ജനാധിപത്യത്തിന് വെല്ലുവിളി
പുറത്തുനിന്നല്ല അകത്തുനിന്നാണ്;
കെ. വേണുവിന്…

‘‘ജനായത്തം തന്നെ പ്രതിസന്ധിയിലായ സമകാലീനാവസ്ഥയിൽ ജനായത്തത്തിന്റെ നിലനില്പിനുള്ള ഭീഷണികളെ അതിന്റെ ആന്തരികഘടനയിൽ പരിശോധിക്കുന്നതിനു പകരം അതിർത്തിക്കുപുറത്തേക്ക് വിരൽ ചൂണ്ടുകയാണ് വേണു ചെയ്യുന്നത്. അതായത്, തികഞ്ഞ ജനാധിപത്യവാദിയായ വേണുവും ജനാധിപത്യത്തിന്റെ ആന്തരിക ജീർണ്ണതകളെ സമീപിക്കുന്നതിന് കടുത്ത വിമുഖത പുലർത്തുകയാണ്’’- ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ച കെ. വേണുവിൻെറ ‘സൈനിക ഫാഷിസം, മത ഫാഷിസം, കമ്യൂണിസ്റ്റ് ഫാഷിസം: ജനാധിപത്യം നേരിടുന്ന മൂന്നു വെല്ലുവിളികൾ’ എന്ന ലേഖനത്തിന് അശോകകുമാർ വി. എഴുതിയ പ്രതികരണം.

നാധിപത്യ (Democracy) സംരക്ഷണത്തിനായി കേരളീയ പൊതുസമൂഹത്തിൽ ചർച്ചകൾ രൂപപ്പെടണം എന്ന ലക്ഷ്യം മുൻനിർത്തി കെ. വേണു (K Venu) ട്രൂകോപ്പി വെബ്സീനിൽ (പാക്കറ്റ് 201) എഴുതിയ ലേഖനത്തെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യമൂല്യങ്ങളോടുളള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുന്നു.

സൈനിക ഫാഷിസം, മത ഫാഷിസം, കമ്മ്യൂണിസ്റ്റ് ഫാഷിസം എന്നിവയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളികളായി വേണു ചൂണ്ടിക്കാണിക്കുന്നത്. കമ്യൂണിസത്തിന്റെ തകർച്ചക്കു കാരണം പുറമേ നിന്നും എതിർശക്തികളുടെ ആക്രമണമല്ല, പകരം ജനാധിപത്യത്തെ തെല്ലും മാനിക്കാത്ത അതിന്റെ ആന്തരികഘടന തന്നെയാണെന്നു തിരിച്ചറിഞ്ഞ്, കമ്യൂണിസത്തെ പാടെ കൈയൊഴിഞ്ഞ്, ജനായത്ത മൂല്യങ്ങൾക്കുവേണ്ടി ഉറച്ചു നിലകൊള്ളുന്ന അപൂർവ്വ ബൗദ്ധിക മാതൃകയാണ് കെ. വേണു. എന്നാൽ, ജനായത്തം തന്നെ പ്രതിസന്ധിയിലായ സമകാലീനാവസ്ഥയിൽ ജനായത്തത്തിന്റെ നിലനില്പിനുള്ള ഭീഷണികളെ അതിന്റെ ആന്തരികഘടനയിൽ പരിശോധിക്കുന്നതിനു പകരം അതിർത്തിക്കുപുറത്തേക്ക് വിരൽ ചൂണ്ടുകയാണ് വേണു ചെയ്യുന്നത്.

"സ്വാതന്ത്ര്യകാലം മുതൽക്കേ മതേതര ജനാധിപത്യ അടിത്തറ ശക്തമായി നിലനിർത്തിപ്പോന്ന ഇന്ത്യയിൽ മത ഫാഷിസത്തിന് ആധിപത്യം നേടാനായത് ഇന്ത്യൻ സമൂഹവും ഇന്ത്യൻ ജനാധിപത്യവും നേരിട്ട വലിയ തിരിച്ചടിയാണ്’’ എന്നാണദ്ദേഹം പറഞ്ഞു വെയ്ക്കുന്നത്. കൂടാതെ, "കക്ഷിരാഷ്ട്രീയത്തിനതീതമായി സിവിൽ സമൂഹം സംഘടിതമായി ചെറുത്തുനില്പിന് തയ്യാറായാലേ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം സാർത്ഥകമാവൂ എന്നാണ്, മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് മരിക്കേണ്ടിവന്ന സ്റ്റാൻ സാമിയുടെയുടെയും സായിബാബയുടെയും പൊതുജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്. എന്നാൽ പാർലമെൻറ്റി ജനാധിപത്യത്തിന്റെ വളർച്ചയെ തടഞ്ഞും അതിനെ നിർവീര്യമാക്കിയും മത ഫാഷിസം ഇന്ത്യയിൽ പ്രബലമാകുന്ന ഈ കാലം ഇത്തരം മരണങ്ങളെപ്പോലും വാർത്തകളിൽനിന്ന് മാറ്റി നിർത്താൻ ശ്രദ്ധിക്കുന്നതു കാണാം. അതിൽ ഏറെക്കുറെ അവർ വിജയിക്കുന്നുമുണ്ട് " എന്നും വേണു എഴുതുന്നു. അതായത്, ഫാഷിസ്റ്റ് ശത്രുക്കളിൽ നിന്ന് ‘വിശുദ്ധ’ ജനാധിപത്യത്തെ രക്ഷിക്കൂ എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

കമ്യൂണിസത്തെ സ്വയം വിമർശനാത്മകമായി മനസ്സിലാക്കാൻ തയ്യാറാകാതെ, ശത്രുപക്ഷത്താൽ തങ്ങളുടെ സാമ്രാജ്യം തകർക്കപ്പെട്ടു എന്നു പരിതപിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ അതേ ശൈലിയാണ് ജനായത്തത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ കെ. വേണുവും ആവർത്തിക്കുന്നത്
കമ്യൂണിസത്തെ സ്വയം വിമർശനാത്മകമായി മനസ്സിലാക്കാൻ തയ്യാറാകാതെ, ശത്രുപക്ഷത്താൽ തങ്ങളുടെ സാമ്രാജ്യം തകർക്കപ്പെട്ടു എന്നു പരിതപിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ അതേ ശൈലിയാണ് ജനായത്തത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ കെ. വേണുവും ആവർത്തിക്കുന്നത്

