ശീലാനന്തര പരിണാമങ്ങൾ

‘രാംജന്മഭൂമിയല്ലേ, പള്ളി പൊളിച്ചിട്ടാണേലും രാമന് ക്ഷേത്രം വരട്ടേ’ എന്ന്, അത് പൊളിച്ച കാലത്ത് ഞെട്ടിയവരും പ്രതിഷേധിച്ചവരിൽ പലരും മാറ്റിയാലോചിക്കുന്ന  പൊതുസമ്മത ഫാഷിസത്തിന്റെ പുതിയ കാലം. ഫാഷിസ്റ്റ് വിധേയത്വം ശീലമായാൽ അതൊരു സുഖമുള്ള അടിമാനുഭൂമിയാകാൻ അധികം കാലം വേണ്ടെന്ന ബോധ്യവും നാമൊരു  പ്രതിലോമകരമായ മതരാഷ്ട്ര യാത്രയിലാണെന്ന തിരിച്ചറിവും രാമക്ഷേത്ര വായ്ത്താരികൾ മതേതര ഇന്ത്യയ്ക്ക് കാട്ടിത്തരുന്നുണ്ടിപ്പോൾ.

നസ്സിനകത്തെ നൂറ്റാണ്ടുകൾ’ എന്നതൊരു പഴയ ഒ.വി. വിജയൻ പ്രയോഗമാണ്. 90 കൾക്കുശേഷം കാവിസിദ്ധാന്ത സൂക്കേടിലേക്ക് വിജയൻ വഴിമാറിത്തുടങ്ങും മുമ്പേയുള്ള വാക്കുകൾ. 70- കളിൽ രാഷ്ട്രീയ ജാഗ്രതയോടെ വരയ്ക്കുകയും എഴുതുകയും ചെയ്തിരുന്ന ഒ.വി. വിജയന്റെ മൂർച്ചയുള്ള ഭാഷാകാലത്തെ പ്രയോഗം.

അന്ന്, ആ വാക്കുകളിൽ അടിയന്തരാവസ്ഥാ വിമർശനവും സോവിയറ്റ് ചേരികളും കമ്യൂണിസ്റ്റ് ശൈഥില്യനൈരാശ്യവും ഏകാധിപത്യ പ്രവണതയോടുള്ള രോഷവും സോഷ്യലിസ്റ്റുകളിലെ ജെ.പി. ലോകങ്ങളും ജനസംഘവും സജീവമായി കടന്നുവന്നിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം എങ്ങനെയെല്ലാം വശീകരണൗഷധങ്ങളുമായി പതിയെ കടന്നുവരുമെന്നതിന്റെ പരോക്ഷ സൂചനകളും അതിലുണ്ടായി, ചിലപ്പോഴൊക്കെ.

ഒ.വി.വിജയന്‍
ഒ.വി.വിജയന്‍

മനസ്സിനകത്തെ നൂറ്റാണ്ടുകൾ എന്ന വാക്കിന് ഏറെ പ്രയോഗപ്രസക്തിയുള്ള കാലം കൂടിയാണിത്. അത് ഇന്ത്യൻ രാഷ്ട്രീയ പൊതുബോധത്തിന്റെ പാരമ്പര്യ അശ്ലീലങ്ങളിലേക്കുള്ള തിരിച്ചുപോക്കിനെ ഓർമിപ്പിക്കാനും ഉപയോഗിക്കാനാകും. പഴയ നൂറ്റാണ്ടിലേക്ക് കൈപിടിച്ചുകൊണ്ടുപോകാനും മനുവാദങ്ങൾക്കും ആർഷഭാരത പുരാണത്തിനും നമ്മളെ പ്രചോദിപ്പിക്കാനാകുമെന്ന വ്യാജസിദ്ധാന്തത്തിന് സ്വീകാര്യതയുണ്ടാക്കാനും കഴിയുന്ന പുതിയ കാലത്ത് വിജയന്റെ പ്രയോഗത്തെ തിരിച്ചിട്ട് വ്യയം ചെയ്യാവുന്നതാണ്. 

ശരി, ചരിത്രം പറച്ചിലും പുരാണവും വിടാം. അയോധ്യയും ബാബറി മസ്ജിദും സംബന്ധിക്കുന്ന പഴയതെല്ലാം കഥകളായ സ്ഥിതിക്ക്, എല്ലാ പിടിച്ചടക്കലുകൾക്കും നീതികരണങ്ങൾ ചമയ്ക്കപ്പെടുന്ന സ്ഥിതിക്ക് ഇനിയെന്ത്, എങ്ങനെയൊക്കെ രാജ്യം മുന്നോട്ടുപോകും എന്നതാണല്ലോ സാമൂഹ്യപ്രസക്തം.

