ഇന്ദു മേനോൻ

ഒരു വെറും മൺകല്ല്

‘‘ക്ഷേത്രം പൂർത്തീകരിക്കുന്നതോടെ വലിയ പ്രശ്നങ്ങൾ ഉണ്ടാവും. എല്ലാം തുടക്കമാണ് പൂർത്തിയല്ല സത്യത്തിൽ...ഞാനൊക്കെ മുമ്പ് കരുതിയത്, പ്രവർത്തിച്ചത് ഒക്കെ എത്രയോ വലിയ തെറ്റായിരുന്നു എന്നായിരുന്നു രാജുവേട്ടന്റെ അവസാന മെസേജ്.’’- രാഷ്ട്രീയമായ വിയോജിപ്പുകൾ ജീവിതത്തിലുണ്ടാക്കുന്ന ആന്തരിക മുറിവുകളെക്കുറിച്ച് എഴുതുന്നു, ഇന്ദു മേനോൻ.

രാജുവേട്ടൻ മരിച്ചു എന്നു കേട്ടപ്പോൾ എനിക്ക് തൊണ്ടയിൽ ഒരു കരച്ചിൽ പൊട്ടി. നെഞ്ചിനുള്ളിലേക്ക് ഒരു ശൂലം കുത്തിയിറക്കുന്നതു പോലുള്ള വേദന ഇറുകി. ഞങ്ങൾ സംസാരിക്കാതെയായിട്ട് എത്രയോ വർഷങ്ങളായിരുന്നു. കൃത്യമായി പറയുകയാണെങ്കിൽ, വർഷങ്ങളോളം ഒരേയൊരു വിഷയത്തിന്റെ മേൽ തർക്കിക്കുകയും തല്ലു കൂടുകയും വിദ്വേഷത്തിന്റെ പാരസ്പര്യങ്ങൾ പരസ്പരം പങ്കിടുകയും ചെയ്ത് ഞങ്ങൾക്ക് മടുത്തിരുന്നു. രാഷ്ട്രീയവും രാമജന്മഭൂമി വിഷയവും സംസാരിക്കാതെയായശേഷം ഞങ്ങൾക്കിടയിൽ പരസ്പരം ശൂന്യത നിറഞ്ഞു. അതേ ശൂന്യതയുടെ വലിയൊരു കരിമ്പടം വന്നു വീഴ്കെ, ശ്വാസം മുട്ടിയ പോലെ ഞാൻ പിടഞ്ഞു. വലിയവീട്ടിൽ രാം രാജ് (51) ഇന്നു പുലർച്ചെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടുവെന്ന ഫോർവേഡ് സന്ദേശത്തിനു മുമ്പിൽ ഞാൻ പകച്ചുപുകഞ്ഞു. എന്തിനായിരുന്നു ഞങ്ങളുടെ സ്പർധയെന്നോർക്കെ, എനിക്ക് ആത്മപുച്ഛമെന്നത് ഏറി, സ്വയമുള്ള അറുപുച്ഛമായി തീർന്നു.

മോദിയുടെ ഭരണത്തെ കുറിച്ചുള്ള വലിയ ഒരു തർക്കത്തിനുശേഷമായിരുന്നു അത്. ഞങ്ങൾ എന്നെന്നേയ്ക്കുമായി പരസ്പരം മിണ്ടാതെയായി. ഒരു മനുഷ്യൻ സ്വാർത്ഥനല്ല എന്നതോ സഹോദരനാണ് എന്നതോ സഹജീവി സ്നേഹമുള്ളവനാണ് എന്നതോ കൊണ്ട്, അവനിൽ രാഷ്ട്രീയ കൃത്യതയുണ്ടാകണമെന്നില്ല. അതിന്റെ ബാലപാഠങ്ങൾ അത്തരം മനുഷ്യരെ പഠിപ്പിക്കാൻ ശ്രമിക്കുകയുമരുത് എന്നെനിക്ക് ഉത്തമ ബോധ്യമുണ്ടായശേഷമുണ്ടായ ആദ്യത്തെ വഴക്കായിരുന്നു അത്. പിന്നീട് ഞാൻ എന്നെന്നേയ്ക്കുമായി മൗനത്തിലേക്ക് കൂപ്പുകുത്തി. ഫോണിൽ എന്നെ രാജുവേട്ടൻ നിരന്തരം വിളിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ നമ്പർ കണ്ടപ്പോഴൊക്കെ എനിയ്ക്ക് അസ്വസ്ഥതയുണ്ടായി. ‘രാമരാജ്യം’ എന്ന പേരിൽ അപഹസിച്ച് സേവ് ചെയ്ത നമ്പർ അറം പറ്റിയതായി വ്യഥയോടെ ഞാൻ നഖം കടിച്ചു.

ആ കോൾ ബെല്ലടിച്ചുതീരുവോളം അസ്വസ്ഥതയോടെ ഞാനിരുന്നുകൊടുക്കുകയോ കോൾ മുറിച്ചുകളയുകയോ ചെയ്തില്ല. ഞാൻ ആ നമ്പരിലെ കോൾ കണ്ടില്ലെന്ന് നടിയ്ക്കാനായി പരിശ്രമിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ മുറിഞ്ഞുപോയ ആങ്ങളത്തത്തിന്റെ വേദനയെന്ന്, ഓരോ മണിയച്ച തീരുമ്പോഴും ഞാൻ സ്വയം ആശ്വസിക്കുവാനും ശ്രമിച്ചു.

ആന്തരികമായി മുറിവുകൾ എനിയ്ക്കും രാജുവേട്ടനുമൊക്കെ ഒരുപോലെ തന്നെയാണ് പറ്റിയത്. ഒരു പരിപൂർണ ഹിന്ദുജീവിയായി അദ്ദേഹം അമ്പലങ്ങളിലേയ്ക്കും ശാഖകളിലേക്കും തിരികെപ്പോയി. കാര്യവാഹകമാരും പ്രചാരക്മാരും നിറഞ്ഞ ലോകം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഞാനോ, മുറിവു പറ്റിയ കാലങ്ങളിലെല്ലാം എന്റെ രാഷ്ട്രീയത്തിന്റെ കൃത്യമായ വഴികളിലൂടെ മുന്നോട്ടു നടക്കാൻ ശ്രമിച്ചു. അദ്ദേഹത്തിലെ ഹിന്ദുത്വമെന്നതു പോലെ എന്നിലെ രാഷ്ട്രീയബോധം കൃത്യമായ കരുത്തോടെ വളർന്നുകൊണ്ടേയിരുന്നു. രാഷ്ട്രീയമില്ലാതെ ഒന്നുമില്ല എന്ന തോന്നൽ എനിക്കുണ്ടായി. ഒരു പരിപൂർണ രാഷ്ട്രീയജീവിക്ക് ചേരുന്ന ചിന്തയും വിചാരങ്ങളും മാത്രമായിരുന്നു എന്നിൽ അവശേഷിച്ചിരുന്നത്.

