സച്ചിദാനന്ദൻ

ഏറ്റുമുട്ടേണ്ടത് ഫാഷിസ്റ്റ് ശക്തിയോടാണ്,
ഇന്ത്യൻ ജനതയ്ക്ക് ജയിച്ചേ തീരൂ…

‘‘ദരിദ്രർ, കർഷകർ, തൊഴിലാളികൾ, പലതരം ന്യൂനപക്ഷങ്ങൾ- ഇവർക്കു വേണ്ടിയും സ്ഥിതിസമത്വത്തിനു വേണ്ടിയും സംസാരിക്കാൻ ലോക്സഭയിൽ ഇടതുപക്ഷ സാന്നിദ്ധ്യം അത്യാവശ്യമാണ്. അതാകട്ടെ, കേരളത്തിൽ തന്നെയാണ് ശക്തമായി സന്നിഹിതമായിട്ടുള്ളത്’’- സച്ചിദാനന്ദൻ എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

സച്ചിദാനന്ദൻ: ഇന്ത്യൻ ജനാധിപത്യം ഏറ്റവും വലിയ പ്രതിസന്ധിയിലായ വർഷങ്ങൾ. മതനിരപേക്ഷത എന്ന ആദർശവും സ്ഥിതിസമത്വം എന്ന ലക്ഷ്യവും ആവിഷ്കാര സ്വാതന്ത്ര്യം എന്ന അവകാശവും ഏറ്റവും വലിയ വെല്ലുവിളി നേരിട്ട കാലം. ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും വിരലിലെണ്ണാവുന്ന ചില കോർപ്പറേറ്റുകൾക്കായി ജനം നിരന്തരം ചൂഷണം ചെയ്യപ്പെടുകയും നിത്യോപയോഗ സാധനങ്ങളുടെ വിലയും തൊഴിലില്ലായ്മയുടെ നിരക്കും ഒരു പോലെ വർദ്ധിക്കുകയും ചെയ്ത പതിറ്റാണ്ട്.

മാധ്യമങ്ങൾ സ്വയം സ്വാതന്ത്ര്യം അടിയറ വെയ്ക്കുകയോ അഥവാ അവയുടെ സ്വാതന്ത്ര്യം തട്ടിപ്പറിക്കപ്പെടുകയോ ചെയ്ത ദശാബ്ദം. നിയമനിർമ്മാണം, കാര്യനിർവഹണം, നിയമപാലനം എന്നിങ്ങിനെയുള്ള ജനാധിപത്യത്തിന്റെ മൂന്നു പ്രധാന ഘടകങ്ങളും അപകടത്തിലായ കാലം. വിദ്യാഭ്യാസനയം മുതലാളിമാരുടെ അടിമകളെ സൃഷ്ടിക്കാൻ മാത്രമുള്ളതായി മാറ്റി എഴുതപ്പെടുകയും വിവരാവകാശ നിയമത്തിലും വനനിയമത്തിലും വെള്ളം ചേർക്കപ്പെടുകയും സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവസരങ്ങൾ നിഷേധിക്കപ്പെടുകയും പൗരരരുടെ പൗരത്വം തന്നെ ചോദ്യവിധേയമാവുകയും കരിനിയമങ്ങൾ ഭരണകൂട വിമർശകർക്കെതിരെ ഒരു തെളിവുമില്ലാതെ ഉപയോഗിക്കപ്പെടുകയും പുതിയ കരിനിയമങ്ങൾ സൃഷ്ടിക്കപ്പെടുകയും നിരപരാധികൾ വിചാരണ പോലുമില്ലാതെ അനകം വർഷങ്ങൾ തുറുങ്കിലടയ്ക്കപ്പെടുകയും സ്വതന്ത്രചിന്ത്രകർ ഭീഷണി മുതൽ കൊലപാതകം വരെയുള്ള അന്നെതികൾക്ക് വിധേയരാവുകയും ചെയ്ത കാലം.

ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും കോർപ്പറേറ്റുകൾക്കായി ജനം നിരന്തരം ചൂഷണം ചെയ്യപ്പെടുകയും ചെയ്ത പതിറ്റാണ്ടാണ് കഴിഞ്ഞത് / Photo: ruralindiaonline.org

സാർവ്വദേശീയ രംഗത്ത് ഇന്ത്യക്കുണ്ടായിരുന്ന എല്ലാ സ്ഥാനവും നഷ്ടപ്പെടുകയും ജനസന്തുഷ്ടി, തൊഴിൽ, വിദ്യാഭ്യാസം, മനുഷ്യാവകാശം, സ്ത്രീസുരക്ഷ, ന്യൂനപക്ഷരക്ഷ തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ താഴേയ്ക്ക് നിപതിക്കുകയും ചെയ്ത ദുരിതകാലം.