പണ്ട് നമുക്ക് സ്വകാര്യമല്ലാതിരുന്നവയെല്ലാം തിരിച്ചുവരുന്നത് കാണാനുമുണ്ട്. എങ്ങനെയൊക്കെ നമ്മളിൽ പലരും അതിന്റെയെല്ലാം ഉയിരിനും വാഴ് വിനും കൊടിപിടിക്കുന്നവരോ കൈ കൊട്ടുന്നവരോ ദീപം തെളിയിക്കുന്നവരോ ആയി മാറുന്നുമുണ്ട്. സാമൂഹ്യ രാഷ്ട്രീയത്തിന്റെ തിരിച്ചുപോക്കിൽ പലതും പ്രഹസനമായി ആവർത്തിക്കപ്പെടുകയാണ്. രാമക്ഷേത്രം തുറന്നുകൊടുക്കുന്ന ചടങ്ങിന് കോൺഗ്രസിൽനിന്ന്‌ ആരെല്ലാം പോകണം, പോകും, ഓടിയെത്തും, ഏതെല്ലാം മുഖ്യമന്ത്രിമാർ‌, മുഖ്യ നേതാക്കൾ‌ എന്നിങ്ങനെ ചർച്ചകൾ കൊഴുക്കുകയാണ്. ക്ഷണിച്ചില്ലേലും പോകുമെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ പലരും പറഞ്ഞുകഴിഞ്ഞു. പോയി അവരേക്കാ‍ള്‍ ഉച്ചത്തിൽ ജയശ്രീറാം വിളിച്ച് വോട്ട് തേടിത്തുടങ്ങാമെന്ന് പല നേതാക്കളും യോഗങ്ങളിൽ പറയുന്നു. ഇതിലൊന്നും യാതൊരു കുഴപ്പവുമില്ലെന്ന ഭാവം കോൺഗ്രസ് പ്രസ്ഥാനം ഉയർത്തുന്നു. അതായത് ഇരുതോണിയിലും കാലിട്ടുകൊണ്ടുള്ള നിൽപ്പിന് എത്ര സമയം മറുകര കടക്കാൻ പറ്റുമെന്നതാണ് ചോദ്യം. അടി പതറിയ ഒരു പ്രസ്ഥാനത്തിന്റെ ആശങ്കയോ ധർമസങ്കടങ്ങളോ തീർച്ചകളില്ലായ്മയോ അവരെ രണ്ട് തോണിയിലും പിടിയില്ലാതെ വേച്ചു കയത്തിലേക്ക് ആഴ്ത്തുകയാണ് സ്വയം. പക്ഷേ അവർക്കത് ബോധ്യപ്പെടുന്നുവോ അതോ അവരുടെയൊക്കെ ഉള്ളിലിരിപ്പും ഇതൊക്കെ തന്നെയാണോ എന്നതുമാണ് വൈരുദ്ധ്യങ്ങൾ. സത്യം എന്താണെന്നത് 90- കളിലെ ചരിത്രം ഓർമപ്പെടുത്തും. കാരണം പള്ളി പൊളിച്ചത് കോൺഗ്രസിന്റെ കാലത്താണെന്നത് മറന്നുപോകരുതല്ലോ, ശിലാന്യാസം നടന്നതും. 

തീവ്രഹിന്ദുത്വ വാദികള്‍ ബാബറി മസ്ജിദ് പൊളിക്കുന്നതിന്റെ ദൃശ്യം. ശിലാന്യാസം നടന്നതും പള്ളി പൊളിച്ചതും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു.
തീവ്രഹിന്ദുത്വ വാദികള്‍ ബാബറി മസ്ജിദ് പൊളിക്കുന്നതിന്റെ ദൃശ്യം. ശിലാന്യാസം നടന്നതും പള്ളി പൊളിച്ചതും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു.