ഒരു പരിപൂർണ ഹിന്ദുജീവിയായി അദ്ദേഹം അമ്പലങ്ങളിലേയ്ക്കും ശാഖകളിലേക്കും തിരികെപ്പോയി. കാര്യവാഹകമാരും പ്രചാരക്മാരും നിറഞ്ഞ ലോകം അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

അക്കാലങ്ങളിൽ എന്റെ ദാമ്പത്യത്തിനകത്ത് ഞാൻ നിരന്തരം അപമാനിക്കപ്പെട്ടു കൊണ്ടിരിക്കയായിരുന്നു. നഷ്ടപ്പെട്ടുപോയ ബഹുമാനം തിരികെ വരുമെന്ന് ഞാൻ വെറുതെ കരുതി. രാഷ്ട്രീയശരിയുടെ രീതിയിൽ നിശ്ശബ്ദമായിരുന്നു. അവമതിക്കുന്ന സന്ദർഭങ്ങളിലെല്ലാം “ദേശാഭിമാനി വായിച്ചു വായിച്ചു നിനക്കുത്തരം മുട്ടി” എന്നു പുച്ഛം കേട്ടു. ഇടയ്ക്ക് ഞാൻ വീറോടെ പോരടിച്ചപ്പോൾ, എന്റെ ന്യായങ്ങളിൽ ഉത്തരം മുട്ടിയപ്പോൾ, “കെ ജി ഒ എ ന്യൂസ് വായിച്ചാണ് നീയിങ്ങനെയായത്” എന്ന് എന്റെ ഭർത്താവായിരുന്ന ആൾ അപഹസിച്ചുകൊണ്ടിരുന്നു. ഓരോ പരിഹാസങ്ങളിലും കൃത്യമായ മറുപടിയില്ലാത്ത രാഷ്ട്രീയ കുടിലതകൾ എനിക്കു മുന്നിൽ ഇളിച്ച വായ് പൊളിച്ചു നിന്നു. അത്തരം മനുഷ്യരുടെ അവസ്ഥയോർക്കേ, സഹതാപമോ വെറുപ്പോ എന്നറിയാത്ത നിലയിലായിത്തീർന്നിരുന്നു ഞാൻ.

“നിങ്ങളുടെ മുട്ടിറങ്ങിനിൽക്കുന്ന അദൃശ്യമായ കാക്കി ട്രൗസറും കുറുവടിയും കാണുന്നില്ല എന്നേയുള്ളൂ. അദൃശ്യനായ പശുവിന്റെ വാലാട്ടങ്ങൾ കാണുന്നില്ല എന്നേയുള്ളൂ ഗോഗ്രസ്സ്ക്കാരാ”

“പുതിയ കെ ജി ഒ ന്യൂസിലെ വാർത്തയാണോ?”

“അതേലോ, വലതുപക്ഷമെന്നാൽ മൃദു തീവ്രം എന്നൊന്നില്ല. വലതുപക്ഷമെന്നേ അർത്ഥമുള്ളൂ.”
ഞാൻ നിസ്സംശയം ചിരിച്ചു.

“ഇത്രയും വളർന്നില്ലേ, പുസ്തകങ്ങളൊക്കെ മാറ്റി വായിക്കാൻ സമയമായി”
അതിനു ഞാൻ മറുപടി പറഞ്ഞില്ല.
ക്രിറ്റിക്കൽ- കോൺഫ്ലിക്റ്റ് തിയറിയിലെ പഠനപുസ്തകം മേശയിൽനിന്ന് തട്ടിയിട്ടു. രാഷ്ട്രീയകൃത്യത എന്നത് പ്രായം കൂടിയതുകൊണ്ട് സ്വായത്തമാക്കുന്ന ഒന്നല്ല. നിലപാടിലെ സത്യസന്ധത കൊണ്ടും പെരുമാറ്റങ്ങളിലെ തുറവുകൊണ്ടും വായന കൊണ്ടും ചിന്ത കൊണ്ടും ആർജ്ജിച്ചെടുക്കുന്നതാണെന്ന അവബോധത്തോടെ ഞാൻ ദേഷ്യം കടിച്ചമർത്തി. ‘കൃസംഘി’യെന്ന പദം എനിക്കന്ന് അറിയുമായിരുന്നില്ല. അറിയുമെങ്കിൽ ഞാനൊരുപക്ഷെ അവനെയത് വിളിയ്ക്കുമായിരുന്നുവെന്നത് ഉറപ്പായിരുന്നു. രാമരാജ്യം പോലെയുള്ള പ്രത്യക്ഷബന്ധുജനതയെ മാത്രമേ എനിക്കന്ന് അറിയുമായിരുന്നുള്ളൂ. നായർ സമുദായത്തിൽ ഉൾപ്പെട്ട വ്യക്തിജന്മം കൊണ്ടുതന്നെ സംഘപരിവാരത്തിലേക്കാണ് ജനിച്ചു വീഴുന്നത്. ബൈ ഡിഫാൾട്ട് അവനങ്ങനെയാണ്. ചിലർ വായിച്ചും ചിന്തിച്ചും സ്വയം തേടുന്ന വളർച്ച കൊണ്ടും ആ വലയത്തിൽ നിന്ന് രക്ഷപ്പെടുന്നു. ചിലർ ജീവിതാന്ത്യം വരെ അതിനുള്ളിൽ അഭിരമിക്കുന്നു.

അമ്മ വഴിയും അച്ഛൻ വഴിയും ഉള്ള മച്ചുനന്മാരും മച്ചുനത്തിമാരും പലരും സംഘകുടുംബമെന്ന് ബോധ്യപ്പെടു തുടങ്ങിയ കാലമാണ്. താവഴിയിലെ ആങ്ങളമാരോട് കലഹിച്ച് കുടുംബ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നും ഇടങ്ങളിൽ നിന്നും ഞാനെന്നോ പുറത്തേക്ക് പോയിരുന്നു. ചെറുപ്പകാലത്ത് അവരോടെല്ലാമുണ്ടായിരുന്ന ആത്മബന്ധങ്ങളുടെ കണ്ണികൾ രാഷ്ട്രീയ കാരണങ്ങളാൽ പലപ്പോഴും മറന്നു മാറുന്നതും അവർ അപരിചിതരാകുന്നതും ഞാനറിഞ്ഞു.

“ഇവരൊക്കെ എന്താ ഇങ്ങനെ?” എന്ന് അമ്മയോട് ആശങ്കപ്പെട്ടു. ജീവിതകാലം മുഴുവൻ കെ എസ് യുക്കാരിയെന്ന് പഴികേട്ടിരുന്ന അമ്മ പോലും ഇതൊക്കെ കണ്ട് അത്ഭുതപ്പെട്ടു.

“എന്തിനാ രാവിലെ എണീറ്റ മുതൽക്കെ നിങ്ങളിങ്ങനെ വഴക്കടിയ്ക്കുന്നത്?” അമ്മാവൻ ചോദിച്ചു.

നോട്ടു നിരോധനത്തിന്റെ മഹത്വത്തെപ്പറ്റി ലണ്ടനിലും മലേഷ്യയിലും അമേരിക്കയിലുമുള്ള വിശ്വഹിന്ദുപൗരന്മാർ ഊറ്റം കൊണ്ടു.

അമ്മ മരിച്ച രാത്രി 5 വ്യത്യസ്ത എ.ടി.എമ്മുകളിൽ നിന്ന് രണ്ടായിരം രൂപ വീതം പിൻവലിച്ച് മരണച്ചെലവുകൾ എങ്ങനെ തള്ളിനീക്കുമെന്ന് നിസ്സഹായമായി കരഞ്ഞ എന്നെത്തന്നെ ഞാനോർത്തു. പരിചയമുള്ള പമ്പുകാരോട് ഞാൻ നിർമമമായി കാര്യം പറഞ്ഞു; “എന്റെ അമ്മ മരിച്ചു പോയി. ചെലവുകൾക്ക് ചില്ലറ വേണം”.
400 രൂപയ്ക്ക് എണ്ണയടിച്ചശേഷം ഉള്ള ചില്ലറയത്രയും പെറുക്കിത്തന്നു, അവർ. അന്നും രാമരാജ്യം വിളിച്ചു, ഒന്നല്ല, രണ്ടല്ല, പത്തിരുപത് തവണ. രാജുവേട്ടന്റെ മുന്നിൽ പൊട്ടിക്കരയുവാൻ എന്റെ അഹന്തയും ഗർവ്വും എന്നെ അനുവദിച്ചില്ല.

