ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യം മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിച്ച് വീണ്ടും അധികാരത്തിലെത്തുകയാണ്. തെരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്ന കടുത്ത മത്സരത്തിന്റെ സാധ്യതകളെയോ സൂചനകളെയോ ഒട്ടുംതന്നെ അവശേഷിപ്പിക്കാത്ത വിധത്തിൽ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം / മഹാഗഡ്‌ബന്ധൻ പരാജയപ്പെട്ടു. അത്ര എളുപ്പത്തിലുള്ള തീർപ്പുകൾകൊണ്ട് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയെ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിന് നേരിടാനോ മറികടക്കാനോ കഴിയില്ല എന്നതിന്റെ വലിയ വെല്ലുവിളി കൂടിയാണ് ബിഹാറിലെ എൻ ഡി എ വിജയം ഒന്നുകൂടി ഉറപ്പിച്ചുയർത്തുന്നത്.
കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷനേതാവും കൂടിയായ രാഹുൽ ഗാന്ധി പല തവണയായി ഉന്നയിക്കുന്ന ‘വോട്ടു ചോരി’ അടക്കമുള്ള, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും തന്നെ പ്രശ്നത്തിലാണെന്ന സന്ദേഹങ്ങളുയർത്തുന്ന നിരവധി വിഷയങ്ങൾക്ക് ഇപ്പോഴും യുക്തിസഹമായ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സർക്കാരിനോ കഴിഞ്ഞിട്ടില്ല എന്നത് നമുക്ക് മുന്നിലുള്ള വസ്തുതയാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻ ഡി എയുടെ വിജയം തൊട്ടുമുമ്പ് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർക്കേറ്റ പരാജയത്തിനെ രാഷ്ട്രീയയുക്തികൾക്കപ്പുറമുള്ളതായിരുന്നു. അതെല്ലാം ഒട്ടും നിർദ്ദോഷമായ രാഷ്ട്രീയ പരിണാമമായിരുന്നില്ല എന്നുതന്നെയാണ് വോട്ടു തട്ടിപ്പിനെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന് അതിലുള്ള സംശയകരമായ പങ്കിനെക്കുറിച്ചുമുള്ള ആരോപണങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ ബിഹാറിലെ എൻ ഡി എ വിജയത്തെ അഥവാ മതേതര, ജനാധിപത്യ പ്രതിപക്ഷ സഖ്യത്തിന്റെ പരാജയത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ തട്ടിപ്പ് മാത്രമായി ചുരുക്കിക്കാണുന്നത് അബദ്ധമായിരിക്കും. ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ മുന്നേറ്റത്തെ ബഹുജനാടിത്തറയില്ലാത്ത അധികാരപ്രയോഗം മാത്രമായി ചുരുക്കുകയെന്നത് അതിനെതിരായ രാഷ്ട്രീയ പ്രതിരോധത്തെ ദീർഘകാലാടിസ്ഥാനത്തിൽ ദുർബ്ബലപ്പെടുത്താനേ സഹായിക്കൂ. ബിഹാറിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ ഹിന്ദുത്വ രാഷ്ട്രീയം ഉണ്ടാക്കിയെടുത്തിട്ടുള്ള സാമൂഹ്യ, രാഷ്ട്രീയ ശക്തിയെ കുറച്ചു കണ്ടുകൂടാ. ഫാഷിസത്തിന്റെ ജനകീയാടിത്തറയെയും ബഹുജനപിന്തുണയേയും കണക്കിലെടുക്കാതെ അതിനെതിരായ ഒരു പ്രതിരോധവും രാഷ്ട്രീയസമരവും ഫലപ്രദമാവുകയുമില്ല.