ജന്ദർ മന്തറിലെ സഹനസമരവേദി.
ചെറുത്തുനിൽപ്പിന്റെ ഭാരം പേറി ആഹാരമുപേക്ഷിച്ച ഒരു സത്യാഗ്രഹശരീരം.
60 ദിവസം മാത്രം പ്രായമുള്ള ഒരു പാറ്റക്കൂട്ടം. ഒരു വ്യാഴവട്ടത്തിനിപ്പുറവും നീളുന്ന അധികാരഗർവ്വിന്റെ നിശ്ശബ്ദത. സമയത്തിന്റെ അളവുകോലുകൾക്കുള്ളിൽനിന്നും ചരിത്രത്തിന്റെ ആവർത്തനചക്രങ്ങൾക്കുള്ളിൽ നിന്നുമല്ലാതെ വിശകലനം സാധ്യമല്ലാത്ത ഒരു ജനകീയപ്രക്ഷോഭത്തിന്റെ ഉദ്ദ്വേഗഭരിതമായ വഴിത്തിരിവിലാണ് രാഷ്ട്രമിപ്പോൾ.
രണ്ടു മാസം മുൻപേ കോക്റോച്ച് ജനതാ പാർട്ടിയുടെ കടന്നുവരവിനെക്കുറിച്ച് ട്രൂകോപ്പി തിങ്കിനുവേണ്ടി എഴുതുമ്പോൾ ഒരു വൈറൽ സമരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു മനസ്സ് നിറയെ. സോഷ്യൽ മീഡിയാ ട്രെൻഡുകളുടെ കുത്തൊഴുക്കിൽ അപ്രത്യക്ഷമായേക്കാവുന്ന മറ്റൊരു മീമായി ഇന്ത്യൻ യുവതയുടെ രാഷ്ട്രീയബോധവും പ്രക്ഷോഭവീര്യവും ഒതുങ്ങിപ്പോകുമോ എന്ന ആധിയായിരുന്നു അതിൽ പ്രധാനം. എന്നാൽ സോനം വാങ്ചുക്കിന്റെ നിരാഹാരസമരത്തിനും അറസ്റ്റിനും ശേഷം സി.ജെ.പിയുടെയും ഇന്ത്യയുടേയും രാഷ്ട്രീയഭാവിയെ സംബന്ധിച്ച പുതിയ ചില ചോദ്യങ്ങളാണ് ഉള്ളിൽ.
READ: കോക്ക്രോച്ച് ജനത പാർട്ടിയുടെ ഡിജിറ്റൽ വിപ്ലവം, ഒപ്പം ആശങ്കകളും
പ്രധാനപ്പെട്ട ആശങ്ക, സമരത്തിനോട് ബി ജെ പി സർക്കാർ പുലർത്തുന്ന നിസ്സംഗത തന്നെയാണ്. കഴിഞ്ഞ 12 വർഷത്തിനിടയ്ക്ക് നടന്ന പ്രക്ഷോഭങ്ങളോടും വിമർശനങ്ങളോടും സർക്കാർ ഇടപെട്ട അതേ രീതി തന്നെയാണ് ഇവിടേയും പുലർത്തുന്നത്. പതിവുപോലെ ദേശദ്രോഹാരോപണങ്ങളാണ് സി.ജെ.പിക്കും സോനം വാങ്ചുക്കിനും എതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അരുന്ധതി റോയ്, ധ്രുവ് റാത്തി തുടങ്ങി, ബി.ജെ.പി ഐടി സെൽ രാജ്യവിരുദ്ധരായി മുദ്രകുത്തിയ പലരും സമരത്തിന് നൽകിയ പിന്തുണ ചൂണ്ടിക്കാട്ടി, പ്രക്ഷോഭത്തെ അന്താരാഷ്ട്രഗൂഢാലോചനയാക്കി ചിത്രീകരിക്കുവാനുള്ള ശ്രമം കാണാം. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്കും കർഷകസമരത്തിനെതിരെയും ഉയർന്നുവന്ന അതേ ആരോപണങ്ങൾ തന്നെയാണ് ഇതും.

ജന്ദർ മന്തറിൽ നടന്ന പ്രക്ഷോഭത്തെ ആദ്യ ദിനങ്ങളിൽ സർക്കാർ ബലം പ്രയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. വാങ്ച്ചുക് നിരാഹാര സമരമാരംഭിച്ചതോടെയും പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടും കൂടിയാണ് ഗവണ്മെന്റ് പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാൽ മുൻ പ്രക്ഷോഭങ്ങളിൽനിന്ന് വ്യത്യസ്തമായി, രാജ്യത്തെ ഭൂരിപക്ഷം വരുന്ന മദ്ധ്യവർത്തി സമൂഹത്തിന്റെ ധാർമികപിന്തുണ ലഭിച്ചിട്ടും അപകടകരമല്ലന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രതിഷേധത്തിന്റെ ഗാന്ധിയൻവഴി സ്വീകരിച്ചിട്ടും വാങ്ചുക്ക് ഒരു വാറന്റ് പോലുമില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ടു.
