ഒടുവിൽ കെജ്രിവാൾ
ശരിയായ രീതിയിൽ
ഓഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു…

ആത്യന്തികമായി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലം കൊണ്ടുള്ള ഒരു ഗുണം, കെജ്രിവാൾ ശരിയായ രീതിയിൽ ഓഡിറ്റ് ചെയ്യപ്പെട്ടു എന്നതാണ്- മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ എഴുതുന്നു.

ൽഹി നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന് വലിയ രാഷ്ട്രീയമാനങ്ങളുണ്ടെന്ന് ഞാൻ കരുതുന്നില്ല. എല്ലാവർക്കും അവരവരുടേതായ രീതിയിൽ കാര്യങ്ങൾ വ്യാഖ്യാനിക്കാൻ പറ്റുമെന്നതാണ് ഈ റിസൾട്ടിൻെറ ഗുണം.

ബി.ജെ.പിക്ക് തീർച്ചയായും പറയാം:
ഇത്രയും വർഷങ്ങൾക്കുശേഷം അവർ തിരിച്ചുവന്നുവെന്ന്.
അരവിന്ദ് കെജ്രിവാളിന് പറയാം:
കോൺഗ്രസും മറ്റുള്ളവരും ചേർന്ന് തങ്ങളെ പരാജയപ്പെടുത്തിയതാണെന്ന്.
കോൺഗ്രസിന് പറയാം:
കെജ്രിവാളിനോട് ഒരു മധുരപ്രതികാരം വീട്ടാൻ കഴിഞ്ഞുവെന്ന്.

പല നിർണായക ഘട്ടങ്ങളിലും ഭൂരിപക്ഷ വർഗീയ നിലപാട് തന്നെയാണ് അരവിന്ദ്​ ​കെജ്രിവാൾ എടുത്തത്.

പക്ഷേ, ആത്യന്തികമായി ഈ ഫലം കൊണ്ടുള്ള ഒരു ഗുണം, കെജ്രിവാൾ ശരിയായ രീതിയിൽ ഓഡിറ്റ് ചെയ്യപ്പെട്ടു എന്നതാണ്. തെരഞ്ഞെടുപ്പു ഫലം കെജ്രിവാളിൻെറ മാത്രം പ്രവൃത്തി കൊണ്ടുണ്ടായതാണെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാനാവില്ല. അതിന് പല ഘടകങ്ങളുണ്ടാവാം. അതിൻെറ വിശദമായ കണക്കുകൾ പുറത്തുവരേണ്ടതുണ്ട്.

എന്നാൽ, കെജ്രിവാളെടുത്ത പല നിലപാടുകളും സൂക്ഷ്മദർശിനിയിലൂടെ പലരും വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയാം. അദ്ദേഹം ബി.ജെ.പിയുടെ അല്ലെങ്കിൽ സംഘപരിവാറിൻെറ ബി ടീം ആണെന്നുതന്നെയാണ് ഇതിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്നത്. പല നിർണായക ഘട്ടങ്ങളിലും ഭൂരിപക്ഷ വർഗീയ നിലപാട് തന്നെയാണ് അദ്ദേഹം എടുത്തത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൻെറ സമയത്തും ഡൽഹി കലാപസമയത്തും റോഹിങ്ക്യൻ മുസ്ലിങ്ങളുമായി ബന്ധപ്പെട്ടും പരസ്യമായ ഹനുമാൻ ആരാധനയിലും അത് രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നതിലുമെല്ലാം അദ്ദേഹം സ്വീകരിച്ച നിലപാട് പരിശോധിച്ചാൽ, ‘ബി.ജെ.പി ലൈറ്റ്’ എന്നു വേണമെങ്കിൽ കെജ്രിവാളിനെ വിശേഷിപ്പിക്കാം. ആ രീതിയിൽ തന്നെയാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. ഇതിനുമുമ്പും സംവരണ വിഷയങ്ങളിലും മറ്റും അദ്ദേഹം വലതുപക്ഷ നിലപാട് തന്നെയാണ് എടുത്തിരുന്നത്.

