കോൺഗ്രസ് സ്ഥാനാർഥിയെ കാലുമാറ്റി ബി.ജെ.പി, ഇൻഡോറിലും തെരഞ്ഞെടുപ്പ് അട്ടിമറി

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോ​ട്ടെടുപ്പിനുമുമ്പേ എതിരില്ലാത്ത ജയങ്ങൾ സംഘടിപ്പിച്ചെടുത്ത് ജനവിധിയെ സ്വാധീനിക്കാനുള്ള വിപുലമായ ബി.ജെ.പി തന്ത്രത്തിന് തെളിവാണ് സൂറത്തിനുപുറകേ ഇൻഡോറും കാണിക്കുന്നത്.

Election Desk

ത്സരരംഗത്തുനിന്ന് എതിരാളികളെ ഇല്ലാതാക്കി വോട്ടെടുപ്പില്ലാതെ ‘എതിരില്ലാത്ത ജയം’ സംഘടിപ്പിച്ചെടുക്കുന്ന ബി ജെ പിയുടെ ‘സൂറത്ത് മോഡൽ’ മധ്യപ്രദേശിലെ ഇൻഡോറിലും. ഇൻഡോർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം ആണ് വോട്ടെടുപ്പിന് രണ്ടാഴ്ച ശേഷിക്കേ നാമനിർദേശപത്രിക പിൻവലിച്ച് ബി ജെ പിയിൽ ചേർന്നത്. പത്രിക പിൻവലിക്കാൻ ബി.ജെ.പി നേതാക്കളോടൊപ്പമാണ് കോൺഗ്രസ് സ്ഥാനാർഥി എത്തിയത്. മേയ് 13നാണ് ഇവിടെ വോട്ടെടുപ്പ്. ഇന്നായിരുന്നു പത്രിക പിൻവലിക്കേണ്ട അവസാന തീയതി. സിറ്റിങ് എം.പി ശങ്കർ ലാൽവാനിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. ഡമ്മി സ്ഥാനാർഥികളായി കോൺഗ്രസ് സമർപ്പിച്ച മറ്റു മൂന്നു പത്രികകൾ തള്ളിയതോടെ ബിജെ.പി സ്ഥാനാർഥിയുടെ ‘എതിരില്ലാത്ത ജയം’ ഉറപ്പാക്കിയിരിക്കുകയാണ് ബി.ജെ.പി.

പത്രിക പിൻവലിപ്പിച്ച് ബാമിനെ ബി.ജെ.പിയിലെടുക്കാൻ, 17 വർഷം മുമ്പുള്ള സ്വത്തുതർക്ക കേസാണ് ബി​.ജെ.പി ആയുധമാക്കിയത്. ബാമിന്റെ പത്രികയുടെ സൂക്ഷ്മപരിശോധനാവേളയിൽ ബി.ജെ.പി ലീഗൽ സെൽ ഈ കേസുമായി ബന്ധപ്പെട്ട തർക്കമുന്നയിച്ചിരുന്നു.
ബാം പ്രതിയായ 17 വർഷം പഴക്കമുള്ള ഐ.പി.സി 307ാം വകുപ്പ് കേസ് പത്രികയിൽ പരാമർശിച്ചിരുന്നില്ല എന്നായിരുന്നു പരാതി. എന്നാൽ, പരാതി ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു.

2007-ലാണ് സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ബാമും പിതാവും മറ്റുള്ളവരും ചേർന്ന് യൂനുസ് പട്ടേൽ എന്നയാളെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസുണ്ടായത്. പട്ടേലിന്റെ കൈവശമുള്ള ഭൂമി വാങ്ങാൻ 50 ലക്ഷം രൂപക്ക് ബാം കച്ചവടമുറപ്പിച്ചിരുന്നു. രജിസ്‌ട്രേഷനുമുമ്പേ പണത്തിനുള്ള ചെക്ക് നൽകി. എന്നാൽ, പട്ടേൽ ഇടപാടിൽനിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പരാതി. ഇതുവരെ കേസിൽ 323, 506, 147, 148, 14 വകുപ്പുകളാണ് അക്ഷയ് കാന്തി ബാമിനെതിരെ ചുമത്തിയിരുന്നത്. രണ്ടാഴ്ച മുമ്പാണ് 307-ാം വകുപ്പ് കേസിൽ വരുന്നത്. ബാമിനെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പൊടുന്നനെ കൊലപാതകശ്രമം കൂടി ചേർത്തതെന്ന് സംശയിക്കുന്നു. ഈ വകുപ്പ് മുന്നിൽവച്ചാണ് അദ്ദേഹത്തിനെക്കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബി.ജെ.പിയിൽ ചേർത്തതെന്ന് റിപ്പോർട്ടുണ്ട്.
ബാമിനോടും പിതാവിനോടും മെയ് പത്തിന് കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. മെയ് 13നാണ് ഇൻഡോറിൽ വോട്ടെടുപ്പ് എന്നതും ശ്രദ്ധേയം.

അക്ഷയ് കാന്തി ബാമിനൊപ്പമുള്ള ചിത്രം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അക്ഷയ് കാന്തി ബാമിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

അക്ഷയ് ബാമിന് സ്ഥാനാർഥിത്വം നൽകിയ ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ബാം സ്ഥാനാർഥിത്വം പിൻവലിക്കുമെന്നതിന്റെ സൂചനകൾ നേരത്തെ പ്രാദേശിക നേതാക്കൾ നൽകിയിരുന്നുവെന്നാണ് പ്രാദേശിക നേതാവായ ദേവേന്ദ്ര സിങ് യാദവ് എൻ.ഡി.ടി.വിയോട് പറഞ്ഞത്.

