ബംഗാളിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം / ഫോട്ടോ : വി.എസ്.സനോജ്

ഇടതുപക്ഷം ജനങ്ങൾക്കൊപ്പമായിരുന്നു,
​വിനയപൂർവം അവരെ കേൾക്കുകയായിരുന്നു

കെ-റെയിലിന്റെ കാലത്ത്​ നന്ദി ഗ്രാമിനെ ഓർക്കുമ്പോൾ

പശ്​ചിബംഗാളിലെ നന്ദി ഗ്രാമിൽ 2007-ൽ കൃഷിഭൂമി ഏറ്റെടുക്കലിനെതിരായി നടന്ന പ്ര​ക്ഷോഭത്തിന്റെയും പൊലീസ്​ വെടിവെപ്പിന്റെയും പശ്​ചാത്തലത്തിൽ മാർക്സിസ്റ്റ് ചിന്തകനും പശ്ചിമ ബംഗാളിലെ ആദ്യ ഇടതുമുന്നണി സർക്കാരിലെ (1977) ധനകാര്യ മന്ത്രിയുമായിരുന്ന അശോക് മിത്ര 2007 നവംബർ 20-ന്​, മാർക്‌സിസ്റ്റ് രാഷ്ട്രീയ- സൈദ്ധാന്തിക പ്രസിദ്ധീകരണമായ മന്ത്​ലി റിവ്യൂവിൽ എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. നന്ദിഗ്രാം സമരത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ നയപരിപാടികളിൽ വലിയ മാറ്റമുണ്ടാകേണ്ടതുണ്ട് എന്ന്​ പാർട്ടി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുന്ന ഈ ലേഖനം, കേരളത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിലുയരുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ സംവാദങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ രാഷ്ട്രീയവായനയിലേക്ക്​ നയിക്കുന്നു.

നന്ദിഗ്രാം പ്രശ്‌നത്തിൽ പശ്ചിമ ബംഗാളിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഉണ്ടാകുന്ന സംഭവങ്ങളിൽ ഞാൻ നിശബ്ദത പാലിച്ചാൽ മരണം വരെയും ഞാനെന്റെ മനഃസാക്ഷിയുടെ മുന്നിൽ കുറ്റക്കാരനായിരിക്കും. വേദനകൊണ്ടും ഒരാൾ പറിഞ്ഞുപോകാം. ആർക്കെതിരെയാണോ ഞാൻ സംസാരിക്കുന്നത് ഏറെക്കാലം അവരെന്റെ സഹപ്രവർത്തകരായിരുന്നു. അവർ നേതൃത്വം അലങ്കരിക്കുന്ന പാർട്ടി കഴിഞ്ഞ അറുപതു കൊല്ലക്കാലമായി എന്റെ സ്വപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരുന്നു.

വർണറിൽ നിന്ന്​ തുടങ്ങാം. ആനന്ദ പ്രസാദ് ശർമയെയും രാജേശ്വറിനെയുമൊക്കെ ഓർക്കുന്നവർ നിസംശയം അംഗീകരിക്കുന്ന കാര്യമാണ് ഗോപാൽകൃഷ്ണ ഗാന്ധിയെപ്പോലെ മര്യാദക്കാരനും മാന്യനും സഹാനുഭൂതിയുള്ളയാളും പണ്ഡിതനുമായ ഒരാളെ ഗവർണറായി ലഭിച്ചത് ഈ സംസ്ഥാനത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഭാഗ്യമാണെന്നത്. ഭരണകക്ഷിയുടെ കേന്ദ്ര നേതൃത്വം കാണിച്ച താത്പര്യം കൊണ്ടുകൂടിയാണ് അദ്ദേഹം ഈ പദവി സ്വീകരിച്ചത് എന്നുകൂടി എനിക്ക് കൂട്ടിച്ചേർക്കാനുണ്ട്. അദ്ദേഹത്തെ ഒരു ശത്രുവായി പ്രഖ്യാപിക്കാൻ ഭരണകക്ഷിയെ പ്രേരിപ്പിക്കുന്ന വിധത്തിൽ എന്ത് ഗുരുതരമായ തെറ്റാണ് അദ്ദേഹം ചെയ്തത്? നന്ദിഗ്രാമിൽ നിന്ന്​പലായനം ചെയ്യാനും ഖേജൂരിയിൽ അഭയം തേടാനും നിർബന്ധിതരായവരുടെ മടങ്ങിവരവിനെ നിയമവിരുദ്ധമെന്നും മാപ്പർഹിക്കാത്തതെന്നും അദ്ദേഹം വിശേഷിപ്പിച്ചു എന്നാണ് സത്യം വളച്ചൊടിച്ചുകൊണ്ട് പ്രചരിപ്പിക്കുന്നത്. അദ്ദേഹമങ്ങനെ ചെയ്തിട്ടില്ല. അവരെ തിരിച്ചുകൊണ്ടുവന്ന രീതിയെ അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ അദ്ദേഹം അപലപിച്ചു. ഈ മടങ്ങിവരവിന് പിന്നിൽ നടന്ന ഉപജാപങ്ങളെന്താണെന്ന് ഇന്നിപ്പോൾ ലോകത്തിനറിയാം.

