പട്ടിണി മാറ്റാനുള്ള കോർപ്പറേറ്റ് കെണിയും അദാനിപ്പുരയിലെ ഇന്ത്യൻ ഭക്ഷണവും

പട്ടിണി തുടച്ചുനീക്കാൻ നാളിതുവരെ മുതലാളിത്തം മുൻപോട്ടുവെച്ചിട്ടുള്ള വഴികളെല്ലാം ആത്യന്തികമായി കോർപ്പറേറ്റുകളുടെ മൂലധന വളർച്ചയെ മാത്രമേ സഹായിച്ചിട്ടുള്ളു എന്നത് നമ്മുടെ അനുഭവമാണ്. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയെന്ന വ്യാജേന തങ്ങളുടെ സ്വകാര്യ/ലാഭാധിഷ്ഠിത അജണ്ടകൾ ഭരണകൂട നയ പിന്തുണയോടെ പൊതു അജണ്ടയായി മാറ്റാനുള്ള ശ്രമങ്ങളാണ് കോർപ്പറേറ്റുകൾ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’ പരമ്പര തുടരുന്നു

""2050-ൽ നിന്ന് ഏകദേശം 10,000 ദിവസങ്ങൾ അകലെയാണ് നമ്മൾ. ഈ കാലയളവിൽ, ഏകദേശം 25 ട്രില്യൺ യുഎസ് ഡോളർ നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കപ്പെടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 2050-ഓടെ, പ്രവചിക്കുന്നതുപോലെ രാജ്യം 30-ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുകയാണെങ്കിൽ, എല്ലാത്തരം ദാരിദ്ര്യവും നമുക്ക് തുടച്ചുനീക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' ഈ ഏപ്രിലിൽ ടൈംസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച "ഇന്ത്യ ഇക്കണോമിക് കോൺക്ലേവി'ൽ വെച്ച് ഗൗതം അദാനി പറഞ്ഞ വാക്കുകളാണിത്. പട്ടിണി തുടച്ചുനീക്കാൻ നാളിതുവരെ മുതലാളിത്തം മുൻപോട്ടുവെച്ചിട്ടുള്ള വഴികളെല്ലാം ആത്യന്തികമായി കോർപ്പറേറ്റുകളുടെ മൂലധന വളർച്ചയെ മാത്രമേ സഹായിച്ചിട്ടുള്ളു എന്നത് നമ്മുടെ അനുഭവമാണ്. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയെന്ന വ്യാജേന തങ്ങളുടെ സ്വകാര്യ/ലാഭാധിഷ്ഠിത അജണ്ടകൾ ഭരണകൂട നയ പിന്തുണയോടെ പൊതു അജണ്ടയായി മാറ്റാനുള്ള ശ്രമങ്ങളാണ് കോർപ്പറേറ്റുകൾ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്.

