ഗൗരി ലങ്കേഷിനെ കൊന്ന തോക്ക്
ഇനിയും വെടിയുതിർത്തേക്കാം…

‘‘ഏകാധിപത്യ സ്വഭാവുമുള്ള ഭരണകാലത്തെ ഭയപ്പെട്ടേ മതിയാവൂ. അതിനെ എതിർക്കേണ്ടത് ജനാധിപത്യത്തിൽ അടിയുറച്ചുനിൽക്കുന്നവരുടെ പ്രാഥമിക ഉത്തരവാദിത്യമാണ്. ആ നിലയിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പിലേക്കാണ് നമ്മൾ നീങ്ങുന്നത്’’- റിഹാൻ റാഷിദ് എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

റിഹാൻ റാഷിദ്: കഴിഞ്ഞ പത്തുവർഷത്തെ മോദിഭരണകാലത്തെ, ഇന്ത്യൻ ജനാധിപത്യസംവിധാനത്തിലെ ഏറ്റവും മോശം കാലഘട്ടം എന്ന് ഒറ്റവാക്കിൽ വിലയിരുത്താം. ഏറ്റവും പ്രധാനപ്പെട്ട, നാനത്വത്തിൽ ഏകത്വമെന്ന, മതേതര നിലപാടിന്റെ കടയ്ക്കൽ കത്തിവെച്ചുകൊണ്ടാണ് മോദിയുഗം ആരംഭിക്കുന്നത്. അതിന്റെ തുടർച്ചയാണ് പത്തുവർഷക്കാലത്ത് രാഷ്ട്രം നേരിടേണ്ടിവന്ന സംഭവവികാസങ്ങൾ. ആസൂത്രിത കലാപങ്ങൾ, ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള വിടുപണികളിലൂടെ തൊഴിൽ- സാമ്പത്തിക മേഖലകളിൽ നടപ്പാക്കിയ കോർപ്പറേറ്റുവത്കരണം, വിലക്കയറ്റവും തൊഴിലില്ലായ്മയും, പെട്രോൾ-ഡീസൽ-ഗ്യാസ് വിലവർദ്ധന- ഇങ്ങനെ നാനതലങ്ങളിലും ഇന്ത്യയെ പിന്നോട്ടടുപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. എന്നിട്ടിപ്പോൾ ‘മോദി ഗ്യാരണ്ടി’യെന്ന ഉളുപ്പില്ലാത്ത മുദ്രാവാക്യവുമായി വീണ്ടും വോട്ടു തേടുന്നു. റോഡ് ഷോയിലൂടെയും ക്ഷേത്രങ്ങളിലും മറ്റാരാധനാലയങ്ങളിലും നടത്തുന്ന കപടനാടകങ്ങളിലൂടെയും ജനത്തെ പറ്റിക്കാൻ ഒരിക്കൽ കൂടി ഇറങ്ങിയിരിക്കുന്നു. ഒരുവിഭാഗം അതിൽ വീണുപോയിട്ടുണ്ടെന്നത് വിസ്മരിക്കനും കഴിയില്ല. കാരണം, മനുഷ്യരെ ഭിന്നിപ്പിച്ച് അധികാരം നേടാനുള്ള അവരുടെ പദ്ധതികളിൽ പലതും മറന്നു പോവുകയാണ്. മറച്ചുവെക്കുകയാണ്.

മോദിഭരണകാലത്തെ, ഇന്ത്യൻ ജനാധിപത്യസംവിധാനത്തിലെ ഏറ്റവും മോശം കാലഘട്ടം എന്ന് ഒറ്റവാക്കിൽ വിലയിരുത്താം.

