സവർക്കറുടെ ജന്മവാർഷികത്തിൽ അവർക്ക്​ ഇല്ലാതാ​ക്കേണ്ടവർ അംബേദ്​കറും നെഹ്​റുവുമാണ്​

സവർക്കർക്ക് വിശാല ഹിന്ദു സമൂഹത്തിൽ ദലിതരും ആദിവാസികളുമെല്ലാം വേണം എന്ന് തന്നെയായിരുന്നു ആഗ്രഹം. ജനാധിപത്യത്തിന്റെ ഏത് നിലയിൽ അവരെ പ്രതിഷ്ഠിച്ചാലും അവർ പ്രവർത്തിക്കുന്നത് ഹിന്ദുത്വ എന്ന ആശയത്തിന് വേണ്ടിയായിരുക്കുമെന്ന ഉറപ്പ് വരുത്താലാണ് സംഘപരിവാർ ഭരണകൂടം ചെയ്യുന്നത്. അത് വഴി പ്രാതിനിധ്യം എന്ന ആശയത്തെ അവർ റദ്ദ് ചെയ്യുന്നു. പ്രാതിനിധ്യം സവർണാധികാരത്തിനോടുള്ള കൂറിന്റെ പ്രകടനം മാത്രമാകുന്നു.

ന്നേ ദിവസം ഗാന്ധിജിയുടേയും നെഹ്​റുവിന്റെ ചരിത്രപ്രശസ്തമായ ചിത്രങ്ങളിലൊന്ന് പങ്കിട്ടുകൊണ്ട് സുനിൽ പി.ഇളയിടം സോഷ്യൽ മീഡിയയിൽ കുറിച്ച വാൾട്ടർ ബെഞ്ചമിൻ്റെ ഒരു ക്വോട്ട് ഇങ്ങനെയാണ്, ‘ചരിത്രം ഭൂതകാല സംഭവങ്ങളുടെ കണക്കെടുപ്പല്ല, മറിച്ച് ആപത്തിന്റെ കാലത്ത് മനസിലൂടെ മിന്നിമായുന്ന ഓർമ്മകളെ കയ്യെത്തിപ്പിടിക്കലാണ്’. ഈ ആപത്തിന്റെ കാലത്ത് ജനാധിപത്യം നിലനിൽക്കണമെന്ന് കരുതുന്ന ഏത് ഇന്ത്യാക്കാരും ഏറ്റവുമധികം ഓർത്തിട്ടുള്ള ചിത്രം നെഹ്​റുവിന്റെതും അംബേദ്കറുടേതുമാകും.

നെഹ്​റുവിന്റെ പുസ്തകങ്ങളും പ്രസംഗങ്ങളും മന്ത്രിസഭാകാലവും നമ്മുടെ ഭരണഘടനയും മനുഷ്യർ വീണ്ടും വീണ്ടും ഓർത്തു. ഗാന്ധിജിയുടെ ഒരോ നിലപാടുകളും ഓർത്തു. പ്രത്യേകിച്ചും അവസാന കാലത്തേത്. മതേതരത്വം എന്ന തത്വചിന്തയെ ഇന്ത്യ എന്ന ആശയത്തിന്റെ അടിപ്പടവാക്കി എങ്ങനെ മാറ്റിയെന്ന് നമ്മളോർത്തു. മതരാജ്യമല്ലാതെ സകല പൗരർക്കും തുല്യാവകാശമുള്ള, എല്ലാ വിശ്വാസികൾക്കും തുല്യ പരിഗണനവും അവകാശവുമുള്ള വൈവിധ്യങ്ങളായ വിശ്വാസങ്ങളെ സ്വാഗതം ചെയ്യുന്ന, അഭിപ്രായത്തിന് അവകാശമുള്ള നാടായിരിരിക്കണം ഇന്ത്യ എന്നുറപ്പ് വരുത്താൻ അവർ നടത്തിയ ഇടപെടലുകൾ ഓർത്തു.

അതോടൊപ്പം മറ്റ് പല ദൃശ്യങ്ങളും ഓർമ വന്നു. അതിലൊന്ന് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ്, കോവിഡ് കാലത്ത് അയോധ്യയിൽ നടന്ന ഏതാണ്ട് സമാനമായ ചടങ്ങുകളാണ്.

