ചങ്കു തകർത്ത
പത്തുവർഷങ്ങൾ

‘‘എൽ.ഡി.എഫ് കേരളത്തിൽ ശക്തമായ സാന്നിദ്ധ്യമാണെങ്കിലും ദേശീയതലത്തിൽ ദുർബലമാണ്. എങ്കിലും ഇടതു ചിന്താപദ്ധതികളുടെ ആശയങ്ങളും അതുയർത്തുന്ന രാഷ്ട്രീയ ഭാവനകളും പാർലമെന്ററി ജനാധിപത്യത്തിൽ എന്നും പ്രസക്തമാണ്’’- സാക്കിർ ഹുസൈൻ എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

സാക്കിർ ഹുസൈൻ: ഇന്ത്യൻ ഫാസിഷത്തിന് ഹിറ്റ്ലറുടെ കാലഘട്ടത്തിലെ ഫാഷിസ്റ്റ് പ്രസ്ഥാനവുമായി പലതരത്തിൽ സാമ്യമുണ്ടെങ്കിലും അതിനേക്കാളും സങ്കീർണമാണ് എന്നതാണ് പത്തു വർഷത്തെ ബി.ജെ.പി ഭരണം കൊണ്ട് വെളിവായത്. ഏറ്റവും ഭീതിതവും, ഉത്കണ്ഠാഭരിതവുമായ കാലത്തിലൂടെയാണ് ജനജീവിതവും പാരിസ്ഥിതിക ജീവിതവും കടന്നുപോകുന്നത്. ജാർഖണ്ഡ്, ഉത്തരാഖണ്ഡ് വനമേഖലകളിലെ ഖനനവും, മറ്റിതര ചൂഷണങ്ങളും ഓർക്കേണ്ടതുണ്ട്. പ്രത്യക്ഷത്തിൽ സന്തുലനാധികാരത്തിന്റെ മുടുപടം അണിയുകയും (ദലിത്- പിന്നാക്ക വിഭാഗത്തിൽപെട്ട വ്യക്തികളെ രാജ്യത്തിന്റെ ഉന്നതപദവിയിൽ അവരോ ധിച്ചുകൊണ്ട്) ഇന്ത്യൻ ഗ്രാമങ്ങളിലും, യൂണിവേഴ്സിറ്റികളിലും, അധികാരസ്ഥാപനങ്ങളിലും, മറ്റ് പ്രത്യക്ഷ ഇടങ്ങളിലും അവരെ ക്രമാനുഗതമായി അവകാശങ്ങളിൽ നിന്ന് മാറ്റിനിർത്തുന്ന, ആക്രമണ വിധേയരാക്കുന്ന പ്രവണത വർദ്ധിച്ചുവരികയും ചെയ്യുന്നു.

ബഹുസ്വരവും, അസന്തുലുതവുമായ ഇന്ത്യൻ ജനജീവിതത്തെ ക്രമാനുഗതമായി അതിന്റെ സാംസ്കാരിക സവിശേഷതയിൽനിന്നും ചരിത്ര- ഓർമകളിൽ നിന്നും ദേശീയ സ്വാതന്ത്ര്യ അനുഭവങ്ങളുടെ ഓർമകളിൽ നിന്നും അടർത്തിമാറ്റാമെന്ന പദ്ധതികൾ പ്രാബല്യത്തിൽ വന്ന കാലമാണിത്.

ഏറ്റവും ഭീതിതവും, ഉത്കണ്ഠാഭരിതവുമായ കാലത്തിലൂടെയാണ് ജനജീവിതവും പാരിസ്ഥിതിക ജീവിതവും കടന്നുപോകുന്നത്. ജാർഖണ്ഡ്, ഉത്തരാഖണ്ഡ് വനമേഖലകളിലെ ഖനനവും, മറ്റിതര ചൂഷണങ്ങളും ഓർക്കേണ്ടതുണ്ട്.

അപരമതവിഷവും, അവരുടെ ആരാധനാലയങ്ങളുടെ തകർക്കലുകളും, പുതിയ പൗരത്വ നിയമങ്ങളുടെ തീർപ്പുകളും ഉപയോഗിച്ച് സ്വന്തം ജനതയെ രണ്ടായി എളുപ്പം വിഭജിക്കാമെന്ന് കാണിച്ചുതന്ന ഗവൺമെന്റാണിത്. ഞങ്ങളുടെ തലമുറ വളരെ പ്രതീക്ഷയോടെ നോക്കിയ, ഭാവിയിൽ അസന്തുലിത സാമൂഹികാവസ്ഥകൾ മാഞ്ഞുപോകുമെന്ന് ഉള്ളിലും പുറത്തും ആഘോഷിച്ച സകലതിന്റെയും ചങ്കു തകർത്ത പത്തുവർഷങ്ങൾ തന്നെയായിരുന്നു. ഹിംസയുടെ തുടർച്ചകളുടെ ചരിത്രമായിരുന്നു.

