ബുൾഡോസർ ബി.ജെ.പിയുടെ
​രാഷ്​ട്രീയ ചിഹ്​നമാകുന്നത്​ എന്തുകൊണ്ട്​?

ചില നഗരങ്ങളിൽ നടക്കുന്ന ബുൾഡോസർ ഉപയോഗിച്ചുള്ള തകർക്കലുകളും ഒഴിപ്പിക്കലുകളും സമാനമായ പരിതഃസ്ഥിതികളിലുള്ള രാജ്യമാകമാനമുള്ള ജനതയിൽ ഒരേ അളവിലുള്ള ഭയവും നിസ്സഹായതയും അതുവഴി നിഷ്‌ക്രിയതയും ജനിപ്പിക്കും. അതുകൊണ്ടുതന്നെയാണ് ബി.ജെ.പി. റാലികളിൽ ബുൾഡോസറുകൾ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

‘റംസാൻ മാസമായിരുന്നതുകൊണ്ട് കടയിൽ വൈകുന്നേരത്തിനുശേഷമേ തിരക്കുണ്ടാവൂ. പക്ഷെ വലിയൊരു ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി, ആരോ കടയുടെ ഷട്ടർ തകർക്കാൻ ശ്രമിക്കുന്നതാണെന്ന്. ഞങ്ങൾ ഒരക്ഷരം പോലും എതിർത്ത് പറഞ്ഞില്ല, കാരണം ഞങ്ങൾ അത്രയും ഭയപ്പെട്ടിരുന്നു. അവർ എല്ലാം തകർക്കുന്നത് നിശബ്ദരായി നോക്കിനിന്നു'.

മധ്യപ്രദേശിലെ കാർഗോണിൽ താനും മക്കളും കൂടി നടത്തിവന്ന ചെറിയ ജ്യൂസ് കട ബുൾഡോസറുപയോഗിച്ച് തകർത്തതിനെക്കുറിച്ച് റഫീഖ് ബി.ബി.സി. ന്യൂസിന് നൽകിയ വിവരണമാണിത്. ഭയം നിസ്സഹായതയിലേക്ക് വഴിമാറുന്നത് ഈ വാക്കുകളിൽ വ്യക്തമാണ്. സമാനമായ അനുഭവവിവരണങ്ങളാണ് ഡൽഹിയിലെ ജഹാംഗീർപുരിയിൽ നിന്നും തിലക് നഗറിൽ നിന്നും ദ്വാരകയിൽ നിന്നും സീലംപൂരിൽ നിന്നുമൊക്കെ വന്നുകൊണ്ടിരിക്കുന്നത്.

മതിയായ രേഖകളില്ലാതെ, കോടതി ഉത്തരവിന് കാത്തുനിൽക്കാതെ, തികച്ചും പക്ഷപാതപരമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ (Anti-encroachment drive) എന്ന പേരിൽ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും പിന്നാക്ക മുസ്​ലിംകളുടെയും കടകളും വീടുകളും തകർക്കുന്ന ബി.ജെ.പി. സർക്കാരിന്റെ നടപടികളെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്? എതിർപ്പ്​ വകവെക്കാതെ ഇന്നും തുടരുന്ന ഈ "ഒഴിപ്പിക്കൽ' പ്രക്രിയ എങ്ങനെയാണ് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തേണ്ടത്? ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റാനുള്ള ഭരണകക്ഷിയുടെയും മറ്റു വലതുപക്ഷ, ഹിന്ദുത്വ സംഘടനകളുടെയും അജണ്ടയുടെ ഒരു നേർശ്രമമായി മാത്രമാണോ ഇതിനെ കാണേണ്ടത്? അങ്ങനെ മാത്രമായല്ല ഈ നിഷ്ഠൂര നടപടികളെ മനസ്സിലാക്കേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. മറിച്ച് ദിവസം ചെല്ലുംതോറും ഫാസിസത്തിലേക്ക് ആക്കത്തിൽ നടന്നടുത്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ വളർച്ചയിലെ ഭീകരമായ ഒരു ഘട്ടമാണിത്​.

ഡൽഹി ജഹാംഗിർപുരിയിലെ ജനവാസമേഖലയിൽ മുസ്​ലിംകളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാൻ ബുൾഡോസറിനുമുന്നിൽ നിന്ന്​ പ്രതിഷേധിക്കുന്ന​ ബൃന്ദ കാരാട്ട്‌ / Photo: CPIM, FB Page.

