കർഷകർ വിതയ്ക്കും സർക്കാർ വളമിടും അദാനി കൊയ്യും

തദ്ദേശവാസികൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയെന്ന വ്യാജേന വിവിധ സംസ്ഥാനങ്ങളിൽ പൊതുഭൂമി ചുളുവിലയ്ക്ക് അനായാസം നേടിയെടുക്കാൻ അദാനിക്ക് സാധിച്ചു. ഒരൊറ്റ ഉദാഹരണം മാത്രം നോക്കുക. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിൽ ഇസ്രാനാ താലൂക്കിൽ 90015 ചതുരശ്ര മീറ്റർ ഭൂമി (ഏകദേശം 23 ഏക്കർ) അദാനിയുടെ ഭക്ഷ്യസംഭരണ കേന്ദ്ര നിർമ്മാണത്തിനായ് സർക്കാർ അനുവദിച്ചു. ഇതിന് കൺവേർഷൻ ചാർജ്ജ് എന്ന നിലയിൽ അദാനിയിൽ നിന്നും വാങ്ങിയത് കേവലം 27,00,469 രൂപയായിരുന്നു. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’ പരമ്പര തുടരുന്നു

ഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കാർഷിക മേഖലയിൽ വൻതോതിലുള്ള പശ്ചാത്തല സൗകര്യ നിർമ്മാണം അദാനി ആഗ്രോ ലോജിസ്റ്റിക്സിന്റെയും അദാനി - വിൽമാറിന്റെയും ഉടമസ്ഥതയിൽ നടന്നുവരുന്നുണ്ട്. ഹരിയാനയിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കുവേണ്ടി ആധുനിക സംഭരണ കേന്ദ്രങ്ങൾ (Silos) നിർമിക്കുവാനുള്ള കരാർ നേടിയെടുക്കാനും അതിന് ഭൂവിനിയോഗ നിയമം മറികടന്ന് അനുമതി നേടിയെടുക്കാനും അദാനിക്ക് സാധിച്ചു. ഇരുപതു വർഷത്തേക്കുള്ള കരാറാണ് അദാനി ഗ്രൂപ്പ് എഫ്‌സിഐയുമായി ഉണ്ടാക്കിയിരിക്കുന്നത്. 700 കോടി രൂപ മുടക്കി നിർമിച്ച ഈ സംഭരണ കേന്ദ്രം പോലുള്ള, കൂടുതൽ സിലോസുകൾ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്നതിനും അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. എഫ്‌സിഐ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന സൈലോകൾ ഇന്ത്യയുടെ ഭക്ഷ്യ ധാന്യ സംഭരണ മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ഉദ്ദേശിച്ചുതന്നെ നടപ്പിലാക്കിയ ഒന്നാണ്. 2.975 ദശലക്ഷം മെട്രിക് ടൺ ശേഷിയുള്ള സിലോസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കാനും, അതിൽ മൊത്തം സംഭരണ ശേഷിയുടെയോ/പ്രദേശത്തിന്റെയോ(249 ലൊക്കേഷൻസ് ) 15% വരെ കമ്പനികൾക്ക് ഏറ്റെടുക്കാനുമുള്ള കരാർ നിർദ്ദേശങ്ങൾ ആണ് ഉണ്ടായിരുന്നത്. പക്ഷെ മുൻപുണ്ടായിരുന്ന നിർദേശങ്ങളിൽ നിന്ന് വ്യതിചലിച്ചു, ഒരു കമ്പനിക്ക് എത്ര പ്രൊജക്ടുകൾ വേണമെങ്കിലും ഏറ്റെടുക്കാം എന്ന വ്യവസ്ഥയിലേക്കു എഫ്‌സിഐ മാറിയത് സ്വാഭാവികമായും അദാനി ഗ്രൂപ്പ് പോലുള്ള കമ്പനികൾക്ക് ഭക്ഷ്യ സംഭരണമേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ സഹായകമായ സാഹചര്യങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും എന്ന് വ്യക്തമാണ്.