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ സംഘടനാരൂപത്തിന് ഒരു നൂറ്റാണ്ടു പ്രായമായ വർഷമാണ് 2025. രാഷ്ട്രീയ സ്വയംസേവക് സംഘ് /ആർ എസ് എസ് രൂപം കൊണ്ട 1925-ൽ നിന്നും ഇന്ത്യയുടെ രാഷ്ട്രീയാധികാരം അവരുടെ തെരഞ്ഞെടുപ്പ് സംഘടനയായ ബി ജെ പി കയ്യാളുന്ന ഇക്കാലത്തേക്കെത്തുമ്പോഴേക്കും ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യൻ സമൂഹത്തിലുണ്ടാക്കിയെടുത്ത സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങൾ സമാനതകളില്ലാത്തവിധം ഭയനാകമാണ്. ഇന്ത്യയുടെ അത്തരത്തിലൊരു സാമൂഹ്യ, രാഷ്ട്രീയ ശരീരത്തിനെയാണ് ഓരോ തെരഞ്ഞെടുപ്പിലും നമ്മൾ ബി ജെ പിയുടെ വിജയമായി കണ്ടുകൊണ്ടിരിക്കുന്നത് എന്നതും മറന്നുകൂടാ. അതായത്, തെരഞ്ഞെടുപ്പ് വിജയങ്ങൾക്കൊന്നും വലിയ സാധ്യതകളില്ലാതിരുന്ന ഒരു കാലത്തു നടത്തിയ സൂക്ഷ്മവും സുഘടിതവുമായ സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനമാണ് സംഘപരിവാറിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളിലേക്കുള്ള ചരിത്രപഥങ്ങൾ. അതിനെ തെരഞ്ഞെടുപ്പുകാലത്തുള്ള ചില്ലറ രാഷ്ട്രീയ വാഗ്വാദങ്ങളും വാഗ്ദാന മത്‌സരങ്ങളും നടത്തി അവസാനിപ്പിക്കാനാകുമെന്ന് കരുതരുത്.

ബിഹാർ തെരഞ്ഞെടുപ്പിൽ മേൽപ്പറഞ്ഞ വിശാലമായ ഇന്ത്യൻ സാഹചര്യത്തിന് പുറമെ സവിശേഷമായ പല ഘടകങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബി ജെ പിക്ക് തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയം കൊണ്ടുമാത്രം കളം പിടിച്ചെടുക്കാൻ കഴിയാത്ത സംസ്ഥാനമാണ് ബിഹാർ എന്നതൊരു വസ്തുതയാണ്. ബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി ജെ പി അധികാരത്തിലെത്തുന്നത് ജെ ഡി (യു)വും മറ്റ് പ്രാദേശികക കക്ഷികളുമായുള്ള സഖ്യത്തിലൂടെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റേതല്ലാത്ത കോൺഗ്രസ് വിരുദ്ധമായ മറ്റൊരു രാഷ്ട്രീയധാരയുടെ ചരിത്രപരമായ തുടർച്ചയുടെ രാഷ്ട്രീയ ഘടകങ്ങളെക്കൂടി കൂട്ടുപിടിച്ചാണ് ബി ജെ പി ബിഹാറിൽ അധികാരം പങ്കുവെക്കുന്നത്. അതത്ര അസാധാരണമായൊരു കാര്യമായി ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ തോന്നേണ്ടതില്ലതാനും.
അടിയന്തരാവസ്ഥക്കാലത്ത് ആർ എസ് എസിനും ജനസംഘത്തിനും രാഷ്ട്രീയസാധുത നൽകാൻ തയ്യാറായ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിൽ നിന്നാണ് ഇന്നിപ്പോൾ ബിഹാറിലെ അവരുടെ പ്രധാന രാഷ്ട്രീയ സഖ്യകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) നേതാവായ നിതീഷ്‌കുമാർ ഉയർന്നുവരുന്നതെന്നത് യാദൃച്ഛികമല്ല. അതേ ജെ പി പ്രസ്ഥാനത്തിൽനിന്ന് ഉയർന്നുവന്ന ലാലു പ്രസാദ് യാദവാണ് ബി ജെ പിയുമായി ഒരുതരത്തിലും സന്ധിചെയ്യാൻ തയ്യറാകാത്ത എതിർകക്ഷി എന്നത് മറ്റൊരു വസ്തുതയാണ്.
