അതിർത്തി കൈയേറ്റ ആരോപണവും ഏറ്റുമുട്ടലും ഉപരോധവും വെടിവെപ്പും മരണവും കേസെടുക്കൽ ഡ്രാമയുമെല്ലാം കഴിഞ്ഞ് ഇപ്പോൾ രമ്യതാശ്രമത്തിലാണ് അസം- മിസോം നേതാക്കൾ. മുഖ്യമന്ത്രിമാർ വീട്ടുവീഴ്ചാ മനോഭാവത്തിലെന്ന വ്യാജേന ഇരിക്കുന്നു. കേന്ദ്ര ഇടപെടലിൽ തൽക്കാലിക വെടിനിർത്തൽ.
അസമിലേതടക്കമുള്ള അതിർത്തി സംഘർഷം, വടക്കുകിഴക്കിന്റെ രക്തത്തിലുള്ളതാണ്. ആ സാമൂഹ്യ- രാഷ്ട്രീയ ചരിത്രം രക്തച്ചൊരിച്ചിലും വൈരനിര്യാതനങ്ങളും കെടുതിയും അതിർത്തി പങ്കിടലും കലഹവും കൊള്ളലും കൊടുക്കലും ചോര വീഴ്ത്തലും നേടലും നഷ്ടപ്പെടുത്തലും ചേർന്നുണ്ടായതും. അവരുടെ രാഷ്ട്രീയാധികാരവും അങ്ങനെത്തന്നെ. ഇപ്പോഴത്തെ അസം- മിസോ തർക്കം, പഴയ ചരിത്രം, ഓർമിച്ചുകൊണ്ടേ വിലയിരുത്താനാവൂ. മലനിരകളുടെ ഒരുമിച്ചുള്ള പഴയ ഗോത്രദേശങ്ങൾ, ഭിന്നിപ്പുകൾ, ഏറ്റുമുട്ടൽ, പിന്നീട് ബ്രിട്ടീഷ് മേൽക്കോയ്മയുടെ അധിനിവേശകാലം, ശേഷം പല, സംസ്ഥാനങ്ങളിലെ അധികാര അവരോഹണങ്ങൾ, അതിർത്തി ലഹളകൾ. ഏറെ പടവെട്ടലും മുന്നേറ്റവും വടക്കുകിഴക്കൻ ജനത നടത്തി, ഇതിനിടെ.
മലമുകളിലെ മനുഷ്യർ
എൺപതുകൾക്ക് മുമ്പുവരെ അസമിന്റെ ഭാഗമായിരുന്നു മിസോറം. മിസോകളെന്നാൽ, മലമുകളിലെ മനുഷ്യർ. ലിപിയില്ലാത്ത, വാമൊഴിയിൽ അവർക്ക് ലുഷായ്, പൊതുഭാഷ. ഗോത്രങ്ങൾക്ക് അവരുടേതായ ഗോത്രഭാഷയും, നാഗാലാൻഡിൽ അടക്കം. ലുഷായ് ഹിൽസ് എന്നാണ് പണ്ട് മേഖല അറിയപ്പെട്ടിരുന്നത്. മിക്ക അതിർത്തികളും പല കാലത്തും സംഘർഷങ്ങളുടേതായിരുന്നു. പോരാത്തതിന് വിഘടനവാദവും. പലവട്ടം നോർത്ത്- ഈസ്റ്റ് സംസ്ഥാനങ്ങൾ അഗ്‌നിപർവ്വതം പോലെ പുകഞ്ഞു. ഉൾഫയും ബോഡോയും ഗൂർഖാലാൻഡ് പോരാളികളും പല ലിബറേഷൻ ഗ്രൂപ്പുകളും അതിലെ നൂറ്റെട്ട് അവാന്തര കളരികളും പലയിടത്തായി മലമടക്കിൽ അസ്വസ്ഥത നിറച്ചു, സർക്കാർ അതിക്രൂരമായി പലപ്പോഴും അതിനെ നേരിട്ടു.
പിന്നീട് സന്ധികളുടേയും ഒപ്പിടലിന്റേയും കാലമായി, രഹസ്യസന്ധികളുമുണ്ടായി. അസ്വസ്ഥത, എന്നിട്ടും പുകഞ്ഞു. അസമിലെ കൊക്രജാറിൽ വലിയ സംഘർഷമുണ്ടായി, കൊലകളുണ്ടായി, അധികം വർഷമായില്ല. അസം-നാഗാ കലാപം, അസം- അരുണാചൽ അതിർത്തി പ്രശ്‌നം, മണിപ്പൂർ-നാഗാ സംഘർഷം തുടങ്ങി പലതുമുണ്ടായി. ഹിതേശ്വർ സൈകിയയുടെ കാലത്ത് വലിയ ഏറ്റുമുട്ടലുകൾക്ക് അസം-നാഗാലാൻഡ് അതിർത്തി പ്രദേശം സാക്ഷ്യംവഹിച്ചു. മെരാപനി ബസാർ സംഭവത്തിൽ 41 പേർ കൊല്ലപ്പെട്ടതടക്കം. ഗോത്രങ്ങളാണ് നോർത്ത് ഈസ്റ്റിലെ ജനത. അവരുടെ ചിന്തയിൽ സർക്കാർ അതിർത്തികൾ വരുന്നില്ല. അവരുടേതായ ഗോത്രാതിർത്തികളിൽ അവർ വിശ്വസിക്കുന്നു, ഇതും സംഘർഷമുണ്ടാക്കി, പല കാലങ്ങളിൽ.