നിലവിൽ പഞ്ചാബ് ഹരിയാന തമിഴ്‌നാട് കർണാടക മഹാരാഷ്ട്ര പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 5,75,000 മെട്രിക് ടൺ ധാന്യ സംഭരണവും, മധ്യ പ്രദേശ് സർക്കാരിന് വേണ്ടി 3,00,000 മെട്രിക് ടൺ ധാന്യ ശേഖരവും കൈകാര്യം ചെയ്യുന്നത് അദാനി അഗ്രി ലോജിസ്റ്റിക്സ് ആണ്. ഇത് കൂടാതെ ബീഹാർ, യു.പി., ഗുജറാത്ത് എന്നിവിടങ്ങളിലായി 4,00,000 മെട്രിക് ടൺ ധാന്യ ശേഖരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഭരണകേന്ദ്രങ്ങളുടെ നിർമ്മാണ ആലോചനകളും സജീവമായി നടക്കുന്നുണ്ട്.

തദ്ദേശവാസികൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയെന്ന വ്യാജേന വിവിധ സംസ്ഥാനങ്ങളിൽ പൊതുഭൂമി ചുളുവിലയ്ക്ക് അനായാസം നേടിയെടുക്കാൻ അദാനിക്ക് സാധിച്ചു. ഒരൊറ്റ ഉദാഹരണം മാത്രം നോക്കുക. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിൽ ഇസ്രാനാ താലൂക്കിൽ 90015 ചതുരശ്ര മീറ്റർ ഭൂമി (ഏകദേശം 23 ഏക്കർ) അദാനിയുടെ ഭക്ഷ്യസംഭരണ കേന്ദ്ര നിർമ്മാണത്തിനായ് സർക്കാർ അനുവദിച്ചു. ഇതിന് കൺവേർഷൻ ചാർജ്ജ് എന്ന നിലയിൽ അദാനിയിൽ നിന്നും വാങ്ങിയത് കേവലം 27,00,469 രൂപയായിരുന്നു. അതായത് ഒരേക്കർ ഭൂമിക്ക് ഏകദേശം 1,22,000 രൂപ! രാജ്യം മുഴുവൻ കോവിഡ് മഹാമാരിയുടെ പേരിൽ അടച്ചുപൂട്ടപ്പെട്ട നാളുകളിലാണ് (2020 മെയ് മാസം) ഈ ഇഷ്ടദാനം നടന്നത്. ഇതേ വർഷം സെപ്തംബറിൽ കർഷക മാരണ ബിൽ ലോകസഭയിൽ അവതരിപ്പിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ ഇടപാട് വ്യക്തമാക്കുന്നത് വരാനിരിക്കുന്ന കാർഷിക ഭേദഗതി നിയമങ്ങളെ സംബന്ധിച്ച് അദാനി ഗ്രൂപ്പിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നുവെന്ന് തന്നെയാണ്.

കർഷക പ്രക്ഷോഭത്തിനിടെ മരിച്ച ഗുർഭജൻ സിങ്ങ് എന്ന കർഷകൻ

ബി.ജെ.പി സർക്കാരിന്റെ സഹായത്തോടെ കാർഷിക മേഖലയിൽ വരുത്താനിരുന്ന നയപരിഷ്‌കാരങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ കമ്പനി ഒരുങ്ങുകയാണെന്ന് ലൈവ്മിന്റ് 2015ൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അദാനിയുടെ കാർഷിക ബിസിനസുകളും രാജ്യത്തെ പശ്ചാത്തല സൗകര്യ വികസനവും തമ്മിൽ വ്യക്തമായ ബന്ധമുണ്ട് എന്ന് കാണാവുന്നതാണ്. കാർഷിക പശ്ചാത്തല സൗകര്യങ്ങൾ (Agri Infrastructure Space) ഭാവിയിൽ പ്രസക്തമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് വിവിധ സംസ്ഥാനങ്ങളിലെ റോഡ്-റെയിൽ-തുറമുഖ സംവിധാനങ്ങൾ സർക്കാരിന്റെ ഒത്താശയോട് കൂടി തന്നെ വികസിപ്പിക്കാൻ അദാനി ഗ്രൂപ്പ് വലിയ നിക്ഷേപങ്ങൾ ഇറക്കുന്നത്. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) പ്രതിവർഷം 10 ദശലക്ഷം ചതുരശ്ര അടി വെയർഹൗസിംഗ് ആസ്തികൾ വാങ്ങാനും, അതുവഴി വെയർ ഹൗസിംഗ് സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.