കലഹത്തിന്റെ കല്ലുകളും ചീളുകളും നമുക്കെതിരെ തന്നെ ചിതറിത്തെറിച്ച് വരാറുണ്ട് പലപ്പോഴും. നമ്മൾ പറയും ഞാൻ ചെയ്തത് ശരിയായിരുന്നുവെന്ന്.

രാജുവേട്ടൻ്റെ കോൾ മുറിച്ചപ്പോൾ സ്റ്റിയറിങ്ങിൽ തലവെച്ചു ഞാൻ കരഞ്ഞുപോയി. മറ്റു ബന്ധുജന സംഘികളിൽ നിന്ന് വ്യത്യസ്തമായി എന്താണ് രാജുവേട്ടനിൽ ഞാൻ കണ്ട അപകടമെന്ന് ചിന്തിച്ചു നോക്കി. കോൺഗ്രസ് പാരമ്പര്യമുള്ള അമ്മബന്ധുക്കളിൽ നിന്ന് ഞാനിത്രതന്നെയേ പ്രതീക്ഷിച്ചിരുന്നുള്ളുവെന്നോ? അതോ?

വായാടിയായ, അഹങ്കാരിയായ, തന്റേടിയും താൻപോരിമക്കാരിയുമായ സ്ത്രീ. വിപ്ളവ പാരമ്പര്യം അച്ഛൻ വഴി പകുത്തുവന്നത്. അച്ഛന്റെ താവഴികളിലെല്ലാം പഠിച്ചവർ തലയ്ക്ക് വെളിവുള്ളവരായിരുന്നു. കൊല്ലത്തുള്ള പാർട്ടി ഗ്രാമത്തിൽ നിന്ന് അച്ഛൻ സമരവീര്യവും വിപ്ലവവീര്യവും ഹൃദയത്തിൽ കുത്തിനിറച്ച് അഭിമാനത്തോടെ നടക്കുമ്പോൾ എല്ലാവരെയും ഞെട്ടിച്ച് അച്ഛന്റെ ജേഷ്ഠൻ വീട്ടിലെ പടിഞ്ഞാറെ തൊടിയിൽ ആദ്യത്തെ ശാഖ തുടങ്ങി.
രാജുവേട്ടന്റെ അച്ഛൻ; എന്റെ വല്ല്യച്ഛൻ

തൊഴിലാളി യൂണിയനുവേണ്ടി സമരം ചെയ്തതിന്, സർക്കാരിന് മാപ്പെഴുതി കൊടുക്കാത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ഉജ്ജ്വല വിപ്ളവകാരി എന്തുകൊണ്ട് എങ്ങനെ താമരയുടെ ചേറിലേയ്ക്ക് താണു വീണു എന്നത് ഇന്നും എനിക്കറിയില്ല. അതുകൊണ്ടുതന്നെ വല്യച്ഛന്റെ മക്കളെല്ലാവരും തികഞ്ഞ രാമഭക്തരായി തീർന്നതിൽ കുറ്റം രാജുവേട്ടന്റെയായിരുന്നില്ല, വല്ല്യച്ചന്റെയായിരുന്നു. രാജുവേട്ടന്റെ മൂത്ത ഏട്ടനെ തമാശയായും അൽപം കാര്യമായും കുട്ടിക്കാലത്ത് മലങ്കോവ് എന്നുവിളിച്ച അതേ വല്ല്യച്ചൻ, അവരുടെ മക്കൾക്ക് അഭിരാം, ജയറാം, ശ്രീരാം, വിഷ്ണു റാം എന്നൊക്കെ പേരിട്ടു. വല്ല്യച്ചന്റെ രാഷ്ട്രീയത്തോടും ആൾദൈവ സാധനയോടെല്ലാം എതിർപ്പുണ്ടായിരുന്ന അച്ഛൻ പക്ഷെ ആദ്യമായി കലഹിച്ചത്, “കർസേവയ്ക്ക് രഘു പോകുന്നുവെന്നും അനുഗ്രഹവും പ്രാർത്ഥനയും വേണം” എന്ന് വല്ല്യച്ഛൻ വിളിച്ചു പറഞ്ഞപ്പോഴായിരുന്നു.
“യെന്തുവാ അണ്ണാ ഈ പറയുന്നെ?” സ്വതവെ ഭക്ഷണം ദഹിക്കാത്ത എന്റെ അച്ഛന്റെ വയറിൽ വീണ്ടും ഗ്യാസ് കെട്ടി. ഏമ്പക്കത്തോടെ അച്ഛൻ വയറു തടവി.
“മാഷക്കെന്താ, ഓരെന്താച്ചാ ചെയ്യട്ടെ. വയറ് കേടാക്കിടെന്താ?” പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ ഗ്യാസ് ചേമ്പറായി ദഹനം തകരാറിലാകുന്ന അച്ഛന്റെ വയ്യറിനെ പറ്റി അമ്മയ്ക്ക് ആധി പെരുത്തു. ദഹനക്കേട് തുടർന്നാൽ അച്ഛൻ കക്കൂസിലിരുന്നു മുക്കുമെന്നും പൈൽസ് കൂടുമെന്നും അമ്മ പേടിച്ചു.

അച്ഛന്റെ സുഹൃത്തുക്കളും പാർട്ടിമാമന്മാരും വീട്ടിൽ വരികയും സംസാരിക്കുകയും ചെയ്തു. വല്യച്ഛന്റെ സുഹൃത്ത്- വിശ്വം പാപ്പ അതോ വിശ്വം ബാബയോ, ഓർമയില്ല- അങ്ങനെ ഒരാളായിരുന്നു കേരളത്തിൽ നിന്ന് അയോധ്യയ്ക്ക് പോയത് എന്നു മാത്രം അറിഞ്ഞു. അനേകം കവലയോഗങ്ങളും അമ്പലക്കൂട്ടങ്ങളും നാമജപസംഘങ്ങളും ശാഖക്കാരും ഈ യാത്രയെ പ്രകീർത്തിച്ചു.

മലേഷ്യയിൽ നിന്ന്, ചിപ്പ് വെച്ച നോട്ടിനെകുറിച്ച് അത്യാഹ്ലാദത്തോടെ സംസാരിക്കാറുള്ള സനു പറഞ്ഞത് ഞാനോർത്തു; “നന്നായുള്ളൂ, ഇത്രയധികം അമ്പലങ്ങൾ പൊളിച്ചുമാറ്റി പള്ളി പണിതപ്പോൾ ഓർക്കണമായിരുന്നു.”

ഹിന്ദുക്കളും മുസ്‍ലിംകളും ജാതിമതഭേദമെന്ന്യേ താമസിച്ചിരുന്ന ഭൂദാൻ കോളനിയിലെ അന്തേവാസികളായിരുന്ന അച്ഛനും സുഹൃത്തുക്കൾക്കും ഈ വാർത്തയെല്ലാം വലിയ ആഘാതം തന്നെ ഉണ്ടാക്കി.