ഫലം വരുമാനത്തിന്റെ കേന്ദ്രീകരണം സർക്കാർ ഖജനാവിൽ നിന്നും സ്വകാര്യ കോർപ്പറേറ്റ് അക്കൗണ്ടുകളിലേക്ക് അതിവേഗം കൈമാറ്റം ചെയ്യപ്പെട്ടു എന്നതാണ്. മറ്റു സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ സ്വകാര്യ കോർപ്പറേറ്റ് മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഇതിൽത്തന്നെ കോർപ്പറേറ്റ് ലാഭത്തിന്റെ 65%വും ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന പത്തോ പതിനഞ്ചോ കമ്പനികളുടെ കൈകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതായി കാണാം. വിവിധ വ്യാപാര മേഖലകളിൽ ഇത്തരത്തിലുള്ള വിരലിലെണ്ണാവുന്ന വൻകിട കമ്പനികൾക്ക് സമഗ്രാധിപത്യം സ്ഥാപിക്കാനും, തങ്ങളുടെ വരുമാനത്തെ/ലാഭവിഹിതത്തെ അവർക്കിടയിൽത്തന്നെ പുനർവിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇതിന് ഏറ്റവും അനുകൂലമായ സാമ്പത്തിക നയങ്ങൾ മുൻപോട്ടുവെച്ചുകൊണ്ട് ഭരണകൂടങ്ങൾ കൂടി കൈകോർക്കുമ്പോൾ കാര്യങ്ങൾ സുഗമമാകുന്നു. അദാനിയെന്ന പുത്തൻകൂറ്റ് കോർപ്പറേറ്റിന്റെ അതിദ്രുത വളർച്ചയിൽ കഴിഞ്ഞ ഏഴ് വർഷക്കാലയളവിൽ മോദി നൽകിയ/നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ ചെറിയൊരു ചിത്രം മുൻ കുറിപ്പുകളിലൂടെ ലഭിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും അടിസ്ഥാനമാക്കി പട്ടിണി, ദാരിദ്ര്യം തുടങ്ങിയ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ലളിതമെന്നു തോന്നിയേക്കാവുന്ന വഴികൾ മുതലാളിത്തം എക്കാലത്തും മുൻപോട്ടുവെച്ചുപോരുന്നുണ്ട്. അതിൽ പ്രധാനം കാർഷിക മേഖലയുടെ "സമഗ്രമായ പരിവർത്തനങ്ങൾക്ക്' ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾ ആണ്. കാർഷിക മേഖലയുടെ സാങ്കേതികവൽക്കരണം എന്ന ഒരൊറ്റ പോംവഴിയിലൂടെ മാത്രം നേടിയെടുക്കാവുന്ന ഒന്നായാണ് അവ അവതരിപ്പിക്കപ്പെടാറുള്ളത്. അതാകട്ടെ കാർഷിക വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ട് "മുതലാളിത്ത മിച്ചമൂല്യ വിപ്ലവങ്ങൾ' ആയി വിള കൊയ്യുകയും ചെയ്യുന്നു. ലോകത്തെവിടെയുമുള്ള വമ്പൻ അഗ്രിബിസിനസ് കോർപ്പറേറ്റുകളുടെയെല്ലാം വളർച്ച ഈവിധം കാർഷിക വൃത്തിയെയും, കർഷകരെയും, കൃഷിഭൂമിയെയും അന്യവൽക്കരിക്കുന്ന "ആധുനികാശയങ്ങളുടെ' പൂർത്തീകരണത്തിലൂടെ സാധ്യമാക്കിയതാണ്.

ആഗോളീകരണ - ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തിൽ വൻവർദ്ധനവ് ഉണ്ടാക്കിയെങ്കിലും (പ്രതിശീർഷ വരുമാനം കണക്കുകൂട്ടുന്നതിന്റെ രീതിശാസ്ത്രം കൂടി മനസ്സിലാക്കുന്നത് നന്ന്) ഇന്ത്യൻ തൊഴിൽ മേഖലയുടെ പകുതിയിലധികം വരുന്ന കർഷക - കർഷകത്തൊഴിലാളികളുടെ "വാങ്ങൽശേഷി' ഇടിഞ്ഞുവരികയും ചെയ്യുന്ന തരത്തിലുള്ള വിരോധാഭാസങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ശൈശവത്തിൽ, മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ അറുപത് ശതമാനത്തോളം സംഭാവന ചെയ്തിരുന്ന കാർഷിക മേഖല ഇന്ന് 14%ത്തിനും 12%ത്തിനും ഇടയിലേക്ക് ചുരുങ്ങിപ്പോയത് നമ്മുടെ നയരൂപീകരണങ്ങളിലെയും ആസൂത്രണങ്ങളിലെയും പിഴവുകൾകൊണ്ടാണ് എന്നത് വസ്തുതയാണ്.