2003-ൽ കേന്ദ്ര സർക്കാർ കാർഷിക ഉത്പാദന വിപണന കമ്മറ്റി ആക്ട് ഭേദഗതി (Model APMC Act -2003) ചെയ്തിരുന്നു. കാർഷിക മേഖലയുടെ പുരോഗതിക്കായി സമാന്തര സ്വകാര്യ വിപണികൾ, കരാർ കൃഷി എന്നീ ആശയങ്ങൾ മുൻപോട്ടു വെച്ച ഈ ഭേദഗതി സർക്കാർ നിയന്ത്രിത ചന്തകൾക്കപ്പുറത്തു സ്വകാര്യ സംരംഭകർക്കു നേരിട്ട് കർഷകരുമായി കരാറിൽ ഏർപ്പെടാനും, അവരുടെ ഉൽപ്പന്നങ്ങൾ ഏറ്റെടുക്കാനുമുള്ള തുറന്ന വിപണികൾ വിഭാവനം ചെയ്തു രൂപപ്പെടുത്തിയ ഒന്നായിരുന്നു. കാർഷിക വിപണികൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണ പരിധിയിൽ ഉൾപ്പെട്ട കാര്യമായതുകൊണ്ടു തന്നെ, എല്ലാ സംസ്ഥാനങ്ങളോടും പുതിയ മോഡൽ ആക്ട് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പഞ്ചാബ് ഹരിയാന ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ അവരുടേതായ ഡയറക്റ്റ് മാർക്കറ്റിംഗ് സംവിധാനങ്ങൾ ഇതിനു പിന്നാലെ നടപ്പിലാക്കിയിരുന്നു. 2005-ൽ ഹിമാചൽ പ്രദേശ് H. P. Agricultural & Horticultural Produce Marketing (Development & Regulation) ആക്ട് നടപ്പിലാക്കി. ഈ APMC പരിഷ്‌കാരങ്ങൾക്കു ശേഷമാണു അദാനി അഗ്രിഫ്രഷ് ഹിമാചൽപ്രദേശിൽ ഇൻവെസ്റ്റ് ചെയ്യാൻ ആരംഭിച്ചത്. 2006-ൽ അദാനി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ "അദാനി അഗ്രിഫ്രഷ് ലിമിറ്റഡ്' ഹിമാചൽ പ്രദേശിൽ സ്ഥാപിക്കപ്പെട്ടു. ഇവിടുത്തെ ആപ്പിൾ വിപണിയുടെ ഭൂരിഭാഗവും ഏറ്റെടുക്കാൻ പാകത്തിൽ ഉള്ള സംയോജിത സംഭരണം, കൈകാര്യം ചെയ്യൽ, ശീതീകരണ സംഭരണികൾ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപാര സംവിധാനങ്ങളുടെ വിപുലീകരണം ആണ് അദാനി അഗ്രിഫ്രഷ് നടപ്പിലാക്കിയത്. കാര്യങ്ങൾ പുരോഗമനാത്മകമെന്നു തോന്നാമെങ്കിലും, ഇത്തരം ഡയറക്റ്റ് മാർക്കറ്റിങ് സംവിധാനങ്ങളിൽ വിപണി കീഴടക്കി കഴിഞ്ഞാൽ കോർപ്പറേറ്റ് കമ്പനികൾ കർഷകരെ വഞ്ചിക്കുന്ന നിലപാടുകൾ തന്നെ സ്വീകരിക്കുമെന്ന് കർഷകർക്ക് ഉറപ്പായ സംഗതിയാണ്. അത് തന്നെയാണ് ഹിമാചലിൽ അദാനി അഗ്രി ഫ്രഷിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് എന്ന് കാണാം.