സാമ്പത്തികവും മാനുഷികവും, ജനാധിപത്യപരവുമായ അവകാശനിഷേധങ്ങൾ തന്നെയാണ് ലോകത്ത് കാണാനാവുക. പലസ്തീൻ വിഷയത്തിൽ യു.എൻ സ്വീകരിക്കുന്ന നിയമനടപടികളോടും യുദ്ധം നിർത്തണമെന്ന അഭ്യർത്ഥനകളോടും അമേരിക്ക പോലുള്ള രാഷ്ട്രങ്ങളുടെ മനുഷ്യത്വരഹിതമായ നിലപാടുകൾ നാം വായിച്ചതും കണ്ടതുമാണ്.

യൂറോപ്പും അമേരിക്കയും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുടെ ഇടയിൽ നിന്നുയർന്നുവരുന്ന പ്രതിഷേധവും, യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പലസ്തീൻ ഐക്വദാർഢ്യ സമരങ്ങളും ജനാധിപത്യ സമരങ്ങൾക്ക് കൂടുതൽ ശക്തിപകരുന്ന രാജ്യാതിർത്തികളെ മറികടക്കുന്ന ശുഭപ്രതീക്ഷകളാണ്. പലസ്തീൻ ജനതയുടെ ദാരുണ ജീവിതാവസ്ഥയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അമേരിക്കൻ എയർഫോഴ്സിൽ അംഗമായിരുന്ന ആരൊൻ ബൃഷ്നനെ ഇവിടെ ഓർക്കുന്നു. യൂറോപ്പടക്കമുള്ള രാജ്യങ്ങളിൽ ഉയർന്നുവരുന്ന കർഷകസമരം, പെൻഷൻ- തൊഴിലില്ലായ്മ സമരങ്ങൾ തുടങ്ങിയ അനവധി ജനജീവിത പ്രക്ഷോഭങ്ങളെ മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെക്കുന്നുണ്ട്. ഇവർ പുറത്തുവിടുന്ന വാർത്തകളുടെ സ്വഭാവം എപ്പോഴും ഇസ്രായേൽ- അമേരിക്ക അനുകൂലവും ജനജീവിതത്തെ അസ്ഥിരപ്പെടുത്തുവാൻ സഹായിക്കുന്നതുമായിരിക്കും. സോഷ്യൽ മീഡിയാ വീഡിയോകളും, പോസ്റ്ററുകളുമാണ് തെറ്റായ വാർത്തകളെ കുറച്ചെങ്കിലും പ്രതിരോധിക്കുന്നത്. അൽ ജസീറ പോലുള്ള ചാനലുകളുടെ, മാധ്യമപ്രവർത്തകരുടെ ധീരോദത്തമായ സേവനം എടുത്തുപറയേണ്ടതുതന്നെയാണ്. ഇറാനും ഇസ്രയേലുമായുളള സംഘർഷങ്ങൾ എങ്ങനെ ലോകത്തെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് ജനജീവിതം .

ഇന്ത്യയിൽ ഉയർന്നുവന്ന സമകാലിക സമരങ്ങളും വിദ്യാർത്ഥി പ്രതിഷേധങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഉണ്ടായതല്ല. ആ സമരങ്ങൾ അവകാശങ്ങളും, നീതിയും, വേതനവും അട്ടിമറിക്കപ്പെടുന്ന ജനതകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നതാണ്. അതായത്, വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിലുള്ള, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ വിശ്വാസം കുറയുന്നു എന്നുവേണം മനസ്സിലാക്കുവാൻ. പാഠ്യപദ്ധതികളിൽ ഫാഷിസ്റ്റ് ചിന്താപദ്ധതികൾ കുത്തിക്കയറ്റുന്നു. വിദ്യാർത്ഥികളുടെ റിസർച്ച് ഗ്രാന്റുകൾ നാമമാത്രമാക്കുന്നു. വിദ്യാർത്ഥികളുടെ ധാർമിക- ജനാധിപത്യ അവകാശങ്ങൾ മുൻനിർത്തി വിദ്യാർത്ഥി സമരങ്ങൾക്ക് വലിയ തുക ഫൈനായും, പോലീസ് കേസും ചുമത്തി കാമ്പസുകളിൽ ഭയം സൃഷ്ടിക്കുന്നു.