“പോലീസുകാർ അയാളെ അങ്ങോട്ട് കയറ്റില്ല”, നാരായണ മാമ അച്ഛനെ ആശ്വസിപ്പിച്ചു.
“ഞാനും അതുതന്നെയാ ഈ മാഷോട് പറയുന്നത് മാഷേ”, അമ്മ നാരായണ മാമയെ പിന്താങ്ങി.
“ആദ്യം ഇവടുന്ന് അവരുടെ സേവയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് 500- ഓ മറ്റോ ആണ്. അതിലെന്തോ അവസാനായിട്ടാ രഘൂന് കിട്ട്യേത്. ഇപ്പോൾ ആ എണ്ണം കൂട്ടിയിരിക്കുകയാണ്. എത്രയോ പേരാണ് കേരളത്തിൽ നിന്ന് പോകുന്നത്. അതിലൊരുപക്ഷെ രാജുവും പോവ്വേരിയ്ക്കും. ഇവർ എന്തിനാണ് പോകുന്നെന്ന് നിങ്ങൾക്കറിയുമോ? സത്യം പറയൂ, എന്തിനാണ് ഇവർ പോകുന്നത്?”
അവരെന്തിനോ പൊയ്ക്കോട്ടെയെന്ന മട്ടിൽ, എന്തിനെന്ന് കൃത്യമായി ഉത്തരമറിയാത്തതിനാൽ അമ്മ ഒന്നു പതറി.
“പഴയ എന്തോ അമ്പലം പള്ളീന്റെ അടീല് കണ്ടുപിടിച്ചു എന്നല്ലേ പറയുന്നത്, അവിടെ എന്തോ പ്രാർത്ഥിക്കാൻ വേണ്ടി അല്ലേ? അമ്മ നാരായാണമാമയുടെ മുഖത്തേയ്ക്കു നോക്കി.

“ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിൽ കാലങ്ങളായി തന്നെ പ്രശ്നമുള്ള ഒരു സ്ഥലത്തേക്ക് അവിടെയുള്ള പള്ളി പൊളിച്ച് അമ്പലം പണിയാൻ വേണ്ടിയാണ് പോകുന്നത്”
“പോണം, നന്നായി. രാജുവേട്ടനു കൂടി കിട്ടട്ടെ ചാൻസ്”

ചിത്രീകരണം : സെെനുല്‍ ആബിദ്

ഇപ്പോൾ, മലേഷ്യയിൽ നിന്ന്, ചിപ്പ് വെച്ച നോട്ടിനെകുറിച്ച് അത്യാഹ്ലാദത്തോടെ സംസാരിക്കാറുള്ള സനു പറഞ്ഞത് ഞാനോർത്തു; “നന്നായുള്ളൂ, ഇത്രയധികം അമ്പലങ്ങൾ പൊളിച്ചു മാറ്റി പള്ളി പണിതപ്പോൾ ഓർക്കണമായിരുന്നു.”
മിഷ്കൽ പള്ളിയുടെ മാതൃകയിലുള്ള കൊണ്ടോട്ടിയിലെയും ചെമ്മാട്ടിലെയും ഓടിട്ട പള്ളികളൊക്കെ അമ്പലങ്ങളാണ് എന്ന് സനു ഉറച്ചു വിശ്വസിച്ചിരുന്നു.
“നിനക്ക് തലയ്ക്ക് ഭ്രാന്താണ് ചെക്കാ. അത് പഴയ കൺസ്ട്രക്ഷനിലുള്ള കേരളീയ പള്ളികളാണ്” പരിഷത്തിലെ ഒരു ഏട്ടൻ സനുവിനെ പരിഹസിച്ചു.
ഓർക്കണം, അന്ന് അവൻ എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ്. അവന്റെ നായക്കുട്ടിക്ക് അവൻ സുൽത്താൻ എന്ന് പേരു വെച്ച കാലവുമാണ്. അതിനുമുമ്പുള്ള നായയുടെ പേര് ടിപ്പു എന്നായിരുന്നു. രണ്ടാമതൊരു നായയെ കൂടി കിട്ടിയപ്പോൾ സുൽത്താൻ എന്നവൻ പേരിട്ടു. സുൽത്താൻ വന്ന് രണ്ടാഴ്ച കഴിഞ്ഞതും ടിപ്പു മരിച്ചുപോയി. അവനോടുള്ള ദേഷ്യമോ പ്രതിഷേധമോ ടിപ്പുവിനെ കുറിച്ചുള്ള ഒരു പുസ്തകം വായിച്ചിട്ടുണ്ടായ സ്നേഹമോ എന്തോ നായക്ക് ഞാൻ കുട്ടിശങ്കരൻ എന്ന് പേരിട്ടു.
“അയ്യേ നായക്ക് ആരെങ്കിലും കുട്ടിശങ്കരൻ എന്ന് പേരിടുമോ?
ടിപ്പു, കൈസർ, ടോമി എന്നൊക്കെയാണ് അവർക്ക് പേരിടേണ്ടത്”, സനുവിന്റെ അച്ഛൻ എന്നെ ഉപദേശിച്ചു.
“ഇല്ല, എന്റെ വീട്ടിലെ നായക്ക് കുട്ടിശങ്കരൻ, രാമൻ, നാരായണൻ, മുരുകൻ എന്നൊക്കെ തന്നെ ഞാൻ പേരിടും. എന്റെ നായ ഹിന്ദു നായയാണ്”, ഞാൻ തീർത്തുപറഞ്ഞു.

അടുത്തദിവസം അമ്പലത്തിൽ കണ്ടപ്പോൾ സനു കുശുകുശുത്തു; “എവിടെ? കയ്യെവിടെ? നോക്കീറ്റ് പറയ്യ്”
“എന്ത് കയ്യ്?”
“അങ്ങോട്ട് നോക്ക്, ദ്വാരപാലന്റെ കൈ എവിടെ”
കൈ മുറിഞ്ഞുപോയ രണ്ട് ദ്വാരപാലകന്മാർ എന്നെ നോക്കി നിസ്സഹായരായി നിന്നു.
“ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇത് കൊള്ളയടിച്ച ശേഷം അമ്പലം നശിപ്പിക്കാൻ ചെയ്തതാണ്. അതാണ് ഞാൻ നായക്ക് ടിപ്പു എന്ന് പേരിട്ടത്.’’
പരിഹാരപുരം ക്ഷേത്രത്തിലെ ദ്വാരപാലകന്റെ കൈ മുറിച്ചുമാറ്റി എന്നൊന്നും എനിക്കറിയുമായിരുന്നില്ല. ഞാൻ ഉത്തരം കിട്ടാതെ വിഷണ്ണയായി.
“നിനക്കറിയുമോ, നമ്മുടെ തളി അമ്പലത്തിലെ ശ്രീകോവിൽ കൂടി ടിപ്പുവാണ് പൊളിച്ചുമാറ്റിയത്”