ബിഹാറിൽ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് എൻ ഡി എ ഇത്തവണയും തെരഞ്ഞെടുപ്പിനിറങ്ങിയത്. 2005-ൽ ആദ്യം മുഖ്യമന്ത്രിയായതിനുശേഷം ചെറിയൊരു ഇടവേളയൊഴിച്ചാൽ തുടർച്ചയായി മുഖ്യമന്ത്രിയായ നിതീഷ് കുമാർ ബിഹാറിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ ഘടകമാണ്. 1994-ൽ ജോർജ് ഫെർണാണ്ടസിനൊപ്പം ജനതാദളിൽനിന്ന് പുറത്തുപോന്നതിനു ശേഷം സമതാ പാർട്ടിയും ജനതാദൾ യുനൈറ്റഡുമായി മാറിയ നിതീഷ് അതിവിദഗ്‌ദ്ധമായ രീതിയിൽ അധികാര രാഷ്ട്രീയത്തിനുവേണ്ടിയുള്ള തന്ത്രങ്ങൾ പയറ്റിക്കൊണ്ടാണ് ഇത് സാധിച്ചെടുത്തതും. നീണ്ടകാലം ബി ജെ പിയുമായും ചെറിയൊരു കാലയളവിൽ ആർ ജെ ഡി- കോൺഗ്രസ്- ഇടതു കക്ഷികളുമായും കൂട്ടുചേർന്നു നീളുന്ന രാഷ്ട്രീയ അവസരവാദമെന്ന് വിളിക്കാവുന്ന കളംമാറിക്കളികൾ ഒരുതരത്തിലും സ്വാധീനം നഷ്ടപ്പെടുത്താത്ത മട്ടിൽ ബിഹാറിലെ രാഷ്ട്രീയമണ്ഡലത്തെ മാറ്റിയെടുത്തു നിതീഷ്. അതിന്റെ മറ്റൊരു പ്രതിഫലനം കൂടിയാണ് 2025-ൽ എൻ ഡി എ നേടിയ വലിയ വിജയം.

ആർ ജെ ഡിയെ പരാജയപ്പെടുത്തി നിതീഷ് അധികാരത്തിലെത്തിയതിനുശേഷം ബിഹാറിലെ ക്രമസമാധാനരംഗത്തും സർക്കാർ സേവന രംഗങ്ങളിലും പ്രാഥമികം മാത്രമാണെങ്കിലും ബിഹാറിനെ സംബന്ധിച്ച് വലിയ കാര്യമെന്ന് പറയാവുന്ന മാറ്റങ്ങളുണ്ടായി എന്നത് വസ്തുതയാണ്. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന്റെ ഗുണഫലം കിട്ടിയ ലാലു പ്രസാദ് യാദവിനും ആർ ജെ ഡിക്കും അതിനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് പരിവർത്തിപ്പിക്കാനുമായില്ല. ‘ജംഗിൾ രാജ്’ എന്ന് എതിരാളികൾ പലപ്പോഴും സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി പറഞ്ഞിരുന്ന അവസ്ഥ, പലപ്പോഴും യാഥാർത്ഥ്യത്തോട് തൊട്ടുനിൽക്കുകയും ചെയ്തിരുന്നു. അതിനുമുമ്പുള്ള ബിഹാർ അതിലേറെ ഭീകരമായ ജാതിഭീകരതകൾ കൊണ്ടും ദലിതർക്കു നേരെയുള്ള സവർണ്ണ ഭൂപ്രഭുക്കളുടെ ആക്രമണങ്ങൾക്കൊണ്ടും നിറഞ്ഞതായിരുന്നു എന്ന വസ്തുത മാറ്റിവെച്ചുമാത്രമേ ഈ ‘ജംഗിൾ രാജ്’ പ്രയോഗത്തെ കണക്കിലെടുക്കാനാകൂ എന്നത് മറ്റൊരു കാര്യം.