ഒരു കാര്യമുറപ്പാണ്, കോൺഗ്രസിലെ 80 ശതമാനം മുൻനിര നേതാക്കൾക്കും (പ്രത്യേകിച്ച് ഹിന്ദുക്കളായ) രാമക്ഷേത്രമൊരു വികാരമോ രാമനൊരു വിശ്വാസമോ ജയ്ശ്രീം വിളി ഒരു മാനസികോർജ്ജമോ ആണെന്നത് ഇന്ത്യൻ മനോനിലയാണ്. സ്വന്തം നിലപാടിൽ‌ ചേർക്കുന്ന വെള്ളം വർഗീയ വലതുപക്ഷ ചാലുകളിലേക്ക് ഒരുമിച്ച് നിന്ന് തേവുകയാണ് നെഹ്റുവിന്റേതായിരുന്ന കോൺഗ്രസ് എന്നതാണ് അതിന്റെ ഹൃദയഭേദകമായ പാപ്പരത്തം. അതുവെച്ച് ഹിന്ദി ഹൃദയഭൂമിയിൽ പഴയ പ്രതാപം തിരിച്ചുപിടിക്കാവുമെന്നവർ കരുതുന്നു. പക്ഷേ ബി.ജെ.പിയുള്ളപ്പോൾ പിന്നെ ഇന്ത്യൻ ഹിന്ദുത്വ പൊതുബോധത്തിന് മറ്റൊരു സിറോക്സ് കോപ്പി ആവശ്യമില്ലെന്നുള്ള കാര്യം അവരറിയുന്നില്ല. ഈ അവസ്ഥ കൊണ്ട് അരക്ഷിതരാകുന്നത് അതേ ഭൂവിലെ മുസ്‍ലിം ജനസാമാന്യമോ മതേതര മനസ്സോ ആണെന്നത് കോൺഗ്രസിന് അറിയാത്തതല്ല. പക്ഷേ രാഷ്ട്രീയ പ്രത്യാഘാതം എന്തായാലും ഹിന്ദുത്വ സൗമന്യസങ്ങളെ കൂടെ നിർത്തി വോട്ട് നേടാമെന്ന വിചിത്രന്യായത്തിലാണ് ഇപ്പോഴും അവർ. അത് മുസ്‍ലിം വോട്ടിനെ ചിതറിക്കാനിടയാക്കുകയും തത്വത്തിൽ രാജ്യത്തിന്റെ മതേതര-ജനാധിപത്യ ചരിതത്തിന്റ കടയ്ക്കൽ കത്തിവെക്കുക എന്ന കർത്ത്യവ്യത്തിൽ ഒരിക്കൽ കൂടി പങ്കാളികളാകാനും അവർക്ക് കഴിഞ്ഞിരിക്കുന്നു ഈ രാമക്ഷേത്ര വാഴ്ത്തുപാട്ടിലൂടെ. 

ഇത് കോൺഗ്രസിന്റെ മാത്രം പ്രശ്നമല്ല, മുഖ്യധാരയിലെ മറ്റ് ബി.ജെ.പി. ഇതര പ്രസ്ഥാനങ്ങളെല്ലാം അതിനൊപ്പമുണ്ട്. സോഷ്യലിസ്റ്റുകളെന്ന് നടിച്ച് കാലം കഴിച്ച് അധികാരം രുചിച്ച് ശീലം പിടിച്ച ദേവഗൗഡ അടക്കമുള്ളവരും. ജയ്ശ്രീറാം വിളിയ്ക്ക് പതിവില്ലാതെ ഒച്ച കൂടുകയാണ്. വിചാരിക്കാത്ത ദിക്കുകളിൽ നിന്നുപോലും ഒച്ച വന്നു തുടങ്ങുമ്പോൾ ജനാധിപത്യ മതേതര വാദികളെന്ന് നടിച്ചവരും സോഷ്യലിസ്റ്റുകളായി അഭിരമിച്ചവരുമെല്ലാവരും അതിലുണ്ടെന്നുള്ള കാഴ്ച തെളിയുന്നു. പള്ളി പൊളിച്ചിട്ടാണേലും രാമന് ക്ഷേത്രം വരട്ടേയെന്ന്, അത് പൊളിച്ച കാലത്ത് ഞെട്ടിയവരും പ്രതിഷേധിച്ചവരിൽ പലരും മാറ്റിയാലോചിക്കുന്ന  പൊതുസമ്മത ഫാഷിസത്തിന്റെ പുതിയ കാലത്ത് ഇത്തരം ഒച്ചകൾ കൂടുക സ്വാഭാവികം. ഫാഷിസ്റ്റ് വിധേയത്വം ശീലമായാൽ പിന്നെ അതൊരു സുഖമുള്ള അടിമാനുഭൂമിയാകാൻ അധികം കാലമൊന്നും വേണ്ടെന്ന ബോധ്യവും നാമൊരു  പ്രതിലോമകരമായ മതരാഷ്ട്ര യാത്രയിലാണെന്ന തിരിച്ചറിവും ഈ രാമക്ഷേത്ര വായ്ത്താരികൾ മതേതര ഇന്ത്യയ്ക്ക് കാട്ടിത്തരുന്നുണ്ടിപ്പോൾ.