കാർഷികവൃത്തി ലാഭകരമല്ലാത്ത ഏർപ്പാടായതിനും, ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമായി പ്രത്യേക വകുപ്പുകളും മിഷനുകളും രൂപീകരിക്കേണ്ടി വന്നതിനും പിന്നിലെ ആസൂത്രണ പിഴവുകൾക്കു നാളിതുവരെയുള്ള മുഴുവൻ സർക്കാരുകളും ഉത്തരവാദികളാണ് എന്ന് പറയേണ്ടതുണ്ട്. കാർഷിക ഗവേഷണങ്ങളും, പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രയോഗവൽക്കരണവും കാർഷിക മേഖലയ്ക്ക് ആവശ്യമാണെന്നതിൽ തർക്കമില്ല. എന്നിരിക്കിലും ഉയർന്ന സാങ്കേതിക സഹായവും, മുതൽമുടക്കും ആവശ്യമുള്ള ഈ പരിഷ്‌കരണങ്ങൾ പൊതു ഉടമസ്ഥതയിൽ ആരംഭിക്കുന്നതിന് പകരം സ്വകാര്യ-ബഹുരാഷ്ട്ര കമ്പനികളുടെ സഹായമില്ലാതെ ഭരണകൂടങ്ങൾക്ക് മുൻപോട്ടു കൊണ്ടുപോവാൻ സാധിക്കില്ലെന്ന അവസ്ഥ സൃഷ്ടിക്കുകയും അതിനനുസൃതമായ രീതിയിലുള്ള നയരൂപീകരണങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് കാർഷികോത്പന്നങ്ങളുടെയോ, വിത്തിന്റെയോ, കൃഷിയിടത്തിന്റെയോ, കാർഷിക രീതിയുടെയോ മേലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ക്രമേണ അവരുടെ ആധിപത്യം ഉറപ്പിക്കാനും ഇടയാക്കുന്നു.

കേന്ദ്രസർക്കാർ കൊണ്ട് വന്ന കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ

കൃഷിഭൂമിയിൽ കമ്പനിരാജിന് പരവതാനി വിരിക്കുന്ന കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യൻ കർഷകർ ഒന്നാകെ സംഘടിതരായി തെരുവിലിറങ്ങിയത് ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ്. സർക്കാർ നിയന്ത്രിത കർഷക കമ്പോളങ്ങളെ പൂർണ്ണമായും തകർക്കുകയും കാർഷിക മേഖലയെ വൻകിട കോൺട്രാക്ട് ഫാമിംഗ് കമ്പനികളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യാൻ സാധിക്കുന്ന കാർഷിക നിയമഭേദഗതി തങ്ങളുടെ നിലനിൽപ്പിനെ തന്നെ അപകടപ്പെടുത്തുമെന്നു കർഷകർക്കു തിരിച്ചറിയാൻ മുൻ മാതൃകകൾ തന്നെ ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് സർക്കാരിന്റെ ജനാധിപത്യ/കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ എന്നതിനപ്പുറം, ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ശക്തികളായ അദാനി-അംബാനി കൂട്ടുകെട്ടുകൾക്കെതിരെയുള്ള സമരമായി കർഷകർ തങ്ങളുടെ പ്രതിഷേധ സമരം വ്യാപിപ്പിച്ചത്.

കാർഷിക നിയമങ്ങളുടെ ഭേദഗതികൾ അവതരിപ്പിക്കുന്നതിനു മുൻപായി തന്നെ കോർപ്പറേറ്റുകൾക്കു അഗ്രി ബിസിനസ്സ് രംഗത്ത് ചുവടുറപ്പിക്കാനുള്ള നിലമൊരുക്കാൻ മോദി സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാവുന്നതാണ്. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമി കൈവശമുള്ള 86% കർഷകരും, 10 ഹെക്ടറിന് മുകളിൽ കൃഷിഭൂമിയുള്ളവർ 1%വും മാത്രമുള്ള ഇന്ത്യയിലെ, നിലനിൽക്കുന്ന ഭൂവുടമസ്ഥ സാഹചര്യങ്ങളും, കാർഷിക ഉല്പാദന രീതികളും, വിപണന സംവിധാനങ്ങളും തങ്ങൾക്കു അനുകൂലമായ വിധം പുനർനിർമിച്ചുകൊണ്ട് മാത്രമേ അഗ്രി ബിസിനസ്സ് കമ്പനികൾക്ക് വലിയ കാർഷിക ഫാമുകളും, ഉല്പാദന-സംഭരണ-വിപണന-വിതരണ ശൃംഖലകളും സ്ഥാപിക്കാൻ കഴിയൂ. വിപണിയിൽ ഏറ്റവും ഡിമാൻഡ് ഉള്ള കാർഷികോല്പന്നങ്ങൾ വൻതോതിൽ സംഭരിക്കുന്നതിന് അഗ്രിബിസിനസ്സ് കമ്പനികൾക്ക് കർഷകരുമായി നേരിട്ട് തന്നെ വ്യാപാര കരാറിൽ ഏർപ്പെടുന്നത് സഹായിക്കും. ഇതിനു സഹായകമാവുന്ന വിധം ഒരു മോഡൽ കോൺട്രാക്ട് ഫാർമിംഗിന്റെ കരട് (The State / Union Territory Agricultural Produce and Livestock Contract Farming (Promotion and Facilitation) Act, 2018) Act,2018 )2017-18 ബഡ്ജറ്റിൽ തന്നെ കേന്ദ്ര കൃഷി മന്ത്രാലയം അവതരിപ്പിച്ചിരുന്നു. ഇത് നിയമമാക്കി മാറ്റാനാണ് 2020-ലെ കാർഷിക ബില്ലിലൂടെ മോദി സർക്കാർ ശ്രമിച്ചത്. ഭക്ഷ്യോത്പന്നങ്ങളുടെ വൻതോതിലുള്ള സംഭരണത്തിനുള്ള പരിമിതികളാണ് കാർഷിക മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. ഇത് പരിഹരിക്കാനായി വലിയ ഭക്ഷ്യോത്പന്ന സംഭരണ സംവിധാനങ്ങൾ നിർമിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുകയാണ് സർക്കാർ ചെയ്തത്. അതിനായി ഈ മേഖലയിൽ നികുതി ഇളവുകളും, സൗജന്യങ്ങളും ധാരാളമായി അനുവദിക്കപ്പെട്ടു.