കൗൺസിൽ ലോകത്തെ രാജാക്കന്മാർ
നോർത്ത് ഈസ്റ്റിൽ ജില്ലാ സമിതികൾക്ക് വൻ റോളുണ്ട് ഭരണത്തിൽ. മലമ്പ്രദേശത്തെ ജില്ലാ കൗൺസിലുകളുടെ ഇടപെടൽ പണ്ടുമുതലുള്ള രീതിയാണ്. പ്രാദേശികമായി സ്വാധീനമുള്ള ഗ്രൂപ്പുകളേയോ ഗോത്രങ്ങളേയോ അവഗണിച്ച് നോർത്ത് ഈസ്റ്റിൽ സുഗമമായ ഭരണം അസാധ്യം. ബംഗാളിൽ പോലും, അറ്റത്തെ ജില്ലയായ ഡാർജലിങിൽ ഗോർഖ ജനമുക്തി മോർച്ചയെയോ അവരുടെ റിബലുകളേയോ പിണക്കി സർക്കാരിന് ഭരണം മുന്നോട്ടുകൊണ്ടുപോകൽ എളുപ്പമല്ല.
ജി.ജെ.എം. നേതാവ് ബിമൽ ഗുരുങിനെ ഒപ്പം നിർത്തിയാണ് മമത ഡാർജലിങ് മേഖല സമാധാനത്തോടെ ഭരിക്കാൻ ശ്രമിച്ചത്. ഇതിനായി ഗോർഖാനാട് വാദികളെ നയത്തിൽ കൂടെ നിർത്തി, പകരം ഹിൽ കൗൺസിൽ അവരുടെ കയ്യിലുമായി. ബിമൽ ഗുരുങ്-ബിനയ് തമാങ് രണ്ടുപക്ഷമായി ജി.ജെ.എമ്മിൽ തുടർന്നു, പിന്നീട്. ഇടയ്ക്ക് മമതയെ കൈവിട്ട ബിമൽ ഗുരുങ് തിരിച്ചുവന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. ഇപ്പോൾ ബിനയ് തമാങ് ജി.ജെ.എം. വിട്ടു, ഇനി പുതിയ പാർട്ടി. വടക്കുകിഴക്കിൽ മിക്ക സംസ്ഥാനത്തും ഈ അടവുകൾ വെച്ചാണ് ഭരണം. അതത് പ്രദേശത്തെ ശക്തരെ കൂടെ കൂട്ടി കൗൺസിലുകൾ തട്ടുകേട് കൂടാതെ കൊണ്ടുപോകുക ഏതാണ് ഭരണപാർട്ടികൾ ശ്രമിക്കുക. എന്നാൽ ഇടം കിട്ടിയാൽ ഇതേ വിലപേശൽ ഗ്രൂപ്പുകളെ ഭിന്നിപ്പിച്ച് നിർവീര്യമാക്കാനുള്ള വഴിയും മുഖ്യധാരാ പാർട്ടികൾ തേടും. നോർത്ത് ഈസ്റ്റിൽ അമിത് ഷായും ഡാർജലിങിൽ മമതയും അത് ചെയ്യുന്നു.
അസം-മിസോ തർക്കം ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതാണ്. പിന്നീട്, എഴുപതുകളുടെ അന്ത്യത്തോടെ തർക്കവും സംഘർഷവും കൂടി, സ്വതന്ത്ര സംസ്ഥാന പദവി വന്നതോടെ. 500 ചതുരശ്ര കിലോമീറ്ററോളം വിസ്തൃത വനമേഖലയുള്ള പ്രദേശം. 164 കിലോമീറ്റർ അതിർത്തിയാണ് അസം-മിസോറാമുമായി പങ്കിടുന്നത്. ഇരുപക്ഷത്തേയും ആറ് ജില്ലകൾ അതിർത്തിയുടെ ഭാഗം. അസമിലെ ഹൽകണ്ടി, കച്ഛാർ, കരിംഗഞ്ച്, മിസോറാമിലെ മാമിത്, കൊലാസിബ്, ഐസ് വാൾ എന്നീ ജില്ലകളിലൂടെ അസം-മിസോ അതിർത്തിരേഖ കടന്നുപോകുന്നു. ഗ്രേറ്റർ അസമിലെ, ജില്ലയായിരുന്ന മിസോ പ്രവിശ്യയെ സ്വതന്ത്ര സംസ്ഥാന പദവിയിലേക്ക് മാറ്റിയതോടെ അതിർത്തിപ്രശ്‌നം രൂക്ഷമായി. ബോർഡറിലെ വനമേഖലയിൽ മിസോറം ജില്ലാ കൗൺസിൽ നികുതി പിരിച്ചു. മറ്റ് പ്രതിബന്ധങ്ങൾക്കിടെ നികുതിപിരിവ് ഭരണപരമായ നടപടിക്രമമായി മുന്നോട്ടുപോയി.