അയോധ്യയിൽ ബാബറി പള്ളി പൊളിച്ചു മാറ്റിയ ഇടത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമി പൂജ ദൂരദർശനിൽ ലൈവ് റ്റെലികാസ്റ്റ് ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൂരദർശൻ അവതാരകൻ ആവർത്തിച്ച് വിശേഷിപ്പിച്ചത് 'ജാജുമാൻ' എന്നായിരുന്നു. ജാജുമാൻ എന്നത്​ സംസ്‌കൃത / വേദ പദമാണ്​. യജമാൻ എന്ന് മലയാളത്തിലെ വാക്ക്. യജ്ഞാചാര്യൻ. ഇവിടെ ആർക്കുവേണ്ടിയാണോ യജ്ഞം നടത്തുന്നത് അയാളാണ് ജാജുമാൻ. പള്ളി പൊളിച്ച് കളഞ്ഞിടത്ത് അമ്പലം പണിയുന്ന ചടങ്ങിന്റെ ജാജുമാനായിരുന്നുവത്രേ ഇന്ത്യൻ പ്രധാനമന്ത്രി. ഹൈന്ദവ രാഷ്ട്രീയ സങ്കൽപ്പത്തിൽ ‘ജാജുമാൻ’ എന്ന വാക്കിന്റെ അർത്ഥം വളരെ വളരെ വലുതാണ്. രാജാവായ ജാജുമാനാണ് അശ്വമേധത്തിൽ കുതിരയുടെ കെട്ടഴിച്ച് വിടുന്നത്. എല്ലാ യജ്ഞങ്ങളും വയലൻസിന്റെ തുടക്കമാണ്. അധികാരത്തിന്റെ സ്ഥാപനമാണ്. ജനാധിപത്യത്തിലല്ല അത് നടക്കുന്നത്.

എൺപതുകളുടെ ഒടുവിൽ ഇന്ത്യൻ മതേതരത്വത്തെ രണ്ടായി മുറിച്ച്, ഹിന്ദുവിനേയും മുസ്​ലിമിനേയും നിരന്തര കലാപത്തിലേയ്ക്ക് തള്ളിവിട്ട് എൽ.കെ.അദ്വാനി നടത്തിയ രഥയാത്രയുടെ കോ-ഓർഡിനേറ്റർ, സംയോജക് ആയിരുന്നു മോദി. അന്നത്തെ ബി.ജെ.പി നേതാവ് പ്രധാനമന്ത്രിയായപ്പോഴേയ്ക്കും ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത്യപൂജയുടെ യജ്ഞാചാര്യ പദവിയിലേയ്ക്കെത്തിയ കാഴ്ച നമ്മൾ മുമ്പ് കണ്ടിട്ടുണ്ട്. ആപത്തിന്റെ ഈ മുഹൂർത്തത്തിൽ മനസിലൂടെ മിന്നിമാഞ്ഞ ചരിത്രദൃശ്യം അതായിരുന്നു.

കര്‍സേവകര്‍ ബാബ്രി മസ്ജിദ് തകര്‍ക്കുന്നു, രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചെയ്യുന്ന നരേന്ദ്ര മോദി.
കര്‍സേവകര്‍ ബാബ്രി മസ്ജിദ് തകര്‍ക്കുന്നു, രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചെയ്യുന്ന നരേന്ദ്ര മോദി.