ചരിത്രവും വ്യാഖ്യാനങ്ങളും ചമയ്ക്കാനറിയാത്തതുകൊണ്ട് ഞാനന്ന് നിശ്ശബ്ദമായി നിന്നു. എന്നത്തെയും പോലെ സനുവിനോട് തർക്കിക്കാനായി ചരിത്രപുസ്തകങ്ങളിൽ നിന്നും എന്റെ അയൽപക്കത്തെ പ്രൊഫസറിൽ നിന്നും വിവരങ്ങൾ കിട്ടി: “ടിപ്പു ശ്രീകോവിൽ പൊളിച്ചതല്ല, ശ്രീകോവിലെ അടിയിൽ സൂക്ഷിച്ച സാമൂതിരിയുടെ ട്രഷറിയിൽ നിന്ന് പണം എടുത്തതാണ്”
“ആ, അദല്ലെ പറഞ്ഞത്. എന്തുകൊണ്ടാണ് സാമരി ട്രഷറി തളിയമ്പൽത്തിന്റെ അടിയിലേക്ക് മാറ്റി സൂക്ഷിച്ചത്?”
“എന്തുകൊണ്ടാണ്?”
“ആരും ആ പണം എടുക്കാതിരിക്കാൻ”
“ഹ ഹ ഹ, അദ് കറക്റ്റ്” പെട്ടെന്ന് എനിക്കതിന്റെ യുക്തി പിടികിട്ടി.
“അതായത്, ടിപ്പുസുൽത്താൻ പണമെടുക്കാൻ തളിയമ്പലത്തിന്റെ അടീലെ ട്രഷറിയും ശ്രീകോവിലും പൊളിച്ചു എങ്കിൽ അവിടെ പണം വക്കാൻ ആദ്യം ശ്രീകോവിൽ പൊളിച്ച സാമൂതിരിയും കുറ്റക്കാരനല്ലേ?”
സനുവിന് ഉത്തരമുണ്ടായിരുന്നില്ല. പെട്ടന്നവൻ വിഷയം മാറ്റി; “രാജുവേട്ടനും കർസേവയ്ക്ക് പോകുണ്ടല്ലെ?”
“മ്മ്”
എന്റെ മറുപടി കേട്ടപ്പോൾ പൊളിഞ്ഞുവീണ ക്ഷേത്രങ്ങൾ തല ഉയർത്തുന്ന വലിയ കാര്യമാണ് അത് എന്നവൻ ആവേശത്തോടെ സംസാരിച്ചു.
“ഇതാര് പറഞ്ഞതാ സനൂ?” ഞാനവനെ പരിഹസിച്ചു.
“ആരോ ആവട്ടേ. സത്യല്ലെ?”
“അല്ല” ഞാൻ തലവെട്ടിച്ചു.
“ഇത് കുഴപ്പം പിടിച്ച ഒന്നാണ്. ഇന്ത്യയുടെ ഭാവി തന്നെ ചോരയിൽ മുക്കിക്കളയുന്ന ഒന്ന്” കവലയിലെ പ്രസംഗം കേൾക്കേ സനു ഞാനും മുഖത്തോട് മുഖം നോക്കി.
വിക്രമാമിയ്ക്കും ഇവർക്കൊക്കെയും വെറും ഭ്രാന്താണ്. സത്യത്തിൽ അവിടെ ഒരു വലിയ അമ്പലമുണ്ടായിരുന്നു.” വീട്ടിൽ കേട്ടതൊക്കെ അർത്ഥമറിയില്ലെങ്കിലും സനു പറഞ്ഞുകൊണ്ടേയിരുന്നു.
“അതിന്റെ 60-70 തൂണുകളാണ് സയന്റിസ്റ്റുകൾ കണ്ടെത്തിയത്”
സനു തുരുതുരാ ന്യായീകരണങ്ങൾ ഏറെ നിരത്തിയെങ്കിലും എനിക്കതൊന്നും വിശ്വസനീയമായിരുന്നില്ല. അച്ഛന്റെയും പരിഷത്ത് മാമന്മാരുടെയും ആധി തന്നെയാണ് എന്നെയും ചൂഴ്ന്നു പിടിച്ചത്.

വല്ല്യച്ഛന്റെയവിടെ സീമച്ചേച്ചിയുടെ കല്യാണത്തിനു പോയതോടെ കർസേവയ്ക്കായി കൊണ്ടുവന്ന കല്ലും പോകുന്ന ആളെയും കണ്ടു ഞാൻ പരിഭ്രാന്തയായി.
“ഒട്ടും ശരിയായ സംഭവമല്ല. യാതൊരു കാരണവശാലും  ചെയ്യാൻ പാടില്ലാത്തതാണ്” എന്ന് എന്റെ അച്ഛൻ അസ്വസ്ഥതയോടെ മുറിയിലിരുന്ന് അമ്മയോട് പറഞ്ഞു.
“അണ്ണനും ഈ പയ്യന്മാരുമിത് എന്തു ഭാവിച്ചാ?”

കർസേവക്കാരന്റെ കല്ല് ചെങ്കല്ലായിരുന്നില്ല. അപ്പോൾ ചുട്ടെടുത്ത മൺകട്ടയായിരുന്നു. തുളസിത്തറയുടെ വിശുദ്ധയിടത്തിൽ ശാന്തമായത് വിശ്രമിച്ചു. എനിക്ക് അതിന്റെ ചുവന്ന നിറം, ചോര കട്ടപിടിച്ചതിന്റെ നിറം പോലെ തോന്നി.

കർസേവക്കാരന്റെ കല്ല് ചെങ്കല്ലായിരുന്നില്ല. അപ്പോൾ ചുട്ടെടുത്ത മൺകട്ടയായിരുന്നു. തുളസിത്തറയുടെ വിശുദ്ധയിടത്തിൽ ശാന്തമായത് വിശ്രമിച്ചു. എനിക്ക് അതിന്റെ ചുവന്ന നിറം, ചോര കട്ടപിടിച്ചതിന്റെ നിറം പോലെ തോന്നി. രക്തചന്ദനക്കുറിയും മഞ്ഞൾക്കൊടുതിയും കുങ്കുമവും കരിപ്പൊട്ടും ചോത്തപൂക്കൾ കൊണ്ട് മാലയും നൽകി ആ മൺകട്ടയെ എത്രയോ ദിവസം അവർ പൂജിച്ചിരുന്നു. എന്തുകൊണ്ടോ ആ കല്ലും കൊണ്ടുപോയ ആൾക്ക്- രഘുച്ചേട്ടന്- പക്ഷേ ഒരിക്കലും അയോധ്യയിലെത്താനായില്ല. പാതിവഴിയിൽ വച്ച് മാറിക്കേറേണ്ടുന്ന തീവണ്ടിയിൽ പോലും കയറിപ്പറ്റാനാകാതെ തിരികെവന്നു. വളരെയധികം ഭയഭക്തിബഹുമാനത്തോടുകൂടി ആ കല്ല് ഉമ്മറത്ത് മേശപ്പുറത്തിരിക്കുന്നുണ്ടായിരുന്നു. നാളു കഴികെ മേശയുടെ കാലു പോയപ്പോൾ സുകുച്ചേട്ടൻ്റെ ഭാര്യ തന്നെ, ടി.വി വീഴാതിരിയ്ക്കാൻ ആ കല്ലെടുത്ത് തട വെച്ചു.

ജീർണിച്ച പള്ളിയുടെ കറുപ്പുപിടിച്ച മൂന്നോ നാലോ താഴികക്കുടങ്ങൾ പൊളിയ്ക്കുമ്പോൾ, വലിയ മിനാരത്തിനു മുകളിലിരുന്ന് അവർ ആർപ്പിട്ട് ക്രൂരമായ ആരവം മുഴക്കുന്നതിന്റെ വീഡിയോ കാണുമ്പോൾ, അതിനു താഴെ രഘുച്ചേട്ടന്റെ ദുഃഖം പോലെ ആ കല്ല് നിന്നു. അല്ല, ദുഃഖം പോലെയല്ല, നടപ്പാക്കാനാഗ്രഹിച്ച ക്രൂരതയുടെയും പൈശാചികതയുടെയും ഓർമ പോലെ.