ബുൾഡോസർ, ഭരണപക്ഷ അണികളുടെയും അനുയായികളുടെയും അഭിമാനചിഹ്നമായി ഇടംപിടിക്കുമ്പോൾ ഇന്ത്യൻ മുസ്​ലിംകൾക്കും ഇതര പാർശ്വവത്കൃത വിഭാഗങ്ങൾക്കും ഭയത്തിന്റെ ചിഹ്നമായി അത്​ അവരുടെ ഉപബോധ മണ്ഡലത്തിൽ വളരുന്നു.

ശരിയാണ്, തങ്ങൾ ‘ശത്രുക്കൾ’ എന്നുകരുതുന്ന ഒരു ജനതയെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന്​ നേരിട്ട് മായ്ച്ചുകളയാനായുള്ള, വംശീയതയുടെ ആശയങ്ങൾ നിറംപകർന്ന ഒരു ഭരണകൂടത്തിന്റെ നേരിട്ടുള്ള ശ്രമമായി തന്നെ ഇതിനെ കാണാം. അതിനുമപ്പുറത്തേക്ക്, ഇന്ത്യയുടെ മനഃശാസ്ത്ര ഭൂപടത്തിൽ (സൈക്കോളജിക്കൽ മാപ്) എങ്ങനെയൊക്കെയാണ് ഈ സംഭവങ്ങൾ രേഖപ്പെടുത്തപ്പെടുന്നത്?

ഭയത്തിന്റെ ഒരു പുതിയ ചിഹ്​നം

ഏപ്രിൽ 20-ന് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രമുണ്ട്. ഡൽഹിയിലെ ജഹാംഗീർപുരിയിൽ എഴുപത് വയസ്സ് കഴിഞ്ഞ സി.പിഎം. പൊളിറ്റ് ബ്യൂറോ മെമ്പർ ബൃന്ദ കാരാട്ട് വലംകൈയുയർത്തി ഒരു ബുൾഡോസർ തടയുന്നു. ഈ ബുൾഡോസർ തന്നെയാണ് സംഘ്പരിവാറിന് അവരുടെ രാഷ്ട്രീയപദ്ധതികളുടെ പ്രതീകമായി ഇന്ത്യൻ പൊതുബോധത്തിലേക്ക് പ്രതിഷ്ഠിക്കേണ്ടത്, അവരുടെ വരാനിരിക്കുന്ന ആക്രമണോത്സുക നീക്കങ്ങളുടെ പ്രതീകമായി. ഈ ബുൾഡോസർ, ഭരണപക്ഷത്തിന്റെ അണികളുടെയും അനുയായികളുടെയും mental schema യിൽ ആവേശത്തിന്റെയും അഭിമാനത്തിന്റെയും ഒരു ചിഹ്നമായി ഇടംപിടിക്കുമ്പോൾ ഇന്ത്യൻ മുസ്​ലിംകൾക്കും ഇതര പാർശ്വവത്കൃത വിഭാഗങ്ങൾക്കും ഭയത്തിന്റെ ചിഹ്നമായി അത്​ അവരുടെ ഉപബോധ മണ്ഡലത്തിൽ വളരുന്നു. ഇങ്ങനെ ചിഹ്നശാസ്ത്രത്തിന്റെ (Semiotics) രീതികളുപയോഗിച്ച് ഒരു ജനതയുടെ പൊതുബോധത്തെ എളുപ്പം സ്വാധീനിച്ച് തങ്ങളുടെ ലക്ഷ്യം കാണുകയെന്നത് രാഷ്ട്രീയസംഘടനകൾ പൊതുവെ ചെയ്തുപോരുന്നതാണ്. ബി.ജെ.പി. പോലുള്ള ഒരു നിയോപോപ്പുലിസ്​റ്റ്​ സംഘടന പ്രത്യേകിച്ചും.