കെജ്രിവാളെടുത്ത പല നിലപാടുകളും സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിക്കുമ്പോൾ  അദ്ദേഹം ബി.ജെ.പിയുടെ അല്ലെങ്കിൽ സംഘപരിവാറിന്റെ ബി ടീം ആണെന്നു വിലയിരുത്താം./Photo: Facebook, Aam Aadmi Party Odisha
കെജ്രിവാളെടുത്ത പല നിലപാടുകളും സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിക്കുമ്പോൾ അദ്ദേഹം ബി.ജെ.പിയുടെ അല്ലെങ്കിൽ സംഘപരിവാറിന്റെ ബി ടീം ആണെന്നു വിലയിരുത്താം./Photo: Facebook, Aam Aadmi Party Odisha

അഴിമതിക്കെതിരെ പോരാട്ടം നടത്തിയ കാലത്ത് അദ്ദേഹം വേണ്ട രീതിയിൽ ഓഡിറ്റ് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ, ആ ഓഡിറ്റിംഗിന് ഈ തെരഞ്ഞെടുപ്പുഫലം വഴിയൊരുക്കിയിരിക്കുന്നു. അദ്ദേഹം എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ഒരു ചോദ്യം മുൻപൊരു ഘട്ടത്തിലും ഉയർന്നിരുന്നില്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ അത് സംഭവിച്ചു.

ഡൽഹിയിലെ ജനങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ വോട്ട് ചെയ്തതെന്ന കാര്യത്തിൽ ഓരോരുത്തർക്കും തങ്ങൾക്കുതകുന്ന രീതിയിൽ വ്യാഖ്യാനം നടത്താവുന്ന തരത്തിലാണ് സാഹചര്യം. ന്യൂനപക്ഷങ്ങൾക്കെതിരെ പല നിലപാടുകളും എടുത്തുവെങ്കിലും, ദലിതർക്കായി ഒന്നും ചെയ്തില്ലെങ്കിലും ഈ രണ്ട് കൂട്ടരും കെജ്രിവാളിനൊപ്പം നിന്നുവെന്ന് പലരും പറയുന്നുണ്ട്. പല സീറ്റുകളിലെയും പ്രകടനത്തെ മുൻനിർത്തി അക്കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ ഡൽഹിയിൽ അങ്ങനെ ന്യൂനപക്ഷമോ, അല്ലെങ്കിൽ ദലിതർ മാത്രമുള്ള സീറ്റുകളില്ലെന്നാണ് ചില നിരീക്ഷകർ പറയുന്നത്.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൻെറ സമയത്തും ഡൽഹി കലാപസമയത്തും റോഹിങ്ക്യൻ മുസ്ലിങ്ങളുമായി ബന്ധപ്പെട്ടും പരസ്യമായ ഹനുമാൻ ആരാധനയിലും അത് രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നതിലുമെല്ലാം അദ്ദേഹം സ്വീകരിച്ച നിലപാട് പരിശോധിച്ചാൽ, ‘ബി.ജെ.പി ലൈറ്റ്’ എന്നു വേണമെങ്കിൽ കെജ്രിവാളിനെ വിശേഷിപ്പിക്കാം.

ആരാണ് കെജ്രിവാളിനെതിരെ വോട്ട് ചെയ്തതെന്നാണ് പ്രധാന ചോദ്യം. അത് വോട്ടർമാരുടെ ചില കൊടുക്കൽ വാങ്ങലുകളുമായി, അല്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള നീക്കുപോക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയേണ്ടിവരും. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കെജ്രിവാളിനെ ഒരുതരത്തിലും ഭരിക്കാൻ അനുവദിക്കാതിരുന്നപ്പോൾ അതിൻെറ തിക്താനുഭവം കൂടുതലും അനുഭവിച്ചത് ദരിദ്രരായ ജനങ്ങളാണ്. അവർ ചിലപ്പോൾ ഇനിയും കഷ്ടപ്പെട്ടിട്ട് കാര്യമില്ലെന്നുപറഞ്ഞ് സഹികെട്ട് ബി.ജെ.പിക്ക് വോട്ട് ചെയ്തിരിക്കാം. ലെഫ്റ്റനൻറ് ഗവർണർ വഴിയും അല്ലാതെയും കെജ്രിവാളിനെ ഭരിക്കാൻ സമ്മതിക്കില്ല എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ.