പലസ്തീൻ ജനതയുടെ ദാരുണ ജീവിതാവസ്ഥയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അമേരിക്കൻ എയർഫോഴ്സിൽ അംഗമായിരുന്ന ആരൊൻ ബൃഷ്ന

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

ഹൈന്ദവ രാഷ്ട്രം എന്ന വാഗ്ദാനത്തിന്റെ മറവിൽ കോർപ്പറേറ്റ് ചങ്ങാത്ത മുതലാളിത്ത രാഷ്ട്രനിർമാണത്തിലൂടെ സമ്പത്തും, സാങ്കേതികതകളും, ആധുനിക വിജ്ഞാന കേന്ദ്രങ്ങളും, സാംസ്കാരിക, നീതിന്യായ സ്ഥാപനങ്ങളും, കുറച്ച് തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി മാത്രമാക്കി തീറെഴുതുന്ന അതിഭയാനകമായ സ്ഥിതിവിശേഷത്തിലാണ് രാജ്യം ഈ പൊതു തെരഞ്ഞെടുപ്പ് നേരിടുന്നത്. സാംസ്കാരിക- സാമ്പത്തിക- മത ഐഡന്റിറ്റികളെ വിഭജിച്ച് വിദ്യാലയങ്ങളിലും സാമൂഹിക ഇടങ്ങളിലും വിതച്ച അപര അസഹിഷ്ണുതയുടെ ഫലങ്ങൾ എങ്ങനെ ഇന്ത്യൻ മതേതര സഹിഷ്ണുത നേരിടുമെന്നതിന്റെ ലിറ്റ്മസ്റ്റ് ആണ് ഈ തെരഞ്ഞെടുപ്പ്.

ഞാനടക്കമുള്ള കലാകാരരും, മറ്റ് സുഹൃത്തുക്കളും ഈ തെരഞ്ഞെടുപ്പിനെ വളരെയധികം ആകാംക്ഷയോടെ നോക്കുന്നു. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭ സമരദിനങ്ങളെ കൃത്യമായി ഇന്ത്യൻ ജനതയിൽനിന്ന് മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ദലിത്- മുസ്‍ലിം - ക്രൈസ്തവ പീഡനങ്ങൾ പോലെ കേന്ദ്ര യൂണിവേഴ്സിറ്റികളിൽ നിന്ന് ദലിത് സ്റ്റുഡന്റ്സ് സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കുന്നതിലൂടെ എല്ലാത്തരം ജനാധിപത്യ അവകാശങ്ങളിൽ നിന്നും അശരണരെ ക്രമാനുഗതമായി അകറ്റിനിർത്തുന്നു. പൗരരുടെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തെപ്പോലും അപഹസിക്കുന്ന നിലയിൽ വോട്ടിംഗ് മെഷീനെ സംബന്ധിച്ച ആരോപണങ്ങൾ വരുന്നു. ഇന്ത്യൻ ജനതയുടെ വിവേചന ബുദ്ധിശക്തിയിൽ മാത്രം വിശ്വാസമർപ്പിക്കുന്നു, അതിൽ മാത്രം. നാം കരുതുന്ന ധാർമിക മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു. തൊഴിൽ സാധ്യതകളില്ലാതെ അനിശ്ചിതഭാവി മുന്നിൽ കാണുന്ന യുവജനതകളുടെ പ്രതിഷേധസ്വരങ്ങളെ കേവലം ഹിന്ദുരാഷ്ട്രവാദത്തിന്റെ മറവിൽ ഒതുക്കുന്ന ആദർശം വലിയ പരാജയം നേരിടുകതന്നെ ചെയ്യും.

ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭ സമരദിനങ്ങളെ കൃത്യമായി ഇന്ത്യൻ ജനതയിൽനിന്ന് മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെക്കുന്നുണ്ട്.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

ഇന്ത്യൻ ഭൂമികയിൽ, അതിന്റെ മനസ്സിലും ആത്മാവിലും, ശരീരത്തിലുമുള്ള സമകാലിക മുറിവുകൾ, നീതിനിഷേധത്തിന്റെയും പൗരാവകാശ ധ്വംസനത്തിന്റെയും, ജാതിപീഡനങ്ങളുടെയും മറ്റും, കാടിന്റെ ജീവിതത്തിലും, കൃഷിയുടെ മണ്ണിലും, ജൈവ ഉറവിടത്തിലും, യൂണിവേഴ്സിറ്റി കാമ്പസുകളിലും, ആശുപത്രികളിലും, യുവാക്കളുടെ തൊഴിലില്ലായ്മയുടെ ഇരുണ്ട ഭൂമികയിലും, തെരുവിലെ അപമാനിക്കലിലും മറ്റനേകം ധ്വംസനങ്ങളിലുമായി ചിതറിക്കിടക്കുന്നു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന സിവിൽ വയലൻസും, സൗത്തേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ മൈഗ്രേഷനും, അഭയാർത്ഥികളും ലോകക്രമത്തിന്റെ അസന്തുലിതയെ കൂടുതൽ പ്രശ്നവത്ക്കരിക്കുന്നു. ആഗോള കമ്പനികൾ നടത്തുന്ന പ്രകൃതി സ്രോതസ്സുകളുടെ നിരന്തര ചൂഷണങ്ങൾ മേൽ സൂചിപ്പിച്ച രാഷ്ട്രമേഖലകലിൽ ഭൂമിക്കും ആവാസവ്യവസ്ഥയ്ക്കും പരിക്കേൽപ്പിക്കുന്നു.