ഇന്ത്യൻ ജനാധിപത്യത്തിന്റെ നടത്തിപ്പ് കേന്ദ്രമായ, മതേതത്വത്തിന്റെ സംരക്ഷണ കേന്ദ്രമായ പാർലന്റിന്റെ ചരിത്ര പ്രധാനമായ ചടങ്ങിൽ പാർലമെന്റിന്റെ നടത്തിപ്പുകാരായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇല്ല. ഇന്ത്യയിലെ ഒരു മതത്തിന്റെ മാത്രം പ്രതിനിധികളായ ഒരു കൂട്ടം അർദ്ധനഗ്നരും കാവിധാരികളുമായ സന്യാസിമാരും അവർക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കിടക്കുന്നതും നിൽക്കുന്നതുമായ പ്രധാനമന്ത്രിയുമാണ് സർവ്വത്ര നിറഞ്ഞ് നിൽക്കുന്നത്. രാജാധികാരത്തിന്റെ ചിഹ്നത്തെ സൂചിപ്പിക്കുന്ന, രാജപട്ടാഭിഷേക ചടങ്ങുകളേയും ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളേയും ഓർപ്പിക്കുന്ന ചടങ്ങിലാണ് ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രി നിലകൊണ്ടത്. പൂജ നടത്തുന്ന ഹൈന്ദവ സന്യാസികളെ സാഷ്ടാംഗം പ്രണമിക്കുന്നത് സർവ്വശക്തനെന്ന് അണികൾ പ്രചരിപ്പിക്കുന്ന, 56 ഇഞ്ചിന്റെ പൗരുഷാഹങ്കാരം മുറ്റിയ പ്രജാപതിയല്ല, ജാതി വ്യവസ്ഥയിൽ അഭിമാനം കൊള്ളുന്ന പിന്നാക്ക ഹിന്ദു കൂടിയാണ്.

ജവഹര്‍ലാല്‍ നെഹ്റു
ജവഹര്‍ലാല്‍ നെഹ്റു

ഇന്ത്യൻ പാർല്യമെൻറ്​ രാഷ്ട്രപതിയുടെ നിയന്ത്രണാധികാരത്തിലുള്ളതാണെന്ന ഭരണഘടനാവസ്തുതയുടെ അടിസ്ഥാനത്തിൽ പുതിയ പാർല്യമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു / ഒഴിവായി എന്നതിന് ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമുവോ അവരുടെ ഓഫീസോ പ്രതികരിച്ചിട്ടില്ല എന്ന് തോന്നുന്നു. ഈ സാഹചര്യത്തിൽ അവർ പ്രതികരിക്കുമെന്ന് കരുതാൻ വയ്യ. അഥവാ പ്രതികരിക്കുകയാണെങ്കിൽ അതിലൊരു അസ്വാഭാവികതയും അവർ പ്രകടിപ്പിക്കുമെന്ന് വിശ്വസിക്കാൻ വയ്യ. പല ഘട്ടങ്ങളിൽ. ബ്രാഹ്മണിക ഹൈന്ദവ മൂല്യങ്ങളോടുള്ള തന്റെ വിധേയത്വം അവർ പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അവർ ജീവിച്ച് വന്ന ആദിവാസി ജീവിതം റദ്ദാകുന്നില്ല.