2014-നുശേഷം രാജ്യം കണ്ട മനുഷ്യാവകാശലംഘനങ്ങളെക്കാൾ, ജനാധിപത്യധ്വംസനങ്ങളേക്കാൾ, ഭരണഘടനാവിരുദ്ധതയേക്കാളെല്ലാം ഇന്ത്യൻ മധ്യവർഗ്ഗത്തെ ബാധിച്ചത് അവരുടെ വർഗ്ഗാഭിലാഷങ്ങളുടെയും വ്യക്തിഗതമായ വിജയങ്ങളുടെയും വഴിയിൽ സംഭവിച്ച തടസ്സമാണ്.
NEET പരീക്ഷാക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റെടുക്കുവാൻ ഇപ്പോഴും സർക്കാറോ കേന്ദ്രവിദ്യാഭ്യാസമന്ത്രിയായ ധർമ്മേന്ദ്ര പ്രധാനോ തയ്യാറായിട്ടില്ല. കഴിഞ്ഞ 12 വർഷമായി ഈ സർക്കാർ തുടരുന്ന നവലിബറൽ നയതീരുമാനങ്ങളുടെ പ്രധാന ഗുണഭോക്താക്കളായി ആഘോഷിക്കപ്പെട്ട ഇന്ത്യൻ മധ്യവർഗ്ഗത്തിനുനേരെ ഭരണകൂടം ഇപ്പോൾ കാണിക്കുന്ന ഈ ഉദാസീനത ഒരുപക്ഷെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പൂർണ്ണമായ തകർച്ചയെയാണോ സൂചിപ്പിക്കുന്നത്?
മറ്റൊരാശങ്ക, ഇന്ത്യൻ മധ്യവർഗത്തിന്റെ പ്രതിഷേധങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഈയൊരു രാഷ്ട്രീയസാഹചര്യത്തിൽ സി.ജെ.പിയും വാങ്ചുക്കും നിരുപാധിക ഐക്യദാർഢ്യം അർഹിക്കുന്നു എങ്കിലും ഈ പ്രക്ഷോഭത്തിനെച്ചുറ്റി നിൽക്കുന്ന വ്യവഹാരം ചർച്ച ചെയ്യപ്പെടേണ്ടതാണന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ രാജ്യത്ത് നടന്ന പല രാഷ്ട്രീയപ്രക്ഷോഭങ്ങളിൽ നിന്നും കൃത്യമായ അകലം പാലിക്കുവാൻ ഇന്ത്യൻ മധ്യവർഗം ശ്രമിച്ചിട്ടുണ്ട്. സ്വകാര്യവൽക്കരണവും ‘കാര്യക്ഷമത’യും കെട്ടിടനിർമ്മാണവുമാണ് വികസനമെന്ന് ഉറച്ചുവിശ്വസിച്ച അവർ വിഭാവനം ചെയ്ത വികസിതഭാരതത്തിൽ തൊഴിലാളികളോ ദലിതരോ ആദിവാസികളോ മതന്യൂനപക്ഷങ്ങളോ ഇല്ല. 2011-ലെ ആം ആദ്മി പ്രക്ഷോഭത്തിൽ യു.പി.എ സർക്കാരിന്റെ അഴിമതിയും കാര്യക്ഷമതക്കുറവുമായിരുന്നു അവരുടെ ആകുലതയെങ്കിൽ ഇന്ന് അതേ വേദിയിൽ നടക്കുന്ന സമരത്തിൽ അത് മത്സരപരീക്ഷകളാണന്ന വ്യത്യാസമേയുള്ളൂ.

2014-നുശേഷം രാജ്യം കണ്ട മനുഷ്യാവകാശലംഘനങ്ങളെക്കാൾ, ജനാധിപത്യധ്വംസനങ്ങളേക്കാൾ, ഭരണഘടനാവിരുദ്ധതയേക്കാളെല്ലാം ഇന്ത്യൻ മധ്യവർഗ്ഗത്തെ ബാധിച്ചത് അവരുടെ വർഗ്ഗാഭിലാഷങ്ങളുടെയും വ്യക്തിഗതമായ വിജയങ്ങളുടെയും വഴിയിൽ സംഭവിച്ച തടസ്സമാണ്. ഇതിനുമുമ്പ് നടന്ന പല വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ നിന്നും സി.ജെ.പി സമരം വ്യത്യസ്തമാവുന്നത്, സ്കൂൾ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തം കൊണ്ടാണ്. 18 വയസ്സ് തികയാത്ത പല കുഞ്ഞുങ്ങളും മാതാപിതാക്കൾക്കൊപ്പമാണ് സമരത്തിനെത്തുന്നത്. കാലാകാലങ്ങളായി വിദ്യാർത്ഥിരാഷ്ട്രീയമെന്നാൽ കുട്ടികളെ ബലികൊടുക്കാനുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ കുടിലതയാണന്ന് വിശ്വസിച്ച് അതിനെ എതിർത്തിരുന്ന മദ്ധ്യവർത്തി രക്ഷിതാവ്, സ്വന്തം കുഞ്ഞിന്റെ ഭാവിയ്ക്കായി സമരപന്തലിലേക്കിറങ്ങാൻ തയ്യാറാണ്. അതിനവനരെ ഇപ്പോൾ പ്രേരിപ്പിക്കുന്നത് എൻട്രൻസ് മൽസരപരീക്ഷകൾക്കുചുറ്റും നിലനിൽക്കുന്ന സ്വാർത്ഥതയുടെ അന്തരീക്ഷമാണ്. അവിടെ അന്യരുടെ കണ്ണീരിനെക്കാൾ, ജീവനേക്കാൾ, സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യം മത്സരപരീക്ഷാഫലങ്ങൾക്കാണ്. ഇവർ തിരഞ്ഞെടുക്കുന്ന നേതാക്കളിലടക്കം പ്രൊഫഷണൽ വിദ്യാഭ്യാസത്തോടും എൻട്രൻസ് പരീക്ഷകളോടുമുള്ള ഈ വിധേയത്വം പ്രകടമാണ്.