പിന്നെ എപ്പോഴോ പുതിയ ടി.വി വന്നപ്പോൾ പഴയ മരഫർണിച്ചതിനൊപ്പം കല്ലും വീടിനുപുറത്തായി. ടോമിയെ കെട്ടിയിരുന്നതിനു സമീപം മരഉരുപ്പടികൾ ഒന്നുരണ്ടു മഴയ്ക്കകം തീർന്നു. കല്ല് അനാഥമായി കിടന്നു. ടോമി പരാക്രമത്തോടെ അതിന്മേലേയ്ക്ക് പതിവായി മൂത്രമൊഴിച്ചു.
“അർഹിക്കുന്നതാണ് ആ കല്ലിനു കിട്ടിയത്”, ഞാൻ പിറുപിറുത്തു.
“നിനക്കെന്തറിയാം ഇന്ത്യയെ പറ്റി?” അന്ന് രാജുവേട്ടൻ എന്നോട് തർക്കിക്കാൻ വന്നു. ജെ വി സിയുടെ ഒരു വി സി പിയിൽ ഏതൊക്കെയോ കാസറ്റുകളിട്ട് ശാഖയിലെ ചില ആളുകൾ പരസ്പരം ചർച്ച ചെയ്യുന്നത് ഞാൻ ദൂരെ ഊഞ്ഞാലാടിക്കൊണ്ട് കണ്ടു. വീട്ടിനകത്തേക്ക് പശുവിന്റെ മാംസം കയറ്റുന്നതിനെ കുറിച്ചുള്ള വലിയ ചർച്ചയായിരുന്നു അത്. പശു നമ്മുടെ ദേശീയതയുടെ ചിഹ്നമാണെന്നും ഭക്തിയുടെയും സ്നേഹത്തിന്റെയും അടയാളമാണ് എന്നും നീണ്ട താടി വെച്ച ഒരാൾ പ്രസംഗിക്കുകയുണ്ടായി.
എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അപകടകരമാം വിധം പട്ടാളച്ചിട്ടയിൽ കൈകൾ നെഞ്ചിനുനേരെ വിരിച്ച്, കാക്കി ട്രൗസറിട്ട്, പ്രത്യേകതരം തൊപ്പി വെച്ച്, മടമ്പടിച്ച്, ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ചവിട്ടിക്കൊണ്ട്, സംഘമായി യാത്ര ചെയ്ത്, അവരുടെ സംഗമം വളർന്നുപന്തലിയ്ക്കുന്നത്.

ആകെയുള്ള ഒരു സുഖം ടോമി പട്ടി കല്ലിനുമീതെ ഇറ്റിക്കുന്ന അല്പം മൂത്രത്തിന്റെ ചൂട് മാത്രമായിരുന്നു. ഏട്ടൻ പലകുറി അതെടുത്ത് വലിച്ചെറിഞ്ഞെങ്കിലും ഒരുതരം ദേഷ്യത്തോടെ ആ കല്ല് ഞങ്ങൾ രണ്ട് വിപ്ലവകാരികളിൽ ഓരോരുത്തരായി മാറിമാറി കൊണ്ടുവന്നു വെച്ചു. രാമജന്മഭൂമി, തർക്കമന്ദിരം, രാമദൗത്യം, രാമലല്ല, ബലിദാനം, കോത്താരി സോദരർ തുടങ്ങിയ അസംഖ്യം സംഗതികൾ പറഞ്ഞിരുന്നെങ്കിലും അവരുടെ ചർച്ചകളിൽ ഒരിക്കലും ബാബറി മസ്ജിദ് എന്ന പേര് പുറത്തേക്ക് വന്നതേയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള വിമോചനസമരമാണ് തങ്ങൾ നടത്തുന്നത് എന്നതായിരുന്നു അവരുടെ വാദം. 1989-ൽ വലിയ തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷമാണത്രേ. ആദ്യത്തെ കല്ല് അവിടെ സ്ഥാപിച്ചത്.

കർസേവകർ ജീർണിച്ച പള്ളിയുടെ താഴേക്ക് കുടങ്ങൾക്കു മുകളിൽ കയറി കൊടികുത്തിയതും കോത്താരി സഹോദരരെ പോലീസുകാർ വെടിവെച്ച് വീഴ്ത്തിയതും സരയൂനദിയിൽ മുങ്ങിമരിച്ച കർസേവകരെ കുറിച്ചും എല്ലാം മൗനമാചരിച്ചും ദുഃഖിച്ചും വിവരങ്ങൾ പങ്കിട്ടു.

നവഭാരതം കൊതിക്കുന്നു എന്ന പേരിൽ വർഗ്ഗീയത പറയുന്നതിൽ യാതൊരു ലജ്ജയും രാജുവേട്ടനു തോന്നിയിരുന്നില്ല. കുട്ടിക്കാലത്ത് എന്നെയെടുത്ത് തോളിൽ വച്ച് കൊണ്ടുപോയി കടകളിൽ നിന്ന് ഉണ്ടംപൊരിയും ചുവന്ന ചെങ്കദളിയും വാങ്ങിച്ചു തന്ന പഴയ ചേട്ടനിൽ നിന്ന്, രാമജന്മഭൂമി പ്രശ്നത്തിൽ അവർക്കൊപ്പം നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്, പാർട്ടി ചുമതലയിലുള്ള തുളസി വല്ല്യച്ചനോടു പോലും സംസാരിക്കുന്ന അവസ്ഥയിലായി മാറിയിരുന്നു രാജുവേട്ടൻ. ഞങ്ങൾക്കിടയിലുള്ള വഴക്ക് ദിനേന വർദ്ധിച്ചുവന്നു. സ്നേഹത്തിന്റെ പള്ളി പതിയെ ജീർണിച്ചുതീർന്നു. കർസേവകർ ആരും വേണ്ടിയിരുന്നില്ല. ഞങ്ങൾക്കിടയിലെ സ്നേഹത്തിന്റെ ‘തർക്കമന്ദിരം’ പൊളിഞ്ഞു വീണു.

അവധിക്കാലങ്ങളിൽ നേരിട്ടുള്ള ലഹളകൾ തുടർന്നുവെങ്കിലും വലിയ പൊട്ടിത്തെറികളിലേക്ക് അത് പോയിരുന്നില്ല. എന്റെ ചില കഥകൾ വായിച്ച് അദ്ദേഹം ക്ഷുഭിതനായി എന്നോട് വഴക്കുപിടിച്ചു. അതൊന്നും ഞാൻ ഒട്ടും തന്നെ കാര്യമാക്കിയതുമില്ല. കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ആളായിരുന്നു എന്നാൽ എന്റെ എല്ലാ ഇഷ്ടങ്ങളെയും ഇല്ലാതാക്കി, ഞങ്ങൾക്കുള്ളിൽ സ്പർദ്ദ വളർന്നുകൊണ്ടേയിരുന്നു. ഫോണുകൾ പൂർണമായും എടുക്കാതെയായതിനുശേഷം അദ്ദേഹത്തിന്റെ മെസ്സേജുകൾ എനിക്ക് വന്നുകൊണ്ടേയിരുന്നു. കേസരിയിലെ ലേഖനങ്ങളും ഓരോരോ കർസേവക നേതാക്കളുടെ വർത്തമാനങ്ങളുമായിരുന്നു അത്. ഒരു മറുപടിയും ഇല്ലാഞ്ഞ് അത് നിരന്തരം വന്നു കൊണ്ടിരുന്നു. ഒരു വശത്തേയ്ക്കു മാത്രം ഒഴുകുന്ന പുഴപോലെയായി ഞങ്ങളുടെ ബന്ധം.