കമ്യൂണിസത്തെ സ്വയം വിമർശനാത്മകമായി മനസ്സിലാക്കാൻ തയ്യാറാകാതെ, ശത്രുപക്ഷത്താൽ തങ്ങളുടെ സാമ്രാജ്യം തകർക്കപ്പെട്ടു എന്നു പരിതപിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ അതേ ശൈലിയാണ് ജനായത്തത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ വേണുവും ആവർത്തിക്കുന്നത്. അതായത്, കമ്യൂണിസത്തെ ജനായത്തത്തിന്റെ വെളിച്ചത്തിൽ ഇഴവേർപെടുത്തി സ്വയംവിമർശനം നടത്താൻ തയ്യാറാകാത്ത കമ്യൂണിസ്റ്റുകളെപ്പോലെ, തികഞ്ഞ ജനാധിപത്യവാദിയായ വേണുവും ജനാധിപത്യത്തിന്റെ ആന്തരിക ജീർണ്ണതകളെ സമീപിക്കുന്നതിനു കടുത്ത വിമുഖത പുലർത്തുകയാണ്. അതിനാൽ, ജനായത്തം ഇന്നു നേരിടുന്ന വെല്ലുവിളികളെ അതിന്റെ ആന്തരിക തലത്തിൽ തന്നെ പരിശോധിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. കാരണം ജനായത്ത ശത്രുക്കളിലേയ്ക്ക് തകർച്ചയുടെ ഉത്തരവാദിത്വം കെട്ടിവെച്ചുകൊടുക്കുന്നതിലൂടെ കൂടുതൽ പ്രതിരോധവീര്യമുള്ള ജനാധിപത്യത്തെ നമുക്ക് പുനർനിർമ്മിക്കാനാവില്ല. അതിന് പാശ്ചാത്യ ജനാധിപത്യത്തെ തന്നെ വിമർശന വിധേയമാക്കണം.

പാശ്ചാത്യ ജനാധിപത്യത്തിന്റെ ശത്രുവിനെ മത ഫാഷിസമെന്നോ സൈനിക ഫാഷിസമെന്നോ കമ്യൂണിസ്റ്റ് ഫാസിസമെന്നോ കണ്ട് ദേശരാഷ്ട്രത്തിന്റെ അതിർത്തിക്കു പുറത്തല്ല കാവൽ നിൽക്കേണ്ടത്. അതിനു പകരം ആന്തരിക ജീർണ്ണതകളിലും അതിനുള്ള കാരണങ്ങളിലേയ്ക്കുമാണ് നമ്മുടെ കണ്ണു പതിയേണ്ടത്.

പാശ്ചാത്യ ജനാധിപത്യത്തിന്റെ മുന്നോടിയായ ദേശരാഷ്ട്രം നിർമ്മിക്കപ്പെടുന്നത് യൂറോപ്യൻ രാജ്യങ്ങളുടെ കോളനിവൽക്കരണ മത്സരവുമായി ബന്ധപ്പെട്ടാണ്. നിയതമായ അതിർത്തിയും അതിൽ പരമാധികാരവുമുള്ള ദേശരാഷ്ട്ര രൂപീകരണത്തിന്റെ അടിത്തറ നിർണ്ണയിക്കുന്നതാകട്ടെ സവിശേഷമായ ദേശീയ സാംസ്ക്കാരിക തനിമ എന്ന പുതിയ കണ്ടുപിടുത്തം വഴിയാണ്. കോളനിവൽക്കരണമില്ലെങ്കിൽ ദേശീയ സംസ്ക്കാരത്തിൽ അടിത്തറയിട്ട പശ്ചാത്യ ദേശരാഷ്ട്രമില്ല. ദേശീയതയാൽ കെട്ടിപ്പടുത്ത രാഷ്ട്രമെന്ന വികാരത്താൽ സമൂഹത്തെ ഐക്യപ്പെടുത്തിക്കൊണ്ടു മാത്രമേ കോളനിവൽക്കരണത്തിനു മുന്നേറാൻ കഴിയൂ. കാരണം കോളനിവൽക്കരിക്കപ്പെടുന്നവരെയും കോളനി യജമാനരെയും വേർതിരിക്കുന്ന അടിസ്ഥാനശിലയാണ് ദേശരാഷ്ട്രം. രണ്ടാമതായി, അത് കോളനി-യജമാന രാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്രാജ്യത്വ വെട്ടിപ്പിടുത്ത പോരാട്ടങ്ങളിൽ കളിനിയമങ്ങൾ വരച്ചു, പരസ്പര സഹകരണവും മത്സരവും ഉറപ്പാക്കുന്നു.

ദേശീയ സാംസ്ക്കാരിക തനിമയെ സമൂഹത്തിൽ സ്ഥാപിച്ച്, ജനതയെ ഏകോപിപ്പിച്ചുകൊണ്ടാണ് കോളനിവ്യാപന സാമ്രാജ്യത്വം എന്ന അതിക്രമത്തെ നീതീകരിക്കുന്നതും ശക്തിപ്പെടുത്തുന്നതും. ദേശീയതയെന്നത് ആഭ്യന്തര അച്ചടക്കം സൃഷ്ടിക്കുന്നതിനും അതിനായി അവിടെ ആഭ്യന്തര അതിക്രമം നടത്തുന്നതിനും ഉതകുമ്പോൾ എതിർവശത്ത് കോളിവൽക്കരണ അതിക്രമങ്ങളുടെ നീതീകരണവും സാധ്യമാക്കുന്നു. ദേശീയവികാരത്തിൽ അധിഷ്ഠിതമായ ദേശരാഷ്ട്രമുള്ളവർ എല്ലാവിധത്തിലും ഉത്തമരും, ദേശരാഷ്ട്രം ഇല്ലാത്തവർ എല്ലാവിധത്തിലും അധമരും എന്ന ആധുനിക രാഷ്ട്രീയവിവേചനമാണ് കോളനിവൽക്കരണ അതിക്രമങ്ങളെ സാധൂകരിക്കുന്നത്. ദേശരാഷ്ട്രം ഇല്ലാത്തവരെ ദേശരാഷ്ട്രമുള്ളവരാക്കി ‘സംസ്കൃത രാഷ്ട്രീയ’ ചിത്തരാക്കി മാറ്റുക എന്ന ദൗത്യമാണ് പാശ്ചാത്യ കോളനിവൽക്കരണ ഹിംസയുടെ നീതീകരണം.