എന്നാൽ അസമിന്റെ ഭാഗമായ സ്ഥാപനങ്ങളും വകുപ്പുകളും പ്രത്യേകിച്ച് (വനംവകുപ്പിൽ നിന്നടക്കം) നികുതി നൽകുന്നില്ലെന്ന പരാതി മിസോറാമിന് വർഷങ്ങളായുണ്ട്. അതിർത്തി എന്നും തർക്കമേഖലയാണല്ലോ. കുടിശികയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ടായി, നികുതിയ്ക്കുന്നതിന് രേഖ പോലും ഇല്ലാതായി, എന്തുകൊണ്ട് മിസോറം ഇത് നേരത്തെ ഉന്നയിച്ചില്ലെന്ന പുതിയ ചോദ്യവും നികുതി നൽകേണ്ടതില്ലെന്നും മിസോമിന് എന്തിന് അസം നികുതി നൽകണം, ഇത് തങ്ങളുടെ ഭൂമിയല്ലേ എന്ന വാദത്തിലേക്ക് അവരും എത്തി. അതാണ് കുറെനാളായി പുകയുന്ന പ്രശ്‌നത്തിന്റെ തുടക്കം. എന്നാൽ, ഇതേസമയം അസം മുഖ്യമന്ത്രിയായി ചുമതലയേറ്റ ഹിമന്ദ ബിശ്വ സർമയ്ക്ക് പുതിയ റോളിന്റെ രാഷ്ട്രീയ അപ്രമാദിത്വം ഉറപ്പിക്കേണ്ടത് അനിവാര്യമായി. പരസ്പരമുള്ള വെല്ലുവിളികളിലും ആരോപണങ്ങളിലും അതിർത്തി മുഖ്യഘടകമായിവന്നു. അതിന്റെ തുടർച്ചയാണ് പുതിയ സംഘർഷം.
സാധാരണ സമയത്തെ അസാധാരണ നടപടികൾ
കൊലാസിബിലെ ചില മേഖല അസമിന്റെ പരിധിയിൽ പെടുന്നുവെന്നാണ് ഹിമന്ദ സർക്കാരിന്റെ അവകാശവാദം. കൊലാസിബിലെ പലയിടവും വനപ്രദേശമാണ്. വെരങ്‌ദേ ഗ്രാമത്തിലെ അസം പോലീസിന്റെ ഇടപെടൽ സംഘർഷം ക്ഷണിച്ചുവരുത്തുകയായിരുന്നു ജൂലൈ അവസാന വാരം. പോലീസ് ഡ്യൂട്ടി പോസ്റ്റ് സ്ഥാപിക്കാനായി ക്യാംപ് നിർമിക്കാനെത്തി അസം പോലീസ്. സഹായത്തിന് അവർ സി.ആർ.പി.എഫിനെ വിളിച്ചു. നാട്ടുകാരും മിസോം പോലീസും അസം പോലീസുമായി സംഘർഷത്തിലായി. വെരങ്‌ദേയിൽ കല്ലേറുണ്ടായി. തിരിച്ച് ടിയർ ഷെല്ലുകൾ പതിച്ചു. പരസ്പരം സംസ്ഥാന പോലീസ് വെടിവെച്ചു. ഏറ്റുമുട്ടലും വെടിവെപ്പുമായി മാറി. ആറ് അസം പോലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. പത്ത് നാട്ടുകാർ ഉൾപ്പെടെ 60 പേർക്ക് പരിക്കേറ്റു. ഹിമന്ദയുടെ നിർദേശപ്രകാരമാണ് ക്യാംപ് നിർമ്മിക്കാനെത്തിയതെന്നും ഗൂഢാലോചനയുണ്ടെന്നും മിസോറം ആരോപിച്ചു. ഹിമന്ദയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. എൻ.ഡി.എ. മുന്നണിയിൽ വിവാദമായി. കേന്ദ്രം ഇടപ്പെട്ടു. അസം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കേസ് ചുമത്തി. മിസോറം എം.പിയ്‌ക്കെതിരെ അസം പോലീസും കേസെടുത്തു.
തർക്കവും വെടിവെപ്പും അക്രമവും ബിശ്വ സർമയ്‌ക്കെതിരായ കേസും സംസ്ഥാന ബന്ധം വഷളാക്കി. അതിർത്തി സംഘർഷത്തിൽ അസം സുപ്രീംകോടതിയിലേക്ക് പോകാനൊരുങ്ങി. അതിനിടെ കച്ഛാർ ജില്ലാ മേധാവിയുടെ പ്രതികരണം എരിതീയിൽ എണ്ണയൊഴിച്ചു. പഴയ ഗറില്ലാ സംഘങ്ങളിലുണ്ടായിരുന്നവരാണ് മിസോറാമിലെ അക്രമകാരികളിൽ പലരും. അവർക്ക് ആയുധം നൽകി ആക്രമണം നടത്താനുള്ള ശ്രമമുണ്ടെന്ന് വിവരം ലഭിച്ചു, സുരക്ഷാ പ്രശ്‌നമുണ്ടാക്കും ഇത്. പ്രകോപന സാധ്യത നേരിടാൻ നടപടി സ്വീകരിക്കും- കച്ഛാർ ജില്ലാ മേധാവി, എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബംഗ്ലാദേശിലേക്ക് വലിയ പശുക്കടത്ത് നടക്കുന്നുവെന്നും ഇത് തടയിടാൻ നിയമം വേണം എന്നും അസം സർക്കാർ നേരത്തേയും പറഞ്ഞിരുന്നു. ജില്ലാ ഭരണാധികാരിയുടെ പരാമർശവും വെളിപ്പെടുത്തലും വലിയ രാഷ്ട്രീയ വിവാദമായി. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മേഖലയായതിനാൽ ഈ പ്രതികരണങ്ങൾ ഗുരുതര വിഷയമായി മിസോറം എടുത്തു. സൊനായ് റവന്യൂ മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തരുത്. പശുക്കടത്തും മയക്കുമരുന്ന് കടത്തും ബംഗ്ലാദേശിലേക്ക് വ്യാപകമാണ്. മിസോറാമിനോട് ചേർന്ന മേഖലയിൽ വലിയ തോതിൽ വനനശീകരണമുണ്ട്. നിലവിലെ സാഹചര്യത്തിൽ മിസോറാമിലേക്ക് ജനങ്ങൾ പ്രവേശിക്കുന്നത് സുരക്ഷിതമായിരിക്കില്ല- അസം ഭരണകൂടം നോട്ടീസിറക്കി.