ദുരിതക്കയത്തിലായ ഈ മനുഷ്യരെ അവരുടെ സ്വന്തം വീടുകളിൽ രാഷ്ട്രീയ മധ്യസ്ഥ ചർച്ചകളിലൂടെയും ഭരണസംവിധാനങ്ങൾ വഴിയും പുനരധിവസിപ്പിക്കാൻ കഴിഞ്ഞ ഏഴുമാസമായി സർക്കാരിന് ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഏകപക്ഷീയമായ ഭീഷണികളും പൊലീസ് നടപടികളും ലക്കും ലഗാനുമില്ലാതെ വെടിവെപ്പും വഴി നടത്തിയ ശ്രമങ്ങൾ ദുരന്തം നിറഞ്ഞ അന്ത്യത്തിലേക്കാണ് കാര്യങ്ങളെയെത്തിച്ചത്. പക്ഷെ ഇനിയും നിരവധി പ്രശ്‌നങ്ങൾ പരിശോധിക്കാൻ ബാക്കിയാണ്. തനി മഠയത്തരമായിരുന്ന ആ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് സർക്കാരിന് ഉടനടി പ്രഖ്യാപിക്കാമായിരുന്നു. ആ കുറ്റകൃത്യത്തിൽ പങ്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കുമെന്ന് വാഗ്ദാനം നല്കാമായിരുന്നു. ദിവസങ്ങൾ കടന്നുപോയിട്ടും സർക്കാർ ഒന്നും ചെയ്തില്ല. വിജയ് ടെണ്ടുൽക്കറുടെ "നിശബദത പാലിക്കുക, കോടതി നടക്കുകയാണ്' എന്ന നാടകത്തിന്റെ പേരുപോലെയാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെയും സംസ്ഥാനത്തെയും ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവിന് മമതാ ബാനർജിയെ വിളിച്ചിരുത്തി പ്രമേയത്തിനുവേണ്ട ഉപാധികൾ അവരുമായി ചർച്ച ചെയ്യാമായിരുന്നു. സർക്കാരിനെ അതിനെക്കുറിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു. അവരതുമായി മുന്നോട്ടുപോയില്ല.

ഇടതുമുന്നണി സർക്കാരിന് പൊതുമേഖലാ വ്യവസായങ്ങളിൽ താത്പര്യമില്ലായിരുന്നു. സംസ്ഥാനത്ത് സ്വകാര്യ വ്യവസായങ്ങൾ സ്ഥാപിക്കാനാണ് അവരാഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ദേശീയ, അന്താരാഷ്ട്ര മുതലാളിമാർക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വാഗ്ദാനങ്ങളുണ്ടായി.

ഫോർവേഡ് ബ്ലോക്കിന്റെ മുതിർന്ന നേതാവ് അശോക് ഘോഷിന്റെ നേതൃത്വത്തിൽ ഒരു സർവ-കക്ഷി സമ്മേളനം വിളിച്ചു. ഭരണകക്ഷിയുടെ പരോക്ഷ സമ്മർദത്താൽ അതും തടയപ്പെട്ടു. അതിനിടയിൽ അനിവാര്യമായ തരത്തിൽ, പ്രതിപക്ഷ കക്ഷികൾ നന്ദിഗ്രാമിലെ ആകെ അസ്ഥിരമായ സാഹചര്യങ്ങളെ തങ്ങളുടെ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. വിവിധ തരക്കാരായ നാനാവിധ സംഘടനകൾ സംഘർഷത്തിന്റെ ജ്വാല ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഇതിനെക്കുറിച്ച് ഭരണകക്ഷി പുറപ്പെടുവിക്കുന്ന അസംതൃപ്ത ഞെരുക്കങ്ങൾക്ക് എന്തായാലും ഒരു യുക്തിയുമില്ല. പതിനൊന്നു മാസം ഭവനരഹിതരായി കഴിഞ്ഞവരുടെ പറയാനാവാത്തത്ര കഷ്ടപ്പാടുകളുടെ ഉത്തരവാദിത്തം സർക്കാരിന്റെ ചുമലുകളിൽ മാത്രമാണ്.