ദേശീയതയാൽ കെട്ടിപ്പടുത്ത രാഷ്ട്രമെന്ന വികാരത്താൽ സമൂഹത്തെ ഐക്യപ്പെടുത്തിക്കൊണ്ടു മാത്രമേ കോളനിവൽക്കരണത്തിനു മുന്നേറാൻ കഴിയൂ. കാരണം കോളനിവൽക്കരിക്കപ്പെടുന്നവരെയും കോളനി യജമാനരെയും വേർതിരിക്കുന്ന അടിസ്ഥാനശിലയാണ് ദേശരാഷ്ട്രം
ദേശീയതയാൽ കെട്ടിപ്പടുത്ത രാഷ്ട്രമെന്ന വികാരത്താൽ സമൂഹത്തെ ഐക്യപ്പെടുത്തിക്കൊണ്ടു മാത്രമേ കോളനിവൽക്കരണത്തിനു മുന്നേറാൻ കഴിയൂ. കാരണം കോളനിവൽക്കരിക്കപ്പെടുന്നവരെയും കോളനി യജമാനരെയും വേർതിരിക്കുന്ന അടിസ്ഥാനശിലയാണ് ദേശരാഷ്ട്രം

ദേശരാഷ്ട്രം ഭൂരിപക്ഷ ദേശീയതയുടെ സാംസ്ക്കാരിക സ്വത്വനിർമ്മാണം വഴി കെട്ടിപ്പടുത്തതാണെങ്കിൽ, ഈ ദേശരാഷ്ട്ര പ്രത്യയശാസ്ത്രത്തോടൊപ്പം നാമ്പിട്ട പാശ്ചാത്യ ജനാധിപത്യം സാംസ്ക്കാരിക ഭൂരിപക്ഷത്തിന്റെ ഭരണമല്ലാതെ മറ്റെന്താണ്? 17 - 18 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ആരംഭിച്ച പ്രാതിനിധ്യ ജനാധിപത്യവും 19, 20 നൂറ്റാണ്ടുകളിൽ വളർന്ന സാർവ്വത്രിക വോട്ടവകാശ ജനാധിപത്യവും ഭൂരിപക്ഷാധിപത്യവാദത്തെ കൂടുതൽ ദൃഢപ്പെടുത്തി. അതായത്, സാർവ്വത്രിക വോട്ടവകാശത്തിലൂടെ സ്ഥാപിതമായ ബഹുജന രാഷ്ട്രീയം പാശ്ചാത്യ ദേശരാഷ്ട്ര - ജനാധിപത്യ കൂട്ടുകെട്ടിന്റെ ആരാധനാമൂർത്തിയായ സാംസ്ക്കാരിക ഭൂരിപക്ഷാധികാര വാദത്തിൽ അടിയുറച്ചതാണ്. കാരണം, പാശ്ചാത്യ ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് ഭൂരിപക്ഷ ദേശീയതയെന്ന നിർമ്മിതവികാരം. ദേശാഭിമാനം എന്ന നിർമ്മിത വികാരം കോളനികളിലേതുപോലെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ നിന്നുണ്ടായതല്ല പാശ്ചാത്യ രാജ്യങ്ങളിൽ. പകരം അവിടങ്ങളിൽ ഭൂരിപക്ഷ ദേശാഭിമാനത്തിന്റെ വൈകാരിക നിർമ്മാണം നടക്കുന്നത് സാമ്രാജ്യത്വ അധിനിവേശ യത്നങ്ങളുമായി ബന്ധപ്പെട്ടാണ്. അതായത് അവിടങ്ങളിൽ രാജവാഴ്ചയെ മറിച്ചിട്ട് രാജവിനോടുള്ള കൂറിനു പകരം ദേശക്കൂറിലേക്കു സമൂഹം മാറുന്നത് ലോകം കീഴടക്കുന്നതിനുള്ള അധിനിവേശ കപ്പലോട്ട മത്സരങ്ങളുടെ ഭാഗമായിട്ടാണ്.

സാമ്രാജ്യത്വ ജനാധിപത്യത്തിന് അതിന്റെ എല്ലാ വൈകല്യങ്ങളും അതേ പടി പുറത്തെടുക്കാൻ മുൻകോളനിയിൽ ആരെയും പേടിക്കേണ്ട ആവശ്യമില്ല; വിരലിലെണ്ണാവുന്ന പൗരാവകാശ പ്രവർത്തകർ ഒഴികെ. അവരിൽ നല്ലൊരുപങ്കും ഇപ്പോൾ ഇന്ത്യൻ ജയിലുകളിലുണ്ടല്ലോ.

നാട്ടുപ്രഭുക്കന്മാർ തട്ടിക്കൂടി കൊടുക്കുന്ന സൈന്യബലം കൊണ്ട് യൂറോപ്യൻ ഉപഭൂഖണ്ഡത്തിലെ മധ്യകാല യുദ്ധങ്ങൾ സാധ്യമാകുമെങ്കിലും, കടൽ കടന്ന് വിദൂര ഭൂഖണ്ഡങ്ങൾ വെട്ടിപ്പിടിക്കണമെങ്കിൽ, രാജ്യത്തിന് സ്വന്തമായി സ്ഥിരം സൈന്യവും, അവരെ സജ്ജമാക്കുന്ന ശക്തമായ പരമാധികാര ഭരണകൂടവും കൂടിയ തീരൂ. മതം, ഭാഷ, സംസ്ക്കാരം, വംശീയത ഇവയെ തരാതരം പോലെ മുൻനിർത്തി ദേശാഭിമാന പ്രചോതിദമായ ദേശരാഷ്ട്രം നിർമ്മിച്ചു കൊണ്ടേ രാഷ്ട്രത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്ന ചെറുപ്പക്കാരെ ചെല്ലും ചെലവും കൊടുത്ത് സ്ഥിരം സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ പറ്റൂ. അങ്ങനെയാണ് ഒരു രാജാവിനു വേണ്ടിയല്ലാതെ ‘ബ്രിട്ടീഷ് സാമ്രാജ്യം നീളാൾ വാഴട്ടെ’ എന്നു പറഞ്ഞ് ഒരു ഭൂപ്രദേശത്തിനും അതിന്റെ ലോകാധിപത്യത്തിനും വേണ്ടി പടക്കളത്തിലിറങ്ങാൻ സാധാരണക്കാരിൽ നിന്നും പടയാളികളെ കിട്ടുന്നത്. ഇങ്ങനെ സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങൾക്ക് ചാവേറുകളായി മാറിക്കൊണ്ടാണ് ചരിത്രത്തിൽ യൂറോപ്യൻ അടിത്തട്ടു ജനതയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

കോളനിവൽക്കരണ മത്സരങ്ങളിൽ മുഴുകിയ യൂറോപ്യൻ ദേശരാഷ്ട്രങ്ങളുടെ പ്രെഫഷണലായ സ്ഥിരം സൈന്യത്തെയും പരമാധികാര ഭരണകൂടത്തിന്റെ ബ്യൂറോക്രസിയെയും തീറ്റിപ്പോറ്റണമെങ്കിൽ പരമ്പരാഗത ഫ്യൂഡൽ നികുതി ഘടനയ്ക്കു പുറത്ത് നികുതി സമാഹരണത്തിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയേ തീരൂ. വിദേശവാണിജ്യത്തിനും ആഗോള കീഴടക്കലിനും ‘റോയൽ ചാർട്ടർ’ സമ്പാദിച്ച്, കോളനികളിൽ നിന്ന് ധനം സമാഹരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പോലുള്ള ട്രേഡർ സംഘവും അവരുടെ ഓഹരിയുടമകളും ദേശരാഷ്ട്രത്തിന്റെ പുതിയ (കസ്റ്റംസ് ഡ്യൂട്ടിയും എക്സൈസ് ഡ്യൂട്ടിയും മറ്റും കൊടുത്ത് ) നികുതിദായകരായി മാറി. ഈ പുത്തൻ നികുതിദായക വർഗ്ഗമാണ് സാമൂഹ്യ ഉടമ്പടി (Social Contract) പ്രകാരം രൂപപ്പെടുന്ന പാർലമെൻ്ററി സമ്പ്രദായത്തിന്റെ രാഷ്ട്രീയാടിത്തറ.

