത്തിരിഞ്ഞിട്ടുണ്ട്. മത- രാഷ്ട്രീയ- സാംസ്കാരിക സഹിഷ്ണുത ഒരുപാടുള്ള ഒരു ഇന്ത്യൻ പൗര എന്ന നിലക്ക് എന്റെ ഈ മാറ്റം എന്നെ ഏറെ വേദനിപ്പിക്കുന്നു. ഹിന്ദുമതം എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്-അതൊരു 'institutionalised religion' അല്ല എന്ന തിരിച്ചറിവിൽ. ആ തത്വങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ ഒക്കെ അതിപ്രാകൃതമായ (barbarian) ഒരു നിലയിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നു, അതെത്രമാത്രം ആഴത്തിൽ, എത്ര വേഗത്തിൽ, ഇന്ത്യൻ psych-ലേക്ക് വേരോടിച്ചു എന്നത് ഭയാനകമാണ്.

ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ജാർക്കണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെയും അറസ്റ്റിൽ പ്രതിഷേധിക്കാൻ ‘ഇന്ത്യ’ സഖ്യം ഡൽഹിയിൽ നടത്തിയ മഹാറാലിയിൽ നിന്ന്

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

സത്യമായും, അറിയില്ല.
എല്ലാ പ്രതിരോധങ്ങൾക്കും അതീതമായി ‘ഹിന്ദു vs മറ്റെല്ലാം' എന്ന അവസ്ഥയിലേക്ക് വെറും പത്ത് വർഷങ്ങൾ കൊണ്ട് എങ്ങനെ എത്താനായി? വർഷങ്ങളായി നടത്തിയ (ഒളിഞ്ഞും തെളിഞ്ഞും) ആസൂത്രിത മാർഗങ്ങൾക്കുപിന്നിലെ RSS resilience എന്തുകൊണ്ട് നമ്മൾ കാലേകൂട്ടി തിരിച്ചറിഞ്ഞില്ല? മോദി സർക്കാരിന് എങ്ങനെ ഒരു 'second term' കിട്ടി? (വളരെ intensive ആയ ഒരു 'unlearning process' കൊണ്ടുമാത്രം സാധ്യമാവുന്ന ഒന്നായിരിക്കും പ്രതിരോധം- സുദീർഘമായ process.)

യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ശക്തിപ്പെടേണ്ടതുണ്ട്. ഈ രണ്ട് ഘടകങ്ങളും ഒരേ സമയം എതിർത്തും പിന്തുണച്ചും നിലകൊണ്ടാൽ മാത്രമേ ബി.ജെ.പി എന്ന മഹാവിപത്തിനെ തുരത്താനാവൂ.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ഇന്ത്യാ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഈ വരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ശക്തിപ്പെടേണ്ടതുണ്ട്. ഈ രണ്ട് ഘടകങ്ങളും ഒരേ സമയം എതിർത്തും പിന്തുണച്ചും നിലകൊണ്ടാൽ മാത്രമേ ബി.ജെ.പി എന്ന മഹാവിപത്തിനെ തുരത്താനാവൂ. രണ്ട് ധ്രുവങ്ങളിൽ നിൽക്കുമ്പോഴും 'ഹിന്ദു v മറ്റെല്ലാം' എന്ന ഫാഷിസ്റ്റ് നിലപാടിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ യു.ഡി.എഫിനും എൽ.ഡി.എഫിനും കഴിയണം. ബി.ജെ.പിയെ പൊതുശത്രുവായിത്തന്നെ കാണണം. യു.ഡി.എഫിലും എൽ.ഡി.എഫിലും ഉണ്ടെന്ന് തോന്നിപ്പോവുന്ന ‘ബി.ജെ.പി സഹിഷ്ണുത' തരംഗം / മനോഭാവം പാടെ ഇല്ലാതായാൽ മാത്രമേ ഇത് സാധ്യമാവൂ.


ബീനാ ജയചന്ദ്രൻ

ദക്ഷിണാഫ്രിക്കയിൽ ഈസ്റ്റേൺ കേപ്പ് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ ജ്യോഗ്രഫി ചീഫ് എഡ്യൂക്കേഷൻ സ്‌പെഷ്യലിസ്റ്റായിരുന്നു. ജീവിതപങ്കാളിയായ യു. ജയച​ന്ദ്രനൊപ്പം 40 വർഷത്തോളം ആഫ്രിക്കയിൽ. എ.ഐ.എസ്.എഫ് പ്രവർത്തകയായിരുന്നു. കഥകളെഴുതിയിട്ടുണ്ട്.

Comments