സി.പി.ഐ.എം ബംഗാൾ സംസ്ഥാന സമ്മേളനത്തിനിടെ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയും സി.പി.ഐ.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും / Photo : CPIM West Bengal, fb page

കഴിഞ്ഞകാലത്തിലേക്കൊന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. നന്ദിഗ്രാമല്ല രക്തം പൊടിഞ്ഞ ആദ്യത്തെ മണ്ണ്. അതിനുമുമ്പ് സിംഗൂർ സംഭവം നടന്നു. ഇടതുമുന്നണി സർക്കാരിന് പൊതുമേഖലാ വ്യവസായങ്ങളിൽ താത്പര്യമില്ലായിരുന്നു. സംസ്ഥാനത്ത് സ്വകാര്യ വ്യവസായങ്ങൾ സ്ഥാപിക്കാനാണ് അവരാഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ദേശീയ, അന്താരാഷ്ട്ര മുതലാളിമാർക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വാഗ്ദാനങ്ങളുണ്ടായി. ആ ഭൂമി മുതലാളിമാർ വ്യവസായങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുമെന്നായിരുന്നു കരുതിയത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യവസായവത്കരണം പ്രഖ്യാപിച്ചിരുന്നതുകൊണ്ടും തെരഞ്ഞെടുപ്പിൽ അവർ 235 സീറ്റുകളിൽ വിജയിച്ചതുകൊണ്ടും തയ്യാറെടുപ്പുകളുടെ ആവശ്യമൊന്നുമുണ്ടായില്ല. പൊടുന്നനെ കർഷകരോട് ആജ്ഞാപിച്ചു; ഭൂമിയൊഴിഞ്ഞു പോകൂ, മുതലാളിമാർ ഇവിടെ വ്യവസായങ്ങൾ സ്ഥാപിക്കും. സിംഗൂരിലെ പ്രതിഷേധങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽനിന്നും രക്തച്ചൊരിച്ചിലുകളിൽ നിന്നും അവർ ഏറ്റവും ചുരുങ്ങിയ പാഠം പഠിച്ചിരുന്നെങ്കിൽ നന്ദിഗ്രാമിൽ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കുമായിരുന്നു. പക്ഷെ അതങ്ങനെയായിരുന്നില്ല. അത് എന്നത്തെയും പോലെ ധിക്കാരത്തോടെ തന്നെ നിന്നു. ഭരണകക്ഷിയുടെ മുതിർന്ന നേതാക്കൾ പോലും പറഞ്ഞിരുന്നത്, നന്ദിഗ്രാമിൽ പ്രതിപക്ഷകക്ഷികളുടെ സാന്നിധ്യം പോലുമില്ല എന്നാണ്. സർക്കാരാണ് അവർക്കവിടെ വളരാനുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. ഭരണകക്ഷിയുടെ വിശ്വസ്തരായ അണികൾ കലാപം പ്രഖ്യാപിക്കുകയും അവർക്കൊപ്പം നിൽക്കാത്തവരെ തുരത്തിയോടിക്കുകയുമായിരുന്നു. ഇതിന്റെ ഉത്തരവാദിത്തവും സർക്കാരിനാണ്.

വീഴ്ചകൾ ശീലമായി മാറിയിരിക്കുന്നു. ഇടതുമുന്നണി മഹത്തായൊരു തെരഞ്ഞെടുപ്പുവിജയം നേടിയിട്ട് ഒന്നരവർഷം ആകുന്നതേയുള്ളൂ. ഇതിനോടകം ധാർഷ്ട്യത്തിന്റെയും വിഡ്​ഢിത്തത്തിന്റെയും എത്രയോ ദൃഷ്ടാന്തങ്ങൾ!