അതായത്, കോളനിവൽക്കരണത്തിന്റെ പുത്തൻ വ്യാപാര - സംരംഭക വർഗ്ഗത്തിലേക്കു രാഷ്ട്രീയാധികാരം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു ദേശരാഷ്ട്രത്തിൽ. കോളനിവൽക്കരണ പ്രക്രിയ കാര്യക്ഷമവും തീവ്രതരവുമായി അത്യന്തം ജനായത്ത വിരുദ്ധമാകുന്നതിനൊത്ത് യൂറോപ്യൻ യജമാനരാജ്യങ്ങളിൽ ദേശരാഷ്ട്ര പരമാധികാര ഭരണവ്യവസ്ഥയും അതിന്റെ സൈനികശക്തിയും ബ്യൂറോക്രസിയും ദേശീയബോധവും അതിൽ നങ്കൂരമിട്ട ബഹുജന രാഷ്ട്രീയവും അതിനെയെല്ലാം കൂട്ടിയിണക്കുന്ന സാംസ്ക്കാരിക ഭൂരിപക്ഷത്തിന്റെ ജനാധിപത്യവും ശക്തി പ്രാപിക്കുന്നതു കാണാം.

വിദേശവാണിജ്യത്തിനും ആഗോള കീഴടക്കലിനും "റോയൽ ചാർട്ടർ" സമ്പാദിച്ച്,  കോളനികളിൽ നിന്ന് ധനം സമാഹരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പോലുള്ള ട്രേഡർ സംഘവും അവരുടെ ഓഹരിയുടമകളും ദേശരാഷ്ട്രത്തിന്റെ പുതിയ നികുതിദായകരായി മാറി.
വിദേശവാണിജ്യത്തിനും ആഗോള കീഴടക്കലിനും "റോയൽ ചാർട്ടർ" സമ്പാദിച്ച്, കോളനികളിൽ നിന്ന് ധനം സമാഹരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പോലുള്ള ട്രേഡർ സംഘവും അവരുടെ ഓഹരിയുടമകളും ദേശരാഷ്ട്രത്തിന്റെ പുതിയ നികുതിദായകരായി മാറി.

തന്നെയുമല്ല, കോളനിരാജ്യങ്ങളിലും തദ്ദേശീയ സമൂഹങ്ങളിലെ സ്വയംഭരണാധികാരങ്ങളെ കവർന്നെടുത്തു കൊണ്ടാണ് ഭൂരിപക്ഷ ദേശീയതയുടെ സാമ്രാജ്യത്വവ്യാപന ജനാധിപത്യം പശ്ചാത്യ രാജ്യങ്ങളിൽ ശക്തി പ്രാപിക്കുന്നത്. സാമ്രാജ്യത്വ ജനാധിപത്യം സ്വയംഭരണത്തിന്റെ ശത്രുവും ജന്മനാ കൃത്രിമമായ ഭൂരിപക്ഷ ദേശാഭിമാനത്താൽ കെട്ടിപ്പടുത്തതും കോളനിവൽക്കരണത്തിന്റെ ജനായത്ത വിരുദ്ധതയെ സർവ്വകോശത്തിലും ഉൾക്കൊള്ളുന്നതുമായതിനാലാണ് ജർമ്മനിയിലും ഇറ്റലിയിലും നിന്നും വംശീയ ദേശാഭിമാനത്തിന്റെ സൈനിക ഫാഷിസം എല്ലാ പൗരജനങ്ങൾക്കുമേലും ബാധയായി കൂടിയത്. ഇന്നും മൂന്നാംലോക രാഷ്ട്രങ്ങളിൽ ജനായത്ത ഉയിർത്തെഴുന്നേൽപ്പുകളെ പ്രത്യക്ഷമായോ പരോക്ഷമായോ അട്ടിമറി നടത്തിക്കൊണ്ടുതന്നെ, ജനാധിപത്യമൂല്യങ്ങളെപ്പറ്റി ലോകജനതയ്ക്ക് ട്യൂഷനെടുക്കാൻ അമേരിക്കയെ പ്രാപ്തമാക്കുന്നതും മത-വർണ്ണാധിഷ്ഠതമായ ഭൂരിപക്ഷ ദേശീയതയുടെ അടിത്തറയിൽ ആ സമൂഹത്തെ വാർത്തെടുത്തതുകൊണ്ടാണ്.

സാമ്രാജ്യത്യമാതൃകയിൽ നിന്നും തുലോം വ്യത്യസ്തമായി ജനായത്തത്തിന്റെ കാതലായ സ്വയംഭരണത്തെ ഇന്ത്യൻ ജനായത്തം മുന്നോട്ടുവെയ്ക്കുന്നു.

ബ്രിട്ടൻ പിന്തുടർന്നതും ഇന്ത്യ പകർത്തിയതുമായ ‘വെസ്റ്റ് മിനിസ്റ്റർ മോഡൽ - പാർലമെൻ്ററി ഡെമോക്രസി’, കേവല ഭൂരിപക്ഷം നേടാത്തവരെ പോലും ഭൂരിപക്ഷം വോട്ടുകൾ നേടി എന്ന കാരണത്താൽ അധികാരത്തിലെത്തിച്ച് ഭൂരിപക്ഷാധികാരവാദത്തെ സാധൂകരിക്കുന്നു. എതിർശബ്ദങ്ങളെയും ന്യൂനപക്ഷങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതിനുള്ള എല്ലാ പഴുതുകളും ഈ മാതൃക തുറന്നിട്ടുണ്ടുണ്ട്. ഭൂരിപക്ഷ സംസ്ക്കാരത്തിൽ കെട്ടിപ്പെടുത്ത പാശ്ചാത്യ ദേശീയ വികാരവും ജനാധിപത്യവും കോളനിവിരുദ്ധ സമരനാളുകളിൽ ഇന്ത്യയിലേക്കും പകർത്തിവെയ്ക്കുകയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ചെയ്തത്. ഇന്ത്യക്കു മഹത്തായ ഒരു സംസ്ക്കാരമുണ്ടെന്നും, അത് ആര്യസംസ്ക്കാരമാണെന്നു ഇന്ത്യക്കാരെ പഠിപ്പിച്ചതും, ഇന്ത്യൻ ദേശീയതയുടെ സംഘാടകശക്തിയായി വേദപുരാണേതിഹാസങ്ങളെയും ഹിന്ദുമതത്തെയും നിർമ്മിച്ചെടുത്തു തന്നതും ദേശരാഷ്ട്ര പ്രത്യയശാസ്ത്രത്തിന്റെ കോളനി യജമാന പണ്ഡിതവർഗ്ഗമാണ്. ഈ കോളനി വിദ്യാഭ്യാസത്തിന്റെ കലാശക്കൊട്ട് 1947-ൽ ദ്വിരാഷ്ട്രവാദമായി - പാക്കിസ്ഥാൻ രാഷ്ട്ര രൂപീകരണ ചരിത്രത്തിൽ കണ്ടുകഴിഞ്ഞു. ഇന്നിപ്പോൾ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങൾ എങ്ങനെയാണോ അതേ നിലയിലേക്കു മാറിത്തുടങ്ങുന്നു ഇന്ത്യയിലും ന്യൂനപക്ഷത്തിന്റെ നില.