ഭക്ഷ്യ-കാർഷിക അധിഷ്ഠിത സംസ്‌കരണ യൂണിറ്റുകൾക്കും കോൾഡ് സ്റ്റോറേജ് (ശീതീകരണ സംഭരണികൾ) ചെയിനുകൾക്കുമുള്ള വായ്പകൾ കാർഷിക പ്രവർത്തനങ്ങളുടെ കീഴിൽ വരുന്ന മുൻഗണനാ വിഭാഗത്തിലെ വായ്പകൾ ആയി മാറ്റപ്പെട്ടു. ആധുനിക കാർഷികോൽപ്പന്ന സംഭരണ ശാലകളുടെ നിർമ്മാണത്തിനായി സ്വകാര്യ നിക്ഷേപം വലിയ തോതിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഈ മേഖലയിൽ എല്ലാം 100% വിദേശ നിക്ഷേപം അനുവദിക്കുകയുമുണ്ടായി. സ്വാഭാവികമായും ഇവയുടെയെല്ലാം വിതരണ സൗകര്യങ്ങൾക്കായി റോഡ്-റെയിൽ-തുറമുഖ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി വലിയ മുതൽമുടക്കുകൾ ഇറക്കാൻ സന്നദ്ധമായി നിലവിൽ ഈ മേഖലയിൽ സമഗ്രാധിപത്യം സ്ഥാപിച്ചിട്ടുള്ള കോർപ്പറേറ്റ് കമ്പനികൾ തയ്യാറായി വരുകയും ചെയ്തു. ഈ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് അദാനി ഗ്രൂപ്പ് കാർഷിക വ്യവസായ മേഖലയിലേക്ക് കൂടി തങ്ങളുടെ അധികാരങ്ങൾ ഉറപ്പിക്കുവാൻ ദ്രുതഗതിയിലുള്ള ശ്രമങ്ങൾ വ്യാപിപ്പിക്കുന്നത് എന്ന് കാണാം.