പതിനൊന്നുമാസം സമ്പൂർണമായ നിശബ്ദതയും നിഷ്‌ക്രിയത്വവും ശ്രദ്ധാപൂർവം മുന്നോട്ടുകൊണ്ടുപോയി, രാഷ്ട്രീയമായോ ഭരണപരമായോ ഉള്ള ഒരു ബദൽമാർഗവും അന്വേഷിച്ചില്ല. പൊടുന്നനെ ഒരു പുതിയ പദ്ധതി ആസൂത്രണം ചെയ്തു. ആഭ്യന്തര സെക്രട്ടറി ആവർത്തിച്ച് സമ്മതിച്ചതുപോലെ പൊലീസിനോട് ഒന്നിലും ഇടപെടാതിരിക്കാൻ നിർദേശം നൽകി. കൂലിപ്പടയാളികളെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിച്ചു. ഭരണകക്ഷിയുടെ പ്രവർത്തകർ നന്ദിഗ്രാമിനെ എല്ലാ ദിശയിൽ നിന്നും വളഞ്ഞു. പക്ഷികൾ, പ്രാണികൾ, ഈച്ചകൾ, മാധ്യമപ്രവർത്തകർ ആർക്കും ഉപരോധം മറികടന്നുപോകാനുള്ള അനുമതി നൽകിയില്ല. അതിനുപിന്നാലെ ഭരണകക്ഷിയുടെ മിന്നൽപ്പട ആക്രമണം തുടങ്ങി, നന്ദിഗ്രാമിലെ എതിരാളികളെ തല്ലിത്തകർത്തു, കീഴ്പ്പെടുത്തി. പലായനം ചെയ്തവർ മടങ്ങിവന്നു. എന്നാൽ അവരുടെ മടങ്ങിവരവിന്റെ ആ നിമിഷം സമാന്തരവും വിപരീതവുമായ മറ്റൊരു ദൃശ്യം കണ്ടു. വീടുകൾ ചുട്ടെരിക്കുന്നു. നന്ദിഗ്രാമിൽത്തന്നെ കഴിഞ്ഞവരെ കൂട്ടക്കൊല ചെയ്തിരിക്കുന്നു. പ്രതികാരത്തിന്റെ ആഘോഷം. ഇപ്പോൾ നന്ദിഗ്രാമിന്റെ ആകാശത്ത് പുതിയ സംഘം അഭയാർഥികളുടെ നിലവിളികളുടെ പ്രതിധ്വനി മുഴങ്ങുന്നു.

ഏകപക്ഷീയമായ ഭീഷണികളും പൊലീസ് നടപടികളും ലക്കും ലഗാനുമില്ലാതെ വെടിവെപ്പും വഴി നടത്തിയ ശ്രമങ്ങൾ ദുരന്തം നിറഞ്ഞ അന്ത്യത്തിലേക്കാണ് കാര്യങ്ങളെയെത്തിച്ചത്.

സംഭവവികാസങ്ങളെക്കുറിച്ച് ഗവർണർക്ക് സെക്രട്ടറിമാർ റിപ്പോർട്ട്​ നല്കിയിരിക്കും. ആശങ്കയോടെ വകുപ്പ് മേധാവികളോട് സമാധാനം പുലർത്താൻ അദ്ദേഹം ആവശ്യപ്പെട്ടിരിക്കും. പക്ഷെ ഒരു ഫലവുമില്ല. നമ്മളിത് പറയുമ്പോഴും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. രക്തച്ചൊരിച്ചിലും അതുപോലെ നടക്കുന്നു. സംഭവത്തെ അപലപിച്ച്​ ഗവർണർ ഒരു പ്രസ്താവനയിറക്കി. അദ്ദേഹം പറഞ്ഞതും പറഞ്ഞ രീതിയും ഭരണഘടനയുടെ ചട്ടക്കൂട്ടിൽ വരുന്നതാണോ എന്നെനിക്കറിയില്ല. എന്നാൽ മനുഷ്യത്വത്തിന്റെ ചട്ടക്കൂട് മറന്നുപോകാത്തവർക്ക് മറ്റൊരഭിപ്രായമുണ്ടാകില്ല.