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

നമ്മുടെ മനസ്സിലും സ്വപ്നങ്ങളിലുമുള്ള ഇന്ത്യ നില നിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഒന്നാണിത് എന്നതു​തന്നെയാണ്, ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം.

2014-ൽ തന്നെ ഞാൻ ഉന്നയിച്ചിരുന്ന ഒരാവശ്യമാണ് ‘ഇന്ത്യ’ സഖ്യം എന്ന പേരിൽ യാഥാർഥ്യമായിരിക്കുന്നത്. എന്നാൽ അവയിലെ ഘടകകക്ഷികൾ തമ്മിൽ നിലനിൽക്കുന്ന പോരും, പല കക്ഷികളിലും നിന്നുള്ള കൂറുമാറ്റങ്ങളും അതിന്റെ അതിജീവനശേഷിയെയും സമരശേഷിയെയും ദുർബലപ്പെടുത്തുന്നുണ്ട്.

അപകടം വേണ്ട പോലെ തിരിച്ചറിയാത്തതോ, സ്വാർഥത ഐക്യം അസാധ്യമാക്കുന്നതോ ആകാം അതിനു കാരണം. ഒപ്പം, കക്ഷികൾക്ക് പുറത്തുനിൽക്കുന്ന ജനങ്ങളെയും അവക്കു പുറത്തുനടക്കുന്ന കർഷകസമരവും സി.എ.എ വിരുദ്ധ പ്രക്ഷോഭവും പോലുള്ള ജനകീയ സമരങ്ങളെയും കൂടി ഒന്നിച്ച് ചേർക്കാതെ ‘ഇന്ത്യ’ സഖ്യത്തിന് വിജയിക്കാനാകില്ല.

അതിന് ഏറ്റുമുട്ടാനുള്ളത് ധനം, അധികാരം, അസത്യപ്രചാരണ യന്ത്രങ്ങൾ- ഇവയെല്ലാം വൻതോതിൽ കയ്യിലുള്ള ഫാഷിസ്റ്റ് ശക്തിയോടാണ്. ബി ജെ പിക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ സീറ്റുകൾ കുറവേ കിട്ടൂ എന്ന കാര്യത്തിൽ സംശയം തോന്നുന്നില്ല, പക്ഷെ ഭരണം നഷ്ടപ്പെട്ടാലുള്ള പ്രത്യാഘാതം നന്നായി അറിയാവുന്ന ആ പാർട്ടി, എം.പിമാരെ വിലയ്ക്കെടുത്തും താത്കാലിക സഖ്യങ്ങൾ പടച്ചുണ്ടാക്കിയും വോട്ടുയന്ത്രങ്ങൾ മാനിപ്പുലേറ്റ് ചെയ്തും ഭരണത്തിൽ വീണ്ടും വരില്ലെന്ന് ഉറപ്പിച്ചുപറയാനാവില്ല, നാമെല്ലാം അത് ആഗ്രഹിക്കുന്നുണ്ടെങ്കിലും. ഉറപ്പിച്ചുപറയാവുന്ന ഒരു കാര്യം ‘നരേന്ദ്രമോദി ഘടകം’ അപ്രധാനമാകും എന്നും മോദിയുടെ പ്രചാരണത്തിലൂടെ ഉണ്ടാക്കിയെടുത്ത 'കരിസ്മ' നഷ്ടമാകും എന്നുമാണ്.

കർഷകസമരവും സി.എ.എ വിരുദ്ധ പ്രക്ഷോഭവും പോലുള്ള ജനകീയ സമരങ്ങളെയും കൂടി ഒന്നിച്ച് ചേർക്കാതെ ‘ഇന്ത്യ’ സഖ്യത്തിന് വിജയിക്കാനാകില്ല. / Photo: Steve Eason via Flickr