അദാനിപ്പുരയിലെ ഇന്ത്യൻ ഭക്ഷണം

1980- കളിൽ ഗുജറാത്തിൽ ചരക്ക് വ്യാപാര ബിസിനസ്സിൽ നിന്ന് തുടങ്ങി അദാനി തന്റെ സംരംഭകത്വ യാത്ര കൽക്കരി, ഷിപ്പിംഗ്, എയർപോർട്ട്, വൈദ്യുതി-ഗ്യാസ് വിതരണം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചതിനും, 2022 സെപ്തംബർ ആകുമ്പോഴേക്കും ലോകത്തിലെ തന്നെ രണ്ടാമത്തെ സമ്പന്നനെന്ന നിലയിലേക്ക് ഗൗതം അദാനി മാറിയതും ഭരണകൂടത്തിന്റെ നിർലോഭമായ പിന്തുണയോട് കൂടിയാണെന്നു സുവ്യക്തമാണ്. ദേശീയ സാമ്പത്തിക പ്രാധാന്യമുള്ള ആസ്തികൾ തന്നിലേക്ക് സ്വരുക്കൂട്ടിക്കൊണ്ടുള്ള "രാഷ്ട്ര നിർമ്മാണം' എന്ന അദാനിയുടെ കാഴ്ചപ്പാടിനെ സന്നിവേശിപ്പിച്ചുകൊണ്ട് തന്നെ കോർപ്പറേറ്റ് വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും, ഉല്പാദന ക്ഷമതയുടെയും തടസ്സങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന നയങ്ങളായിരുന്നു മോദി സർക്കാർ കൈക്കൊണ്ടുപോന്നത്. ഏറ്റവും ഒടുവിലായി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പോലും നിരാകരിച്ചുകൊണ്ട് മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾ, യഥാർത്ഥത്തിൽ ആരുടെ വികസനമായിരുന്നു ലക്ഷ്യം വെച്ചിരുന്നത് എന്ന ചോദ്യത്തിനുത്തരവും ഈ ചങ്ങാത്ത മുതലാളിത്തത്തിന്റെ കണ്ണികളിലേക്ക് ചെന്നെത്തുന്നത് കാണാം.

ഏഷ്യയിലെ സുപ്രധാന ബിസിനസ് ഗ്രൂപ്പ് ആയ സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിൽമർ ഇന്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ച് 1999ൽ അദാനി ഗ്രൂപ്പ് ആരംഭിച്ച ഭക്ഷ്യവ്യാപാര ബിസിനസ് സംരംഭത്തിലൂടെയാണ് (അദാനി-വിൽമർ ലിമിറ്റഡ്-AWL) കോർപ്പറേറ്റ് അഗ്രി ബിസിനസ് മേഖലയിലേക്ക് അദാനി ചുവടുവെച്ചത്. Adani Wilmar Limited (AWL), Adani Agri Logistics Limited (AALL), Adani Agri Fresh Limited (AAFL) എന്നിവയിലൂടെ ഭക്ഷ്യ സംഭരണ-വിതരണ രംഗത്തും അതികായന്മാരായി അദാനി ഗ്രൂപ്പ് ഇക്കാലയളവിൽ വളർന്നിട്ടുണ്ട്. 2018 -ൽ അദാനി ഗ്രൂപ്പിന്റെ അഗ്രി ബിസിനസ്സിന്റെ വാർഷിക വിറ്റുവരവ് ഏകദേശം 20,000 കോടി രൂപയായിരുന്നു.

1999 -ൽ ആരംഭിച്ചുവെങ്കിലും അദാനി-വിൽമർ ലിമിറ്റഡ് (Adani-Wilmar Ltd.) കാർഷിക ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് വൻതോതിൽ നിക്ഷേപം നടത്താൻ ആരംഭിച്ചത് 2015ന് ശേഷമായിരുന്നു. ഇന്ത്യയിലെമ്പാടും നാൽപ്പതോളം യൂണിറ്റുകൾ അദാനി-വിൽമറിന്റേതായി ഇന്നുണ്ട്. ഇതിന്റെ പ്രതിദിന സംസ്‌കരണ ശേഷി 16000 ടണ്ണോളം വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭക്ഷ്യ എണ്ണയുടെയും, ധാന്യപ്പൊടികൾ, പയറുവർഗ്ഗങ്ങൾ എന്നിവയുടെയും വ്യാപാരത്തിൽ അദാനി-വിൽമർ ലിമിറ്റഡ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റുവരവ് ലഭിക്കുന്ന കമ്പനിയായി മാറിയിരിക്കുകയാണ്. കൺസ്യൂമർ ഗുഡ്‌സ് ഓഫറുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന ഭക്ഷ്യ വസ്തുക്കളുടെയും വിതരണ കമ്പനികളുടെയും ബ്രാൻഡുകൾ ഏറ്റെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ അദാനി -വിൽമർ ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷം തുടക്കത്തിൽ തന്നെ അദാനിയുടെ ഭക്ഷ്യോത്പന്ന ബിസിനസ് കമ്പനികളുടെ ഓഹരികൾ മൂന്നിരട്ടിയിലധികം വർധിച്ചതായി കമ്പനി അധികൃതർ അവകാശപ്പെടുന്നുണ്ട്. യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) കണക്കനുസരിച്ച്, അദാനി ഗ്രൂപ്പും അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും 400 ബില്യൺ ഡോളർ മൂല്യമുള്ള ഭക്ഷ്യോത്പാദന വ്യവസായത്തിൽ നല്ലൊരു പങ്കും പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് സൂചന നല്കുന്നുണ്ട്. അദാനി-വിൽമർ അടുത്തിടെ McCormick സ്വിറ്റ്സർലൻഡിൽ നിന്ന് കോഹിനൂർ പാചക ബ്രാൻഡ് ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ സ്വന്തമാക്കിയിരുന്നു.