ആഗോളപരമായി ജനാധിപത്യസമരങ്ങളുടെ രീതി മാറുന്നു എന്നത് ശാസ്ത്ര- സാങ്കേതികതയുടെ മേഖലയിലുണ്ടായ വലിയ പുരോഗതിയുടെ കൂടി ഭാഗമാണ്. ജനാധിപത്യത്തിനും, മനുഷ്യാവകാശത്തിനും വേണ്ടിയുളള സമരങ്ങളുടെ വൈവിധ്യങ്ങൾ, ലോക ജനജീവിതത്തെ നിയന്ത്രിക്കുകയും ചൂഷണം ചെയ്യുകയും, തുറന്ന ജയിലുകളിലെ അടിമകളാക്കുകയും ചെയ്യുന്ന സാംസ്കാരിക- സാമ്പത്തിക കേന്ദ്രങ്ങളുടെയും അവരുടെ സഹകാരികളായ ഗവൺമെന്റുകളുടെയും പ്രപഞ്ചവിരുദ്ധമായ ക്രൂരതകളെ വെളിവാക്കിക്കൊണ്ടിരിക്കുന്നു.

ചില രാഷ്ട്രീയപദ്ധതികളെ മാത്രം മുൻനിർത്തി- പ്രത്യേകിച്ച് പൗരത്വഭേദഗതി നിയമം, ഹിന്ദുരാഷ്ട്രം, ദലിത്- ക്രിസ്ത്യൻ- മുസ്‍ലിം പീഡനങ്ങൾ- സംസാരിക്കുമ്പോൾ ബി.ജെ.പി ഉയർത്തുന്ന ചില ആശയങ്ങളുടെ മറ്റൊലിയായി മാറുമെന്ന സംശയമുണ്ട്. ഇതിനോടൊപ്പം, രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യങ്ങൾ മറഞ്ഞുപോവാതിരിക്കാനുള്ള ജാഗ്രത രാഷ്ട്രീയ പ്രതിപക്ഷം നിലനിർത്തേണ്ടതുണ്ട്. ഇന്ത്യ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്ന ഹൃദയഭൂമികയാണ്.

ചില രാഷ്ട്രീയപദ്ധതികളെ മാത്രം മുൻനിർത്തി- പ്രത്യേകിച്ച് പൗരത്വഭേദഗതി നിയമം, ഹിന്ദുരാഷ്ട്രം, ദലിത്- ക്രിസ്ത്യൻ- മുസ്‍ലിം പീഡനങ്ങൾ- സംസാരിക്കുമ്പോൾ ബി.ജെ.പി ഉയർത്തുന്ന ചില ആശയങ്ങളുടെ മറ്റൊലിയായി മാറുമെന്ന സംശയമുണ്ട്.

സാംസ്കാരിക രംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ ഗൗരവകരമായ ആലോചനകൾ നടത്തുന്ന ഒരാൾ എന്ന നിലയിൽ, താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