വിപണികളിൽ കോർപറേറ്റുകൾ കടന്നുവരുമ്പോൾ സംഭവിക്കുന്നത്

ഹിമാചൽ പ്രദേശിലെ ഷിംല ആപ്പിൾ മാർക്കറ്റ് പ്രതിവർഷം 5000 കോടി രൂപയുടെ ആപ്പിൾ ബിസിനസ് നടക്കുന്ന സ്ഥലമാണ്. 2006 -ൽ അദാനി അഗ്രി ഫ്രഷ് കൂടാതെ, റിലയൻസ്, ഐ ടി സി എന്നീ സ്വകാര്യ കമ്പനികളും കർഷകരിൽ നിന്ന് നേരിട്ട് ആപ്പിൾ ശേഖരിച്ചു വ്യാപാര വിതരണം ആരംഭിച്ചിരുന്നതിനാൽ തന്നെ, ആപ്പിൾ വിലയിൽ ഏതാണ്ട് അമ്പതു ശതമാനത്തിലേറെ വർദ്ധനവ് ആണ് കർഷകർക്ക് ലഭിച്ചു തുടങ്ങിയത്. കൂടുതൽ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ ഉൾപ്പെടെ പഴ വ്യാപാര വിപണി ഹിമാചലിൽ ചലനാത്മകമാവുകയും, കർഷകർ സംതൃപ്തരാവുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ വർഷം (2021) അദാനി ഗ്രൂപ്പ് എ-ഗ്രേഡ്, പ്രീമിയം ഗുണനിലവാരമുള്ള ആപ്പിളിന്റെ പ്രാരംഭ വില കിലോയ്ക്ക് 72 രൂപയായി പ്രഖ്യാപിച്ചു. ഇത് മുൻവർഷത്തേക്കാളും കുറവും (ഇതേ ആപ്പിളുകൾ കിലോയ്ക്ക് 250 രൂപാ നിരക്കിൽ ആണ് വിപണിയിൽ അദാനിയുടെ "ഫാം പിക്ക്' ഉല്പന്നമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്നത്) അതേ സമയം സർക്കാർ മണ്ഡികളിൽ കിലോയ്ക്ക് 90-125 വരെ ലഭിക്കുകയും ചെയ്തിരുന്നു. ഉല്പാദന ചെലവ് വർദ്ധിച്ചതും, ആപ്പിൾ കാർട്ടന്റെ GST 12%-ൽ നിന്ന് 18%ആയി ഉയർന്നതും ഹിമാചൽ പ്രദേശിലെ ആപ്പിൾ കർഷകരെ വലിയ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. മുൻപ് സംസ്ഥാന ഗവൺമെന്റ് ആപ്പിൾ കൃഷിക്ക് വേണ്ടി പല തലങ്ങളിൽ സഹായങ്ങൾ കർഷകർക്ക് നൽകികൊണ്ടിരുന്നത് നിർത്തലാക്കിയതും, പാരിസ്ഥിതികവും, സാമ്പത്തികവുമായ പല കാരണങ്ങളാൽ ഉത്പാദനം ഇടിഞ്ഞതും നേരത്തെ തന്നെ ഇവിടുത്തെ കാർഷിക മേഖലയെ അസ്ഥിരപ്പെടുത്തിയിരുന്നു.

ഹിമാചൽ പ്രദേശിലെ ഷിംല ആപ്പിൾ മാർക്കറ്റ്

വിപണികളിൽ വൻകിട സ്വകാര്യ വ്യാപാരികൾ കടന്നുവന്നത് തുടക്കത്തിൽ കർഷകർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും, നിലവിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സർക്കാർ ചന്തകളെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കർഷകർ എന്ന് ഷിംലയിലെ മുൻ മേയറും ഹിമാചൽ കിസാൻ സഭയുടെ പ്രസിഡന്റും ആയിരുന്ന ടിക്കേന്ദർ സിംഹ് പൻവർ സൂചിപ്പിക്കുന്നു. മണ്ഡികളിൽ എല്ലാ ഗ്രേഡിലും ഉള്ള ആപ്പിളുകൾ കർഷകർക്ക് വിൽക്കാൻ സാധിക്കുമ്പോൾ, അദാനി, റിലയൻസ് പോലുള്ള വൻകിട കമ്പനികൾ എ ഗ്രേഡ് ആപ്പിളുകൾ മാത്രമാണ് കർഷകരുടെ പക്കൽ നിന്ന് സംഭരിക്കുന്നത്. ഇതാകട്ടെ ഹിമാചലിലെ മൊത്തം ആപ്പിൾ ഉല്പാദനത്തിന്റെ ഇരുപതു-മുപ്പതു ശതമാനം മാത്രമേ വരുന്നുള്ളു. ചെറുകിട ഇടത്തരം കർഷകരെ സംബന്ധിച്ചു ഈ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായി തന്നെ ബാധിക്കുന്നുണ്ട്. കർഷക അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമാവുന്നവിധത്തിലാണ് വൻകിട അഗ്രി ബിസിനസ്സ് കമ്പനികളുടെ ഈ മേഖലയിലെ ഇടപെടലുകൾ.