പ്രശ്‌നം സിംഗൂരിന്റെയോ നന്ദിഗ്രാമിന്റെയോ മാത്രമല്ല. അതിന് കൂടുതൽ ആഴവും ഗൗരവവുമുണ്ട്. വീഴ്ചകൾ ശീലമായി മാറിയിരിക്കുന്നു. ഇടതുമുന്നണി മഹത്തായൊരു തെരഞ്ഞെടുപ്പുവിജയം നേടിയിട്ട് ഒന്നരവർഷം ആകുന്നതേയുള്ളൂ. ഇതിനോടകം ധാർഷ്ട്യത്തിന്റെയും വിഡ്​ഢിത്തത്തിന്റെയും എത്രയോ ദൃഷ്ടാന്തങ്ങൾ! ‘‘എന്തും വരട്ടെ, സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും ഞങ്ങൾക്ക് നിയന്ത്രണമുണ്ട്​ എന്ന ഭാവമാണ്. ക്രിക്കറ്റ് ബോർഡിന്റെ അധ്യക്ഷൻ തെരഞ്ഞെടുക്കപ്പെടുന്നത് ഞങ്ങളുടെ താത്പര്യമനുസരിച്ചാണ്. ഞങ്ങളുടെ സ്ഥാനാർഥി പരാജയപ്പെട്ടാൽ, "ദുഷ്ടശക്തി വിജയിച്ചു, അവനെ തുരത്തിയോടിക്കും' എന്ന് ഞങ്ങൾ പറയും. സാധാരണ ജനങ്ങൾക്ക് മാത്രമല്ല, സാമ്പത്തിക ചിന്തകർക്കും സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളുണ്ട്. വെറും പുസ്തകപ്പുഴുക്കളായ ഇവർക്കൊക്കെ നടത്തിപ്പ് സംബന്ധിച്ച് എന്തറിയാം! (ഇതിന്റെ ഭാഗമായി, പ്രഭാത് പട്‌നായിക്കിനെപ്പോലെ ഒരു ഉന്നതനായ സാമ്പത്തികവിദഗ്ധൻ, പാർട്ടിസഖാവ് വേട്ടയാടപ്പെടുന്നു). ഈ സർക്കാരിന് എല്ലാത്തിനെക്കുറിച്ചും നല്ല ധാരണയുണ്ട്. ക്രിക്കറ്റ്, കവിത, സിനിമ, നാടകം തുടങ്ങി ഭൂമിയേറ്റെടുക്കൽവരെയുള്ള കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാം. ഞങ്ങൾക്ക് 235 സീറ്റുണ്ട്. അതുകൊണ്ട്, ആണവകരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഞങ്ങളെ ആരും പഠിപ്പിക്കേണ്ട'’ എന്നൊക്കെയാണ് ചിന്ത. 1987-ൽ ജ്യോതി ബസു ഇതിലധികം സീറ്റ്​നേടിയിരുന്നു. എന്തായാലും, അദ്ദേഹത്തിന് ഇത്തരമൊരു "ഗർവ്​' ഇല്ലായിരുന്നു.

മുൻ യു.എൻ. അറ്റോണി ജനറൽ റാംസി ക്ലർക് നന്ദിഗ്രാം വെടിവെയ്പ്പിന് ശേഷം സ്ഥലം സന്ദർശിച്ചപ്പോൾ. / Photo: Wikimedia Commons

മൂന്നുപതിറ്റാണ്ടുമുമ്പ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ഇടതുപക്ഷം, റൈറ്റേഴ്സ് ബിൽഡിങ്ങിലിരുന്ന്​ പൊള്ളയായ ചർച്ചകളിൽ അഭിരമിക്കുകയായിരുന്നില്ല. ജനങ്ങൾക്കൊപ്പമായിരുന്നു.

ഗർവിനൊപ്പം കെടുകാര്യസ്ഥതയുമുണ്ട്. സാർവത്രിക വിദ്യാഭ്യാസത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇപ്പോഴും പശ്ചിമ ബംഗാൾ പല സംസ്ഥാനങ്ങളേക്കാൾ പിന്നിലാണ്. തൊഴിൽദായക പദ്ധതികളിലേക്ക് ധാരാളം പണമെത്തുന്നുണ്ട്. ഭരണപരമായ മുൻകൈ പൂജ്യമാണെന്നുമാത്രം. തൊഴിൽരഹിതരും പട്ടിണിക്കാരും അങ്ങനെതന്നെ തുടരുന്നു. ഗോതമ്പിന്റെയും അരിയുടെയും കാര്യത്തിൽ കേന്ദ്രത്തിന്റെ സംവിധാനങ്ങളുണ്ടെങ്കിലും പൊതുവിതരണ ശൃംഖല വഴി അത് ഇടത്തരം, കീഴ്​ത്തട്ടുകളിലെ ജനവിഭാഗങ്ങളിലേയ്ക്ക് എത്തുന്നില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടികയിൽ എണ്ണമറ്റ പിഴവുകളും ഒഴിവാക്കലുമുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിലെ ദൗർബല്യങ്ങൾ സച്ചാർ കമ്മറ്റി റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.