അസാധാരണ നടപടി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സംസ്ഥാനങ്ങൾ തമ്മിൽ ഇത്തരമൊരു ഓർഡർ ഇറക്കി കാലുഷ്യമുണ്ടാക്കിയ ചരിത്രമില്ല. സംഭവത്തിന്റെ ഗൗരവം ഇരട്ടിപ്പിച്ചു.
സിൽച്ചർ മേഖല സ്തംഭിപ്പിച്ച പോലെ പരിശോധനകളും ഉപരോധവും അസം നടത്തി. ലൈലാപുരിൽ ലോറികൾ കെട്ടിക്കിടന്നു. അതിർത്തി വിടാനായില്ല. കേന്ദ്രം ചർച്ചകൾ നടത്തി. മിസോറം ഇതിനോട് വ്യത്യസ്തമായി തിരിച്ചടിച്ചു. ദേശീയപാതയിൽ കുരുങ്ങിയവർക്ക് വാഹനങ്ങളിലെ അസംകാർ ഉൾപ്പെട്ട ഡ്രൈവർമാർക്കും മറ്റും ഭക്ഷണം എത്തിച്ച് സാമൂഹ്യ മാധ്യമ ക്യാമ്പെയിൻ ആക്കി മിസോറാം. അസം സർക്കാരിന്റെ മനുഷ്യത്വവിരുദ്ധത എന്ന രീതിയിൽ ഹൈവേ ഉപരോധത്തെ അവതരിപ്പിച്ചു. അസം, ദേശീയപാത ബ്ലോക്ക് ചെയ്തത് വാണിജ്യമായി ബാധിച്ചു. ലൈലാപുരിൽ ദേശീയ പെർമിറ്റുള്ള വാഹനങ്ങൾ നീണ്ട ക്യൂ ആയി കിടന്നു. അസം- മിസോം ഹൈവേയിലെ ഈ നടപടിയിൽ ദേശീയപാതയിലെ ചരക്കുഗതാഗതം സ്തംഭിച്ചു. സാമ്പത്തിക ഉപരോധം തത്വത്തിൽ നടപ്പായി.
ചരക്കും ബീഫും അതിർത്തികളും
അവശ്യ സാധനങ്ങൾ എത്താതെ അവർ കുറച്ചുദിവസം കഴിയട്ടെ, മിസോറാമിലേക്ക് ദേശീയപാത വഴി വണ്ടി പോയില്ലെങ്കിൽ പട്ടിണി കിടന്ന് ചാകുമെന്ന കാര്യം മിസോറം ഓർക്കണം- അസമിലെ ബി.ജെ.പി. നിയമസഭാഗം കൗശിക് റായി വെല്ലുവിളിച്ചു. കാര്യങ്ങൾ വഷളായി. അമിത് ഷാ സന്ധിസംഭാഷണം തുടങ്ങി. ഇരുപക്ഷത്തേയും കേട്ടു. സമവായത്തിന് സമ്മർദ്ദം ചെലുത്തി. ഒടുവിൽ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചു. ഹിമന്ദയ്ക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരായ കേസുകൾ പിൻവലിച്ചു. മിസോറം എം.പി. വൻലാൽവെനയ്ക്ക് എതിരായ കേസ് അസമും പിൻവലിച്ചു. ആഭ്യന്തര ചേരിപ്പോര് ഒതുക്കാനുള്ള ശ്രമം തുടരുകയാണിപ്പോഴും കേന്ദ്രം. എന്നാൽ സംഘർഷം നടന്നത് അസമിന്റെ പരിധിയിലാണെന്ന പരാമർശവും എൻ.ഐ.എ. അന്വേഷണം വേണമെന്ന വാദവും ഹിമന്ദ നടത്തിയത് മിസോറാമിന് ദഹിച്ചിട്ടില്ല. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയെന്ന വാർത്ത, എൻ.ഐ.എ. അന്വേഷിക്കും. മിസോറം സർക്കാരിനിത് അപ്രീതിയായി. കേസ് വ്യാജമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും മിസോറാം വാദിക്കുന്നു. വീണ്ടും പ്രശ്‌നമുയരാമെന്ന് ചുരുക്കം. ഇരുപക്ഷവും ബി.ജെ.പിയ്ക്ക് വേണ്ടപ്പെട്ടവർ. രാഷ്ട്രീയസഖ്യം മാത്രമുള്ള മിസോറാമിൽ എപ്പോൾ വേണമെങ്കിൽ നില മാറാം.
അസമിന്റെ അയൽവാസി, മേഘാലയയും അസം വിരുദ്ധ നിലപാടാണ് അതിർത്തി വിഷയത്തിൽ സ്വീകരിച്ചത്. മേഘാലയയും അസമും തമ്മിൽ പന്ത്രണ്ട് ഇടത്താണ് അതിർത്തി തർക്കമുള്ളത്. ഇതൊന്നും അമിത് ഷായ്ക്ക് നിസ്സാരമായി കാണാനാവില്ല.