അതിനാൽ ഡൽഹിയിലെ അടിസ്ഥാന സൗകര്യ വികസനത്തിലായാലും സാമൂഹ്യ- സാമ്പത്തിക പദ്ധതികളിലായാലും പല പ്രതിസന്ധികളും നേരിട്ടിരുന്നു. അങ്ങനെ വന്നപ്പോൾ ബി.ജെ.പിക്ക് വോട്ട് ചെയ്താൽ നല്ലതാണെന്ന് വോട്ടർമാർക്ക് തോന്നാനിടയുണ്ട്. അങ്ങനെയെങ്കിൽ അനീതി കാണിച്ച ഒരു സർക്കാരിന് ജനങ്ങൾ അംഗീകാരം നൽകിയെന്ന് പറയേണ്ടിയിരിക്കുന്നു. ഇത് നമ്മുടെ ഫെഡറലിസത്തെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. കേന്ദ്രസർക്കാരിൽനിന്ന് അർഹമായ പല അവകാശങ്ങളും നിഷേധിക്കപ്പെട്ട കേരളത്തെ പോലുള്ള സംസ്ഥാനങ്ങളെയും ഇത് ആശങ്കയിലാക്കുന്നുണ്ട്. ശക്തമായ രാഷ്ട്രീയ പ്രതിരോധം മാത്രമേ ഇതിന് ഉത്തരമുള്ളൂ. അല്ലാതെ മൃദു ഹിന്ദുത്വയോ, വളഞ്ഞ വഴികളോ ഒന്നുമല്ല പിന്തുടരേണ്ടത്. ഇതൊരു വലിയ പാഠം തന്നെയാണ്.

ജനങ്ങൾക്കുവേണ്ടി രാഷ്ട്രീയ പാർട്ടികൾ എന്ത് ത്യാഗമാണ് ചെയ്തത് എന്ന ചോദ്യവും ഉദിക്കുന്നുണ്ട്. അത് ചെയ്തില്ലെങ്കിൽ ജനം ചിലപ്പോൾ കൊടുക്കൽ വാങ്ങലെന്ന നിലയിലും വോട്ട് ചെയ്യും. അത് അവരവരുടെ വ്യക്തിപരമായ നേട്ടത്തിനായിരിക്കും. പല തെരഞ്ഞെടുപ്പുകളിലും അങ്ങനെയൊരു വോട്ടിങ് സംഭവിച്ചിട്ടുണ്ട്. അതിനെ നമുക്ക് എപ്പോഴും അരാഷ്ട്രീയമാണെന്ന് പറയാൻ സാധിക്കില്ല. വ്യക്തിപരമായ താൽപര്യങ്ങളുടെ പുറത്ത് സംഭവിക്കുന്നതാണിത്.

കെജ്രിവാൾ ഒരിക്കലും ദേശീയ തലത്തിലുള്ള നേതാവായിരുന്നില്ല. പല നിർണായക വിഷയങ്ങളിലും അദ്ദേഹം ബി.ജെ.പി അനുകൂല നിലപാടോ അല്ലെങ്കിൽ എവിടെയും തൊടാത്ത നിലപാടോ ആണ് സ്വീകരിച്ചിട്ടുള്ളത്.
കെജ്രിവാൾ ഒരിക്കലും ദേശീയ തലത്തിലുള്ള നേതാവായിരുന്നില്ല. പല നിർണായക വിഷയങ്ങളിലും അദ്ദേഹം ബി.ജെ.പി അനുകൂല നിലപാടോ അല്ലെങ്കിൽ എവിടെയും തൊടാത്ത നിലപാടോ ആണ് സ്വീകരിച്ചിട്ടുള്ളത്.