അതിനിടയിലാണ് വലിയ ദുരന്തം സംഭവിച്ചത്. കോളേജിൽ നിന്ന് ടൂർ പോയി പുഴയിൽ കളിച്ചു കൊണ്ടിരിക്കുന്ന രാജുവേട്ടന്റെ മകളുടെ മേലേക്ക് മലവെള്ളം കുതിച്ചു പാറി വന്നു. പുഴയുടെ നടുവിൽ നിന്നിരുന്ന നാലു കുട്ടികൾക്കൊപ്പം അവളും ഒഴുക്കിൽ പെട്ടു. മൂന്നു ദിവസങ്ങൾ. അവളെ കിട്ടിയതേയില്ല. ആ മൂന്നു ദിവസവും വാട്സ്ആപ്പിൽ എനിക്ക് മെസേജുകളും വന്നില്ല. നാലാം ദിവസം രാവിലെ, “എനിക്ക് വയ്യെടീ. എന്റെ പ്രതീക്ഷയൊക്കെ തീർന്നു, നീ പ്രാർത്ഥിക്കണേടീ” എന്നു മാത്രം.
വിളിയ്ക്കാനും ആശ്വസിപ്പിക്കാനും എനിക്ക് കഴിഞ്ഞില്ല. പരിഭവമോ സ്പർധയോ രാഷ്ട്രീയമോ മൂലമായിരുന്നില്ല.
“ഉറപ്പായും” എന്ന് ടൈപ്പ് ചെയ്തു.
“രാജ്വേട്ടൻ വിഷമിക്കരുത്, അവൾ വരും” എന്നുമെഴുതി.
അരമണിക്കൂറിനകം മെസ്സേജ് വന്നു, ‘അവളു വന്നെടീ.’
കയത്തിനടിയിൽ നിന്ന് നാലാം ദിവസത്തെ തിരച്ചിലിൽ അവളെ കിട്ടി. ശ്വാസകോശത്തിൽ മണലു കയറിയിരുന്നു. ആദ്യത്തെ വീഴ്ചയിൽ തന്നെ അവൾ അവസാനിച്ചു പോയി.
“ഞാൻ വരില്ല രാജുവേട്ടാ. പിന്നെ വിളിയ്ക്കാം. കീർത്തിമോളുടെ മരണത്തിനുശേഷം എനിക്ക് മരണങ്ങളെ കാണാൻ വയ്യ”, ഞാൻ നിസ്സഹായതയോടെ വോയിസ് മെസ്സേജ് ഇട്ടു.

പിന്നെ പതിയെ ഒറ്റക്കും തെറ്റക്കും ഒക്കെ വഴിതെറ്റി ചില മെസ്സേജുകളും ഫോർവേഡുകളും എനിക്ക് വന്നു. അതിലൊന്നും രാമരാജ്യം ഉണ്ടായിരുന്നില്ല.

കീർത്തിയുടെ മരണാനന്തരം എനിക്ക് ഒരു മരണ വീട്ടിലും പോകാൻ വയ്യാതെയായിരുന്നു. ഒന്നും കേൾക്കാനും നിൽക്കാനും വയ്യ. പാൽപ്പിറ്റേഷൻ കൂടി വരും. ഹൃദയം പെരുമ്പറ പോലെയായിരിക്കും ചിലപ്പോൾ കിടിമുട്ടി പോലെ മുട്ടോടുമുട്ട്. അല്ലെങ്കിൽ പെരുമ്പറച്ചെത്തമായി ഹൃദയഭിത്തികൾ തുടിയ്ക്കും. എനിക്ക് തല ചുറ്റും. കണ്ണിൽ ഇരുട്ടുകയറും. ചിലപ്പോൾ നിയന്ത്രണമില്ലാതെ പൊട്ടിക്കരയും. കീർത്തി മോളാണ് കിടക്കുന്നത് എന്ന് തോന്നിപ്പോകും. മനസ്സിനെ ശാന്തമാക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത വിധം ഞാൻ അശരണയായിപ്പോകും.
“മനസ്സിലായി മനസ്സിലായി നീ വരേണ്ട. ഞാൻ പറഞ്ഞോളാം”
പിന്നെ വരാം, വന്നു കാണാം എന്നും വിളിക്കാമെന്നുമൊക്കെ പറഞ്ഞ വാക്കുകൾ വെറുതയായി. ഒന്നും ഞാൻ പാലിച്ചതേയില്ല. ഫോൺ വിളിച്ച് ഞാൻ എന്ത് സംസാരിക്കുമെന്നതിന്റെ ആകുലതയിൽ, പരിഭ്രമത്തിൽ, പേടിയിൽ ഞാൻ രാജുവേട്ടന് പിന്നെ ഫോൺ ചെയ്തതേയില്ല.

ഒറ്റമെസേജു പോലുമില്ലാതെ മാസങ്ങൾ...

പിന്നെ പതിയെ ഒറ്റക്കും തെറ്റക്കും ഒക്കെ വഴിതെറ്റി ചില മെസ്സേജുകളും ഫോർവേഡുകളും എനിക്ക് വന്നു. അതിലൊന്നും രാമരാജ്യം ഉണ്ടായിരുന്നില്ല. മനുഷ്യർ മരിച്ചാൽ നമ്മുടെ ഉടൽ എങ്ങനെ അഴുകും എത്ര ദിവസത്തിൽ തലച്ചോറഴുകി പുഴു നിറയും മരണാനന്തരംആത്മാവിന് എന്ത് സംഭവിക്കും എന്നൊക്കെയുള്ള തരത്തിലുള്ള ഫോർവേഡ് മെസ്സേജുകൾ ആയിരുന്നു. ബലിയിടുന്നതെന്തിന്, മരണാനന്തരം ജീവിതമുണ്ടോ, പുനർജന്മമുണ്ടോ?

ഞാൻ പഴയതുപോലെതന്നെ നിശ്ശബ്ദനായിരുന്നു. മുമ്പത്തെ സന്ദേശങ്ങളിൽ സ്പർധയാകാമായിരുന്നു, ദേഷ്യമാകാമായിരുന്നു, എന്നാലിതോ...
ഇടയ്ക്കുവെച്ച് സന്ദേശങ്ങളുടെ ഭാവം പിന്നെയും മാറി. ജീവിതത്തിന്റെ വ്യഥകളും മക്കളെ കുറിച്ചുള്ള ആധികളും ദൈവത്തെക്കുറിച്ചുള്ള ആകുലതകളും രാമരാജ്യത്തെ കുറിച്ചുള്ള പ്രത്യാശകളും കൈവെടിഞ്ഞ് നിർമമായ മെസ്സേജുകൾ. അവയിൽ നിന്ന് രാംലയ്ക്കുവേണ്ടി പോരാടിയിരുന്ന കർസേവകൻ ഏതാണ്ട് മരണപ്പെട്ടു എന്നെനിക്ക് മനസ്സിലായി.

ഞാനയച്ചു കൊടുത്ത പുസ്തകങ്ങൾ വായിച്ച്, “വായിക്കുമ്പോ സുഖോണ്ടെടീ” എന്ന് ഇളമ്പുഞ്ചിരി സ്മൈലിയോടെ മേസേജ് കിട്ടി.
പിന്നെ ഒരു വെക്കേഷന് നേരിട്ടു കണ്ടു. മദ്യപാനം ആരംഭിച്ചിരുന്നു എന്ന് മനസ്സിലായി. വെറും പാനമല്ല പരിപൂർണ്ണമായും കുടി. മദ്യപാനത്തിൽ അഭയം തേടിയവന്റെ സമാധാനം കണ്ണുകൾക്കു താഴെ കറുത്ത രാശിപൂണ്ടു, കവിളുകളിൽ ചീർപ്പായി ഉരുണ്ടു. ബാറിൽ നിന്നും ബാറിലേക്ക് കയറിയിറങ്ങി. ബീഫും പോർക്കും ഒപ്പം മദ്യവും ഏത് അബോധത്തിലാണ് കുടിച്ചതും കഴിച്ചതും എന്ന് ചോദിക്കാൻ നാവ് പൊങ്ങിയതേയില്ല.
അത് മറ്റൊരു മനുഷ്യനായിരുന്നു. ഏതോ ഒരു രാജുവേട്ടൻ. അമ്മു വിദേശത്തുനിന്ന് വന്നപ്പോൾ കൊണ്ടുവന്ന മദ്യം പതിവ് കുടിക്കാർക്കെല്ലാം കൊടുത്തിരുന്നതിൽ ആദ്യമായി പരാതിപ്പെട്ട രാജുവേട്ടൻ. കുടികാര ലിസ്റ്റിലില്ലാത്തതിനാൽ അദ്ദേഹത്തിനെ കാത്ത് മദ്യക്കുപ്പികളുണ്ടായിരുന്നില്ല.