അതിർത്തിതർക്കത്തിന്റെ പേരിൽ തങ്ങളോട് ആരെങ്കിലും ആക്രമിക്കാൻ കാണിക്കാൻ വന്നാൽ മിസോറം പോലീസ് ചെയ്തതുപോലെ കയ്യുംകെട്ടി അതിർത്തിയിൽ നോക്കിനിൽക്കാനോ ചായകുടിയും സന്ധി ചർച്ചയ്‌ക്കോ ഉണ്ടാകില്ല, നേരിടേണ്ട പോലെ നേരിടുമെന്ന് പറഞ്ഞത് ബി.ജെ.പി. മന്ത്രി സൻബോർ ഷൂലേ. മന്ത്രി അസമിനെ ലക്ഷ്യം വെച്ചാണത് പറഞ്ഞത്. ഒപ്പം മറ്റൊന്ന് കൂടിപ്പറഞ്ഞു. ബി.ജെ.പിയുടെ രാജ്യത്തെ തന്നെ പൊതുനിലപാടിനെ വിമർശിച്ചുകൊണ്ട്. ബീഫാണ് കഴിക്കേണ്ടത് കോഴിയും ആടുമല്ല. ജനാധിപത്യ രാജ്യത്ത് ബീഫ് കഴിക്കുന്നതിനെതിരെ പറയാൻ ആർക്കും അവകാശമില്ല- മൃഗക്ഷേമവകുപ്പ് മന്ത്രി ഷൂലേ കത്തിക്കയറി. അസമിലെ കന്നുകാലി ബില്ലിനെയും അസം മുഖ്യമന്ത്രിയുടെ ബീഫ് വിരുദ്ധ നിലപാടിനെയുമായണ് മേഘാലയ ബി.ജെ.പി. മന്ത്രി പരസ്യമായി എതിർത്തത് എന്നതാണ് കൗതുകകരം. ബീഫ് കഴിക്കാത്തവരുടെ വികാരവും വിശ്വാസവും മാനിക്കണമെന്ന അസം മുഖ്യമന്ത്രിയുടെ വാക്കിനോടായിരുന്നു ഈ പ്രതികരണം.
പക്ഷേ ഒരു കാര്യത്തിൽ അമിത് ഷായ്ക്ക് ധൈര്യമുണ്ട്. കേന്ദ്രഫണ്ട് യഥേഷ്ടം വരുന്നതുകൊണ്ട് ബലംപിടുത്തം ഒരുപാടൊന്നും നോർത്ത് ഈസ്റ്റ് മുഖ്യമന്ത്രിമാർ നടത്തില്ല. കേന്ദ്രഫണ്ട് മുടക്കാനാവില്ലെന്നതാണ് നോർത്ത് ഈസ്റ്റ് പാർട്ടികളെ ബി.ജെ.പിയോട് ചേർത്തുനിർത്തുന്ന ഘടകം. കേന്ദ്രത്തിൽ ആര് ഭരണത്തിലുണ്ടോ അവരുമായി ചേർന്നുനിൽക്കുക എന്ന പൊതുവായ ഈസി ഗോയിങ് തന്ത്രം എക്കാലത്തും വടക്കുകിഴക്കൻ പാർട്ടികൾ ചെയ്തിട്ടുണ്ട്. കോൺഗ്രസിനെ പിന്തുണച്ചിരുന്ന പഴയ കാലമെടുത്തു നോക്കുക. അതിനപ്പുറമുള്ള സമ്മർദ്ദം ഈ പാർട്ടികൾ ചെയ്യില്ല. ഫണ്ടും അധികാരവും താമരയ്ക്ക് ഒപ്പമാണ് എന്നതുകൊണ്ടുമാത്രം സംഭവിച്ച തെരഞ്ഞെടുപ്പ് സഖ്യമാണ് മിക്കതും. അതിന് കോട്ടം തട്ടിയാൽ ആദ്യം ഇളകുക നോർത്ത് ഈസ്റ്റ് പാർട്ടി- സഖ്യങ്ങളാണ്. സാങ്മ മേഘാലയയിൽ ചെയ്യുന്നതും നാഗാലാൻഡിൽ നടക്കുന്നതും മിസോറാമിൽ ചെയ്യുന്നതുമെല്ലാം അതാണ്. കിരൺ റിജ്ജൂവിന് നോർത്ത് ബീഫ് കഴിക്കുന്നതിന് എതിരെ പറഞ്ഞ് അരുണാചലിലേക്ക് ചെല്ലാനാവില്ല. പലവട്ടം ഈ വിഷയം പറഞ്ഞ് അദ്ദേഹം മലക്കംമറിഞ്ഞു, പുലിവാല് പിടിച്ചു. അസം, ലോ ലാൻഡിന്റെ ഭാഗമായതിനാൽ അവിടെ പറയാം ഒരുപരിധിവരെ.