അരക്ഷിതരായിരിക്കുക എന്നത് എല്ലായ്പ്പോഴും സർഗാഗത്മകമായി ചിന്തിക്കുന്ന വ്യക്തികൾ ചരിത്രപരമായി സ്വീകരിക്കുന്ന മാർഗ്ഗങ്ങളിലൊന്നാണ്. സമകാലിക ജീവിതാവസ്ഥ, നൂറ്റാണ്ടുകളായി തുടരുന്ന മനുഷ്യവിഭജനത്തിലേക്ക് കണ്ണിചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥയിലാണ് ജീവിതം എത്തിനിൽക്കുന്നത്. സങ്കീർണ്ണതകളെ പുറത്തുകൊണ്ടുവരുക സർഗ്ഗാത്മകമായി കഠിനമായ പ്രവർത്തിയാണ്. പ്രശ്നരഹിതമായ അനുസരണശീലങ്ങളുടെ വ്യവസ്ഥാപിതത്വങ്ങളെ മുൻനിർത്തിയുള്ള സൃഷ്ടികളെ ആധുനികാന്തരമെന്ന (Post -Modernism) പേരിൽ അരങ്ങു വാഴിക്കുന്ന, അതേസമയം സംഘർഷങ്ങളുടേയും, മാറ്റിനിർത്തലുകളുടേയും, ഹിംസകളുടേയും പാടുകൾ പേറുന്ന, സാമൂഹികമായി അവ്യക്തമാക്കപ്പെടുന്ന ജീവിത ചിന്തകളും സങ്കൽപ്പങ്ങളും കലയിൽ കാണാത്തത്, അത്തരം സെൻസിബിളായ ഇടപെടലുകളെ ഒഴിവാക്കുന്നത്, സാംസ്ക്കാരിക കലർപ്പുകൾക്ക് അശുദ്ധി കൽപ്പിക്കുന്നത്, സാംസ്കാരിക കേന്ദ്രങ്ങൾ തുടർച്ചകളിൽ സൂക്ഷിക്കുന്ന വരേണ്യമായ ഇടം ആന്തരികമായി ഉൾക്കൊള്ളുന്നതുകൊണ്ടാണ്. ആ തരത്തിലുള്ള സാംസ്കാരിക കേന്ദ്രങ്ങൾ സൂക്ഷിച്ചുനിലനിർത്തുന്ന പ്രപഞ്ചവിരുദ്ധമായ ആശയങ്ങളെ സാമൂഹിക ജീവിതത്തിലേക്ക് എത്തിക്കുവാനുള്ള മാർഗ്ഗങ്ങളായാണ് സംസ്കാരത്തെയും കലാആവിഷ്കാരങ്ങളെയും ഫാഷിസം ഉപയോഗിക്കുവാൻ ശ്രമിക്കുന്നത്. നിയന്ത്രണത്തിലായ സംസ്കാരിക സ്ഥാപനങ്ങളെയും ബഹുസ്വര സാംസ്കാരിക ഇടത്തെയും ഏക ശിലാരൂപമാക്കി, ഏകസ്വരമാക്കി ഇല്ലായ്മ ചെയ്യുക എന്ന ‘സാംസ്കാരിക പരിപാടി’ കൂടി അതിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം സവിശേഷമായ സാംസ്കാരിക സന്ദർഭത്തിൽ ‘കലയുടെ ആത്മീയത’ എന്നത് ഏറ്റവും വിഷമസന്ധിയിലകപ്പെട്ട ജീവിതങ്ങളെ ആവിഷ്കരിക്കുന്നതിലായിരിക്കും ഉയിർക്കൊള്ളുന്നത്.

മനുഷ്യശരീരം നൂറ്റാണ്ടുകളായി ബഹുസംസ്കാരങ്ങളുടെ കലാപ്രവർത്തനങ്ങളുടെ ഏറ്റവും പ്രബലമായി തുടരുന്ന രൂപകമാണ്. മോഡണിസത്തിന്റെ തുടക്കം മുതൽ അത് പരീക്ഷണങ്ങളുടെ കേന്ദ്രമായിരുന്നു. പരമ്പരാഗതമായി മനുഷ്യശരീരത്തിന്റെ കലാ ആവിഷ്കാരങ്ങളെ ചോദ്യം ചെയ്തു തുടങ്ങിയതാണ് മോഡേണിസം കൊണ്ടുവന്ന ഏറ്റവും വെല്ലുവിളി. അന്നുവരെ കലയുടെ ആഖ്യാനങ്ങളിൽ കാണാത്ത ശരീരാനുഭവങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദൃശ്യ ഇടങ്ങളുടെ ആവിഷ്കാരങ്ങളും അതിനോടൊപ്പം സംഭവിച്ചു.

സാമൂഹിക ഇടങ്ങളെ കൂടുതൽ ഹിംസാത്മകമായ അസഹിഷ്ണുതയിലേക്ക് പരിവർത്തിപ്പിക്കുന്ന പ്രക്രിയകളുടെ ഉത്കണ്ഠയും, ഭയവും അസ്ഥിരമായേക്കാവുന്ന ജീവിതവും ദൈനംദിന ഇടപെടലുകളെ നിർണയിക്കുന്ന വിഷമസന്ധിയിലെ സർഗ്ഗാത്മക ഭാഷയുമാണ് എന്റെ ചിത്രങ്ങളുടെ ലോകം.

തരംതിരിവുകളുടെ ഇടമായി മാറുന്ന സാമൂഹിക ജീവിതം അധികാരം വളരെ പ്രത്യക്ഷത്തിൽ ജനജീവിതത്തിനുമേൽ കൂടുതൽ, കൂടുതൽ പിടിമുറുക്കുന്ന ചരിത്രസന്ദർഭത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതൊരു പൊതുപ്രശ്നമാണ്. പലതരത്തിലുള്ള അസന്തുലിതങ്ങളെ അവഗണിക്കുന്നതിലൂടെ പൊതുജീവിതത്തെ എളുപ്പത്തിൽ രണ്ടായി വിഭജിക്കുന്ന ചരിത്രസന്ദർഭം കൂടിയാണിത്.