എന്തായാലും ലാലുവിന്റെ ജംഗിൾ രാജിൽ നിന്ന് നിതീഷ് ബിഹാറിന് മറ്റൊരുതരം സർക്കാർ സമീപനത്തെ കാട്ടിക്കൊടുത്തു. ‘സുശാസൻ ബാബു’വായി നിതീഷ് പെരുമ നേടിയത് അങ്ങനെയാണ്. അത് പിന്നീട് തീരെ ദുർബ്ബലമായെങ്കിലും ഇപ്പോഴും ഒരു താരതമ്യത്തിന് തന്നെ മുന്നിൽനിർത്താനുള്ള ശേഷി നിതീഷ് നിലനിർത്തുന്നുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ജെ ഡി (യു)വിനെ ഒതുക്കാനും വിഴുങ്ങാനുമുള്ള പരിപാടി ഒന്നുകൂടി വിപുലമാക്കുന്ന ബി ജെ പി ഇത്തവണ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ മടിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ഇത്തരത്തിൽ സൂചിപ്പിച്ചെങ്കിലും പിന്നീട് അവർക്കത് മാറ്റിപ്പറയേണ്ടിവന്നു. ഇപ്പോഴുണ്ടായ തെരഞ്ഞെടുപ്പ് ഫലമാകട്ടെ നിതീഷിന്റെ പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും വലിയ മുന്നേറ്റമുണ്ടാക്കുകയും ബി ജെ പിയുമായുള്ള വിജയിച്ച സീറ്റുകളുടെ അകലം കുറയ്ക്കുകയും ചെയ്തിരിക്കുന്നു. വാസ്തവത്തിൽ നിതീഷ് കുമാറിന്റെ വലിയ വിജയമാണ് ഈ തെരഞ്ഞെടുപ്പ്.
Read: നിതീഷിന്റെ വിജയം, ബി.ജെ.പിയുടെയും; ബിഹാറിൽനിന്ന് എന്തുകൊണ്ട് ഈയൊരു റിസൾട്ട്?
ആദ്യം അധികാരത്തിലെത്തിയ കാലം മുതൽ രണ്ടുതരത്തിൽ തന്റെ ജനപിന്തുണ ഉറപ്പാക്കാൻ നിതീഷ് ശ്രമിച്ചു. ഒന്ന്, ബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളികളിൽ സമവാക്യ നിർമ്മാണങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം കിട്ടാതിരുന്ന ജാതികളെ അതി പിന്നാക്കവിഭാഗങ്ങൾ (Extreme backward Classes) എന്നൊരു വിഭാഗമാക്കി തനിക്കൊപ്പം നിർത്താൻ നിതീഷിന് കഴിഞ്ഞു. ഒപ്പം, ദലിതർക്കിടയിൽ നിന്ന് ഇരുപതോളം ജാതികളെ മറ്റൊരു വിഭാഗമാക്കിക്കൊണ്ട് 2007-ൽ മഹാ ദലിത് എന്നൊരു വിഭാഗത്തെ നിതീഷ് കുമാർ മുഖ്യമന്ത്രിയായിരിക്കെ രൂപപ്പെടുത്തി. ബിഹാറിലെ ജനസംഖ്യയിൽ മൂന്നു ശതമാനം മാത്രമുള്ള കുർമി ജാതിയിൽ നിന്നുള്ള നിതീഷിന്, ജാതികൾ കൊണ്ടുള്ള ബിഹാർ രാഷ്ട്രീയക്കണക്കിൽ അടിയുറപ്പിക്കാൻ ഈ രണ്ടു നീക്കവും സഹായിച്ചു. ആ മുൻതൂക്കം ഏറിയും കുറഞ്ഞും നിതീഷിന് ഇപ്പോഴുമുണ്ട്.