നോർത്ത് ഈസ്റ്റിന്റെ അമിത് ഷാ
എന്നാൽ ഇതുകൊണ്ടൊന്നും ഹിമന്ദ- അമിതാ ഷായുടെ പ്ലാൻ തീരുന്നില്ല, തടസ്സം വരുന്നുണ്ടെങ്കിലും. പറ്റാവുന്നിടത്തോളം നോർത്ത് ഈസ്റ്റിനെ കാവിയാക്കുക, നോർത്ത് ഈസ്റ്റ് കോർഡിനേഷൻ ശക്തിപ്പെടുത്തുക, ബി.ജെ.പിയുടെ ശക്തി കൂട്ടുക, ഇതാണ് ലക്ഷ്യം. അസം മുഖ്യമന്ത്രിയെ നോർത്ത് ഈസ്റ്റിലെ സാങ്കൽപ്പിക സർവ്വാധിപനാക്കാനുള്ള നീക്കം. നോർത്ത് ഈസ്റ്റിൽ ബി.ജെ.പിയുടെ അമിത് ഷായാണ് അസം മുഖ്യനായ ഹിമന്ദ ബിശ്വ സർമ. തന്ത്രങ്ങളിൽ ഷാർപ്പ്. ഏത് കുതന്ത്രവും ഒപ്പിക്കാനുള്ള സിദ്ധിയുണ്ട്, ഹിതേശ്വർ സൈകിയയുടെ പഴയ കോൺഗ്രസ് ശിഷ്യന്. ആളെ തികയ്ക്കാനായി ഒരു എം.എൽഎയെ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ വഴി പൊക്കിയെടുത്ത കക്ഷി. പ്രഫുല കുമാർ മൊഹന്ദയുടേയും സൈകിയയുടേയും തരുൺ ഗൊഗോയിയുടേയും ഒപ്പം രാഷ്ട്രീയം കണ്ട് നിലയുറപ്പിച്ച, കോൺഗ്രസിന്റെ പഴയ ബുദ്ധികേന്ദ്രം. തരുൺ ഗൊഗോയ് മകനെ പൊക്കിക്കൊണ്ട് അധികാരത്തിലേക്ക് വന്നപ്പോളാണ് മറുവഴി ഹിമന്ദ ആലോചിച്ചത്.
അമിത് ഷായ്ക്ക് അത് ഗുണമായി. നോർത്ത് ഈസ്റ്റിൽ കിട്ടാവുന്ന മികച്ച കുശാഗ്രബുദ്ധിക്കാരനെ അതോടെ കിട്ടി. അസം ഗണ പരിഷത്തിനെ തോൽപ്പിച്ചുകൊണ്ടിരുന്ന ഹിമന്ദ അങ്ങനെ കോൺഗ്രസ് വിട്ട് താമരയിലെത്തി. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലെയിൻസ് (എൻ.ഇ.ഡി.എ)യുടെ കൺവീനർ ആക്കി അമിത് ഷാ ഹിമന്ദയെ. എൻ.ഡി.എയുടെ വടക്കുകിഴക്കൻ പതിപ്പാണിത്. നോർത്ത് ഈസ്റ്റിന്റെ ബിഗ് ബ്രദറായി ഉയർത്തിക്കാണിച്ചു. അമിത് ഷാ. പിന്നീടങ്ങോട് ബി.ജെ.പിയ്ക്ക് വെച്ചടി കയറ്റം, കോൺഗ്രസിന് തളർച്ചയും. നോർത്ത് ഈസ്റ്റിലെ ഏത് സംസ്ഥാനത്തെ നീക്കങ്ങൾക്ക് പുറകിലും ഹിമന്ദ ബിശ്വ സർമയുണ്ടായിരുന്നു 2015 മുതൽ. മുന്നണിയിലേക്ക് ആളെ കൂട്ടുകയായിരുന്നു ആദ്യ ദൗത്യം. ഓരോ നോർത്ത് ഈസ്റ്റ് സംസ്ഥാനത്തും ബി.ജെ.പി. അധികാരത്തിൽ കേറാനായി നടത്തിയ തന്ത്രങ്ങൾ ഉരുക്കഴിച്ചതിൽ നിർണായക റോളുണ്ടായി പഴയ രാഹുൽ സതീർത്ഥ്യന്. മക്കൾ വാഴ്ച്ച പതിവു കോൺഗ്രസ് കലാപരിപാടിയതിനാൽ രാഹുലും സംഘവും അന്നതിൽ അപകടം കണ്ടുകാണില്ല. അടവുകൾ പൂർണമായി പുറത്തെടുക്കാൻ അമിത് ഷായ്ക്ക് ഒപ്പം കൂടിയപ്പോ ഹിമന്ദയ്ക്കായി. കോൺഗ്രസ് അസമിലും മറ്റും നേരിടുന്ന പ്രതിസന്ധി, പുതുതന്ത്രം വേണ്ടതിന്റെ അനിവാര്യത ഇതെല്ലാം പറയാനായി പലവട്ടം രാഹുലിനെ ഹിമന്ദ കണ്ടു. പക്ഷേ, വിഷയം കേൾക്കുന്നതിനേക്കാൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധ പട്ടിയ്ക്ക് ബിസ്‌കറ്റ് കൊടുക്കുന്നതിൽ ആയിരുന്നുവെന്ന് ഹിമന്ദ പിന്നീട് പ്രതികരിച്ചു. ഗൊഗോയിയുടെ നീക്കത്തെ എതിർക്കാതിരുന്നതിലെ കുഴപ്പം ബോധ്യപ്പെട്ടുകാണും കോൺഗ്രസിനിപ്പോ. ഹിമന്ദയെ വിട്ടുകളഞ്ഞതിലെ ഹിസ്റ്റോറിക്കൽ ബ്ലണ്ടർ.