“അതെന്താടി എനിക്കില്ലേ?” എന്ന് ചോദിക്കപോലും ചെയ്തു.
ഒടുവിൽ കുഞ്ഞൂട്ടന് പ്ലം കേക്ക് പാചക പരീക്ഷണത്തിനായികൊണ്ടുവന്ന മൂന്നു റം കുപ്പികളിൽ രണ്ടര അദ്ദേഹത്തിന് കൊടുത്തു. എക്കോസ്പോട്ടിന്റെ ഓറഞ്ച് പിൻവെളിച്ചത്തിൽ കുപ്പി നോക്കി ഒന്ന് ചിരിച്ചു കണ്ടു. പഴയ തെളിച്ചമില്ലെങ്കിലും എന്തോ ഒരു സന്തോഷം ഉള്ളിൽ തോന്നിയത് പോലെയുള്ള ഒരു ചിരി.
ഞാനു ചിരിച്ചു...
വീണ്ടും രണ്ടു വർഷങ്ങൾ. അതിനിടയിൽ രാജുവേട്ടന് ഒരു ഹൃദയാഘാതവും പക്ഷാഘാതവും. ആശുപത്രി കിടക്കയിൽ വച്ച് വന്ന മെസ്സേജ്, “തീർന്നെടീ, എല്ലാം തീർന്നെടീ” എന്നായിരുന്നു.
“ഒന്നും തീർന്നിട്ടില്ല. 10 ദിവസത്തെ വെക്കേഷന് ഞാൻ വരുന്നുണ്ട്. നമുക്ക് സിനിമ കാണാൻ പോകണം” എന്ന് സങ്കടത്തോടെ മറുപടിയിട്ടു.

കമൽഹാസന്റെ മലയാളത്തിലെ സിനിമ ആലുവയിലെ ഒരു ടാക്കീസിലിരുന്നു കണ്ട ഓർമയിൽ എനിക്ക് സങ്കടം പൊട്ടി. ഇടവേളകളിൽ പോപ്കോണും തംസപ്പും കുടിക്കാൻ എല്ലാവർക്കും കൊടുത്തു. സോഡാഗ്യാസിനെ പേടിയ്ക്കുന്ന എനിക്കുവേണ്ടി തിയറ്ററിൽ നിന്ന് പുറത്തിറങ്ങിപ്പോയി ഏതോ കടയിൽ നിന്നും ഫ്രൂട്ടി വാങ്ങിക്കൊണ്ടുതന്നു. ഇൻറെർവെല്ലിനു ശേഷം 15 മിനുട്ട് കളഞ്ഞ ഓർമയും വന്നു...

ഏട്ടൻ എന്നെ കൊണ്ടുവൂല്ലേ?”
“പിന്നെന്താ മോളെ ഉറപ്പായും കൊണ്ടുപോകാം”

എന്നാൽ ആ 10 ദിവസത്തെ വെക്കേഷൻ വരെ കാത്തുനിന്നില്ല രാജുവേട്ടൻ. കുളിക്കാനായി കുളിമുറിയിൽ പോയ ആൾ ബോധരഹിതനായി നനഞ്ഞുനിലത്ത് കിടന്നു. തലച്ചോറിൽ ചെയ്ത സർജറിയിലിട്ട് എന്തോ ഒരു ക്ലിപ്പ് ഇളകി മാറിപ്പോയിരുന്നുവെത്ര.
കാണാൻ വയ്യെങ്കിലും കേൾക്കാൻ വയ്യെങ്കിലും അനുഭവിക്കാൻ വയ്യെങ്കിലും, “എനിക്ക് വരാൻ വയ്യ രാജുവേട്ടാ കാണാനുള്ള ശക്തിയില്ല” എന്ന് വിളിച്ചു പറഞ്ഞാൽ അത് മനസ്സിലാകുന്ന ആരും അവിടെ ഉണ്ടായതുമില്ല.

“രണ്ടര മണിയുടെ ട്രെയിനിൽ ഞാൻ അവിടെ എത്തും”
“രണ്ടുമണിക്ക് എടുക്കാം എന്നാണ് കരുതുന്നത്. നീ രണ്ടരക്കാണ് വരുന്നതെങ്കിൽ 3:00 മണിക്ക് ആക്കാം” രഘുവേട്ടൻ വിളിച്ചു പറഞ്ഞു.
“എനിക്ക് കാണാൻ നല്ല ശക്തിയില്ല. കണ്ടാൽ കിടക്കുന്ന ആ ഓർമ്മ മാത്രമേ ഉണ്ടാകൂ. എനിക്ക് അത് കാണണ്ട”

അയോധ്യയിലെ രാമക്ഷേത്രത്തില്‍ സ്ഥാപിക്കാനിരിക്കുന്ന കര്‍ണാടക സ്വദേശി അരുണ്‍ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം.

ഞാൻ അദ്ദേഹത്തിന് കണ്ടില്ല. തൊടിയിൽ തീയാളുന്നത് സെങ്കാന്തൾ പൂ പോലെ കാവ്യാത്മകമെന്നു കണ്ടു. ആരോ അപരിചിതനിൽ എരിയുന്നല്ലോ എന്ന് ദീർഘമായി ശ്വസിച്ചു. മരിച്ച വീട്ടിൽ എല്ലാവരും മരിപ്പുകഞ്ഞി കുടിക്കുന്ന സമയമായിരുന്നുവത്. പച്ചക്കഞ്ഞിയും ചുവന്ന ചമ്മന്തിയും കോരിക്കഴിക്കേ നെഞ്ച് പൊട്ടിപൊളിക്കുന്നത് പോലെ തോന്നി.

“ക്ഷേത്രം പൂർത്തീകരിക്കുന്നതോടെ വലിയ പ്രശ്നങ്ങൾ ഉണ്ടാവും. എല്ലാം തുടക്കമാണ് പൂർത്തിയല്ല സത്യത്തിൽ...ഞാനൊക്കെ മുമ്പ് കരുതിയത്, പ്രവർത്തിച്ചത് ഒക്കെ എത്രയോ വലിയ തെറ്റായിരുന്നു” എന്ന് അവസാനത്തെ മെസ്സേജ് എന്റെ ഓർമയിൽ വന്നു.

അരുൺ യോഗിരാജിന്റെ ശില്പം അയോധ്യയിൽ സ്ഥാപിക്കുമെന്നും സോണിയാഗാന്ധി ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും പലവിധ വാർത്തകൾ പിന്നീട് എന്നെ തേടി വന്നു. “കോൺഗ്രസ് എന്നുപറഞ്ഞാൽ ഞങ്ങൾ തന്നെയാണ് നിനക്കറിയാഞ്ഞിട്ടാടീ”

രാജുവേട്ടന്റെ പരിഹാസച്ചിരി മുഴങ്ങി.

മഴയിൽ പൊടിപൊടിഞ്ഞും നായമൂത്രം വീണലിഞ്ഞും പാതിയിലേറെ ദ്രവിച്ച ഒരു കല്ല് രാജുവേട്ടന്റെ ഓർമ പോലെ ഉള്ളിൽ കല്ലിച്ചുനിന്നു.

Comments