ഇന്ത്യയിൽ ജനായത്ത രൂപീകരണം ഘടനയിലും സത്തയിലും സാമ്രാജ്യത്വ ദേശരാഷ്ട്ര മാതൃകകളെ പിന്തുടരാൻ നിർബ്ബന്ധിതമായെങ്കിലും, ഇവിടെ ജനായത്തം സ്ഥാപിതമാകുന്നത് കോളനി വിരുദ്ധ സമരത്തിലൂടെയായതിനാൽ കോളനിവൽക്കരണ പ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ട സാമ്രാജ്യത്വ ദേശരാഷ്ട്ര -ജനാധിപത്യ മാതൃകയെ ഇന്ത്യ അതേപടി അനുകരിച്ചിട്ടില്ല. സാമ്രാജ്യത്യമാതൃകയിൽ നിന്നും തുലോം വ്യത്യസ്തമായി ജനായത്തത്തിന്റെ കാതലായ സ്വയംഭരണത്തെ ഇന്ത്യൻ ജനായത്തം മുന്നോട്ടുവെയ്ക്കുന്നു. അതായത്, ഇന്ത്യൻ സ്വാതന്ത്ര്യസമരം സ്വയംഭരണത്തിനുവേണ്ടിയുള്ള സമരമായിരുന്നു. സ്വയംഭരണമെന്നത് ഇന്ത്യക്കാർക്കു ഇന്ത്യക്കാരെ ഭരിക്കാനുള്ള രാഷ്ട്രീയാവകാശമല്ല. ഇന്ത്യയിൽ മുന്നേ തന്നെ നിലനിന്നതും ബ്രിട്ടീഷ് കോളനി ഭരണത്താൽ സ്ഥാപിക്കപ്പെട്ടതുമായ എല്ലാവിധ സാമൂഹ്യ -സാംസ്ക്കാരിക ആധിപത്യങ്ങളിൽ നിന്നുമുള്ള വിമോചനമാണ് സ്വയംഭരണം അഥവാ സ്വരാജ്.

ഭൂരിപക്ഷ സംസ്ക്കാരത്തിൽ കെട്ടിപ്പെടുത്ത പാശ്ചാത്യ ദേശീയ വികാരവും ജനാധിപത്യവും കോളനിവിരുദ്ധ സമരനാളുകളിൽ ഇന്ത്യയിലേക്കും പകർത്തിവെയ്ക്കുകയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ചെയ്തത്.
ഭൂരിപക്ഷ സംസ്ക്കാരത്തിൽ കെട്ടിപ്പെടുത്ത പാശ്ചാത്യ ദേശീയ വികാരവും ജനാധിപത്യവും കോളനിവിരുദ്ധ സമരനാളുകളിൽ ഇന്ത്യയിലേക്കും പകർത്തിവെയ്ക്കുകയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ചെയ്തത്.

അതിലേയ്ക്കുള്ള ചൂണ്ടുപലകകൾ ഇന്ത്യൻ ഭരണഘടനയിലുണ്ട്. ന്യൂനപക്ഷാവകാശങ്ങൾ, ഗ്രാമപഞ്ചായത്ത് സ്വയംഭരണം, ആദിവാസി വനാവകാശ നിയമം, മതേതരത്വം എന്നിവ ദേശരാഷ്ട്ര ഭൂരിപക്ഷ സ്വേച്ഛാഭരണത്തെ ചെറുത്ത് സ്വയംഭരണത്തെ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളായി കാണാം. സ്വയംഭരണമെന്നത് സാമൂഹ്യതലത്തിൽ നിന്നും വ്യക്തിതലത്തിലേക്കു കൂടി കടന്നുവരുന്നതിനു തെളിവാണ് ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കാൻ ഓരോരുത്തർക്കും ഭരണഘടന നൽകുന്ന അവകാശവും സ്വാതന്ത്ര്യവും. അവരവരുടെ ശരീരത്തിന്മേലും തദ്ദേശിയ സമൂഹങ്ങളുടെ അറിവിന്റെ മേലും ഉള്ള പരമാധികാരത്തെ ഭൂരിപക്ഷവാദത്തിൽ അധിഷ്ഠിതമായ ഭരണകൂടാധികാരം മുകളിൽ നിന്നും കവർന്നെടുക്കാതിരിക്കുന്നതിനു അടിത്തട്ടിൽ നിന്നുള്ള സവിശേഷമായ മുൻകരുതലാണിത്.

മാത്രമല്ല, അവരവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും മാത്രം പ്രത്യേകം വോട്ടവകാശമുള്ള നിയോജകമണ്ഡലം സംവരണം ചെയ്യുന്നതിനായി അംബേദ്ക്കർ കൊണ്ടു വന്ന വ്യവസ്ഥയും - Communal Award - (പൂനാ കരാറിനാൽ റദ്ദാക്കപ്പെട്ടത്) പാശ്ചാത്യ ജനാധിപത്യത്തിന്റെ ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തെ തടയുന്നതിനുള്ള സ്വയംഭരണ മാർഗ്ഗമായി വായിക്കപ്പെടണം. എന്നാൽ പൂനാ കരാറോടു കൂടി ഈ അവകാശങ്ങൾ അട്ടിമറിക്കപ്പെടുകയും പകരം ദേശരാഷ്ട്രത്തിലെ സാംസ്ക്കാരിക ഭൂരിപക്ഷം എന്ന പാശ്ചാത്യ ജനാധിപത്യയുക്തി വിജയിക്കുകയും ചെയ്തു.

ഭൂരിപക്ഷ സംസ്കാരത്തിന്റെ അധിനിവേശ വിരുദ്ധ ദേശീയവാദം പശ്ചാത്യ മാതൃകയിലുള്ള പുത്തൻ അധികാര കേന്ദ്രീകരണത്തിന്റെയും അതുവഴി അക്കാലം വരെ ലഭ്യമാകാതിരുന്ന ആഭ്യന്തര കോളനിവൽക്കരണത്തിന്റെയും സുവർണ്ണാവസരമാണ് ഇന്ത്യൻ അഭിജാതവർഗ്ഗത്തിനു സമ്മാനിക്കുന്നത്.