പ്രതിപക്ഷത്തിന് ഈ തെരഞ്ഞെടുപ്പ് എന്തെങ്കിലും പാഠം നൽകുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിന് പ്രധാന കാരണം, കെജ്രിവാൾ ഒരിക്കലും ദേശീയ തലത്തിലുള്ള നേതാവായിരുന്നില്ല എന്നതാണ്. മാധ്യമങ്ങളിൽ, പ്രത്യേകിച്ച് മധ്യവർഗ മാധ്യമങ്ങളിൽ, അദ്ദേഹത്തിന് അർഹിക്കുന്നതിൽ കൂടുതൽ കവറേജ് ലഭിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. Great Hope എന്ന തരത്തിലുള്ള ഇമേജ് ഇതിലൂടെ അദ്ദേഹത്തിന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നുവെന്നല്ലാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു നിർണായക ശക്തിയാണ് കെജ്രിവാൾ എന്നൊന്നും പറയാൻ സാധിക്കില്ല. പല നിർണായക വിഷയങ്ങളിലും അദ്ദേഹം ബി.ജെ.പി അനുകൂല നിലപാടോ അല്ലെങ്കിൽ എവിടെയും തൊടാത്ത നിലപാടോ ആണ് സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹം എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഒരിക്കലും വ്യക്തമായി പറഞ്ഞിട്ടില്ല. ഇപ്പോഴും അത് നമുക്കറിയില്ല. ഒരു ലോബിയിങ് ഫോഴ്സെന്ന നിലയിൽ അദ്ദേഹം മധ്യവർഗത്തെ ആകർഷിച്ചിട്ടുണ്ടായിരിക്കാം.

കോൺഗ്രസുമായി യോജിച്ചുനിന്നിരുന്നുവെങ്കിൽ ചിലപ്പോൾ ഇപ്പോൾ കിട്ടിയ വോട്ട് പോലും ആം ആദ്മി പാർട്ടിക്ക് കിട്ടുമായിരുന്നില്ല. അവർ തമ്മിൽ നേരത്തെ തന്നെയുള്ള അനൈക്യം കാരണം പലരും ബി.ജെ.പിക്ക് വോട്ട് ചെയ്യുകയോ അല്ലെങ്കിൽ വോട്ട് ചെയ്യാതിരിക്കുകയോ ചെയ്യുമായിരുന്നു. ജനങ്ങളെ യന്ത്രങ്ങൾ എന്ന നിലയിൽ കണക്കിലെടുത്താൽ ശരിയാവില്ല. കോൺഗ്രസിന് കിട്ടിയ വോട്ടും എ എ പിക്ക് കിട്ടിയ വോട്ടും കൂട്ടിനോക്കി, അവർ ഒരുമിച്ച് നിന്നിരുന്നുവെങ്കിൽ ജയിക്കുമായിരുന്നുവെന്നൊക്കെ കരുതുന്നത് മൗഢ്യമാണ്. അങ്ങനെ ആവണമെന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുവരും ഒരുമിച്ച് നിന്നിട്ട് എന്താണ് സംഭവിച്ചത്? മുഴുവൻ സീറ്റിലും ബി.ജെ.പിയല്ലേ ജയിച്ചത്?
ആപ്പും കോൺഗ്രസും ഒരു ഘട്ടത്തിലും യോജിപ്പുള്ളവരാണെന്ന് തെളിയിച്ചിട്ടില്ല. വർഷത്തിലുടനീളം പരസ്പരം ആക്ഷേപിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്തിട്ട് 365ാം ദിവസം രണ്ട് പാർട്ടികളും ഒന്നിച്ചുനിന്ന്, അവർക്കുവേണ്ടി വോട്ട് ചെയ്യണമെന്ന് പറയുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.

കോൺഗ്രസുമായി യോജിച്ചുനിന്നിരുന്നുവെങ്കിൽ ചിലപ്പോൾ ഇപ്പോൾ കിട്ടിയ വോട്ട് പോലും ആം ആദ്മി പാർട്ടിക്ക് കിട്ടുമായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുവരും ഒരുമിച്ച് നിന്നിട്ട് എന്താണ് സംഭവിച്ചത്? മുഴുവൻ സീറ്റിലും ബി.ജെ.പിയല്ലേ ജയിച്ചത്?