സുരക്ഷിതരെന്നും അരക്ഷിതരെന്നും കൃത്യമായി നിയമനിർമാണങ്ങളിലൂടെ വേർതിരിക്കുന്നു. അപ്പോൾ ഏറ്റവും നിസ്സാരമായി, മറ്റ് ജീവിതതലങ്ങളെ പ്രത്യക്ഷത്തിൽ രണ്ടായി വിഭജിക്കുന്നു. ഇതൊരർത്ഥത്തിൽ മുഖ്യധാരാമാധ്യമങ്ങൾ സാംസ്കാരികമായി ഫാഷിസത്തിനോടൊപ്പം ചേർന്ന്, അതിന്റെ നാവായി സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും പ്രസരിപ്പിക്കുന്ന വിഭജനങ്ങളുടെ ശ്രേണിയിലെ ഒന്നു മാത്രമാണ്.

ഇന്നത്തെ ഇന്ത്യൻ മുഖ്യധാരാ കലയിൽ കാണാനാവുന്നത് അപര കാഴ്ചകളുടെ, അപര ഭാഷാസാന്നിധ്യങ്ങളുടെ അവസരം നിഷേധിക്കലാണ്.

ഇന്നത്തെ ഇന്ത്യൻ മുഖ്യധാരാ കലയിൽ കാണാനാവുന്നത് അപര കാഴ്ചകളുടെ, അപര ഭാഷാസാന്നിധ്യങ്ങളുടെ അവസരം നിഷേധിക്കലും, അതിലൂടെ അവരുടെ കലാകാരസാന്നിധ്യത്തെ ഇല്ലായ്മ ചെയ്യുകയുമാണ്. ഇത് സമകാലിക സംസ്കാരം എന്താണെന്ന ചോദ്യമാണ് പ്രധാനമായും ഉയർത്തുന്നത്. ഒരിയ്ക്കലും പ്രസക്തി നഷ്ടപ്പെടാത്ത മുഖ്യധാരാ സാംസ്കാരിക ആഖ്യാനത്തിന്റെ സാംസ്കാരിക സാധ്യതകളിലേയ്ക്ക്, അതിനാവശ്യമായ ജഢിലമായ സാംസ്കാരിക ആഖ്യാനങ്ങളെ വീണ്ടും വീണ്ടും ആനയിക്കുകയാണ്. യഥാർത്ഥത്തിൽ ഇന്ത്യൻ ജനത അനുഭവിക്കുന്ന ദൈനംദിന ജീവിത പ്രതിസന്ധികളുമായി ഇതിന് ഏതൊരു ബന്ധവുമില്ല. പോസ്റ്റ് മോഡേൺ സമകാലിക ‘അവാങ്ഗാർദ് ബുദ്ധികല’യിൽ കാണാൻ പറ്റുന്നത്, എല്ലാ സാംസ്കാരിക - രാഷ്ട്രീയ ഇടപെടലുകൾക്കുമുള്ള പരിഹാരം എന്ന നിലയിൽ അർത്ഥം ഉറഞ്ഞുകൂടിയ ബിംബങ്ങളെ കൊണ്ടുവരുകയും സ്ഥിരമായ അർത്ഥങ്ങൾ ആവർത്തിക്കുകയുമാണ്. സാംസ്കാരിക പരിശുദ്ധ ബിംബങ്ങളുപയോഗിച്ച് പെരുവിരൽ മുതൽ ഉച്ഛി വരെ സംഘർഷത്തിൽ മുങ്ങിയ ജനതകളുടെ ജീവിതത്തിന്റെ കാവ്യാത്മകതയെ (Truth) അതിന്റെ പ്രതിഭാഷണങ്ങളെ ജനമനസ്സിൽ നിന്ന് തുടച്ചുമാറ്റുകയാണ്. കലാകാരരെ പ്രതിചിന്തകളല്ലാത്ത നിഷ്ക്രിയരാക്കി തീർക്കുകയും വ്യക്തിസത്തയും ആർജ്ജവും ചോർന്നുപോയ ഒരു കൂട്ടം മാത്രമാക്കി മാറ്റുകയുമാണ് കലയിലെ അധികാരകേന്ദ്രങ്ങൾ ചെയ്യുന്നത്.