അമിത് ഷായ്ക്ക് വേണ്ടി നോർത്ത് ഈസ്റ്റിനെ മൊത്തത്തിൽ ക്യാൻവാസു ചെയ്യാനുള്ള രാഷ്ട്രീയ തന്ത്രം നടപ്പാക്കാനിറങ്ങിയ ഹിമന്ദ ഇപ്പോൾ അസം മുഖ്യനാണ്. ഇനി വേണ്ടത് അസമിന് മാത്രം വേണ്ടിയുള്ള കളികളാണ്. ഹിമന്ദയ്ക്ക് അനിഷേധ്യത സ്വയം നിലനിർത്തേണ്ടത് അനിവാര്യം. അധികാരമെത്തിയ കൈകകളിൽ അസമിന്റെ നെടുനായകത്വമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്വം. സംസ്ഥാന ഭരണത്തിൽ മുടിചൂടാമന്നൻ കൂടി ആവുകയെന്ന ലക്ഷ്യം. ഹിമന്ദ അതിനുള്ള ഓവർ സ്മാർട്ട് കളിയാണ് മിസോറം അതിർത്തിയിൽ കളിച്ചത് എന്നാണ് നോർത്ത് ഈസ്റ്റിലെ രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
ബരാക് വാലിയുടെ പൗരത്വ പ്രതിസന്ധിയും സൊറാംതംഗയും
മറ്റൊരു ഗൂഢലക്ഷ്യം കൂടി ഇതിനു പുറകിലുണ്ട്. ബരാക് വാലിയെന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ബരാക് നദിയൊഴുകുന്ന വനപ്രദേശം. കരിംഗഞ്ച്, കച്ഛാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളടക്കം ബംഗ്ലാദേശികളുടെ പലായനമുള്ള മേഖല കൂടിയാണിത്. മുസ്ലീങ്ങളുടെ നുഴഞ്ഞുകയറ്റം നടക്കുന്നു എന്ന് ബി.ജെ.പി. ആരോപിക്കുന്ന മേഖല. മുസ്ലീങ്ങൾ നല്ലൊരു ശതമാനമുണ്ട്. കൂടുതലും. പലരും ബംഗ്ലാദേശികളാണെന്നും പുറത്താക്കണമെന്നും അസമിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട് കാലങ്ങളായി. ഈ താൽപര്യത്തിന് വെള്ളവും വളവും കൊടുത്ത് പിന്തുണച്ചാണ് ബി.ജെ.പി. വോട്ട് സമാഹരിച്ചത്. അതേസമയം വോട്ട് ബാങ്കിലെ നിർണായക ശക്തിയാണ് മുസ്ലീങ്ങളും. 50 ശതമാനത്തോളം മുസ്ലീം ജനസംഖ്യയിലുള്ള പ്രദേശങ്ങളാണിത്. ബംഗാളി സംസാരിക്കുന്നവരാണ് കൂടുതൽ. പൗരത്വബിൽ ന്യൂനപക്ഷത്തെ ആശങ്കയിലാഴ്ത്തുന്ന ഇന്ത്യയിലെ തന്നെ പ്രധാന മേഖലയിലൊന്ന് ഇതാണ്. ഇവിടത്തെ സംഘർഷം ഒരുവശത്ത് ഹിന്ദുത്വ കൺസോളിഡേഷനെന്ന ബോണസാക്കി മാറ്റാമെന്ന് ഹിമന്ദയ്ക്കറിയാം.
ഇതിനൊരു മറുപുറമുണ്ട് മിസോറാമിൽ. കുറച്ചുദിവസം മുമ്പ് അസം ട്രിബ്യൂണിന്റെ ഒന്നാംപേജ് വാർത്ത പ്രധാനമന്ത്രിയ്ക്ക് നോർത്ത് ഈസ്റ്റ് എം.പിമാരുടെ സംഘം നിവേദനം നൽകിയതായിരുന്നു. കേന്ദ്രമന്ത്രി കിരൺകുമാർ റിജ്ജു, സർബാനന്ദ സോനാവാൾ എന്നിവർ അവിടെയുണ്ടായി. 14 അസം ബി.ജെ.പി. എം.പിമാർ എത്തി, ഒരാൾ അരുണാചലിൽ നിന്നും മറ്റൊരാൾ ത്രിപുരയിൽ നിന്നും. മിസോ-അസം സംഘർഷത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നും വിദേശശക്തിയുടെ പങ്ക് അന്വേഷിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. ഒപ്പം ഗൂഢാലോചന നടത്തിയത് കോൺഗ്രസ്സാണെന്നും. കിരൺ റിജ്ജു അക്കാര്യം മാധ്യമങ്ങളോടും ആരോപണമായി പറഞ്ഞു. ഉടനെത്തന്നെ മിസോറം ഈ ആരോപണത്തിലെ വസ്തുത പുറത്തുവരണം എന്നാവശ്യപ്പെട്ടു, ഉടനെ അന്വേഷണം വേണമെന്നും. ബംഗ്ലാദേശ് അതിർത്തിയുള്ള ഈ മേഖലയിലെ സംഘർഷത്തെക്കുറിച്ച് കേന്ദ്രമന്ത്രി നടത്തിയ പരാമർശത്തിന് രണ്ട് മാനങ്ങളുണ്ട്. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന ബി.ജെ.പിയുടെ ഉന്നം.