സീറ്റുകളുടെ കാര്യത്തിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യാനും കോൺഗ്രസും എ.എ.പിയും തയ്യാറായിരുന്നില്ല. എന്നാൽ ജനം ഇതെല്ലാം സഹിച്ച് ബി.ജെ.പി സർക്കാർ വരാതിരിക്കാൻ വോട്ട് ചെയ്യണമെന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളത്? രാഷ്ട്രീയ പാർട്ടികൾ അതിനായി എന്തെങ്കിലും ത്യാഗം ചെയ്യാൻ തയ്യാറായോ? മതേതര കൂട്ടുകെട്ടെന്ന് പറയുന്ന പ്രതിപക്ഷം തങ്ങൾ ത്യാഗം ചെയ്യാൻ തയ്യാറാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അത് കോൺഗ്രസും കാണിക്കുന്നില്ല. മറ്റുള്ളവരും കാണിക്കുന്നില്ല.

ഉദാഹരണത്തിന്, വയനാട് സീറ്റിൽ പ്രിയങ്ക ഗാന്ധി മത്സരിക്കേണ്ടിയിരുന്നോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. എന്തുകൊണ്ട് ആ സീറ്റ് കോൺഗ്രസ് സി.പി.ഐയ്ക്ക് കൊടുക്കുന്നില്ല? ബി.ജെ.പിക്കെതിരെ അവർ ഒരുമിച്ച് നിൽക്കേണ്ടതല്ലേ? ത്യാഗം ചെയ്യാൻ തയ്യാറാവുന്നതിലൂടെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് ഒരു സൂചന കൊടുക്കുകയാണ് ചെയ്യുന്നത്, വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന്… വർഗീയതക്കെതിരായ പോരാട്ടത്തിൽ എന്ത് ത്യാഗവും സഹിക്കാൻ തങ്ങൾ തയ്യാറാണ് എന്ന സന്ദേശമാണത്. അതിന് കോൺഗ്രസ് തയ്യാറാവുന്നില്ല. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്യാൻ വലിയ പാർട്ടികൾ തയ്യാറാവണം. ഓരോ സംസ്ഥാനത്തും ശക്തരായ പാർട്ടികൾ ആരാണോ അവർ ഇന്ത്യാ മുന്നണിയെ കൂടുതൽ ശക്തമാക്കുന്നതിനായി സീറ്റുകൾ വിട്ടുകൊടുത്തും മറ്റുള്ളവരെ വിജയിപ്പിക്കാനായി വിട്ടുവീഴ്ചകൾക്കും തയ്യാറാവണം. അപ്പോൾ ജനങ്ങളും അതിനൊപ്പം കഷ്ടതകൾ സഹിക്കാൻ തയ്യാറാകും. അല്ലാതെ, ജനം മാത്രം എപ്പോഴും എല്ലാം സഹിച്ച് മതേതരത്വത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് പറയുന്നത് മൗഢ്യമാണ്.

രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും അഴിമതി ആരോപണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന കാര്യത്തിൽ ഒരു പുനർവിചിന്തനം ആവശ്യമാണെന്ന് ഡൽഹി തെരഞ്ഞെടുപ്പ് ഓർമ്മിപ്പിക്കുന്നുണ്ട്. 2011 കാലഘട്ടത്തിലാണ് അണ്ണാ ഹസാരെയുടെയും അരവിന്ദ് കെജ്രിവാളിൻെറയുമൊക്കെ നേതൃത്വത്തിൽ അഴിമതിക്കെതിരായ നിയമനിർമ്മാണത്തിനായി സമരം നടന്നത്. അത് കഴിഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും എത്ര അഴിമതിക്കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടവിധത്തിൽ ശിക്ഷ ലഭിച്ചു? തനിക്കെതിരെ കേസ് വന്നപ്പോൾ എല്ലാം നുണക്കഥകളാണ് എന്നാണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. ഇത് തന്നെയാണ് കോൺഗ്രസും അന്ന് പറഞ്ഞത്. ടു ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് അന്നത്തെ സി എ ജി പറഞ്ഞ കാര്യങ്ങൾ എത്രമാത്രം അതിശയോക്തിയുള്ളതായിരുന്നുവെന്ന് ഇപ്പോൾ ചില സംശയങ്ങൾ വരുന്നുണ്ട്. തനിക്കും കൂട്ടാളികൾക്കുമെതിരെ ആരോപണം വരുമ്പോൾ, അരവിന്ദ് കെജ്രിവാൾ അത് കളവാണെന്ന് പറയുന്നതും മറ്റുള്ളവർക്കെതിരെ അദ്ദേഹം പറയുന്നത് സത്യമാണെന്ന് വരുന്നതും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ട്.