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

ദേശീയ പ്രതിനിധാനങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സമരവുമായി ഉയർന്നുവന്ന രാജ്യത്തിന്റെ രൂപീകരണത്തിന്റെ ധാർമിക അടിത്തറയ്ക്ക് ബലം പകർന്ന മൂല്യങ്ങളായിരുന്നു. മഹാത്മാഗാന്ധി, അംബേദ്കർ, ജവഹർലാൽ നെഹ്റു എന്നിവർ ആധുനിക ഇന്ത്യയുടെ രൂപീകരണത്തിന് ജീവിതമർപ്പിച്ച മഹാത്മാക്കളാണ്. മതസ്ഥാപനങ്ങളിൽനിന്ന് ജനാധിപത്യ പ്രതിനിധികൾ അകലം പാലിക്കണമെന്ന നെഹ്റുവിന്റെ നിരീക്ഷണം നാം ഓർക്കുന്നത്, രാജ്യം ഏകശിലാരൂപത്തിലുള്ള ജനാധിപത്യവിരുദ്ധമായ ആശയലോകത്തിലേക്ക് മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിലാണ്.
ഭരണഘടനയെക്കുറിച്ചുള്ള അംബേദ്കറുടെ നിരീക്ഷണം വളരെ പ്രസക്തമാണ്. സാമൂഹിക ധാർമികത (Social Conscience) എപ്പോൾ തകരുന്നുവോ അപ്പോൾ ഭരണഘടനയ്ക്കുള്ള പ്രസക്തിയും നഷ്ടമാകുമെന്ന നിരീക്ഷണം ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. ഹൈന്ദവ ധാർമിക മൂല്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും, അപരമത വിദ്വേഷം വളർത്തിയും, ആക്രമിച്ചും, എല്ലാ രീതിയിലും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും നേതൃത്വത്തേയും നിയമക്കുരുക്കിൽ പെടുത്തിയും ജേണലിസ്റ്റുകളെ കൊന്നും, ജയിലിലിട്ടും, സാമൂഹിക- രാഷ്ട്രീയ പ്രവർത്തകരെ തടവിൽ പാർപ്പിച്ചും മറ്റനേകം ജനവിരുദ്ധമായ കോർപ്പറേറ്റ് സൗഹാർദ്ദ പദ്ധതികൾ കൊണ്ടുവന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മൂലധന കമ്പനികൾക്ക് വിറ്റും അപരമത ആരാധനാലയങ്ങൾ കോടതി വ്യവഹാരങ്ങളിൽ പെടുത്തിയും പലതരം തെറ്റായ മൂല്യങ്ങൾ ഗ്രാമങ്ങളിലും, നീതിന്യായവ്യവസ്ഥകളിലും പ്രചരിപ്പിച്ചും, ഉൾപ്പെടുത്തിയുമാണ് ഫാഷിസം ഇന്ത്യൻ സാമൂഹിക- ധാർമികതയെ അട്ടിമറിക്കുന്നത്. കേവലമായ അധികാരത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പുരാഷ്ട്രീയം എന്നതിലുപരി, ജനതയുടെ സാംസ്കാരികവും, ധാർമികവും സാമ്പത്തികവും ജനാധിപത്യപരവുമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ആശയങ്ങൾ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വങ്ങൾ ഗൗരവമായി ഏറ്റെടുക്കേണ്ടതുണ്ട്.

സംസ്കാരത്തെയും കലാ ആഖ്യാനങ്ങളെയും ഇന്നുവരെ സമീപിച്ച രീതികളിൽ നിന്ന് മാറി വ്യവസ്ഥാപിത ആഖ്യാനങ്ങളെ വിമർശനപരമായി സമീപിക്കുന്ന, ആശയ കാവ്യലോകത്തെ ആവിഷ്കരിക്കുന്ന ചിന്താപദ്ധതികളെ കൂടുതൽ വെളിച്ചത്തിലേക്ക്, കൂടുതൽ ജനതയുടെ ചിന്താ ഭാവനാ തലത്തിലേക്ക് എത്തിക്കേണ്ടതുണ്ട്.

നിർഭാഗ്യവശാൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങൾ വ്യവസ്ഥാപിത ആഖ്യാനങ്ങൾക്ക് കേന്ദ്രീകൃത കലാ അധികാരങ്ങളുമായി ചേർന്നുനിന്ന് ആവിഷ്കാര അവസരങ്ങൾ നൽകുന്നുണ്ട്. ഒരർത്ഥത്തിൽ വ്യവസ്ഥാപിത ആഖ്യാനങ്ങളെ ചാലഞ്ച് ചെയ്യുന്ന കേരളത്തിലെയും ഇന്ത്യയിലെയും സമകാലിക കലാകാരരുടെ ആശയത്തെയും അതിന്റെ ചിന്താലോകത്തെയും പൊതുജനകാഴ്ചയിൽ നിന്ന് മറച്ചുവെക്കുന്ന പരിപാടി ‘ക്യൂറേറ്റർ' എന്ന പ്രച്ഛന്നതയിൽ ഇവർ ചെയ്യുന്നുണ്ട്. ഗവൺമെന്റിന്റെ സാസ്കാരിക- സാമ്പത്തികാധികാരത്തെ എങ്ങനെയാണ് സമൂഹത്തിലുണ്ടാവേണ്ട സാംസ്കാരിക ഊർജ്ജത്തെ, സെൻസിലിബിറ്റിയെ അട്ടിമറിച്ച്, കേവലമായ സ്വജനപക്ഷാപാതത്തിലേക്ക് അധഃപതിപ്പിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്.