ജെ.എൻ.യു. ക്യാംപസിൽ സുഹൃത്തുക്കളോടൊപ്പം ലേഖിക

മനുഷ്യന്റെ ഓർമകളുടെയും ചിന്തകളുടെയും ബോധത്തിന്റെയും രൂപീകരണത്തിന് ഇത്തരം ചിഹ്നങ്ങളും ബിംബങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 1980-ൽ ജനസംഘം പിളർന്ന് ജനതാപാർട്ടി ഭാരതീയ ജനതാ പാർട്ടിയായി മാറുമ്പോൾ തെരഞ്ഞെടുപ്പ് ചിഹ്നമായി സ്വീകരിച്ചത് വിടർന്ന താമരയായിരുന്നു. സംസ്‌കാരിക ദേശീയതയോടും ഹിന്ദുത്വ ദേശീയതയോടുമുള്ള പാർട്ടിയുടെ ആഭിമുഖ്യം കൂടിയാണ് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര ചിഹ്നമായി സ്വീകരിക്കുന്നതിലൂടെ ബി.ജെ.പി. മുന്നോട്ടുവച്ചതും. നിരക്ഷരർക്ക് പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തൽ എളുപ്പമാക്കുന്നതിനുള്ള ഒരുപാധിയായാണ് തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നതെന്ന് പൊതുവേ ധാരണയുണ്ടെങ്കിലും ഒരു ചിഹ്നം അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെക്കൂടി പ്രകടമാക്കുന്നുണ്ട്. കേവലമൊരു തെരഞ്ഞെടുപ്പ് ചിഹ്നമെന്നതിനപ്പുറം ചിഹ്ന ഉപകരണങ്ങൾ (Semiotic Tools) എങ്ങനെ മനുഷ്യന്റെ ചിന്താമണ്ഡലത്തെ സ്വാധീനിക്കുന്നു എന്നതും പ്രധാനമാണ്.

അടൽ ബിഹാരി വാജ്പേയിയുടെ കാലത്തുനിന്നും മോദി- അമിത്ഷാ- യോഗി കൂട്ടുകെട്ടിലേക്കെത്തുമ്പോൾ, തീവ്ര ഹിന്ദുത്വത്തെയും വംശീയതയെയും ഫാസിസ്​റ്റ്​ ആശയങ്ങളെയും പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളെ ബി.ജെ.പി.ക്ക്​ ആവശ്യമായി വരുന്നു.

ഒരു വലിയ ജനതയുടെ മനഃശാസ്ത്രത്തെയും പൊതുബോധത്തെയും അറിഞ്ഞും സ്വാധീനിച്ചുമല്ലാതെ ഒരു രാഷ്ട്രീയപാർട്ടിക്കും പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് നിലനില്പില്ലല്ലോ. അക്കാരണങ്ങൾ കൊണ്ടുതന്നെ ഓരോ പാർട്ടിയും തങ്ങളുടെ അതത് കാലത്തെ രാഷ്ട്രീയത്തെ, ആശയങ്ങളെ രാജ്യത്തിന്റെ പൊതുബോധത്തിൽ ആഴത്തിൽ ഊട്ടിയുറപ്പിക്കാൻ ചിഹ്നങ്ങൾ, ബിംബങ്ങൾ എന്നിവയൊക്കെ സസൂക്ഷ്മം തെരഞ്ഞെടുക്കാറുണ്ട്. അതുകൊണ്ടുകൂടിയാണ് അടൽ ബിഹാരി വാജ്പേയിയുടെ കാലത്തുനിന്നും മോദി- അമിത്ഷാ- യോഗി കൂട്ടുകെട്ടിലേക്കെത്തുമ്പോൾ, തീവ്ര ഹിന്ദുത്വത്തെയും വംശീയതയെയും ഫാസിസ്​റ്റ്​ ആശയങ്ങളെയും പരസ്യമായി പ്രതിനിധീകരികരിക്കാൻ അനുയോജ്യമായ ചിഹ്നങ്ങളെ പൊതുബോധ നിർമിതിക്കായി കൂട്ടുപിടിക്കേണ്ടത് ബി.ജെ.പി.യുടെ ആവശ്യമായി വരുന്നത്.