സ്ത്രീകളാണ് നിതീഷ് കുമാർ തന്റെയൊപ്പം നിർത്തിയ മറ്റൊരു ജനവിഭാഗം. വാസ്തവത്തിൽ ഇന്ത്യയിൽ മിക്കവാറും എല്ലാ രാഷ്ട്രീയകക്ഷികളും ഇപ്പോൾ സജീവമായി സ്വാധീനിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗമായി സ്ത്രീസമ്മതിദായകർ ഒരു വിഭാഗമെന്ന നിലയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ ആദ്യ തന്ത്രജ്ഞരിലൊരാളാണ് നിതീഷ് കുമാർ. ബിഹാറിനെപ്പോലെ അതിദരിദ്രവും കടുത്ത പിന്തിരിപ്പൻ പുരുഷാധിപത്യ ബോധവുമുള്ള ഒരു സമൂഹത്തിൽ സ്ത്രീകളുടെ അദൃശ്യത വളരെ സ്വാഭാവികമായ ഒന്നാണ്. ഇത്തരമൊരിടത്താണ് നിതീഷ് കുമാർ സ്ത്രീകളെ കണക്കിലെടുക്കുന്ന ചില നടപടികൾ കൊണ്ടുവരുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് 50% സംവരണം, ചില സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് സംവരണം, മദ്യനിരോധനം തുടങ്ങിയ നടപടികൾ സ്ത്രീകളെ നേരിട്ട് സ്വാധീനിക്കുന്നതും മാറ്റങ്ങളുണ്ടാക്കുന്നതുമായിരുന്നു. ഒരുപക്ഷെ ഒരു വിഭാഗമെന്ന നിലയിൽ സ്ത്രീകളോട് ഇത്തരത്തിൽ സംവദിക്കുന്ന ബിഹാറിലെ ആദ്യ മുഖ്യധാരാ രാഷ്ട്രീയനീക്കമായിരുന്നു അത്.
അവിടെ നിന്നില്ല നിതീഷ് കുമാർ. ക്രമമായി ഇത്തരത്തിലുള്ള സ്ത്രീകേന്ദ്രീകൃത പദ്ധതികൾ വന്നുകൊണ്ടിരുന്നു. വിദ്യാർത്ഥിനികൾക്കുള്ള സൗജന്യ സൈക്കിൾ പദ്ധതി, മുഖ്യമന്ത്രി കന്യാ ഉത്ഥാൻ യോജന (2018), പ്ലസ് ടു ജയിക്കുന്ന പെൺകുട്ടികൾക്ക് 1000 രൂപ, ബിരുദവിജയത്തിന് 50,000 രൂപ, സാനിറ്ററി നാപ്കിൻ വാങ്ങാൻ വാർഷികസഹായം 2000 രൂപ എന്നിങ്ങനെ പല പദ്ധതികൾ വന്നു. അതിലെ ഏറ്റവും അവസാനത്തെ തുറുപ്പുചീട്ടായാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന എന്ന സ്ത്രീകൾക്ക് തൊഴിലിനായി 10,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഇതിലുൾപ്പെടുന്ന സ്ത്രീകൾക്ക് ആറു മാസത്തിനുള്ളിൽ രണ്ടു ലക്ഷം രൂപ വരെ നൽകുമെന്നും വാഗ്ദാനമുണ്ട്. ദസ് ഹസാരി പദ്ധതിയെന്ന ജനപ്രിയനാമത്തിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടപ്പാക്കിത്തുടങ്ങിയ പദ്ധതി ചെറിയ സ്വാധീനമല്ല സ്ത്രീസമ്മതിദായകരിൽ ഉണ്ടാക്കിയിട്ടുള്ളത് എന്നത് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നുണ്ട്.
സ്ത്രീകളെ ഇത്തരത്തിൽ സ്വാധീനിക്കുന്നതിനും അവരെ ഒരു വിഭാഗമെന്നനിലയിൽത്തന്നെ തങ്ങൾക്കൊപ്പം നിർത്തുന്നതിനും തെരഞ്ഞെടുപ്പിന് മുമ്പായി പദ്ധതികൾ പ്രഖ്യാപിക്കുന്നത് മറ്റ് രാഷ്ട്രീയ കക്ഷികളും ഇന്ത്യയിലിപ്പോൾ അനുവർത്തിക്കുന്നുണ്ട്. ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അടുത്ത കുറച്ചുകാലത്തേക്കെങ്കിലും സങ്കീർണ്ണമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. രാഷ്ട്രീയ സമരങ്ങളിലൂടെയോ സാമൂഹ്യ, രാഷ്ട്രീയ സമരങ്ങളുടെ ബോധപൂർണ്ണമായ വ്യവഹാരങ്ങളിലൂടെയോ കടന്നുപോകാത്ത ജനതയെ സർക്കാരുകൾ ഇത്തരത്തിലുള്ള ചെറിയ പണം കൈമാറ്റങ്ങളിലൂടെ വിദഗ്ധമായി സ്വാധീനിക്കുന്നത് ജനാധിപത്യത്തിന്റെ ആന്തരികാരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക; അങ്ങനെ പറയുന്നത് ജനപ്രിയമല്ലാത്തൊരു അഭിപ്രായണമെങ്കിൽക്കൂടി.

സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തെ ശക്തിപ്പെടുത്തുന്നതിൽ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കാൻ ഇത്തരം പദ്ധതികൾ ലക്ഷ്യം വെക്കില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം പരിപാടികൾ ഭരിക്കുന്ന സർക്കാരുകൾ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ നടപ്പാക്കുന്ന അടവുകളായാണ് വരുന്നത്. മധ്യപ്രദേശിൽ സ്ത്രീകൾക്കുള്ള ധനസഹായം വർധിപ്പിച്ച ലാഡ്‌ലി ബെഹ്നാ പദ്ധതി, മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി മാജി ലഡ്കി ബഹൻ യോജന, ജാർഖണ്ഡിലെ മുഖ്യമന്ത്രി മയ്യ സമ്മാൻ യോജന, കർണാടകയിലെ ഗൃഹലക്ഷ്മി പദ്ധതി, ഹരിയാനയിലെ ബെറോസ്ഗാരി ഭട്ട യോജന, പശ്ചിമ ബംഗാളിലെ കന്യാശ്രീ പ്രകല്പ, ലക്ഷ്മീ ഭണ്ഡർ എന്നിവയെല്ലാം സ്ത്രീകൾക്ക് നേരിട്ട് പണം നൽകുന്ന പദ്ധതികളാണ്. ഇവയിൽ മിക്കതും തെരഞ്ഞെടുപ്പിനു മുമ്പായാണ് പ്രഖ്യാപിക്കുന്നതും. കോടിക്കണക്കിന് സ്ത്രീസമ്മതിദായകരെ തങ്ങൾക്കനുകൂലമാക്കാൻ ഭരിക്കുന്ന സർക്കാരുകൾ നടത്തുന്ന പരിപാടികൾക്കൂടിയായി ഇത് മാറുന്നു. ബിഹാറിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പതിനായിരം രൂപ കയ്യിൽക്കിട്ടിയ സ്ത്രീകൾ നിതീഷിന് അനുകൂലമായ വിധിയിൽ വലിയ പങ്കുവഹിച്ചു എന്നതിൽ സംശയമില്ല.
ബിഹാറിലെ പോളിംഗ് ശതമാനം 67%-മായി ഇത്തവണ ഉയർന്നപ്പോൾ പുരുഷന്മാരേക്കാൾ 8.8% സ്ത്രീകൾ കൂടുതലായി വോട്ടു ചെയ്തതും ഇതേ സ്വാധീനത്തിലാകാം. മഹാരാഷ്ട്രയിൽ ഇതേ മട്ടിലുള്ള മറ്റൊരു പണം കൈമാറ്റ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 43 ലക്ഷം സ്ത്രീകളാണ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്.
ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് തങ്ങളുടെ പതിവ് സാമൂഹ്യ, ജാതി സമവാക്യങ്ങൾക്കപ്പുറത്തേക്ക് പോകാൻ ഇത്തവണയും കഴിഞ്ഞില്ല. തൊഴിലില്ലായ്മ ഒരു വലിയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവന്നെങ്കിലും അത് വോട്ടായി മാറിയില്ല. യുവാക്കൾക്കിടയിൽ കൂടുതൽ വോട്ടുകിട്ടുന്നത് ആർ ജെ ഡിക്കാണെങ്കിലും സ്ത്രീകളും മറ്റ് ജാതി സമവാക്യങ്ങളും ചേർന്നുള്ള ഉറപ്പിൽ എൻ ഡി എ മുന്നിലെത്തുകയാണ്.