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

അതെ, സ്കാന്റിനേവിയൻ നാടുകൾ ഉൾപ്പെടെ അൽപം ചില രാജ്യങ്ങളിൽ ഒഴികെ ഇന്ന് ജനാധിപത്യം നാമമാത്രമാണ്. ജനാധിപത്യം എന്നത് പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഫ്രഞ്ച് ചിന്തകൻ ഴാക് റാൻസിയെയുടെ പ്രയോഗം കടമെടുത്താൽ, അദൃശ്യരെ ദൃശ്യരാക്കുകയും കേൾക്കാത്ത ശബ്ദങ്ങൾ കേൾപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണത്. ചവിട്ടിതാഴ്ത്തപ്പെട്ടവർ പ്രാതിനിദ്ധ്യത്തിലേക്ക് ഉയർന്നുവരുന്ന സംവിധാനം എന്നർഥം. സമത്വം ജനാധിപത്യത്തിന് അനിവാര്യമായ ഒന്നാണ്. ജാതി വ്യവസ്ഥയുള്ളിടത്തോളം ഇന്ത്യയ്ക്ക് ശരിയായ ജനാധിപത്യം സാദ്ധ്യമല്ല എന്ന് അംബേദ്‌കർ പറയുന്നത് ശ്രദ്ധിക്കുക.

ജാതിവ്യവസ്ഥയുള്ളിടത്തോളം ഇന്ത്യയ്ക്ക് ശരിയായ ജനാധിപത്യം സാദ്ധ്യമല്ല എന്ന് അംബേദ്‌കർ പറയുന്നത് ശ്രദ്ധിക്കുക.

സമൂഹത്തിലെ എല്ലാത്തരം ശ്രേണീക്രമങ്ങൾക്കും എതിരാണ് ജനാധിപത്യം. അതിൽ ജനങ്ങളിൽ നിന്ന് ഭരണകൂടത്തിലേക്കാണ് ആശയങ്ങളും തീരുമാനങ്ങളും സഞ്ചരിക്കേണ്ടത്, മറിച്ചല്ല. ഭരണകൂടം ഒരു നിർവഹണസഭ മാത്രമാണ്. സ്വരാജിനെക്കുറിച്ചു പറയുമ്പോൾ ഗാന്ധിയുടെ മനസ്സിലുണ്ടായിരുന്നത് ഭരണകൂടം ആവശ്യമില്ലാതാകുന്ന, അഥവാ ദുർബലമാകുന്ന, ഒരവസ്ഥയാണ്; ഭരണകൂടം ഇല്ലാതാവുന്നതാണല്ലോ കമ്യൂണിസ്റ്റ് സ്വപ്നവും. അതുകൊണ്ട് മുതലാളിത്തം ദുർബലമാകാതെ ജനാധിപത്യത്തിന് ശക്തിപ്പെടാനാവില്ല.

ഒപ്പം ജാതി, വർഗ്ഗം മുതലായവയും ജനാധിപത്യത്തെ ദുസ്സാദ്ധ്യമാക്കുന്നു. വലിയ, പുതിയ ജനജാഗരണങ്ങളിലൂടെ മാത്രമേ ജനാധിപത്യം സത്യമാകൂ. അതിന് ഹിംസ അനിവാര്യമല്ല. ഇനി ഹിംസാത്മകമായ ഒരു വിപ്ലവമുണ്ടാകുമെന്നും കരുതുക വയ്യ, ഭരണകൂടങ്ങൾ അത്രമേൽ ശക്തിയാർജ്ജിച്ചു കഴിഞ്ഞു. ജനങ്ങളുടെ ഉണർച്ച മാത്രമാണ് വഴി.

സാംസ്കാരിക രംഗത്ത്, സിനിമ ഉൾപ്പെടെയുള്ള സകല ദൃശ്യകലാരംഗത്ത് നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലാരംഗത്ത്, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

സാഹിത്യം, ചിത്രകല, ശിൽപകല, ചലച്ചിത്രം, നാടകം, ടെലിവിഷൻ പരിപാടികൾ, യു ട്യൂബ് ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളിലെ കലാവതരണങ്ങൾ- ഇവയെയൊക്കെ പല തരത്തിൽ സ്വാധീനിക്കാൻ ഹിന്ദുത്വ ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലൂടെയും പലതരം സ്പോൺസർഷിപ്പുകളിലൂടെയും പുരസ്കാരങ്ങളിലൂടെയും ബഹുമതികളിലൂടെയുമാണ് അവർ ഇത് സാധിക്കുന്നത്.

മണിപ്പുർ കലാപത്തിൽ നിന്ന്.