സംസ്‌കാരിക ദേശീയതയോടും ഹിന്ദുത്വ ദേശീയതയോടുമുള്ള പാർട്ടിയുടെ ആഭിമുഖ്യം കൂടിയാണ് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര ചിഹ്നമായി സ്വീകരിക്കുന്നതിലൂടെ ബി.ജെ.പി. മുന്നോട്ടുവച്ചതും / Photo : Bharatiya Janata Party, fb page

ആവേശത്തിന്റെ ചിഹ്​നം

രഥയാത്രകളിലും ജനസമ്പർക്ക പരിപാടികളിലുമെല്ലാം ശൂലവും ത്രിശൂലവും അടക്കമുള്ള ആയുധചിഹ്നങ്ങൾ പ്രതിനിധീകരിക്കുന്നത് ഹിന്ദു മിത്തോളജി മാത്രമല്ല, ആക്രമണോത്സുകത കൂടിയാണെന്ന് വ്യക്തമായതാണല്ലോ. ഇക്കൂട്ടത്തിലേക്കാണ് ‘ബുൾഡോസർ' ബി.ജെ.പി. അനുയായികൾക്കും അനുഭാവികൾക്കും വലിയ ആവേശമുയർത്തി കടന്നുവരുന്നത്. 2022 മാർച്ചിൽ നടന്ന യു.പി. നിയമസഭാ ഇലക്ഷനിലാണ് ബി.ജെ.പി. ബുൾഡോസർ ഒരു പ്രതീകമായി പ്രചാരണത്തിൽ ഉപയോഗിക്കുന്നത്. ബി.ജെ.പി.യുടെ ഇലക്ഷൻ ചിഹ്നമായ താമരയെക്കാളും അണികളിൽ ആവേശമുയർത്താൻ ബുൾഡോസറിനു കഴിഞ്ഞു എന്നത് തിരഞ്ഞെടുപ്പ് വിജയപ്രകടനങ്ങളിൽ ബുൾഡോസർ റാലിയും ബുൾഡോസർ ബാബയും ആക്രോശങ്ങളോടെ അവതരിക്കപ്പെട്ടപ്പോഴാണ് നമ്മൾ തിരിച്ചറിഞ്ഞത്. ഒറ്റപ്പെട്ട വിമർശനങ്ങളും വിശകലനങ്ങളും ചിലയിടങ്ങളിൽ നിന്നും വന്നുവെങ്കിലും ബി.ജെ.പി. മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന ഒരു ആശയം തന്നെയാണ് അവരുടെ ബുൾഡോസർ രാഷ്ട്രീയം എന്നതിനാൽ അതിൽ അമ്പരപ്പ്​ കുറവായിരുന്നു. കൊള്ളക്കാരെയും മാഫിയകളെയും തുടച്ചുനീക്കുന്ന ബുൾഡോസറുകളെയാണ് യോഗി ആദിത്യനാഥ് അവതരിപ്പിച്ചതെങ്കിലും ഇലക്ഷനുശേഷം നടപ്പിലാക്കാനിരിക്കുന്ന ചില പദ്ധതികളുടെ മുന്നറിയിപ്പാണ് ആ ബുൾഡോസറുകൾ എന്നത് ഒരു മാസം കഴിഞ്ഞ് 2022 ഏപ്രിലിൽ രാജ്യം മനസ്സിലാക്കി.

ബുൾഡോസർ പോലുള്ള ചിഹ്നങ്ങൾ വഹിക്കുന്ന ആശയങ്ങൾ ആ ചിഹ്നങ്ങളുമായി നേരിട്ട് സമ്പർക്കത്തിലുള്ളവരുടെ ബോധത്തെ മാത്രമല്ല ബാധിക്കുക, അത് ഒരു സമൂഹത്തിന്റെ പൊതുബോധത്തെയാണ് ഒറ്റയടിക്ക്​ ആഴത്തിൽ സ്വാധീനിക്കുക.