നാളെ, വിദ്യാഭ്യാസമന്ത്രി രാജിവെക്കുകയും, NEET പരീക്ഷാസംവിധാനം മാറ്റപ്പെടുകയും ചെയ്താൽ, ഇന്ന് ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം മനുഷ്യർ തങ്ങളുടെ ദൈനംദിനജീവിതത്തിന്റെ ഉദാസീനതകളിലേക്ക് തിരിച്ചുപോവില്ലേ?
2011-ലെ പ്രക്ഷോഭത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന അരവിന്ദ് കെജ്രിവാൾ IIT ഖരഗ്പുർ വിദ്യാർത്ഥിയായിരുന്നെങ്കിൽ സോനം വാങ്ചുക്ക് NIT ശ്രീനഗറിൽ നിന്നാണ് ബിടെക് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവർക്കിന്ന് ലഭിക്കുന്ന ഈ വിശ്വാസ്യതക്കുപിന്നിൽ ഇന്ത്യൻ രാഷ്ട്രീയത്തിലുള്ള അവരുടെ അറിവിനെക്കാൾ, അനുഭവത്തെക്കാൾ, അവർ പഠിച്ചിറങ്ങിയ സ്ഥാപനങ്ങളും അവരുടെ വിദ്യാഭ്യാസ യോഗ്യതയുമാണുള്ളത്. JNU പോലൊരു സർവ്വകലാശാലയിൽനിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ, സ്നേഹത്തെപ്പറ്റിയും വർഗ്ഗീയതയെപ്പറ്റിയും സംസാരിച്ചതിന് തുറങ്കലിലടക്കപെട്ട ഉമർ ഖാലിദിനു ലഭിക്കുന്നതിനേക്കാൾ വലിയ ജനപിന്തുണയാണിത്. അതുകൊണ്ട് സി.ജെ.പി സമരങ്ങളോട് ചേർത്തു വായിക്കേണ്ടത് എൻട്രൻസ് പരീക്ഷകൾക്കുള്ളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെയാണ്.

സോനം വാങ്ചുക്കിനും സി.ജെ.പിക്കും പൂർണ്ണപിന്തുണ നൽകേണ്ട ഈ സാഹചര്യത്തിൽ ഇത്തരമൊരു വിമർശനമുന്നയിക്കുന്നത് ഉചിതമാണോ എന്ന ധർമ്മസങ്കടത്തിനുള്ളിലിരുന്നാണ്, ഇതെഴുതുന്നത്. ശക്തമായ ഒരു ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ ക്ഷണികവിപ്ലവങ്ങളായി ഒടുങ്ങാതിരിക്കണമെങ്കിൽ, സന്ദർഭത്തിന് അനുചിതമെന്നുകരുതി നിശ്ശബ്ദരായി ഇരിക്കുകയല്ല വേണ്ടതെന്ന് തോന്നുന്നു. നാളെ, വിദ്യാഭ്യാസമന്ത്രി രാജിവെക്കുകയും, NEET പരീക്ഷാസംവിധാനം മാറ്റപ്പെടുകയും ചെയ്താൽ, ഇന്ന് ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം മനുഷ്യർ തങ്ങളുടെ ദൈനംദിനജീവിതത്തിന്റെ ഉദാസീനതകളിലേക്ക് തിരിച്ചുപോവില്ലേ? തൊട്ടുമുന്നിൽ മറ്റൊരാൾക്ക് സംഭവിക്കുന്ന വലിയ അനീതികൾക്കെതിരെയും അധികാര ഗർവ്വിനെതിരെയും അവർ നിർദ്ദയം കണ്ണടയ്ക്കില്ലേ? അങ്ങനെയാവാതിരിക്കാൻ ഈ മധ്യവർഗ്ഗജീവിതങ്ങളെ നിരന്തര രാഷ്‌ട്രീയ ഭാഷണത്തിന് തയ്യാറാക്കുവാൻ സി.ജെ.പിയെപ്പോലൊരു കൂട്ടായ്മയ്ക്ക് കഴിയുമോ എന്ന ആധിയും ബാക്കിയാവുന്നു.