അഴിമതിക്കെതിരെ പോരാട്ടം നടത്തിയ കാലത്ത് അരവിന്ദ് കെജ്രിവാൾ വേണ്ട രീതിയിൽ ഓഡിറ്റ് ചെയ്യപ്പെട്ടിരുന്നില്ല.
അഴിമതിക്കെതിരെ പോരാട്ടം നടത്തിയ കാലത്ത് അരവിന്ദ് കെജ്രിവാൾ വേണ്ട രീതിയിൽ ഓഡിറ്റ് ചെയ്യപ്പെട്ടിരുന്നില്ല.

കല്ലുവെച്ച നുണ പ്രചരിപ്പിക്കാനും വൈകാരികമായി ആളുകളെ ഇളക്കിവിടാനും വൻതുക ചെലവഴിച്ച് അജണ്ടകൾ ഉണ്ടാക്കാനും സാധിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് ആരോപണങ്ങളെ ഊതിപ്പെരുപ്പിച്ച് ജനങ്ങളെ വശീകരിക്കാൻ കഴിയുമെന്നതിൻെറ തെളിവ് കൂടിയാണ് ഡൽഹിയിൽ കണ്ടത്. കെജ്രിവാളിൻെറ ക്ലീൻ ഇമേജ് പോലും ബി.ജെ.പിയുടെ പ്രോപ്പഗാൻഡ മെഷീന് പൊളിക്കാൻ സാധിക്കുമെന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. പണവും അധികാരവും ഉപയോഗിച്ച് യാതൊരു ഉളുപ്പുമില്ലാതെ നുണപ്രചാരണം നടത്തി ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നതും രാഷ്ട്രീയ പാർട്ടികൾ പാഠമായി എടുക്കേണ്ടതാണ്.

തെളിവില്ലാത്ത ആരോപണങ്ങൾ പെരുപ്പിക്കുന്ന മാധ്യമങ്ങൾ മാപ്പ് പറയണം. ഇത് ജനാധിപത്യത്തിൽ അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കിൽ പണവും അധികാരകേന്ദ്രങ്ങളിൽ സ്വാധീനവുമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പം സാധിക്കുമെന്ന നില തുടരും.

കേരളത്തിനെ സംബന്ധിച്ചും ഇതൊരു പാഠമാണ്. കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുത്തു എന്ന് പറയുന്നതുപോലെ എന്ത് ആരോപണം വരുമ്പോഴും എടുത്തുചാടി ഊതിപ്പെരുപ്പിച്ച് വലുതാക്കുന്നത് കേരളത്തിലെ വലിയ പ്രശ്നമാണ്. അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവണം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നവർ അധികാരത്തിലെത്തുമ്പോൾ എതിർപക്ഷത്തുള്ളവർക്ക് അതിലും വലിയ ആരോപണങ്ങൾ ഉന്നയിക്കാൻ സാധിക്കുമെന്ന് ഓർക്കണം.

ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. തെളിവില്ലാത്ത ആരോപണങ്ങൾ പെരുപ്പിക്കുന്ന മാധ്യമങ്ങൾ മാപ്പ് പറയണം. ഇത് ജനാധിപത്യത്തിൽ അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കിൽ പണവും അധികാരകേന്ദ്രങ്ങളിൽ സ്വാധീനവുമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പം സാധിക്കുമെന്ന നില തുടരും. ഇത് മനസ്സിൽ വെച്ചുവേണം അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ. ഇതുവരെ നമ്മൾ ഉത്തരവാദിത്വമില്ലാതെയാണ് ഈ വിഷയം കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രീയ പാഠങ്ങളേക്കാൾ ഇതാണ് ഡൽഹി തെരഞ്ഞെടുപ്പിൽ നിന്ന് മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമെന്ന് ഞാൻ കരുതുന്നു.

Comments