സ്വന്തം ജീവനോപാധികളായ കെട്ടിടങ്ങളും കടകളും വീടുകളും ഒരു സുപ്രഭാതത്തിൽ ചില ബുൾഡോസറുകൾ വന്നു തകർക്കുമ്പോൾ മനുഷ്യർ എത്തിച്ചേരുന്ന അരക്ഷിതാവസ്ഥയുണ്ട്. ഭയവും നിസ്സഹായതയും കൂടിക്കലരുന്ന അരക്ഷിതാവസ്ഥ! എതിർപക്ഷത്ത് നിൽക്കുന്നവരെ ഭയത്തിന്റെ പരകോടി കാണിച്ച്, സ്വയമേ വളർന്നുവന്നതെന്നു തോന്നുന്ന ഒരു മാനസിക നിസഹായതയിലേക്ക് (learned helplessness) എത്തിക്കുക എന്നത് വളരെയെളുപ്പം ഇത്തരം നീക്കങ്ങളിലൂടെ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് സാധിക്കും. അങ്ങനെയുള്ള ഒരു ജനതയിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സ്വരം ദുർബലമായി മാറുകയോ തീർത്തും ഇല്ലാതാവുകയോ ചെയ്യും. ഇവിടെയാണ് ബുൾഡോസർ ഒരു രാഷ്ട്രീയചിഹ്നമായി ഉപയോഗിക്കപ്പെടുന്നത്. ഇത്തരം ചിഹ്നങ്ങൾ വഹിക്കുന്ന ആശയങ്ങൾ ആ ചിഹ്നങ്ങളുമായി നേരിട്ട് സമ്പർക്കത്തിലുള്ളവരുടെ ബോധത്തെ മാത്രമല്ല ബാധിക്കുക, അത് ഒരു സമൂഹത്തിന്റെ പൊതുബോധത്തെയാണ് (collective consciousness) ഒറ്റയടിക്ക്​ ആഴത്തിൽ സ്വാധീനിക്കുക. അതുകൊണ്ടുതന്നെ രാജ്യത്തെ ചില നഗരങ്ങളിൽ നടക്കുന്ന ബുൾഡോസർ ഉപയോഗിച്ചുള്ള തകർക്കലുകളും ഒഴിപ്പിക്കലുകളും സമാനമായ പരിതഃസ്ഥിതികളിലുള്ള രാജ്യമാകമാനമുള്ള ജനതയിൽ ഒരേ അളവിലുള്ള ഭയവും നിസ്സഹായതയും അതുവഴി നിഷ്‌ക്രിയതയും ജനിപ്പിക്കും. അതുകൊണ്ടുതന്നെയാണ് ബി.ജെ.പി. റാലികളിൽ ബുൾഡോസറുകൾ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

പ്രധാന നഗരങ്ങളിൽ നിന്ന്​മുസ്‌ലിംകളെ പ്രാന്തവത്കരിക്കാനും തുടച്ചുനീക്കാനുമുള്ള ശ്രമങ്ങളാണെന്ന് കണ്ട് പ്രതിരോധിക്കുകയല്ലേ വേണ്ടത് എന്ന് കരുതുന്നവരുണ്ടാകാം. നമ്മുടെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം മുസ്‌ലിംകളെ പ്രാന്തവത്കരിക്കുന്നതും മാറ്റിനിർത്തുന്നതും എത്രയോ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ് / Photo : Jamia News

ഇതേ റാലികളിൽ ഈ ബുൾഡോസറുകളെ അണിനിരത്തി വെറുപ്പിന്റെ ഗർവ് കാണിക്കുന്ന വലതുപക്ഷ അണികളുടെ ബോധമണ്ഡലങ്ങളിൽ എന്താണ് സംഭവിക്കുന്നത്? ഹിന്ദുവിശ്വാസങ്ങൾ സംരക്ഷിച്ച് ഹിന്ദു ആരാധനാലയങ്ങൾ പണിത് ഒരു ഹിന്ദുരാജ്യമാക്കി ഇന്ത്യയെ മാറ്റും എന്നതിന്റെ ഒരു പടി കൂടി മുന്നേറി, എതിർക്കുന്നവരെ നിഷ്‌കരുണം ബലമായി തന്നെ തുടച്ചുനീക്കും / നശിപ്പിക്കും എന്ന ഒരു ചിത്രം (ഇമേജ് /schema) തങ്ങളുടെ അനുയായികളുടെയും അനുഭാവികളുടെയും ബോധമണ്ഡലത്തിൽ ഉറപ്പിക്കാൻ ഈ ബുൾഡോസറുകൾക്ക് സാധിക്കുന്നു. ഒരു മാന്ത്രികബോധം (Magical Consciousness) അണികളിൽ വളർത്തുകയാണ് നേതാക്കൾ ചെയ്യുന്നത്.

എന്തുകൊണ്ട്​ ദലിത്​? പിന്നാക്ക മുസ്​ലിം?