അദാനി ഡ്രോൺ ബിസിനസ്സ്

സൈനിക ആവശ്യങ്ങൾക്കായി ഡ്രോൺ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ നൽകുക ഉദ്ദേശ്യത്തോടെ 2015-ലാണ് അദാനി ഡിഫൻസ് സിസ്റ്റംസ് സ്ഥാപിതമായത്. 2022 മെയ് മാസത്തിൽ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് വിഭാഗം ബാംഗ്ലൂർ ആസ്ഥാനമായുള്ള ജനറൽ എയ്‌റോനോട്ടിക്‌സ് എന്ന ഡ്രോൺ സ്റ്റാർട്ടപ്പിന്റെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കി. പ്രധാനമായും കാർഷിക മേഖലയിലെ ആപ്ലിക്കേഷനുകൾക്കായി റോബോട്ടിക് ഡ്രോണുകൾ വികസിപ്പിക്കുന്നതിൽ ആണ് ഈ സ്റ്റാർട്ടപ്പ് ഊന്നൽ നൽകിയിരുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിള സംരക്ഷണ സേവനങ്ങൾ, കൃഷി വിളകളുടെ രോഗ-നിവാരണ നിരീക്ഷണം, നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിളവ് നിരീക്ഷണം എന്നിവയ്ക്ക് ഉപയുക്തമാവുന്ന ഡ്രോണുകൾ ആയിരുന്നു ഈ സ്റ്റാർട്ട് അപ്പ് കമ്പനി നിർമ്മിച്ചുകൊണ്ടിരുന്നത്.

കാർഷിക മേഖലയിലെ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ ഓഹരികൾ വാങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നായിരുന്നു അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നത്. ട്രാക്ടർ വ്യവസായത്തിന്റെ മാതൃകയിൽ ഇന്ത്യയിൽ ഡ്രോണുകൾ വിൽക്കാനുള്ള ഒരു പദ്ധതിയാണ് അദാനി ഗ്രൂപ്പിന്റേതെന്ന് വ്യക്തമാണെങ്കിലും, മുൻപുള്ള സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട വ്യാപാര ആവശ്യങ്ങളും ഒപ്പം ശക്തിപ്പെടാതിരിക്കില്ല. കാർഷിക ഡ്രോണുകൾ വികസിപ്പിക്കുന്നതിന് പുറമെ 120 കിലോഗ്രാം വരെ പേ-ലോഡ് വഹിക്കാൻ കഴിയുന്ന ലോജിസ്റ്റിക് ഡ്രോണുകൾ കൂടി നിർമ്മിക്കാൻ അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്.

പ്രാദേശിക സംരംഭകർക്കോ, സ്ഥാപനങ്ങൾക്കോ (അത് ചിലപ്പോൾ കീടനാശിനി കമ്പനികൾ ആവാം) കീടനാശിനി സ്പ്രേ പോലുള്ള സേവനങ്ങൾക്കായി ഡ്രോണുകൾ ലഭ്യമാക്കുക എന്നതായിരിക്കും പ്രാഥമികമായി ചെയ്യുക. ഡ്രോണുകളുടെ ഉപയോഗം പരമാവധിയാക്കാൻ-കൃഷി മുതൽ ഇ-കൊമേഴ്സ് ഡെലിവറികൾ വരെ എല്ലാ മേഖലകളിലും ഡ്രോണുകളുടെ ഉപയോഗം ലഭ്യമാക്കുന്നതിന് അവയുടെ പ്രവർത്തനത്തിനും നിർമ്മാണത്തിനുമുള്ള അനുമതികൾ നൽകികൊണ്ട് മോദി സർക്കാർ ഡ്രോൺ നയം 2021-ൽ കൂടുതൽ ഉദാരമാക്കിയിരുന്നു. അദാനിയുടെ സംയുക്ത സംരംഭം ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽബിറ്റ് (Elbit) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ ഡ്രോൺ നിർമ്മാണത്തിനുള്ള കരാറുകൾ നേടിയെടുത്തത് എന്ന കാര്യവും ഇവിടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാർഷിക മേഖലയിലെ "ഗെയിം ചേഞ്ചർ' ആയി ഡ്രോൺ മാറുമെന്നും ഒരു ഘട്ടത്തിൽ മോദി പ്രഖ്യാപിക്കുന്നുണ്ട്.

(തുടരും)

Comments