അദാനി-വിൽമർ ലിമിറ്റഡ് കമ്പനി / Photo : adaniwilmar.com

ഇന്ത്യയിൽ കോഹിനൂരിന്റെ ബസുമതി അരി, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് കറികൾ, ഭക്ഷണം എന്നിവയുടെ വ്യാപാരത്തിനുള്ള പ്രത്യേക അവകാശം ഇതുവഴി അദാനി വിൽമറിന് ലഭിച്ചു. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖല അതിവേഗം വളരുന്നു, ലാഭകരവും ആയി മുൻപോട്ടു പോവുന്നത് കൊണ്ട് തന്നെ ഈ മേഖലയിലെ കോർപ്പറേറ്റ് നിക്ഷേപങ്ങളും വർദ്ധിക്കുന്നുണ്ട് എന്ന് കാണാം. Online വ്യാപാരം വഴി ഈ അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ ഭക്ഷ്യ വ്യവസായം വിപുലീകരിക്കാൻ തയ്യാറെടുക്കുന്നത്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ സേവന ദാതാക്കളുടെ പ്രവർത്തനം വ്യാപകമാക്കപ്പെട്ടതോടെ രാജ്യത്തെ ഭക്ഷണ വിതരണ വ്യവസായം വൻതോതിലുള്ള വളർച്ച നേടിയെടുത്തുകഴിഞ്ഞു.

കാർഷിക മേഖലയിൽ വമ്പിച്ച പരിവർത്തനം ഉദ്ദേശിച്ചുകൊണ്ടുള്ള നിയമ ഭേദഗതികൾ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന അതേ കാലയളവിൽ തങ്ങളുടെ വ്യവസായ സാമ്രാജ്യം കാർഷിക മേഖലയിൽ വിപുലമാക്കാനുള്ള നടപടി അദാനി ഗ്രൂപ്പ് ആരംഭിച്ചിരുന്നതായി കാണാം. 2007ൽ ആരംഭിച്ച, അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (Adani Agri Logistics Limited- AALL), വിവിധ സംസ്ഥാനങ്ങളിലായി പത്തോളം കമ്പനികളാണ് അടുത്ത കാലങ്ങളിൽ റജിസ്റ്റർ ചെയ്തത്.

Adani Agri Logistics Limited / Photo : adaniagrilogistics

ഭക്ഷ്യ ധാന്യ സംഭരണത്തിനും വിതരണത്തിനും രാജ്യത്താകമാനം വൻതോതിൽ സംഭരണ കേന്ദ്രങ്ങളുടെ നിർമാണം നേരത്തെ ഈ കമ്പനികൾ ആരംഭിച്ചിരുന്നു. അവശ്യ സാധന നിയമം (എസ്സൻഷ്യൽ കമ്മോഡിറ്റീസ് ആക്ട്) ഭേദഗതി ചെയ്ത് ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണത്തിലെ സർക്കാർ കുത്തക അവസാനിപ്പിക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നയപരമായ തീരുമാനം നേരത്തെ മനസ്സിലാക്കിക്കൊണ്ടുള്ള വ്യവസായ വിപുലീകരണമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഇതിലൂടെ വ്യക്തമാണ്

(തുടരും)

Comments