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

രാജ്യം നേരിടുന്ന പരമപ്രധാനമായ തെരഞ്ഞെടുപ്പാണ് മുന്നിൽ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന ഈയൊരു ഘട്ടത്തിൽ സകലരും രാഷ്ട്രത്തിനു വേണ്ടി ചിന്തിക്കേണ്ടതതുണ്ട്. കാരണം രാഷ്ട്രത്തിലേ പൗരർക്ക് വിലയുള്ളൂ. ഹിന്ദുത്വരാജ്യം വന്നു കഴിഞ്ഞാൽ പ്രജകൾ മാത്രമായി മാറേണ്ടി വരും. ചോദ്യം ചെയ്യാനോ പ്രതികരിക്കാനോ എതിർക്കാനോ അവകാശമില്ലാത്ത വെറും പ്രജ. ഏകാധിപത്യ സ്വഭാവുമുള്ള ഭരണകാലത്തെ ഭയപ്പെട്ടേ മതിയാവൂ. അതിനെ എതിർക്കേണ്ടത് ജനാധിപത്യത്തിൽ അടിയുറച്ചുനിൽക്കുന്നവരുടെ പ്രാഥമിക ഉത്തരവാദിത്യമാണ്. ആ നിലയിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പിലേക്കാണ് നമ്മൾ നീങ്ങുന്നത്. പൗരാവകാശധ്വംസനം നടത്താത്ത, ജനങ്ങളുടെ പൊതുതാത്പര്യം സംരക്ഷിക്കുന്ന, മതേതര സംവിധാനങ്ങളെ സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തിനു വേണ്ടിയാവണം ഓരോരുത്തരുടേയും വോട്ടവകാശം വിനിയോഗിക്കേണ്ടത്.

പ്രാദേശിക കക്ഷികളുൾപ്പെടുന്ന ‘ഇന്ത്യ’ സഖ്യത്തിൽ ചെറുതല്ലാത്ത പ്രതീക്ഷയുണ്ട്.

മോദിയെ മുൻനിർത്തിയുള്ള ഹിന്ദുത്വ ആശയം പ്രകടമാക്കുന്ന സർക്കാർ വരാൻ പാടില്ലെന്നാണ് ആഗ്രഹിക്കുന്നത്. ഈയൊരു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതി ഇനിയെത്രകാലം നിലനിൽക്കുമെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. മോദി സർക്കാറിന് ഭൂരിപക്ഷം ലഭിക്കുന്ന അവസ്ഥ വരുമെങ്കിൽ ജനാധിപത്യ ഇന്ത്യയുടെ ശവപ്പെട്ടിക്കു മുകളിലെ അവസാനത്തെ ആണികളിലൊന്നുകൂടി അടിക്കുന്നതിനു തുല്യമാവും. ഭരണഘടനയെ നോക്കുകുത്തിയാക്കി, ഹിന്ദുത്വവാദികളുടെ ഫാഷിസ്റ്റ് ആശയങ്ങളുടെ അടിച്ചേൽപ്പിക്കൽ നേരിടേണ്ടിവരുമെന്ന ഭയമാണതു നൽകുന്നത്.

‘ഇന്ത്യ’ സംഖ്യം എത്രത്തോളം ഫലപ്രദമാവുമെന്നത് ഉറപ്പുപറയാൻ പ്രയാസമുണ്ട്. എന്നിരുന്നാലും പ്രാദേശിക കക്ഷികളുൾപ്പെടുന്ന ഈയൊരു അലൈൻസിൽ ചെറുതല്ലാത്ത പ്രതീക്ഷയുണ്ട്. മമതയും സ്റ്റാലിനും ലാലുപ്രസാദ് യാദവുമെല്ലം ഉൾപ്പെടുന്ന കക്ഷികൾക്ക് അവരവരുടെ സംസ്ഥാനങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ സാധിച്ചാലേ ഈ പ്രതീക്ഷയ്ക്ക് വകുപ്പുള്ളൂ. അതിൽ തന്നെ അവരെ ഒരുമിച്ചു നിർത്താൻ സാധിക്കുന്ന ഒരു നേതാവിനെ ആവശ്യമുണ്ട്. ചെയർമാനായ മല്ലികാർജ്ജുൻ ഖാർഗേക്ക് അതിനെത്ര മാത്രം കഴിയുമെന്ന കാര്യത്തിൽ സംശയമുണ്ട്. രാഹുൽ ഗാന്ധിയെ നേതാവായി കാണാൻ ഇവരിലെത്ര പേർ സമ്മതിക്കുമെന്നത് മറ്റൊരു കാര്യം. സീതാറം യെച്ചൂരി നേതൃസ്ഥാനം ഏറ്റെടുത്താൽ ഒരുപരിധിവരെ ഈയൊരു അധികാരത്തർക്കത്തിന് തടയിടാൻ സാധ്യമെന്നാണ് തോന്നുന്നത്.