ഇൻഡോറിനെപ്പോലെ ഏറെ പ്രാധാന്യമുള്ള ഒരു മണ്ഡലത്തിൽ, മണ്ഡലവുമായി ഒരുതരത്തിലും രാഷ്ട്രീയബന്ധമില്ലാത്ത ഒരാളെ എന്തുകൊണ്ട് സ്ഥാനാർഥിയാക്കി എന്നതിന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മറുപടി പറയണമെന്ന് സംസ്ഥാന പാർട്ടി വക്താവ് അമീനുൽ ഖാൻ സുരി പറഞ്ഞു.

അക്ഷയ് ബാം
അക്ഷയ് ബാം

നേരത്തെ, ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനുമുമ്പേ ബി.ജെ.പി ഇതേമട്ടിൽ, ​കോൺഗ്രസ് സ്ഥാനാർഥിയുമായി ഒത്തുകളിച്ച് ‘എതിരില്ലാതെ’ ജയം സംഘടിപ്പിച്ചിരുന്നു. നിലേഷ് കുംബണിയുടെയും കോൺഗ്രസ് ഡമ്മി സ്ഥാനാർഥിയുടെയും പത്രിക തള്ളിയതിനുപുറകേ ഏഴ് സ്വതന്ത്രരും ബി.എസ്.പിയുടെ സ്ഥാനാർഥിയും പത്രിക പിൻവലിച്ചതോടെ മത്സരരംഗത്ത് ബി.ജെ.പിയുടെ മുകേഷ് ദലാൽ മാത്രം അവശേഷിക്കുകയായിരുന്നു. പത്രികാസമർപ്പണം മുതൽ ബി.ജെ.പി പ്ലാനിനൊപ്പം അതീവ രഹസ്യമായി കരുക്കൾ നീക്കുകയായിരുന്നു നിലേഷ് കുംഭാനി. തന്റെ പത്രിക തള്ളിക്കളയാൻ പാകത്തിന് കോൺഗ്രസ് പ്രവർത്തകർക്കുപകരം സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പിടുവിക്കുകയായിരുന്നു. ബന്ധുക്കളായ ജഗ്ദിയാ സവാലിയ, ബിസിനസ് പങ്കാളികളായ ധ്രുവിൻ ധാമേലിയ, രമേശ് പോൽറാ എന്നിവരാണ് നിലേഷിന്റെ പത്രികയിൽ വ്യാജ ഒപ്പിട്ടത്.
കോൺഗ്രസ് ഡമ്മി സ്ഥാനാർഥിയായി സുരേഷ് പഡ്‌സാലയെ കൊണ്ടുവന്നതും നിലേഷ് തന്നെ. മാത്രമല്ല, സുരേഷിന്റെ പത്രികയും നിലേഷ് ഇതേവിധം കൃത്രിമമായി, തള്ളാൻ പാകത്തിന് ഒപ്പിച്ചെടുത്തു. മറ്റൊരു ബന്ധുവായ ഭൗതിക് കോൽഡിയയാണ് സുരേഷ് പഡ്‌സാലയുടെ പത്രികയിൽ ഒപ്പിട്ടത്. വ്യാജ ഒപ്പിട്ട ബന്ധുക്കളെ പത്രികാ സമർപ്പണ സമയത്ത് റിട്ടേണിംഗ് ഓഫീസർക്കുമുന്നിൽ ഹാജരാക്കിയുമില്ല. നിലേഷ് ബി.ജെ.പിയിൽ ചേരാൻ തയാറെടുക്കുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.

കഴിഞ്ഞദിവസം, ഡൽഹി കോൺഗ്രസ് ഘടകം പ്രസിഡന്റ് അരവിന്ദർ സിംഗ് ലവ്‍ലി നടത്തിയ രാജിനാടകവും ബി.ജെ.പി തിരക്കഥ പ്രകാരമാണെന്ന് റിപ്പോർട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോ​ട്ടെടുപ്പിനുമുമ്പേ എതിരില്ലാത്ത ജയങ്ങൾ സംഘടിപ്പിച്ചെടുത്ത് ജനവിധിയെ സ്വാധീനിക്കാനുള്ള വിപുലമായ ബി.ജെ.പി തന്ത്രത്തിന് തെളിവാണ് സൂറത്തിനുപുറകേ ഇൻഡോറും കാണിക്കുന്നത്. കോൺഗ്രസിനും ‘ഇന്ത്യ’ മുന്നണിക്കും അവരുടെ സ്ഥാനാർഥികൾക്കും വിശ്വാസ്യതയില്ലെന്ന കാമ്പയിനാണ് ബി.ജെ.പി ഇതിലൂടെ ലക്ഷ്യമിടുന്നത്. ജയിക്കുന്ന കോൺഗ്രസ് എം.പിമാരും ബി.ജെ.പിയിൽ ചേരാൻ കാത്തിരിക്കുകയാണെന്ന പ്രചാരണവും ബി.ജെ.പി നടത്തുന്നുണ്ട്.

സൂറത്ത് മോഡലും വിദ്വേഷ പ്രസംഗവും
ബി.ജെ.പിയുടെ പേടിപ്പാച്ചിലും

Comments