യാദവ്, മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനപ്പുറത്തേക്ക് ദലിതർ, അതി പിന്നാക്ക വിഭാഗങ്ങൾ എന്നിവരിലേക്കെത്താനുള്ള മഹാസഖ്യ ശ്രമങ്ങളും വിജയം കണ്ടില്ല. അതി പിന്നാക്ക വിഭാഗത്തിലെ ധനുക് ജാതിയിൽ ഉൾപ്പെടുന്ന മംഗാനിലാൻ മണ്ഡലിനെ ആർ ജെ ഡി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതൊക്കെ ഇതിനുവേണ്ടിയായിരുന്നു. ബിഹാറിലെ ജാതി സർവ്വേയിൽ കണ്ടെത്തിയത് സംസ്ഥാന ജനസംഖ്യയിലെ 36% അതി പിന്നാക്ക വിഭാഗങ്ങളാണ് എന്നതാണ്. രവിദാസ്- ജാട്ട് വിഭാഗത്തിലെ രാജേഷ് കുമാറിനെയാണ് കോൺഗ്രസ് അധ്യക്ഷനാക്കിയത്. മല്ലാ-രേവത് ജാതികളിൽ സ്വാധീനമുള്ള വികാസ്ശീൽ ഇൻസാഫ് പാർട്ടിയെ (വി ഐ പി) മഹാസഖ്യം കൂടെച്ചേർക്കുകയും അതിന്റെ നേതാവ് മുകേഷ് സഹായിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതും ഈ ലക്ഷ്യത്തിലാണ്. അതൊന്നും ഫലം കണ്ടില്ല.
കോൺഗ്രസാകട്ടെ, ബിഹാറിൽ യാതൊരുവിധ സംഘടനാ അടിത്തറയുമില്ലാതെ, കുറെ സീറ്റുകളിൽ മത്സരിക്കുന്നു എന്നതല്ലാതെ, മറ്റൊരുതരത്തിലും സ്വാധീനമുണ്ടാക്കാൻ കഴിയുന്ന കക്ഷിയല്ല. മഹാസഖ്യത്തിന്റെ തകർച്ചയിൽ കോൺഗ്രസിന്റെ ദുർബ്ബലമായ സംഘടനയ്ക്കുള്ള പങ്ക് ചെറുതല്ല.
മറുവശത്ത് എൻ ഡി എ ജാതിസമവാക്യങ്ങളെ അതിവിദഗ്ധമായി ഉപയോഗിക്കുകയാണ്. ദലിത് വിഭാഗത്തിൽപ്പെട്ട പാസ്വാൻ ജാതിയുടെ പിൻബലത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് 29 സീറ്റുകൾ മത്സരിക്കാൻ നൽകിയാണ് ബി ജെ പി തങ്ങളുടെ സ്വാധീനത്തിന് ഒരു പിൻവാതിൽവഴി ഉണ്ടാക്കുന്നത്. നിതീഷിനുള്ള തട കൂടിയാണത്. എൽ ജെ പി നേതാവ് ചിരാഗ് പസ്വാൻ ബി ജെ പിയുടെ പദ്ധതികൾക്കപ്പുറം പോകില്ല. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെയും അവർ കൈകാര്യം ചെയ്തു. വാസ്തവത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ഉത്തരേന്ത്യയിൽ പിന്നാക്ക, ദലിത് രാഷ്ട്രീയത്തെ വലിയ അളവിൽ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ നേരിടുന്നതിൽ സ്വത്വരാഷ്ട്രീയത്തിന് ആശയതലത്തിലും ഘടനയിലും സാധ്യമല്ല എന്നതുകൂടിയാണ് ഇത് കാണിക്കുന്നത്.