എന്നെ സംബന്ധിച്ച്, എന്റെ കവിതയിൽ പ്രതിരോധത്തിന്റെ ഒരു ധമനി എന്നും സ്പന്ദിച്ചിരുന്നുവെങ്കിൽ, അത് ഇപ്പോൾ എന്റെ കവിതയുടെ കേന്ദ്രം തന്നെയായി എന്നു പറയാം. ഇന്ത്യയുടെ പൊതുവായ അവസ്ഥയും സവിശേഷമായ സംഭവങ്ങളും എന്റെ പ്രതികരണപ്രമേയങ്ങൾ ആകുന്നുണ്ട്.

സത്യസന്ധരായ ഒരു കവിക്കും ഇന്നത്തെ അവസ്ഥയ്ക്കെതിരെ ശബ്ദിക്കാതിരിക്കാനാവില്ല. എന്റെ കഴിഞ്ഞ അഞ്ചു സമാഹാരങ്ങളിലെ കവിതകളുടെ ഒരു നല്ല ഭാഗം പ്രത്യക്ഷമോ പരോക്ഷമോ ആയി ഈ അവസ്ഥയ്ക്കെതിരെ താക്കീത് നൽകുകയോ ചെറുത്തുനിൽപ്പിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന രചനകളാണ്. 2014- നു മുൻപേ എഴുതിയ 'അവർ', 'മുസ്‍ലിം' മുതലായ കവിതകൾ മുതൽ കഴിഞ്ഞമാസം എഴുതിയ ഗോഡ്സെയോട്’, ‘മണിപ്പുർ’ തുടങ്ങിയ കവിതകൾ വരെ എത്രയോ രചനകൾ.

മറ്റൊന്ന് എന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളുമാണ്. 'വരൂ, ഈ തെരുവിലെ രക്തം കാണൂ', ' ഒരു പ്രതി-സംസ്കാരത്തിനുവേണ്ടി', 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' തുടങ്ങി പല പുസ്തകങ്ങളായി സമാഹരിക്കപ്പെട്ട എന്റെ ലേഖനങ്ങൾ മാത്രമല്ല, , ‘ഇന്ത്യ ഫാസിസത്തിലേക്കോ?' (ഡി സി ബുക്സ്) 'WORDS MATTER' ( Penguin) തുടങ്ങി ഞാൻ എഡിറ്റ് ചെയ്ത പുസ്തകങ്ങളും ഉദാഹരണങ്ങൾ.

ഡൽഹിയിൽ വെച്ചും കേരളത്തിലേക്ക് മാറിയതിനു ശേഷവും മലയാളത്തിലും ഇംഗ്ലീഷിലും അപൂർവ്വമായി (കർഷക സമരത്തെയും സി.എ.എ വിരുദ്ധ സമരത്തെയും അഭിസംബോധന ചെയ്തപ്പോൾ എന്ന പോലെ) ഹിന്ദിയിലുമായി നടത്തിയ പ്രസംഗങ്ങളും വർത്തമാന രാഷ്ട്രീയത്തെയാണ് മുഖ്യ വിഷയമാക്കുന്നത്. മഹാമാരിയുടെ കാലത്ത് അറുപതോളം ഗൂഗിൾ മീറ്റുകളിലും പങ്കെടുത്ത് ഞാൻ സംസാരിക്കുകയുണ്ടായി.

മറ്റൊന്ന് വിവർത്തനങ്ങളാണ്. ഈ കാലയളവിൽ വിദേശ കവിതയിൽ നിന്നും ഇന്ത്യൻ കവിതയിൽ നിന്നും ഞാൻ നടത്തിയ കവിതാപരിഭാഷകളിൽ ഒരു വലിയ പങ്ക് പ്രതിരോധത്തിന്റെ കവിതകളാണ്. പെൻഗ്വിൻ പ്രസാധകർക്കുവേണ്ടി ഞാൻ ഒരു സുഹൃത്തിനോടൊപ്പം എഡിറ്റ് ചെയ്ത രണ്ടു ലോകകവിതാ സമാഹാരങ്ങളിലും (SINGING IN THE DARK, GREENING THE EARTH) ധാരാളം പ്രതിരോധ കവിതകളുണ്ട്. ഇന്ത്യൻ കവിതയിലെ പ്രതിരോധ പാരമ്പര്യം എടുത്തുകാട്ടുന്നവയാണ് മഹാമാരിയുടെ കാലത്ത് ഞാൻ വിവർത്തനം ചെയ്ത്, സമീപകാലത്ത് മാതൃഭൂമി ബുക്സ് പ്രകാശിപ്പിച്ച ഭക്തി- സൂഫി കവിതകളുടെ അഞ്ചു സമാഹാരങ്ങൾ.

