നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?
ഷാഹിന കെ. റഫീഖ്: ഒറ്റവാക്കിൽ പറഞ്ഞാൽ ‘Jumla’ എന്ന ഹിന്ദി വാക്കാണ് ഏറ്റവും അനുയോജ്യം. വലിയ വാഗ്ദാനങ്ങൾ മതി, അവ നടപ്പിലാക്കേണ്ടതില്ല എന്ന് കൃത്യമായി മനസ്സിലാക്കിയ വേറെ രാഷ്ട്രീയ പാർട്ടി ഉണ്ടോ എന്ന് സംശയമാണ്, അത് ഓരോരുത്തരുടെ അക്കൗണ്ടിലേക്കും എത്തുമെന്ന് പറഞ്ഞ പതിനഞ്ചു ലക്ഷം മുതൽ, കള്ളപ്പണം പിടിക്കാനെന്ന വ്യാജേനെ നടപ്പിലാക്കിയ നോട്ടുനിരോധനം വരെ നിരവധിയാണ്. ഇലക്ട്‌റൽ ബോണ്ട് ലോകത്തു തന്നെ നടന്ന ഏറ്റവും വലിയ scam ആണ്, എന്നിട്ടും ഇപ്പോഴും വലിയ പരിക്കില്ലാതെ നിൽക്കാനും, ജനങ്ങളെ പറ്റിച്ചുകൊണ്ടേ ഇരിക്കാനും അവർക്ക് സാധിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ചും, ഒരു സമൂഹത്തെ മുഴുവൻ അപരവൽക്കരിച്ചും വലിയ തോതിൽ വോട്ടുനേടാൻ മോദി സർക്കാരിന് കഴിയുന്നു. വെറുപ്പിന്റെ രാഷ്ട്രീയം മതി, യഥാർത്ഥ വികസനം വേണമെന്നില്ല എന്ന തത്വം പ്രാവർത്തികമാക്കി എന്നുള്ളതാണ് അവരുടെ വിജയം. അടിയന്തരാവസ്ഥ തത്വത്തിൽ പ്രയോഗിക്കാതെ, നാഷണൽ ഏജൻസികളെ ഉപയോഗിച്ചും, പ്രതിരോധിക്കുന്ന ശബ്ദങ്ങളെ UAPA ചാർത്തി ജയിലിലടച്ചും പണം കൊടുത്ത് പ്രതിയോഗികളെ വിലക്ക് വാങ്ങിയും, ‘ജനാധിപത്യം’ എന്ന് പേരിൽ മാത്രമുള്ള ഭരണം.
2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?
2024- ലേത് അവസാനത്തെ തിരഞ്ഞെടുപ്പാവാതിരിക്കട്ടെ എന്നാണ് പ്രതീക്ഷ. സത്യപാൽ മലിക്, പാറക്കാല പ്രഭാകർ തുടങ്ങി നിരവധി പേർ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യം ഒരു പ്രതീക്ഷ തന്നെയാണ് എന്നു പറയാമെങ്കിലും ശക്തമായ, യൂണിഫൈഡ് ആയ ഒരു പ്രതിപക്ഷം ഇപ്പോഴും ഇല്ല എന്നത് ഒരു വസ്തുതയാണ്. പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ട് മരവിപ്പിക്കുക, ഇലക്ടറൽ ബോണ്ട് വഴിയും കോർപ്പറേറ്റ് സഹായത്താലും, മറ്റ് മാർഗങ്ങളിലൂടെയും സ്വരൂപിച്ചെടുത്ത കണക്കറ്റ ധനം, മതത്തിന്റെ പേരിൽ ഉണ്ടാക്കിയെടുത്ത വ്യാജ നിർമിതികൾ, കോടികൾ മുടക്കി തയ്യാറാക്കുന്ന പ്രോപഗാന്റ പരസ്യങ്ങളും ‘വിശ്വഗുരു’ മുതലായ false imagery- കളും എന്നിങ്ങനെ നിരവധിയാണ് ബി ജി പിക്ക് അനുകൂലമായ ഘടകങ്ങൾ. ഇതിനേക്കാളുമെല്ലാമുപരി, മാരകമായ വൈറസിനെതിരെ പാത്രം കൊട്ടാൻ പറയുമ്പോൾ, സെലിബ്രിറ്റികളടക്കം, അത് അച്ചടക്കത്തോടെയും വിശ്വാസത്തോടെയും ചെയ്യാൻ തയ്യാറാവുന്ന, ഒന്നും ചോദ്യം ചെയ്യാത്ത വലിയൊരു ജനക്കൂട്ടത്തെ സൃഷ്ടിക്കാനായി എന്നുള്ളതാണ് ഏറ്റവും വലിയ വിജയം. വിയോജിപ്പുകളുടെ സ്വരം നേർത്തതാവാം, എന്നാലും അതിന് കനം വയ്ക്കുമെന്നും കരുത്താർജ്ജിക്കുമെന്നും വിശ്വസിക്കാനാണ് ഇഷ്ടം
ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?
ഹിറ്റ്ലർ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നതാണ് ജനാധിപത്യത്തിലുള്ള വിശ്വാസം. പൊതുവെ ലോകം മുഴുവൻ തീവ്ര വലതുപക്ഷ, അല്ലെങ്കിൽ ഫാഷിസ്റ്റ് പ്രവണതകളിലേക്ക് പോവുന്നുണ്ടെങ്കിലും ജനാധിപത്യം അതിന്റെ സ്ഥാനം വീണ്ടെടുക്കാതിരിക്കില്ല. തൊഴിലില്ലായ്മ, പട്ടിണി, basic amenities ഇല്ലാതാവുക തുടങ്ങിയവ വർദ്ധിക്കുമ്പോൾ ജനങ്ങൾ പ്രതിരോധിക്കാതിരിക്കില്ല. പ്രതിഷേധങ്ങൾ വരിക തന്നെ ചെയ്യും. ആഗോള താപനം, ജലദൗർലഭ്യം തുടങ്ങിയ കാരണങ്ങളാൽ നമ്മൾ എത്രനാൾ കൂടി അവശേഷിക്കും എന്നതാണ് മറ്റൊരു യാഥാർഥ്യം.
സാംസ്കാരിക രംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ ഗൗരവകരമായ ആലോചനകൾ നടത്തുന്ന ഒരാൾ എന്ന നിലയിൽ, താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
ഈയടുത്ത് ബാംഗ്ലൂരിൽ ഒരു സാഹിത്യോത്സവത്തിൽ സംസാരിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോൾ സുഹൃത്ത് ചോദിച്ചത്, എന്തു ധൈര്യത്തിലാണ് ഇങ്ങനെയൊക്കെ പറയുന്നത്, പേരുപോലും പ്രശ്നമല്ലേ എന്നാണ്. അതൊരു വസ്തുതയാണ് ഇന്നത്തെ ഇന്ത്യയിൽ. ചില കാര്യങ്ങൾ സംസാരിക്കുന്നതിന്റെ തുടർച്ചയായി ഞാൻ സദസ്സിലിരിക്കുന്നവരോട് പറഞ്ഞത്, ഗൗരി ലങ്കേഷ് ജീവിച്ചിരുന്ന നഗരമാണിത്, അവർ ദാരുണമായി കൊല്ലപ്പെട്ട സ്ഥലവും, എനിക്ക് വീട്ടിലേക്ക് ഇതുപോലെ തിരിച്ചുപോവണമെന്ന് ആഗ്രഹമുണ്ട് എന്നാണ്.
എഴുത്തിൽ, സംസാരത്തിൽ സെൽഫ് സെൻസറിങ് നടത്തൂ എന്നാണ് ചുറ്റുപാടുകൾ ഉദ്ഘോഷിക്കുന്നത്. ഈ വരി, ഈ വാചകം മാറ്റിക്കൂടെ എന്ന ചോദ്യങ്ങൾ നേരിട്ടുണ്ട്, കഥകൾ അച്ചടിച്ച് വരാതിരുന്നിട്ടുണ്ട്. പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവൽ പിൻവലിച്ചതിൽ കൂടുതലൊന്നുമല്ലല്ലോ അത്. ഹരീഷിനെ പോലെ പ്രഗത്ഭനായ എഴുത്തുകാരന് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുമ്പോൾ എന്റെ കാര്യത്തിൽ എനിക്ക് ഒരു അത്ഭുതവും ഞെട്ടലും ഇല്ല. നയൻതാരയുടെ സിനിമ, നെറ്റ്ഫ്ലിക്സ് പോലൊരു ഒ ടി ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യപ്പെടാമെങ്കിൽ അത് തരുന്ന സന്ദേശം വളരെ കൃത്യമാണ്. കേരള സ്റ്റോറി പോലൊരു പ്രോപഗാന്റ സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നു എന്നതും കൂടി ചേർത്തു വായിക്കണം. A സർട്ടിഫിക്കറ്റ് ഉള്ളൊരു പടം മൈനർ ആയ കുട്ടികളെ കാണിച്ചത് ചുരുക്കം ചിലർ അഡ്രസ് ചെയ്തത് ഒഴിച്ചാൽ, നിയമപരമായ നടപടിയിലേക്ക് ആരെങ്കിലും പോയതായി കണ്ടില്ല. പറക്കാല പ്രഭാകർ ‘The crooked timber of new India’ എഴുതുമ്പോൾ, നിർമല സീതാരാമന്റെ ഭർത്താവ് എന്ന ടാഗ് ഒരുപക്ഷേ സഹായിച്ചിട്ടുണ്ടാവാം. ആകാർ പട്ടേലിനും, ജോസി ജോസഫിനും ആ പരിരക്ഷ ഇല്ല. 80% ഡിസബിലിറ്റി ഉള്ള ജി.എൻ. സായിബാബ, ആരോപിച്ച കുറ്റങ്ങൾ ഒന്നും തെളിയിക്കപ്പെടാതെ ഏഴ് വർഷം ജയിലിൽ കിടന്നു. പറയാൻ പോവുമായിരുന്നു തമാശക്ക് അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുതൽ സഞ്ജീവ് ഭട്ട് വരെയുള്ളവർ. പാർകിൻസൻസ് രോഗബാധിതനായിരുന്ന ഫാദർ സ്റ്റാൻ സാമി ജയിലിൽ സ്ട്രോ പോലും നിഷേധിക്കപ്പെട്ട് കിടന്നപ്പോൾ, സിനിമ കാണിക്കാൻ കാണിച്ച ആവേശത്തിന്റെ ഒരംശം പോലും ഇവിടെ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. പേടി ഒരു ഫാക്ടർ തന്നെയാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ അവസ്ഥ പറയേണ്ടതില്ല. Dhruv Rathee, Ravish Kumar തുടങ്ങിയവർ തരുന്ന പ്രതീക്ഷ വലുതാണ്. അതുകൊണ്ട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു, ചിന്തകളേയോ, എന്റെ രാഷ്ട്രീയത്തേയോ പണയം വയ്ക്കാതെ.
ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?
ഒറ്റ വാക്കിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ ആ ഒറ്റ വാക്ക് ഞാൻ അഥവാ നമ്മൾ ആണ്. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരിക്കുക, പ്രതിരോധങ്ങൾ തീർത്തുകൊണ്ടേ ഇരിക്കുക എന്നുതന്നെയാണ്. കേരളത്തിലെ ഒരു സാഹിത്യോത്സവത്തിൽ വച്ച് ഡൽഹിയിൽ നിന്നുവന്ന റിട്ടയേർഡ് പോലീസുദ്യോഗസ്ഥ ഞങ്ങളോട് ചോദിച്ചത്, ‘നിങ്ങൾ കേരളക്കാർ ഒരുപാട് മാംസഭക്ഷണം കഴിക്കുമല്ലേ’ എന്നാണ്. ഇത്തരം ഒരുപാട് വേർതിരിവുകളുണ്ടാക്കി വച്ചിട്ടുണ്ട്, വെജ് vs നോൺ വെജ്, ദേശഭക്തി vs ദേശദ്രോഹി (ചോദ്യങ്ങൾ ചോദിക്കുന്നവർ) എന്നിങ്ങനെ. നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനപ്പെട്ട ആരോപണം പ്രതിപക്ഷം നോൺ വെജ് കഴിച്ചു എന്നുള്ളതാണ്, അതവരുടെ മുഗൾ മെന്റാലിറ്റി ആണെന്നും. പല ഭക്ഷണം കഴിക്കുന്ന, പല ഭാഷകൾ സംസാരിക്കുന്ന, പല ആചാരങ്ങൾ പിന്തുടരുന്ന ആളുകളെക്കൊണ്ടാണ് ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രം നിർമിക്കപ്പെട്ടിട്ടുള്ളത്. ഭാരതം എന്ന് പേരുമാറ്റിയാൽ, ഒറ്റ ദിവസം കൊണ്ട് എല്ലാവരും ഒരു ഭാഷ സംസാരിക്കുന്ന, ‘pure വെജ്’ (ആ വാക്കിന്റെ അർത്ഥം ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല - ദലിത് / മുസ്‍ലിം / മൈനോറിറ്റി കഴിക്കുന്ന സസ്യാഹാരം ‘impure വെജ് ആവുമോ?) കഴിക്കുന്ന, ഒറ്റ വിശ്വാസം മാത്രമുള്ള ഒരു നാട് ഉണ്ടാവില്ല.
കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇതുവരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?
കേരളത്തിൽ എൽ ഡി എഫും യു ഡി എഫും ഒരുപോലെ ശക്തിപ്പെടേണ്ടതുണ്ട്. ഇടതുപക്ഷത്തു നിന്ന് കോൺഗ്രസിലേക്കോ മറിച്ചോ അല്ല അണികളുടെയും വോട്ടിന്റെയും ചോർച്ച, അത് ബി ജി പിയിലേക്കാണ്. അതിനവർ എല്ലാ തന്ത്രങ്ങളും പയറ്റുമെന്നും നമുക്കറിയാം, വർഗീയകാർഡ് കളിച്ചും, മാധ്യമങ്ങളെ ഉപയോഗിച്ചും നുണകൾ പ്രചരിപ്പിച്ചുമെല്ലാം. ജാഗ്രത് ആവേണ്ടത് ജനാധിപത്യത്തിൽ, ബഹുസ്വരതയിൽ വിശ്വസിക്കുന്ന നാം ഓരോരുത്തരുമാണ്.