ചുരുക്കത്തിൽ ഓരോ ദേശവും പഴയ പുരാണത്തിന്റെ ബലത്തിൽ മാറ്റപ്പെടുകയാണ്, അതിനിടെയാണ് ഒരു ക്ഷേത്രനിർമ്മാണം രാജ്യത്തിന്റെ തന്നെ ആവശ്യവും വികാരവുമാണെന്ന് കാണിക്കാൻ സംഘപരിവാറിന് കഴിയുന്നതും ആ ട്രാപ്പിലേക്ക് കോൺഗ്രസും മറ്റ് സോഷ്യലിസ്റ്റ് പേരുള്ള (ജീവിതത്തിൽ യാതൊരു സോഷ്യലിസവുമില്ലാത്ത നേതാക്കളും) പാർട്ടികളും അതിനൊപ്പം അണിചേരുന്നതും. കാശി വിശ്വനാഥ ക്ഷേത്രപരിസരത്തെ വിശുദ്ധിയുടെ പേരുപറഞ്ഞ് പല കുടുംബങ്ങളേയും സങ്കരജീവിതങ്ങളേയും ഒഴിപ്പിച്ചെടുത്തതുപോലെ ഫൈസാബാദ് മേഖലയേയും തങ്ങളുടേതായ വിശ്വാസ നാട്ടുരാജ്യമാക്കുകയാണ് ഈ സർക്കാർ. 

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി.

2018- ൽ ഫൈസാബാദ് മുൻസിപ്പാലിറ്റിയെ അയോധ്യയെന്ന് പേരുമാറ്റിയത് മുതൽ അതിനെയൊരു പവിത്രദേശമാക്കാനുള്ള ആഹ്വാനം വന്നുകഴിഞ്ഞിരുന്നു. അന്ന് അയോധ്യാ മേഖലയിൽ മദ്യവും ഇറച്ചിയും നിരോധിക്കാനുള്ള തീരുമാനമെടുക്കുകയാണ് എന്ന് നേതാക്കൾ പറഞ്ഞു. 2022 ജൂണിൽ ഇക്കാര്യം ഔദ്യോഗികമായി മുഖ്യമന്ത്രി യോഗി പ്രഖ്യാപിക്കുകയും ചെയ്തു. ഈ അടുത്ത ദിവസങ്ങളിലും അത് ആവർത്തിച്ചു. പുണ്യവീഥിയെ, ആ മേഖലയെ (ധർമനഗരിയെന്ന് യോഗി) അശുദ്ധമാക്കാൻ കഴിയില്ലെന്ന് അസന്നിഗ്ധമായ യോഗി പറയുന്നത് അതുകൊണ്ടാണ്. മഥുരയിലും ഇത് തന്നെയാണ് ബി.ജെ.പി. ചെയ്തത്. പക്ഷേ ക്ഷേത്രത്തിന്റെ നാല് കിലോമീറ്റർ പരിധിയിൽ നേരത്തെ തന്നെ ഇറച്ചി സ്റ്റാളുകൾ ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പക്ഷേ മേഖലയിൽ മൊത്തത്തിൽ നിരോധനം ഉണ്ടെന്ന ആശങ്ക സൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് കഴിഞ്ഞുവെന്ന വിമർശനം ഇറച്ചി കച്ചവടക്കാർ ഉന്നയിക്കുന്നു. ഇറച്ചി മേടിക്കുന്നവരിൽ നല്ലൊരു ശതമാനം ഹിന്ദുക്കളാണെന്നും എന്നാൽ നിരോധനം വന്നതായുള്ള വിവരം പുറത്തുവന്നത് വില്പനയെ ബാധിച്ചുവെന്നാണ് ഇവരുടെ പരാതി. അയോധ്യാ രാമക്ഷേത്ര മേഖലയിൽ ഏതാണ്ട് 5000 ത്തോളം മുസ്‍ലിം കുടുംബങ്ങളുണ്ട്. അയോധ്യാ മുൻസിപ്പൽ മേഖലയിൽ 14.8 ശതമാനമാണ് മുസ്‍ലിം പോപ്പുലേഷൻ. സൗഹാർദ്ദമായി എല്ലാവരും ഇടകലർന്ന് കഴിഞ്ഞിരുന്ന മേഖലയിൽ ഇത്തരം ആശങ്കകൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്നതാണ് ഇവരുടെ വാദം.