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

എല്ലാ കാലത്തും ഫാഷിസ്റ്റുകൾ ശ്രമിച്ചിട്ടുള്ളത് ഏകശിലാരൂപമായ, വൈജാത്യമോ പ്രതിഷേധമോ ഇല്ലാത്ത, ജനതകളെ - പ്രജകളെ- സൃഷ്ടിക്കാനാണ്. ഹിന്ദു- ആര്യൻ- ഹിന്ദി എന്നീ മൂന്നു അടിസ്ഥാനശിലകളിലാണ് ബി ജെ പി- ആർ എസ് എസ് പ്രത്യയശാസ്ത്രം ഉറപ്പിച്ചിട്ടുള്ളത്. സൂക്ഷ്മപരിശോധനയിൽ ഇവ മൂന്നും നിലനിൽക്കുന്നതെയില്ല എന്നു കാണാം. അത് ഞാൻ പല കുറി വിശദമായി പരിശോധിച്ചിട്ടുണ്ട്.

സെമെറ്റിക്ക് മതങ്ങളുടെ രീതിയിൽ ഒരു പുസ്തകവും പ്രവാചകനും മൂലതത്വങ്ങളും ഉള്ള ഒരു ‘ഹിന്ദുമതം’ ഇല്ല തന്നെ. ശൈവരും വൈഷ്ണവരും ശാക്​തേയരും താന്ത്രികരും നാലു വർണങ്ങളും അനേകം ജാതികളും ആദിവാസികളും എല്ലാം ചേർന്ന ഒരു ജനതയെ എളുപ്പത്തിൽ സംബോധന ചെയ്യാനായി വിദേശികൾ സൃഷ്ടിച്ച ഒരു സംജ്ഞ മാത്രമാണ് അത്.

വി.ഡി. സവർക്കർ, ഗോൾവാൾക്കർ ഹെഡ്ഗേവാർ

1914- ൽ ഹിന്ദു മഹാസഭയുടെ രൂപീകരണത്തോടെയാണ് അതിനെ ഒരു ‘മതം’ ആയി ചിത്രീകരിക്കാൻ ശ്രമം തുടങ്ങിയത്. അങ്ങനെ കൃഷ്ണന് പ്രവാചകരൂപം കൈവന്നു, ഗീത വിശുദ്ധഗ്രന്ഥമായി, ജീവാത്മാവ്, പരമാത്മാവ്, മോക്ഷം തുടങ്ങിയ സങ്കല്പങ്ങൾക്ക് മതപരമായ പ്രാധാന്യം കൈവന്നു. സാംഖ്യം, ചാർവാകം, ബുദ്ധം, ജൈനം തുടങ്ങി അനേകം എതിർ വിചാരധാരകളെ ഒഴിവാക്കി ഒരു ഹിന്ദുമതം സങ്കൽപ്പിക്കപ്പെട്ടു.

ആർ എസ് എസ്, വിശ്വഹിന്ദു പരിഷത്ത് മുതലായ സംഘടനകൾ ഇതിന്റെ പ്രചാരണവും സൈന്യവത്കരണവും ഏറ്റെടുത്തു. സവർക്കർ, ഗോൾവാൾക്കർ, ഹെഡ്ഗെവാർ തുടങ്ങിയവർ ഈ ഹിന്ദുത്വത്തിന് ഒരു തീവ്രവാദ സ്വഭാവം നൽകി. ഇതിന്റെ അപകടം ഗാന്ധി ഉൾപ്പെടെയുള്ളവർ അന്നേ തിരിച്ചറിഞ്ഞിരുന്നു. ‘ആര്യൻ’ എന്ന് ഒരു വംശമില്ലെന്നും, ആര്യൻ ഭാഷകൾ മാത്രമേയുള്ളൂ എന്നും റോമില ഥാപ്പർ, ജയാ മേനോൻ, കയ് ഫ്രീസ്, ടോണി ജോസഫ് തുടങ്ങിയവർ അനേകം തെളിവുകളിലൂടെ സ്ഥാപിച്ചിട്ടുണ്ടല്ലോ.