ചുരുക്കിപ്പറഞ്ഞാൽ അധികാരത്തിനു മാത്രമല്ലാതെ ഒരുമിച്ചുനിന്നാൽ മാത്രമെ ‘ഇന്ത്യ’ സംഖ്യത്തിന് പ്രസക്തിയുള്ളൂ. അതേസമയം ബി ജെ പിയുടെ ‘ഓപറേഷൻ താമര’ പോലുള്ള ഇടപെടലുകളെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. അധികാരം നിലനിർത്താൻ എന്തും ചെയ്യുമെന്നതിനു ഏറ്റവും പുതിയ ഉദാഹരണമാണ്, ‘ഇന്ത്യ’ സംഖ്യത്തിലെ കൂട്ടുകക്ഷിയായ അരവിന്ദ് കെജ്രിവാളിനുനേരെ നടന്ന അന്വേഷണവും അറസ്റ്റ്.

സീതാറം യെച്ചൂരി ‘ഇന്ത്യ’ സഖ്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്താൽ ഒരുപരിധിവരെ അധികാരത്തർക്കത്തിന് തടയിടാനാകുമെന്നാണ് തോന്നുന്നത്.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

ജനാധിപത്യം വെറുമൊരു മിഥ്യയായി തീരാനാണ് സാധ്യത. ചരിത്രത്തെയും പാരമ്പര്യത്തേയും തച്ചുടച്ച്, തങ്ങളുടെ ആശയത്തിനു മാത്രം പ്രാധാന്യം നൽകി ഹിന്ദുത്വ ഭാരതം സ്ഥാപിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ സകല കുടിലതകളും അനുഭവിക്കേണ്ടിവരുന്ന തോറ്റ ജനതയായി നമ്മൾ മാറുമെന്ന സംശയം ജനാധിപത്യവാദികളെ ആശങ്കപ്പെടുത്തുന്നുണ്ട്. വികസനമോ സാമൂഹിക- സാമ്പത്തിക മേഖലകളിലെ അപചയങ്ങളോ അഴിമതിയോ ചർച്ചകളുടെ മുൻനിരയിലേക്ക് വരുന്നത് തടഞ്ഞ്, മതവും ആചാരങ്ങളും ജാതീയതയുമാണ് അവർ ചർച്ച ചെയ്യുന്നത്. ലോകം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നു തന്നെയെന്നു പറയാവുന്ന ഇലക്ട്രൽ ബോണ്ടിനെക്കുറിച്ച് ചർച്ച ചെയ്യുന്നുമില്ല. അല്ലെങ്കിൽ അതിന് അനുവദിക്കുന്നില്ല. അതിനായി അവരെ സഹായിക്കാൻ ‘ഗോദി മാധ്യമ’ങ്ങളുടെ ഒരു നിര തന്നെയുണ്ട്. തേജസ്വിനി യാദവ് മത്സ്യം കഴിച്ചതിനെ സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗമാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. കേരളത്തിൽ കെ. സുരേന്ദ്രൻ നടത്തിയ ഗണപതി വട്ടമെന്ന വിവേകശൂന്യമായ പ്രസ്താവന ഇതിന്റെ മറ്റൊരു രൂപമാണ്.

കേരള സ്റ്റോറി എന്ന അങ്ങേയറ്റത്തെ പ്രോപഗാന്റ സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയും ചില ക്രിസ്ത്യൻ സംഘടനകളും ഫാഷിസത്തിനു കുടപിടിക്കുകയാണ്. പറയുന്നതിൽ യാതൊരു കാമ്പുമില്ലെന്നു അറിഞ്ഞുകൊണ്ട് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങളുടെ  ഭാഗമാണിത്. രാമക്ഷേത്രത്തിൽ പോലീസുകാർക്ക് യൂനിഫോമിനു പകരം കാവിയുടപ്പ് അണിയച്ചതൊക്കെ ഈയൊരു പദ്ധതിയുടെ ഭാഗമാണ്. പ്രെമറി മുതൽ ഉന്നത വിദ്യാഭ്യാസരംഗത്തു പോലും അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് നിസാരമായി കാണാനാകില്ല.  

കേരള സ്റ്റോറി എന്ന അങ്ങേയറ്റത്തെ പ്രോപഗാന്റ സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയും ചില ക്രിസ്ത്യൻ സംഘടനകളും ഫാഷിസത്തിനു കുടപിടിക്കുകയാണ്.

സാംസ്കാരിക രംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ ഗൗരവകരമായ ആലോചനകൾ നടത്തുന്ന ഒരാൾ എന്ന നിലയിൽ, താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

കല- സാംസ്കാരിക രംഗങ്ങളിൽ ഹിന്ദുത്വവത്കരണം നടക്കുന്നുണ്ടെന്നതിൽ സംശയമില്ല. സംസ്കാരിക ഇടങ്ങളിലും അവരുടെ  പ്രവർത്തനം വ്യാപിക്കുന്നുണ്ട്. വ്യക്തിപരമായി മനുഷ്യപക്ഷത്തു നിൽക്കുന്ന ഒരാളെന്ന നിലയിൽ സംഘപരിവാർ ഫാഷിസത്തെ എതിർത്തുകൊണ്ടേ ജീവിക്കാൻ കഴിയൂ. അതുകൊണ്ടു തന്നെ, ഹിന്ദുത്വയെ എതിർക്കേണ്ടുന്ന ഇടങ്ങളിലെല്ലാം അതിനായി മുന്നിട്ടിറങ്ങുന്നുമുണ്ട്. എഴുത്തിലും പ്രവർത്തനത്തിലും കഴിയാവുന്ന മട്ടിൽ അവരെ തുറന്നുകാട്ടുന്നു. അത് തുടരുകയും ചെയ്യുമെന്നതിൽ യാതൊരു സന്ദേഹവുമില്ല.

ഗൗരി ലങ്കേഷ്

ചിന്തകളെ മാറ്റുകയല്ല ചെയ്യുന്നത്. മറിച്ച്, സംഘപരിവാറിനേയും അവരുടെ ഫാഷിസത്തേയും എക്കാലവും എതിർക്കേണ്ടതെന്ന ചിന്ത കൂടുതൽ ഉറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗൗരി ലങ്കേഷിനെ പോലുള്ളവരെ കൊന്നുകളഞ്ഞ ആശയം ഏതു നിമിഷവും അവരെ എതിർക്കുന്നവർക്കു നേർക്ക് വീണ്ടും വെടിയുതിർത്തേക്കാം. അതിൽ ഭയമൊട്ടുമില്ല.  മറിച്ച് കൂടുതൽ ശക്തമായി എതിർക്കേണ്ടതിന്റെ ആവശ്യകതയാണുള്ളത്. ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന ചോദ്യം ചരിത്രത്തിന്റെ പലഘട്ടങ്ങളിൽ എഴുത്തുകാർ നേരിടേണ്ടി വന്നിട്ടുണ്ട്. ഓഷ് വിറ്റ്സ് തടവറകളിൽ ഈ ചോദ്യം പലവട്ടം മുഴങ്ങിയിട്ടുണ്ട്. ഫാഷിസത്തിനെതിരെ എഴുതുന്നതിൽ നിന്ന് പിന്മാറാൻ തയാറാവത്തവർക്ക് കൊടിയ പീഡനങ്ങളുമേൽക്കേണ്ടിവന്ന ചരിത്രം മറക്കാനൊക്കില്ല. എന്നിട്ടും അവരൊന്നും ഫാഷിസത്തിനു വഴങ്ങിയിട്ടുമില്ല.  

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

ഏകം എന്നതിനെ എതിർക്കേണ്ടത് നാനാത്വത്തെ ഉപയോഗിച്ചാണ്. നാനാത്വത്തിലാണ് ഏകത്വം നിലനിൽക്കുന്നതെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, ഇന്ത്യയിലെ സകലമാന മത- ജാതി- ദേശ-സാംസ്കാര ഭേദമന്യേ എല്ലാത്തിനേയും ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. അതാണവർ ഏറ്റവും ഭയപ്പെടുന്നതും. അതിന്റെ തലയറുക്കുന്നതിനായി അവരുപയോഗിക്കുന്നത് ആചാരങ്ങളേയും വിശ്വാസങ്ങളേയും മുൻനിർത്തിയാണെന്നതു പ്രത്യേകം ശ്രദ്ധവേണ്ടതാണ്. 