അതേസമയം മറ്റൊന്ന് കൂടി ഈ മേഖലയില്‌ സംഭവിക്കുന്നുണ്ട്, അത് അയോധ്യാ മേഖലയിലെ റിയൽ എസ്റ്റേറ്റ് ബൂം ആണ്. മൂന്നിരട്ടിയോളം വില വർധനയാണ് സ്ഥലത്തിന് ഇവിടങ്ങളിൽ സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കെങ്കിലും അതിനും എത്രയോ മേലേയാണിത് എന്നു കാണാം. അയോധ്യ റവന്യു - സ്റ്റാമ്പ് ആന്റ് രജിസ്ട്രേഷൻ വകുപ്പ് പറയുന്നതുപ്രകാരം നവംബറിൽ 20,000 ത്തിലധികം പ്രോപ്പർട്ടി ഡീലുകൾ‍ നടന്നുകഴിഞ്ഞു. മുൻ വർഷങ്ങളിൽ ഇത് ശരാശരി 8000 ആയിരുന്നതാണ്, 20,000 മുകളിലേക്ക് എത്തിയത്. ഇത് സംസ്ഥാനത്തിന് സാമ്പത്തികനേട്ടമാകും. പക്ഷേ ഏതെല്ലാം വ്യവസായികൾ, ആരുമായി ബന്ധമുള്ളവരുടേതാണ് ഈ പ്രോപ്പർട്ടി ഇടപാടുകൾ, ഏതെല്ലാം വ്യാപാര ശക്തികൾ ഇവിടങ്ങളിൽ ഭൂമി 2019 മുതൽ വാങ്ങിക്കൂട്ടി എന്ന കണക്കു നോക്കിയാലാണ് കൗതുകകരം. അതിൽ ബി.ജെ.പിയുമായി ബന്ധമുള്ളവരും മോദി ഭക്തരുമുണ്ട് നല്ലൊരു ശതമാനം. അതായത്, പിൽഗ്രിം ടൂറിസത്തിന്റെ സാമ്പത്തിക താല്പര്യത്തിന് രാമക്ഷേത്രം കാരണമായിരിക്കുന്നു എന്നത് റവന്യൂ വരുമാനത്തിൽ സ്റ്റേറ്റിന് ഗുണകരമാണെങ്കിലും ഇതിന് പുറകിലുള്ള വ്യാവസായിക താല്പര്യത്തിൽ ലിസ്റ്റ് ചെയ്യപ്പെടുന്നവർ പലരും ആരുടെ പക്ഷത്തുള്ളവരാണ് എന്നത് പൊളിറ്റക്കൽ ഇക്കണോമിയുടെ കാഴ്ചയിൽ നോട്ടബിളാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് നിരവധി പ്രോപ്പർട്ടികൾ കയ്യേറ്റത്തിന് വിധേയമായി എന്ന് പരാതിയുമായി വഖഫ് ബോർഡ് രംഗത്തു വന്നതാണ് മറ്റൊരു പ്രധാന സംഭവവികാസം. പലതവണ റവന്യു വകുപ്പിന് പരാതി അയച്ചിട്ടും ഇതിൽ നടപടിയുണ്ടായില്ലെന്ന് അയോധ്യയിലെ സുന്നി സെൻട്രൽ വഖഫ് ബോർഡ് പ്രസിഡന്റ് മുഹമ്മദ് അസം ഖദ്രി പറഞ്ഞത് ദ ഹിന്ദു അടക്കമുള്ള മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു.  തങ്ങളുടെ പഴയ മുസ്‍ലിം  വഖഫ് ബോർഡിന്റെ കീഴിലെ നമസ്കാര ഇടങ്ങളായിരുന്ന കെട്ടിടങ്ങളും ചെറിയ പള്ളികളും ഖബറിസ്ഥാനുകളും പുതിയ നിർമാണ ലോബികളുടെ കയ്യേറ്റത്തിന് വിധേയമായി എന്നാണ് ഖദ്രിയുടെ പരാതി. അയോധ്യയിലെ സാകേത് കോളേജ് പരിസരത്തുള്ള 3000 ചതുരശ്ര അടി ഇദ്ഗാഹ് ഇടവും സമീപത്തെ ഖബറിസ്ഥാനും കയ്യേറ്റത്തിന് വിധേയമായി എന്നാണ് ഖദ്രി പറയുന്നത്. ഇതെല്ലാം പുതിയ റിയൽ എസ്റ്റേറ്റ് ബൂമിലൂടെ സംഭവിച്ച കെട്ടിട നിർമാണങ്ങളുടെ ഭാഗമായി കയ്യേറിയതാണ് എന്നാണ് വഖഫ് ബോർഡ് വാദം. എന്നാൽ ഇതു സംബന്ധിച്ച പരാതികൾ പരിഗണിക്കുകയാണ് എന്നും നടപടിയെടുക്കും എന്നുമാണ് സർക്കാരും അയോധ്യാ ജില്ലാ ഭരണകൂടവും പറയുന്നത്. പരാതികൾ പ്രോസസ് ചെയ്യുകയാണ് എന്നാണ് സർക്കാർ പറയുന്നത്, പക്ഷേ പത്ത് പരാതിയെങ്കിലും ഇതുമായി ബന്ധപ്പെട്ട്  പലവട്ടം നൽകിയെന്നും ഒരു നടപടിയും കാണുന്നില്ലെന്നുമാണ് പരാതിക്കാർ പറയുന്നത്. 