സാർവത്രിക വിദ്യാഭ്യാസത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇപ്പോഴും പശ്ചിമ ബംഗാൾ പല സംസ്ഥാനങ്ങളേക്കാൾ പിന്നിലാണ്. / Photo: Wikimedia Commons

റിസ്വാനൂർ റഹ്‌മാന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ തന്നെ നോക്കുക. തന്റെ നിലപാട് പത്രസമ്മേളനത്തിൽ വെളിവാക്കിയ ദിവസം തന്നെ കൽക്കത്തയിലെ പൊലീസ്​ മേധാവിയെയും സംഘത്തെയും ഒഴിവാക്കുകയും അന്വേഷണം സി.ബി.ഐ.ക്കു കൈമാറുകയും ചെയ്തിരുന്നുവെങ്കിൽ, പൊതുജനരോഷം ഈ നിലയിൽ വളരുമായിരുന്നില്ല. പകരം നാം സാക്ഷ്യംവഹിച്ചത് അസാധാരണമായ മരവിപ്പിന്റെ പരമ്പരയാണ്. സമാനമായ അനുഭവങ്ങൾ വർധിക്കുകയാണ്.

"വികസനം' പുതിയ പ്രത്യയശാസ്ത്രമായി മാറിയപ്പോൾ, പാർട്ടിയിലെ ഈ അംഗങ്ങളുടെ പങ്കാളിത്തം വ്യക്തിപരമായ വളർച്ചതേടൽ മാത്രമായി. എടുക്കുന്നതിനുവേണ്ടിയാണ് അവർ വന്നത്, കൊടുക്കുന്നതിനല്ല.

എന്നാൽ മുൻപ്, മൂന്നുപതിറ്റാണ്ടുമുമ്പ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ഇടതുപക്ഷം, റൈറ്റേഴ്സ് ബിൽഡിങ്ങിലിരുന്ന്​ പൊള്ളയായ ചർച്ചകളിൽ അഭിരമിക്കുകയായിരുന്നില്ല. ജനങ്ങൾക്കൊപ്പമായിരുന്നു. വിനയപൂർവം അവരെ കേൾക്കുകയും അവരുടെ ഉപദേശ, അഭിപ്രായങ്ങൾ പരിഗണിച്ച് സർക്കാർപദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയുമായിരുന്നു. പഞ്ചായത്തുകളെ മെച്ചപ്പെടുത്തിയത് ഈ ഉദ്ദേശ്യത്തിലാണ്. ഈ സംവിധാനമെല്ലാം ഇന്ന് നിശ്ചലമായിരിക്കുന്നു. ജനാധിപത്യപരമായിട്ടാണ് ഇന്നും പഞ്ചായത്തുകൾ തെരഞ്ഞെടുക്കപ്പെടുന്നതെങ്കിലും, അവയുടെ സ്ഥിതി ദയനീയമായിട്ടുണ്ട്. അവിടെ എത്തിച്ചേരുന്ന ചെറിയ തുകകൾ നേരാംവണ്ണം ചെലവഴിക്കപ്പെടുന്നില്ല. നല്ലൊരുപങ്കും അജ്ഞാതമായ ഇടങ്ങളിലേയ്ക്ക് അപ്രത്യക്ഷ്യമാകുന്നു.