മൂന്നു കുടിയേറ്റങ്ങളിലൂടെയാണ് ഇന്നത്തെ ഇന്ത്യൻ ജനത മുഖ്യമായും ഉണ്ടായതെന്നും അതിലെ അവസാനത്തെ കുടിയേറ്റത്തിലാണ് കന്നുകാലി വളർത്തുന്ന, 'ആര്യ' ഭാഷകൾ സംസാരിക്കുന്നവർ ഇവിടെ വന്നതെന്നും എല്ലാ ഇന്ത്യക്കാരും പല വംശങ്ങളുടെ ഒരു കലർപ്പാണെന്നും ജനിതകവും ഭാഷാപരവും പുരാവസ്തുശാസ്ത്രപരവും മറ്റുമായ തെളിവുകളിലൂടെ ഇതിനകം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്, ആർക്കും ഒരു ലളിതമായ ഡി എൻ എ ടെസ്റ്റിലൂടെ കണ്ടെത്താവുന്നതാണ് ഈ കലർപ്പ് അഥവാ ഹൈബ്രിഡിറ്റി.

റോമില ഥാപ്പർ, ജയാ മേനോൻ, കയ് ഫ്രീസ്, ടോണി ജോസഫ്

ഹിന്ദി എന്ന് വിളിക്കപ്പെടുന്ന ഭാഷ, ഭോജ് പുരി, രാജസ്ഥാനി, ബീഹാറി, ബനാറസി, ഝത്തീസ്ഗഢി, ബ്രജ് തുടങ്ങി അനേകം ഭാഷകളെ ചേർത്തുവിളിക്കുന്ന ഒരു പേര് മാത്രമാണ്. പാഠപുസ്തകങ്ങളിൽ ഒഴികെ എങ്ങും അത് നിലനിൽക്കുന്നില്ല. ഇന്ത്യയുടെ സംസ്കാരസമൃദ്ധിക്കു കാരണം അനേകം മതങ്ങളുടെയും വംശങ്ങളുടെയും ഭാഷകളുടെയും പ്രാദേശിക സംസ്കാരങ്ങളുടെയും സംഭാവനകളാണ്. അവയില്ലെങ്കിൽ ഇന്ത്യൻ സംസ്കാരവും ഇല്ല. എന്നാൽ ഇല്ലാത്ത ഒന്ന് ഉണ്ടെന്നുവരുത്താനാണ് ഹിന്ദുത്വ ശക്തികളുടെ ശ്രമം. ജനങ്ങളുടെ ചെറുത്തുനിൽപ്പ് ഇതിനെതിരെ ഇന്നല്ലെങ്കിൽ നാളെ ഉണ്ടാവുക തന്നെ ചെയ്യും. തെരഞ്ഞെടുപ്പുകൾ മാത്രമല്ല, ജനകീയ പ്രസ്ഥാനങ്ങളുമാണ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുക.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇതുവരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

ലോക്സഭയിൽ കേരളം ഒരു നിർണായക ശക്തിയല്ല എന്ന് നമുക്ക് ആദ്യമേ സമ്മതിക്കുക. ഇടതുപക്ഷം, സാമ്പ്രദായികമായ അർഥത്തിൽ, ഇന്ത്യയിൽ ഒരു വലിയ രാഷ്ട്രീയശക്തിയാണെന്നും പറഞ്ഞുകൂടാ. എന്നാൽ, ദരിദ്രർ, കർഷകർ, തൊഴിലാളികൾ, പലതരം ന്യൂനപക്ഷങ്ങൾ- ഇവർക്കു വേണ്ടിയും സ്ഥിതിസമത്വത്തിനു വേണ്ടിയും സംസാരിക്കാൻ ലോക്സഭയിൽ ഇടതുപക്ഷ സാന്നിദ്ധ്യം അത്യാവശ്യമാണ്. അതാകട്ടെ, കേരളത്തിൽ തന്നെയാണ് ശക്തമായി സന്നിഹിതമായിട്ടുള്ളത്. ഒപ്പം, ‘ഇന്ത്യ’ സഖ്യത്തിലെ മറ്റു കക്ഷികളെ അപേക്ഷിച്ച് ഹിന്ദുത്വത്തിനെതിരെയും മതനിരപേക്ഷതക്കുവേണ്ടിയും ഉറച്ച പ്രത്യയശാസ്ത്രനിലപാട് എടുത്തിട്ടുള്ളവരും അവർ തന്നെ. അതുകൊണ്ടാണ് കേരളത്തിൽ ഇടതുപക്ഷവിജയം പ്രധാനമാകുന്നത്.


സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments