ഷിനോജ് ചോറൻ

വേണം, ഒരു എതിർ വോട്ട്

‘ഇന്ത്യ’ മുന്നണി മുന്നോട്ടുവെക്കുന്നത് ബഹുത്വത്തിന്റെ ആശയമാണെങ്കിൽ കൂടി അത് കേവലം അധികാരം ലാക്കാക്കിയുള്ള കൂട്ടുചേരലായി മാത്രം ഒതുങ്ങുന്നു എന്നയിടത്ത് പ്രതിരോധത്തിന്റെ മൂർച്ച കുറഞ്ഞുപോകുന്നു- ഷിനോജ് ചോറൻ എഴുതുന്നു.

ലതുപക്ഷ വർഗീയ ഫാഷിസ്റ്റുകൾ ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഭരിക്കുന്നു എന്നതുതന്നെ അത്യന്തം ഭീതിതവും ആപത്കരവുമാണ്. സാമൂഹികനീതി, സാമുദായിക മൈത്രി, സാംസ്കാരിക ബഹുത്വം എല്ലാം തച്ചുടയ്ക്കപ്പെടുന്ന കാഴ്ചകളാണ് കഴിഞ്ഞ പത്ത് വർഷമായി കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യ സംവിധാനവും ഫെഡറൽ വ്യവസ്ഥയും ഇത്രമാത്രം അപകടത്തിലായ ഘട്ടം മുമ്പുണ്ടായിട്ടില്ല.

കലാ- സാംസ്കാരിക രംഗത്തേക്കുള്ള വലതുപക്ഷ അധിനിവേശം അതിദ്രുതഗതിയിലാണ് നടക്കുന്നത്. അത് കേവലം 2014- ൽ ആരംഭിച്ചതല്ല. അതിനും എത്രയോ വർഷം മു​മ്പേ ദൃശ്യ- അവതരണ കലാമേഖല വർഗീയവത്കരണത്തിനും കാവിവത്കരണത്തിനും വിധേയപ്പെട്ടിരുന്നു. 2014- ൽ ആദ്യ എൻ ഡി എ മന്ത്രിസഭ അധികാരമേറ്റതിനെ തുടർന്ന് ഈ പ്രക്രിയയ്ക്ക് ആക്കം കൂടിയെന്നുമാത്രം.

ഭാരതമാതയിൽ നിന്ന് ഹിംസാത്മകതയുള്ള ഹനുമാനിലേക്കുള്ള ദൂരമാണ് സ്വാതന്ത്യാനന്തര ഇന്ത്യ സംഘപരിവാർ രാഷ്ട്രീയത്തിന് എത്രമാത്രം വിധേയപ്പെട്ടുകഴിഞ്ഞു എന്നതിന്റെ ബ്ലൂപ്രിന്റ്.
ഭാരതമാതയിൽ നിന്ന് ഹിംസാത്മകതയുള്ള ഹനുമാനിലേക്കുള്ള ദൂരമാണ് സ്വാതന്ത്യാനന്തര ഇന്ത്യ സംഘപരിവാർ രാഷ്ട്രീയത്തിന് എത്രമാത്രം വിധേയപ്പെട്ടുകഴിഞ്ഞു എന്നതിന്റെ ബ്ലൂപ്രിന്റ്.

സാംസ്കാരികരംഗം കൈയ്യാളുകയും വ്യാജ കൾച്ചറൽ സ്റ്റീരീയോടൈപ്പുകൾ (pseudo cultural stereotypes) സൃഷ്ടിക്കുകയും അതിനെ സ്ഥാപനവത്കരിക്കുകയും ചെയ്യുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും തന്ത്രങ്ങളിലൊന്നാണ്. ‘ഭാരതമാത’ എന്ന ബിംബസൃഷ്ടി തന്നെ ഇതിന് വലിയ ഉദാഹരണമാണ്. പിന്നീടത് വില്ലേന്തിയ രാമനിലേക്കും ഹിംസാത്മകഭാവം പൂണ്ട ഹനുമാനിലേക്കും പരിവർത്തനം ചെയ്യുന്നതു കാണാം. സംഘപരിവാർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എത്രമാത്രം വിധ്വംസകമാണെന്ന് ഈ ബിംബനിർമിതികളിൽ തന്നെ വ്യക്തമാണ്. ഭാരതമാതയിൽ നിന്ന് ഹിംസാത്മകതയുള്ള ഹനുമാനിലേക്കുള്ള ദൂരമാണ് സ്വാതന്ത്യാനന്തര ഇന്ത്യ സംഘപരിവാർ രാഷ്ട്രീയത്തിന് എത്രമാത്രം വിധേയപ്പെട്ടുകഴിഞ്ഞു എന്നതിന്റെ ബ്ലൂപ്രിന്റ്.

‘ഭയം’ ഒരു വികാരമല്ലാതാവുകയും, അതൊരു സാധാരണ പ്രക്രിയ മാത്രമായി മാറുകയും ചെയ്തു എന്നതാണ് കഴിഞ്ഞ പത്തു വർഷം കൊണ്ട് സംഭവിച്ച പ്രധാനപ്പെട്ട മാറ്റം.  പൊളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബാബറി പള്ളിയുടെ ഇമേജ് (image) തലമുറകളെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ പോന്ന രൂപകമാകുന്നതും, രാജ്യത്തിന്റെ പ്രതീകമായി രാമക്ഷേത്രം മാറുന്നതും അതിനാലാണ്. വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തന്ത്രം മുമ്പെന്നത്തേക്കാളും പ്രകടമായി 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രയോഗിക്കപ്പെടുന്നു. ജനാധിപത്യം എന്നതിന്റെ അർത്ഥവ്യാപ്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ‘ഉൾക്കൊള്ളൽ ‘(Inclusion) എന്ന ആശയത്തിലധിഷ്ഠിതമായി തുല്യതയും സമതയും (equality & eqiity) ഉറപ്പുനൽകുന്ന ജനാധിപത്യവ്യവസ്ഥ ഇല്ലായ്മ ചെയ്യാനുള്ള തീവ്രശ്രമങ്ങൾ അണിയറയിൽ നടത്തുകയും, ഒഴിവാക്കലിന്റെ (exclusion) പാഠങ്ങൾ ഭരണഘടനയിൽ തുന്നിച്ചേർക്കുന്നതിൽ ബദ്ധശ്രദ്ധരാവുകയും ചെയ്യുന്ന അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് ഇന്ത്യ എടുത്തെറിയപ്പെടുന്നു. അതിന് ഭരണകൂട ഒത്താശ യാതൊരു മറയുമില്ലാതെ നൽകപ്പെടുന്നു എന്നതാണ് ഏറെ ഭീതിതം. അന്യതാ ബോധത്തോടെ ജീവിക്കാൻ നിർബന്ധിതരാവുന്ന  ജനതയാണ് ഇതിന്റെ പരിണിതഫലം. ഇന്ത്യൻ ദേശീയത എന്നാൽ ഹിന്ദുത്വ ദേശീയതയായി തിരിച്ചറിയാനും പ്രയോഗിക്കാനും പരിശീലിക്കപ്പെടുന്ന പുതുതലമുറ സൃഷ്ടിക്കപ്പെടുന്നു എന്നയിടത്താണ് ഇതിന്റെ വ്യാപ്തി നമുക്ക് തിരിച്ചറിയാനാവുന്നത്. 

പൊളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബാബറി പള്ളിയുടെ ഇമേജ് തലമുറകളെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ പോന്ന രൂപകമാണ്.
പൊളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബാബറി പള്ളിയുടെ ഇമേജ് തലമുറകളെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ പോന്ന രൂപകമാണ്.

അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വലിയ വെല്ലുവിളികൾ നേരിട്ട പത്ത് വർഷക്കാലമാണ് കടന്നുപോയത്. സംഘപരിവാർ ആശയങ്ങൾക്ക് കുടപിടിക്കുന്ന കലാസൃഷ്ടികൾ മാത്രം ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നു, കേന്ദ്രഭരണത്തെ വിമർശിക്കുന്നവർ നിരന്തര നിരീക്ഷണത്തിന് വിധേയപ്പെടുകയും നിരാകരിക്കപ്പെടുകയും  ചെയ്യുന്നു, സംഘപരിവാറിനായി ആശയപ്രചാരണം നടത്തുന്നു എന്ന കാരണത്താൽ മാത്രം നിലവാരം കുറഞ്ഞ അമർചിത്രകഥാ സിനിമകൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നു, ‘കേരള സ്റ്റോറി’ പോലുള്ള പ്രൊപ്പഗാന്റ സിനിമകൾ  വ്യാജ പ്രചാരണോപാധിയാക്കപ്പെടുന്നു, സവർക്കറെ വീരപുരുഷനാക്കാനായി പെയ്ന്റിംഗ് ക്യാമ്പ് നടത്തുകയും സിനിമകൾ നിർമിക്കപ്പെടുകയും ചെയ്യുന്നു, റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് സാംസ്കാരികരൂപങ്ങൾ അപ്രത്യക്ഷമാവുകയും പകരം ഹിന്ദുത്വബിംബങ്ങൾ ഇടം പിടിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കലാ-സാംസ്കാരിക മേഖലയിലെ കാവിവത്കരണം തുടരുന്നു.

ബഹുസ്വരതയെ തച്ചുടച്ചും ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തും കലാരൂപങ്ങളെ തന്ത്രപൂർവ്വം ഉപയോഗിക്കുന്നതിൽ വലതുപക്ഷ വർഗീയശക്തികൾ ഒരുപരിധിവരെയും വിജയിക്കുന്നു എന്നതാണ് സമീപകാല സംഭവങ്ങൾ നിരീക്ഷിക്കുമ്പോൾ വ്യക്തമാകുന്നത്. സിനിമ പോലുള്ള ജനപ്രിയകലാമാധ്യമം വർഗീയ ധ്രുവീകരണത്തിനും വംശീയ അധിക്ഷേപത്തിനും ഉപയോഗിക്കുമ്പോൾ നഷ്ടമാകുന്നത് കല മുന്നോട്ടു വെക്കേണ്ട രാഷ്ട്രീയ ജാഗ്രതയാണ്. രാമക്ഷേത്ര ഉദ്ഘാടന വേളയിൽ ക്ഷണം സ്വീകരിച്ച് വിനീതവിധേയരായി വരിനിന്ന കലാകാരർ കലാകാരസമൂഹത്തെ മുഴുവനായും പ്രതിനിധീ രിക്കുന്നില്ല എങ്കിൽ പോലും കലാലോകത്തിന് കളങ്കം തന്നെയാണ്.

കലാമാധ്യമങ്ങൾ ഉപയോഗിച്ച് ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാൻ ശ്രമം നടക്കുമ്പോൾ, അതേ കലാമാധ്യമങ്ങളിലൂടെ എതിർശബ്ദങ്ങളും മുഴങ്ങണം. ജനതയെ 'ഒറ്റ’യിൽ തളച്ചിടാനുള്ള ഭരണകൂടപ്രക്രിയയ്ക്ക് തടയിടാൻ ബഹുത്വത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ കൊണ്ടേ സാധിക്കൂ. രാഷ്ട്രീയ പ്രതിരോധത്തോടൊപ്പം ശക്തിപ്പെടേണ്ടതാണ് സാംസ്കാരിക പ്രതിരോധവും.

നിലവാരം കുറഞ്ഞ അമർചിത്രകഥാ സിനിമകൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നു, ‘കേരള സ്റ്റോറി’ പോലുള്ള പ്രൊപ്പഗാന്റ സിനിമകൾ  വ്യാജ പ്രചാരണോപാധിയാക്കപ്പെടുന്നു,
നിലവാരം കുറഞ്ഞ അമർചിത്രകഥാ സിനിമകൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നു, ‘കേരള സ്റ്റോറി’ പോലുള്ള പ്രൊപ്പഗാന്റ സിനിമകൾ  വ്യാജ പ്രചാരണോപാധിയാക്കപ്പെടുന്നു,

‘ഇന്ത്യ’ മുന്നണി മുന്നോട്ടുവെക്കുന്നത് ബഹുത്വത്തിന്റെ ആശയമാണെങ്കിൽ കൂടി അത് കേവലം അധികാരം ലാക്കാക്കിയുള്ള കൂട്ടുചേരലായി മാത്രം ഒതുങ്ങുന്നു എന്നയിടത്ത് പ്രതിരോധത്തിന്റെ മൂർച്ച കുറഞ്ഞുപോകുന്നു. മൃദു ഹിന്ദുത്വ നിലപാടുകളുള്ള കോൺഗ്രസിന് ‘ഇന്ത്യ’ സഖ്യത്തെ മുന്നോട്ടുനയിക്കാനുള്ള പ്രത്യയശാസ്ത്ര കരുത്തില്ല.

വലതുപക്ഷ - വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് - അംബേദ്‌കറൈറ്റ് ആശയങ്ങളാണ് കൂടുതൽ ശക്തിപ്പെടേണ്ടത്. ബഹുജന മുന്നേറ്റങ്ങളാണ് മറുപടി. പ്രതീക്ഷ ഇടതുപക്ഷത്തിൽ മാത്രമാണ്. കേരളത്തെയും തമിഴ്നാടിനെയും ഹിന്ദുത്വവർഗീയ ശക്തികൾക്ക് തൊടാനാവാത്തത് സാമൂഹികവും സാംസ്കാരികവുമായ ബഹുത്വത്തെ പേറുന്നതിനാലാണ്. ദ്രാവിഡ – ദലിത് മുന്നേറ്റങ്ങളുടെ ഭൂമിക കൂടിയായതിനാൽ അത് നൽകുന്ന ആന്തരിക കരുത്തും ഈ രാഷ്ട്രീയ ജാഗ്രതയ്ക്ക് ആക്കം കൂട്ടുന്നു. എങ്കിലും, വലതുപക്ഷ ഫാഷിസ്റ്റുകൾക്ക് വേരോട്ടമുള്ള പോക്കറ്റുകൾ കേരളത്തിലും രൂപപ്പെട്ടുവരുന്നു എന്നത് ആശങ്കയുളവാക്കുന്നു. അതിനെതിരെ ജാഗ്രതയോടെയുള്ള പ്രതിരോധങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്. ഇന്ത്യയെ തിരിച്ചുപിടിക്കാൻ, ജനാധിപത്യത്തെ സംരക്ഷിക്കാൻ, ഭരണഘടനയെ നിലനിർത്താൻ നിർണായകമായ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവേകപൂർവ്വം നമ്മുടെ വോട്ടവകാശം വിനിയോഗിക്കേണ്ടതുണ്ട്.

Comments