രാജ്യത്തെ മുസ്‍ലിം സമുദായം എങ്ങനെ അടുത്ത വോട്ടിനെ നോക്കിക്കാണുമെന്നത് കൗതുകകരമാണ്. എന്നാൽ അയോധ്യക്കോ യു.പി​ക്കോ പുറത്ത് കേന്ദ്രത്തെ പ്രകോപിക്കേണ്ടതില്ല എന്ന അരക്ഷിതാവസ്ഥ കൊണ്ടാകാം, പള്ളി പൊളിച്ചപ്പോൾ പ്രതിഷേധിച്ച പല മുസ്‍ലിം നേതാക്കൾ ക്ഷേത്രം വരുന്നതിനെ ഇപ്പോൾ സ്വാഗതം ചെയ്യുന്നത്. അതിൽ നിലനിൽപ്പിനുള്ള ട്രിപ്പീസ് കളിക്കുന്നവരിൽ പ്രധാനമായി കേരളത്തിലെ മുസ്‍ലിം ലീഗ് അടക്കമുള്ള പാർട്ടികളുമുണ്ട്. രാമക്ഷേത്ര വിഷയത്തിൽ അഴകൊഴമ്പൻ നിലപാടെടുത്തിട്ടും കോൺഗ്രസിനെ പിന്തുണയ്ച്ചുകൊണ്ടാണ് ഇപ്പോഴും ലീഗ് നിലകൊള്ളുന്നത്. അതിന് പിന്നിൽ അരക്ഷിതാവസ്ഥ മാത്രമല്ല സാമ്പത്തിക താൽപര്യങ്ങളും വ്യാപാര നേട്ടങ്ങളുമുണ്ട്.
അതായത് പലതും കേന്ദ്രം ഇടപെട്ട് ഇല്ലാതാക്കുമോ എന്ന ഭീതി കാരണമായുണ്ട്.

ഇതേ ഡിപ്ലോമസി ക്രിസ്ത്യൻ സഭകൾക്കുമുണ്ട്. രാജ്യത്ത് ഇ.ഡി. പേടിയുള്ള പ്രധാന വിഭാഗങ്ങളിലൊന്ന് ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരും അവരുടെ സഭാ സ്ഥാപനങ്ങളുമാണ്. അതിനുവേണ്ടി ‘ക്രിസംഘി’ എന്ന പേരു കേട്ടാലും കുഴപ്പമില്ലെന്ന നിലപാടിന് ശക്തി കൂടി വരുന്നു, ഒപ്പം ഉള്ളിലൂറി വരുന്ന മുസ്‍ലിം വിരുദ്ധതയും കാരണമാണ്. കേരളത്തിലടക്കം സംഘപരിപരിവാറിന് ആത്മവിശ്വാസം ഉണ്ടാക്കിക്കൊടുക്കാനുള്ള പോക്കാണ് ഒരു വിഭാഗം ക്രിസ്ത്യൻ വിഭാഗങ്ങളും ചില മതനേതാക്കളും പുലർത്തുന്നത്. ബിസിനസ് താൽപര്യങ്ങളുടെ തകർച്ചാപ്പേടി കൂടിയാണ് കാരണം. 

രാമക്ഷേത്രത്തിനനുകൂലമായ സുപ്രീം കോടതി വിധി വന്ന ദിവസത്തെ അയോധ്യ നഗരം
രാമക്ഷേത്രത്തിനനുകൂലമായ സുപ്രീം കോടതി വിധി വന്ന ദിവസത്തെ അയോധ്യ നഗരം