ഈ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയതും അക്കാലത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദ് ആയിരുന്നില്ല. ദലിതരും ആദിവാസികളും ഏത് പദവിയിൽ എത്തിയാലും അവരുടെ അവരുടെ സ്വത്വം, ലിംഗപദവി, വിധവാത്വം തുടങ്ങിയ സോഷ്യൽ സ്റ്റിഗ്മകൾ എന്നിവ വേട്ടയാടും എന്നതിന്റെ മറ്റൊരു തെളിവാണ് മുർമുവും കോവിന്ദും. അവർക്ക് ലഭിച്ച പദവികൾ വളരെ പ്രധാനമാണ്. ഇന്ത്യൻ ഭരണഘടന ആദിവാസികൾക്കും ദലിതർക്കും ഏത് പദവി നൽകിയാലും ബ്രാഹ്മണിക്കൽ ജാതി വ്യവസ്ഥയിൽ അവരുടെ സ്ഥാനം എന്താണ് എന്നാണ് ഹിന്ദുത്വ കാണിച്ചുതരുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു
രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഹാഥ്‌റസിൽ താക്കൂർമാർ റേപ്പ്​ ചെയ്ത് നടുതകർത്ത് കൊന്നു കളഞ്ഞ ദലിത്​ പെൺകുട്ടിയുടെ മൃതദേഹം തെളിവ് വയ്ക്കാതെ പോലീസ് കത്തിച്ച് കളഞ്ഞതോർക്കുന്നില്ലേ? അന്ന് ആ കുടുംബത്തോട് പണം വാങ്ങി കേസ് സെറ്റിൽ ചെയ്യാൻ ആവശ്യപ്പെട്ട് ഇടനിലയ്ക്കാദ്യം എത്തിയത് സ്ഥലം എം.പിയായ രാജ്വീർ സിങ്ങ് ദില്ലറായിരുന്നു. അദ്ദേഹം വാർത്തകളിൽ ആദ്യം ഇടം പിടിച്ചത് ഇതിന്റെ പേരിലല്ല; എം.എൽ എയായിരിക്കുമ്പോൾ വോട്ട് ചോദിക്കാൻ പോകുമ്പോൾ കയ്യിൽ സ്വന്തം ചായ കപ്പ് കരുതിയതിന്റെ പേരിലാണ്. ദലിതനായി ജനിച്ചത് മുജ്ജന്മ പാപമാണ് എന്ന് അയാൾ ആവർത്തിച്ചു. ഠാക്കൂർ, ബ്രാഹ്മണ വീടുകളിൽ നിന്ന് അവരുടെ ഗ്ലാസിൽ താൻ ചായ കുടിച്ചാൽ അവർക്ക് അയിത്തം ഉണ്ടാകും എന്നത് കൊണ്ടാണ് സ്വന്തം കപ്പ് കരുതുന്നത് എന്ന് വിശദീകരിച്ചു. സ്ഥാന വ്യവസ്ഥകൾക്കപ്പുറം ബ്രാഹ്മണരേയും മേൽജാതിക്കാരേയും പൂജിക്കുന്നയാളാണ് താൻ എന്ന് പ്രഖ്യാപിച്ചു. കൻഷിറാം മുതൽ യു.പി ആർജ്ജിച്ച ദലിത് വംശാഭിമാനത്തെ ചവിട്ടിയരച്ച് ബ്രാഹ്മണിക്കൽ മൂല്യം പുനഃസ്ഥാപിക്കാൻ ബി.ജെ.പി ഹിന്ദുത്വയ്ക്കുള്ള ആയുധങ്ങളിലൊന്നായി രാജ്വീർ സിങ് തുടരുന്നു.

 രാജ്വീർ സിങ്ങ് ദില്ലര്‍
രാജ്വീർ സിങ്ങ് ദില്ലര്‍

ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തിന് പുറത്ത് വച്ച് കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ ആൻഡമാൻ ജയിലിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാലം മുതൽ നിരന്തരമായേി ബ്രിട്ടീഷ് അധികൃതർക്ക് മാപ്പപേക്ഷകൾ നൽകിയ, ജയിലിൽ നിന്ന് മോചിപ്പിച്ചാൽ ബ്രിട്ടീഷ് രാജാധികാരത്തിന് വിധേയമായി പ്രവർത്തിച്ചുകൊള്ളാം എന്ന് പല കുറി ഉറപ്പ് കൊടുത്ത, ഇന്ത്യയിലെ സ്വാതന്ത്രസമര പ്രക്ഷോഭത്തിൽ ചെറുപ്പക്കാൻ പങ്കുകൊള്ളുന്നത് എതിർക്കാം എന്ന് അറിയിച്ച, ഭീരുവും വഞ്ചകനുമായ ഒരാളുടെ ജന്മവാർഷികത്തിലാണ് ഈ ചടങ്ങ് എന്നു കൂടി ചേരുമ്പോഴേ ഇത് പൂർത്തിയാകൂ. ഗാന്ധി വധക്കേസിൽ ആദ്യ ഘട്ടത്തിൽ പ്രതികളിലൊരാളായിരുന്ന, മുഖ്യ പ്രതി നാഥുറാം ഗോഡ്‌സെയുടെ ഗുരുവായിരുന്ന, സ്വന്തം ജീവചരിത്രം കള്ളപ്പേരിൽ എഴുതി സ്വയം വീരൻ എന്ന് വിശേഷിപ്പിച്ച വി.ഡി. സവർക്കർ ഇന്ത്യ എന്ന ദേശരാഷ്ട്രം ഉൾക്കൊള്ളുന്ന സകല മൂല്യത്തിനും എതിരായിരുന്നു. മതരാജ്യത്തിനും ബ്രാഹ്മണ്യാധികാരത്തിന്റെ നടത്തിപ്പിനുമായിരുന്നു സവർക്കറുടെ താത്പര്യമെന്ന് അദ്ദേഹത്തിന്റെ കൃതികൾ തന്നെ സാക്ഷ്യം പറയുന്നു. അപ്പോൾ ആ ഓർമ്മകളെ ആദരിക്കുന്ന ഒരു ചടങ്ങ് ജനാധിപത്യത്തിന് എതിരായിരിക്കും.