സി പി ഐ (എം എൽ), സി പി ഐ, സി പി ഐ (എം) എന്നിവയടങ്ങുന്ന ഉടതുകക്ഷികളും സ്വാഭാവികമായും മഹാസഖ്യത്തിനുള്ളിൽ നിന്ന് മത്സരിക്കുകയും തിരിച്ചടി നേരിടുകയും ചെയ്തു. ദലിത് മേഖലകളിൽ ഇടതുകക്ഷികൾക്കുണ്ടായിരുന്ന സ്വാധീനത്തിന് ഇടിവ് തട്ടിയത് കാണേണ്ടതാണ്.

തെരഞ്ഞെടുപ്പ് സമ്മതിദായക പട്ടികയിലുള്ളതിനേക്കാൾ മൂന്നുലക്ഷം പേർ കൂടുതലായി വോട്ടുചെയ്‌തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ കാണിക്കുന്നതെന്ന് സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാർജി ആരോപണമുന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഫാഷിസ്റ്റ് പദ്ധതി ഒരു കെട്ടുകഥയായി തള്ളിക്കളയാനാകില്ല. എന്നാൽ അതുമാത്രമാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയും ബിഹാറിലേതുപോലെ അതിന്റെ രാഷ്ട്രീയ മുന്നണികളുടെയും വിജയമെന്ന് കരുതരുത്.
ജനസംഖ്യയിൽ 54% ത്തോളം മാത്രം ഹിന്ദുക്കളുള്ള കേരളത്തിലെ മൊത്തം സമ്മതിദായകരുടെ 20% ബി ജെ പിക്കാണ് വോട്ടുചെയ്തത്. അതായത് ഫാഷിസം ഒരു തെരഞ്ഞെടുപ്പ് അട്ടിമറി പദ്ധതി മാത്രമല്ല. അതിന്റെ നാനാവിധമായ രൂപങ്ങളേയും തന്ത്രങ്ങളെയും ചരിത്രത്തിലെ തനിയാവർത്തനങ്ങളായി മാത്രമാണ് വരികയെന്ന മട്ടിൽ സാമ്പ്രദായിക പരിപാടികളുമായി പ്രതിരോധിക്കാനാകില്ല.
സാമൂഹ്യക്ഷേമ പെൻഷൻ കൊടുത്താൽ വോട്ടു കിട്ടുമെങ്കിൽ, തൊഴിലില്ലായ്മ വേതനം കൊടുത്താൽ വോട്ടുകിട്ടുമെങ്കിൽ, ഫാഷിസ്റ്റ് കക്ഷിക്ക് അത് ചെയ്യാൻ മടിയൊന്നുമില്ല. അവർക്കതിൽ വലിയ സങ്കടവുമില്ല. അദാനിയും അംബാനിയും പോലുള്ള കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരിക്കാനും തങ്ങളുടെ പ്രത്യയശാസ്ത്രപദ്ധതി നടപ്പാക്കാനും കഴിയുന്നിടത്തോളം പെൺകുട്ടികൾക്ക് സൈക്കിൾ കൊടുക്കാനും പതിനായിരം രൂപ കൊടുക്കാനുമൊന്നും അവർക്കൊരു ബുദ്ധിമുട്ടുമില്ല. ഇന്ത്യൻ ഫാഷിസത്തിന്റെ കോർപ്പറേറ്റ്- ഹിന്ദുത്വ-ഭരണകൂട രൂപത്തോട് സന്ധി ചെയ്യുകയും തെരഞ്ഞെടുപ്പിൽ ചില ജനപ്രിയ വാഗ്ദാനങ്ങളിൽ മാത്രം അവരുമായി മത്സരിക്കുകയും ചെയ്യുമ്പോൾ വിജയിക്കുക എളുപ്പമല്ല. തോൽക്കാൻ പാടില്ലാത്ത യുദ്ധങ്ങൾ വളരെ വേഗത്തിൽ തോറ്റുകൊണ്ടിരിക്കുന്നൊരു ജനതയാണ് നമ്മൾ. ചരിത്രബോധവും പ്രയോഗദാർഢ്യവുമില്ലാത്ത ശുഭാപ്തിശ്വാസത്തിന്റെ ശവപ്പറമ്പുകൾ ചരിത്രത്തിലെമ്പാടുമുണ്ട്.