കോളനിവൽക്കരിക്കപ്പെട്ട മൂന്നാംലോക രാജ്യങ്ങളിൽ എവിടെയും പാശ്ചാത്യമാതൃകയിലുള്ള ദേശരാഷ്ട്ര നിർമ്മിതിയെയും അതിന്റെ പതാകയായ സാംസ്ക്കാരിക ദേശീയതയെയും അതേപടി വരവേറ്റത്, ഈ നാടുകളിൽ പശ്ചാത്യ വിദ്യാഭ്യാസം കിട്ടിയ അഭിജാതവർഗ്ഗമായിരുന്നു. വന്ദേമാതരവും ഭാരതമാതാ കീ ജയും ഹിന്ദി - സംസ്കൃത ഉദ്ധാരണവും ആര്യസംസ്ക്കാര പൊലിമയും അതിനുള്ള സർവ്വകാല ഇന്ധനങ്ങളായി അവർ പാശ്ചാത്യ കോളനി ചരിത്രകാരന്മാരിൽ നിന്നും അതേപടി ഏറ്റുവാങ്ങുകയും "തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ” എന്നു ദേശീയവാദത്തിന്റെ ഇന്ത്യൻ പതിപ്പു തയ്യാറാക്കുകയും ചെയ്തു. പാശ്ചാത്യ ദേശരാഷ്ട്ര ഘടനയെയും ദേശീയവാദത്തെയും ഇന്ത്യൻ അഭിജാതവർഗ്ഗം അതേപടി ഏറ്റുപിടിക്കാൻ കാരണം, ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം വഴി സാധ്യമാകുന്ന ഇവിടുത്തെ ആഭ്യന്തര കോളനിവൽക്കരണത്തിന്റെ അപാര സാധ്യതകൾ അവർക്കു മുന്നിൽ അപ്പോൾ തെളിഞ്ഞതിനാലാണ്. ഭൂരിപക്ഷ സംസ്കാരത്തിന്റെ അധിനിവേശ വിരുദ്ധ ദേശീയവാദം പശ്ചാത്യ മാതൃകയിലുള്ള പുത്തൻ അധികാര കേന്ദ്രീകരണത്തിന്റെയും അതുവഴി അക്കാലം വരെ ലഭ്യമാകാതിരുന്ന ആഭ്യന്തര കോളനിവൽക്കരണത്തിന്റെയും സുവർണ്ണാവസരമാണ് ഇന്ത്യൻ അഭിജാതവർഗ്ഗത്തിനു സമ്മാനിക്കുന്നത്.

അവരവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും മാത്രം പ്രത്യേകം വോട്ടവകാശമുള്ള നിയോജകമണ്ഡലം സംവരണം ചെയ്യുന്നതിനായി അംബേദ്ക്കർ കൊണ്ടു വന്ന വ്യവസ്ഥയും  - Communal Award - പാശ്ചാത്യ ജനാധിപത്യത്തിന്റെ ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തെ തടയുന്നതിനുള്ള സ്വയംഭരണ മാർഗ്ഗമായി വായിക്കപ്പെടണം
അവരവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും മാത്രം പ്രത്യേകം വോട്ടവകാശമുള്ള നിയോജകമണ്ഡലം സംവരണം ചെയ്യുന്നതിനായി അംബേദ്ക്കർ കൊണ്ടു വന്ന വ്യവസ്ഥയും - Communal Award - പാശ്ചാത്യ ജനാധിപത്യത്തിന്റെ ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തെ തടയുന്നതിനുള്ള സ്വയംഭരണ മാർഗ്ഗമായി വായിക്കപ്പെടണം

അതായത്, ഹിന്ദുത്വ ദേശീയ വികാരം വഴി ഇന്ത്യയിൽ സാമ്രാജ്യത്വ മാതൃകയിലുള്ള പരമാധികാര കേന്ദ്രീകൃതഭരണം കൊണ്ട് ആഭ്യന്തര കോളനിവാഴ്ച സ്ഥാപിച്ചെടുക്കുക എന്നതാണ് ഇന്ത്യൻ അഭിജാതവർഗ്ഗത്തിന്റെ പദ്ധതി. ഹിന്ദുത്വ ദേശീയതയെ ആളിക്കത്തിച്ചു ജനഹൃദയങ്ങളെ ത്രസിപ്പിച്ചു പാശ്ചാത്യ ദേശരാഷ്ട്ര ജനാധിപത്യത്തിന്റെ ഭൂരിപക്ഷവാദത്തിലൂടെ അധികാര പ്രാപ്തിയാണ് ഇവരുടെ ലക്ഷ്യം. ഹിന്ദുത്വ ദേശീയതയുടെ ഈ ആഭ്യന്തര കോളനിവൽക്കരണത്തോടുള്ള എതിർപ്പാണ് മുസ്ലീം ന്യൂനപക്ഷ രാഷ്ട്രീയത്തിലേക്കും മതാധിഷ്ഠിത ദേശീയതയുടെ പാക്കിസ്ഥാൻ രൂപീകരണത്തിലേയ്ക്കും എത്തിച്ചത്.

പാർലമെൻ്ററി രാഷ്ട്രീയത്തിനകത്തും സിവിൽ സമൂഹത്തിലും സാംസ്ക്കാരിക ഭൂരിപക്ഷത്തിന്റെ ജന്മാവകാശം ദേശരാഷ്ട്രത്തിന്മേൽ സ്ഥാപിക്കുന്നവരാണ് അഭിജാത ഹിന്ദുത്വശക്തികൾ. അതിന്റെ മാതൃക കോളനിവൽക്കരണ ഹിംസയും അധികാര കേന്ദ്രീകരണവും സർവ്വോപരി സ്വയംഭരണ വിരുദ്ധതയുമാണ്. നെഹ്രുവിയൻ കോളനിവിരുദ്ധ പാരമ്പര്യമാകട്ടെ ഹിന്ദുത്വ ആഭ്യന്തര കോളനിവൽക്കരണ ലക്ഷ്യങ്ങളെ ചെറുക്കുന്നതും സ്വയംഭരണ മൂല്യങ്ങളെ തിരിച്ചറിയുന്നതും ആണെങ്കിലും, ദേശരാഷ്ട്ര സാംസ്ക്കാരിക പ്രത്യയശാസ്ത്രത്തിലും ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിലും വേരുകളുള്ള സാമ്രാജ്യത്വ ജനാധിപത്യ മാതൃകയെ വിമർശനാത്മകമായി സമീപിക്കുന്നതിലും ഘടനാപരമായി അഴിച്ചു പണിയുന്നതിലും വേണ്ട വിധത്തിൽ വിജയിച്ചില്ല. സാമ്രാജ്യത്വ ജനാധിപത്യ ഭരണ സംവിധാനങ്ങളും ശക്തമായ കേന്ദ്രഭരണകൂടവും കേന്ദ്രീകൃത സാമ്പത്തിക വികസന പദ്ധതികളുമുണ്ടെങ്കിൽ ജനാധിപത്യം സംരക്ഷിക്കപ്പെടും എന്ന കോളനി നിർമ്മിതമോഹവലയത്തിൽ നിന്നും മുക്തമല്ല നെഹ്രുവിയൻ സോഷ്യലിസം.