അശോക് മിത്ര

അതുകൊണ്ട്, അസുഖകരമായ സത്യങ്ങളെ ഇനി കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ക്കുണ്ടായ മാറ്റം എസ്.ഡി. ബർമന്റെ ഒരു ഗാനത്തിലെ വരികൾക്ക് സമാനമാണ്:"നിങ്ങളെങ്ങനെയായിരുന്നോ അങ്ങനെയല്ല നിങ്ങളിപ്പോൾ' . അതിന്റെ അംഗങ്ങളിൽ 90 ശതമാനവും 1977-നു ശേഷവും 70 ശതമാനം 1991-നു ശേഷവുമാണ് കടന്നുവന്നത്. പാർട്ടിയുടെ ത്യാഗത്തിന്റെ ചരിത്രം അവർക്കറിയില്ല. അവരെ സംബന്ധിച്ച് വിപ്ലവത്തോടും സോഷ്യലിസത്തോടുമുള്ള പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത ഒരു പഴങ്കഥ മാത്രം. "വികസനം' പുതിയ പ്രത്യയശാസ്ത്രമായി മാറിയപ്പോൾ, പാർട്ടിയിലെ ഈ അംഗങ്ങളുടെ പങ്കാളിത്തം വ്യക്തിപരമായ വളർച്ചതേടൽ മാത്രമായി. എടുക്കുന്നതിനുവേണ്ടിയാണ് അവർ വന്നത്, കൊടുക്കുന്നതിനല്ല. ഭരണപാർട്ടിയുമായി ചേർന്നുനിന്ന് പലവിധ ആനുകൂല്യങ്ങൾ നേടാൻ അവർ വ്യത്യസ്തമായ കൗശലങ്ങൾ പഠിക്കുന്നു. നേതാക്കളെ പുകഴ്​ത്തുന്നത് ഉദ്ദിഷ്ഠകാര്യസാധ്യത്തിന് ഫലപ്രദമായൊരു മാർഗമാണ്. സ്തുതിപാഠകരുടെയും ആസ്ഥാനവിദൂഷകരുടെയും മൈതാനമായി പാർട്ടി മാറിയിരിക്കുന്നു. സാമൂഹ്യവിരുദ്ധരുടെ ആധിപത്യം അതിൽ ഏറിവരുന്നുമുണ്ട്. പലവിധ കാരണങ്ങളാൽ, ഓരോ രാഷ്ട്രീയപാർട്ടിയും സാമൂഹ്യവിരുദ്ധർക്ക് അഭയകേന്ദ്രമാകുന്നു. പിന്നിൽ നിലയുറപ്പിക്കുന്ന അവർ ആവശ്യഘട്ടങ്ങളിൽ നിർദേശപ്രകാരം കർമനിരതരാകുന്നതാണ് രീതി. എഴുപതുകളിൽ ഈ സാമൂഹ്യവിരുദ്ധർ കോൺഗ്രസിന്റെ ഉയർന്ന പടവുകളിൽ വരെ എത്തി. സമാനമായ ഗതികേട് കമ്യൂണിസ്റ്റ് പാർട്ടിക്കുമുണ്ടാകുമോ എന്ന് ഞാൻ ആശങ്കപ്പെടുകയാണ്.

ദീർഘകാലമായി പാർട്ടി അംഗമായി തുടരുന്ന, ഒട്ടേറെ ത്യാഗങ്ങളിലൂടെ കടന്നുവന്ന, ആദർശശാലികളായ മുതിർന്ന ധാരാളം പേർ ഇന്ന് നിരാശരാണ്, നിർജീവമാണ്. ഏതുതരത്തിലുള്ള എതിർപ്പും അച്ചടക്കനടപടി ക്ഷണിച്ചുവരുത്തുകയും ചെയ്യും. ജീവിതത്തിന്റെ അവസാന നാളുകളിൽ പാർട്ടിയിൽനിന്ന് പുറത്തായാൽ, പിന്നെ ആശ്രയമെന്താണ്?

എനിക്ക് ജ്യോതി ബസുവിനോട് സഹതാപമാണ്. അദ്ദേഹത്തോടൊപ്പം 1977 ജൂൺ 21-ന് ഇടതുസർക്കാരിന്റെ മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത നാലുപേരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ഞാൻ മാത്രമാണ്. തടവിലാക്കപ്പെട്ട ഷാജഹാന്റേതുപോലുള്ള അദ്ദേഹത്തിന്റെ ഇന്നത്ത അവസ്ഥ എന്റെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിക്കുന്നു. സമയാസമയങ്ങളിൽ ഉപദേശങ്ങൾ നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ സംസ്ഥാനനേതൃത്വം ഗൗനിക്കുന്നുപോലുമില്ല. ഇനി അദ്ദേഹത്തിന്റെ നിലപാടുകൾ ഏതെങ്കിലും തരത്തിൽ നേതൃത്വത്തിന് അസുഖകരമാണെന്ന് വന്നാൽ, അത് പാർട്ടിപ്രസിദ്ധീകരണങ്ങളിൽ വെളിച്ചം കാണില്ല. എല്ലാ വെള്ളിയാഴ്ചയും പാർട്ടി സെക്രട്ടറിയുടെ യോഗം കഴിഞ്ഞിറങ്ങുമ്പോൾ അദ്ദേഹം ഓരോന്നാണ് പറയുന്നത്, കഴിഞ്ഞതവണ പറഞ്ഞതിനു തീർത്തും എതിരാകും ഇത്തവണ പറയുന്നത്.