ഈ മേഖലയുടെ പൗരത്വപ്രശ്‌നവും നുഴഞ്ഞുകയറ്റവും പലായനങ്ങളും ബി.ജെ.പി. ലക്ഷ്യംവെക്കുന്നു. അസം എന്ന മെയിൻ ലാൻഡിന്റെ അധികാര പ്രമത്തതയോട് മറ്റ് സംസ്ഥാനങ്ങൾക്ക് ഈർഷ്യയുണ്ട് എന്നതാണ് സത്യം. എല്ലാം ഗ്രേറ്റർ അസമിന്റെ പുത്രന്മാർ തീരുമാനിക്കും എന്ന ലൈനിനോടുള്ള കലഹം. അസം മുഖ്യമന്ത്രിയെന്ന നിലവിൽ ഹിമന്ദ ഓഫ് സൈഡ് കേറി കളിക്കുന്നുവെന്ന വിമർശനം നോർത്ത് ഈസ്റ്റിലെ മറ്റ് ബി.ജെ.പി. നേതാക്കൾക്കുപോലുമുണ്ട്. അയൽ സഹോദരിമാർക്ക് ദഹിക്കുന്നില്ല. അതിനാൽ കാര്യങ്ങൾ ഹിമന്ദയ്ക്ക് മിസോം വിഷയത്തിൽ എളുപ്പമല്ല. കാരണം, മിസോറാം മുഖ്യന്റെ പശ്ചാത്തലം ഒട്ടും മോശമല്ല. പഴയ റെബൽ ലിബറേഷൻ നേതാവാണ് ഇപ്പോഴത്തെ മിസോറം മുഖ്യമന്ത്രി. എന്തുതരം കളിയും അയാൾക്കറിയാം. ഹിമന്ദയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് ചുമ്മാ വിരട്ടാനല്ല തെളിവുണ്ടെന്ന് മിസോറം പറഞ്ഞത് അതുകൊണ്ടാണ്. സൊറാംതംഗ ആളത്ര നിസ്സാരക്കാരനല്ല. മിസോം നാഷണൽ ഫ്രണ്ട് ഒരുകാലത്ത് റെബലുകളുടെ ഏറ്റവും വലിയ ഗ്രൂപ്പായിരുന്നു. എന്തിനും തയ്യാറുള്ള നേതാവായിരുന്നു. റെൺ ബുങ് മേഖലയിലെ പഴയ തീപ്പൊരി അണ്ടർഗ്രൗണ്ട് നേതാവ്. തീവ്രവാദ സ്വഭാവമുള്ള ഗറില്ലാ ഗ്രൂപ്പുകളെ മിസോ നാഷണൽ ഫ്രണ്ടിന് വേണ്ടി സൃഷ്ടിച്ചവരിലൊരാളാണ് സൊറാംതംഗ. ആളത്ര വെടിപ്പല്ലെന്ന് ചുരുക്കം. പലതരം ആരോപണങ്ങളിലൂടെ കടന്നുവന്നു. നിരവധി ക്രിമിനൽ-അഴിമതി കേസുകളടക്കം. അതുകൊണ്ട് ഹിമന്ദ കളിക്കുന്ന പല കളിയും സൊറാംതംഗയ്ക്ക് ഊഹിക്കാനാകും.
എന്നാൽ ഹിമന്ദ പറയുന്നത് ഇതെല്ലാം കോൺഗ്രസ് വരുത്തിവെച്ചതാണെന്നാണ്. പതിറ്റാണ്ടുകളുടെ തർക്കമാണിത്. രാജ്യം എതിർരാജ്യങ്ങളോട് എതിരിടുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പരസ്പരം പോരടിക്കുന്നു. പ്രശ്‌നങ്ങളുടെ കാരണക്കാർ കോൺഗ്രസാണ്. ബരാക് വാലിയിൽ നികുതി പിരിക്കുന്നതിലെ പ്രശ്‌നം നേരത്തെയുണ്ട്. കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത്. നികുതി പിരിവിൽ ഉണ്ടായ അവ്യക്തത കോൺഗ്രസ് കാലത്ത് പരിഹരിച്ചില്ലെന്ന ഹിമന്ദയുടെ വാദം ശരിയുമാണ്. മിസോറാം തർക്കത്തിൽ അതിർത്തിയിൽ പുതിയൊരു പ്രശ്‌നമായതിൽ ഈ വിഷയത്തിലെ അവ്യക്തതയ്ക്കും പങ്കുണ്ട്. 164 കിലോമീറ്റർ അതിർത്തിയുള്ള അസം-മിസോ മേഖലയിലെ വൈരങ്‌ദേ പ്രദേശത്ത് 29 കിലോമീറ്ററിലെ അതിർത്തി പുതുക്കി നിർണയിച്ചാൽ തന്നെ തീരാവുന്നതാണ് ഈ പ്രശ്‌നമെന്നാണ് ഇപ്പോൾ അസമിന്റെ വാദം. എന്നുവെച്ചാൽ നിലവിലെ അതിർത്തിരേഖ പുനർനിർണയിക്കാനുള്ള താൽപര്യമാണത്. ഇതിന് വഴങ്ങിയാൽ നേട്ടം ഹിമന്ദയിലെ രാഷ്ട്രീയ നേതാവിനും ബി.ജെ.പിയ്ക്കും. മിസോയുടെ മുഖ്യനായ പഴയ ഗറില്ലയുടെ ഈഗോ വെച്ച് ഇതിന് സമ്മതിക്കുമോ എന്നതാണ് ചോദ്യം. ഏതായാലും കലക്കവെള്ളത്തിൽ മീൻപിടിക്കുകയാണ് പാർട്ടികൾ നോർത്ത് ഈസ്റ്റിൽ. രാഷ്ട്രീയനേട്ടത്തിനായി മാത്രമുള്ള രാഷ്ട്രീയ പ്രതിസന്ധിയെന്ന് പറയാം. പുതിയ അസം-മിസോ സംഘർഷത്തിന് കാരണം മറ്റൊന്നുമല്ല.