എന്തുകൊണ്ട് ദലിത്- പിന്നാക്ക വിഭാഗങ്ങളെയും പിന്നാക്ക മുസ്‌ലിംകളെയും ലക്ഷ്യംവെക്കുന്നു?
ഉത്തരം ലളിതമാണ്. സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും സ്വതവേ ദുർബലരായ വിഭാഗങ്ങളെയാണല്ലോ എളുപ്പം ആക്രമിക്കാൻ കഴിയുന്നത്. എന്നാൽ, ഈ ബുൾഡോസറുകൾ ദലിത് കോളനികളുടെ പുറത്തേക്കും സഞ്ചരിച്ചുകൂടെ? സാധ്യത തള്ളിക്കളയാനാവില്ല. സാമൂഹിക- സാമ്പത്തിക ശ്രേണിയിൽ ഉയരങ്ങളിൽ നിൽക്കുന്ന മുസ്‌ലിം വിഭാഗങ്ങളെ ഇത്തരം ഒരു നിസ്സഹായതയിലേക്ക് (Learned helplessness) കൊണ്ടുവരാൻ മറ്റു ചില ബിംബങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചേ മതിയാകൂ. നമ്മൾ, മലയാളികൾക്ക് മനസ്സിലാകാൻ അല്പം പ്രയാസമുള്ള ഒരല്പം സങ്കീർണമായ ജാതിവ്യവസ്ഥ മധ്യ ഇന്ത്യയിലും ഉത്തരേന്ത്യയിലും മുസ്‌ലിം സമൂഹങ്ങളിൽ നിലനിൽക്കുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ വളരെ വ്യത്യസ്തമായ സാമൂഹികജീവിതം നയിക്കുന്ന ഈ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യപ്പെടലിനുള്ള സാധ്യതകളും അതിൽനിന്ന്​സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരേണ്ടുന്ന പ്രതിരോധങ്ങളും കുറവായിരിക്കുമെന്ന് വലതുപക്ഷ സംഘടനകൾക്കും അറിയാം. അതിനർഥം വരേണ്യ മുസ്‌ലിങ്ങളെയോ തങ്ങളിൽപെടാത്ത മറ്റു വിഭാഗങ്ങളെയോ അവർ ഒരിക്കലും നേരിട്ട് ലക്ഷ്യംവെക്കില്ല എന്നല്ല. മറിച്ച് അതിന്റെ രീതികൾ വേറെയായിരിക്കും എന്നുമാത്രം. അതൊന്നും നേരിൽ കണ്ടറിയാൻ അധികകാലം കാത്തിരിക്കേണ്ടിവരില്ല.

സ്വന്തം ജീവനോപാധികളായ കെട്ടിടങ്ങളും കടകളും വീടുകളും ഒരു സുപ്രഭാതത്തിൽ ചില ബുൾഡോസറുകൾ വന്നു തകർക്കുമ്പോൾ മനുഷ്യർ എത്തിച്ചേരുന്ന അരക്ഷിതാവസ്ഥയുണ്ട്. ഭയവും നിസ്സഹായതയും കൂടിക്കലരുന്ന അരക്ഷിതാവസ്ഥ!

ഇത്രയൊക്കെ വിശകലനം ചെയ്യേണ്ടതുണ്ടോ, പ്രധാന നഗരങ്ങളിൽ നിന്ന്​മുസ്‌ലിംകളെ പ്രാന്തവത്കരിക്കാനും തുടച്ചുനീക്കാനുമുള്ള ശ്രമങ്ങളാണെന്ന് കണ്ട് പ്രതിരോധിക്കുകയല്ലേ വേണ്ടത് എന്ന് കരുതുന്നവരുണ്ടാകാം. നമ്മുടെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം മുസ്‌ലിംകളെ പ്രാന്തവത്കരിക്കുന്നതും മാറ്റിനിർത്തുന്നതും എത്രയോ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്. എങ്ങനെയൊക്കെയാണ് ഇത് വ്യവസ്ഥാപിതമായ രീതിയിൽ നടക്കുന്നതെന്ന് ‘Muslims in Indian cities: Degrees of segregation and the elusive ghetto' എന്ന, 2017-ൽ പുറത്തുവന്ന ലേഖനത്തിൽ റാഫേൽ സൂസ്​വിൻഡ്​ പറയുന്നുണ്ട്. മുംബൈ, അഹമ്മദാബാദ്, ജയ്​പുർ, ലഖ്​നോ, അലിഗഢ്​, ഭോപ്പാൽ, ഹൈദരാബാദ്, ഡൽഹി, കട്ടക്ക്, കോഴിക്കോട്, ബെംഗളൂരു എന്നിങ്ങനെ പതിനൊന്ന് ഇന്ത്യൻ നഗരങ്ങളിലെ മുസ്‌ലിം ജീവിതങ്ങൾ പഠിച്ച Laurent Gayer, Christopher Jaffrelot എന്നിവർ ചേർന്നെഴുതിയ ‘Muslims in Indian Cities: Trajectories of Marginalization' എന്ന പുസ്തകത്തിൽ ഇതിന്റെ വിശദമായ വീക്ഷണങ്ങൾ ലഭ്യമാണ്. 2006-ൽ പുറത്തുവന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ടും ഇത് ശരിവെക്കുന്നു.