ഗാന്ധി വധക്കേസിന്റെ വിചാരണ വേളയില്‍ നാഥുറാം ഗോഡ്സേ, വി.ഡി. സവര്‍ക്കര്‍, നാരായണ്‍ ആപ്തേ തുടങ്ങിയവര്‍.
ഗാന്ധി വധക്കേസിന്റെ വിചാരണ വേളയില്‍ നാഥുറാം ഗോഡ്സേ, വി.ഡി. സവര്‍ക്കര്‍, നാരായണ്‍ ആപ്തേ തുടങ്ങിയവര്‍.

സവർക്കറുടെ ആശയത്തിലുള്ള ഒരു ഇന്ത്യയിലേയ്ക്ക് തിരിച്ച് പോകേണ്ടത് നൂറ്റാണ്ടുകളുടെ മുന്നേറ്റത്തെ അതിജീവിച്ചാണ്. സവർക്കർക്ക് വിശാല ഹിന്ദു സമൂഹത്തിൽ ദലിതരും ആദിവാസികളുമെല്ലാം വേണം എന്ന് തന്നെയായിരുന്നു ആഗ്രഹം. കാരണം ബ്രാഹ്മണരും അവരെ ചുറ്റി നിൽക്കുന്ന മേൽജാതിക്കാരും ശൂദ്രരും ചേർന്നാൽ പോലും രാഷ്ട്രീയാധികാരം നേടാനാവില്ല എന്ന് സവർക്കറിയാം. അപ്പോൾ രാഷ്ട്രീയാധികാരത്തിന് വേണ്ടത് ജാതി വ്യവസ്ഥയെ മാനിക്കുന്ന വലിയ ഹിന്ദു സമൂഹം തന്നെയാണ് എന്നും. ജനാധിപത്യത്തിന്റെ ഏത് നിലയിൽ അവരെ പ്രതിഷ്ഠിച്ചാലും അവർ പ്രവർത്തിക്കുന്നത് ഹിന്ദുത്വ എന്ന ആശയത്തിന് വേണ്ടിയായിരുക്കുമെന്ന ഉറപ്പ് വരുത്താലാണ് സംഘപരിവാർ ഭരണകൂടം ചെയ്യുന്നത്. അത് വഴി പ്രാതിനിധ്യം എന്ന ആശയത്തെ അവർ റദ്ദ് ചെയ്യുന്നു. പ്രാതിനിധ്യം സവർണാധികാരത്തിനോടുള്ള കൂറിന്റെ പ്രകടനം മാത്രമാകുന്നു.

സവർക്കറുടെ ആശയലോകത്തേയ്ക്കുള്ള തിരിച്ച് പോക്കിൽ അംബേദ്കറുടെ ആശയത്തെ, തത്വചിന്തയെ, രാഷ്ട്രീയത്തെ ആദ്യമവർക്ക് ഇല്ലായ്മ ചെയ്യണം. അംബേദ്കറെ ഒരു വ്യക്തി മാത്രമായി നിലനിർത്തണം. അദ്ദേഹത്തിന്റെ ഓർമദിവസങ്ങൾ ആഘോഷമാക്കുമ്പോഴും അദ്ദേഹത്തിന്റെ ആശയം സമൂഹത്തിൽ പടരാതെ നോക്കണം. നെഹ്രുവിനെ അവർക്ക് ഇല്ലായ്മ ചെയ്യണം. നെഹ്​റുവിന്റെ ഓർമ്മകൾ പോലും ഇല്ലാതാകണം. ഗാന്ധിയെ വീണ്ടും വീണ്ടും വധിക്കണം.

ഓരോ ചടങ്ങുകളിലും അവരിത് ശ്രമിക്കും. ഒരു അസ്വാഭാവികതയും ഇല്ലാതെ നാം മുന്നോട്ട് നടന്ന വഴികൾ അതിവേഗതയിൽ മറന്ന് പഴയ, വെളിച്ചമില്ലാത്ത അയിത്ത കാലത്ത് തിരിച്ചെത്തും.

Comments