കേരളത്തിന്റെ വിശിഷ്ടമായ സാംസ്കാരിക ഇടത്തിൽ മേൽപറഞ്ഞ കാര്യങ്ങൾക്കുള്ള ഏറ്റവും നല്ല ഉദാഹരണം സി. അയ്യപ്പന്റെ കഥകൾ തന്നെയാണ്. അദ്ദേഹത്തിന്റെ കഥകൾ കുറച്ചെങ്കിലും വായനക്കാരിലേക്കെത്തുവാനും, അതുയർത്തിയ പുതിയ ആവിഷ്കാര ഭാഷാ ലോകത്തെ മലയാളി അനുഭവിക്കാനും, ഇരുപതോളം വർഷങ്ങൾ എടുത്തു. അജയ് പി. മങ്ങാടിന്റെ മൂന്നു കല്ലുകൾ എന്ന നോവലിന്റെയും ബിനു എം പള്ളിപ്പാടിന്റെ കവിതകളുടെയും ലോകവും അതുണർത്തുന്ന സാസ്കാരികവും, രാഷ്ട്രീയവുമായ ചിന്തകളും മുഖ്യധാരാ സാംസ്കാരിക ഭാവനക്കുപുറത്തായതുകൊണ്ട് വിസ്മൃതിയിലാകുന്നു. ഇതിന് അനവധി ഉദാഹരണാനുഭവങ്ങൾ തീർച്ചയായും ഇന്നത്തെ സാംസ്കാരിക- രാഷ്ട്രീയത്തിലുണ്ടാവും. സാംസ്കാരിക ആവിഷ്കാരങ്ങൾക്ക് കേവല വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ‘വിടുപണി' എന്നതിനെ മറികടക്കുന്ന മാനങ്ങളുണ്ടെന്ന് സാംസ്കാരിക സ്ഥാപനങ്ങളും രാഷ്ട്രീയപാർട്ടികളും ഓർക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം സാംസ്കാരിക സ്ഥാപനങ്ങളിലെ നാമമാത്രമായ ജനാധിപത്യ ഇടം ഇല്ലാതായിപ്പോകും.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ഇന്ത്യാ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഈ വരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

സാമൂഹിക ധാർമികത എപ്പോൾ തകരുന്നുവോ അപ്പോൾ ഭരണഘടനയ്ക്കുള്ള പ്രസക്തിയും നഷ്ടമാകുമെന്ന അംബേദ്കറുടെ നിരീക്ഷണം ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കേസിൽ പെടുത്തിയും, വൻ തുക വാഗ്ദാനം ചെയ്തും പാർട്ടികളെ ദുർബലപ്പെടുത്തുവാൻ ബി.ജെ.പിയും അവരുടെ ഗവൺമെന്റും നടത്തുന്നത് അധാർമികമായ പരിപാടിയാണ്. അത്ഭുതപ്പെടുത്തുന്നതും, ആശാവഹവുമായ കാര്യം പ്രതിപക്ഷ പാർട്ടികളുടെ ജനാധിപത്യ അടിത്തറ ദുർബലമാകുന്നില്ല എന്ന സന്ദേശമാണ്. കർണാടകയിലും മറ്റും കോൺഗ്രസ് ഭരണത്തിൽ വന്നതും മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾക്കുള്ള വോട്ട് ഷെയറും ‘ഇന്ത്യ’ മുന്നണി കടുത്ത വെല്ലുവിളി ഫാഷിസ്റ്റു ഗവൺമെന്റിന് ഉയർത്തുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

എൽ.ഡി.എഫ് കേരളത്തിൽ ശക്തമായ സാന്നിദ്ധ്യമാണെങ്കിലും ദേശീയതലത്തിൽ ദുർബലമാണ്. എങ്കിലും ഇടതുചിന്താപദ്ധതികളുടെ ആശയങ്ങളും അതുയർത്തുന്ന രാഷ്ട്രീയ ഭാവനകളും പാർലമെന്ററി ജനാധിപത്യത്തിൽ എന്നും പ്രസക്തമാണ്.

Comments