മമതാ ബാനർജി ജ്യോതി ബസുവിനൊപ്പം

എന്നാൽ, എന്റെ യഥാർഥ ഉത്ക്കണ്ഠ മറ്റൊന്നാണ്. നിലവിലെ ഭരണകക്ഷിക്ക് മമത ബാനർജി വലിയ അനുഗ്രഹമാണ്. നഗര, ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഇടതുപക്ഷത്തോട് അസംതൃപ്തിയാണ്. പകരം മമത ബാനർജിയുടെ വരവ് തികച്ചും ഭീകരമാണെന്നതിനാൽ, വീണ്ടും ഇടതുപക്ഷത്തിനുതന്നെ വോട്ട് ചെയ്യേണ്ടിവരും. എന്നാൽ, രണ്ടും തമ്മിൽ വ്യത്യാസമില്ലെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന നിലയിലേക്ക് ഇടതുമുന്നണി സർക്കാരിന്റെ ദാർഷ്ട്യവും കെടുകാര്യസ്ഥതയും വളർന്നിട്ടുണ്ട്. അതാണ് യഥാർഥ ദുരന്തം. മമതാ ബാനർജിയുടെ പെരുമാറ്റരീതി, രക്ഷാകർത്തൃത്വം, പരിപാടി, പ്രവർത്തനരീതി, സംസാരം ഇവ ശ്രദ്ധിച്ചാൽ ബോധ്യമാകും - അവർ ഫാസിസത്തിന്റെ മൂർത്തീകരണമാണ്.

എന്റേതെന്ന് ഞാൻ ഇപ്പോഴും സ്‌നേഹിക്കുന്ന പാർട്ടിയുടെ കേന്ദ്രനേതൃത്വത്തോട് ഉത്ക്കടമായൊരു അപേക്ഷയുണ്ട്. ദയവായി ചിന്തിക്കൂ. നിങ്ങൾ മാവോയിസ്റ്റ് ഭീകരതയിൽ വിറളിപിടിക്കുന്നു, എന്നാൽ അങ്ങനെ വിറളിപിടിക്കുന്നത് പശ്ചിമബംഗാളിനെ ഫാസിസത്തിന്റെ ഓവുചാലിലേയ്ക്ക് എറിയുവാൻ നിങ്ങളെ പ്രേരിപ്പിക്കേണ്ടതുണ്ടോ? ▮

പിൻകുറിപ്പ്​​​​​​​1977 മുതൽ 2011 വരെ 34 വർഷം സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി ബംഗാൾ ഭരിച്ചു. നന്ദിഗ്രാം, സിംഗൂർ സംഭവങ്ങൾക്ക് ശേഷം 2011-ൽ നടന്ന തെരഞ്ഞെടുപ്പിൽ 41% വോട്ടും 62 സീറ്റുമായി ഇടതുമുന്നണി പ്രതിപക്ഷത്തായി. അതിനുമുമ്പ് നടന്ന 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 50.1% വോട്ടും 235 സീറ്റുമായിരുന്നു ഇടതുമുന്നണി നേടിയത്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 26% വോട്ടും 32 സീറ്റുമായി ഇടതുമുന്നണി പിന്നെയും ശോഷിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ സമ്പൂർണ തകർച്ചയിൽ അമ്പരക്കാൻപോലും കഴിയാത്തവിധം ഇടതുമുന്നണിയും സി.പി.എമ്മും ശിഥിലമായി. 5.6% വോട്ടുകൾ മാത്രം നേടിയ ഇടതുമുന്നണിക്ക് നിയമസഭയിൽ ഒരംഗം പോലുമില്ല. മത്സരിച്ച 177 സീറ്റിൽ 158 ലും സി.പി.എമ്മിന്​കെട്ടിവെച്ച കാശ് നഷ്ടമായി. പാർട്ടിയുടെ മൊത്തം വോട്ട്​ 4.67% മാത്രം. മത്സരിച്ചതിൽ നാലു മണ്ഡലങ്ങളിൽ മാത്രമാണ് സി.പി.എമ്മിന്​ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത്. ഏതാണ്ട് മൂന്നര പതിറ്റാണ്ടിലെ തുടർഭരണത്തിനു ശേഷം കേവലം പത്തു വർഷത്തിനുള്ളിൽ നിയമസഭയിൽ ഒരംഗം പോലുമില്ലാത്തവിധത്തിൽ സി.പി.എം. ബംഗാളിൽ തകർന്നടിഞ്ഞു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​​


അശോക് മിത്ര

സാമ്പത്തിക വിദഗ്ധൻ, മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ. ഇന്ത്യൻ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. പശ്ചിമബംഗാളിലെ ആദ്യ ഇടതുമുന്നണി സർക്കാറിലെ ധനകാര്യ മന്ത്രി. 2018-ൽ അന്തരിച്ചു.

Comments