ധ്രുവ് റാഠിയുടെ വീഡിയോകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എംസോൺ സിനിമ പുറത്തിറക്കിയ പോസ്റ്റർ Photo : malayalamsubtitles.org

പുതിയ കാലത്ത് സോഷ്യൽ മീഡിയ വഴി അവർ പ്രചരിപ്പിക്കുന്ന നുണകളെ പൊളിച്ചടക്കാൻ ജനാധിപത്യ വിശ്വാസികൾ ഓരോരുത്തരും തയാറാവണം. ധ്രുവിനെ പോലെ നമ്മളോരോരുത്തരും ഫാക്ട് ചെക്ക് നടത്തി, സ്വയം ഒരു മീഡിയ ആവേണ്ടതുണ്ട്. ധ്രുവിൻ്റെ വീഡിയോകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയ എം സോൺ എന്ന കൂട്ടായ്മയെ പോലെ അനേകർ ഇതിനായി തുനിഞ്ഞിറങ്ങണം. ഇന്നത്തെ ഇന്ത്യയെ ഫാഷിസത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുന്നവരിൽ മുൻപന്തിയിലുള്ളത് യുവാക്കളാണ്. അവരുടെ ഇടപെടലുകളിലൂടെ കല്ലുവെച്ച ഹിന്ദുത്വ നുണകളുടെ നട്ടെല്ലൊടിക്കാൻ സാധ്യമാണ്.അതു തന്നെയാണ് ഈയൊരവസ്ഥയെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ഇന്ത്യാ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഈ വരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

പണാധിപത്യവും മാധ്യമ പിന്തുണയും മാത്രമല്ല, ബി ജെ പിയെ ഇവിടെ സഹായിക്കുന്നത്. ഒരു വലിയ കൂട്ടം അരാഷ്ട്രീയതാവാദക്കാർ ഇവിടെയുണ്ട്.

യു ഡി എഫിന്റെ ഇന്നത്തെ അവസ്ഥയിൽ അവരെ കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചിട്ട് യാതൊരു കാര്യവുമില്ല. വർഗീയതയുടെ കാര്യത്തിൽ യു ഡി എഫും ഒട്ടും പിന്നിലല്ല. ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചതിൽ ചാണ്ടി ഉമ്മന്റെ അപക്വമായ പ്രസ്താവന നാം കണ്ടുകഴിഞ്ഞു. പണാധിപത്യവും മാധ്യമ പിന്തുണയും മാത്രമല്ല, ബി ജെ പിയെ ഇവിടെ സഹായിക്കുന്നത്. ഒരു വലിയ കൂട്ടം അരാഷ്ട്രീയതാവാദക്കാർ ഇവിടെയുണ്ട്. ഉദാഹരണത്തിന്, ട്വന്റി ട്വന്റി പോലുള്ള സംഘടനകളും ചില പ്രശസ്ത വ്യക്തികളും അതു ചെയ്യുന്നുണ്ട്. ‘ഞങ്ങൾക്ക് ആ രാഷ്ട്രീയമൊന്നുമില്ല, പക്ഷേ, ഇവിടത്തെ ഇടതുപക്ഷവും കോൺഗ്രസും ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നില്ല’ എന്ന വാദമാണ് അവരുടേത്. നമ്മൾ പണിയെടുത്താൽ നമുക്ക് ജീവിക്കാമെന്ന രീതി. അക്കൂട്ടരാവട്ടെ പതുക്കെ സംഘപരിവാർ കൂടാരത്തിലേക്ക് എത്തിപ്പെടുന്നുണ്ട്. ‘ഞങ്ങൾ സംഘിയല്ല, പക്ഷേ’ എന്നൊരു നറേഷൻ ബി ജെ പിയെ സഹായിക്കുന്നുണ്ട്.
എന്നിരുന്നാലും അവരുടെ തോൽവിയുടെ നില മെച്ചപ്പെടുത്തുമെന്നല്ലാതെ ഇവിടെ നിന്ന് ഒരു എം.പിയെ കിട്ടുമമെന്നു തോന്നുന്നില്ല. ഇടതുപക്ഷ സ്ഥാനാർത്ഥികളാണ് ഇവിടെ നിന്ന് പാർലമെന്റിലേക്ക് എത്തേണ്ടത്. ‘ഇന്ത്യ’ സംഖ്യത്തെ ശക്തിപ്പെടുത്തുന്നതിനും ഇനിയതല്ല, മികച്ച പ്രതിപക്ഷമാവാനും അവർക്ക് സാധിക്കുമെന്നുറപ്പുണ്ട്. 

Comments