അധികാര കേന്ദ്രീകരണത്തിന്റെ ശക്തമായ ഭരണഘടനയുണ്ടെങ്കിൽ ജനാധിപത്യവാഴ്ച സാധ്യമാകും എന്ന വിശ്വാസത്തെ പാശ്ചാത്യ ജനാധിപത്യത്തിന്റെ ആന്തരിക ദൗർബ്ബല്യമായ സാംസ്ക്കാരിക ഭൂരിപക്ഷ നിർമ്മിതി അട്ടിമറിക്കുന്ന അവസ്ഥയാണ് 1990-കൾ മുതൽ ഇന്ത്യയിൽ നാം കാണുന്നത്. ഡിജിറ്റൽ മീഡിയയുടെ പോപ്പുലർ യുഗം 2000 മുതൽ ഇവിടെ വ്യാപിക്കുകയും 2010 മുതൽ സാമൂഹ്യ മാധ്യമങ്ങൾ സജീവമാകുകയും ചെയ്തതോടെ ദേശരാഷ്ട്രത്തിന്റെ ഭൂരിപക്ഷ സാംസ്ക്കാര നിർമ്മാണം പൂർവ്വാധികം ഉഷാറായി ഹിന്ദുത്വ വാദികൾ അധികാരം കരസ്ഥമാക്കുന്നതിൽ സമാപിച്ചിരിക്കുന്നു.

ദേശരാഷ്ട്ര നിർമ്മിതിയിലും അതിന്റെ ഭാഷ, മതം, വർണ്ണം എന്നിവയുടെ ദേശീയ സാംസ്ക്കാരിക ഭൂരിപക്ഷവാദത്തിലും കാലൂന്നിയ പാശ്ചാത്യ ജനാധിപത്യം കോളനിവൽക്കരണത്തിനും സാമ്രാജ്യത്വത്തിനും വേണ്ടി രൂപപ്പെടുത്തിയ ഒരു രാഷ്ട്രീയ ഭരണക്രമമാണ്.

സാമ്രാജ്യത്വ ജനാധിപത്യത്തിൽ അടിത്തട്ടു ജനതയുടെ രാഷ്ട്രീയാസ്തിത്വം പ്രധാനമായും രണ്ടു വിധത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്.
ഒന്നാമതായി; ദേശരാഷ്ട്രത്തിനുവേണ്ടി സൈനിക വേഷത്തിൽ ആയുധമെടുത്ത് അകത്തും പുറത്തും രക്തം ചീന്തുക എന്നതാണവരുടെ ദൗത്യം. ഇപ്രകാരം ദേശരാഷ്ട്രത്തിന്റെ ജനാധിപത്യം അടിത്തട്ടു സമൂഹങ്ങളിൽ നിഷ്ഠൂരഹിംസയെ വളർത്തി അതിനെ ദേശാഭിമാനത്താൽ ആദർശം പുതപ്പിക്കുന്നു. അതിനാൽ ഇന്ത്യയിൽ ഇന്നു സാംസ്ക്കാരിക ഭൂരിപക്ഷാധികാരത്തിന്റെ ഭ്രാന്ത് ഏറ്റവും കൂടുതൽ തലയ്ക്കു പിടിച്ചവരാണ് സൈനികരിൽ നല്ലൊരു പങ്കും. കേരളാ പോലീസ് സംഘിവൽക്കരിക്കപ്പെട്ടു എന്ന സങ്കടം പറച്ചിലും ഇതിനോടു കൂട്ടിച്ചേർക്കാം.
രണ്ടാമതായി; ഭൂരിപക്ഷലബ്ധിക്കു ചെയ്തു കൂട്ടുന്ന പണച്ചാക്കിട്ടു പിടുത്തവും ഇലക്ട്രൽ ബോണ്ടും ന്യൂനപക്ഷഹത്യകളും അറ്റം കാണാത്ത അധാർമ്മികതയും ഹിംസയും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണെന്ന ബോധം സൃഷ്ടിച്ചു, അടിത്തട്ടു ജനതയിലെ ധാർമ്മികബോധത്തെയും ഐക്യത്തെയും ഭൂരിപക്ഷവാഴ്ചയുടെ സാമ്രാജ്യത്വ ജനാധിപത്യം ഇല്ലായ്മ ചെയ്യുന്നു.

കോളനിവാഴ്ചയിലൂടെ കണക്കറ്റ ധനസമാഹരണം നടത്തി, അതുവഴി ജനക്ഷേമ നടപടികളും വ്യക്തിസ്വാതന്ത്ര്യവും നിലനിർത്തിയും, ഒപ്പം ദേശീയബോധവും വംശീയമേന്മാ വാദവും പൗരഹൃദയങ്ങളിൽ ഊട്ടിയുറപ്പിച്ചും, കോളനി ജനങ്ങളോടുള്ള തങ്ങളുടെ അനീതികൾക്കെതിരെ സ്വന്തം നാടുകളിൽ ഉയർന്നു വന്ന ധാർമ്മിക രോഷങ്ങളെ പാശ്ചാത്യ സാമ്രാജ്യത്വം തണുപ്പിച്ചു നിർത്തിപ്പോന്നു. എന്നാൽ ഇന്ന് നവ ലിബറൽ കാലാവസ്ഥയിൽ ഏറ്റവും കുറഞ്ഞ കൂലിക്ക് വേലക്കാരെ തേടി രാഷ്ട്രാതിർത്തികൾ മറികടക്കുന്ന മൂലധന സഞ്ചാരത്തിൽ പഴയ ക്ഷേമരാഷ്ട്ര ഗ്യാരണ്ടികളിൽ നിന്നും സാമ്രാജ്യത്വ ജനാധിപത്യത്തിന് സ്വന്തം നാടുകളിൽ തന്നെ പിൻവലിയേണ്ടി വന്നിരിക്കുന്നു.
അതായത്, പാശ്ചാത്യ ജനാധിപത്യം സ്വന്തം രാഷ്ട്രങ്ങളിലും അതിന്റെ ആന്തരിക പ്രതിസന്ധിയെ പുറത്തെടുത്തിരിക്കുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ അതിന്റെ കൈവശമുള്ള ഒരേയൊരു വഴി തീവ്രദേശീയവാദം മുഴക്കി അവരുടെ പൗരസമൂഹങ്ങളെ യൂറോപ്യൻ കുടിയേറ്റ വിരുദ്ധരായി അണിനിരത്തി അവിടങ്ങളിലെ അവശേഷിക്കുന്ന ന്യൂനപക്ഷാവകാശങ്ങളും കൂടി ഇല്ലാതാക്കുക എന്നതായിരിക്കുന്നു.