പല സംസ്ഥാന വികസന പദ്ധതികളും കേന്ദ്രം നടത്തുന്നതാണെന്ന പ്രചാരണവും അത് വിശ്വസിക്കുന്നവരുടെ എണ്ണം ഗ്രാമഗ്രാമാന്തരം ഏറിവരുന്നത് കേരളത്തിലടക്കം നടക്കുന്നതും ഈ ഘട്ടത്തിൽ ചേർത്തുവായിക്കേണ്ടുന്ന ഒന്നാണ്. പലതരം അരങ്ങൊരുക്കലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു, അടിത്തട്ടിലെന്ന് സാരം. കേരളത്തിലെ മുസ്‍ലിം ലീഗ് നിനിൽപ്പ് രാഷ്ട്രീയം കളിച്ചാലും. കേരളത്തിലെ കോൺഗ്രസിന് സംസ്ഥാന ഗവർണറോടുള്ള സ്നേഹശുഷ്കാന്തി ഈ വിഷയത്തിലില്ലെന്നത് കാണുക. 70- കളിൽ ക്രാന്തിദളുകാരനായി തുടങ്ങി, പിന്നീട് സീറ്റിന് വേണ്ടി കോൺഗ്രസിലെത്തി പാർലമെന്റിലെത്തി, 80- കളുടെ അവസാനം ജനതാദളിലേക്ക് വന്ന്, അതുവഴിയും മന്ത്രിയായി, 90- കളോടെ ബി.എസ്.പിയിലെത്തി അവിടേയും പ്രധാന പദവികൾ ഏറ്റുവാങ്ങി, ഒടുവിൽ ബി.ജെ.പിയിലൂടെ വീണ്ടും പാർലമെന്റിലേക്കെത്തിയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ഇനി ആരിഫ് ഖാൻ ചേരാൻ ഇന്ത്യയിൽ ബാക്കിയുള്ളത് ആലങ്കാരികമായി പറഞ്ഞാൽ സി.പി.എമ്മും ഡി.എം.കെയും മാണി സാറിന്റെ പാർട്ടിയും മാത്രം. അത്രമേൽ രാഷ്ട്രീയ ക്രെഡിബിലിറ്റിയില്ലാത്ത വ്യക്തിയ്ക്കൊപ്പം നിന്ന് ഇടതുപക്ഷത്തെ ആക്രമിക്കുന്ന തിരക്കിലാണ് കേരളാ പ്രതിപക്ഷം. ഈ സമയത്താണ് ദേശീയ തലസ്ഥാനത്ത് രാമന്റെ ധർമനഗരി രാഷ്ട്രീയം വെച്ച് വലിയ അധികാര ഗെയിം ബി.ജെ.പി കളിക്കുന്നത്. ഏതായാലും 90- കളുടെ തുടക്കത്തിൽ രാജ്യം ഞെട്ടിച്ച ബാബറി മസ്ജിദിന്റെ തകർച്ചയിൽ നിന്ന് രാമക്ഷേത്രത്തിന്റെ അരിയിട്ട് വാഴിയ്ക്കലിന് സ്വഭാവികത വരുത്താൻ ബി.ജെ.പി. ഇത്രകാലം കൊണ്ട് നടത്തിയ നീക്കത്തിൽ അവർ വിജയിച്ചു. 

2016 - 17 സമയത്ത് യു.പിയിൽ മുലായംസിങ് യാദവ് നടത്തിയ രസകരമായ ഒരു പ്രസംഗം ഓർമ വരികയാണ്. രാമൻ എങ്ങനെ രാജ്യത്തെ ഹിന്ദുക്കളുടെ പൊതുവികാരമാകും എന്നായിരുന്നു മുലായത്തിന്റെ ചോദ്യം. അതിലൊരു യുക്തിയില്ലായ്മയുണ്ടെന്നും രാമനേക്കാൾ രാജ്യമെമ്പാടും ആരാധിക്കപ്പെടുന്ന ദൈവം കൃഷ്ണനല്ലേ, കൃഷ്ണന് എന്തുകൊണ്ട് ഈ പദവി വന്നില്ല എന്നാണ് മുലായം ചോദിച്ചത്.
നോർത്ത് ഇന്ത്യയിലെ ഒരു വിഭാഗത്തിന്റെ ആരാധ്യപുരുഷനായ രാമനെങ്ങനെ ഹിന്ദുക്കളുടെ ദേശീയ പൊതുവികാരമായി? കൃഷ്ണനെന്ന ഭൂരിപക്ഷത്തിന്റെ ഇഷ്ടദൈവത്തേക്കാൾ പ്രസക്തി എന്തുകൊണ്ട് രാമന് കൈവന്നു? അതിലെ ജാതി മേൽക്കോയ്മയെന്താണ്- പരിഹാസരൂപേണ മുലായംസിങ് ഒരു വേദിയിൽ ചോദിച്ചതാണിത്. മുലായവും ലാലുവുമെല്ലാം എന്തെല്ലാം ആരോപണം നേരിട്ടാലും ഇത്തരം നിലപാടുകളിലെ ധീരതയ്ക്ക് പേരുകേട്ടവരാണ്. കർസേവകരുടെ രഥയാത്ര രാജ്യത്ത് തടഞ്ഞത് രണ്ടേ രണ്ട് സോഷ്യലിസ്റ്റ് നേതാക്കളാണ് എന്നത് ചരിത്രം. മുലായവും ലാലുവും. ജനതാദളും മറ്റ് സോഷ്യലിസ്റ്റ് ചേരികളും അത് മറന്നു. കോൺഗ്രസ് പുലർത്തിയ മൗനാനുവാദങ്ങളുടെ കാപട്യം ഓർക്കേണ്ട സാഹചര്യമുണ്ടാകുന്നതും അതുകൊണ്ടാണ്.

ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ്‌ ലാല്‍കൃഷ്ണ അഡ്വാനിയുടെ നേത്വത്തില്‍ സംഘടിപ്പിച്ച രഥയാത്രയില്‍ നിന്ന് ( 1990 സെപ്റ്റംബര്‍ 15ന് )
ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ്‌ ലാല്‍കൃഷ്ണ അഡ്വാനിയുടെ നേത്വത്തില്‍ സംഘടിപ്പിച്ച രഥയാത്രയില്‍ നിന്ന് ( 1990 സെപ്റ്റംബര്‍ 15ന് )

 ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതായാലും രാമക്ഷേത്ര പ്രവേശനത്തിനുശേഷം അധികം വൈകാതെയെത്തും. ഭൂരിപക്ഷ വികാരം തൃപ്തിപ്പെടുത്തി, ദില്ലിയിലേക്കുള്ള അടുത്ത അധികാരയാത്രയ്ക്ക് പടിപ്പൂജ അയോധ്യയിൽ തുടങ്ങും ഇതിലൂടെ. പൗരത്വഭേദഗതി നടപ്പാക്കുമെന്നും അതിനി വൈകില്ലെന്നും അമിത് ഷാ പ്രഖ്യാപിച്ചിട്ടുമുണ്ട്. വരാനിരിക്കുന്നത് മതേതരത്വത്തിന് ഒട്ടും സുഖകരമല്ലാത്ത നാളുകളാണ് എന്നതിന് ഇതിൽപ്പരം ഒരു തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഏതായാലും രാജ്യം മുന്നോട്ടല്ല, സാമൂഹികമായി പുറകോട്ടും വിശ്വാസപരമായി പുരാതന നൂറ്റാണ്ടിലേക്കുമാണ് നീങ്ങുന്നത്, അതിന്റെ പതാകവാഹകരമായി ഉള്ള വില കൂടി കളഞ്ഞ്, കുറിയും തൊട്ട് ചരടും കെട്ടി രാഹുലും പ്രിയങ്കയും സംഘവും കൂടി ഒപ്പം നിൽക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ പ്രതാപ് ഭാനു മേത്തയുടെ ഭാഷയില് പറഞ്ഞാൽ - രാജ്യത്തെ ഏറ്റവും ശക്തമായ ഹിന്ദൂയിസ്റ്റ് കോളനൈസേഷൻ ടാക്റ്റീസാണ് രാമക്ഷേത്രവികാരം വഴി സംഘപരിവാർ ചെയ്തെടുക്കുന്നത്. എന്നിട്ടും കോൺഗ്രസ് അടക്കം ഇതെല്ലാം നിസ്സാരവത്ക്കരിക്കുകയും മൃദുഹിന്ദുത്വം ഗുണം ചെയ്യുമെന്ന് സ്വപ്നം കാണുകയുമാണ്. 

അയോധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തില്‍ നടത്തിയ പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
അയോധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തില്‍ നടത്തിയ പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

പലയിടത്തായി ഈ ശൈലി പ്രയോഗിച്ചുനോക്കിയ കോൺഗ്രസിന് അവരുടെ സംസ്ഥാനങ്ങളിലോ മണ്ഡലങ്ങളിലോ അതുവഴി പാർട്ടിയെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞുവോ എന്നാലോചിച്ചാൽ മതി ഉത്തരം കിട്ടും. കമൽനാഥ് അടക്കമുള്ള പല നേതാക്കൾക്കും സംസ്ഥാനങ്ങൾക്കും എന്നിട്ട് എന്ത് നേട്ടം അതുവഴി കോൺഗ്രസിന് ചെയ്തുകൊടുക്കാൻ കഴിഞ്ഞുവെന്നതും അവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയവും സമകാലിക യാഥാർത്ഥ്യമാണ്. ഹിന്ദുത്വ പൊതുബോധത്തിനൊപ്പം നിന്നില്ലെങ്കിൽ നിലനിൽപ്പ് കൂടുതൽ അപകടമാകുമെന്ന ആശങ്ക അവർ അവതരിപ്പിക്കുന്നു. രാഷ്ട്രീയ തന്ത്രമെന്ന തരത്തിൽ അതിനെ ഉൾക്കൊണ്ടാൽ പോലും മറ്റൊരു സത്യം മുഴച്ചുനിൽക്കുന്നു. അത് ഒരു വലിയ  പ്രസ്ഥാനം രാജ്യത്തെ മതേതര ചരിത്രത്തോട് ചെയ്യുന്ന അനീതിയാണത്. കാരണം, ഇരുതോണിയിൽ കാലിട്ടവരൊന്നും മറുകര കണ്ട ചരിത്രമില്ല, ചരിത്രത്തിൽ. അതിൽ വീണാൽ വലിയ കയത്തിലേക്ക് പതിക്കാം എന്നത് മാത്രമാണ് സാധ്യത. മറ്റെന്താണ് അവർക്ക് അവശേഷിപ്പിക്കുക?

Comments