ഫ്ലാറ്റ്​ വാങ്ങാൻ തടസമായ മുസ്​ലിം സ്വത്വം

പത്തിലേറെ വർഷങ്ങൾ ഡൽഹിയിൽ ജീവിച്ച എനിക്കും സ്വന്തം അനുഭവങ്ങൾ ചേർത്തുവയ്ക്കാൻ കഴിയും. നഗരവികസനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്ന ‘ഗേറ്റഡ് സൊസൈറ്റീസ്' എന്നു വിളിക്കപ്പെടുന്ന ഫ്ലാറ്റ് സമുച്ഛയങ്ങൾ ഡൽഹിയിൽ വളരെ വേഗം നിർമിക്കപ്പെടുകയാണ്. ഡൽഹി ഡവലപ്​മെൻറ്​ അതോറിറ്റിയുടെ അധീനതയിലുള്ള ഇത്തരം ഫ്ലാറ്റുകൾ പോലും വിലയ്ക്ക് വാങ്ങാനോ വാടകയ്ക്ക് താമസിക്കാനോ മുസ്‌ലിം സ്വത്വം പലപ്പോഴും തടസ്സമാവുന്നുണ്ട് എന്നത് ഡൽഹിയിലുള്ള മിക്കവർക്കും അറിയാം.

നഗരത്തിലെ പ്രധാന ഇടങ്ങളൊന്നും നിങ്ങൾക്ക് അവകാശപ്പെട്ടതല്ല എന്നുപറയാൻ, നിങ്ങൾ പ്രാക്ടീസിങ് മുസ്‌ലിം ആണോ അല്ലയോ എന്നതൊന്നും അവർക്കൊരു പ്രശ്‌നമല്ല.

2021-ൽ സൗത്ത് ഡൽഹിയിലെ കാവേരി അപ്പാർട്‌മെൻറ്സി​ൽ വാടകയ്ക്ക് ഒരു ഫ്ലാറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ പേരിൽ നിന്ന് മതം തിരിച്ചറിയാത്തതുകൊണ്ടും ഒരു ഗവണ്മെൻറ്​ സ്ഥാപനത്തിൽ ജോലിയുണ്ട് എന്നതുകൊണ്ടും സവർണ ഹിന്ദു ആയ വീട്ടുടമസ്ഥൻ വാടകക്കാരാറെഴുതാൻ തയ്യാറായി. എന്നാൽ ആ ഫ്ലാറ്റിലേക്ക് താമസം മാറുന്നതിന്​ രണ്ടുദിവസം മുൻപ് ഞാൻ സമർപ്പിച്ച ഡോക്യുമെന്റുകളിലെ രക്ഷിതാവിന്റെ പേരിൽ നിന്ന്​ എന്റെ മുസ്​ലിം സ്വത്വം തിരിച്ചറിയുകയും ഫ്ലാറ്റ് നിരസിക്കുകയും ചെയ്തത് സ്വന്തം അനുഭവമാണ്. ഡൽഹി യൂണിവേഴ്‌സിറ്റി അധ്യാപികയും മലയാളിയുമായ റീം സമാനമായ ഒരു അനുഭവം നേരിട്ടത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്റെ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും അനുഭവങ്ങളും വ്യത്യസ്തമല്ല. നഗരത്തിലെ പ്രധാന ഇടങ്ങളൊന്നും നിങ്ങൾക്ക് അവകാശപ്പെട്ടതല്ല എന്നുപറയാൻ, നിങ്ങൾ പ്രാക്ടീസിങ് മുസ്‌ലിം ആണോ അല്ലയോ എന്നതൊന്നും അവർക്കൊരു പ്രശ്‌നമല്ല. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രാക്ടീസ് ഇപ്പോൾ കൂടുതൽ പ്രകടമായി എന്നതാണ് വസ്തുത. ഇത് തലസ്ഥാനനഗരമായ ഡൽഹിയിലെ മാത്രം സ്ഥിതിയല്ല. മറ്റ് മെട്രോ നഗരങ്ങളായ മുംബൈയിലും ബാംഗ്ലൂരിലും സ്ഥിതി വ്യത്യസ്തമല്ല. മിക്കപ്പോഴുമിത് വ്യക്തിഗത പ്രശ്‌നനങ്ങളാണെന്ന നിലയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നു എന്നതാണ് സത്യം.