പാർലമെൻ്ററി രാഷ്ട്രീയത്തിനകത്തും സിവിൽ സമൂഹത്തിലും സാംസ്ക്കാരിക ഭൂരിപക്ഷത്തിന്റെ ജന്മാവകാശം ദേശരാഷ്ട്രത്തിന്മേൽ സ്ഥാപിക്കുന്നവരാണ് അഭിജാത ഹിന്ദുത്വശക്തികൾ. അതിന്റെ മാതൃക കോളനിവൽക്കരണ ഹിംസയും അധികാര കേന്ദ്രീകരണവും സർവ്വോപരി സ്വയംഭരണ വിരുദ്ധതയുമാണ്.
പാർലമെൻ്ററി രാഷ്ട്രീയത്തിനകത്തും സിവിൽ സമൂഹത്തിലും സാംസ്ക്കാരിക ഭൂരിപക്ഷത്തിന്റെ ജന്മാവകാശം ദേശരാഷ്ട്രത്തിന്മേൽ സ്ഥാപിക്കുന്നവരാണ് അഭിജാത ഹിന്ദുത്വശക്തികൾ. അതിന്റെ മാതൃക കോളനിവൽക്കരണ ഹിംസയും അധികാര കേന്ദ്രീകരണവും സർവ്വോപരി സ്വയംഭരണ വിരുദ്ധതയുമാണ്.

ഇവിടെ, മുൻകോളനി സമൂഹങ്ങളിലാകട്ടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും കടത്തിവെട്ടുന്ന വിധത്തിൽ പൗരാവകാശങ്ങൾ ഓരോന്നായി റദ്ദാക്കി, ദേശരാഷ്ട്രത്തിന്റെ സംസ്ക്കാരിക ഭൂരിപക്ഷം തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരം കയ്യാളിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വ ജനാധിപത്യത്തിന് അതിന്റെ എല്ലാ വൈകല്യങ്ങളും അതേ പടി പുറത്തെടുക്കാൻ മുൻകോളനിയിൽ ആരെയും പേടിക്കേണ്ട ആവശ്യമില്ല; വിരലിലെണ്ണാവുന്ന പൗരാവകാശ പ്രവർത്തകർ ഒഴികെ. അവരിൽ നല്ലൊരുപങ്കും ഇപ്പോൾ ഇന്ത്യൻ ജയിലുകളിലുണ്ടല്ലോ.

അതായത്, ദേശരാഷ്ട്ര നിർമ്മിതിയിലും അതിന്റെ ഭാഷ, മതം, വർണ്ണം എന്നിവയുടെ ദേശീയ സാംസ്ക്കാരിക ഭൂരിപക്ഷവാദത്തിലും കാലൂന്നിയ പാശ്ചാത്യ ജനാധിപത്യം കോളനിവൽക്കരണത്തിനും സാമ്രാജ്യത്വത്തിനും വേണ്ടി രൂപപ്പെടുത്തിയ ഒരു രാഷ്ട്രീയ ഭരണക്രമമാണ്. ഇന്ന് നവ ലിബറൽ സാമ്പത്തിക- സാംസ്ക്കാരിക നയങ്ങൾ അധിനിവേശത്തിന്റെ പ്രച്ഛന്നവും സൂക്ഷ്മവുമായ രൂപഭാവങ്ങൾ കൈക്കൊണ്ടിരിക്കുന്ന ലോകത്ത് പാശ്ചാത്യ ദേശീയവാദത്തിനും ഭൂരിപക്ഷ ജനാധിപത്യത്തിനും അതിന്റെ ആജന്മ വൈകൃതങ്ങളെ നിരന്തരം പുറത്തു കാട്ടാതെ നിവൃത്തിയില്ലെന്നായിരിക്കുന്നു. അത് യൂറോപ്പിൽ മൂന്നാംലോക കുടിയേറ്റത്തോടുള്ള അടങ്ങാത്ത കലിപ്പായി വംശീയവാദത്തിന്റെ തീവ്ര വലതുപക്ഷത്തെ സ്ഥാപിച്ചു കൊണ്ട് ജനായത്തത്തെ അവിടങ്ങളിൽ പരിഹസിക്കുന്നെങ്കിൽ, ഇവിടെ മൂന്നാം ലോകരാജ്യങ്ങളിൽ, തീവ്രമതവാദ ഭൂരിപക്ഷ ശക്തികളുടെ സ്ഥാനാരോഹണം സാധ്യമാക്കി, ന്യൂനപക്ഷ വേട്ടയിലും പൗരാവകാശ നിഷേധങ്ങളിലും ആർത്തുല്ലസിക്കുന്ന ആൾക്കൂട്ട നേതൃത്വങ്ങളെ വളർത്തിയെടുത്തിരിക്കുന്നു. അതുകൊണ്ട്, പാശ്ചാത്യ ജനാധിപത്യത്തിന്റെ ശത്രുവിനെ മത ഫാഷിസമെന്നോ സൈനിക ഫാഷിസമെന്നോ കമ്യൂണിസ്റ്റ് ഫാസിസമെന്നോ കണ്ട് ദേശരാഷ്ട്രത്തിന്റെ അതിർത്തിക്കു പുറത്തല്ല കാവൽ നിൽക്കേണ്ടത്. അതിനു പകരം ആന്തരിക ജീർണ്ണതകളിലും അതിനുള്ള കാരണങ്ങളിലേയ്ക്കുമാണ് നമ്മുടെ കണ്ണു പതിയേണ്ടത്.

കോളനി വാഴ്ചയുടെ സാമ്രാജ്യത്വ പദ്ധതികൾക്കായി രൂപംകൊണ്ട സാംസ്ക്കാരിക ഭൂരിപക്ഷത്തിന്റെ ദേശരാഷ്ട്ര നിർമ്മാണത്തിലൂന്നിയ പാശ്ചാത്യ ജനാധിപത്യത്തിന്റെ ജീർണ്ണതകളിൽ നിന്നും എങ്ങനെ പുറത്തുകടക്കാനാവും എന്ന അന്വേഷണമാണ് പ്രധാനം. ജനായത്തത്തിന്റെ സർവ്വ മൂല്യങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടു തന്നെ ജനാധിപത്യം ഘോഷിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷ അതിക്രമത്തെ എങ്ങനെയാണ് നാം തടയിടുക?

സൈനിക ഫാഷിസം, മത ഫാഷിസം,
കമ്യൂണിസ്റ്റ് ഫാഷിസം: ജനാധിപത്യം നേരിടുന്ന
മൂന്നു വെല്ലുവിളികൾ

Comments