നഗരത്തിലെ പ്രധാന ഇടങ്ങളൊന്നും നിങ്ങൾക്ക് അവകാശപ്പെട്ടതല്ല എന്നുപറയാൻ, നിങ്ങൾ പ്രാക്ടീസിങ് മുസ്‌ലിം ആണോ അല്ലയോ എന്നതൊന്നും അവർക്കൊരു പ്രശ്‌നമല്ല. വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഈ പ്രാക്ടീസ് ഇപ്പോൾ കൂടുതൽ പ്രകടമായി എന്നതാണ് വസ്തുത / Photo : Ajmal Mk Manikoth

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശീയതയുടെയും വിഷപ്പുക പടർത്തി ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ആക്രമണോത്സുകതയുടെ പുതിയ തലങ്ങളിലേക്ക് വലതുപക്ഷ സംഘടനകൾ കടക്കുമ്പോൾ, തങ്ങളുടെ പക്ഷത്തു നിൽക്കുന്നവരുടെയും എതിർപക്ഷത്തു നിൽക്കുന്നവരുടെയും ബോധമണ്ഡലങ്ങളെ അപ്പാടെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തുമ്പോൾ, അതിൽ ഒരു പരിധി വരെ അവർ വിജയിക്കുമ്പോൾ എന്താണ് നമ്മൾക്കിനി ചെയ്യാനുള്ളത്? എവിടെയാണ് പ്രതീക്ഷക്ക് സാധ്യത? ഒരു learned helplessness ലേക്ക് കടന്നുകൊണ്ടിരിക്കുന്ന ഒരു ജനതയെ- നമ്മളെത്തന്നെ-എങ്ങനെ പ്രതിരോധസജ്ജമാക്കാം?

ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിനിരകളാകുന്ന ഓരോ ജനവിഭാഗത്തോടും നേരിട്ട് ഐക്യപ്പെട്ട് ചേർന്നുനിൽക്കുന്നതിന്റെ ശക്തിയെയും സുരക്ഷിതത്വത്തെയും നേരിട്ടുള്ള ഇടപെടലുകളിലൂടെ അവർക്ക് കാണിച്ചുകൊടുത്ത്​, ഭരണഘടനാ വിധേയമായ സഹവർത്തിത്വത്തിന്റെയും സഹജീവനത്തിന്റെയും പുതുമാതൃകകൾ സൃഷ്ടിച്ച്, നിസ്സഹായതയിലേക്കും നിഷ്‌ക്രിയത്വത്തിലേക്കും വഴിമാറുന്ന നമ്മുടെ ബോധമണ്ഡലങ്ങളെ കൂടുതൽ വിമർശനാത്മകവും ചലനാത്മകവുമാക്കി മാറ്റി, പ്രതിരോധത്തിന് സജ്ജരാക്കുക എന്നതു മാത്രമാണ് മുന്നോട്ടുള്ള വഴി. ഈ വഴിയിൽ തികച്ചും സ്വാഭാവികമായി നടന്നേക്കാവുന്ന ആത്മനവീകരണപ്രക്രിയക്ക് വിധേയരായരാവാൻ നമ്മളെയോരോരുത്തരെയും സ്വതന്ത്രരായി വിടുകയും ചെയ്യുക. ▮


സുനൈന ഷാഹിദ ഇഖ്ബാൽ

അസിസ്​റ്റൻറ്​ പ്രൊഫസർ, ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻറ്​ മാനേജ്‌മെൻറ്​, ബാംഗ്ലൂർ.

Comments